Monday, January 7, 2008

ഓഫ് ദി അണ്‍ബ്രെഡ്, അണ്‍‌റിഫൈന്‍ഡ് & അണ്‍സങ്ങ്

നീ ഷാപ്പിന്റെയും ചേരിയുടെയും വീരഗാഥകള്‍ പറയുന്നതു കേട്ടു മടുത്തു.
എന്തേ കേരളത്തില്‍ ഇതൊന്നുമില്ലേ?

അതല്ല, ചെറുപ്പം അവിടെ ചിലവാക്കിയതൊരു മോശം കാര്യമെന്നുമല്ല, നീയത് എന്തോ മഹാകാര്യം പോലെ ഇരുപത്തിനാലു മണിക്കൂറും പാടുന്നു. വേറെന്തിങ്കിലും പറയ്.

എന്നാല്‍ ഞാന്‍ ഒരു ഉണ്ടാക്കി കഥ പറയാം. കുട്ടികള്‍ക്കുള്ള കഥ.
ആ.

ടൈഗര്‍ പുലിയായിരുന്നു. അവന്‍ എന്നും രാവിലേ ഇറച്ചി പുഴുങ്ങിയത് നിറച്ചു കഴിച്ചു. കോട്ട് ഷാമ്പൂ തേച്ച് കുളിച്ചു. യജമാനനൊപ്പം ഹീല്‍ വാക്ക് നടത്തി മസിലുകള്‍ പെരുപ്പിച്ചു. ഹര്‍ഡിലുകള്‍ ചാടി. മണം പിടിച്ച് ഒളിപ്പിച്ച ചെരുപ്പുകള്‍ കണ്ടെത്തി കയ്യടി നേടി. തീവളയത്തിലൂടെ ചാടി അയല്വക്കക്കാരെക്കൂടി അവന്റെ ഫാന്‍സ് ആക്കി.

ചാപ്പന്‍ ഒരു ദിവസം വഴിയില്‍ നിന്നും വന്നു കേറി. ടൈഗറിനൊരു സഹായിയാകട്ടെ എന്നു വച്ച് വീട്ടുകാരന്‍ അവനൊരു ആന്റി റേബിസ് ഷോട്ടും കൊടുത്ത് വളപ്പിനകത്ത് കേറ്റി. അവനൊന്നും പഠിച്ചില്ല. കിട്ടിയത് തിന്നു, എച്ചിലും. റോഡില്‍ കാറിനു പിന്നാലെ കുരച്ചുകൊണ്ടോടിയിരുന്ന ചെറുപ്പമുള്ള അവനു ഹീല്‍ വാക്കിങ്ങ് ബോറടിച്ചു. ചവറു കത്തുന്ന കുപ്പയില്‍ നിന്നും ഭക്ഷണം വലിച്ചെടുത്തിട്ടുള്ള ചാപ്പന്‌ തീവളയങ്ങള്‍ അസംബന്ധമായിരുന്നു.

എന്നിട്ട്?
വര്‍ഷം പലതു കഴിഞ്ഞു.

കഴിഞ്ഞിട്ട്?
ഒരു ദിവസം വീടിന്റെ കാര്‍ പോര്‍ച്ചില്‍ ഒരു മൂര്‍ഖന്‍ കിടപ്പുണ്ടായിരുന്നു. ഹീറോ ആയ ടൈഗര്‍ ആളറിയാതെ അതിനെ കയറി കടിച്ചു. അത് കൊത്തി.

ടൈഗറെന്തേ അബദ്ധം കാട്ടി?
അവന്റെ ട്രെയിനിങ്ങ് അനങ്ങുന്ന വടിയും കയറും ചാടിപ്പിടിക്കാനായിരുന്നു. അവയ്ക്കൊന്നും വിഷപ്പല്ലുകളില്ലായിരുന്നു.

ചാപ്പനോ?
ഓ ചാപ്പന്‍ എത്ര ഓടയില്‍ എത്ര പാമ്പുകള്‍ പട്ടികളെ കൊല്ലുന്നതും എത്ര പട്ടികള്‍ പാമ്പിനെ കൊല്ലുന്നതും കണ്ടതാ. അവന്‍ കീരിയെപ്പോലെ പമ്മിച്ചെന്ന് ഒറ്റച്ചാട്ടത്തിനു മൂര്‍ഖനെ കടിച്ചു കുടഞ്ഞു ഫിനിഷ് ആക്കി.

ടൈഗര്‍ ചത്തോ?
ഇല്ല, ടൈഗറിനു കൊത്തു കിട്ടിയെന്നും പണി കിട്ടിയ പട്ടിക്ക് എന്തു സംഭവിക്കുമെന്നും അറിയാവുന്ന ചാപ്പന്‍ ഉച്ചത്തില്‍ ഓരിയിട്ടു. വീട്ടുകാരന്‍ ഇറങ്ങി ചെന്ന് പാമ്പിനെയും ടൈഗറിനേയും കണ്ട് വേഗം വെറ്റിനറി ഡോക്റ്ററെ വരുത്തി.

അങ്ങനെ മൂര്‍ഖന്റെ കഥ അവിടൊക്കെ പാട്ടായി അല്ലേ?
അതേ. ഒരു കടി കിട്ടിയിട്ടും തളരാതെ മൂര്‍ഖനെ കൊന്ന ടൈഗറിന്റെ വീരഗാഥ അവിടങ്ങളില്‍ പാട്ടായി. ചാപ്പനോ? അവനെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം, പെഡ്ഗ്രിയില്ലാത്ത ആ സാധു ഒക്കെ കണ്ട് പേടിച്ചോരിയിട്ടു . അതു നന്നായി സമയത്ത് ടൈഗറിനെ ആശുപത്രിയില്‍ എത്തിക്കാനായല്ലോ.

6 comments:

സുല്‍ |Sul said...

:)

അപ്പു ആദ്യാക്ഷരി said...

അതേ അനോനീ, പ്രായോഗികതയില്‍ അടിസ്ഥാനമിടാത്ത എന്തു ആധുനികതയും യൂസ്‌ലെസ് ആണ്. പഠിത്തമായാലും, ഫാഷനായാലും, ജീവിതമായാലും. നന്നായി പറഞ്ഞു.

അതുല്യ said...

ഏപ്പിനെ (ape) പോലെ ആയ ഇപ്പോഴത്തെ കുട്ടികളുടെ കമ്പ്യൂട്ടറിന്റെ മുമ്പിലുള്ള/റ്റി.വിയുടെ മുന്നിലുള്ള കൂനിക്കുടിയിരത്തം അവരെ ഒരു പരിധി വരെ പ്രായോഗിക ബുദ്ധി അറിവ്/പരീക്ഷണത്തില്‍ നിന്നുമകറ്റുന്നു അനോണി. അനക്കോണ്ട കണ്ടിരിയ്കുമ്മ്പോ പാമ്പ് താഴെക്കുടേ പോയാല്‍ ഇവരു പേടിച്ച് ചാവേയുള്ളു.

അനോണിയ്ക് ഒരു :)

ശ്രീ said...

നല്ല ഗുണപാഠ കഥ.
:)

ഉപാസന || Upasana said...

:)
upaasana

ദിലീപ് വിശ്വനാഥ് said...

കിടുക്കന്‍ കഥ. ഇതൊരു നല്ല ഗുണപാഠം തന്നെ...
ചുരുക്കം പറഞ്ഞാല്‍ മണ്ണും ചാരി നിന്നവന്‍...