Monday, January 21, 2008

നാക്കിന്റെ പ്രോഗ്രാമിങ്ങ്

മാങ്ങായിഞ്ച്ചി അരച്ച ചമ്മന്തി നന്നായിട്ടുണ്ടോ?
അസ്സലായി. എന്നാലും അമ്മച്ചി ഉണ്ടാക്കുന്ന ചമ്മന്തീടെ അത്രയ്ക്ക്...

ഡൗട്ട്.
ഷൂട്ട്.

നിങ്ങടെ അമ്മച്ചി ഉണ്ടാക്കുന്ന കറിയുടെ ടേസ്റ്റ് ഭാര്യയുണ്ടാക്കുന്നതിനില്ലെന്ന് നിങ്ങള്‍ പറയും.
പറയും.

അപ്പച്ചന്‍ പറയും വല്യമ്മച്ചിയുണ്ടാക്കുന്ന ടേസ്റ്റ് അമ്മച്ചി ഉണ്ടാക്കുന്നതിനില്ലെന്ന്.
പറയും.

വല്യപ്പച്ചന്‍ അങ്ങോരുടമ്മച്ചി ഉണ്ടാക്കുന്നതാണ്‌ ഏറ്റവും ടേസ്റ്റ് എന്നു പറയും.
പറയും.

അപ്പോള്‍  ഏറ്റവും ടേസ്റ്റ് ഉള്ള സാധനം  അവ്വ ഉണ്ടാക്കിയ.. അല്ല പിച്ചിക്കൊടുത്ത പഴത്തിനായിരുന്നു,  തലമുറയായി രുചി കുറഞ്ഞു കുറഞ്ഞു വന്ന് ഇപ്പോള്‍ ഭാര്യമാര്‍ വയ്ക്കുന്നതിനു പിണ്ണാക്കിന്റെ രുചിയും ഒരു ആയിരം വര്‍ഷം കൂടി കഴിഞ്ഞാല്‍ ചാണകത്തിന്റെ രുചിയും ആയി മാറും ഇല്ലേ?
ഇല്ല.

എന്നാല്‍ ഈ അമ്മച്ചി  പ്രിന്‍സിപ്പിള്‍ ചുമ്മാ കെട്ടിയോന്മാര്‍ പറയുന്ന കള്ളമാണ്‌.
അല്ല.

പിന്നെ?

അപ്പുറത്തെ വീട്ടില്‍ ഒരു ജപ്പാന്‍‌കാരിയില്ലേ, എന്തരാ  പേര്‌, ഉക്കൂക്കിയോ?
ഇക്കുക്കോ.

ഇക്കിക്കോയ്ക്ക്   നീ ഈ ചമ്മന്തി കൊടുത്താല്‍  കഴിക്കുമോ?
കിമോണോ മടക്കി കുത്തി ഓടും അത്. മുളകല്ലേ ചുട്ടരച്ചത്.

അതെന്താ?
എരിവ് അവര്‍ ശീലിച്ചിട്ടില്ല.

വളരെ ശരി. ഒരു കുട്ടി ജനിക്കുമ്പോള്‍  അതിനു കണ്ണു പോലും ശരിക്കു വര്‍ക്ക് ചെയ്യില്ല, പക്ഷേ  രുചിയും മണവും തിരിച്ചറിയാന്‍ വളരെ ശേഷിയുണ്ട്. അപ്പോള്‍ തുടങ്ങി രുചികള്‍ അതു ശീലിക്കുകയാണ്‌. മുലപ്പാലിന്റെ ഉമാമി, മധുരം, എരിവ്, പുളി, കയ്പ്പ്...

അപ്പോള്‍?
ഓരോ  പാചകക്കാരനും അവന്റെ സിഗ്നേച്ചല്‍ ഫ്ലേവറുകളുണ്ട്, കുട്ടി അതിന്റെ രുചിമണങ്ങളില്‍   ആസ്വദിച്ച് ശീലിക്കുന്നു.  അവന്‍ കുറേ വളരുന്നതോടെ ഏറ്റവും കൂടുതല്‍ ആസ്വദിച്ച കോംബിനേഷനുകളുടെ ആരാധകനാകുന്നു.  നീ ഉണ്ടാക്കുന്നതോ നിന്റമ്മയുണ്ടാക്കുന്നതോ നിനക്ക് കൂടുതല്‍ രുചികരം?

അത്..
ഉത്തരമായി.

അപ്പോ മോനോട് വല്യമ്മച്ചി ഉണ്ടാക്കുന്ന കറിയോ ഞാനുണ്ടാക്കുന്നതോന്നു ഇഷ്ടമെന്ന് ചോദിച്ചാല്‍ അവന്‍ എന്നെ ചൂണ്ടിക്കാട്ടും .
 പ്രൊവൈഡഡ്, നീ  ഉണ്ടാക്കുന്നതിനു വെറും പന്ന സ്വാദ് അല്ല.

അപ്പോ അത്രേയുള്ളു അമ്മച്ചീടെ  പാചക ഫാന്മാരുടെ കാര്യം?
ഒന്നു കൂടി.

അതെന്താ?
മിക്കവര്‍ക്കും കുട്ടിക്കാലം സുഖമുള്ള ഓര്‍മ്മയാണ്‌. അമ്മച്ചി പാചകം ചെയ്യുന്നതിന്റെ മണവും ഊണിന്റെ രുചിയും അതിന്റെ ഭാഗമാണ്‌.

12 comments:

സുല്‍ |Sul said...

ഒരു അനോണി സത്യം
-സുല്‍

കണ്ണൂരാന്‍ - KANNURAN said...

പരമസത്യം... ഭാര്യയെ നിര്‍ബന്ധമായും കാണിച്ചു കൊടുക്കേണ്ട പോസ്റ്റ് :)

ഗുപ്തന്‍ said...

കറകറക്റ്റ്

vadavosky said...

കണ്ണൂരാന്റെ കമന്റ്‌ തന്നെ ഇവിടെ ഇടുന്നു.

R. said...

ഞാന്‍ കൊറേ നേരം ഇവിടെക്കെടന്ന് നിലവിളിച്ച് കണ്ണീരൊഴുക്കട്ട്.

എനിക്കിപ്പം നാട്ടിപ്പോണേയ്.

ശ്രീവല്ലഭന്‍. said...

വലിയ ബുദ്ധിമുട്ടിക്കുന്ന ചോദ്യം. എന്തോ. പലതിനും പല രുചി അല്ലെ? എന്നാലും അമ്മച്ചി ഉണ്ടാക്കുന്നതിന് രുചി കുറച്ചു കു‌ടും! കുടുംബ കലഹം ഒഴിവാക്കണം!

Inji Pennu said...

അങ്ങിനെയാണെങ്കില്‍ ഹോട്ടലുകാരൊക്കെ കുത്തുപാളയെടുക്കുമല്ലോ അണ്ണാ?

Meenakshi said...

പഴയ തലമുറയുടെ കൈപുണ്യം ഈ തലമുറക്കില്ല എന്നത്‌ സത്യമല്ലേ.

ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക്‌ പാചകം പഠിക്കാന്‍ സമയമുണ്ടോ.പലരും കല്യാണം ഉറപ്പിച്ചുകഴിയുമ്പോഴാണ്‌ പാചകത്തിലേക്ക്‌ കാലെടുത്തു വെക്കുന്നത്‌ തന്നെ. അതും വനിതയും ഗൃഹലക്ഷ്മിയും പോലുള്ള മാസികകള്‍ വായിച്ച്‌.

പിന്നെ അമ്മച്ചി ഉണ്ടാക്കുന്നതിന്‌, ഗൃഹാതുരത്വത്തിണ്റ്റെ ഒരു രുചികൂടിയുണ്ടല്ലോ

ദിലീപ് വിശ്വനാഥ് said...

മിക്കവര്‍ക്കും കുട്ടിക്കാലം സുഖമുള്ള ഓര്‍മ്മയാണ്‌. അമ്മച്ചി പാചകം ചെയ്യുന്നതിന്റെ മണവും ഊണിന്റെ രുചിയും അതിന്റെ ഭാഗമാണ്‌.

പരമാര്‍ത്ഥം.

Jay said...

അന്റണിച്ചായാ, സത്യത്തില്‍ നിങ്ങള്‍ എവിടെയാ പാത്തിരിക്കുന്നത് ?. ഭാര്യക്ക് മുമ്പില്‍ ഒരു ‘ഇല്ല്യൂഷനിസ്‌റ്റ്’ ആകുക എന്ന് ഏതോ ഒരു മഹാന്‍ പണ്ടു പറഞ്ഞാരുന്നു. ഭാര്യയില്ലാത്ത എനിക്ക് ഇവിടെ കൂടുതല്‍ എഴുതാന്‍ അവകാശമില്ല. എന്നാലും ‘ഉക്കൂക്കി’ ചിരിപ്പിച്ചാരുന്നേ....

ദിവാസ്വപ്നം said...

അത് കലക്കി.

'കാര്‍ലോസ് മെന്‍സിയ' എന്നൊരു സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ ഇതുപോലെ പരിഹസിച്ചിട്ടുണ്ട്. ഏതാണ്ടിങ്ങനെ :

Q : “ഇന്ന് സിനിമകള്‍ക്കും കാര്‍ട്ടൂണുകള്‍ക്കുമൊന്നും പഴയ ഫേവറൈറ്റുകളുടെയത്ര ആകര്‍ഷണമില്ല”

A : “because, you watched these favs when you were 10 (years old). Anything seems attractive at that age. When you were 10, you also thought superman is for real"

മറ്റൊരാള്‍ | GG said...

പരമാര്‍ത്ഥം തന്നെ ആന്റണി ചേട്ടാ.