Sunday, March 23, 2008

വാര്‍ത്തയാകാതെ പോയത്

മകന്‌ നാട്ടിലെന്തോ അത്യാഹിതം പറ്റിയെന്ന് അറിഞ്ഞല്ലോ അങ്കിളേ, ഇപ്പോ കുഴപ്പമൊന്നുമില്ലല്ലോ?

ദൈവം സഹായിച്ച് ഇപ്പോ ഭയക്കാനൊന്നുമില്ല, വളരെ സീരിയസ് ആക്സിഡന്റ് ആയിരുന്നു, പത്തുപതിന്നാലു മണിക്കൂര്‍ നീണ്ട സര്‍ജ്ജറി കഴിഞ്ഞു, ക്രിട്ടിക്കല്‍ പീരിയഡൊക്കെ തരണം ചെയ്തെന്നാണു നാട്ടില്‍ നിന്നു ന്യൂസ്. അതുവരെ എന്നെ അറിയിച്ചില്ല.

ഭാഗ്യം. എന്താ പറ്റിയത്?
ഹിറ്റ് ആന്‍ഡ് റണ്‍ ആയിരുന്നു. അവന്‍ ഹൈവേയില്‍ ബൈക്കില്‍ പോകുമ്പോള്‍ പിറകില്‍ നിന്നു ആരോ ഇടിച്ചു വീഴ്ത്തി. ഭാഗ്യത്തിനു പിന്നാലെ വന്ന ബൈക്കുകാരന്‍ നിര്‍ത്തി. അയാള്‍ പോലീസിനെ വിളിച്ചു. ഇപ്പോഴത്തെ കാലത്തൊക്കെ ആരെങ്കിലും അങ്ങനെ നിര്‍ത്തി നോക്കിയതും സഹായിച്ചതും വലിയ കാര്യം. പോലീസോ, അവിടത്തെ സ്റ്റേഷനില്‍ ജീപ്പില്ലായിരുന്നു. ഡ്യൂട്ടിക്കു വന്ന ആരുടെയോ മാരുതി എടുത്ത് പോലീസുകാര്‍ പാഞ്ഞെത്തി അതില്‍ തന്നെ മോനെ കൊണ്ടു പോയി ഹൈവേ പട്രോള്‍ ജീപ്പില്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു.

എന്നിട്ട്?
കാഷ്വാലിറ്റിയില്‍ എത്തുമ്പോഴൊക്കെ അവന്‍ സാധാരണപോലെ സംസാരിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. ദൈവാധീനം, ഡോക്റ്റര്‍ക്കു മനസ്സിലായി അവനു അപായകരമായ ആന്തരിക രക്തസ്രാവമുണ്ടെന്നും ഉള്ളില്‍ പല അവയവങ്ങളും മുറിഞ്ഞ് ആളു മരിച്ചുകൊണ്ടിരിക്കുകയാണെന്നും. രാത്രി ഒരുമണിക്ക്, കണ്‍സെന്റ് ഒപ്പിടാന്‍ ആരുമില്ലാത്ത, അജ്ഞാത പേഷ്യന്റിനു സര്‍ജ്ജറി നടത്തി. പന്ത്രണ്ടുമണിക്കൂര്‍.

ഹാവൂ. മോന്‍ രക്ഷപ്പെട്ടല്ലോ.
ഇതൊക്കെ നമ്മുടെ നാട്ടില്‍ നടന്നെന്ന് ഇപ്പോഴും അങ്ങോട്ട് വിശ്വസിക്കാന്‍ വയ്യ ആന്റോ. ദൈവത്തിന്റെ ഓരോ അത്ഭുതങ്ളേ.

നമ്മുടെ നാട്ടിലെന്നല്ല ഒരു നാട്ടിലും നല്ലവര്‍ക്കു കുറവൊന്നുമില്ല അങ്കിളേ. ഒരു വലിയ വത്യാസം നാട്ടില്‍ നല്ലതൊന്നും വാര്‍ത്തയാവുന്നില്ല എന്നതാണ്‌. നല്ലതു പറയാനും കേള്‍ക്കാനും ആളുകള്‍ക്ക് ഒരു താല്പ്പര്യവുമില്ലെന്നുള്ളതാണ്‌. ദിനവും നൂറുകണക്കിനു ആക്സിഡന്റുകള്‍ നാട്ടില്‍ നടക്കുന്നു, ജീപ്പില്ലാത്ത പോലീസുകാരന്‍ ജോലിയില്‍ ഒരു റിസ്കെടുത്ത് സ്വന്തം കാര്‍ റെസ്ക്യൂ വെഹിക്കിളായി ഉപയോഗിക്കുന്നു, എവിടെന്നോ ഒടന്‍കൊല്ലി മഹീന്ദ്ര കമാന്‍ഡര്‍ ആംബുലന്‍സ് ആയി ഉപയോഗിച്ച് സ്വന്തം ജീവനും രോഗിയുടെ ജീവനും സ്പീഡ് താഴോട്ടും മേലോട്ടും വലിക്കുന്നത് അനുഭവിച്ച് നൂറ്റമ്പതില്‍ ഓടിച്ച് ഹൈവേ പട്രോളുകാരന്‍ തെക്കുവടക്ക് പായുന്നു. പന്ത്രണ്ടു മണിക്കൂര്‍ ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയ ഏതോ ഡോക്റ്റര്‍ അജ്ഞാതന്റെ ഗുരുതരാവസ്ത കണ്ട് തിരിച്ച് ആശുപത്രിയിലേക്കോടി അടുത്ത പത്രണ്ടുമണിക്കൂര്‍ സര്‍ജ്ജറി നടത്തുന്നു. മകന്‍ രക്ഷപ്പെട്ടില്ലായിരുന്നെങ്കിലോ, ചെറിയ പരിക്കുകളോടെ ആശുപത്രിയില്‍ ചെന്ന ഒരുത്തനെ ഓപ്പറേഷന്‍ തീയറ്ററില്‍ കയറ്റി, ആളു പോയി എന്നേ അങ്കിളും വിശ്വസിക്കൂ. പത്രത്തില്‍ വെണ്ടയ്ക്ക വരും.

ശരിയാണ്‌.
തെറ്റുകള്‍, അഴിമതികള്‍, ക്രൂരതകള്‍ വാര്‍ത്തയാകണം. പക്ഷേ ഒരെക്സലന്റ് ജോബ്, ഒരു കാരുണ്യം ഇതൊക്കെ അതിലും വലിയ വാര്‍ത്തയാകണം. ഇല്ലെങ്കില്‍ മെല്ലെ മെല്ലെ നന്മയെല്ലാം ആരും കാണാതെ, ആരും അംഗീകരിക്കാതെ, ആരാലും അഭിനന്ദിക്കപ്പെടാതെ സമൂഹത്തില്‍ ഇല്ലാതെയായിപ്പോകും.

എനിക്കിപ്പോ പത്രത്തില്‍ വാര്‍ത്ത കൊടുക്കാന്‍ പറ്റില്ലല്ലോ ആന്റപ്പാ. ഞാന്‍ കാണുന്നവരോടൊക്കെ പറയാം.
പറയണം. അതുമാത്രം പോരങ്കിളേ, എഴുതണം ആ പോലീസുകാര്‍ക്ക്, അവരുടെ മേധാവികള്‍ക്ക്, ഡോക്റ്റര്‍ക്ക്, മെഡിക്കല്‍ കോളേജിനും. നമ്മുടെ നാടിന്റെ സെറ്റ് അപ്പ് വച്ചിട്ട് അവര്‍ക്ക് ഈ ജാതി അപ്രീസിയേഷന്‍ ലെറ്ററുകളൊക്കെ ജീവിതത്തില്‍ ആദ്യമായായിരിക്കും കിട്ടുന്നതെന്ന് തോന്നുന്നു.

ഞാന്‍ ലെറ്റര്‍ റ്റു എഡിറ്ററിലും എഴുതി നോക്കാം ആന്റോ.
ഞാന്‍ എന്റെ ബ്ലോഗിലും എഴുതാം അങ്കിളേ.

12 comments:

R. said...

ഒരു ഹാറ്റ്സ് ഓഫ്.

എല്ലാര്‍ക്കും.

മൂര്‍ത്തി said...

ഇത് പി.ഡി.എഫ് ആക്കി ബ്ലോഗ് വായിക്കാത്തവര്‍ക്ക് മെയില്‍ ആയി അയക്കാം..കൂടുതല്‍ പേര്‍ അറിയട്ടെ...

പ്രിയ said...

:) നന്മകള് വാര്ത്തയാകാത്തത് തന്നെയാണ് ഏറ്റവും വല്ല പ്രശ്നം .

(ഇതു വായിക്കുമ്പോള് തന്നെ ഒരു സന്തോഷം )

kichu / കിച്ചു said...

പെരുത്തു സന്തോഷം..

നന്മയുടെ കനല്‍ ഇനിയും കെടാതെ കിടപ്പുണ്ടല്ലോ..

ഇവരോരോരുത്തരും അഭിനന്ദനം അര്‍ഹിക്കുന്നു.

ഒരു ഹാറ്റ്സ് ഓഫ് എന്റെയും വക

ചിതല്‍ said...

പ്രിയ ആന്റണി.കൊട്കൈ...

“നല്ലതു പറയാനും കേള്‍ക്കാനും ആളുകള്‍ക്ക് ഒരു താല്പ്പര്യവുമില്ലെന്നുള്ളതാണ്‌.”

“ശരിയാണ്‌.
തെറ്റുകള്‍, അഴിമതികള്‍, ക്രൂരതകള്‍ വാര്‍ത്തയാകണം. പക്ഷേ ഒരെക്സലന്റ് ജോബ്, ഒരു കാരുണ്യം ഇതൊക്കെ അതിലും വലിയ വാര്‍ത്തയാകണം. ഇല്ലെങ്കില്‍ മെല്ലെ മെല്ലെ നന്മയെല്ലാം ആരും കാണാതെ, ആരും അംഗീകരിക്കാതെ, ആരാലും അഭിനന്ദിക്കപ്പെടാതെ സമൂഹത്തില്‍ ഇല്ലാതെയായിപ്പോകും.”
രണ്ടിനും എന്റെ ഒരോ ഒപ്പ്..

ദിലീപ് വിശ്വനാഥ് said...

വിശ്വസിക്കാന്‍ കഴിഞ്ഞില്ല! സത്യം. നന്മ മരിച്ചിട്ടില്ല എന്ന തിരിച്ചറിവ് സന്തോഷം തരുന്നു.

Santhosh said...

ഇക്കാലത്തു് സത്യമെഴുതിയാല്‍ വിശ്വസിക്കുന്നവര്‍ കുറവല്ലേ, ആന്‍റണീ? (സ്വാനുഭവത്തില്‍ നിന്നു്.)

പാമരന്‍ said...

സത്യമാണ്‌ അനോണിച്ചായോ.. ആരെങ്കിലുമൊക്കെ ഇതും ആള്‍ക്കാരെ അറിയിക്കണല്ലോ....

ഓ.ടോ. എന്‍റെ നേരത്തത്തെ പരാതി മാറിക്കിട്ടി.

ശാലിനി said...

നന്നായി, ഇതീ ബ്ളോഗില്‍ എഴുതിയത്, ഇതു വായിക്കുന്നവരെന്‍കിലും അറിയട്ടെ നല്ല കാര്യങ്ങളും എല്ലായിടത്തും നടക്കുന്നുണ്ടെന്ന്.

ചീര I Cheera said...

വാസ്തവം!
ആന്റണിയുടെ പല പോസ്റ്റുകളും ഒരു ആശ്വാസമാണ്!
ഉള്ളിന് ആകെയൊരു ആശ്വാസം ..
ഇതു പ്രത്യേകിച്ചും പറഞ്ഞറിയിയ്ക്കാന്‍ പറ്റാത്തത്ര ആശ്വാസം.

Manarcadan said...

ആ പോലീസിനും ഡോക്ടരിനും പിന്നെ ജീവന്റെ വില അറിയാവുന്ന മറ്റെല്ലാവര്ക്കും അഭിവാദ്യങ്ങള്. പണ്ടൊരിക്കല് ഞങ്ങളുടെ മുക്കില് ഒരാളെ വണ്ടി ഇടിച്ചിട്ടിട്ടു പോയി. എല്ലാവരും നോക്കി നിന്നു പതം പറഞ്ഞു. അതിലെ വന്ന ഒരു unionകാരന് കുറെ പേരെ കൂട്ടി അയാളെ എടുത്തുകൊണ്ട് ആശുപത്രിയില് പോയി. ഞാനന്നൊരു കുട്ടിയായിരുന്നെന്കിലും എന്നെ അത് ഒരുപാട് സ്വാധീനിച്ചു. നല്ല സമരിയാക്കാരന്റെ കഥ കേള്ക്കുമ്പോള് എന്റെ മനസ്സിലേക്ക് ഈ യുണിയന്കാരന് എപ്പോഴും ഓടി വരും. ഏതായാലും നന്മയുടെ കഥ പറഞ്ഞ താങ്കള്ക്കും അഭിവാദനങ്ങള്.

വേണു venu said...

നന്മകള്‍ മരിക്കാത്തതിനാല്‍ മാത്രം ലോകം നില നില്‍ക്കുന്നു.വാര്‍ത്തകളാവാത്ത എത്രയോ നന്മകള്‍.
ഈ മാതിരി വാര്‍ത്തകള്‍ വായിക്കുംപോള്‍ തന്നെ, ഒരു പുതിയ ഉണര്‍വ്വു്, ഒരു ആത്മവീശ്വാസം....