Tuesday, March 25, 2008

ആന്റി പൈറസി ടെക്നിക്ക്

അണ്ണനീ ഇന്റര്‍നെറ്റില്‍ എഴുതിയിടുന്നതൊക്കെ ആരെങ്കിലും ാനുവാദമില്ലാതെ പകര്‍ത്തി വേറൊരിടത്താക്കാതെ സൂക്ഷിക്കണ്ടേ?
വേണം. ഞാന്‍ എഴുതുന്നതില്‍ അത്രവല്യ കാര്യമൊന്നുമില്ല, കഷ്ടപ്പെട്ട് കോടികള്‍ മുടക്കി എടുത്ത പടവും തൊണ്ട കീറി പാടിയ പാട്ടുമൊക്കെ പകര്‍ത്തി പണ്ടാറടക്കുന്നതാണു അതിലും വലിയ കഷ്ടം.

അല്ലണ്ണാ, പണമുള്ളവന്‍ മാത്രം സിനിമ കാണുകയും ബുക്ക് വാങ്ങുകയും ചെയ്താല്‍ മതി എന്നത് എതിര്‍ത്തു തോല്പ്പിക്കേണ്ട കാര്യമല്ലേ? പാവപ്പെട്ടവനു കൊടുക്കാതെ ഇതില്‍ നിന്നും പണമുണ്ടാക്കി റോളിങ്ങും ബില്‍‌ഗേറ്റ്സും വാള്‍ട്ട് ഡിസ്നിയുമൊക്കെ കോടീശ്വരന്മാരായിട്ടും അവരുടെ കോപ്പ് റൈറ്റ് നമ്മള്‍ മാനിക്കണോ?
എല്ലാവര്‍ക്കും സിനിമയും ബുക്കുമൊക്കെ കിട്ടണം. അതിലും അത്യാവശ്യം എല്ലാവര്‍ക്കും ഭക്ഷണവും മരുന്നുമൊക്കെ വേണം. കൃഷിക്കാരനെ കൊള്ളയടിച്ചും ആശുപത്രികള്‍ കയ്യേറി ഡോക്റ്റര്‍മാരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയും അതൊക്കെ സാധിക്കേണ്ട സാഹചര്യങ്ങള്‍ വന്നേക്കാം, ഉദാഹരണത്തിനു പണ്ട് പൊതുജനം കോടിക്കണക്കിനു പട്ടിണികൊണ്ട് മരിക്കുമ്പോള്‍ റഷ്യന്‍ പ്രഭുക്കന്മാര്‍ എല്ലാം പൂഴ്ത്തിവച്ച് ധനം കൂട്ടുകയായിരുന്നു. വിപ്ലവകാരികള്‍ ധാന്യപ്പുരകള്‍ കവര്‍ന്ന് വിശന്നു മരിക്കുന്നവര്‍ക്ക് കൊടുത്തു. പക്ഷേ ഇന്നത്തെ ലോകത്തില്‍ അത്തരം സാഹചര്യങ്ങള്‍ തീരെക്കുറവാണ്‌ അതുകൊണ്ട് എനിക്കില്ല തേങ്ങ ചന്ദ്രശേഖരന്‍ നായര്‍ ചേട്ടനു തെങ്ങു കൃഷിയുണ്ട്, അദ്ദേഹം അതു വിലയില്ലാതെ തരണം എന്നു പറയാനാവില്ല. അങ്ങനെ ചെയ്താല്‍ അദ്ദേഹം തെങ്ങിന്‍ തോപ്പ് പൈസകൊടുത്തു വാങ്ങി പിന്നെ വളര്‍ത്തുകയുമില്ല. സിനിമയും പുസ്തകങ്ങളും പാട്ടുകളും അവശ്യവസ്തു പോലുമല്ല, അധ്വാനിച്ചുണ്ടാക്കിയ അത്തരം സ്വത്ത് കൊള്ള ചെയ്യരുതല്ലോ.

ഞാന്‍ ഒരാളു പൈസ കൊടുത്തില്ലേല്‍ സിനിമക്കമ്പനി പൂട്ടില്ലല്ലോ?
എന്ന് സിനിമകാണുന്നവരില്‍ പകുതിയും വിചാരിച്ചാല്‍ പൂട്ടും. മാത്രമല്ല, ഇങ്ങനെ പോകുന്ന പൈററ്റുകളുടെ എണ്ണവും ചേര്‍ത്ത് അവര്‍ നിയമം അനുസരിക്കുന്നവരില്‍ നിന്നും ഈടാക്കാന്‍ ശ്രമിക്കും. സിഡിയുടെ വിലയും തീയറ്റര്‍ ചാര്‍ജ്ജും കൂടും.

അല്ലണ്ണാ ഈ ബ്ലോഗില്‍ നിന്നും വരുമാനമൊന്നുമില്ലല്ലോ പിന്നെ അതു പകര്‍ത്തിയാല്‍ എന്തരാവാനാ?
ബ്ലോഗ് ആളുകള്‍ വായിക്കുന്നതും അഭിപ്രായം പറയുന്നതും ബ്ലോഗെഴുതിയവന്റെ വീക്ഷണം ലോകം അറിയുന്നതുമൊക്കെയാണ്‌ അതില്‍ നിന്നുമുള്ള വരുമാനം. പണം ഇല്ലെങ്കിലും വൈകാരികമായ ഒരു വരുമാനം ബ്ലോഗെഴുത്തുകാരനുണ്ട്.

ബുക്കും സിനിമയും ബ്ലോഗുമൊക്കെ കോപ്പിയടിക്കുന്നത് തടയാന്‍ എന്താ വഴി?
മൊത്തമായി തടയാന്‍ ഒരു വഴിയും കണ്ടുപിടിച്ചിട്ടില്ല, നിയമങ്ങളൊക്കെ നടപ്പാക്കാന്‍ എല്ലാവരും ശ്രമിക്കുന്നു. അത് ലോകത്തിലെ കാര്യം. നാട്ടില്‍ ഇതു തടയാന്‍ നല്ലൊരു മാര്‍ഗ്ഗമുണ്ട്.

ഉണ്ടോ? അതെന്താ?
സിനിമയുടെ ആദ്യ സ്ലൈഡ് ആയും ബുക്കിന്റെ ഒന്നാം പേജായും ബ്ലോഗിന്റെ മാസ്റ്റിലുമൊക്കെ ഇതുപോലെ ഒന്നു ചേര്‍ക്കുക

"ഇത് ‌‌‌‌(ഉടമ)യ്ക്ക് അവകാശപ്പെട്ട സ്വത്താണ്‌. അനധികൃതമായി പകര്‍ത്തിയാല്‍ ശബരിമല അയ്യപ്പനാണെ, മലയാറ്റൂര്‍ മുത്തപ്പനാണെ, കടുവാപ്പള്ളി തങ്ങളാണെ അതു ചെയ്യുന്നവന്‍ പുഴുത്ത് പഴുത്ത് പട്ടിയെപ്പോലെ നരകിച്ചു ചാകും. ഈ പ്രാക്ക് ഏല്‍ക്കാന്‍ ഞാന്‍ ഇവര്‍ക്കെല്ലാം ആയിരത്തൊന്നു രൂപ നേര്‍ച്ചയിട്ടിട്ടുണ്ട്. കോപ്പിയടിക്കുന്നന്റ്റെ ഭാര്യ ഒളിച്ചോടി പോകട്ടെ. മക്കള്‍ക്ക് മെഡിക്കലെഞ്ചിനീയറിങ്ങ് അഡ്മിഷന്‍ കിട്ടാതെ പോകട്ടെ, അവന്റെ അപ്പനും അമ്മയും വെള്ളം കിട്ടാതെ ചാകട്ടെ, അവനു പറങ്കിപ്പുണ്ണും ക്ഷയവും കുഷ്ടവും വന്ന് നരകിക്കട്ടെ. ഇതു കോപ്പിയടിക്കുന്നവനെ കുരു കൊണ്ട് പോണേ എന്റെ എന്റെ ദൈവമേ."

പിന്നൊരുത്തനും ചെയ്യൂല്ല ഈ പണി.

അസ്സല്‍ ഐഡിയ ആണല്ലോ അണ്ണാ. എവിടെന്നു കിട്ടി?
എവിടന്നും കിട്ടിയതല്ലെടേ. പണ്ടൊക്കെ ലോകത്തെല്ലാ ആളുകളും പൈറസി തടഞ്ഞിരുന്നത് ഇത്തരം ശാപങ്ങള്‍ എഴുതി വച്ചായിരുന്നു. അന്നൊക്കെ ഈ പ്രാക്ക് കണ്ടാല്‍ ഒരു പൊന്നുമോനും ബുക്ക് പകര്‍ത്താന്‍ ധൈര്യപ്പെടൂല്ല. കാലം മാറിയതോടെ ലോകത്തില്‍ അന്ധവിശ്വാസങ്ങള്‍ പോയി. കോപ്പിറൈറ്റ് നിയമവും കോടതിയും പോലീസുമൊക്കെ ഇന്നു കിടന്ന് പെടാപ്പാടു പെടുന്നു. നമ്മുടെ നാട്ടില്‍ ആളുകള്‍ക്ക് കൂടോത്രം, പ്രാക്ക്, നേര്‍ച്ച, യാഗം, ഉറുക്കും നൂലും, ഒടി, മന്ത്രവാദം, ജപിച്ചു കെട്ടല്‍ തുടങ്ങിയ എടപാടുകളില്‍ പണ്ടത്തെക്കാള്‍ വിശ്വാസം കൂടി വരികയല്ലേ, ഇത് അസ്സലായി ഫലിക്കും ഇപ്പോഴും.
ചുമ്മ ലോകത്തെ അനുകരിക്കാന്‍ നോക്കാതെ നമ്മുടെ സാഹചര്യത്തില്‍ ഫലിക്കുന്ന പ്രതിവിധികള്‍ തേടുകയല്ലേ ബുദ്ധി?


[പഴയകാലത്തെ പുസ്തകപ്രാക്കിനെക്കുറിച്ച് ലവിടെ വായിക്കാം> ‌‌‌ http://capping.slis.ualberta.ca/
cap03/sandra/book_curse.html
ഈ പോസ്റ്റ് ഇമ്മാതിരിയും മിസ്സ് ചെയ്യുന്ന പാമരനു സമര്‍പ്പിച്ച്]

10 comments:

സുല്‍ |Sul said...

പ്രാക്ക് ഫലിക്കട്ടെ
-സുല്‍

R. said...

അനോണ്‍സ്,

FBIയുടെ പ്‌രാക്ക് നോട്ടിസ് പടം തൊടങ്ങുമ്പം. ഹോ, ഓര്‍ത്തിട്ടെനിക്കു പ്യാടിയായിട്ടു വയ്യ!

:-D

പ്രിയ said...

എന്റമ്മേ :-o അത് കൊള്ളാമല്ലോ . വളരെ ഇന്റൈസ്റ്റിഗ് ഇന്ഫോ.

(ആന്റണി അണ്ണോ , അങ്ങനെ വല്ല പ്രാക്കും ഈ ബ്ലോഗില് ഉണ്ടോ? ഒന്നൂല്ലാ, ഞാന് ഇടക്ക് ഒക്കെ ഇതിനു ചെലതൊക്കെ ചൂണ്ടി വല്ലോടത്തൊക്കെ വീശാറുണ്ടേ. കാര്യം "അന്തോണി നേ കഹാ കി " എന്നൊക്കെ കൂടെ ചേര്ക്കാറുടെന്കിലും ഇപ്പൊ ഒരു വെപ്രാളം. )

ചിതല്‍ said...

പിന്നൊരുത്തനും ചെയ്യൂല്ല ഈ പണി...
ആ പ്രാക്ക് ഏല്‍ക്കട്ടെ.
:)

ദിലീപ് വിശ്വനാഥ് said...

അപ്പൊ ആന്റോ തന്നെ തുടങ്ങുകയല്ലേ? ബ്ലോഗില്‍ ഇങ്ങനെ ഒരു പ്രാക്ക് എഴുതി വയ്ക്ക്.
ഇതൊരു പുതിയ അറിവാണ് കേട്ടാ.

പാമരന്‍ said...

ഹെന്‍രമ്മോ... അനോണീലേക്ക്‌ ലിങ്ക് കൊടുത്താലും ഈ പ്‌രാക്കു ഫലിക്കുമോ?

കലക്കന്‍!!

Sherlock said...

ഈ ഐഡിയ കൊള്ളാം...:)

അപ്പു ആദ്യാക്ഷരി said...

അനോനീ, പണ്ടൊക്കെ ഞങ്ങളുടെ നാട്ടില്‍ കൃഷിയിടങ്ങളില്‍, പ്രത്യേകിച്ച് ഏത്തവാഴ, മരച്ചീനി, കായ്ച്ചു നില്‍ക്കുന്ന പറങ്കിമാവ് തുടങ്ങിയവയില്‍ ഒരു കെട്ട പുല്ലോ മറ്റൊ കൂട്ടിക്കെട്ടി അതില്‍ തൂക്കി സമീപം ഒരു ബോര്‍ഡും വയ്ക്കും “മലയാലപ്പുഴ തൂപ്പ്” എന്നുവച്ചാല്‍ ഇവിടെനിന്നും എന്തെങ്കിലും എടുക്കുന്നവനെ മലയാലപ്പുഴദേവി (ഭദ്രകാളി) കൈകാര്യം ചെയ്തോളും എന്ന്. മറ്റുചിലര്‍ അതു പരിഷ്കരിച്ച് ഒരു പാമ്പിന്റെ ചിത്രമുള്ള കൊടി തൂക്കി സമീപം “പുതുപ്പള്ളി തൂപ്പ്” എന്നെഴുതി. എന്നു വച്ചാല്‍ ആ പുരയിടത്തില്‍ നിന്നും വല്ലതും എടുക്കുന്നവന്റെ കാര്യം പുതുപ്പള്ളി പുണ്യാളന്‍ (സെയിന്റ്. ജോര്‍ജ്ജ്) നോക്കിക്കൊള്ളും എന്നര്‍ത്ഥം. അന്നൊക്കെ വാശക്കുലകളും കശുവണ്ടിയും അവിടെത്തന്നെ നിന്നു എന്ന് അനുഭവം.

കടവന്‍ said...

കലക്കന്‍!!

Unknown said...

ഇന്നത്തെക്കാലത്ത് ഇതൊക്കെ ഏൽക്വോ