Sunday, February 3, 2008

വല്ലഭന്റെ പുല്ല്

നെല്ലിക്ക പോലെ രൂപയ്ക്ക് പതിനാറ്  വാങ്ങാന്‍ കിട്ടുന്ന സാധനമാണ്‌  പി സി മോണിറ്ററിന്റെ ഫ്യൂസ്. എന്തു ചെയ്യാം, ലത് അടിച്ചു പോയാല്‍ സിറ്റി വരെ പോയാലേ   വാങ്ങാന്‍ പറ്റൂ.  കൈനെറ്റിക്ക് വച്ച് ഷാനവാസിന്റെ ഹോണ്ടയില്‍ തിരിച്ചു.

പോണവഴി ദേ കിളിര്‍ത്തു നില്‍ക്കുന്നു മുട്ടന്‍ ഒരെലക്ട്രിക്കല്‍ ആന്‍ഡ് എലക്ര്ടോണിക്ക് സൂപ്പര്‍ മാര്‍ക്കറ്റ്.  ഇതെപ്പ വന്ന് എന്നാശ്ചര്യത്തില്‍ പറഞ്ഞു ഷാനവാസ്  സ്കൂട്ടര്‍ അകത്തോട്ട് വെട്ടിക്കേറ്റി.
നിരനിരയായി ടി വി, ഫ്രിഡ്ജ്, വാഷിങ്ങ് മെഷീന്‍, മ്യൂസിക്ക് സിസ്റ്റം, ഭയങ്കര കട.

ഒത്ത നടുക്ക് ചാരി വച്ചേക്കുന്നു ലവനെ.  മാതാവേ ലവനും ജോലി കൊടുക്കുന്ന  മഞ്ഞപ്രാന്തു പിടിച്ച മൊതലാളിയോ. ലവനെ അറിയാത്തവരാരുമില്ല. അങ്ങ് കുളത്തൂരു കോളേജു മുതല്‍ ഇങ്ങ് വെട്ടുകാട് വരെയുള്ള ചെറുപ്പക്കാരെല്ലാം കണ്ടിരുന്ന മാദകവും സുന്ദരവുമായ സ്വപ്നങ്ങളിലെല്ലാം അളിയന്‍ വേഷം കെട്ടിയിരുന്നവന്‍ ലവന്‍.  അവരെല്ലാം ചോരയും കണ്ണീരും ചാലിച്ചെഴുതിയ പ്രേമലേഖനങ്ങള്‍ അവന്റെ ചേച്ചിക്ക് കൊടുക്കാന്‍  ദ്രവ്യമായും പാനീയങ്ങളായും കമ്മീഷനടിച്ച് ലാവിഷായി ജീവിച്ചിരുന്ന, പഠിപ്പും പിടിപ്പുമില്ലാത്ത ഒരണ്ണന്‍ കൊണ്ണി പയല്‌. സുരസുന്ദരിയായ ലവന്റെ ചേച്ചിയെ വീട്ടുകാരു കെട്ടിച്ചു വിട്ടതില്‍ പിന്നെ ഈ അളിയന്‍മാമയെ തിരുവന്തോരം മറന്നു പോയി.

"ഡേയ്, നീയിപ്പ ഇവിടാണോ ജ്വാലി?"
ലവന്‍ ജാഡയിലൊന്ന് ചിരിച്ചു.
"ഉം. ഇത് നമ്മട കടകള്‌ തന്നെ. "
ഇതിനു മുടക്കാന്‍ മാത്രം കാശ് പെങ്ങള്‍ക്ക്  കൊറിയറായി നിന്ന് ഇവന്‍ ഉണ്ടാക്കിയോന്ന് അന്തം വിട്ട്  നിക്കുമ്പോ അവന്‍ പറഞ്ഞു
"പെങ്ങളെ ഫര്‍ത്താവാ കാശു മുടക്കിയിരിക്കണത്."
"അപ്പം നീ ഡയറക്റ്ററോ മാനേജരോ?"
"ഡയറക്റ്ററ്‌ അളിയന്‍ തന്നെ,  അളിയനും ചേച്ചീം അങ്ങ് അമേരിക്കേലാ. മാനേജരു വ്യാറെയൊണ്ട്, ഞാങ്ങ് ഇങ്ങനെ മൊത്തത്തില്‍ ഒരു മേല്‍ നോട്ടത്തിനിവിടെ..."

"നഹി തേ സകലം തവ  ബാഹുബലം
ഭഗിനീ ഭഗ ഭാഗ്യ ഭവോ വിഭവ.."
"ആന്റോണ്ണന്‍‍ എന്തര്‌ സംസ്കൃതത്തി പറയണത്?"
 "ഒക്കെ നന്നായി വരട്ടേന്ന് പ്രാര്‍ത്ഥിച്ചതാ."
"ഭാഗ്യം ഭവ എന്നൊക്കെ കേട്ടപ്പ എനിക്കും  തോന്നി."

കടേന്നിറങ്ങുമ്പോ ഷാനവാസ് നിരാശയോടെ പറഞ്ഞു
"ലവള്‍ എന്തര്‌ നല്ല പെണ്ണാരുന്ന്,  യാതോ വിവരദോഷിയാണ്‌ കെട്ടിയതെന്ന്  തന്നെ തോന്നണത്."
" അതെന്തര്‌?"
"ഈ   ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത പയലിനെ കടേ കേറ്റി നിര്‍ത്തിയതീന്ന് മനസ്സിലാവൂല്ലേ അയാള്‍ക്ക് വിവരമില്ലെന്ന്? കച്ചോടം ചെയ്ത് കട എവന്‍ മുടിക്കൂല്ലേ?"

"എനിക്കു തോന്നണത് അയാള്‍ ഒരു വല്ലഭനാണെന്നാ. നീ ശ്രദ്ധിച്ചോടേ, ലവനു  ഒരു സ്ഥാനവും കൊടുത്തിട്ടില്ല, അതിനൊക്കെ വേറേ ആളുണ്ട്. പിന്നെ ലിവനാകുമ്പോ കാശ് അടിച്ചു മാറ്റാനോ മറ്റോ ഉള്ള വിവരവുമില്ല.  ഒരു പണീം വേറേ കിട്ടാത്തതുകൊണ്ട് എന്തരേലും ചില്ലറ കൊടുത്താലും മതിയല്ല്?"

"അതല്ല ചെല്ലാ,  ഈ പന്ന അളിയനെ ലവിടെ കേറ്റി ഇരുത്തീട്ട് ലവടെ ലവന്‌ എന്തരു കിട്ടാങ്ങ്?"
"ഷാനവാസേ, ദുബായില്‍   എന്റെ ഫ്ലാറ്റിനടുത്ത് ഒരു നൈറ്റ് ക്ലബ്ബുണ്ട്. ലതിന്റെ ഉള്ളിലേക്ക് ക്യാറണ വഴീല്‍ ഒരു ആര്‍ച്ച് വേ മെറ്റല്‍ ഡിറ്റക്റ്റര്‍ വച്ചിട്ടുണ്ട്, വരണവര്‍ ലതിലൂടെ ഞൂന്ന് കേറണം. ഈ സാധനം ചുമ്മ വച്ചിരിക്കുകയാ, വര്‍ക്ക് ചെയ്യണതല്ലെന്ന് സ്റ്റാഫിനും ഞങ്ങള്‍ സ്ഥിരം വായിനോക്കികള്‍ക്കും അറിയാം, പക്ഷേ ലതുകൊണ്ട് വല്യ പ്രയോജനമുണ്ട്. ലതിങ്ങനെ നാട്ടിയിരിക്കണത് കാരണം ഒരുത്തനും കത്തിയും തോക്കും വാളുമൊന്നും കൊണ്ട് ലങ്ങോട്ട് വരാന്‍ ധൈര്യപ്പെടൂല്ല. ഏത്?"

"ഓ ഒള്ളത്. ചെല കടകളില്‌  ചുമ്മാ പ്യാടിപ്പിക്കാന്‍ അടിച്ചു പോയ ഒരു സര്‌വെയിലന്‍സ് ക്യാമറ വച്ചേക്കണത് പോലെ ഒരു പുല്ല് അളിയനെ വച്ചിരിക്കുവാ ലവടെ ലവന്‍ എന്ന്  അല്ലീ?"
"തന്നെ."

 

11 comments:

അതുല്യ said...

ലത് സത്യം - ഡമ്മിപണി. പണ്ട് ഞാനും ഇതിനു മൊയ്ല്ലാളീന്റെ കൂടെ കൂട്ട് നിന്ന് - സര്‍ക്കാ‍ാരാപ്പീസിലേ ഡോക്കിയാറ്ഡില്‍ പഞ്ചിങ് സിസ്റ്റം വന്നപ്പഴ്, ഉച്ചപടം കാണാന്‍ പോണയാള്‍ടേം അറ്റന്‍ഡസ് കീയിന്‍ ചെയ്യ്ത് കാര്‍ട്ഡ് ഇട്ട് തുടങിയപ്പോ, അവിടേം ഒരു കണക്ഷ്ഹന്‍ ഇല്ലാത്ത ക്യാമറ പിടീപ്പിച്ച്!

R. said...

സംസ്കൃതശ്ലോകവും ലവന്റെ ഇന്റര്‍പ്രട്ടേഷനും ക്ഷ പിടിച്ചൂ.

ശ്രീവല്ലഭന്‍. said...

പ്യാടിച്ചു പ്യാടിച്ചാ വന്നത്!

വിമര്‍ശനങ്ങളൊക്കെ തന്നു ഫേമസ് ആക്കാന്‍ പോവ്വാന്നാ വിചാരിച്ചേ......

ത്രിശങ്കു / Thrisanku said...

വോ തന്ന തന്ന :)

ബോബനും മോളിയും said...

അനോനി...അവസാനം ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചു. തെറ്റിയില്ല. പതിവുപോലെ നന്നായി.

Umesh::ഉമേഷ് said...

ആന്റണിയേ, ക്ഷീരമുള്ളൊരകിടിന്‍ ചുവട്ടിലും ചോര കാണുന്ന കൊതുകായി ഒരു ഓഫ് അടിക്കട്ടേ...

ആ “ഭഗിനീഭഗഭോഗ” ശ്ലോകം ഞാന്‍ തപ്പി നടക്കുകയായിരുന്നു. മൊത്തം അറിയാമോ? ശ്രീകൃഷ്ണനും അര്‍ജ്ജുനനുമല്ലേ കഥാപാത്രങ്ങള്‍?

കമന്റെഴുതുന്ന ശീലമില്ലെങ്കില്‍ എനിക്കു് ഉമേഷ്.പി.നായര്‍ അറ്റ് ജീമെയില്‍.കോം എന്ന വിലാസത്തില്‍ കടിതം വിട്ടാലും മതി.

സ്വന്തം അളിയനെ “സാലാ ബഹന്‍‌ചൂത്ത്” എന്നു വിളിച്ചിരുന്ന ഒരു സുഹൃത്തിനെ ഓര്‍മ്മ വന്നു.

ദിലീപ് വിശ്വനാഥ് said...

ഹഹഹ.. എന്തൊരു ലോകവീക്ഷണം ആന്റോ...
ഉമേഷ്‌ജിയുടെ ചോരക്കൊതി ഇതുവരെ മാറിയില്ലേ?

siva // ശിവ said...

തന്നപ്പീ....ലത്‌ തന്നെ കാര്യം....

ശ്രീനാഥ്‌ | അഹം said...

ha ha haaa...

kalakki...

ഏ.ആര്‍. നജീം said...

ഹ ഹാ ലത് കലക്കി...

അപ്പോ ആരാ ബുദ്ധിമാന്‍...ലെവനൊ ലവന്റെ അളിയനോ അതോ ലെവന്റെ അളിയനെ കെട്ടിയ ലവന്റെ പെങ്ങളോ... :)

mittayi said...

ഈ വിഷുവിനോടനുബന്ധിച്ചു മിഠായി അവതരിപ്പിക്കുന്നു,മലയാളത്തിലെ ഏറ്റവും വലിയ ബ്ലോഗിംഗ്‌ മത്സരം,ഇത്തവണ താങ്ങള്‍ക്കു വിഷു കൈനീട്ടം നല്‍കുന്നത്‌ മിഠായി.com ആണ്‌.‌Join Now www.MITTAYI.com