Wednesday, March 19, 2008

സൂയിസൈഡ് പ്രൂഫ് യുവര്‍സെല്‍ഫ്

ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ആത്മഹത്യാനിരക്കുള്ള ഇടങ്ങളിലൊന്നാണ്‌ കേരളം. മെര്‍ക്കുഷ്യോയുടെ പോസ്റ്റ് വായിച്ചപ്പോള്‍ രണ്ടുവരി എഴുതാന്‍ തോന്നി. (ഫീഡ് തരുകയാണെങ്കില്‍ ഇങ്ങനെ ഫുള്ളായി തരണം, ഷോര്‍ട്ട് ഫീഡ് കണ്ട് മോഹിച്ച് മൊത്തം വായിക്കാനൊരു വഴിയും ഇല്ലാതെവരുമ്പോള്‍ ചെയ്യുന്ന ആത്മഹത്യകള്‍ അങ്ങനെ ഒഴിവാക്കാം!)

എന്തുകൊണ്ട് കേരളത്തില്‍ ആത്മഹത്യകള്‍ കൂടുന്നു? അതാലോചിക്കണമെങ്കില്‍ എന്തുകൊണ്ട് ആളുകള്‍ ആത്മഹത്യ ചെയ്യുന്നെന്നയിടത്തുനിന്നും തുടങ്ങണം. ആരും ആത്മഹത്യ ചെയ്തു പോയേക്കാം, എന്നാല്‍ സ്വയമൊടുക്കുന്നവരില്‍ തൊണ്ണൂറു ശതമാനവും താഴെപ്പറയുന്ന പ്രശ്നങ്ങളില്‍ ഒന്നോ പലതോ അനുഭവിക്കുന്നവരാണെന്ന് അമേരിക്കന്‍ ഫൗണ്ടേഷന്‍ ഫോര്‍ സൂയിസൈഡ് പ്രിവന്‍ഷന്‍:
൧. വിഷാദരോഗം
൨. ആകാംക്ഷാരോഗം
൩. സാമൂഹ്യവൈരുദ്ധ്യത
൪. മദ്യാസക്തി
൫. മറ്റു മാനസിക രോഗങ്ങള്‍, ഞരമ്പു ദീനങ്ങള്‍, ജനിതകവൈകല്യം

വേദന അല്ലെങ്കില്‍ നിരാശ ഉണ്ടാകുമ്പോഴൊക്കെ മനുഷ്യമനസ്സിനു അതിനെ നേരിടാനോ സഹിക്കാനോ ഉള്ള ബലവും ഉണ്ടാകുന്നു. താല്‍ക്കാലികമായെങ്കിലും ഈ കഴിവ് അപര്യാപ്തമാവുമ്പോള്‍ ആത്മഹത്യാ ത്വര ഉണര്‍ന്നു പോയേക്കാം.

ഗുരുതരമായ മാനസികരോഗങ്ങളുള്ളവര്‍ ന്യൂനപക്ഷമായിരിക്കണം. ആദ്യനാലും വിഷാദം ആകാംഷ, സമൂഹത്തോട് വിട്ടു നില്‍ക്കുകയോ വെറുക്കുകയോ ചെയ്യല്‍, മദ്യത്തിനടിപ്പെടല്‍ എന്നിവ ബന്ധപ്പെട്ടും പരസ്പരം ഊട്ടിവളര്‍ത്തിയും വഷളാകുന്ന കാര്യങ്ങളാണ്‌.

ഒരു കുട്ടി ജനിക്കുമ്പോള്‍ അത് മൃഗത്തിന്റെ കുഞ്ഞിനോളം ജീവിതത്വരയുള്ളവനാണ്‌. ഒരല്പ്പം കട്ടിയുള്ള ആഹാരം വായില്‍ വച്ചുകൊടുത്താല്‍ അത് പുറത്തേക്കു തള്ളുവാനും ശര്‍ദ്ദിക്കുവാനും ശ്രമിക്കും ജീവനെക്കാള്‍ വിലയുള്ളതൊന്നും ഇല്ലെന്ന പാഠം എങ്ങനെ മനുഷ്യന്‍ മറക്കുന്നു?

കേരളത്തില്‍ ആളുകളിന്ന് തുരുത്തുകളായാണ്‌ ജീവിക്കുന്നത്. പാക്ക് ബിഹേവിയര്‍ ഇല്ലെന്നു തന്നെ പറയാം. ചുറ്റുമുള്ളതൊന്നും അയല്‍ക്കാരനോ അപരിചിതനോ പുറമ്പോക്ക് ഭൂമിയോ വനമോ പുഴയോ എന്തുമാകട്ടെ, അവനു വേണ്ടപ്പെട്ടതല്ല, വേണ്ടപ്പെട്ടവര്‍ക്കു വേണ്ടി കീഴടക്കാനും ഉപഭോഗിക്കാനുമുള്ളതാണ്‌. ഈ പാഠം മാതാപിതാക്കള്‍ അറിഞ്ഞോ അറിയാതെയോ ഒരുത്തനു കൊടുക്കുന്നു. ക്ലാസ്സിലെ എല്ലാവരെയും തോല്പ്പിക്കണം, വല്ലവന്റെയും വീട്ടില്‍ എന്തു നടന്നാലും നമുക്കെന്ത്? എന്തിനു ക്യൂ നില്‍ക്കണം, നമുക്ക് ഇടയില്‍ തള്ളിക്കയറാം, സെയില്‍സ് ടാക്സ് കൊടുക്കാന്‍ വയ്യ, ബില്ലു വേണ്ട. നല്ലൊരു പാര ലവനു കൊടുത്തു.. കുട്ടി പാഠം പഠിച്ചുകൊണ്ടേയിരിക്കുന്നു- സമൂഹത്തെ തോല്പ്പിക്കാനുള്ളവനാണു ഞാന്‍.
ഒറ്റപ്പെട്ടവന്‍ അതിവേഗം നിരാശനും വിഷാദവാനുമാകും. ഒറ്റപ്പെട്ടവരുടെ സംഘവും അങ്ങനെ തന്നെ. കുടുംബം അങ്ങനെ ഒരു ക്ലസ്റ്റര്‍ വിഷാദ ആകാംക്ഷാരോഗികള്‍ ആകുന്നു.

ഒരുത്തന്‍ അല്ലെങ്കില്‍ ഒരുത്തി സ്വയം നോക്കുമ്പോള്‍ ഒരു മതിപ്പുവില കല്പ്പിക്കാറുണ്ട്. രാവിലേ ബ്രഷ് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ വരുന്ന ഒരു രൂപം. ആരാണത്? സമൂഹത്തെ തോല്പ്പിക്കേണ്ടവന്‍, മുന്തിയ കാറു കരസ്ഥമാക്കേണ്ടവന്‍, ഇനിയും വലിയ വീടുവയ്ക്കേണ്ടവന്‍, അതു ചെയ്യേണ്ടവന്‍ ഇതു ചെയ്യേണ്ടവന്‍... ചെയ്തു തീര്‍ക്കാന്‍ കാര്യങ്ങള്‍ ഒരുപാട് ബാക്കി, അതു ചെയ്യാനുള്ള വഴികള്‍ തെളിയുന്നുമില്ല. നിരാശ, ശമ്പളം തികയുന്നില്ല, കൈക്കൂലി വാങ്ങാം, കാറിനു പണമില്ല, ലോണ്‍ അടുത്തതെടുക്കാം, വരവുമായി ബന്ധമില്ലാത്ത ചിലവുകളും റിസ്കിയും നിയമവിരുദ്ധവുമായ വരവുകളും ഏതു നിമിഷവും ഒരുത്തനെയോ ഒരുത്തിയേയോ കെണിയിലാക്കാം. നിരാശ വര്‍ദ്ധിക്കുകയായി.

പരീക്ഷയില്‍ തോല്‍ക്കുന്നത്, കാമുകിയെ നഷ്ടപ്പെടുന്നത് വേദനാജനകമായ അനുഭവങ്ങളാണ്‌. അതിലും ഭയങ്കരമാണ്‌ ഇതെല്ലാം തന്റെ ശത്രുവായ സമൂഹത്തിന്റെ മുന്നില്‍ തന്റെ വില കുറച്ചുകളഞ്ഞു എന്നത്. പട്ടികടിച്ച വേദന സഹിക്കാം പക്ഷേ വെളുത്തേടം കണ്ടത്, ഒട്ടും പറ്റില്ല.

ഒറ്റപ്പെട്ട ഒരുത്തനും ഒറ്റപ്പെട്ട ഒരുത്തിയും ഒരേ തരം പ്രശ്നം നേരിടുന്നു, അവര്‍ക്കു വിശ്വാസമുള്ളവരില്ല, അവരിലും ഉയരെയായാല്‍ കണ്ണുകടിക്കാത്ത ആളുകളുമില്ല. പ്രശ്നത്തെ നേരിടാന്‍ മനസ്സിനു അപര്യാപ്തത അനുഭവപ്പെട്ടു തുടങ്ങി.

ശരിക്കും സംതൃപ്തി തരുന്ന വളരെയൊന്നും കാര്യങ്ങള്‍ ചെയ്യാനാവുന്നില്ല ജീവിതത്തില്‍. മേലധികാരിയുടെ ചെരുപ്പു നക്കിയോ കൈക്കൂലി കൊടുത്തോ വാങ്ങിയോ ഒക്കെ അങ്ങു കഴിഞ്ഞു പോകുന്നു. രാവിലേ ജോലിക്കു പോകുന്നു, വൈകിട്ടു സീരിയല്‍ കാണുന്നു, രാത്രി സ്മാളടിച്ച് കിടക്കുന്നു.

അങ്ങനെയൊക്കെ കിടക്കുന്നു നമ്മള്‍. ഇതെല്ലാം എക്സ്ട്രീം റിസ്കി ആളുകള്‍. സത്യത്തില്‍ നമ്മളെല്ലാം റിസ്കിനു അതീതരൊന്നുമല്ല. എന്തു ചെയ്യാന്‍ കഴിയും? ഇതാണ്‌ ഞാന്‍ ചെയ്യാറ്‌.

ഒന്ന്: എനിക്കു ഞാന്‍ വളരെ ബഹുമാന്യനായ ഒരാളാണ്‌. രാവിലേ ക്ഷൗരത്തിനായി കണ്ണാടിയില്‍ നോക്കുമ്പോള്‍ കാണുന്ന രൂപത്തിന്റെ ഉടമ, ആന്റണി ആയുഷ്കാലം എന്റെയൊപ്പമുണ്ട്. ഞാന്‍ ഒരു ക്ലാസ്സിലും റാങ്ക് വാങ്ങിയിട്ടില്ല, അതുകൊണ്ട് മാനം ഇടിഞ്ഞു വീഴില്ല. ഏറ്റവും മുന്തിയത് പോയിട്ട് വഴിയില്‍ പാര്‍ക്ക് ചെയ്താല്‍ പത്തുപേര്‍ ശ്രദ്ധിക്കുന്ന ലക്ഷ്വറി കാറുകളോ വന്‍ വിലയുള്ള വീടോ എനിക്കില്ല, എന്റെ ആവശ്യങ്ങള്‍ നടക്കുന്നുണ്ട്. അതിനായി ഞാന്‍ തെണ്ടിയിട്ടില്ല, ചതിച്ചിട്ടില്ല, കൈക്കൂലി വാങ്ങിയിട്ടില്ല, മയക്കുമരുന്നു കടത്തിയിട്ടില്ല, തട്ടിപ്പറിച്ചിട്ടില്ല. എനിക്കൊരുത്തനോട് ബഹുമാനം തോന്നാന്‍ അതൊക്കെ ധാരാളം മതി. ഒരു കോടി രൂപ ഇപ്പോള്‍ കിട്ടിയാല്‍ ഞാന്‍ രാവിലേ ഇഡ്ഡലിക്കു പകരം റോളക്സ് വാച്ച് തിന്നാന്‍ പോകുന്നില്ല, കിട്ടിയാല്‍ ഒരു സന്തോഷം, പക്ഷേ ആ സന്തോഷം ഈ ബഹുമാനത്തെക്കാള്‍ വിലയുള്ളതല്ല.

രണ്ട്: ലോകം എനിക്കു വേണ്ടി അപ്പന്‍ ഉണ്ടാക്കിത്തന്നതല്ല, അത് എല്ലാവര്‍ക്കുമുള്ളതാണ്‌. എല്ലാവരും അവനവനു തോന്നുന്ന രീതിയില്‍ ജീവിക്കും, അതിനിടയില്‍ ഞാനും ആവുന്നതുപോലെ ജീവിക്കും. സകലരെയും കടത്തി വെട്ടാനായി ഒരായുസ്സ് ചിലവാക്കിയാലും ചത്തു പോകുമ്പോള്‍ ചീള്‌ ശവമാണ്‌, വെറുതേ പിള്ളേരൊത്തു കളിക്കാനും പാരഡി പാടി ചിരിക്കാനുമുള്ള സുഖം കിട്ടാതെ ചാകും.

മൂന്ന്: എല്ലാം എനിക്കു ഫേവറായി സംഭവിക്കില്ല, ശ്രമിച്ചാലും പ്രാര്‍ത്ഥിച്ചാലും വെട്ടിക്കൊന്നാലും എന്തു ചെയ്താലും. മറുവശമുള്ളതുകൊണ്ടാണ്‌ പലതും നിലനില്‍ക്കുന്നത്. സുഖം എന്നത് ദുഖമില്ലെങ്കില്‍ അനുഭവിക്കാനാവില്ല.

നാല്‌ : എല്ലാ പ്രശ്നങ്ങളെയുംഎനിക്കു പരിഹരിക്കാവുന്നതല്ല. ചിലതിനെ തോല്പ്പിക്കാം, ബാക്കിയുള്ളതുമായി പൊരുത്തപ്പെടാം. എന്റെ അപ്പനമ്മമാര്‍ ഞാന്‍ കുട്ടിയായിരിക്കുമ്പോഴേ മരിച്ചു പോയി. കൊച്ചു ജോലികളും ബിസിനസ്സും മറ്റുമായി ഞാന്‍ പഠിച്ചു. ഞാന്‍ ഭീമാകാരനോ സൗന്ദര്യമൂര്‍ത്തിയോ അല്ല, പരിഹാരമില്ല, ജീവിക്കാനാവാത്തവിധം പ്രശ്നവുമല്ല. പല പ്രശ്നങ്ങളും നമ്മള്‍ ചിന്തിച്ച് ശരിക്കുള്ളതിലും വലിയ വലിപ്പം കൊടുക്കുന്നു.

അഞ്ച്: ഒരു ക്രൈസിസ്ല്‍ പെടുമ്പോള്‍ ഏറ്റവും സുരക്ഷിതമായി പ്രശ്നം നേരിടുക എന്നത് മാത്രമാവണം ഓബ്ജക്റ്റീവ്. ആരെയും ഒരു നിവൃത്തിയുണ്ടെങ്കില്‍ ഈഗോയ്ക്കു വേണ്ടി ഒന്നും നേരി‍ടാന്‍ നോക്കില്ല. (ബ്രൂസ് ലീ പണ്ടൊരിക്കല്‍ പറഞ്ഞു, "ഇന്നു ജീവിച്ചിരിക്കുന്ന ഏതു മനുഷ്യനെയും തോല്പ്പിക്കാന്‍ എന്റെ കുങ് ഫൂവിനു കഴിയും, ഞാനത് എല്ലാ മത്സരങ്ങളിലും തെളിയിച്ചുകൊണ്ടേയിരിക്കുന്നു. പക്ഷേ ഒരാള്‍ വാളുമായി എന്നെ വെട്ടാന്‍ വന്നാല്‍ ഞാന്‍ ഓടാന്‍ കഴിയുമെങ്കില്‍ ഓടും, ഒട്ടും നിവൃത്തയില്ലെങ്കില്‍ മാത്രമേ അവനെ നേരിടൂ.‍ഓട്ടം സുരക്ഷിതമായ പരിഹാരമാണെങ്കില്‍ എന്തിനു റിസ്ക് എടുക്കണം? ")

ആറ്‌ : ഞാന്‍ എത്ര നശിച്ചാലും ഉയര്‍ന്നാലും ഒരു ഭേദവും കാണാതെ എനിക്കൊപ്പമുള്ള ഒന്നുരണ്ടു കൂട്ടുകാരും കുടുംബാംഗങ്ങളും എനിക്കുണ്ട്. എനിക്ക് അവരോടും അങ്ങനെ തന്നെ. അവരാണെന്റെ ഹെല്പ്പ് ലൈന്‍.


ഏഴ്: ഈ ലോകത്തിലെ ഏറ്റവും വലിയ സുന്ദരികളിലൊരാളായ മരിലിന്‍ മണ്‍‌റോ അപകര്‍ഷതാരോഗിണിയായിരുന്നു. അവനവന്റെ മനസ്സിലാണ്‌ കുരുക്ക്, അതില്‍ കുരുങ്ങാന്‍ എനിക്കു മനസ്സില്ല.

എട്ട്: ഞാന്‍ ജീവിച്ചിരിക്കുന്നതുകൊണ്ടാണ്‌ കുറഞ്ഞപക്ഷം ഇമോഷണല്‍ ആയെങ്കിലും എന്നെ ആശ്രയിക്കുന്ന ഒട്ടേറെപ്പേര്‍ക്ക് അതു കിട്ടുന്നത്. എന്റെ ജീവിതം അവര്‍ക്ക് നിധിയാണ്‌. അത് തട്ടിക്കളഞ്ഞിട്ടുള്ള എന്തുപണിയും ക്രൂരതയാണ്‌. എനിക്കതു വയ്യ.

ഒമ്പത്: ആളുകള്‍ എന്തു വിചാരിച്ചാലും എനിക്കൊരു ചുക്കുമില്ല. അവരെല്ലാം കൂടി ഐ എസ് ഓ സര്‍ട്ടിഫിക്കേറ്റ് തന്നില്ലെങ്കില്‍ എന്റെ ശരീരത്തില്‍ നിന്നും ഒന്നും അടര്‍ന്നു പോകില്ല. ഒരുത്തനെക്കൊണ്ടും നല്ലതു പറയിച്ചിട്ടോ അടിയറവു പറയിച്ചിട്ടോ എനിക്കൊന്നും നേടാനില്ല.

പത്ത്: എന്റെ കുട്ടി എന്തെങ്കിലും തെറ്റിച്ചാലോ തോറ്റാലോ എനിക്കവനു മാപ്പു കൊടുക്കാന്‍ പ്രയാസമില്ല. അവനെ എനിക്കത്രയിഷ്ടമാണെന്നതാണ്‌ അതിനു കാരണം. അത്രയൊന്നുമില്ലെങ്കിലും നല്ലൊരിഷ്ടം എനിക്കെന്നോടുമുണ്ട്. ഞാന്‍ തോറ്റാലും തെറ്റു ചെയ്താലും സ്വയം "പോട്ടെ, ഇനി ആവര്‍ത്തിക്കരുത്" എന്നു പറയാന്‍ ഒരു പ്രയാസവുമെനിക്കില്ല.

ഒരാത്മഹത്യ തടയാനാവുമോ?
അടുത്തു പരിചയമുള്ളവര്‍ വലിയ പ്രശ്നങ്ങളില്‍ പെടുകയാണെങ്കില്‍ അവരുമായി നിരന്തരം സംസാരിക്കുക. എന്തെങ്കിലും സംസാരിച്ചാല്‍ മതി "ഐ കെയര്‍ ഫോര്‍ യു എനിവേ" എന്ന സന്ദേശം പരാജിതനായിരിക്കുന്നയാളിനെയും, ആത്മനിന്ദയില്‍ പെട്ടവനെയും വേദനയിലായവനെയും ആത്മഹത്യയില്‍ നിന്നും പിന്‍‌തിരിപ്പിക്കും. വലിയ മാനസിക പ്രശ്നങ്ങളുള്ളയാളിനെ കൗണ്‍സലിങ്ങിനു നയത്തില്‍ കൊണ്ടു പോകാന്‍ ശ്രമിക്കുക. കുറേ മുന്നോട്ട് നീട്ടിയാല്‍ ഒട്ടുമിക്ക ആത്മഹത്യാത്വരയും ഇല്ലാതെയാകും. ചുറ്റും നോക്കുമ്പോള്‍ ഒരു വാണിങ്ങ് സൈന്‍ കണ്ടാല്‍ ഇടപെടുക, മിക്കവാറും പ്രയോജനമുണ്ടാവും.


ഈ വിവരക്കേടൊക്കെ വായിച്ച് ആരെങ്കിലും സമയം പാഴായെന്ന് പറഞ്ഞ് ആത്മഹത്യ ചെയ്യില്ലല്ലോ? ബോറഡിച്ചവര്‍ക്കായി ദാ പിടി. പണ്ട് കണ്ടൊരു കാര്‍ട്ടൂണ്‍- രോഗി തലയ്ക്ക് കയ്യും കൊടുത്തിരിക്കുന്നു, മനശാസ്ത്രജ്ഞന്‍ അയാളുടെ ഫയലില്‍ നോക്കിയിട്ട്.
"മിസ്റ്റര്‍ സ്മിത്ത്, ഒരു സന്തോഷവാര്‍ത്തയുണ്ട്. നിങ്ങളുടെ കേസ് ഞാന്‍ വിശദമായി വായിച്ചു നോക്കി. നിങ്ങള്‍ വിചാരിക്കുന്നതുപോലെ നിങ്ങള്‍ക്ക് ഇന്‍ഫീരിയോറിറ്റി കോമ്പ്ലക്സ് ഒന്നുമില്ല . ശരിക്കും നിങ്ങള്‍ ഇന്‍ഫീരിയര്‍ ആണ്‌, അല്ലാതെ ഒരു കോമ്പ്ലക്സ് അല്ല അത്."

22 comments:

സുല്‍ |Sul said...

അനോണിയെ
നല്ല ലേഖനങ്ങളുടെ കൂട്ടത്തിലേക്ക് ഒന്നു കൂടി.
ഇത് വായിച്ച് ഒരാളെങ്കിലും ആത്മഹത്യയില്‍ നിന്ന് പിന്മാറിയാല്‍....

-സുല്‍

കണ്ണൂസ്‌ said...

ചിലപ്പോ വെറുതെ ചാവാന്‍ തോന്നും. എന്തു ചെയ്യാനാ?

നിലാവര്‍ നിസ said...

അര്‍ഥപൂര്‍ണമായ കുറിപ്പ്..
കുട്ടികള്‍ക്കിടയില്‍ പോലും ആത്മഹത്യ പടരുന്നത് ഞെട്ടലോടെയാണ് ഈയിടെയായി കാണുന്നത്.. അതിനു പിന്നിലെ വിവിധ വിഷയങ്ങളെ അപഗ്രഥിച്ച രീതിയും നന്നായി..

ശ്രീവല്ലഭന്‍. said...

അനോണിയുടെ നല്ല ലേഖനങ്ങളില്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒന്ന്. താങ്കള്‍ പറഞ്ഞ എല്ലാ കാര്യങ്ങളോടും വളരെ യോജിപ്പ്. അതില്‍ പലതും എല്ലായ്പ്പോഴും നടപ്പക്കാറുമുണ്ട്. അപകര്‍ഷതാബോധം നമ്മില്‍ ചെറുതിലെ തന്നെ സൃഷ്ടിക്കപ്പെടുകയാണ്. അതില്‍ നിന്നും നാം വിചാരിച്ചാല്‍ മാറാവുന്നതെയുള്ളൂ- കുറച്ചു ഇച്ഛാശക്തി ഉണ്ടെങ്കില്‍ .

Unknown said...

നല്ല ലേഖനം.

jijijk said...

പ്രിയപ്പെട്ട ആന്റണി> മലയാളബ്ലോഗിന്റെ റീച്ച് വളരെ പരിമിതവും, ബ്ലോഗ്ഗെര്‍സില്‍ പാതിയില്‍ അധികം പേര്‍ (30 പ്രൊഫൈലുകളുടെ സാംബിള്‍ സര്‍വ്വെയില്‍ നിന്ന്) കേരളത്തിന്റെ പുറത്തു ജീവിക്കുന്നവര്‍ ആയതുകൊണ്ടും ഈ പോസ്റ്റ് അച്ചടിമാദ്ധ്യമത്തില്‍ വന്നാല്‍ ആത്മഹത്യ ചെയ്യുവാന്‍ മുട്ടിനില്‍ക്കുന്ന പല മലയാളികള്‍ക്കും വളരെ ഗുണം ചെയ്തേനെ.
മലയാളികള്‍ക്കില്ലാത്ത പാക്ക് ബിഹേവിയറിനെ പറ്റിയുള്ള താങ്കളുടെ ഉള്‍കാഴ്ച്ചയോട് യോജിക്കുന്നു. മലയാളിക്ക് ഇല്ലാത്തതും യു പി-ബീഹാര്‍ കാര്‍ക്ക് ഉള്ളതും ഈ സ്വഭാവം ആണല്ലോ.
ഗംഭീരം ആയിട്ടുണ്ടു ലേഖനം. congrats

Vanaja said...

ഈ പത്തു കാര്യങ്ങള്‍ നന്നായി, പ്രത്യേകിച്ചും എട്ടാമത്തെ കാര്യം

വേണു venu said...

ആന്‍റണിയുടെ എനിക്കിഷ്ടമായ പോസ്റ്റുകളില്‍ ഒന്നു കൂടി. കുറച്ചു നാള്‍ മുന്‍പു വരെ കെ.പി.കേശവമേനൊന്‍റെ “നാം മുന്നോട്ടു്“ എന്ന പുസ്തത്തിലെ ഒരു കുറിപ്പു് വായിക്കുക പതിവാക്കിയിരുന്നു.
ഈ ലേഖനം വായിച്ചപ്പോള്‍ അതു വായിക്കുന്ന ദിവസം ലഭ്യമാകുന്ന ഒരു സായൂജ്യം അനുഭവിക്കാന്‍ സാധിച്ചു.ഇതു കൂടുതല്‍ വായിക്കപ്പെട്ടിരുന്നെങ്കില്‍.
ആശംസകള്‍.

പാമരന്‍ said...

താങ്ക്യു അനോണിയണ്ണാ.. ഇതു വായിച്ചിട്ടും ഏതെങ്കിലും പയലുകള്‍ ആത്മഹത്യ ചെയ്യാന്‍ പോയാല്‍ ലവനൊക്കെ ചാവുന്നതാ നല്ലത്‌.. :)

ഇങ്ങനെ ഒക്കെ ചിന്തിക്കാന്‍ പര്യാപതരായി അടുത്ത തലമുറയെ എങ്കിലും എങ്ങനെ വളര്‍ത്തി എടുക്കാമെന്നു കൂടെ എഴുതാമോ? (2 പിള്ളേരുണ്ടേ :) )

ഇടിവാള്‍ said...

നല്ല പോസ്റ്റ്, രസിച്ചു വായിച്ചു.

ബട്ട് ചില പോയിന്റൊക്കെ ഈസിയര്‍ സെഡ് ദാന്‍ ഡണ്‍ എന്നു തോന്നി ;)

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല ലേഖനം!

"ഐ കെയര്‍ ഫോര്‍ യു എനിവേ" എന്ന സന്ദേശം പരാജിതനായിരിക്കുന്നയാളിനെയും, ആത്മനിന്ദയില്‍ പെട്ടവനെയും വേദനയിലായവനെയും ആത്മഹത്യയില്‍ നിന്നും പിന്‍‌തിരിപ്പിക്കും.

ഇതില്‍ വലിയ ഒരു സത്യം ഉണ്ട്.

simy nazareth said...

anony, ithu kalakki.

ini angane vallom thonnumbo ee post onnoode nokkkaaam

ഗീത said...

ഇതിന്റെ ഒരു പ്രിന്റ് ഔട്ട് എടുത്തുവയ്ക്കട്ടെ ?
എന്റെ പേജില്‍ നിന്ന് ഇങ്ങോട്ടൊരു ലിങ്കും കൊടുക്കാം.

അനോണി ആന്റണി എന്നു കേട്ടിരുന്നെങ്കിലും ഇതുവരെ ഒരു ലിങ്ക് കിട്ടാത്തതിനാല്‍ വരാന്‍ പറ്റിയിരുന്നില്ല. ശ്രീ. വേണു, വയനാടന്റെ കമന്റ് പേജില്‍ ഇട്ട ലിങ്ക് കണ്ടാണ് ഇവിടെ എത്തിയത് .

ഇത്രയും ഉപകാരപ്രദമായ പോസ്റ്റിന് വളരെ നന്ദി.
മെര്‍കുഷിയോ പറഞ്ഞപോലെ ഇതു മലയാള ആനുകാലികങ്ങള്‍ക്ക് അയച്ചു കൊടുക്കണം. വിദ്യാ സമ്പന്നരായവരില്‍ പോലും വളരെ കുറച്ചു percentage ആളുകള്‍ക്കേ ഈ ബ്ലോഗിനെയും അവിടത്തെ പോസ്റ്റുകളേയുംകുറിച്ചൊക്ക്ക്കെ അറിയൂ..

Gopan | ഗോപന്‍ said...

നല്ല പോസ്റ്റ്..

reshma said...

നന്നായി.

namath said...

പ്രസക്തമായ വിഷയം, നന്നായി പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍!

ദിവാസ്വപ്നം said...

thank you.

ശാലിനി said...

നല്ല ലേഖനം

Anonymous said...

ഒമ്പത്: ആളുകള്‍ എന്തു വിചാരിച്ചാലും എനിക്കൊരു ചുക്കുമില്ല. അവരെല്ലാം കൂടി ഐ എസ് ഓ സര്‍ട്ടിഫിക്കേറ്റ് തന്നില്ലെങ്കില്‍ എന്റെ ശരീരത്തില്‍ നിന്നും ഒന്നും അടര്‍ന്നു പോകില്ല. ഒരുത്തനെക്കൊണ്ടും നല്ലതു പറയിച്ചിട്ടോ അടിയറവു പറയിച്ചിട്ടോ എനിക്കൊന്നും നേടാനില്ല.
ആന്റണീ എന്തു പറയണം, ഇതുപോലെ എല്ലാ‍രും, കുറച്ചു പേരെങ്കിലും വിചാരിചിരുന്നെങ്കില്‍..........

കണ്ണൂസെ, വെറുതെ ചാവാന്‍ എനിക്കു ഇടക്കു തോന്നറുണ്ടു, അതെന്താണാവോ

ചീര I Cheera said...

ആന്റണിയേ, ഇങ്ങനെ പെട്ടെന്ന്,പെട്ടെന്ന് പോസ്റ്റൂകള്‍ വിടല്ലേ, എനിയ്ക്ക് എല്ലാം കൂടി വായിച്ചെത്ത്ണില്യ.. :)ഹി,ഹി.

ശരിയ്ക്കും.. ella പോയിന്റ്സും വളരെ വളരെ പ്രസക്തം.
അപ്പ്രീസിയേഷന്‍, പിന്നെ ‘’സാരല്യാ ന്നേ..’,
അങ്ങനെ കൊച്ചു കൊച്ചു വാക്കുകള്‍ക്ക് എന്തു മൂല്യം എന്ന് ശരിയ്ക്കും ഇപ്പോള്‍ പഠിച്ചെടുക്ക്കുകയാണ്, കുട്ടികളുമായി അംഗം വെട്ടുമ്പോള്‍. അഥു വലിയവര്‍ക്കും ബാധകം തന്നെ!

ബയാന്‍ said...

ഞാന്‍ അത്മഹത്യയില്‍ നിന്നും പിന്മാറി, അനോണി ആന്റണിക്കു നന്ദി.

ഒന്നു മര്യാദയ്ക്കു ജീവിച്ചിട്ടു തന്നെ ബാക്കി.

Jayarajan said...

വളരെ നല്ല ലേഖനം; ആകെ ബോറായിത്തോന്നിയത് ബോറഡി മാറ്റാനായി അവസാനം കൊടുത്ത ചീള്‌ മാത്രമാ... :). ഇതിന്റെ ലിങ്ക് സുഹൃത്തുക്കള്‍ക്കൊക്കെ അയച്ചു കൊടുക്കണം; ആര്‍ക്കെങ്കിലും ഉപകാരപ്പെടാതിരിക്കില്ല.