Wednesday, March 5, 2008

ഓണം വരാന്‍ ഒരു കാരണം

എന്താ അപ്പനും മോനൂടെ ഓടിപ്പിടിത്തം കളിക്കുവാന്നോ?
തോമാച്ചനോ? ഇരി. എന്നു വന്ന് നാട്ടീന്ന്? പോയിക്കഴിഞ്ഞിട്ടാ ഞാന്‍ വിവരമൊക്കെ അറിഞ്ഞത്. അടുത്തടുത്ത ഫ്ലാറ്റില്‍ താമസിച്ചിട്ടന്ത് കാര്യം, രാവിലേ പോയാ രാത്രി ഉറങ്ങാന്‍ നേരമാ വീട്ടില്‍ വരണത്.

കഴിഞ്ഞാഴ്ച്ച വന്നു ഞാന്‍.
തോമാച്ചന്റെ അപ്പന്‌ എന്തുവാരുന്നു അസുഖം? കിടപ്പായിരുന്നോ?

അപ്പന്‍ നല്ല ആരോഗ്യത്തില്‍ ഇരിക്കുവാരുന്നു. അമ്മച്ചി മരിച്ചേ പിന്നെ ഇത്രയും കൊല്ലം പുള്ളി ഒറ്റയ്ക്ക് വച്ചുണ്ട് കഴിയുവാരന്നെന്നേ. എന്റെളേ ബ്രദര്‍ അവിടന്ന് ഒരു പത്തു കിലോമീറ്റര്‍ ദൂരെ സിറ്റിയിലാ താമസം, പക്ഷേ പുള്ളി അമ്മച്ചിടെ ആത്മാവ് വീട്ടിലുണ്ടെന്നും പറഞ്ഞ് ബ്രദറിന്റടുത്ത് പോയി താമസിക്കുകേലാ.

എന്നിട്ട്?
ഒരു ദിവസം പുള്ളി അവനെ ഫോണ്‍ ചെയ്തു. എന്തോ തലകറക്കവും ശ്വാസം മുട്ടലും ഒക്കെ പോലെ വരുന്ന് ഒന്ന് ആശുപത്രിയില്‍ പോകണം എന്നു പറഞ്ഞു. അനിയച്ചാരു കരുതി വല്ല പ്രഷറിന്റെയും ആയിരിക്കുമെന്ന് . അവന്റെ പിള്ളേരുടെ പരീക്ഷയൊക്കെ തീര്‍ന്ന് മൂന്നു ദിവസം കഴിഞ്ഞേ പോകാന്‍ പറ്റിയുള്ള്. ചെന്നപ്പോഴേക്ക് അപ്പന്‍ മരിച്ച് ബോഡി ഡീകമ്പോസ് ആകാന്‍ തുടങ്ങിയിരുന്നു. സ്റ്റ്റോക്ക് വന്നതാണെന്നാ ആശുപത്രിയില്‍ അറിഞ്ഞത്.

പോസ്റ്റ് മോര്‍ട്ടം വേണ്ടിവന്നോ?
വേണ്ടെന്ന് പറഞ്ഞു. പാവം അപ്പന്‍ വെള്ളം കുടിക്കാതെ കിടന്നു മരിച്ചു. വെട്ടിക്കീറുകയും കൂടി ചെയ്യാതിരിക്കുന്നതല്ലേ നല്ലത്.

കഴിഞ്ഞതൊക്കെ കഴിഞ്ഞു പോട്ടെ.
ഞാന്‍ വന്നത് അപ്പന്റെ നാല്പ്പത്തൊന്ന് ഈ വരുന്ന ഫ്രൈഡേ ആണ്‌. ആന്റണിയും കുടുംബവും വരണം.

വരാം. നാല്പ്പത്തൊന്നായോ? മരിച്ചെന്ന് ഇന്നലെ കേട്ടതുപോലെ.
ആക്‌ചലി ത്രീ വീക്സ് ആയതേയുള്ളു. ഈദ് ഹോളിഡേസ് തുടങ്ങുകയല്ലേ, എല്ലാവര്‍ക്കും അവധിയുള്ളപ്പോള്‍ നടത്താമെന്ന് വച്ചു.

ഞങ്ങള്‍ വരാം.

-*-*-*-*-*-
വെള്ളിയാഴ്ച്ച വീട്ടിലെത്തിയപ്പോള്‍ താമസിച്ചു പോയി. അപ്പീസുകളസം മാറാന്‍ നില്‍ക്കാതെ പെമ്പ്രന്നോരേം കൊച്ചിനേയും വിളിച്ചോണ്ട് തോമാച്ചന്റവിടെ ഓടിക്കേറി. ആളുകള്‍ ഞെരുങ്ങി നിന്ന് പൊറോട്ടയും കോഴിവറുത്തതും ഫ്രൈഡ് റൈസും കറിയുമെല്ലാം കൂട്ടിക്കുഴച്ച് തിന്നുന്നു. ഇടയിലൂടെ പാമ്പായൊരു അച്ചന്‍ ചെസ്സുകളിയിലെ ബിഷപ്പിനെപ്പോലെ ഏങ്കോണിച്ച് ഏങ്കോണിച്ച് നടക്കുന്നു.

ആന്റണിയോ, വരൂ, ഇരിക്ക്.
അവധിയാണെന്ന് പറഞ്ഞിട്ടെന്തുകാര്യം, ഓഫീസില്‍ നിന്നു വരാന്‍ താമസിച്ചു പോയി. പ്രാര്‍ത്ഥനയൊക്കെ കഴിഞ്ഞോ? സോറി.

അതൊക്കെ രാവിലേ കഴിഞ്ഞെന്നേ. നിങ്ങളെ മനപ്പൂര്വ്വം അതിനു വിളിച്ച് ബുദ്ധിമുട്ടിക്കാഞ്ഞതാ. ഓരോ തിരക്കുള്ളവരല്ലേ.
അതേയതേ, പ്രാര്‍ത്ഥനയൊക്കെ ഒരു ബുദ്ധിമുട്ടാ.

എന്തുവാ എടുക്കേണ്ടത്? ആന്റണി ബീയറല്ലേ കഴിക്കാറ്‌?
അയ്യേ. കള്ളൊന്നും വേണ്ട തോമാച്ചോ.

ഓ ഭാര്യയെപ്പേടിയാണോ? വിഷമിക്കണ്ടാ, തന്നെപ്പോലെയുള്ളവര്‍ക്ക് ഒളിച്ചിരുന്ന് അടിക്കാനുള്ള സെറ്റ് അപ്പ് താഴെ എന്റെ കാറില്‍ ചെയ്തിട്ടുണ്ട്.
കുടിക്കാത്തതുകൊണ്ടല്ല തോമാച്ചാ. ഭാര്യ എന്റെ സകല കോലവും കണ്ടിട്ടുള്ളതും തന്നെ. പക്ഷേ എന്തെങ്കിലും ഒരവസരം കിട്ടുമ്പോഴെല്ലാം കുടിക്കണ പരുവാടി എനിക്കില്ല. വെള്ളം കുടിക്കാന്‍ കിട്ടാതെ മരിച്ചുപോയ ഒരു മനുഷ്യന്റെ പേരില്‍ വെള്ളമടിക്കാന്‍ എനിക്കു തീരെയും മനസ്സു വരൂല്ല. ഞാന്‍ പോണ്‌. പിന്നെ, തന്റെ മോന്‍ എല്ലാം നോക്കിക്കോണ്ട് നില്പ്പോണ്ട്, താന്‍ മരിക്കുമ്പോ എത്ര കുപ്പി കൂടുതല്‍ പൊട്ടിക്കണം എന്ന് കണക്കു കൂട്ടുകയാ അവന്‍.

എന്റെ ഭാര്യയേയും കൊച്ചിനേയും ആള്‍ക്കൂട്ടത്തില്‍ കാണാനില്ല. സെറ്റ് അപ്പ് കണ്ടപ്പോഴേ അവര്‍ ഇറങ്ങിപ്പോയെന്ന് തോന്നുന്നു.

9 comments:

കുഞ്ഞന്‍ said...

ആന്റണി മാഷെ തകര്‍ത്തൂ...

വിശന്നിരിക്കുമ്പോഴാണു ഭക്ഷണം കൊടുക്കേണ്ടത്..അല്ലാതെ...!

മറ്റൊരാള്‍\GG said...

“പക്ഷേ എന്തെങ്കിലും ഒരവസരം കിട്ടുമ്പോഴെല്ലാം കുടിക്കണ പരുവാടി എനിക്കില്ല. വെള്ളം കുടിക്കാന്‍ കിട്ടാതെ മരിച്ചുപോയ ഒരു മനുഷ്യന്റെ പേരില്‍ വെള്ളമടിക്കാന്‍ എനിക്കു തീരെയും മനസ്സു വരൂല്ല. ഞാന്‍ പോണ്‌. പിന്നെ, തന്റെ മോന്‍ എല്ലാം നോക്കിക്കോണ്ട് നില്പ്പോണ്ട്, താന്‍ മരിക്കുമ്പോ എത്ര കുപ്പി കൂടുതല്‍ പൊട്ടിക്കണം എന്ന് കണക്കു കൂട്ടുകയാ അവന്‍.”

എന്റെ ആന്റണി ചേട്ടാ. അതാണ് സത്യം. ഈ വക ആഘോഷങ്ങളൊക്കെ നടത്തുന്നവര്‍ ഇതൊക്കെ ഒന്ന് വായിച്ച് ഇതിനെക്കുറിച്ച് ഒരുനിമിഷം ചിന്തിച്ചിരുന്നെങ്കില്‍! എന്ന് ഒരുമാത്ര വെറുതെ ഞാന്‍ നിനച്ചുപോയി.

അതുല്യ said...

:( സങ്കടായി ആന്റണി. മക്കളുള്ളവര്‍, ഇപ്പോ ഇവന്റ് മാനേജ്മെന്റുകാരെ കൊണ്ടാണ്ത്രേ നാട്ടില്‍ എത്താണ്ടെ ഇതൊക്കെ നടത്തണത്. ആരേയും ഓര്‍ക്കാണ്ടെ ഇരിയ്ക്കണതും, ആരൊക്കെയുണ്ടായിരുന്നുവെന്ന് അറിയാണ്ടെ ഇരിയ്ക്കണതും ആണു നല്ലത്.

പള്ളിയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ആദ്യ കുര്‍ബ്ബാന എന്ന വിശേഷത്തിനു കൊച്ചീലെ മറിയ പാര്‍ക്ക്കെടുത്ത്, ഗാനമേളയും നടത്തി, തമ്പോല കളിയുമൊക്കെ നടത്തിയതിനു ഞാന്‍ പോയിരുന്നു ഒരിയ്ക്കല്‍. ഇത് കൃസ്ത്യാനികളെ കുറിച്ച് മാത്രമല്ലാട്ടോ പറഞ് വന്നത്. എല്ലാം നമുക്കൊരു ആഘോഷം തന്നെ. എന്തിനായാലും ഏതിനായാലും കള്ളില്ലാണ്ടെ പറ്റില്ല, ബാച്ചിലേഴ്സ് പാര്‍ട്ടിയില്ലാണ്ടെ പറ്റില്ല. കുട്ടികളും ഇതൊക്കെ കാണട്ടെ. വളരട്ടെ. ബീവറേജസ് കോര്‍പ്പറേഷന്റെ ഗ്രാഫ് മേല്പോട്ടാവട്ടെ.

ത്രിശങ്കു / Thrisanku said...

നാല്പ്പത്തൊന്നായോ? മരിച്ചെന്ന് ഇന്നലെ കേട്ടതുപോലെ.
ആക്‌ചലി ത്രീ വീക്സ് ആയതേയുള്ളു. ഈദ് ഹോളിഡേസ് തുടങ്ങുകയല്ലേ, എല്ലാവര്‍ക്കും അവധിയുള്ളപ്പോള്‍ നടത്താമെന്ന് വച്ചു.


തന്ന തന്ന. ‘പതിനാറ‘ടിയന്തിരം ഇപ്പോ അഞ്ചാം ദിവസവും നടത്തും!

പാമരന്‍ said...

ഒരു നീറ്റലെന്‍റെ അനോണിയണ്ണാ..

വാല്‍മീകി said...

അന്റോ, നീറുന്ന യാഥാര്‍ത്ഥ്യങ്ങള്‍. എല്ലാം ഒരു കാട്ടിക്കൂട്ടല്‍ ആണ് ഇപ്പോള്‍.

വെള്ളം കുടിക്കാന്‍ കിട്ടാതെ മരിച്ചുപോയ ഒരു മനുഷ്യന്റെ പേരില്‍ വെള്ളമടിക്കാന്‍ എനിക്കു തീരെയും മനസ്സു വരൂല്ല.

എനിക്കും...

മൂര്‍ത്തി said...

“എന്തടേ വെഷമിച്ചിരിക്കുന്നത്?
“കയ്യി കാശില്ലാത്ത നേരത്ത് കുറച്ച് അനാമത്ത് ചിലവ് വന്നു പെട്ടു”
“എന്തു പറ്റി?”
“ ഓ എന്നാ പറയാന്‍..അപ്പന്‍ കേറിയങ്ങ് ചത്തു”

പണ്ട് വായിച്ച ഒരു ക്രൂരഫലിതം..ഓര്‍മ്മയില്‍ നിന്ന് എഴുതിയത്..

Gopan (ഗോപന്‍) said...

മനുഷ്യത്വം ഉപഭോഗ വസ്തുവാണിന്ന്..
സൌകര്യങ്ങള്‍ക്കനുസരിച്ചു
വില്‍ക്കാനും മറക്കാനും കഴിയുന്ന ഒന്ന്.

G.manu said...

അനോണി എ വൈന്‍ ഫോര്‍ ദിസ് പോസ്റ്റ്

അപ്പന്റെ ഈ കട്ടില്‍ ഇനി എന്നാ ചെയ്യും പാപ്പീ.
വച്ചെര് നിന്റെ മോനും പ്രായമൊക്കെ ആയി വരുവല്ലേ... നിനക്ക് ഉപകരിക്കും...

ആരോ പറഞു കേട്ട ഈ ഡയലോഗ് ഓര്‍ത്തു