Monday, November 2, 2009

കവിത കണ്വേര്‍ട്ടഡ് റ്റു ബ്ലോഗ് പോസ്റ്റ് ഫോര്‍മാറ്റ്

കവിത കണ്വേര്‍ട്ടഡ് റ്റു ബ്ലോഗ് പോസ്റ്റ് ഫോര്‍മാറ്റ്

നടന്നു നടന്നു നടന്നു തീര്‍ക്കാന്‍ പറ്റാത്ത ഷോപ്പിങ്ങ് മാളുക്കുട്ടികളില്‍ ഒന്നായ
ഡ്രാഗണാകൃതിയും ചൈന പോലെ തിരക്കുമുള്ള ഡ്രാഗണ്‍ മാര്‍ട്ടില്‍ ഫര്‍ണിച്ചര്‍ വാങ്ങാന്‍ കഴിഞ്ഞ ഉത്രാടരാത്രിയില്‍ പോയിരുന്നു, ഞാന്‍ പോയിരുന്നു. കടയെവിടെ മക്കളേ എന്നു വിലപിച്ച് അതിന്റവുത്ത് ഡ്രയഗണലായി അലയുമ്പോഴാണ് ഒരു കുഞ്ഞിക്കടയില്‍ അതിരിക്കുന്നത് കണ്ടത്- ഒരു മറീന്‍ അക്വേറിയം. ചെറുതാണ്, ഒരമ്പതു ലിറ്റന്‍. പക്ഷേ കൃത്യതയുള്ള എക്വിപ്പ് സെറ്റ് അപ്പും അംഗലാവ്യണ്യം തികഞ്ഞ കോറല്പ്പരപ്പും ജൈവ കടല്പ്പായലും അതിനകത്തു സ്കൂളുവിട്ടോടുന്ന പിള്ളേരുടെ ഉത്സാഹമുള്ള മീനുകളും. സാധാരണ കാറും എഫ് വണ്ണുമായുള്ള വത്യാസമാണ് ഫ്രെഷ് വാട്ടര്‍ ടാങ്കിനും മറീന്‍ ടാങ്കിനും. എഫ് ഫണ്‍ പോകുന്നതു കണ്ടാല്‍ വാപൊളിക്കാത്തവരില്ല, പക്ഷേ അതു പോയ ശബ്ദത്തില്‍ "ഹും" എന്നു വച്ച് പിന്നെ നമ്മുടെ മാരുതി പാര്‍ക്ക് ചെയ്ത സ്ഥലം നോക്കി പോകുകയേ ഉള്ളു എന്ന്, ഏത്?

"വാണ്ടിങ്ങ് ദിസ് ബ്യൂട്ടിഫുള്‍ വേള്‍ഡ്?" ചീനത്തി കടക്കാരി എറച്ചിവെട്ടുകടയ്ക്കു മുന്നിലെ പട്ടിയെപ്പോലെ വാ പൊളിച്ച് നില്‍ക്കുന്ന എന്നോട് ചോദിച്ചു.
"വാണ്ടിങ്ങ് ദിസ്, ബട്ട് കാണ്ടിങ്ങ് ദിസ്, ഹൗ സാഡ്" വേദനയോടെ ഞാന്‍ കേണു.

ഹ ഹ, നിനക്കെങ്ങനെ ഫീല്‍ ചെയ്യുന്നെന്ന് എനിക്കറിയാം, അടുത്തു നിന്ന സായിപ്പ് കൊച്ചന്‍ പറഞ്ഞു. എന്റെയൊക്കെ നാട്ടിലാണെങ്കില്‍ മിക്ക വന്‍ കിട പെറ്റ് ഷോപ്പും മറീന്‍ ടാങ്ക് സപ്പോര്‍ട്ട് ചെയ്യും, ദുബായില്‍ എന്തോ- ആ സൗകര്യമില്ല. ലൈവ് ഫീഡുപോലും കിട്ടുന്നില്ല.

ഓന്റെ കോപ്പിലെ നാട് എന്നു മനസ്സില്‍ വിചാരിച്ച് മര്യാദയുടെ പേരില്‍ ഒന്നു ചിരിക്കാന്‍ തിരിഞ്ഞപ്പഴാ സായിപ്പ് ചെക്കനെ മനസ്സിലായത്. കാസ്പര്‍, എന്റെ ജോലിസ്ഥലം നില്‍ക്കുന്നിടത്തു തന്നെയാണ് അവന്റേതും. രാവിലേ പാര്‍ക്കിങ്ങില്‍ ചിലപ്പോ ഹായി കൂയി അഭിവാദ്യങ്ങളൊക്കെ ചെയ്തിട്ടുണ്ട്.

നടന്നു നീങ്ങിയപ്പോ കൂട്ടായി. കണ്ടാല്‍ തെണ്ടിയാണെങ്കിലും കാസ്പര്‍ സാധാരണക്കാരനല്ല. ഓന്റെ അമേരിക്കയില്‍ ഓനു മറീന്‍ അക്വേറിയം ഉണ്ടായിരുന്നു. എന്നു പറഞ്ഞാല്‍ തീര്‍ന്നില്ല, അതില്‍ കോപ്പര്‍ ബാന്‍ഡ് ബട്ടര്‍ഫ്ലൈയെയും പൗഡര്‍ ബ്ലൂ സര്‍ജ്ജനെയും ബ്രീഡ് ചെയ്യിച്ചിട്ടുമുണ്ട്. മറീന്‍ ടാങ്കുകളെ അടുത്ത് പരിചയമില്ലാത്തവര്‍ക്ക് കാസ്പര്‍ രണ്ടു ചക്ക മുള്ളോടെ വിഴുങ്ങുന്നവന്‍ ആണെന്ന് വായിക്കാം, മറീന്‍ അക്വേറിയം ഏ റ്റു ഇസഡ് (ഇസഡ് എന്താണെന്നു ചോദിക്കരുത്, ജീ തന്നെ അത്, ജീബ്രയുടെ ജീ) എന്ന ജാതി പുസ്തകം എഴുതുന്നവര്‍ പോലും ഇമ്മാതിരി മീനിനെ ടാങ്കില്‍ ബ്രീഡ് ചെയ്യിക്കുന്നത് അസാദ്ധ്യത്തിന്റെ തൊട്ടു മുന്നേയുള്ള പേജ് ആണെന്നാണ് എഴുതാറ്.

ഓന്റെ അറിവിലും പ്രവൃത്തിയിലാക്കിയ മിടുക്കിലും അന്തം വിട്ട് അടുത്ത ജ്യൂസുകടയില്‍ കേറി വിശദമായി ചര്‍ച്ചിക്കാമെന്നു വച്ചു. നൈസര്‍ഗ്ഗിക ലാത്തിസ്റ്റായ അവനും കേള്‍ക്കാന്‍ ആളുണ്ടായത് സന്തോഷം.

അപ്പഴാണു കൊഴപ്പം തുടങ്ങിയത്. ഭാഷാ പ്രശ്നം ആ ഫീല്‍ ഭയങ്കരമായി നശിപ്പിക്കുന്നു. ഭാഷയിലെന്നു പറഞ്ഞുകൂടാ, ആവര്‍ത്തിച്ചു വരുന്ന ഒരൊറ്റ വാക്കിലേ പ്രശ്നമുള്ളൂ.

"ടേ കാസ്പാ നീ ആ ഫ്രൈ എന്ന വാക്കിനു പകരം വേറെന്തെങ്കിലും ഉപയോഗിക്കെടേ, പ്ലീസ്." ഞാന്‍ ആവശ്യപ്പെട്ടു.

"ജനിച്ച മീനിനു ഫ്രൈ എന്നല്ലാതെ പിന്നെന്താ പറയുക, കുറച്ചു വളര്‍ന്നാല്‍ ജുവനൈല്‍ എന്നെങ്കിലും പറയാമായിരുന്നു." ലവന്‍ വാ പൊളിച്ചു.

"എന്നു ചോദിച്ചാ, നീ ഫ്രൈ എന്നു പറയുമ്പോ കൈക്കുമ്പിളില്‍ വെള്ളം കോരുന്ന മുദ്രയാണ് ആംഗ്യാകമ്പടി, ഞാന്‍ ഫ്രൈ എന്നു പറയുമ്പോ കൈ വായിലോട്ട് അറിയാതെ പോകുന്നെടേ" ഞാന്‍ ദയനീയമായി പറഞ്ഞു.

ഓന്‍ വാ കുറച്ചൂടെ പൊളിച്ചു. തൊട്ടടുത്ത് സ്വീവേജ് പമ്പിങ്ങ് സ്റ്റേഷനുണ്ട്, ഇവന്‍ ഇങ്ങനെ വാ പൊളിച്ചിരുന്നാല്‍ ഈ പ്രതിഭ വല്ല അതിസാരവും വന്ന് ലോകത്തിനു നഷ്ടമാകും, കാവ്യഭാവനയെ വെടിഞ്ഞ് നേരേ വാ നേരേ പോ.

"അതായത് കാസ്പാ, നിന്റെ ചാളയാകുന്ന സാല്‍മണിണിനു ഫ്രൈ എന്നു പറഞ്ഞാല്‍ ആദിയും, പക്ഷേ എന്റെ സാല്‍മണാകുന്ന ചാളയ്ക്കു ഫ്രൈ എന്നു പറഞ്ഞാല്‍ അന്ത്യവും ആകുന്നു. നിന്റെ കുറ്റമല്ല, ഞാന്‍ വളര്‍ന്ന നാട്ടില്‍ ഫ്രൈഡ് ഫിഷിനു ഫിഷ് ഫ്രൈ എന്നാണു പറയുക, അല്ലെങ്കില്‍ നിന്റെ കുറ്റമാണ്, ഞങ്ങളുടെ ഫിഷ് ഫ്രൈയെ കയറി ഫ്രൈഡ് ഫിഷ് ആക്കാന്‍ നിങ്ങളോട് ആരു പറഞ്ഞു?"

എന്നിട്ടും അവനു ഒരു വാക്കില്‍ രണ്ടര്‍ത്ഥം കല്പ്പിക്കാനുള്ള വിഷമം മനസ്സിലാകുന്നില്ല. ചായക്കടയിലും ഷാപ്പിലും നിരന്തരം നിരങ്ങിയല്ലല്ലോ അവന്‍ വളര്‍ന്നത്, പാവലോവിന്റെ പട്ടിയെ ഉദാഹരിച്ചു തന്നെ തീര്‍ക്കേണ്ടിവരും ഇത്.

9 comments:

പാമരന്‍ said...

"സ്കൂളുവിട്ടോടുന്ന പിള്ളേരുടെ ഉത്സാഹമുള്ള മീനുകളും"

donte kavitha!

Faisal said...

ഹ ഹ ഇതായിരുന്നല്ലേ മുന്നത്തെ പോസ്റ്റില്‍ ചാള ഫ്രൈ salmon ഫ്രൈ എന്നൊക്കെ പറഞ്ഞത്. ഞമ്മള് തിന്നണ ഫ്രൈ ആണെന്നല്ലേ ഉദ്ദേശിച്ചത്. ഗൂഗിളും തന്നത് പൊരിച്ച ഫ്രൈ തന്നെ! ആ കവിത ഇപ്പഴാ മനസ്സിലായത്‌.

Ajith Pantheeradi said...

ഇപ്പോളാണ് കവിത മനസ്സിലായത്!

എന്നാലും കവിക്കു തന്നെ കവിത, കവിത ഭാഷയില്‍ നിന്നു ട്രാന്‍സ്ലേറ്റു ചെയ്യേണ്ടി വന്നു :)

G Joyish Kumar said...

അണ്ണന്റെ ഉത്തരാധുനിക കവിത ആദിയും അന്ത്യവുമാണ് ഉല്‍‌പ്രേക്ഷിച്ചതെന്ന് മനസ്സിലായില്ലായിരുന്നു. :)

angela2007 said...

അയ്യേ അവാര്‍ഡ് പടം കണ്ട പോലെയായി. കാണികള്‍ എന്തൊരോ മനസ്സിലാക്കി നിരൂപകന്‍ വേറെ എന്തോന്നൊക്കെ നിരൂപിച്ചു സൃഷ്ടികര്‍ത്താവ് ഉദ്ദേശിച്ചത് അയാള്‍ക്ക് മാത്രം മനസ്സിലായി! എന്തായാലും അത്യന്താധുനിക കവിതാ സാഹിത്യലോകത്ത് ഒരു സിംഹാസനം ഒഴിഞ്ഞു കിടക്കുന്നു അന്തോനിച്ചനെ കാത്ത്! ഇത്തരം പത്തു കവിതയെഴുതി നല്ല മാര്‍ക്കറ്റിംഗ് കാമ്പൈന്‍ നടത്തി നിരൂപക ക്ലിക്കൊക്കെ ഉണ്ടാക്കി പുസ്തകം വിറ്റാല്‍ ഒരു മറൈന്‍ ടാങ്ക് വാങ്ങാമല്ലോ!

R. said...

ആഹാ!

കാസ്പന്‍ ആളു പുലി തന്നെ, ല്ലേ?

:: VM :: said...

Super :) Really liked this post :) Txs

Unknown said...

"നിന്റെ ചാളയാകുന്ന സാല്‍മണിണിനു ഫ്രൈ എന്നു പറഞ്ഞാല്‍ ആദിയും, പക്ഷേ എന്റെ സാല്‍മണാകുന്ന ചാളയ്ക്കു ഫ്രൈ എന്നു പറഞ്ഞാല്‍ അന്ത്യവും"
...
ഹാവൂ ഒരു ആധുനിക കവിത മനസിലായി, അതും ഒരു ഉത്തരാധുനിക ചിത്രകവിത

അനോണി ആന്റണി said...

നന്ദി കൂട്ടുകാരേ.

ഏഞ്ചല,
കാശ് തെണ്ടിയെങ്കിലും ഒപ്പിക്കാം, ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്ന സാധനങ്ങള്‍ക്ക് (മറൈന്‍ മിക്സ്, ലൈവ് കോറല്‍, മറൈന്‍ ഫീഡ്, കോറല്‍ ഫീഡ്) ഇതിനൊക്കെ എങ്ങോട്ടു പോകും ദുബായില്‍?

അറ്റ കൈക്ക് ദുബായി മാളിലെ അക്വേറിയത്തില്‍ തൂപ്പുകാരെ ആവശ്യമുണ്ടെങ്കില്‍ പാര്‍ട്ട് ടൈം ചെയ്യാം എന്നു പറഞ്ഞു നോക്കിയാലോ?