Sunday, February 10, 2008

പോയവര്‍ വെളിവാക്കി തരുന്നത്.

മുരളീധര്‍  മഹാരാഷ്ട്രയിലെ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ചു. ബാല്യം വിടുന്ന കാലത്തേ തോക്കുകളോട് കമ്പവും നായാട്ടില്‍ ഭ്രമവുമുണ്ടായിരുന്ന അയാള്‍   വാരികകളില്‍ ഇംഗ്ലീഷ് സിനിമകള്‍ക്ക് റിവ്യൂ എഴുതുകയും ചെയ്തിരുന്നു.  ബ്രിട്ടീഷ് ഇന്ത്യയിലെ  അന്തസ്സുറ്റ  തൊഴിലുകളിലൊന്നായ അഭിഭാഷക വൃത്തി സ്വീകരിക്കുകയും അഞ്ഞൂറേക്കറോളം ഭൂമിയുടെ ജന്മിയായി  കാര്ഷികവൃത്തി നടത്തിക്കുകയും ചെയ്തുകൊണ്ട് ചെറുപ്പത്തിലേക്ക് കാലെടുത്തുവച്ച മുരളീധറിന്റെ ശിഷ്ടകാലം അയാള്‍ എങ്ങനെ ജീവിച്ചുവെന്ന് പൂരിപ്പിക്കും നമ്മുടെ കാലത്ത് ജീവിക്കുന്ന ഒരാള്‍ ഈ  ജീവിതകഥയുടെ ബാക്കിഭാഗമെഴുതിയാല്‍?

യാത്രോത്സുകനായിരുന്ന മുരളീധര്‍ യാദൃശ്ചികമായാണ്‌ ഗാന്ധിസേവ്രാഗ്രാമങ്ങളും ടാഗോറിന്റെ ശാന്തിനികേതനും സന്ദര്‍ശിച്ചത്. മടങ്ങിയെത്തിയ അദ്ദേഹം ആകെ മാറിപ്പോയിരുന്നു. "ദൈവം എന്നത് വ്യക്ത്യാധിഷ്ഠിത സങ്കല്പ്പമാണ്‌, എന്റെ ദൈവം സത്യം, സ്നേഹം, മനസ്സാക്ഷി, നിര്‍ഭയത്വം, സദ്ഗുണശീലം എന്നിവയാണെന്ന് തിരിച്ചറിയുന്നു..."  കുടിവെള്ളമെടുക്കാന്‍ സവര്‍ണ്ണരുടെ കിണറുകളുപയോഗിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ ദിവസേബ കുടവുമായി താണ്ടിപ്പോകുന്ന സ്വന്തം ഗ്രാമീണരായ ദളിതരെ  മുരളീധര്‍ ദേവിദാസ് ആംതേ  അന്നേ കണ്ടുള്ളു. അദ്ദേഹം തന്റെ പറമ്പിലെ കിണറുകള്‍ അവര്‍ക്കായി വിട്ടുകൊടുത്തു. സവര്‍ണ്ണരുടെ ഇടയില്‍ അതൊരു കോളിളക്കം തന്നെ സൃഷ്ടിച്ചെങ്കിലും ആംതേ തെല്ലും കുലുങ്ങിയില്ല.  തന്റെ വിവാഹദിനത്തില്‍ ആംതേ സ്വന്തം സ്വത്തുക്കളെല്ലാം രാഷ്ട്രനിര്‍മ്മിതിക്കായി കൈമാറ്റം ചെയ്തു.

ഇനിയങ്ങോട്ട് എഴുതേണ്ട കാര്യമില്ല,  ചെരുപ്പുകുത്തിയായി സ്വന്തം കുടുംബം പുലര്‍ത്തുകയും ചെരുപ്പുകുത്ത് തൊഴിലാളി യൂണിയന്‍ സ്ഥാപിക്കുകയും ചെയ്ത ബാബാ ആംതേയെ, കുഷ്ഠരോഗികളെ ചികിത്സിക്കാന്‍ വൈദ്യവിദ്യാര്‍ത്ഥിയായ ബാബയെ, നാലായിരം കുഷ്ഠരോഗികളെ  പരിചരിച്ച് ആനന്ദവനത്തില്‍ ജീവിതം നയിച്ച ബാബയെ, രോഗികള്‍ക്കും അന്ധര്‍ക്കും മൂകര്‍ക്കും വിദ്യാഭാസത്തിനു സര്വ്വകലാശാല തീര്‍ത്ത ബാബയെ, അദ്ദേഹത്തിലെ സ്വാതന്ത്ര്യസമരസേനാനിയെ, പരിസ്ഥിതിപ്രവര്‍ത്തകനെ, അറിയാത്തവരില്ല.

ബാബയെന്ന ദേവദൂതനെ നിര്‍മ്മിക്കാന്‍ കഴിഞ്ഞതിലാണ്‌ ഗാന്ധിജിയുടെ പ്രസക്തി. ഇന്ത്യയൊട്ടാകെ അനേകം ചെറു ബാബമാരെ, സാധന മാജിമാരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഗാന്ധിയിന്നില്ല, അദ്ദേഹം രാഷ്ട്രത്തിനു നല്‍കിയവരും ഏതാണ്ട് അരങ്ങൊഴിഞ്ഞുകഴിഞ്ഞു. ഇന്നിന്റെ മക്കള്‍ നമ്മള്‍ക്ക് ആ ജീവിതങ്ങള്‍ താത്വികമായി പിഴവുകളുള്ള  പഴയ നേതാക്കളുടെ അതിശയോക്തി കലര്‍ത്തിയ കഥകളായി പുച്ഛിച്ചു തള്ളാന്‍ പ്രയാസമുണ്ടാവുന്നുമില്ല.  എങ്കിലും പലരും കുറിച്ചിട്ട വാക്കുകള്‍ നമ്മോട് ചിലതൊക്കെ ചോദിച്ചുകൊണ്ടേയിരിക്കുന്നു.

"ഞാന്‍ നിര്‍ഭയനത്രേ. ബ്രിട്ടീഷ് പോക്കിരികളില്‍ നിന്നും ഒരു സ്ത്രീയുടെ മാനം രക്ഷിക്കാന്‍ അവരോട് മല്ലയുദ്ധം ചെയ്തതിന്‌ ഗാന്ധിജി എന്നെ 'അഭയസാധകന്‍' എന്ന് വിളിച്ച് അഭിനന്ദിച്ചു. ഗുണ്ടകളെയും വെള്ളക്കാരെയും ഭയക്കാത്ത ഞാനോ തെരുവില്‍ കിടക്കുന്ന, കൈകാല്‍ ‍‌വിരലുകള്‍ അഴുകിയടര്‍ന്നുപോയ, നിരംബരനായ, പുഴുക്കള്‍ നുരയ്ക്കുന്ന ഒരു മനുഷ്യനെ ഭയക്കുന്നത്?" വഴിയിലൊരു കുഷ്ഠരോഗിയക്കണ്ട്  ഭയന്നു പിന്‍‌വലിഞ്ഞ ദിവസം ബാബ എഴുതി. അങ്ങനെ ഒരു രംഗം കണ്ടാല്‍ ഞാനും  ഒരു ബ്ലോഗ് പോസ്റ്റ് ഇട്ടേക്കും. ഒന്നു രണ്ടു  ദിവസം ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആ രംഗം എന്നെ ഭയപ്പെടുത്തും,  മനുഷ്യനെന്ന നിലയില്‍ ഞാനും നല്ലവന്‍ തന്നെയാണ്‌, സാമൂഹ്യസ്നേഹിയുമാണ്‌. പക്ഷേ അതിനുശേഷം ഞാനതു മറന്നു പോകും. എന്റെ ജോലി, വീട്, ഭാര്യ, മകന്‍...

എന്താണങ്ങനെ?  "നിര്‍മ്മാണപ്രവര്‍ത്തനമില്ലാത്തവന്റെ രാഷ്ട്രീയപ്രബുദ്ധത ഷണ്ഡമാണ്‌" ബാബാ ആംതേ പറയുന്നു. " രാഷ്ട്രീയാവബോധമില്ലാത്തവന്റെ നിര്‍മ്മിതീത്വര വന്ധ്യവും."  ഷണ്ഡമായൊരു സാമൂഹ്യാവബോധം  നിരാംലംബനായൊരു സഹജീവിയെ കാണുമ്പോള്‍ എന്നെ നോവിക്കും, കാമം തീര്‍ക്കാന്‍ മോങ്ങുന്ന കഴുതയെപ്പോലെ കുത്തിയിരുന്നു കണ്ണീര്‍ പൊഴിച്ചോ രണ്ടുവരി സങ്കടമെഴുതിയോ ഞാന്‍ അതു താണ്ടി വീണ്ടും തിരിച്ചു പോകുന്നു. ചിലപ്പോള്‍ അഞ്ചോ പത്തോ പണം കൊടുത്ത് എന്തോ ചെയ്തെന്ന് എന്നെത്തന്നെ സമാധാനിപ്പിച്ചെന്നും വരാം, എന്താണീ ചെയ്യുന്നതെന്ന് അറിഞ്ഞുകൊണ്ടു തന്നെ. " ദാനം ഒരുത്തനെ ഭിക്ഷക്കാരനാക്കി നശിപ്പിക്കുന്നു"ആംതേ നിരീക്ഷിച്ചു. അവനെ ഒരു മനുഷ്യനായി പുനര്‍‌നിര്‍മ്മിക്കനാവണം."

ഒരു തരത്തില്‍ ഞാന്‍ ഭാഗ്യവാനാണ്‌, ആംതേയുടെ വരികള്‍  എടുത്തെഴുതുമ്പോള്‍ ഈ നാല്പ്പതാം വയസ്സിലും എനിക്കു കണ്ണീരുപൊടിയുന്നുണ്ട്. എന്റെ പ്രായക്കാര്‍ പലരും "ആ ചാരിറ്റി വര്‍ക്കര്‍." "നര്‍മ്മദ ബച്ചാവോ ആക്റ്റീവിസ്റ്റ്" എന്നൊക്കെ ബാബയെ നിസ്സാരമായി പരാമര്‍ശിച്ചാണു കേള്‍ക്കാറ്‌.

(ആംതേയുടെ ജീവചരിത്രം http://mss.niya.org/people/baba_amte.php എന്ന ലിങ്കില്‍ നിന്നും വായിക്കാം . നൂറാം പോസ്റ്റില്‍ ആശംസകളും നിര്‍ദ്ദേശങ്ങളുമെഴുതിയ കൂട്ടുകാര്‍ക്കെല്ലാം നന്ദി. ഉമേഷ്, ഞാന്‍ മെയില്‍ അയച്ചു.)

 

11 comments:

അതുല്യ said...

അനോണീ എന്നെ തോല്പിച്ചൂ എന്നത്തേം പോലെ. ഇന്നലെ മുതല്‍ കുത്തിയിരുന്ന് സ്വരുക്കൂട്ടീത് സേവ്ഡ് ആസ് ഡ്രാഫ്റ്റ്!. ഈ ഫിനോമിനയാണു അന്ന് വക്കാരി പറഞത്, ആരേലും പോസ്റ്റിട്ടാല്‍,ശ്ശോ പറയാനിരുന്നതാണല്ലോന്ന് പിന്നെ പറയരുത്. http://www.babaamte.net/ ഇവിടെം കൂടുതല്‍ അറീയാം.

മഹാത്മാവ് എന്ന പദം ഇങ്ങേര്‍ക്കാണു കൂടുതല്‍ യോജിയ്ക്കുനത്. അവരൊക്കെ ജീവിച്ചിരുന്ന കാലഘട്ടത്തില്‍ നമ്മുക്ക് ജീവിയ്ക്കാനെങ്കിലും ആയല്ലോ എന്ന ആശ്വാസമാണെനിക്ക്. വളര്‍ന്ന് വരുന്ന കുഞുങ്ങള്‍ക്ക് ഹിസ്റ്ററിയിലെ ഒരു പേജ് മാത്രമാവും ഇവരൊക്കെ ഇനി. ഇന്ത്യയില്‍ മഹാന്മാര്‍ക്കൊക്കെ പ്രതിമ ഉണ്ടാക്കി കാക്കതൂറാന്‍ വയ്ക്കുകയും, വിവരദോഷികള്‍ക്ക് ഉടയ്ക്ക്കാന്‍ ഏര്‍പ്പടുത്തുകയും മാത്രമാണലോ ഗവണ്ണ്മന്റിനു താല്പര്യം.

വരും തലമുറയ്ക് പോയവര്‍ ഒന്നും വെളിവാക്കി കൊടുക്കില്ല അനോണീ, തലമുറ കുരുടന്മാരാല്‍ നിറയുന്നു, ഞാനടക്കം.

ശ്രീവല്ലഭന്‍. said...

അനോണി,
വളരെ നല്ല, relevant ആയ പോസ്റ്റ്.

kichu / കിച്ചു said...

നമ്മെ വിട്ടുപോയ മഹാത്മാവിനെ വെളിവാക്കിത്തന്ന അനോണിക്ക് നന്ദി....

അതുല്യ്യുടെ കമെന്റും നന്ന്.

നമ്മുടെ ഇന്നത്തെ കുട്ടികള്‍ ഒരുപക്ഷെ ചോദിച്ചേക്കാം “ആരാ മഹത്മാവെന്ന്”

അവരുടെ ജീവിതകാലത്ത് ഒരു മഹാത്മാവിനെ യെങ്കിലും കണ്ടുകിട്ടണ്ടേ!!!!

ഈ വര്‍ഗമൊക്കെ ഇന്ന് extinct ആണ്.

simy nazareth said...

thanks anony

Anonymous said...

ആന്റോച്ചായാ നന്ദി.


അതുല്യേച്ചിയുടെ പോസ്റ്റ് ഇടാതിരിക്കണ്ട; ഹരികുമാറിനു വരെ ഇവിടെ പതിനാറായി പോസ്റ്റ്. നല്ലകാര്യങ്ങള്‍ക്ക് എന്തിനു മടിക്കണം.

ഒരു “ദേശാഭിമാനി” said...

, " ദാനം ഒരുത്തനെ ഭിക്ഷക്കാരനാക്കി നശിപ്പിക്കുന്നു"ആംതേ നിരീക്ഷിച്ചു. അവനെ ഒരു മനുഷ്യനായി പുനര്‍‌നിര്‍മ്മിക്കനാവണം."

പാമരന്‍ said...

വളരെ പ്രസക്തമായ പോസ്റ്റ്‌ തന്നെ അനോണീ..

കുറച്ചു കാമം ഞാനും കരഞ്ഞുതന്നെ തീര്‍ക്കുന്നു.

ഹരിശ്രീ (ശ്യാം) said...

വായിച്ചു. മനസ്സില്‍ തട്ടിയ പോസ്റ്റ്.

ദിലീപ് വിശ്വനാഥ് said...

ബാബാ ആംതേയെ വളരെ നന്നായി തന്നെ സ്മരിച്ചു ആന്റോ.

siva // ശിവ said...

വളരെ നല്ല ലേഖനം....

ദമനകന്‍ said...

ഭാഗ്യം എന്റേയും കണ്ണു നനയുന്നുണ്ട്.
നന്ദി.