Monday, February 18, 2008

സര്‍പ്പിളം

തിരുവനന്തപുരം : മര്‍മ്മാണി മണി എന്നറിയപ്പെടുന്ന പുത്തഞ്ചിറയ്ക്കല്‍ മണികണ്ഠനെ (36) കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. നിരവധി കേസുകളില്‍ പ്രതിയായ മര്‍മ്മാണി മണി കൊല്ലപ്പെടാന്‍ കാരണം പെണ്‍‌വാണിഭസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന് കരുതപ്പെടുന്നു. തിരുവനന്തപുരം നഗരത്തില്‍ അധോലോകസംഘങ്ങള്‍ തമ്മിലുള്ള...  ബസ്റ്റ് സൈസിലാണ്‌ ശവത്തിന്റെ ഫോട്ടോ, അത്രയുംഭാഗത്ത് തന്നെ  നിരവധി വെട്ടുകുത്തു പാടുകള്‍ കാണാനുണ്ട്.

ആഗ്നസ് പത്രം മടക്കി വച്ചു. മര്‍മ്മാണി മണിയെ തനിക്കറിയുമെന്ന്  ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഇനിയെന്തു പറയാന്‍.


ആറുമണിക്ക് തിരുവനന്തപുരം, ഏഴു മണിക്കു മുന്നേ വീട്ടിലും എന്ന കണക്കു കൂട്ടലിലാണ്‌ എറണാകുളത്തു നിന്നും നിന്നും തിരുവനന്തപുരം എയര്‍പ്പോര്‍ട്ട് സൂപ്പര്‍ ഫാസ്റ്റില്‍ കയറിയത്.  ആലപ്പുഴയിലെ സി പി എം സമ്മേളനം ചേര്‍ത്തല മുതല്‍ കായംകുളം വരെ ഗതാഗതം  മണിക്കൂറുകളോളം സ്തംഭിപ്പിച്ചു കളയുമെന്ന് എങ്ങനെ മുന്‍‌കൂട്ടി അറിയാന്‍.  മുടുക്കില്‍ ബസ്സിറങ്ങുമ്പോള്‍ രാത്രി ഒന്നര.

ഒരാട്ടോറിക്ഷയും ഡ്രൈവറും ജംക്ഷനില്‍ ഉറങ്ങി കിടപ്പുണ്ട്.
"ജോസിന്റെ വണ്ടിയില്ലേ?"
"അവങ്ങ് പത്തു മണിക്ക് വീട്ടിപ്പെയ്." ഡ്രൈവര്‍ അവളെ സൂക്ഷിച്ചു നോക്കി. "എവിടന്ന് വരണത്?"
"ഞാന്‍ ജോസിന്റെ അടുത്ത വീട്ടിലേതാണ്‌, എറണാകുളത്ത് ജോലി ചെയ്യുന്നു. വരുന്ന വഴി ബസ് ജാഥയ്ക്കിടയില്‍ പെട്ട് ഒരുപാട് ലേറ്റ് ആയി."
"എന്തരാണു ജ്വാലി?" അയാള്‍ വീണ്ടും അടിമുടി നോക്കുകയാണ്‌.
"കോളേജ് ലക്‌ചറര്‍. "
"ഫ്വാണ്‍ ചെയ്ത് വീട്ടി പറഞ്ഞെങ്കി ആരെങ്കിലും വന്ന് ഇവിടെ നിക്കൂല്ലാരുന്നോ?"
"ഇടയ്ക്ക് ബസ്സില്‍ നിന്ന് ഇറങ്ങാന്‍ പറ്റിയില്ല."
"ഇഞ്ഞീപ്പം... ഞാങ്ങ് വീട്ടി കൊണ്ട് വിട്ടാ മതിയെങ്കി ക്യാറിക്കോ."

മറ്റു മാര്‍ഗ്ഗമൊന്നുമില്ല. ഒരു വീട്ടിലും വെളിച്ചം പോലും കത്തി കാണുന്നില്ല.

ഓട്ടോ സ്റ്റാര്‍ട്ട് ചെയ്തതിനൊപ്പം അയാളൊരു സിഗററ്റും കത്തിച്ചു.
"ഒരേ ഒറക്കം."
അവളൊന്നും മിണ്ടിയില്ല.

"വീട്ടി ആര്‌ ഒള്ളത്?"
"അപ്പനും അമ്മയും."

ഒരു വീടുപോലുമില്ലാത്ത ഇടവഴിയില്‍ വണ്ടി പെട്ടെന്ന് നിന്നു.
"ന്തരിന്‌ ചുമ്മ കത്തണത്? വണ്ടിയൊന്ന് ഓഫായതല്ലീ"
താന്‍ നിലവിളിച്ചെന്ന് ആഗ്നസ് അപ്പോഴേ അറിഞ്ഞുള്ളു.

ഓട്ടോ വീണ്ടും ഓടി തുടങ്ങി.
"പ്യാടികള്‌ വേണ്ട. വീട്ടി തന്നെ കൊണ്ട് വിടാമെന്ന് ഞാനല്ലീ പറഞ്ഞത് പ്രിന്‍സിപ്പലേ."
"ഇഞ്ഞി വെരുമ്പ ട്രെയിനി വന്നാ മതി. ലതാവുമ്പ സ്റ്റേഷനീന്ന് ഫോണ്‍ വിളിച്ച് വീട്ടിപ്പറയാവല്ല്."
"പ്രിന്‍സിപ്പല്‌ എര്‍ണാകൊളത്ത് ഹോസ്റ്റലില്‌ ആണോ താമസം?"
"തോനേ ശമ്പളം തിരുവന്തോരത്തെ കോളേജിലാണോ ലവിടാണോ?"
വീട്ടു പടിക്കല്‍  ഇറങ്ങി.
"നാപ്പത്."
"വീട്ടില്‍ കയറൂ, ചായ കുടിച്ച് പോകാം."
"രാത്രി രണ്ടു മണിക്ക് വീട്ടി വിളിച്ച് കാണിക്കാന്‍ പറ്റിയൊരാളല്ല പ്രിന്‍സിപ്പലേ ഞാങ്ങ്." അയാള്‍ ചിരിച്ചു.
"എന്താ പേര്‌?"
"മണികണ്ഠന്‍. മര്‍മ്മാണി മണി എന്നു പറഞ്ഞാ ഇവിടങ്ങളിലൊക്കെ പൊളപ്പങ്ങ് പ്യാരാ, അതുകൊണ്ട് ഞാങ് തന്നെ രാത്രി കൊണ്ടുവിട്ടതെന്ന് ആരോടും പറയണ്ട. യെവനോ അറിയാത്ത ആട്ടോക്കാരനെന്ന് പറഞ്ഞാമതി വീട്ടി."

മര്‍മ്മാണിമണിയെന്ന് ആഗ്നസ്  ധാരാളം കേട്ടിരുന്നു, അതുകൊണ്ട് ആരോടും പറഞ്ഞില്ല.

ശേഷകാലം ആഗ്നസ് "സര്‍പ്പമാകാം ഞാന്‍ വിഷം വമിക്കാമുഗ്രദര്‍പ്പവുമുണ്ടാമെനിക്കു പക്ഷേ, അത്രയ്ക്കുമാത്രം മനസ്വിനിയാണു നീ കൊത്തുകയില്ല ഞാന്‍ നിന്നെമാത്രം" എന്ന ചങ്ങമ്പുഴയുടെ വരികള്‍ വായിക്കുമ്പോഴെല്ലാം  മണിയെ ഓര്‍ത്തിരുന്നു, എങ്കിലും മണിയെ ഓര്‍ക്കാന്‍ വല്ലപ്പോഴും ആ വരികള്‍ അവള്‍ വായിച്ചിരുന്നെന്ന് പറഞ്ഞാല്‍ അതൊരു കള്ളമാവും.

[അപ്പൂ, ക്ഷണത്തിനു നന്ദി. ദുബായില്‍ ബ്ലോഗര്‍മാര്‍ മീറ്റ് ചെയ്യുന്നത് ഞാന്‍ ഒളിച്ചു നിന്ന്‌ കണ്ടോളാം.മുഖമില്ലാതെ എങ്ങനെ ഹാജര്‍ വയ്ക്കാന്‍ കഴിയും?] 

 

6 comments:

വല്യമ്മായി said...

നല്ല കഥ.

അപര്‍ണ്ണ said...

Nice! especially the last paragraph quoting Changampuzha..

നിഷ്ക്ക‌ള‌ങ്ക‌ന്‍|Nishkkalankan said...

കഥയല്ലെന്ന് തോന്നി. ന‌ന്നായിരിയ്ക്കുന്നു.
അണ്ണാ
സൈഡീക്കെടന്ന മെനു എന്നാത്തിനാ അണ്ണാ ല‌വടെ താഴെക്കോണ്ട് ഫിറ്റ് ചെയ്തേ? ഇന്‍ഡക്സ് കാണ‌ണേ താഴെവരെ പോണേ..

പാമരന്‍ said...
This comment has been removed by the author.
പാമരന്‍ said...

"സര്‍പ്പമാകാം ഞാന്‍ വിഷം വമിക്കാമുഗ്രദര്‍പ്പവുമുണ്ടാമെനിക്കു പക്ഷേ, അത്രയ്ക്കുമാത്രം മനസ്വിനിയാണു നീ കൊത്തുകയില്ല ഞാന്‍ നിന്നെമാത്രം"

ഇതിനോടെനിക്കു യോശിപ്പില്ല അനോണിയണ്ണാ.. മാര്‍ക്ക്‌കള്‌ കൊടുക്കേണ്ടത്‌ ലാ മണിയണ്ണനല്ലേ?

Manoj | മനോജ്‌ said...

ഐതിഹ്യമാലയില്‍ കായംകുളം കൊച്ചുണ്ണിയുടെ കഥയില്‍ ഒരു പരദേശബ്രാഹ്മണന് കൊച്ചുണ്ണി escort പോയ കഥപോലെ... അല്ലേ അണ്ണാ.. :)