Tuesday, February 19, 2008

ബാലന്‍ ഒരു കാലന്‍!

പാവന മധുരാനിലയേ പങ്കജാക്ഷി നിലയേ
മാടനെന്ന വീരശൂര ഘോരധീര മാരനിന്നു മാലയിട്ട പ്രേമനാടകം!

പഴയൊരു പടത്തിലെ പാട്ടാണ്‌. എന്താണെനിക്കിത്  വലിയ ഇഷ്ടമാവാന്‍ കാരണമെന്ന് ആലോചിച്ചിട്ടുണ്ട്. കെ.പി എസ്. സി കാലത്തിനു മുന്നേയുള്ള "പാവന മധുരാ നിലയേ" പാടിത്തുടങ്ങുന്ന നാടകങ്ങളെ ഓര്‍മ്മിപ്പിക്കുന്നതിനാലോ?  കോളേജ് തമാശപ്പാട്ടായതിനാലോ? അതൊക്കെ എത്ര കണ്ടിരിക്കുന്നു സിനിമകളില്‍.

സിനിമയില്‍ പ്രേം നസീറിന്റെ ഇരട്ടപ്പേരാണ്‌ മാടന്‍. നായികയുടെ വീട്ടുപേര്‍ പങ്കജാക്ഷി നിലയം. മാടന്‍ രഹസ്യമായി അവിടത്തെ പെണ്ണിനൊരു മാല കൊടുത്തത് കൂട്ടുകാര്‍ അറിഞ്ഞു കോളേജിലിട്ടു കളിയാക്കുകയാണ്‌ (പാട്ട് അവസാനിക്കുന്നത് "മാടന്റെ മാല, നമ്മുടെ മാല. മാടന്റെ പെണ്ണ് നമ്മുടെ പെണ്ണ് .. എന്ന്") . ഇങ്ങനെ ഒരു സംഭവം ശരിക്കും എന്റെ കോളേജില്‍ അക്കാലത്ത് നടന്നാല്‍ കുട്ടികള്‍ എന്തു പാടുമായിരുന്നോ അതുപോലെ തന്നെ ഈ പാട്ടെഴുതിയിരിക്കുന്നു എന്നതാണ്‌ അതിന്റെ പ്രത്യേകത.

മലയാളം സിനിമപ്പാട്ടുകള്‍ക്ക് ഇല്ലാതെ പോയതും ഈ ഗുണമാണ്‌.  ശബ്ദസൗന്ദര്യവും അര്‍ത്ഥ ഗാംഭീര്യവും തേടിപ്പോയ കവികള്‍ കാളിദാസനു ചുറ്റും കിടന്ന് വട്ടം കറങ്ങി ശ്യാമമേഘങ്ങളും കുഞ്ജ കുടീരങ്ങളും  തപ്പിയെടുത്ത് കൊണ്ടുവന്നപ്പോള്‍  സിനിമാപ്പാട്ടുകള്‍ ചന്ദ്രോര്‍ക്കോദയമാഹവം നിശയുഷസ്സന്ധ്യകള്‍ എന്നൊക്കെ  ചൊല്ലി മഹാകാവ്യ ബിറ്റുകള്‍ ആയി ചുരുങ്ങിപ്പോയി. മോശമെന്നല്ല, സിനിമയില്‍ പാട്ടു തന്നെ അത്യാവശ്യമല്ലല്ലോ. എങ്കിലും മലയാളിക്ക് പോപ്പ് മ്യൂസിക്ക് എന്നാല്‍ സിനിമാഗാനമല്ലേ, എലീനര്‍ റിഗ്ബി  (http://en.wikipedia.org/wiki/Eleanor_Rigby ) പോലെയൊരു മലയാളം പാട്ട് നമുക്കില്ലാതെ പോയി.   പുട്ടിനു തേങ്ങപോലെ കയറുന്ന ഉദ്യാനങ്ങളും വിരഹദൂതുകളും കാരണം ബ്ലിസാഡ് പോലെ ( http://www.sing365.com/music/lyric.nsf/El-Lute-lyrics-Boney-M/5293B2CEFD5E851648256B2000330BDB ) ഒരു സാധാരണ ശോകഗീതം പോലുമില്ല.  ഇതെല്ലാം  സിനിമയിലെ സന്ദര്‍ഭം അനുവദിക്കുന്നില്ലെന്ന്  വാദിക്കാന്‍ കഴിയുന്നില്ല,  എല്‍ ലൂട്ടെ ( http://www.sing365.com/music/lyric.nsf/El-Lute-lyrics-Boney-M/5293B2CEFD5E851648256B2000330BDB ) പോലെ കഥപയുന്ന പാട്ടുകള്‍ വരേണ്ടിയിരുന്ന സിനിമകളില്‍ പോലും നമ്മള്‍ അമ്പലപ്പറമ്പിലെ ആരാമത്തിലെ ചെമ്പരത്തിപ്പൂവ് തേടി ഉഷസംക്രാന്തികളില്‍   കറങ്ങി നടക്കുന്ന യക്ഷന്മാരായിപ്പോയില്ലേ?

പ്രത്യേകിച്ച് ഒരര്‍ത്ഥവുമില്ലാതെ വാക്കുകള്‍  ഈണത്തിനകത്തു നിരത്തി വയ്ക്കുന്ന കാലം വന്നതോടെ  സിനിമപ്പാട്ടുകളെ ശ്രദ്ധിക്കുന്നതും ഏതാണ്ട് നിര്‍ത്തി വരികയായിരുന്നു. ഈയിടെ ഒരു പാട്ട് കേട്ട് ആ ഒറ്റപ്പാട്ടിനായി കാസറ്റ് വാങ്ങി.

ബാര്‍ബര്‍ ബാലന്‌ ലോക്കല്‍  സാഹിത്യകാരന്‍ ഒരു മംഗളപത്രമെഴുതി വായിച്ചാല്‍ അതെങ്ങനെ ഇരിക്കുമോ അതു തന്നെയാണ്‌ വ്യത്യസ്തനാമൊരു "ബാര്‍ബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.." ആമാശയത്തിന്റെ ആശ നിറവേറ്റാന്‍ രോമാശയങ്ങള്‍ അറുക്കുന്ന താരരാജാവിന്റെ സ്നേഹിതനു മംഗളമെഴുതിയത് ഗിരീഷ് പുത്തഞ്ചേരി ആണെന്ന് കാസറ്റില്‍ കാണുന്നു, സന്തോഷം.
 
 പൊന്‍‌വെയില്‍ മണിക്കച്ചയഴിഞ്ഞു വീണപ്പോള്‍ രാജീവനയനന്റെ രതിവീണയാകുകയും ഉഷസ്സാം സ്വര്‍ണ്ണത്താമര വിരിഞ്ഞപ്പോള്‍ നിറഞ്ഞ മാറില്‍ കമനന്റെ ദാഹം എഴുതിയ ചിത്രം കസവാല്‍ മൂടി എഴുന്നേറ്റു വരികയും ചെയ്തവള്‍ കുലീനയും ആറ്റിന്‍ കരെ നിന്ന് പുല്ലാങ്കുഴലൂതിയ കുറവന്റെ അടുത്തിരുന്ന് കുപ്പായക്കെട്ടഴിച്ച കുറത്തി വൃത്തികെട്ടവളുമായ നാട്ടില്‍ വ്യത്യസ്തനായി പിറക്കാന്‍ ധൈര്യം കാട്ടിയ ബാര്‍ബറാം ബാലാ, നിനക്കഭിവാദ്യം.

13 comments:

എ.ജെ. said...

അയ്യോ.......

അനില് പനച്ചൂരാന് ആണ് ആ ഗാനം എഴുതിയതെന്നാണ് ഞാന് കേട്ടതു...
അപ്പോ... അതു തെറ്റായിരുന്നു അല്ലേ...??

ചതുര്‍മാനങ്ങള്‍ said...

ചാനലുകളില്‍ ഈ പാട്ടു ഗിരീഷ് പുത്തഞ്ചേരിയുടെ പേരില്‍ എഴുതിക്കണ്ടു. മനോരമയില്‍ രണ്ടിടത്തു ഇതു പനച്ചൂരാന്റെ പേരിലാണു കൊടുത്തിരിക്കുന്നതു. പനച്ചൂരാന്‍ 6 മിനിട്ട് കൊണ്ടാണു ഇതെഴുതിയതെന്നുവരെ ഉണ്ടു.

മനോരമ ലിങ്ക്; സംഗീതിക>> സംഗീതവാര്‍ത്ത
തലക്കെട്ടുകള്‍;
ഒടുവില്‍ പനച്ചൂരാനെ അറിയുന്നു
കഥ പറഞ്ഞപ്പോള്‍ ഗാനം ഹിറ്റ്

മായാവി.. said...

രതിസുഖസാരമായി ദേവി നിന്‍ മെയ് വാര്‍ത്തൊരാ ദൈവം കലാകാരന്‍...എന്തരണ്ണാ ഇതിന്തെ പച്ചമലയാളം, അല്ലെ അറിയാമ്മെലാഞ്ഞിട്ട് ചോദിക്കുവാന്നെ.

ഹരിശ്രീ (ശ്യാം) said...

സത്യം , എത്ര കേട്ടാലും ബോറടിക്കുന്നില്ല ഈ പാട്ട്.

ദിലീപ് വിശ്വനാഥ് said...

പനച്ചൂരാനല്ലേ ആ ഗാനം എഴുതിയത്?

Jay said...

ഞാന്‍ ഷേവ് ചെയ്യുമ്പോള്‍ ഇപ്പോള്‍ ഈ പാട്ട് പാടാറുണ്ട്, പ്രത്യേകിച്ച്, “കത്തിയും താടിയും ഒന്നിച്ചുചേരുമ്പോള്‍ നിണം‌പൊടിക്കാത്തൊരു ക്ഷൌരപ്രവീണന്‍” എന്ന ഭാഗം. ഈ പാട്ട് ആദ്യമായി ടി.വിയില്‍ വന്നപ്പോള്‍ തന്നെ റെക്കോര്‍ഡ് ചെയ്ത് സകല കോപ്പിറൈറ്റ് നിയമങ്ങളും കാറ്റില്‍‌പറത്തി യുട്യൂബിലിട്ടവന്‍ എന്ന ഖ്യാതിയും എനിക്കുതന്നെ...അപ്‌ലോഡ്പ്രവീണന്‍...ഞാന്‍.

പാമരന്‍ said...

അങ്ങനെ അങ്ങു അടച്ചാക്ഷേപിക്കാമോ അനോണിയണ്ണാ..

'രതിസുഖസാരം' എഴുതിയ കേച്ചേരി തന്നല്ലേ 'പേരറിയാത്തൊരു നൊംബരത്തെ' യുമെഴുതിയത്‌?

കേട്ടാല്‍ അനുഭവിക്കുന്ന വരികള്‍ എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട്. മറ്റു ശബ്ദകോലാഹലങ്ങളില്‍ അവ ചെലപ്പോ മുങ്ങിപ്പോയതാരിക്കും. എന്നാലും ചെവി വട്ടം പിടിച്ചാല്‌ ഇപ്പോഴും കേള്‍ക്കാം..

Manoj | മനോജ്‌ said...

എം. കൃഷ്ണന്‍ നായര്‍ സാറിനെ എന്തുകൊണ്ടോ ഓര്‍ത്തു. ചിലപ്പോള്‍ അദ്ദേഹം ആദ്യകാല തമിഴ് ബാലേ കണ്ട കഥ എഴുതിയതോര്‍ത്തതാവാം...

any way, കേരളത്തിന്റെ “ഠ” വട്ടത്തില്‍ നടന്ന് “ഇതു താന്‍-ടാ ഉലകം” എന്നു പറഞ്ഞു നടക്കുന്ന മലയാളി ലോകോത്തര കവിത pop music ആക്കി ചമച്ചു വിടണമെന്നാശിക്കുന്നത് ഒരല്പം കടന്ന കൈയല്ലേ എന്ന് തോന്നി.

എം. കൃ. ഇതേ കാര്യം തന്നെ മറിച്ചും തിരിച്ചും അവതരിപ്പിച്ചതു വായിച്ചതും കാരണമായിരിക്കും ഓര്‍മ്മയില്‍ അദ്ദേഹം വന്നത്...

നിഷ്ക്ക‌ള‌ങ്ക‌ന്‍|Nishkkalankan said...

"വ്യത്യസ്തനാമൊരു" പാട്ടിന്റെ വ്യത്യസ്ത‌യോട് അനുകൂലിയ്ക്കുമ്പോ‌ള്‍ തന്നെ അന്തോണിയോട് ശക്ത‌മായി വിയോജിയ്ക്കുന്നു. :) അവ‌സാന‌മെഴുതിയ പാട്ടുക‌ളില്‍ ചില‌വ ന‌ല്ലതു തന്നല്ലോ!

ഹരിത് said...

അനോണിയുടെ അഭിപ്രായങ്ങളോടു യോജികാന്‍ വയ്യ.താരതമ്യപ്പേടുത്തല്‍ അത്ര യോജിച്ച പാട്ടുകള്‍ തമ്മിലല്ല. ഈ പറ്ഞ്ഞ മഹാകാവ്യ ബിറ്റുകളുടെ കാലത്തു തന്നെ
‘ തലവടിവേലന്‍‘ സ്റ്റൈലിലും ധാരാളം പാട്ടുകള്‍ ഉണ്ടായിട്ടുണ്ട്.
ഉദാ:
വണ്ടീ പുക വണ്ടീ, പാപ്പി അപ്പച്ചാ, നമ്മുടെ സ്ഥാനാര്‍ത്ഥി സാറാമ്മാ, ഒരു രൂപാ നോട്ടുകൊടുത്താ, കണ്ടം വച്ചൊരു കോട്ടാണു, വിദ്യാര്‍ത്ഥിനി ഞാന്‍,തുമ്മിയാ തെറിക്കുന്ന മൂക്കാണെങ്കില്‍ ചുമ്മാ, കായലരികത്ത് വലയെറിഞ്ഞപ്പൊ,
ഇനിയും എത്രവേണമോ ഉദാഹരണങ്ങളുണ്ട്,

അരവിന്ദ് നീലേശ്വരം said...

ആന്റണീ
എഴുതുമ്പോള്‍ കുറച്ച് കൂടി ശ്രദ്ധിക്കണം. രണ്ടാമത്തെ ഖണ്ഡികയില്‍ ഒരു ചുരുക്കെഴുത്ത് കാണുന്നു..... കെ പി എസ് സി എന്ന്..... നാടക കമ്പനിയെയാണോ ഉദ്ദേശിച്ചത്? അതാണെങ്കില്‍ അത് കെ പി എ സി ആണ്.. (കായംകുളം പീപ്പിള്‍സ് ആര്‍ട്ട്സ് ക്ലബ്ബ്)... താങ്കള്‍ എഴുതിയിരിക്കുന്നത് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ എന്നേ വായിക്കാന്‍ പറ്റൂ....
പിന്നെ, ബാലന്‍ ഒരു കാലന്‍ എഴുതിയത് അനില്‍ പനച്ചൂരാന്‍ തന്നെയ്യല്ലേ? അദ്ദേഹത്തിനു അതിന്റെ രചനയ്ക്ക് 2008 ലെ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡും കിട്ടിയല്ലോ?
അതു ഒന്നു പരിശോധിച്ചാല്‍ ‍തരക്കേടില്ല.....

Harold said...

വിയോജനക്കുറിപ്പെഴുതിയ എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍..

അന്തോണീ ..ജാഗ്രതൈ

:)

John honay said...

എന്തായാലും ,പനപോല്‍ വളരട്ട് പനച്ചൂരാന്‍