Wednesday, March 26, 2008

ചുമ്മ നന്മ

സിറ്റി ബസ്സിനൊരു മാറ്റവുമില്ല,  കൈ കാണിച്ചപ്പ ഒന്നു മ്മ്ലാവിത്തന്ന്. ഓടിപ്പിടിച്ച് ഫുട്ട് ബോര്‍ഡില്‍  ചാടിക്കേറിയപ്പ  ആ സൈഡിലെ ടയര്‍ ക്രിക്കോ എന്ന് ബോഡിയില്‍ ഉരഞ്ഞ്. പാറ്റ പോലിരിക്കുന്ന എന്റെ ശരീരത്തിനും ഒലയ്ക്കാന്‍ കഴിയുന്ന ഹൗസിങ്ങോ മാതാവേ, വാള്‍‌വോ ത്വാക്കുമല്ല്.

ശകലം ഇടി കൊറഞ്ഞ ഒരു പോക്കറ്റ് കണ്ടുപിടിച്ച് പെടച്ചു കേറി നിന്നപ്പല്ലീ  കൊഴപ്പം മനസ്സിലായത്. എന്റെ അനന്തരാവകാശികള്‍ക്കു നേരേ മുന്നില്‍ തൂക്കനെ  റൂഫ് താങ്ങുന്ന ഇരുമ്പു കമ്പിയാണ്‌.  ബസ് ഒന്നാഞ്ഞു  ബ്രേക്ക് ചെയ്താല്‍  പൊറവിലെ ആളുകള്‍  മുതുകത്തു വന്നു വീഴും, ഞാന്‍ ഇരുമ്പു തൂണേല്‍ ഞെരിഞ്ഞ് മര്‍മ്മം ചമ്മന്തിയാവും. ഇച്ചിരി മാറണത് തന്നെ  ബുദ്ധി.

"ഒരടത്ത് അടങ്ങി നില്ലെടേ, എന്തരിനു കെടന്ന് ഞൊളക്കണത്?"
"ആരിത് പ്രമോദോ?    നീ ഇവിടൊക്കെ ഒണ്ടാടേ?"
"പിന്നില്ലാതെ. നീയെവിടീ?"
"ദുബായില്‌."
"പോതരമൊള്ള ജ്വാലികളു തന്നീ അതോ മണ്ണു ചൊമടാന്നോ?"
"ഒരു തരത്തിലങ്ങ് പോണെടേ."
"നീ കെട്ടിയോടേ?"
"ഉം. ഒരു മോനുമൊണ്ട്. നീയോ?"
"ഇല്ല."
"ഇനിയെന്നാടേ? മൂക്കി പുഴുപ്പല്ല് വന്നല്ല്."
"കെട്ട് കെട്ടെന്ന് പറഞ്ഞാ, കെട്ടാന്‍ കൊള്ളാവുന്ന പെണ്ണിനെ കണ്ടുപിടിക്കണ്ടേടേ? "
"വോ നീ ഫൂലോക രംഫ അവതരിക്കുന്നതും കാത്തിരിക്കുവാരിക്കും."
"കൊള്ളാവുന്ന പെണ്ണ് എന്നു പറഞ്ഞാല്‍ ഐശര്യാ റായി അല്ലെടേ. കണ്ടാല്‍ നല്ലൊരു ഐശ്വര്യം തോന്നണം, കൊള്ളാവുന്ന സ്വഭാവവും  പഠിത്തവുമൊക്കെ വേണം അത്രേയുള്ളു. ഐശ്വര്യം എന്നു പറഞ്ഞാല്‍... ലോ കണ്ടില്ലേ മറൂണ്‍ സാരിയുടുത്തെ കറുത്ത ബാഗും പിടിച്ച് ഇരിക്കണവരെ, ലതു പോലെ."

പ്രമോദന്‍  ചൂണ്ടിയത് തൊട്ടുമുന്നിലിരിക്കുന്ന പത്തു നാല്പ്പത്തഞ്ചു വയസ്സുള്ള ഒരു സ്ത്രീയെ. ലവരിതു കേട്ട് ബാഗടക്കം ഞെട്ടിപ്പോയി. ബസ്സിന്റെ ആ വശത്തുള്ളവരെല്ലാം അവരെ നോക്കി. ഞാന്‍ ദ്രവിച്ചു. ലവനു ഒരു കുലുക്കവുമില്ല.

"ലിവിടെ എറങ്ങുന്നോടേ? പണ്ടത്തെപ്പോലെ കോഫീഹൗസിലെ വടയ്ക്ക് പുണ്ണാക്കിന്റെ രുചി തന്നേന്ന് നോക്കിയിട്ട് പെയ്യൂടാം?"

വട തിന്നണ്ടീട്ടല്ല, എത്രയും പെട്ടെന്ന് ആ ബസ്സീന്നെറങ്ങാന്‍ തോന്നീട്ട് ഞാനുമിറങ്ങി.

"ഡേ, ഈ എന്തരു പണിയാ കാണിച്ചത്? ലവരു കേട്ട് നീ പറഞ്ഞത്."
"കേക്കാന്‍ വേണ്ടി തന്നെ ഞാങ്ങ് പറഞ്ഞത്. തെറിയൊന്നുവല്ലല്ല്,  ലവരെ കാണാന്‍ നല്ല ഐശ്വര്യമാണെന്നല്ലീ പറഞ്ഞത്?"
"അത്ര ഫയങ്കര ഐശ്വര്യവോ? അവരെ കണ്ടിട്ട് ഒരു സാധാരണ ലുക്ക് ഒള്ള സ്ത്രീ ആയിട്ടേ എനിക്ക് തോന്നിയുള്ള്."
"എനിക്കും അത്രേ തോന്നിയുള്ള്."
"പിന്നെന്തരിനെടേ പുല്ലേ കള്ളം പറഞ്ഞ് അവരെ ചമ്മിച്ചത്?"
"ഡേ, ബാഗും കൊടേം ഒക്കെ കണ്ടില്ലേ, ലവരു രാവിലേ ജ്വാലിക്കു പോകുവാ.  ലവരു ഒരു  സ്കൂള്‍ ടീച്ചറാണെങ്കില്‍ ഞാന്‍ ആ കമന്റടിച്ച്  മൂന്നാലു ക്ലാസ്സിലെ കുട്ടികള്‍ക്ക്  നല്ല സ്നേഹമുള്ള ക്ലാസ്സ് അറേഞ്ച് ചെയ്തു കൊടുത്ത്, ലവരു ഒര്‌  റെയില്‍‌വേ റിസര്വേഷന്‍ ക്ലര്‍ക്ക് ആണെങ്കി ആ കമന്റുകൊണ്ട് ഞാന്‍ പത്തു രണ്ടായിരം കുരു പൊട്ടിയ യാത്രക്കാര്‍ക്ക് പുഞ്ചിരിയുള്ള സര്വ്വീസ് അറേഞ്ച് ചെയ്തു കൊടുത്ത്. യേത്?"
"നിന്നെ നമിച്ചെടേ   കള്ളം പറച്ചിലുകാരാ."

7 comments:

RR said...

"ലവരിതു കേട്ട് ബാഗടക്കം ഞെട്ടിപ്പോയി. "

:)

രജീഷ് || നമ്പ്യാര്‍ said...

ലിങ്ങേരും നമ്മടെ പഴയ കാഞ്ഞിരപ്പള്ളിക്കാരന്‍ പ്രൊഫസറും ഒരേ ഗണമാണല്ലേ?

പാമരന്‍ said...

ഹതാണ്‌...!

വാല്‍മീകി said...

നല്ല പുത്തി...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

യെന്തൊരലക്ക്

Jayarajan said...

അത്രേ ഒള്ളോ? ഞാങ്ങ തെറ്റിദ്ധരിച്ചു, ച്ഛേ! :)

Inji Pennu said...

അയ്യ! രണ്ട് വട്ടന്മാര്‍ ബസ്സിലു വന്നെന്ന് അവരു പോയി ടീച്ചേര്‍സ് റൂമിലും റെയില്വേ ക്യാന്റീനിലും പറയും..അത്രന്നേ :)