Sunday, March 23, 2008

സഖാവ് അനോണി

അന്തോണി പറയുന്നതെല്ലാം മുതലാളിത്ത വ്യവസ്ഥിതിയില്‍ എങ്ങനെ ഒരുത്തനു പുരോഗമിക്കാം എന്നാണല്ലോ.
ആണല്ലോ.

അതെന്താ?
ഞാനും നിങ്ങളുമെല്ലാം ജീവിക്കുന്ന സ്ഥലങ്ങളെല്ലാം ഇപ്പോള്‍ ആ സമ്വിധാനത്തില്‍ ആണല്ലോ.

മാറ്റങ്ങള്‍ വേണ്ടേ?
മാറ്റങ്ങളുണ്ടാക്കാനല്ലേ നമ്മളെല്ലാം ശ്രമിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മുതല്‍ ആളുന്നവനെല്ലാമുണ്ട് തൊഴിലാളുന്നവനു അവകാശമേയില്ല എന്ന അവസ്ഥയില്ലാത്തതുകൊണ്ട്, മുതലാളിത്തം ഇടിഞ്ഞു താഴെ വീഴാന്‍ പോകുന്നില്ല നമ്മുടെ നാട്ടിലോ ഇവിടെയോ ഒന്നും.

അപ്പോള്‍ അന്തോണിയൊരു കമ്യൂണിസ്റ്റ് വിരോധിയാണ്‌ അല്ലേ?
അല്ല. കമ്യൂണിസം ഒരു തീയറിയാണ്‌. ഒരുപാടു തരം തീയറികള്‍ എഴുതപ്പെടുകയും തിരുത്തപ്പെടുകയും ചെയ്തു ചെയ്താണ്‌ മനുഷ്യന്‍ മുന്നോട്ടു പോകുന്നത്.

കമ്യൂണിസം കൊണ്ട് ഇന്നത്തെ ലോകത്തിനു ഒരു പ്രയോജനവുമില്ലെന്നാണോ എഴുതി തിരുത്തി എന്നൊക്കെക്കൊണ്ട് ഉദ്ദേശിച്ചത്?
ഒരുപാട് പ്രയോജനമുണ്ടായി. കുറേ രാജ്യങ്ങളില്‍ കമ്യൂണിസം വന്നതും അതില്‍ ഏറെ വീണു പോയതുമല്ല ആ തീയറിയുടെ പ്രയോജനം.

പിന്നെ?
സാമ്പത്തിക ശാസ്ത്രത്തിനു പത്തു രണ്ടായിരം വയസ്സായി. ചാണക്യൂന്‍ എഴുതിയ അര്‍ത്ഥശാസ്ത്രം മുതല്‍ ആദം സ്മിത്തിനെ വെല്‍ത്ത് ഓഫ് നേഷന്‍സ് വരെയുള്ള പുസ്തകങ്ങള്‍ വരെ എങ്ങനെ ധനം ഉണ്ടാക്കാം, രാജ്യമെങ്ങനെ ഖജനാവു നിറയ്ക്കും എന്നൊക്കെയായിരുന്നു. ചാണക്യന്റെ ഭരണകൂടം ചുങ്കപ്പണം പിരിക്കുന്ന വേശ്യാലയങ്ങള്‍ മുതല്‍ അദ്യം സ്മിതന്റെ പാവപ്പെട്ടവന്റെ രാഷ്ട്രത്തെ കോളനിയാക്കി വച്ചാല്‍ എങ്ങനെ ചൂഷണം ചെയ്യാം എന്ന തന്ത്രങ്ങള്‍ വരെ അതിലേക്കുള്ള ശ്രമങ്ങളായിരുന്നു. വെല്‍ത്ത്, എങ്ങനെ കുമിച്ചു വയ്ക്കാം, അതിട്ടു കൂടുതല്‍ എങ്ങനെ വെല്‍ത്ത് ഉണ്ടാക്കാം. എങ്ങനെ പറ്റിക്കാം, എങ്ങനെ പാവങ്ങളെ ഒതുക്കാം.

അതാണല്ലോ കുത്തക ചൂഷക..
നില്ലപ്പാ പറഞ്ഞു തീരട്ട്.

ന്നാ പറ.
ഈ കിത്താബുകള്‍ അധിനിവേശങ്ങളുണ്ടാക്കി, മഹാക്ഷാമങ്ങളുണ്ടാക്കി, പരശ്ശതകോടി ആളുകളെ യുദ്ധത്തിലും പട്ടിണിക്കിട്ടും കൊന്നു, ലോകമെന്നാല്‍ കുറച്ചു പേരും അവരുടെ ഭരണവും മാത്രമാക്കി. എന്തരു ജനാധിപത്യം, എന്തരു പൗരാവകാശം... ഫുള്‍ തണ്ണിയടിച്ച് ഭാര്യക്കു പ്രേമലേഖനവുമെഴുതി ചുമ്മാ ഇരുന്ന ഒരു താടിക്കാരനു ആന്റിതീസിസ് എഴുതാന്‍ ഒരു വിളി തോന്നിയത് അപ്പോഴാണ്‌. ഭൂരിഭക്ഷം അതോടെ സടകുടഞ്ഞു.

എന്നിട്ട്?
ഭൂരിപക്ഷത്തിനൊപ്പം സാമ്പത്തികശാസ്ത്രജ്ഞന്മാരും കുടഞ്ഞ് സട. സമ്പത്ത് എന്ന സങ്കല്പ്പം തന്നെ മാറിപ്പോയി. വെല്‍ത്തി നേഷന്‍ എന്ന ഡെഫനിഷനേ പോയി വെല്‍ഫെയര്‍ നേഷന്‍ എന്നായി മാറി. ചില്ലിത്തുട്ടുകള്‍ക്ക് കൈ നീട്ടി നില്‍ക്കുന്ന എരപ്പാളിത്തൊഴിലാളിയും ചാട്ടവാറുമായി നില്‍ക്കുന്ന സൂപ്പര്വൈസറും ചരിത്രമായി. സന്തോഷിക്കുന്ന ജീവനക്കാരന്‍, പട്ടിണി കിടക്കാത്ത കൂലിക്കാരന്‍ എന്നതൊക്കെ അസംബന്ധമല്ലാതെയഅയി.

അതായത് ക്യാപിറ്റലിസ്റ്റ് എക്കണോമിക്സിനെ പൊളിച്ചെഴുതാന്‍ കമ്യൂണിസം കാരണമായെന്ന് അല്ലേ?
അതേ. കമ്യൂണിസം ഒരു വലിയ കാരണമായി.

അപ്പോ ഇനിയതിനു പ്രസക്തിയില്ലേ?
പറയാറായിട്ടില്ല, പുതിയ തീയറിയല്ലേ. യന്ത്രതന്ത്രക്കാലത്ത് ഇനി പഴയ തെണ്ടിത്തൊഴിലാളിയിലേക്ക് തിരിച്ചു പോകില്ല. പക്ഷേ ഇന്നത്തെ സാഹചര്യത്തില്‍ നിന്നും അതിനു വില കൂടാതെ സൂക്ഷിക്കാന്‍ കഴിയുമല്ലോ. ഒരുപക്ഷേ തൊഴിലാളിയും യന്ത്രങ്ങളായിരിക്കുക എന്നതായിരിക്കാം ഇപ്പോഴത്തെ മുതലാളിത്തത്തിന്റെ ഒരു രഹസ്യ അജന്‍ഡ. പണിയെടുപ്പിക്കുക, കറുപ്പു തീറ്റുക ഉറക്കുക എന്ന ചൈനയെ നശിപ്പിച്ച തന്ത്രം പോലെ പണിയെടുപ്പിക്കുക, വെള്ളമടിപ്പിക്കുക, സീരിയല്‍ കാട്ടുക, മതവിശ്വാസം നിഷ്ക്രിയത്വത്തിലെത്തിക്കുക അങ്ങനെ സാധാരണക്കാരനെ യന്ത്രമാക്കി മാറ്റുക എന്നതായിക്കൂടേ?

അപ്പോള്‍ ക്ലാസ് കോണ്‍ഫ്ലിക്റ്റ് ഇപ്പോള്‍ ഇങ്ങനെയാണ്‌ അല്ലേ?
ആയിരിക്കാം, മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് തത്വങ്ങളും മാറ്റുക എന്നേ പറഞ്ഞുള്ളു ഞാന്‍.

6 comments:

R. said...

അങ്ങനെ പരിപ്പുവടേം കട്ടന്‍ചായേം ഔട്ട്ഡേറ്റഡായി.
;-)

സുല്‍ |Sul said...

ബാക്കിയായതെന്ത്?
-സുല്‍

ദിലീപ് വിശ്വനാഥ് said...

അപ്പൊ ഇനിയൊന്നും ബാക്കിയില്ലേ?

Harold said...

ഫുള്‍ തണ്ണിയടിച്ച് ഭാര്യക്കു പ്രേമലേഖനവുമെഴുതി ചുമ്മാ ഇരുന്ന ഒരു താടിക്കാരനു ആന്റിതീസിസ് എഴുതാന്‍ ഒരു വിളി തോന്നി.

അത്രക്കങ്ങട് എളുപ്പമാ വിളി വരാന്‍‍ ?

ഫുള്‍ തണ്ണിയടിച്ചാല്‍ പുത്തി വയ്ക്കുമോ സഖാവണ്ണാ?

അണ്ണനീ തീയറി ഒക്കെ രണ്ടെണ്ണം വീശീട്ടാ താങ്ങുന്നേ?

ഇതൊന്ന് നേരത്തേ പറഞ്ഞു തന്നാരുന്നേല്‍ ഞാന്‍ ഡിഗ്രി പരൂഷ പാസ്സായിപ്പോയ്യേനെ...:(

ബാക്കിയൊക്കെ ഇഷ്ടപ്പെട്ടു.

പാമരന്‍ said...

അതിഷ്ടപ്പെട്ടു.....

-കമ്മ്യൂണിസം ഒരു ഉട്യോപ്പ്യന്‍ സ്വപ്നമായി കരളില്‍ കൊണ്ടു നടക്കുന്ന ഒരു പരിപ്പുവട കമ്മ്യൂണിസ്റ്റിന്‍റെ മകന്‍..

മലമൂട്ടില്‍ മത്തായി said...

Actually there was not much love lost between Marx and his wife. So there is no way in which Marx would have written his 'manifesto' while in the midst of a loveletter to his wife.

A good book to read would be 'Marx's Revenge' by Lord Meghnad Desai. That said, I was not able to read or understand the book fully cos I lack the basic economic knowledge. But the question the author asks is about the basic Marxist premise of labor arbitration.

And just Christ would never fully agree with what the modern Christians do, Marx would never have agreed with the 'Pinarayi/ Achumama Interpretation' of Marxism.