Thursday, February 21, 2008

മാന്യനും നല്ലവനും


ആന്റണി?
തന്നെ. നിങ്ങളാര്‌?

എന്റെ പേര്‍ പ്രീത. പ്രീഡിഗ്രിക്ക് നമ്മള്‍ ഒരുമിച്ച് പഠിച്ചിട്ടുണ്ട്, ഞാന്‍ വേറേ ബാച്ച് ആയിരുന്നു. ഓര്‍മ്മയുണ്ടോ?
എന്റെ ബാച്ചില്‍ തന്നെ ഏറെപ്പേരെയൊന്നും പരിചയമില്ല. കോളേജ് തന്നെ നല്ല പരിചയമില്ല, സ്ഥിരം  ക്ലാസ്സില്‍ പോകാറുമില്ലായിരുന്നു.

അത്... പെട്ടെന്നങ്ങോട്ട്.
സാരമില്ല. എനിക്കു നിങ്ങളെ ഓര്‍മ്മയുണ്ട്. ഞാന്‍ വിളിച്ചത്,  എനിക്കൊന്നു നേരില്‍ കാണണമല്ലോ.

എന്താ കാര്യം?
നേരിട്ടു കാണുമ്പോഴേ പറയാന്‍ പറ്റൂ. വരുമല്ലോ?

അടുത്താഴ്ച്ച മതിയോ?
മതി. പിന്നെ, ഒറ്റയ്ക്ക് വന്നാല്‍ മതി.

ഇതെന്താ കൊള്ളസങ്കേതത്തിലാണോ ഇയാള്‍?
സങ്കേതം നയിഫ് റോഡിലാണ്‌, അവിടെ എത്തിയിട്ട് ഈ നമ്പറില്‍ വിളിക്കൂ.


എത്തി. വിളിച്ചു. അവള്‍ പറഞ്ഞു തന്ന കെട്ടിടത്തിനു ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക് പോലെ . ചെല്ലും മുന്നേ  പരിസര വീക്ഷണം നടത്താന്‍ കെട്ടിടത്തിനു  താഴെയുള്ള  ചെറിയ ഇറാനിക്കടയില്‍ കയറി. അമ്പതു പൈസ നീട്ടി "ഒരു റോത്ത്‌മാന്‍സ്" എന്നു പറയും മുന്നേ തന്നെ കടക്കാരന്‍ അല്പ്പം അവജ്ഞയോടെ ചൈനീസ് അക്ഷരങ്ങളടിച്ച ഫോയിലില്‍ പൊതിഞ്ഞ ഒരു കോണ്ടം എടുത്ത് മേശപ്പുറത്തിട്ടു.  സംശയം പോലും ബാക്കിയില്ലാതെ എല്ലാം തെളിഞ്ഞു കത്തി.

വീണ്ടും വിളിച്ചു.

നീ എന്തിനാണ്‌ എന്നെ ഇങ്ങനെ ഒരു സ്ഥലത്തേക്ക് വിളിച്ചത്?
കയറി വരൂ, ഒരു കുഴപ്പവുമുണ്ടാവില്ല.

വേണ്ട, ഇയാള്‍ താഴെ വരൂ, നയിഫ് പാര്‍ക്കില്‍.
എനിക്ക് പുറത്തു പോകാന്‍ പാടില്ല.

എങ്കില്‍ ഫോണില്‍ പറഞ്ഞാല്‍ മതി.
ശരി. ഞാന്‍  ഇവിടെ എന്തു ചെയ്യുകയാണെന്ന് മനസ്സിലായല്ലോ?

മനസ്സിലായി.  ഇവിടെ പെട്ടു പോയതാണോ? എങ്കില്‍ വഴിയുണ്ടാക്കാം.
അറിഞ്ഞുകൊണ്ട് തന്നെ വന്നതാണ്‌, പക്ഷേ ഇതില്‍ തുടരാനാവില്ല.

നാട്ടില്‍ അയയ്ക്കാന്‍ വഴിയുണ്ടാക്കാം, എനിക്കറിയാവുന്ന റെസ്ക്യൂ ഓര്‍ഗനൈസേഷനുകളുണ്ട്.
നാട്ടില്‍ നില്‍ക്കാന്‍ പറ്റില്ല, അതുകൊണ്ടാണിവിടെ വന്നത്.  എന്നെ കെട്ടിച്ചു വിട്ട വകയിലും മറ്റുമായി പത്തു മുപ്പതു ലക്ഷം രൂപ കടമുണ്ട്, അച്ഛന്‍ മരിച്ചു, അമ്മയ്ക്ക്  വരുമാനവുമില്ല.

ഭര്‍ത്താവും കുട്ടികളുമൊക്കെ?
ഞങ്ങള്‍ ഡൈവോഴ്സായി. കുട്ടികളൊന്നുമില്ല.

ഇവിടെ എന്തു വിസയിലാണ്‌?
വൈഫിന്റെ.

ആരുടെ?
അറിയില്ല.

പാസ്സ്പോര്‍ട്ട് കയ്യിലുണ്ടോ?
ഇല്ല.

പിന്നെ എന്തു ചെയ്യും?
ഞാന്‍ ബി ഏ പൊളിറ്റിക്സ് വരെ പഠിച്ചതാണ്‌. എന്തെങ്കിലും ജോലി ആരെങ്കിലും തന്നാല്‍ ഈ പണി നിര്‍ത്താമെന്ന് വച്ചു.

ആ പഠിപ്പുകൊണ്ട് കിട്ടാവുന്നത് ഒരു സെക്രട്ടറിപ്പണിയാണ്‌. അതിനു തന്നെ ഭര്‍ത്താവ് ആയി സ്പോണ്‍സര്‍ ചെയ്തയാള്‍ നോ ഒബ്ജക്ഷന്‍ എഴുതിത്തരണം. കിട്ടിയാല്‍ പത്രങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ക്ക് അപേക്ഷിച്ചാല്‍ മതി, ഒരു രണ്ടു മൂവായിരം ദിര്‍ഹംസ് തുടക്കത്തില്‍ കിട്ടുന്ന ജോലി എന്തെങ്കിലും തരമാവും. 

നോ ഒബ്ജക്ഷന്‍ കിട്ടുകയുമില്ല, അതു പോട്ടെ  മൂവായിരം  ദിര്‍ഹം കിട്ടിയാല്‍ ഞാന്‍ എന്തു നാട്ടിലയക്കും? താമസം, ഭക്ഷണം ഒക്കെ കഴിഞ്ഞ്?
ശ്രമിച്ചാല്‍ ഒരു പതിനഞ്ച് ഇരുപതിനായിരം ഇന്ത്യന്‍ രൂപ.

എനിക്കിവിടെ പത്ത് കസ്റ്റമര്‍മാര്‍ വരെ വരും, അതായത് രണ്ടായിരം ദിര്‍ഹം ഒരു ദിവസം. പകുതി ബോസ്സിനു പോകും, ബാക്കിയെല്ലാം മിച്ചം.  രണ്ടര മൂന്ന് ലക്ഷം രൂപ  മാസം നാട്ടിലയയ്ക്കുന്നുണ്ട്.

അത്രയും വലിയ വരുമാനം നിങ്ങളുടെ പഠിപ്പൊക്കെ വച്ച് വേണമെന്നുണ്ടെങ്കില്‍ ഇമ്മാതിരി  വഴികളേ ഉള്ളു.

നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലേ എനിക്കു വേണ്ടി?
എനിക്കു പരമാവധി ചെയ്യാന്‍ കഴിയുന്നത് നിങ്ങളെ അവിടെ നിന്നിറക്കി നാട്ടില്‍ കയറ്റി വിടാനുള്ള  വഴി ഉണ്ടാക്കലാണ്‌.

അതെനിക്കു വേണ്ട. നമ്മുടെ കൂടെ പഠിച്ച വേറേ ആരെങ്കിലും ഇവിടെയുള്ളവരുടെ നമ്പര്‍  തരാമോ, അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോന്ന് ചോദിക്കാനാണ്‌.

കൊടുത്താല്‍  ഞാന്‍ റെഫര്‍ ചെയ്തു എന്നാകും. ഇവളെ എങ്ങനെ  ഇവിടെ കണ്ടുമുട്ടിയെന്ന് അവര്‍ വിചാരിക്കും? അല്ലെങ്കില്‍ തന്നെ വലിയ പഠിപ്പും പരിചയവും ഇല്ലാത്ത ഒരാളിനു മൂന്നു ലക്ഷം രൂപ സമ്പാദിക്കാനുള്ള എന്തു വഴി കാട്ടിക്കൊടുക്കും അവര്‍?

എനിക്ക് കൂടെ പഠിച്ച ആരെയും ഇവിടെ പരിചയമില്ല. എന്റെ നമ്പര്‍ നിങ്ങള്‍ക്കെങ്ങനെ കിട്ടി?
-- വീട്ടിലെ --- തന്നു.

നാട്ടില്‍ വച്ചോ?
അല്ല, ഇവിടെ വന്നിരുന്നു.

പത്തറുപതു വയസ്സായ  മനുഷ്യനാണ്‌, കെട്ടിച്ചു വിട്ട മൂന്ന് പെണ്മക്കളുമുണ്ട്. ദുബായില്‍ വേശ്യാലയം തപ്പി ഇറങ്ങിയതുമല്ല നാണമില്ലാതെ മകന്റെ പ്രായമുള്ള പരിചയക്കാരന്റെ ഫോണ്‍ നമ്പറും കൊടുത്തിരിക്കുന്നു. അല്ല, അങ്ങനെ ചിന്തിക്കാന്‍ ഞാനാര്‌?  ഒരുത്തി സഹായത്തിന്‌ ആരുടെയെങ്കിലും ടെലിഫോണ്‍ നമ്പര്‍ ചോദിച്ചിട്ട് മാന്യന്‍ ചമയാനായി ഞാന്‍ കൊടുത്തില്ല,  കൊടുക്കാന്‍ സന്മനസ്സു കാട്ടിയ ആ  വ്യഭിചാരിക്കിഴവന്‍ തന്നെയാണോ അപ്പോള്‍ എന്നെക്കാള്‍ നല്ലവന്‍?

24 comments:

പ്രിയ said...

ആന്റണി തന്നെയാ മാന്യന് എന്താ സംശയം? അവളോട് പറയ് ഇതു തന്നെ തുടര്ന്ന് ആ ഉണ്ടെന്നു പറയുന്ന കടം എല്ലാം തീര്ത്തിട്ടു ബാക്കി ചിന്തിച്ചാ മതിന്നു. അല്ലാതെ എളുപ്പ വഴിയില് എല്ലാം നടക്കാന് എന്തും ചെയ്യാന് തയ്യാറാകുക, എന്നിട്ട് ഒരു സഹായഭ്യര്ത്ഥന. അതും ഈ ലോകത്തൊന്നും അല്ല ജീവിക്കുന്നെ എന്ന മട്ടില്. ഈ നാട്ടില് parttime ഹൌസ് മൈഡും babysitterum ഒക്കെ ആയി ജോലി ചെയ്തു കുടുംബം പുലര്ത്തുന്ന സ്ത്രികളെ ആദ്യം ഒന്നു കണ്ടു പഠിക്കാന് പറ.

R. said...

ഇവിടെ മാന്യതയുടെ ചോദ്യമില്ല. നിലപാടുകളേയുള്ളൂ.

നിങ്ങളുടെ നിലപാടായിരുന്നു ശരിയെന്ന് ഞാന്‍ വിശ്വസിക്കുന്നു.

കാവലാന്‍ said...

ഹൊ കശ്മലി ഫീകരി പ്രിയ പറഞ്ഞതുകേട്ടോ? കഷ്ടപ്പെട്ടു കാശുണ്ടാക്കാന്‍!!!! അതും നിരാലംബയും, അപലയും, ചപലയും, ചമ്മലക്കാളിയുമായ ഒരു പാവം സ്ത്രീയോട്.തുണിയഴിക്കാന്‍ വേണ്ടി ഗതികേടിന്റെ പടിവാതില്‍ക്കല്‍ കാവല്‍ കിടക്കുന്ന പെണ്ണുങ്ങളുള്ളിടത്ത് ഇവരൊക്കെയിങ്ങനെ പറഞ്ഞാല്‍ എന്തുചെയ്യും?
'ജ്വാലാമുഖി' പോലെ ഒരു 'നൈഫാ'മുഖിയുണ്ടാക്കി അവരെ അതിന്റെ സെക്രട്ടറിയാക്കാം."പശുവിന്റെ കടിയും,ഈച്ചയുടെ വിശപ്പും ഒരുമിച്ചു മാറുമല്ലോ".

പപ്പൂസ് said...

വൃദ്ധനെ വ്യഭിചാരിയെന്നു വിളിച്ചതു പോട്ടെ, അദ്ദേഹം ആ പെണ്ണിനു കൊടുത്ത ചില്ലറസഹായം വരെ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. നന്മയോ നിലപാടോ പരോപകാരമോ അല്ല, ദുര്‍ഗ്രാഹ്യമായ ചില നിവൃത്തികേടുകളില്‍പ്പെട്ട ആള്‍ക്കൊരു കൈസഹായം നല്‍കിയാല്‍ പൊഴിഞ്ഞു പോയേക്കാവുന്ന മാന്യതയെന്ന മൂടുപടം ആണിന്‍റെയും പെണ്ണിന്‍റെയും വ്യക്തിത്വത്തിനു ചാര്‍ത്തിക്കൊടുത്ത സമൂഹത്തെ പറഞ്ഞാല്‍ മതി! മാന്യതയത്രേ!! (കാര്‍ക്കിക്കുന്നു, പോസ്റ്റിനോ ആന്‍റണിക്കോ നേരെയല്ല, നമ്മുടെ മുന്‍വിധികള്‍ക്കു നേരെ)

ആ വയസ്സന്‍റെ പേരു പറയില്ലെന്നു രണ്ടു തവണ അവള്‍ തറപ്പിച്ചു പറഞ്ഞിരുന്നെങ്കില്‍ കൊടുത്തേനെ, ആരുടെയെങ്കിലും നമ്പര്‍, അല്ലേ?

പ്രിയേ, ചില്ലീക്കൂടെ നോക്കുമ്പോള്‍ അവനവന്‍റെ വീട്ടിലെ ഹൌസ് മെയിഡിനെയും ബേബി സിറ്ററെയുമൊക്കെയേ കാണാനൊക്കൂ. കല്ലു വെട്ടുന്നവളേയും ചുമക്കുന്നവളേയും, എല്ലാം കഴിഞ്ഞിട്ടും വൈകിട്ട് മലര്‍ന്നു കിടക്കുന്നവളേയുമൊന്നും കാണാനാവില്ല. അന്നത്തെയന്നത്തിനന്യന്‍റെ ഭാണ്ഡങ്ങള്‍ ’തന്ത്ര’ത്തിലൊപ്പിച്ചെടുക്കുന്ന വിദ്യ വിദ്യാഭ്യാസികള്‍ക്കല്ലേ അറിയൂ!

പ്രിയ said...

അതെയോ പപ്പുസ്? മാസം രണ്ടു രണ്ടരലക്ഷം വരുമാനം ഉണ്ടാക്കണം അവള്ക്ക്. അതിനെ നമ്മള് nivrathikedannano പേരു പറയേണ്ടത്? ചില്ല് കൂടെന്നു പറഞ്ഞു തള്ളാം കാരണം ആ ചില്ലില് അല്ലാതെ ഞാന് ആരെയും കണ്ടിട്ടില്ല. ആകപ്പാടെ ഈ വേശ്യ എന്ന് പറഞ്ഞതിനെ അടുത്ത് കണ്ടത് കിഷില് വിസ changinu നാല് വര്ഷം മുന്പ് പോയപ്പോള. രാത്രി ഒരേ മുറിയില് ഉറങ്ങിയിരുന്ന മൂന്നെന്ന്തിനെ രാത്രി 1 മണിക്ക് നോക്കിപ്പോ കാണാനില്ല . അവള് മാര് അന്ന് രാവിലെയ അവിടെ വന്നെ. ഈ പറഞ്ഞതിനെയൊക്കെ പൂവിട്ടാണോ പൂജിക്കണ്ടേ. നിവൃതികെടെന്നത് ഒരു സില്ലി excuse ആണ് സുഹൃത്തേ . അച്ഛന് വാങ്ങി കൂടിയ കടം വീടിത്തെര്ക്കാന് പെടാപാട് പെടുന്ന ആണ്മക്കള് ഇല്ലേ? അവര് എന്താ വല്ലവനെയും കൊന്നു കാശുണ്ടാക്കണോ? അതോ കൂടികൊടുക്കണോ?

പപ്പൂസ് said...

പ്രിയേ,

ക്വോട്ടുകള്‍-

"അറിഞ്ഞു കൊണ്ടു തന്നെ വന്നതാണ്, പക്ഷേ ഇതില്‍ തുടരാനാവില്ല"

ഇപ്പറഞ്ഞ അറിവ് തൊഴിലിന്‍റെ സാമാന്യസ്വഭാവത്തെപ്പറ്റി മാത്രം. പ്രതീക്ഷകളെന്തൊക്കെയായിരുന്നെന്ന് പറയാനൊക്കില്ലെങ്കിലും. അപ്പുറത്തേക്കെന്തൊക്കെ നടക്കുന്നുണ്ടെന്ന് മനസ്സിലായപ്പോളായിരിക്കണം പെണ്ണ് പിന്‍വാങ്ങാനുള്ള സന്നദ്ധത കാണിച്ചത്!

"കെട്ടിച്ചു വിട്ട വകയിലും മറ്റുമായി പത്തുമുപ്പതു ലക്ഷം രൂപ കടമുണ്ട്"

നിവൃത്തികേടല്ലെങ്കില്‍ എന്താണിത്? പത്തു ശതമാനം പലിശ കൂട്ടിയാല്‍ കൊല്ലം മൂന്നു ലക്ഷം രൂപ പലിശ! ഇരുപതിനായിരം രൂപ വച്ചടക്കാന്‍ തുടങ്ങിയാല്‍ രണ്ടര ലക്ഷം തിരിച്ചടക്കുമ്പോളേക്കും പലിശ മൂന്നു ലക്ഷം കൂടിയിരിക്കും. എന്നു വച്ചാല്‍ കൊല്ലം കൊല്ലം അര ലക്ഷം രൂപ കടത്തിലേക്കു കൂടിച്ചേരുമെന്നല്ലാതെ, കുറയില്ല. കല്യാണം ഇത്ര തുക ചിലവാക്കി എന്തിന്, എങ്ങനെ ഏതു രീതിയില്‍ നടത്തിയെന്നെനിക്കുമറിയില്ല. സ്ത്രീധനമോ മറ്റോ ആണെങ്കില്‍ അവളും അവളുടച്ഛനുമടക്കം എല്ലാരെയും കുറ്റം പറയും ഞാന്‍. എന്തായാലും അള്‍ട്ടിമേറ്റ്‍ലി, ഫാക്‍റ്റ് ഈസ് കടം.

"ഡൈവോഴ്സായി, കുട്ടികളില്ല"

ഭര്‍ത്താവടക്കില്ലല്ലോ ഇനിയീ തുക? സ്ത്രീധനമായി കൊടുത്ത തുക തിരികെ കിട്ടുമോ, സ്വപ്നിക്കാം? അമ്മ വീട്ടിക്കോട്ടേന്നു കരുതി ഇട്ടേച്ചു പോകാനൊക്കുമോ?

നിവൃത്തികേടെന്നേ ഞാന്‍ വിളിക്കൂ, എന്നോടു ക്ഷമിക്കൂ...

പാവം ആണ്മക്കള്‍!!! അവര്‍ക്കിതിനും യോഗമില്ലല്ലോ! എന്നാലും എവിടേലും ചെന്ന് എന്തൊക്കെ ജോലി ചെയ്താലും വഴിവക്കീ വച്ച് ആരും ബലാത്സംഗം ചെയ്ത് കൊല്ലുകയോ, ശാരീരിക ബലഹീനത കണ്ട് പിടിച്ചു പറിക്കുകയോ, നാട്ടാരുടെ മുന്നില്‍ വേശ്യനെന്നു വിളിച്ച് മാനം (അതെന്താണാവോ) കെടുത്തുകയോ ചെയ്യില്ല. പോണ വഴിക്കു മുഴുവന്‍ കുത്തിക്കേറുന്ന നോട്ടമോ ചങ്കീക്കേറുന്ന കമന്‍റോ തോണ്ടലോ പിടുത്തമോ, അതിനിടേലാരുടെയെങ്കിലും സമ്മാനം കിട്ടിയ കൊച്ചിനെക്കൂടി പോറ്റുകയെന്ന ഗതികേടോ ഒന്നും നേരിടേണ്ടി വരില്ല. അവരെങ്ങനെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ ചെയ്തു കൂട്ടിക്കോളും. വേശ്യാവൃത്തി (ഞാനീ വാക്കുപയോഗിക്കുന്നത് ഒരിക്കലും നീചമായ അര്‍ത്ഥത്തിലല്ല) നെറ്റ്‍വര്‍ക്ക് ബലം കൊണ്ടെങ്കിലും പെണ്ണിനല്പം സുരക്ഷിതത്വം കൊടുക്കുന്നുണ്ട്.

പിന്നെ, കൂടെക്കിടന്ന പെണ്‍കിടാങ്ങള്‍ ശാരീരികാവശ്യത്തിനാണ് പോയതെങ്കില്‍ ഞാന്‍ പൂജിക്കുകയുമില്ല, കുറ്റം പറയുകയുമില്ല. ആ ആവശ്യം പ്രാകൃതമാണ് - പ്രകൃതിപരം എന്ന അര്‍ത്ഥത്തില്‍ - മാനുഷികം മാത്രമല്ല. മറിച്ച്, കാശിനാണെങ്കില്‍ ചാടിക്കേറി കുറ്റം പറയില്ല. സാഹചര്യം കണക്കിലെടുത്ത്, കണക്കു കൂട്ടിക്കിഴിച്ച് അഭിപ്രായം പറയും.

ശാരീരികാവശ്യത്തിനോ ജീവിക്കാനോ വേണ്ടിയല്ലാതെ, കാറില്‍ക്കറങ്ങുക, ഫാഷനുടുപ്പു തയ്പിക്കുക, സ്റ്റാര്‍ ഹോട്ടലില്‍ക്കേറി ഭക്ഷണം കഴിക്കുക തുടങ്ങിയ ലക്ഷ്വറികള്‍ക്കു വേണ്ടി പോകുന്നവളുമ്മാരുണ്ട്, ഞാന്‍ കണ്ടിട്ടുള്ളവര്‍ തന്നെ. എനിക്കു പുച്ഛമാണ്, വെറുപ്പാണവരോട്.

പപ്പൂസ് said...

ഒരു അഡീഷന്‍ - കഥയെ കീറിമുറിച്ചാല്‍ രണ്ടര മൂന്നു ലക്ഷം വീട്ടിലേക്കയക്കുന്നുണ്ടെന്നല്ലാതെ അതു തന്നെ കിട്ടണമെന്ന് അവളും പറഞ്ഞിട്ടില്ല. ഇരുപതിനായിരം പോരെന്നല്ലാതെ!

മറ്റുള്ളവരുടെ നമ്പര്‍ കിട്ടിയാല്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? എനിക്കുമറിയില്ല. നമ്മളെയൊക്കെ സോഷ്യല്‍ ആനിമല്‍സ് എന്നു വിളിക്കുന്നത് മാന്യതയുടെ പേരില്‍ മാത്രമല്ലല്ലോ, എന്തെങ്കിലുമൊക്കെ ചെയ്യാംന്നേ.

കടവന്‍ said...

ആന്റണി തന്നെയാ മാന്യന് എന്താ സംശയം?
Also..welldone priya welldone correct answers...to anony and pappus

സജീവ് കടവനാട് said...

എന്തര് ഇത്? അനോണിച്ചേട്ടന്‍ ലൈന് മാറ്യാ... ദാ പപ്പൂസൊക്കെ ആകെ ചൂടില്.

വേശ്യാവൃത്തി ചെയ്ത് കടം വീട്ടുന്നത് ഏത് സാഹചര്യത്തിലായിരുന്നാലും മാന്യതയാണെന്ന് പറയാനൊക്കത്തില്ല. അതിലും നല്ലത് തെരുവിലേക്കിറങ്ങുന്നതാണെന്ന് എന്റെ പക്ഷം.

Anonymous said...
This comment has been removed by the author.
ശ്രീവല്ലഭന്‍. said...

"മാന്യന്‍ ചമയാനായി ഞാന്‍ കൊടുത്തില്ല, കൊടുക്കാന്‍ സന്മനസ്സു കാട്ടിയ ആ വ്യഭിചാരിക്കിഴവന്‍ തന്നെയാണോ അപ്പോള്‍ എന്നെക്കാള്‍ നല്ലവന്‍? "

മറ്റൊരാളുടെ ഫോണ്‍ നമ്പര്‍ വ്യഭിചാരി എന്നല്ല ആര് ചോദിച്ചാലും അത്രയ്ക്ക് വിശ്വാസമില്ലെങ്കില്‍ കൊടുക്കരുത്. അതില്‍ മാന്യത കാണുന്നത് പപ്പൂസ് പറയുന്നതു പോലെ നമ്മുടെ മുന്‍വിധികള്‍ കൊണ്ടു തന്നെ ആണ്.

ചോദ്യം 'എന്നെക്കാള്‍ നല്ലവന്‍' എന്നാണ്. മാന്യന്‍ എന്നല്ലല്ലോ. തെറ്റും ശരിയും ആപേക്ഷികം ആണ്. ഇന്നത്തെ തെറ്റ് നാളത്തെ ശരി ആയിക്കുടെന്നില്ല.

ദിലീപ് വിശ്വനാഥ് said...

അവിടെ ആന്റോയ്ക്ക് അതില്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യാനുണ്ടെന്ന് തോന്നുന്നില്ല. അവിടെ അങ്ങനെ പെട്ടു പോയതില്‍ ആ കുട്ടിക്ക് വലിയ മനസ്താപം ഒന്നും കാണുന്നില്ല. പിന്നെ, നാലുപേരോട് പറയാന്‍ കൊള്ളാവുന്ന ഒരു ജോലി വേണം, പക്ഷേ ആ കുട്ടിയുടെ പഠിപ്പിനും പരിചയത്തിനും മുകളില്‍ കിട്ടുന്ന ശമ്പളവും വേണം.

ആന്റോ ചെയ്തത് തന്നെയാണ് ശരി. ആ കിളവന്‍ ചെയ്തത് തെറ്റ് എന്ന് പറയുന്നില്ല. പലരും പലതരത്തിലല്ലേ ചിന്തിക്കുന്നത്.

പ്രിയയുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.

ഹരിത് said...

ഇവിടെ മാന്യന്‍ നിങ്ങള്‍ രണ്ടും അല്ല. ഒറിജിനല്‍ മാന്യന്‍ പപ്പൂസാ. സീരിയസായി നാലു വര്‍ത്തമാനം പറഞ്ഞില്ലേ അതും നല്ല പച്ചക്കു! വിഷയത്തിന്റെ ഗൌരവം കുറച്ഛു കാണുന്നതല്ല. ഒരു സമയത്തു നമ്മള്‍ കണ്ടു പിടിച്ചു അവതരിപ്പിക്കുന്ന ന്യായങ്ങള്‍ ആ സമയത്തെ സിറ്റുവേഷനനുസരിച്ചു, നമ്മുടെ ഭാഗം ശരിയാണെന്നു ഫലിപ്പിക്കാനാണെന്നാണു സാധാരണ കാണുന്നതു. അപ്പപ്പോള്‍ പറയുന്നതു ഒരു യൂണിവേഴ്സല്‍ സത്യമോ , ദര്‍ശനമോ ഒന്നും ആകാണമെന്നും നിര്‍ബന്ധം ഇല്ല.
ഇവിടെ അതൊന്നും ആകണം എന്നും ഇല്ല.ഇവളുടെ ഭര്‍ത്താവു തന്റെ ഒരു പഴയ ഒരു ക്ലാസ്സ്മേറ്റിനോടു പറയുന്നതു അയാളുടെ കദനകഥയും ആകാന്‍ ഒരു 10% ചാന്‍സെങ്കിലും ഉണ്ടാവില്ലേ?
എല്ലാറ്റിലും ശരിനും തെറ്റും ഉണ്ടാവില്ല. കുറച്ചു ഭാഗങ്ങള്‍ ബ്ലാക്കും വൈറ്റും അല്ലാതെ ഗ്രേ കളറും ആകാം.

പപ്പൂസ് said...

ഹ ഹ ഹ! കിനാവേ, എന്നെ ചൂടനെന്നു വിളിച്ചല്ലോ! ചില സോഷ്യല്‍ സെറ്റപ്പുകളൊക്കെ കാണുമ്പോള്‍ ദേഷ്യം വന്നു പോണതാണ്. ഞാനുള്‍പ്പെടുന്ന ഈ സെറ്റപ്പിനോട്! :)

നേരത്തെ എന്തൊക്കെയോ വിളിച്ചു പറഞ്ഞപ്പോള്‍ ശ്രീവല്ലഭന്‍ചേട്ടന്‍ പറഞ്ഞ ’വിശ്വാസ്യത" എന്ന ഘടകത്തെപ്പറ്റി ചിന്തിച്ചില്ല. ചിന്തിക്കേണ്ടിയിരിക്കുന്നു (ചിന്തിക്കുന്നു). നന്ദി! :)

"മാന്യത = Instincts-ന് അനുസരിച്ച് മനുഷ്യന്‍ പ്രതികരിക്കാതിരിക്കുന്നത് മാന്യതയെ നിര്‍വചിക്കാനെളുപ്പത്തിന് സമൂഹം തരംതിരിച്ചിട്ടിരിക്കുന്ന കുറേ ശരികളും തെറ്റുകളും മനസ്സില്‍ക്കിടന്ന് വിലക്കുന്നതു കൊണ്ടാണ്. Instincts സ്വാഭാവികമാണ്, നാച്വറലാണ്. അതിനെ മറച്ചു വക്കുന്നത് സ്വാഭാവികതയെ മറച്ചു പിടിക്കലാണ്, കപടമാണ്. മാന്യത കാപട്യമാണ്. മാന്യത, ത്ഫൂ..."

തൊട്ടുമുകളിലത്തെ പാരഗ്രാഫ് എന്‍റെ, സ്വാധീനമില്ലാത്ത (സ്വാധീനമില്ലാത്തത് വികലമായതു കൊണ്ട് വികലമെന്നും വിളിക്കാം) ചിന്ത മാത്രം.

Inji Pennu said...

ഞാനീ പോസ്റ്റ് വായിച്ച് ആകെ വിഷമിച്ച് ഇരിക്കുമ്പോഴാണ് കമന്റ് വായിക്കാന്ന് കരുതിയത്. അത് നന്നായി..അല്ലെങ്കില്‍ പപ്പൂസിന്റെ ഈ കമന്റ് കാണില്ലായിരുന്നു.
വേശ്യാവൃത്തി (ഞാനീ വാക്കുപയോഗിക്കുന്നത് ഒരിക്കലും നീചമായ അര്‍ത്ഥത്തിലല്ല) നെറ്റ്‍വര്‍ക്ക് ബലം കൊണ്ടെങ്കിലും പെണ്ണിനല്പം സുരക്ഷിതത്വം കൊടുക്കുന്നുണ്ട്. ഹഹഹ..കൊറേ ചിരിച്ചു. താങ്കസ്. എന്താ സ്റ്റേറ്റമെന്റ്. വേശ്യകളേ, അറിഞ്ഞില്ലേ നിങ്ങള്‍ സുരക്ഷിതരാകുന്നു!

പാവപ്പെട്ട സ്ത്രീ -> വേശ്യ . ഇതല്ലാണ്ട് പാവപ്പെട്ട സ്ത്രീകള്‍ ഒന്നും ഈ ലോകത്ത് ജീവിക്കുന്നില്ലാത്തപോലെ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കേരളത്തിലെ കപടസദാചാരം ആഗോളവത്കരിക്കപ്പെടുന്നു...അല്ലാതെന്തു പറയാന്‍???

Haree said...

ഒരു സംശയം ചോദിച്ചൊട്ടേ... ആ വയസായ ആള് അവിടെ ചെന്ന് കാര്യം സാധിച്ചു എന്ന് എങ്ങിനെയാണ് മനസിലായത്?
ഇവിടെ വന്നിരുന്നു... എന്നേ പറഞ്ഞിട്ടുള്ളൂ. ആന്റണിയും അതു തന്നെയല്ലേ ചെയ്തത്. അവിടെ ചെന്നു. എന്നിട്ട് ഫോണ്‍ വിളിച്ചു. അതുതന്നെയായിക്കൂടേ ആ വയസായ ആളും ചെയ്തിരിക്കുക? അയാള്‍ പക്ഷെ, ആന്റണിയുടെ ഫോണ്‍ നമ്പര്‍ നല്‍കി, അത്രമാത്രം. അങ്ങിനെയായിക്കൂടേ? (അങ്ങിനെയാവണമെന്നില്ല, പക്ഷെ, അങ്ങിനെയുമാവാം എന്നു പറഞ്ഞുവെന്നുമാത്രം.)

വയസ് പത്തറുപതായി, മൂന്നു പെണ്മക്കളെ കെട്ടിച്ചുവിട്ടു - അതൊക്കെക്കൊണ്ട് വേശ്യയുടെ സമീപം പൊയ്ക്കൂടെന്നുണ്ടോ? പങ്കാളിയോട് വിശ്വാസ്യത കാട്ടുക, രതി ശരീരത്തിന്റെ മാത്രം പക്രിയയായി കാണാതിരിക്കുക... ഇതൊക്കെ ഏതു പ്രായത്തിലും ബാധകമാണ്, അല്ലേ?

ഇത്രയുമെഴുതിയതില്‍ നിന്നും ആരും മാന്യനാണെന്നോ അല്ലെന്നോ, നല്ലവനാണെന്നോ അല്ലെന്നോ പറയുവാനൊക്കുകയില്ല.
--

പ്രിയംവദ-priyamvada said...

.. .വല്ലചതിയിലും പെട്ടു ഈ തൊഴില്‍ ചെയ്യേണ്ടിവരികയും അതില്‍ നിന്നും രക്ഷപെടാന്‍ മാര്‍ഗം തേടുകയാണെങ്കില്‍ തീര്‍ച്ചയായും ആന്റൊ സഹായിക്കണമായിരുന്നു...എളുപ്പം പണം സമ്പാദിക്കാന്‍ ഈ വഴി തെരെഞ്ഞെടുത്തവരോടു സഹതപിക്കേണ്ട കാര്യമില്ല ,മറിച്ചു കഷ്ടപ്പെട്ടു ജോലി ചെയ്തു കുടുംബം നോക്കുന്ന സ്ത്രീകളോടു നമ്മള്‍ ബഹുമാനം പുലര്‍ത്തുകയും വേണം ..

അരവിന്ദ് :: aravind said...

നിങ്ങളെന്താണ് കൂട്ടരേ ഈ പോസ്റ്റിന്റെ യഥാര്‍‌ത്ഥ സന്ദേശം മനസ്സിലാക്കാത്തത്?
വേശ്യാവൃത്തി/മാന്യത ചര്‍ച്ചയില്‍ ഇത് മുങ്ങിപ്പോകുന്നു.

ഒന്ന്: ഇറാനികള്‍ മുക്കിലും മൂലയിലും ചായക്കട തുടങ്ങുന്നു. ഇനി മലയാളി എന്ത് ചെയ്യും? മലയാളികളുടെ ചായക്കട മാര്‍ക്കെറ്റ് ഷെയറിന് വന്‍ ഇടിവ് തട്ടാന്‍ സാധ്യതയുണ്ട്. ജാഗ്രതൈ.
രണ്ട്: ഏതു പ്രൊഡക്റ്റ് എടുത്താലും അത് മേഡ് ഇന്‍ ചൈന എന്നായിരിക്കുന്നു! ഹിന്ദുസ്താന്‍ ലാറ്റെക്സിന്റെ നാട്ടുകാര്‍ പോലും ചൈനീസ് പ്രൊഡക്റ്റ് ഉപയോഗിക്കുന്നു!! ലജ്ജാവഹം! ഇതിനെതിരെ ലാറ്റക്സ് മാനേജ്മെന്റിന് എന്ത് ചെയ്യാന്‍ കഴിയും?

ഇനി അപ്രധാനമായ മാന്യതപ്രശ്നത്തിലേക്ക് : ആന്റണിച്ചായന്‍ ശുദ്ധനാണ്. ആ ഫോണ്‍ വിളി കേട്ട് സഹായിക്കാന്‍ ആ കെട്ടിടത്തില്‍ കയറിയിരുന്നെങ്കില്‍ ഒരു പക്ഷേ വലിയൊരു ചതിക്ക് ഇരയാകുമായിരുന്നു എന്ന് ഞാന്‍ കരുതുന്നു. അച്ചായന്‍ മാന്യനും ബുദ്ധിമാനും ആകുന്നു.സംശയം വേണ്ട.

പപ്പൂസ് said...

ഇഞ്ചിപ്പെണ്ണേ, ക്ഷമിക്കു പെങ്ങളേ. പെട്ടെന്നൊരാവേശത്തില്, നേരില്‍ക്കണ്ടിട്ടുള്ള രണ്ടു തരക്കാരെപ്പറ്റി മാത്രം ആലോചിച്ചപ്പോ പറഞ്ഞു പോയതാണ്. നെറ്റ് വര്‍ക്ക് ബലവും മറ്റും കാരണം ഈ രണ്ടു കൂട്ടരേയും അല്പം പേടിയോടെയാണ് പയ്യന്മാര്‍ അപ്രോച്ച് ചെയ്തു കണ്ടിട്ടുള്ളത്.

മറ്റു തരക്കാരെപ്പറ്റിയോ, ഇത്തരക്കാരുടെ തന്നെ മറ്റ് അരക്ഷിതാവസ്ഥയെപ്പറ്റിയോ അപ്പോള്‍ ഓര്‍ത്തില്ല. സോറി... ഇനി ശ്രദ്ധിക്കാം (എവടെ, രണ്ടെണ്ണം വിട്ട് ആവേശം കൂടുമ്പോള്‍ ഇനിയുമെന്തെങ്കിലുമൊക്കെ വിളിച്ചു പറയും, അതു രക്തത്തിലലിഞ്ഞു പോയി! :( ) ചിരിച്ചു തള്ളിയതിനു നന്ദി! :)

ഈ തൊഴിലിലേക്കു വരുന്നതു കഷ്ടപ്പാടു കൊണ്ടും നിവൃത്തികേടു കൊണ്ടും അല്ലെന്നും എളുപ്പവഴി നോക്കുന്നതൊകൊണ്ടാണെന്നുമൊക്കെ പറയുന്നവര്‍ ഇതും കൂടിയൊന്നു വായിക്കണം. ഒപ്പം സദയം എന്ന മലയാളം സിനിമ കഴിയുമെങ്കില്‍ ഒന്നു കാണുകയും വേണം. നമ്മളവരെയും മനുഷ്യപക്ഷത്തു നിന്നു നോക്കിക്കാണേണ്ടേ?

എന്‍റാന്‍റണീ, ഞാന്‍ തളര്‍ന്നു. ഒന്നു വീശിയേച്ചു വരാം! ;)

ശ്രീവല്ലഭന്‍. said...

ഇതു ആന്റണി എഴുതിയ കഥയായതിനാല്‍ കഥയില്‍ ചോദ്യം ഇല്ല!

ഇതും{ http://apnsw.org/r/qasw1eng.pdf } കു‌ടി വായിക്കുന്നത് നല്ലതായിരിക്കും (സമയം ഉണ്ടെങ്കില്‍)!

ഓ.ടോ: പപ്പൂസ്, ഓസിയാര്‍ എന്താണെന്ന് ഈയിടെയാണ് മനസ്സിലായത്. മദ്യവിഷയത്തില്‍ വലിയ കമ്പമില്ലത്തതിനാല്‍! (മറ്റൊരു മാന്യന്‍- അയ്യപ്പ ബൈജു സ്റ്റൈലില്‍ പറഞ്ഞതാണേ)

ശ്രീവല്ലഭന്‍. said...

മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്ക് വായിച്ച് നോക്കിയാല്‍ 'വേശ്യകള്‍' തന്നെ പല സംശയങ്ങള്‍ തീര്‍ത്തു കൊടുക്കും- പലര്‍ക്കും. എന്നാലും സംശയം ബാക്കി നില്ക്കും. കാരണം ഇതിനൊന്നും അത്ര പെട്ടന്ന് ഒരു കമന്റിലൂടെ മറുപടി കൊടുക്കാനോ, പരിഹാരം കാണാനോ പറ്റുന്ന ലളിതമായ കാര്യങ്ങള്‍ അല്ല. ഇതിനര്‍ത്ഥം അവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എല്ലാം ഞാന്‍ അംഗീകരിക്കുന്നുവെന്നൊ, അതെല്ലാം ശരിയാണെന്നോ അല്ല. ശരി, തെറ്റ് എന്നിവ ആപേക്ഷികം എന്ന് സു‌ചിപ്പിച്ചത് അത് കൊണ്ടാണ്. നമ്മുടെ തെറ്റ് മറ്റൊരാളിന്റെ ശരിയും, അവരുടെ ശരി നമ്മുടെ തെറ്റും ആകാം. ......ഇതിനൊക്കെ ഇടയിലുള്ള സര്‍ക്കസ് ജീവിതവും!

Inji Pennu said...

പപ്പൂസേ, സിനിമയൊന്നും കാണണ്ട. 90% സ്ത്രീകളും അറിയാതെ പെട്ടു പോകുന്ന ഒരു വലയണീ വേശ്യാവൃത്തി. അതറിയാഞ്ഞിട്ടല്ല. പക്ഷെ പാവപ്പെട്ട സ്ത്രീകള്‍ക്ക് വേറെ മാര്‍ഗ്ഗമില്ലാത്തത്കൊണ്ട് വേശ്യാവൃത്തി ചെയ്യുന്നു എന്നുള്ളത് മാന്യമായി ജോലി ചെയ്ത് ഉടുമുണ്ട് മുറുക്കിയുടുക്കുന്ന ഒരുപാട് സ്ത്രീകളെ അവഹേളിക്കലാണ്. പാവപ്പെട്ടവരാവണെമെന്നൊന്നുമില്ല വേശ്യാവൃത്തിയില്‍ അകപ്പെടാനും.

അപ്പു ആദ്യാക്ഷരി said...

അനോനീ, വായിച്ചു..
ഒരു മാസം മൂന്നുലക്ഷം രൂപയുണ്ടാക്കുനുള്ള മറ്റൊരു ജോലി എന്നൊക്കെ പറയുമ്പോള്‍, .. എന്തോ ആ സ്ത്രീ എന്താണീ ചോദിച്ചതെന്ന് അവര്‍ക്കുതന്നെ അറിയില്ല എന്നു തോന്നുന്നു.

അനോനിയുടെ നിലപാടു ശരിയായിരുന്നു എന്നു തോന്നി.