Monday, June 29, 2009

ഏ കെ നായരും ഏ ഏ അച്ചായനും

ഒരു വഴിക്ക് ഇറങ്ങിയതാ. ചായ കുടിക്കാമെന്ന് വച്ച് രാമന്നായരുടെ കടയിലോട്ട് കയറി. അവിടെ ഏ കെയും പു. വാദിയും മുട്ടന്‍ ചര്‍ച്ച. രാമന്നായര്‍ ഇതെന്തരു കൂത്തെന്ന് അന്തം വിട്ട് ഒരു കയ്യില്‍ കാസ്റ്റ്റോളിന്റെ പാട്ടയും മറ്റേക്കയ്യില്‍ തേയിലയരിപ്പയുമായി ഫ്രീസ് ആയി നില്‍ക്കുന്നു. ബഞ്ചില്‍ ഇരുന്നു.

"എന്താ രാമനണ്ണാ വാഗ്വാദം."
"അതായത് ആന്റോ അനിയാ, ഈ ഏകേ സാറു പറയുന്നതില്‍ കാര്യമില്ലേ?"
"എന്തരാണ്ണാ പറഞ്ഞത്, ഞാന്‍ ഇപ്പ വന്നതേയുള്ളു."
"ഞാനോ എന്റച്ചനോ അപ്പൂപ്പനോ ആരെയും കൂട്ടിക്കൊടുത്തിട്ടും കൊന്നിട്ടുമില്ല"
"അതിത്ര മഹാകാര്യമാണോ എന്റപ്പൂപ്പനും ആരെയും കൂട്ടിക്കൊടുത്തിട്ടും കൊന്നിട്ടുമില്ലല്ലോ"
"തീര്‍ന്നില്ല. ഞാന്‍ ചായക്കടക്കാരന്‍ ആയിപ്പോയി. പുരോഗമനവാദി സര്‍ക്കാര്‍ ജോലിക്കാരനും."
"അതിനെന്താ, ഓരോരുത്തര്‍ കിട്ടുന്ന ജോലിയൊക്കെ ചെയ്യും."
"എന്നിട്ടും എന്റെ മോന്റെ മുകളില്‍ പുരോഗമന വാദിച്ചേട്ടന്റെ മകനു സം‌വരണം എന്തിനാ എന്നാ ഏക്കേ സാര്‍ ചോദിക്കുന്നത്."

ഓ അതോ.
എന്താ കാര്യമല്ലേ. ഇന്നത്തെ കാലത്ത് ജാതിയും മതവുമൊന്നുമില്ല. പിന്നെന്തിനാ സാറേ സം‌വരണം? നായന്മാരും മുന്നോക്ക ജാതിക്കാരും ഒക്കെ നാടുവിട്ട് ഗള്‍ഫിലും ഒക്കെ പോയി തെണ്ടേണ്ട സ്ഥിതിയായില്ലേ എന്നാ ഏക്കേ സാര്‍ ചോദിക്കുന്നത്.

രാമനണ്ണാ, ഇന്നാളില്‍ നമ്മള്‍ ആ രാജേന്ദ്രനോട് "എടേ ഇങ്ങനെ കുടിയും ബീഡിവലിയും പണിയെടുക്കാതെ കിടന്നുറങ്ങലുമായി ജീവിച്ചാല്‍ വല്ല അറ്റാക്കോ ക്യാന്‍സറോ വന്ന് ചത്തു പോകുമേ" എന്നു പറഞ്ഞപ്പോ അവന്‍ "എന്റെ അയലത്തെ ശങ്കരമ്മാവന്‍ ഡെയിലി രണ്ട് കുപ്പി ചാരായം കുടിച്ചിരുന്നു, മൂന്നു കെട്ടു ബീഡിയും വലിക്കും. പുള്ളി മേലനങ്ങി ഒന്നും ചെയ്യൂല്ല. എന്നിട്ട് തൊണ്ണൂറ്റാറു വയസ്സുവരെ സുഖമായി ജീവിച്ചു" എന്നാ പറഞ്ഞത്. ഇങ്ങനെ നടക്കുന്ന ആരോട് ചോദിച്ചാലും ഒരു ശങ്കരമ്മാവന്റെയും പാപ്പിച്ചേട്ടന്റെയും കഥ അവര്‍ പറഞ്ഞ് ഒഴിയും. അതില്‍ സത്യമുണ്ടോ?

എന്നു ചോദിച്ചാല്‍ ആന്റോ മോനേ, ഒരു ശങ്കരനും പാപ്പിച്ചേട്ടനും കാണും, പക്ഷേ ഡോക്റ്റര്‍മാരുടെ കയ്യിലെ കണക്കുകള്‍ പറയുന്നത് കുടിയും വലിയും തീറ്റയുമായി നശിക്കുന്ന ഒട്ടുമിക്കവരും നേരത്തേ തെണ്ണം പിടിച്ച് ചാകുമെന്നല്ലേ.

കൃത്യം. രാമനണ്ണന്‍ ഇപ്പോ പറഞ്ഞതാണ്‌ സ്റ്റാറ്റിസ്റ്റിക്സ്. ഇനി നമുക്ക് സം‌വരണത്തിലേക്ക് തിരിച്ചു പോകാം, അതില്‍ സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവും രാഷ്ട്രീയപരവും ആയ ഒട്ടേറെ കാര്യങ്ങളുണ്ട്. ഏതായാലും ഇപ്പോ അണ്ണന്‍ പറഞ്ഞത് അതിലെ സാമ്പത്തിക വശമാണ്‌. നായര്‍ ജോലിയില്ലാതെ തെണ്ടുമ്പോള്‍ എന്തിനാണ്‌ പിന്നോക്കവിഭാഗക്കാരനു സര്‍ക്കാര്‍ ജോലി എന്നല്ലേ ചോദ്യം. നമുക്ക് സ്റ്റാറ്റിസ്റ്റിക്സിലേക്ക് പോകാം.

കേരളത്തിലെ മൊത്തം ജനസംഖ്യയുടെ പന്ത്രണ്ട് ശതമാനം ആണ്‌ നായര്‍ ജാതിയില്‍ ഉള്ളവര്‍. സര്‍ക്കാര്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ ഇരുപത്തൊന്ന് ശതമാനം അവരാണ്‌, അതായത് ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യത്തില്‍ സര്‍ക്കാര്‍ ജോലിയില്‍ നാല്പ്പത് ശതമാനം അവര്‍ക്ക് പ്രാതിനിദ്ധ്യം കൂടുതല്‍ ഉണ്ട്. ഇങ്ങനെ വരുമ്പോഴാണ്‌ സം‌വരണം, ഇക്കണോമിക്സിന്റെ ഭാഷയില്‍ റിവേര്‍സ് ഡിസ്ക്രിമിനേഷന്‍ ചെയ്ത് അസമത്വം ഒഴിവാക്കേണ്ടി വരുന്നത്. രാമനണ്ണന്‍ അതിലെ ബെല്‍ കര്‍വ്വിനു അറ്റത്തായിപ്പോയ ആളാണ്‌. ഏ കേ സാറും ഞാനും സം‌വരണമില്ലാത്തവരും പക്ഷേ ബെല്ലിനകത്ത് ഉള്ളവരും ആണ്‌. കണക്കെടുക്കുമ്പോള്‍ അണ്ണനും ഏകേയും അടങ്ങുന്ന നായര്‍മാര്‍ നാല്പ്പതു ശതമാനം കൂടുതല്‍ പ്രാതിനിദ്ധ്യം നേടി, ഞാനടങ്ങുന്ന ക്രിസ്ത്യാനികള്‍ പതിനൊന്നു ശതമാനവും.

അപ്പോ ഈഴവരോ?
ഈഴവര്‍ കേരളജനതയുടെ 22% ആണ്‌. സര്‍ക്കാര്‍ ജോലിയിലും 22% . അപ്പോള്‍ സം‌വരണം നിറുത്താറായില്ലേ എന്നു രാമനണ്ണന്‍ ചോദിക്കും, പക്ഷേ സം‌വരണത്തോടു കൂടിയാണ്‌ ഈ കൃത്യപ്രാതിനിദ്ധ്യം, അത് നിറുത്തിയാലും കൃത്യപ്രാതിനിദ്ധ്യം വരും വരെ അങ്ങനെ തുടരണം.

പട്ടിക ജാതി പട്ടികവര്‍ഗ്ഗക്കാരുടെ പ്രാതിനിദ്ധ്യം സം‌വരണത്തോടുകൂടി എടുത്തിട്ടും യഥാക്രമം 22ഉം 40 ഉം ശതമാനം താഴെയാണ്‌ വരുന്നത്. മുസ്ലീങ്ങള്‍ നൂറ്റി മുപ്പത്താറു ശതമാനം കുറവാണ്‌.

സം‌വരണത്തിലെ ശങ്കരമ്മാവന്‍ ഇഫക്റ്റ് രാമന്‍ അണ്ണനു മനസ്സിലായല്ലോ. ഈ സാധനം ആണ്‌ ഫ്രാങ്കോയിസ് ഗോത്തിയെമാര്‍ റിക്ഷാ വലിക്കുന്ന പൂജാരി, ആക്രിക്കച്ചവടക്കാരന്‍ ക്ഷത്രിയന്‍ എന്നൊക്കെ പറഞ്ഞു വില്‍ക്കുന്നത്. ഒരു പൂജാരി റിക്ഷാ വലിക്കുമ്പോള്‍ ഒരു ലക്ഷം പിന്നോക്കക്കാരന്‍ റിക്ഷ പോലും ഇല്ലാതെ ചക്രശ്വാസം വലിച്ചു നടക്കുന്നത് നമ്മള്‍ കാണില്ല.
ശരിയാ ആന്റോ മോനേ, ഞാനും അങ്ങനെ ആലോചിച്ചില്ല.
എനിക്കു സം‌വരണമൊന്നും ഇന്നുവരെ കിട്ടിയിട്ടില്ലെന്നും ഏകേ സാറിനോട് പറയണേ. എന്റെ ബസ്സു വരുന്നു. ബാക്കി പിന്നെ.

നില്ലെടേ, ഈ കണക്കൊക്കെ എവിടെ നിന്നാണെന്ന് ഏക്കേ സാര്‍ ചോദിക്കുന്നു.
ഒരുപാട് സ്ഥലത്തൂന്നു കിട്ടും. വേഗം നോക്കാന്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേരള പഠനത്തിലെ പേജ് 71, പട്ടിക 15 നോക്കിക്കേ.

24 comments:

ramachandran said...

അന്തോണി മാപ്പിളേ
നല്ലോരു പോസ്റ്റായിട്ടും ഇവിടെ തേങ്ങയടിക്കാൻ സാധാരണ കാണുന്ന തിക്കും തിരക്കും ഒന്നു ഇല്ലല്ലോ? എന്തു പറ്റിയോ ആവോ?

സംവരണം ഒക്കെ ഉണ്ടായിട്ടും സർക്കാർ മേഖലയിലുള്ള തൊഴിലവസരങ്ങളിൽ പോലും സവർണ്ണ വിഭാഗങ്ങളിൽ പെട്ടവർക്ക് ജനസംഖ്യാനുപാതികമായി ലഭിക്കേണ്ടതിലും അധികം തൊഴിലുകൾ ലഭിച്ചിട്ടുണ്ട്, ലഭിക്കുന്നുണ്ട് എന്നത് സംശയാതീതമാണ്. സ്വകാര്യമേഖലയിലെ വെണ്ണപ്പാളി ഉദ്യോഗങ്ങളുടെ (സൈബർ ലോകത്തിലെ ഉൾപ്പെടെ) കാര്യം പരിശോധിക്കുമ്പോൾ മാത്രമേ സംഗതിയൂടെ ഗൌരവാവസ്ഥ ബോധ്യപ്പെടുകയുള്ളൂ..

കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും എന്തു കൊണ്ട് സംവരണ വിരുദ്ധ വികാരം വളർന്നു വരുന്നു എന്നത് പരിശോധിക്കപ്പെടേണ്ടേ? തൊഴിലവസരങ്ങൾ കുറവും തൊഴിലന്വേഷകർ വളരെ കൂടുതലും ആണ് എന്നതല്ലേ മൂലകാരണം? വിദ്യാഭ്യാസവും തൊഴിലും എല്ലാ പൌരന്മാർക്കും ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം ഭരണകൂടങ്ങൾ കാട്ടണം എന്നാവശ്യപ്പെടുന്നതു പോലും മഹാപാതകമാണെന്നു വിശ്വസിക്കുന്ന ഒരു തലമുറ ഇതൊക്കെ അർഹിക്കുന്നുണ്ടെന്ന് എന്റെ പക്ഷം.

അഭിവാദ്യങ്ങൾ

അരവിന്ദ് :: aravind said...

എ കെ യുടെ പോസ്റ്റ് വായിച്ചു. തികച്ചും ബാലിശമായ വാദങ്ങള്‍ ആണെന്ന് തോന്നി.
സം‌വരണം ജാതി വ്യവസ്ഥയെ വളര്‍ത്താനോ തളര്‍ത്താനോ സൃഷ്ടിച്ചതല്ല.
പണ്ടുകാലത്തെ ചീഞ്ഞളിഞ്ഞ അര്‍‌ബ്ബുദ്ദം ബാധിച്ച സാമൂഹികസ്ഥിതിയുടെ ട്യൂമറുകള്‍ നമ്മുടെ സമൂഹത്തില്‍ നിന്ന് മാറ്റാനുള്ള റേഡിയേഷന്‍/കീമോ‌തെറാപ്പി മാത്രമാണ്.ഗ്രാഡ്വല്‍ ആയ ഒരു മാറ്റത്തിന് സമയമോ സൊഉകര്യമോ ഇല്ലാത്തത് കാരണം ബലമായി ശരിയാക്കുന്നു.
സം‌വരണം എന്ന ഒരു ഔദാര്യപ്പേരിറ്റു വിളിക്കുന്നതില്‍ മാത്രമേ എനിക്ക് വിരോധമുള്ളൂ.

പണ്ട് എ കെയെപോലെയുള്ള ഒരു സുഹൃത്ത് ചോദിച്ചു : എടാ ഞാന്‍ ആരേയും ദ്രോഹിച്ചിട്ടില്ല, എന്റെ അച്ഛനും മുത്തച്ഛനും ദ്രോഹിച്ചിട്ടില്ല. പണ്ട് മുതു കാരണവന്മാര്‍ ആരെയോ എന്തൊക്കെയോ ദ്രോഹിച്ചു എന്നു പറഞ്ഞ് എന്നെ എന്തിന് ഇപ്പോള്‍ ശിക്ഷിക്കണം?

ചോദ്യത്തില്‍ തന്നെ ഉത്തരമുണ്ടല്ലോ.

കാരണവന്മാരുടെ കാലത്ത് അടിച്ചമര്‍ത്തപ്പെട്ടെന്ന് കരുതി ഇന്നും ചിലര്‍ മീന്‍ പിടിക്കാനും, കാലി വളര്‍‌ത്താനും കള്ളു ചെത്താനും മാത്രം നടക്കണോ? അവരെ എന്തിന് ശിക്ഷിക്കണം?

ജനറേഷനുകളായി ഒരു പ്രത്യേക വിഭാഗത്തെ സൈഡ് ലൈന്‍ ചെയ്ത് ചെയ്ത് ചിന്ത/ബുദ്ധിപരമായി റിട്ടാര്‍ഡഡ് ആക്കാന്‍ പോലും കഴിവുള്ളതായിരുന്നു ദക്ഷിണ ആഫ്രിക്കയിലെ വംശ വെറി.
നാട്ടിലേയും മോശമായിരുന്നെന്ന് തോന്നുന്നില്ല.

എന്റെ കൂടെ ഇവിറ്റെ വന്ന ഒരാള്‍ വഴിയില്‍ ഒരു സായിപ്പ് തെണ്ടുന്നത് കണ്ടു ആകെ ഡെസ്പ്.
ശോ എന്നാലും അയാക്കടെ ഒരു സ്ഥിതി..അയാളടെ മനസ്സില്‍ എന്താവു..കഷ്ടം!
അതിനു മുന്‍പ് ഒരു പത്ത് കറമ്പരെ അതിലും ദാരുണമായി തെണ്ടുമ്പോള്‍ മുഖം തിരിച്ചിരുന്ന ആളാണ്.

രാമന്‍‌നായരുടെ മകന് ജോലി കിട്ടാത്തതിന് വേദന. കുഞ്ഞി‌ത്താമിയുടെ മകന്‍ മരം‌ വെട്ടാന്‍ പോയി മഴ കൊണ്ട് പനി വന്ന് ചത്തു പോയാല്‍..ആഹ് എന്നാ പറയാന്‍..അങ്ങനൊക്കെയാ.

പിന്നെ ആന്റണിച്ചാ ശതമാനക്കണക്ക് വെച്ച് കണക്ക് പറയല്ലേ. നായന്മാരും കൃസ്ത്യാനികളും, ഈഴവരും എല്ലാം 'ആഹ ശതമാനം വെച്ചാണോ ജോലി' എന്നു കരുതി തച്ചിന്..........തുടങ്ങ്യാ നാട് തെണ്ടിപ്പോകും!

:-)

ഗുപ്തന്‍ said...
This comment has been removed by the author.
ഗുപ്തന്‍ said...

‘മേല്‍ത്തട്ടില്‍’ ഉള്ള ചിലരുടെ കഷ്ടപ്പാടുകള്‍ സംവരണ വിരുദ്ധവികാരം ഉണ്ടാക്കാനായി ഉപയോഗിക്കുന്നത് ആദ്യമായിട്ടൊന്നും അല്ല. വര്‍ഷങ്ങളായി മലയാളത്തിലെ സില്‍മാക്കാരുള്‍പടെ കളിക്കുന്ന കളിയാണത്.

പക്ഷെ ജാതിക്കാര്‍ഡ് കളിച്ച് വോട്ട് പിടുങ്ങാനും ഒക്കെയായി രാഷ്ട്രീയക്കാര്‍ സംവരണം ‘അനുവദിച്ചു’തന്നെ സംഗതി ഒരരുക്കാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് വടക്കേ ഇന്ത്യയില്‍. സാമ്പത്തിക സംവരണം പിന്നോക്കമേഖലയിലെ സെലക്റ്റീവ് സംവരണം മുതലായ കുറച്ചുകൂടി കോമ്പ്ലക്സ് രീതികള്‍ --പ്രാഥമികതലത്തിലെ സംവരണത്തോടൊപ്പം-- ഉപയോഗിച്ച് സംവരണത്തിന്റെ നെഗറ്റീവ് ഇഫക്റ്റ്സ് കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.


ഉദാഹരണത്തിന് തൊഴില്‍ രംഗങ്ങളില്‍ പ്രാരംഭനിയമനങ്ങള്‍ കഴിഞ്ഞാല്‍ വരുന്ന പ്രമോഷനുകള്‍ക്ക് ജാതിസംവരണം മാനദണ്ഡമാവുന്നത് പലപ്പോഴും കഴിവുള്ളവര്‍ പിന്തള്ളപ്പെട്ടുപോവാന്‍ ഇടയാക്കുന്നുണ്ട്. കോളേജധ്യാപകരെ നിയമിക്കുന്നതില്‍ സംവരണം വരുന്നത് -ഉദാഹരണത്തിന്-തീര്‍ച്ചയായും ആവശ്യമാണ്. അതുകഴിഞ്ഞു വരുന്ന ഓരോ ഗ്രേഡിംഗിലും ജാതിയുടെ പേരില്‍ മുന്‍‌ഗണന കിട്ടുന്നത് ആ രംഗത്ത് കൂടുതല്‍ മുന്‍‌ഗണന കിട്ടേണ്ട മെരിറ്റോക്രസിയെ കാര്യമായി ബാധിക്കുന്നുണ്ട്. ജാതിയുടെ പേരില്‍ അവഗണിക്കപ്പെടുന്നത് ഒഴിവാക്കുക എന്ന നെഗറ്റീവ് സമീപനം ആയിരിക്കണം അവിടെ (പ്രാഥമിക നിയമനങ്ങള്‍ക്ക് ശേഷം) ഉണ്ടാകേണ്ടത്.

അതുപോലെ സംവരണാനുകൂല്യം ‘പിന്നോക്ക’ഗ്രൂപ്പുകളിലെ തന്നെ --ഓരോ ഗ്രൂപ്പിലെയും -- ചില ഫിക്സഡ് പോക്കറ്റുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നത് സംവരണസങ്കല്പത്തെ തന്നെ എതിരായി ബാധിക്കുന്നുണ്ട്. അതായത് ഒരു സമുദായത്തില്‍ നിന്ന് ആനുകൂല്യം ലഭിക്കുന്ന ഗ്രൂപ്പുമായി ബന്ധപ്പെട്ട ആള്‍ക്കാര്‍ക്ക് തന്നെയാണ് തലമുറകളാ‍യും കുടുംബങ്ങളായും ഈ ആനുകൂല്യങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. അതൊഴിവാക്കാന്‍ സംവരണം ലഭിക്കുന്ന ഗ്രൂപ്പുകള്‍ക്കുള്ളില്‍ തന്നെ സാമ്പത്തിക-മുന്നനുഭവ മാനദണ്ഡങ്ങള്‍ ഉപയോഗിക്കേണ്ടിവരും.

സംവരണം കൊണ്ടുമാത്രം ഒരു ഗ്രൂപ്പിനും സാമൂഹ്യനീതി ലഭിക്കില്ല എന്ന സത്യം മൂടിവച്ചാണ് ഇതിനുവേണ്ടിയുള്ള രാഷ്ട്രീയകളികള്‍. സംവരണം സാമൂഹ്യവികസനത്തിന്റെ ഒരു ഘട്ടം മാത്രമേ ആകുന്നുള്ളൂ. അതില്‍ ആശ്രയിച്ച് ഒരു ജനസമൂഹം വളരുന്ന അവസ്ഥ ഒഴിവാക്കുക എന്നതാവണം ഈ പോളിസിയുടെ തന്നെ ലക്ഷ്യം. തുടര്‍ച്ചയായ വികസനാത്മകമായ ശാസ്ത്രീയമായ പോളിസി പരിഷ്കരണം വഴി സംവരണം ഉപയോഗിച്ചുതന്നെ സംവരണം ഒഴിവാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വോട്ട് ബാങ്ക് വേണ്ടി നടത്തുന്ന ഒരു അഭ്യാസമായി മാത്രം ഇത് കാലാകാലങ്ങളോളം നിലനില്‍ക്കും.

Chau Han said...

“കേരളത്തിലെ മൊത്തം ജനസംഖ്യയുടെ പന്ത്രണ്ട് ശതമാനം ആണ്‌ നായര്‍ ജാതിയില്‍ ഉള്ളവര്‍. സര്‍ക്കാര്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ ഇരുപത്തൊന്ന് ശതമാനം അവരാണ്‌, അതായത് ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യത്തില്‍ സര്‍ക്കാര്‍ ജോലിയില്‍ നാല്പ്പത് ശതമാനം അവര്‍ക്ക് പ്രാതിനിദ്ധ്യം കൂടുതല്‍ ഉണ്ട്.“

അണ്ണന്‍ ജാതിസ്പര്‍ദ്ധയുണ്ടാക്കരുത് കേട്ടോ.

“ഒരു പൂജാരി റിക്ഷാ വലിക്കുമ്പോള്‍ ഒരു ലക്ഷം പിന്നോക്കക്കാരന്‍ റിക്ഷ പോലും ഇല്ലാതെ ചക്രശ്വാസം വലിച്ചു നടക്കുന്നത് നമ്മള്‍ കാണില്ല.“

ദേ, പിന്നേം

കെ said...

അന്തോണിച്ചനോട് യോജിപ്പ്..............

തൊഴില്‍ നേടുക എന്നതല്ല, അധികാര പങ്കാളിത്തമാണ് സംവരണത്തിന്റെ ലക്ഷ്യം എന്നറിയാത്തതോ, അതുള്‍ക്കൊള്ളാനുളള മടിയോ ആണ് കൊടിയ സംവരണ വിരുദ്ധതയുടെ അടിസ്ഥാനം. അധികാരത്തില്‍ നിന്നും ഏതു കാരണം പറഞ്ഞാണോ, ഒരു മഹാവിഭാഗത്തെ അകറ്റി നിര്‍ത്തിയത്, അവരെ അക്കാരണത്താല്‍ തന്നെ അധികാരത്തില്‍ പങ്കാളിയാക്കുക എന്നതാണ് സംവരണം കൊണ്ടുദ്ദേശിക്കുന്നത്.

സംവരണം മൂലം മുന്നോക്ക സമുദായത്തിലൊരു വിഭാഗം അനുഭവിക്കുന്നുവെന്ന് പറയപ്പെടുന്ന ദുര്യോഗം, ഒരുതരത്തിലും പിന്നാക്ക ജനതയുടെ ഭൂതകാലപീഢനങ്ങളോട് താരതമ്യപ്പെടുത്താന്‍ കഴിയാത്തതാണ്. ദളിതരും മറ്റും ഇന്നും അനുഭവിക്കുന്ന ജാതിവിവേചനവും അയിത്തവും കൂടുതല്‍ ശക്തിയോടെ സംവരണം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയിലേയ്ക്കു തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

ജാതിക്കാര്‍ഡുപയോഗിച്ച് ചിലര്‍ കളിക്കുന്നുവെന്ന ഗുപ്തരുടെ ആരോപണത്തെക്കുറിച്ച്........

അതിലെന്താണ് തെറ്റ്... അധികാരം നേടാനും നിലനിര്‍ത്താനും ജാതിയ്ക്ക് ഒന്നാം സ്ഥാനമുണ്ടായിരുന്ന ഒരു സാമൂഹ്യവ്യവസ്ഥയുടെ ഫലമാണല്ലോ സംവരണം. ബഹുഭൂരിപക്ഷം അസംഘടിതരായിരുന്ന ഒരുകാലത്തു നിന്നും ഇന്ന് കാര്യങ്ങള്‍ ഒരുപാട് മാറിപ്പോയില്ലേ.. തങ്ങളുടെ സാധ്യതകള്‍ തിരിച്ചറിയുന്നവര്‍, അധികാരത്തിനു വേണ്ടി ജാതിയെ ഉപയോഗിക്കുന്നത് മഹാകാര്യമല്ല. ആരും ചെയ്യാത്ത കാര്യമൊന്നുമല്ലല്ലോ ഇത്..

അതുപോലെ, പ്രമോഷനുകളില്‍ കഴിവുളളവര്‍ പിന്തളളപ്പെടാന്‍ ജാതി സംവരണം കാരണമാകുന്നുവെന്ന നിരീക്ഷണവും അല്‍പം കടുത്തുപോയി. കാരണം, സംവരണ ജാതികളില്‍ പ്രമോഷന് യോഗ്യതയുളളവര്‍ ഉണ്ടാവുക തുലോം വിരളമായിരിക്കുമെന്നൊരു ദുസ്സൂചന ഇതിലുണ്ട്. പ്രമോഷന് വേണ്ട യോഗ്യത ആരാണ് തീരുമാനിക്കുന്നത് എന്ന ചോദ്യമാണ് തുടര്‍ന്നുണ്ടാകുന്നത്. നേരത്തെ പ്രമോഷന്‍ കിട്ടിയവര്‍, അല്ലെങ്കില്‍ അത് തീരുമാനിക്കാനുളള അധികാരസ്ഥാനത്ത് നേരിട്ട് എത്തിയവരായിരിക്കുമല്ലോ, മറ്റൊരാളിന്റെ യോഗ്യത നിശ്ചയിക്കുന്നത്. അവര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍, തലമുറകളായി സാമൂഹികമായ പിന്നാക്കാവസ്ഥയനുഭവിക്കുന്നവരെ വിപരീതമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്.

ഒരു തവണ സംവരണം ലഭിച്ചവര്‍ക്ക് പിന്നീട് സംവരണം നല്‍കരുതരുതെന്ന ആശയവും അപകടകരമാണ്. സംവരണം വഴി പ്യൂണ്‍ ജോലി ലഭിച്ചെന്നു വെച്ച് ഒരു ദളിതന്റെ പിന്നാക്കാവസ്ഥയ്ക്ക് മാറ്റമൊന്നും വരില്ല. എന്നാല്‍ ക്ലാസ് വണ്‍ തസ്തികയോ, തത്തുല്യമായ മറ്റുദ്യോഗങ്ങളോ വഹിക്കുന്ന പിന്നാക്കക്കാരുടെ മക്കള്‍ ക്രിമിലെയര്‍ വിഭാഗത്തില്‍ പെടുകയും അവരെ സംവരണാനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. വ്യക്തമായി പറഞ്ഞാല്‍ കെ ആര്‍ നാരായണന്റെയോ കെ ജി ബാലകൃഷ്ണന്റെയോ മക്കള്‍ക്ക് സംവരണം ലഭിക്കില്ല. ഗുപ്തന്‍ പറയുന്ന സാമ്പത്തിക - മുന്നനുഭവ മാനദണ്ഡങ്ങള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ടെന്ന് അര്‍ത്ഥം.

Suraj said...

മാരീചരേ,

ആ ക്ലാസ്-1 ജീവനക്കാരെ ക്രീമിലെയറില്‍പ്പെടുത്തി ഒഴിവാക്കിയിട്ടുണ്ടെന്ന കാര്യം പലര്‍ക്കും അറിയില്ല, അല്ലെങ്കില്‍ അറിയാത്തതായി നടിക്കുന്നു. ഡോ: XYZ ന്റെ മകനും ജസ്റ്റീസ്:ABC മകള്‍ക്കും ഇപ്പഴും സംവരണം കിട്ടുന്നു എന്ന് ആശ്ചര്യചിഹ്നമിട്ട് അടിച്ച് വിടുന്നവര്‍ സംവരണവിഭാഗങ്ങളിലെ ക്രീമിലെയറിനു താഴെയുള്ള അവശരെയോര്‍ത്തു ദു:ഖിക്കുന്ന ആ ഒന്നൊന്നര ദു:ഖം കാണുമ്പോള്‍...ഹാ!!

Inji Pennu said...

ഏതൊരു ജാതിയിൽ പെട്ടാലും ഏറ്റവും കൂടുതൽ പിന്നാക്കം അവരിലെ സ്ത്രീകളാണ്. ദളിതന്റെ പെണ്ണിനോളം പിന്നോക്കാവസ്ഥയിൽ ആരുമില്ല തന്നെ. അതുകൊണ്ട് ഇന്നു വായിച്ച വാർത്തയിൽ സർക്കാർ ജോലിയിലും മറ്റും സ്ത്രീകൾക്ക് പ്രത്യേക സംവരണം തികച്ചും ആശാവഹമായൊരു വാർത്തയാ‍ണ്. എവിടെ സ്ത്രീകൾ പിന്തള്ളപ്പെടുന്നോ ആ സമൂഹങ്ങളിലെ അപചയം കണക്കാക്കപ്പെടുമ്പോൾ സ്ത്രീകൾക്കുള്ള സംവരണം 30%ൽ ഒന്നും ഒതുക്കാൻ പറ്റില്ല.

ജനസംഖ്യാ അനുപാതത്തിൽ സ്ത്രീകൾക്ക് കേരളത്തിൽ എത്ര സർക്കാർ ജോലിയുണ്ടെന്ന് എവിടെയെങ്കിലും കണക്കുണ്ടെങ്കിൽ ലിങ്കൊന്നു തരുമോ?

nalan::നളന്‍ said...

ആകെക്കൂടി സംവരണമുള്ളത് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രമാണു. മൊത്തം ജോലികളുടെ തുച്ഛമായ ശതമാനം മാത്രം (5 % ? ) വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശരിക്കും 100% ശതമാനം സംവരണം ഏര്‍പ്പെടുത്തിയാലും അധികമാവില്ല.

ഈ ചര്‍ച്ച കൂടുതല്‍ വിപുലമാക്കേണ്ടതുണ്ട്.. മെറിറ്റ് (കഴിവു) തുടങ്ങിയ തട്ടിപ്പുകള്‍ തുറന്നു കാട്ടപ്പെടേണ്ടതുണ്ട്. ചര്‍ച്ച നടക്കട്ടെ ... ഇവിടെയുണ്ടാവും..

Rajeeve Chelanat said...

മാരീചനും നളനും സൂചിപ്പിച്ച കാര്യങ്ങള്‍ ഇത്തരം ചര്‍ച്ചകളില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിവാക്കപ്പെടുകയാണ് ചെയ്യുന്നത്. അതേ സമയം, ക്രീമിലെയറിനെ ഹൈജാക്കു ചെയ്യാനുള്ള ശ്രമത്തെയും കാണാതിരുന്നുകൂടാ.
അഭിവാദ്യങ്ങളോടെ

Jijo said...
This comment has been removed by the author.
Jijo said...

ഇതില്‍ ക്രീമിലെയറിന്റെ കനം മാത്രമാണ്‌ ഏറ്റവും പ്രധാനം. വാര്‍ഷിക വരുമാനം എത്ര വേണമെന്ന്‌ പറയാന്‍ എനിക്കറിവില്ല. ഒരു കുടുംബത്തിന്റെ വരുമാനം കണക്കാക്കുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും പിന്നോക്കക്കാരില്‍ വളരെ മുന്നോക്കം നില്‍ക്കുന്നവരെ ഒഴിവാക്കേണ്ടത്‌ വളരെ പ്രധാനം. ഇക്കാര്യത്തില്‍ വെള്ളാപ്പിള്ളി അനാവശ്യ വാശി കാണിക്കുന്നില്ലേയെന്ന്‌ ഒരു സംശയം.

പിന്നെ തൊഴില്‍ മേഖലയിലെ സംവരണത്തിനേക്കാള്‍ വിദ്യാഭ്യാസ മേഖലയിലാണ്‌ ആണ്‌ കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത്‌ എന്നാണ്‌ എന്റെ അഭിപ്രായം.

സ്വതന്ത്രന്‍ said...

ഞാന്‍ എ.കെ . യുടെയും തങ്ങളുടയും പോസ്റ്റ്‌ വായിച്ചു.എ.കെ പറയുന്നതില്‍ കഴബുണ്ട് .
സംവരണം വേണമെങ്കില്‍ അത് സാമ്പത്തികം നോക്കി കൊടുക്കണം,അല്ലാതെ ജാതി തിരിച്ചു അല്ല്ല
കൊടുകണ്ടത്.

Anonymous said...

Firstly- sorry for not being able to type in Malayalam
Reservation policy in jobs and in education etc is just a means to ensure that some marginalized classes are not totally blocked from opportunities. Just a little social justice. For reforming the society into a casteless one it seems the society has to concentrate in marriages. That is reversing the practice by which Castes evolved .It seems to be there in old times also. In many Castes there is a taboo in marrying from the same “ Gothram’.
If we accept the Constitution of India as a Social Law giver and the Laws are made to ensure that marriages within castes are discouraged by fines etc there is a chance that the present caste system may be dissolved. But still other groupings will form and the future has to take care of that. Finally it all comes to the apportioning of the resources and the inner need of the human beings for the” Other “against whom we should group together and fight.
And the very same desire is the foundation Societies also.

Vadakkoot said...

സംവരണം സാമ്പത്തികാടിസ്ഥാനത്തില്‍ മാത്രമാക്കണം (കാശുണ്ടെങ്കില്‍ സമൂഹത്തില്‍ സ്ഥാനം തന്നെ വന്ന് കൊള്ളും - സംശയമുണ്ടോ?)

അല്ലാതെ നീയല്ലെങ്കില്‍ നിന്റെ പൂര്‍വ്വികരായിരിക്കും വെള്ളം കലക്കിയതെന്ന് പറഞ്ഞ് ഒരു കൂട്ടരെ മാറ്റി നിര്‍ത്തുന്നത് കൂടുതല്‍ വിഭാഗീയതയിലേക്കേ വഴി നയിക്കൂ.

Anonymous said...

വടക്കൂടന്‍ പറഞ്ഞപോലെ സംവരണം ജാതീയമായി കൊടുക്കുന്നത് കൂടുതല്‍ വിഭാഗീയതിയിലോട്ടു നയിക്കും.. ഇപ്പോള്‍ തന്നെ ധാരാളം പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്.. പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കണം എന്നതില്‍ ആരു‌കും എതിരഭിപ്രായം ഇല്ലല്ലോ.. അതിനു പ്രധാന കാരണവും അടിസ്ഥാനവും പണമാണ്. അതുകൊണ്ട് പണം തന്നെ അടിസ്ഥാനമാക്കുന്നതാണ് നല്ലത്.. ഒന്നുമില്ലേലും ഇപ്പോളത്തെ ജാതി തിരിഞ്ഞുള്ള സംവരണത്തില്‍ തന്നെ മുതലാളിമാര്‍ ആനുകൂല്യം അടിച്ചോണ്ട് പോകുന്നില്ലേ എന്ന് ചോദിക്കുമ്പോള്‍.. ഹോ.. എന്തൊരു സ്നേഹം എന്നൊക്കെ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാകുന്നില്ല..
ജാതിയും മതവും ഒക്കെ സാമൂഹികമായ അടിസ്ഥാനമാക്കുമ്പോള്‍ പഴയ തെറ്റുകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ചിന്തിക്കുക..

Inji Pennu said...

സംവരണം ജാതി വഴി കൊടുക്കുന്നത് എന്തു വിഭാഗീയതിലേക്കാണ് നയിക്കുക? അതിലും കൂടുതൽ വിഭാഗീയത ഇന്ത്യയിൽ ഇല്ലേ?

ഇന്ന ജാതിയിൽ പെട്ടവൻ കക്കൂസ് വൃത്തിയാക്കിക്കൊള്ളണമെന്നൊരു വിഭാഗീയതയുള്ള നാട്ടിൽ ഇനിയെന്തു വിഭാഗീയതയാണ് സംവരണം കാരണം ഉണ്ടാകുവാൻ പോവുന്നത്? കക്കൂസ് വൃത്തിയാക്കുന്നവൻ സംവരണം കാരണം അങ്ങിനെ ഒരു ജോലിയിൽ നിന്നു മാറ്റപ്പെട്ടാൽ, അത് എല്ലാർക്കുമുള്ള തൊഴിലായി മാറ്റപ്പെട്ടാൽ, അതിൽ എന്തു വിഭാഗീയതയാണ് വരിക?

കക്കൂസ് വൃത്തിയാക്കുന്നവനു ഞാൻ സംവരണം കാരണമാണ് ഇവിടെയെത്തിയത് എന്നുള്ള അപകർഷതാബോധമാണ് ഈ പറയുന്ന വിഭാഗീയത സൃഷ്ടിക്കപ്പെടുന്നതെങ്കിൽ അത് സഹിക്കാൻ പറയാനല്ലേ പറ്റൂള്ളൂ. ഒപ്പമിരിക്കുന്നവൻ കക്കൂസ് വൃത്തിയാക്കേണ്ടതിനു പകരം സംവരണം കാരണം ഇവിടെം വരെ എത്തി എന്ന് തോന്നിയാൽ അതും ഒന്നു സഹിക്കൂ എന്ന് പറയാനല്ലേ പറ്റൂ?

Anonymous said...

ഇഞ്ചി പെണ്ണ്,

അവരെ അതിനു പ്രേരിപ്പിക്കുന്നത് ഒരുപക്ഷെ അറിയാവുന്ന ജോലിയും വിദ്യാഭ്യാസം ഇല്ലായിമയും പണം ഇല്ലായിമയും അല്ലെ? പണ്ട് പരമ്പരാഗതമായി അത്തരം ജോലി ചെയ്തിട്ടുള്ളതും ഇതേ കാരണം തന്നെ അല്ലെ? അല്ലാതെ ഇന്ന ജാതിയില്‍ പെട്ട ആള്‍ക്കാരെ ഇന്ന ജോലിക്കായി നിയോഗിക്കണം എന്നൊന്നും ഇല്ലല്ലോ? അവര്‍ക്കും അവരെ പോലെ ഉള്ള എല്ലാ പാവങ്ങള്‍ക്കും വിദ്യാഭ്യാസവും ആനുകൂല്യങ്ങളും കൊടുക്കാന്‍ ജാതി അടിസ്ഥാനമാക്കണം എന്നൊരു യുക്തി വേണോ? അങ്ങനെ വേണം എന്ന് വാദിക്കുമ്പോള്‍ ജാതി സമ്പ്രദായം പരോക്ഷമായി തന്നെ നിലനിര്‍ത്തുകയല്ലേ??

Anonymous said...

സത said...
ഇഞ്ചി പെണ്ണ്,

അവരെ അതിനു പ്രേരിപ്പിക്കുന്നത് ഒരുപക്ഷെ അറിയാവുന്ന ജോലിയും വിദ്യാഭ്യാസം ഇല്ലായിമയും പണം ഇല്ലായിമയും അല്ലെ? പണ്ട് പരമ്പരാഗതമായി അത്തരം ജോലി ചെയ്തിട്ടുള്ളതും ഇതേ കാരണം തന്നെ അല്ലെ?


പ്രിയപ്പെട്ട സത, താങ്കളുടെ നിഷ്കളങ്കതയെ സമ്മതിക്കാതിരിക്കാന്‍ വയ്യ.

എത്രയോ നൂറ്റാണ്ടുകളായുള്ള ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്ക്‌ വിധേയമായ കുറേ ജാതികളെ പത്തന്‍പതു കൊല്ലത്തെ സംവരണം കൊണ്ട്‌ ഉദ്ധരിച്ച്‌ തങ്ങള്‍ക്ക്‌ ഒപ്പമാക്കിയെന്നും, ഈ ജാതി വ്യത്യാസമൊക്കെ തുപ്പലു തൊട്ടൂ മായ്ച്ചെന്നും, ജാതി പിശാചിനെ സാമ്പത്തിക സമത്വം കാണിച്ച്‌ വിരട്ടി ഓടിച്ചെന്നുമൊക്കെ ഇങ്ങനെ കണ്ണടച്ച്‌ വിശ്വസിക്കാന്‍ ഇവര്‍ക്കൊക്കെ എന്താ ഇത്ര പ്രയാസം?

ഒരു കണക്കിനു ജാതി പിശാചിനെ ഓടിച്ചു. ഇനി ആ സംവരണ പിശാചിനെയും കൂടെ ഓടിച്ചാല്‍ പിന്നെ രാമ രാജ്യം വരാന്‍ ഒരു തടസ്സവുമില്ല. നായര്‍ നമ്പൂതിരി ഈഴവ പുലയന്‍മാര്‍ എല്ലാവരും കൂടി കെട്ടിപിടിച്ച്‌ മറിയുന്ന, അവരുടെ വിയര്‍പ്പുകള്‍ ഒന്നായൊഴുകുന്ന കാഴ്ച്ച നമ്മുടെ ക്ഷേത്രാങ്കണത്തിലെ 'ശാഖ' കളില്‍ കണ്ടു കണ്‍കുളിര്‍ക്കാമായിരുന്നു. ജാതിയൊക്കെ മറന്ന്‌ ഈഴവെരെത്തി കഴിഞ്ഞാല്‍ പിന്നെ നായന്‍മാര്‍ക്കു വിശ്രമിക്കാം. വാളെടുക്കാനും വെട്ടാനും ചാവാനും അങ്ങിനെ 'രാഷ്ട്രം' സംരക്ഷിക്കാനും പിന്നെ ലവന്‍മാരുണ്ടല്ലോ!

Inji Pennu said...

സത
ഞാൻ തന്ന ലിങ്ക് നോക്കിയാരുന്നോ? അവരെ മറ്റൊരു ജോലിക്കും സമ്മതിക്കാത്തത് ജാതിപരമായിട്ടാണ്, അങ്ങിനെയൊരു വിവേചനം ഇന്ത്യയിൽ നിയമപരമായി അനുവദിക്കുന്നില്ല, പക്ഷെ ആ വിവേചനത്തിനെതിരെ ശബ്ദമുയർത്താൻ പോലും ഉള്ള അറിവ് അവർക്കില്ല എന്നതാണ് സത്യം. കേരളത്തിലെപ്പോലെ ഒരു അവസ്ഥയല്ല മറ്റെവിടേയും. കേരളത്തിൽ ശബ്ദമുണ്ടാക്കാമെന്നൊരു അറിവെങ്കിലും നേടിയ സമൂഹമാണ്, ഇന്ത്യയിൽ മറ്റൊരിടത്തും ആ സ്ഥിതിയല്ല.

അവകാശമുണ്ട് എന്ന് തോന്നിപ്പിക്കേണ്ടത് വിദ്യഭ്യാസമാണ്, ആ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് സംവരണം എന്നു പറയുന്നത്. അല്ലാതെ അവരെ പൊടുന്നനെ പണക്കാരാകും എന്നു കരുതിയിട്ടില്ല. ആ വിദ്യാഭ്യാസത്തിലൂടെ (അവർക്ക് വേണ്ടാഞ്ഞിട്ടല്ല, അത് ജാതി കാരണം നിഷേധിക്കപ്പെട്ടതാണ്) മാത്രമേ എന്താണ് മാനുഷിക അവകാശം എന്നൊരു തിരച്ചറിവ് ഉണ്ടാവുകയുള്ളൂ, അവകാശം ചോദിച്ചു വാങ്ങാൻ കഴിയുകയുള്ളൂ. അതിനു വേണ്ടിയാണ് സംവരണം. ഇന്ത്യയിൽ ദളിതരാണല്ലോ ഭൂരിപക്ഷം വരുന്നത്? ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഒരു കൂട്ടർക്ക് ഇതാണ് ഗതിയെങ്കിൽ ഇന്ത്യ എന്ന് പുരോഗമിക്കും? ഒരു മനുഷ്യനു കിട്ടാവുന്ന ബേസിക്ക് അവകാശങ്ങൾ ഇല്ലാത്തെ ഒരു രാജ്യവും ഒരു പുരോഗതിയുടേം പാതയിൽ അല്ല.

ഇനി വിദ്യാഭ്യാസം ഇവർ നേടിയെടുത്താൽ, ഡോക്ടറും എഞ്ചിനീയറും എഴുത്തുകാരും ആയാൽ, അവർക്ക് അതു വെച്ച് അവരുടെ സമൂഹത്തെ കൂടുതൽ സ്വാധീനിക്കാൻ കഴിയും. അതു വഴി കൂടുതൽ പേർക്ക് എന്തിനു വിദ്യാഭ്യാസം എന്നൊരു അടിസ്ഥാന ബോധം എങ്കിലും ഉണ്ടാവും. ഇതുവഴിയേ എല്ലാവരും ഒരേത്തട്ടിൽ ആവുകയുള്ളൂ. വേറെ എന്തു മാർഗ്ഗമാണ് ഉള്ളത്? ഇനി സമൂഹത്തിൽ ദരിദ്രയായവർക്കും സംവരണം വേണ്ടേ? തീർച്ചയായും. പക്ഷെ ദരിദ്രരേക്കാളും താഴെത്തട്ടിലാണ് ദളിതരും മറ്റും. പണം കൊണ്ടു നേടാവുന്നതോ ഒരു സുപ്രഭാതത്തിൽ കുറച്ച് പൈസ എല്ലാ ദളിതർക്കും വീതിച്ച് കൊടുത്താലോ ആ സാമൂഹിക തിന്മ മാറില്ലല്ലോ? അതുകൊണ്ട് തന്നെ, അവരെ കൈപിടിച്ചുയർത്താൻ വിദ്യാഭ്യാസം കൂടിയേ തീരൂ. അതിനുള്ള പങ്ക് നമ്മൾ എത്ര സഹിച്ചും മാറ്റിവെച്ചേ തീരൂ. അത് അവരോടുള്ള ഔദാര്യമല്ല, മറിച്ച് അവരുടെ അവകാ‍ശമാണ്.

ഇനി പണക്കാരായ ദളിതരപ്പറ്റി, ഏത് സ്റ്റഡി ആണെന്നെനിക്കോർമ്മയില്ല (നേരം കിട്ടിയാൽ തപ്പിയെടുത്ത് തരാം), ദാരിദ്ര്യരേഖയക്ക് ഏറ്റവും താഴെയുള്ളതും ദളിതർ തന്നെയാണ്, അതുകൊണ്ട് ഇനി ദരിദ്രർക്ക് സംവരണം എന്നരോർപ്പാടെണെങ്കിലും അതിൽ സിംഹഭാഗവും അവർക്ക് തന്നെയേ പോവുകയുള്ളൂ. കൂടെ അല്ലാതെ കുറച്ച് പേർക്കും കിട്ടുമെന്ന് മാത്രം. അവരുടെ ദാരിദ്ര്യത്തിനല്ല സംവരണം എന്ന ആശയം തന്നെ. അവരോടുള്ള കാലാകാലങ്ങളാ‍യുള്ള അനീതിയോടാണ്. ദാരിദ്ര്യ നിർമ്മാർജനത്തിനു അദർ സോഷ്യൽ മെതേഡ്സ് ഉപയോഗിക്കെണ്ടി വരും. അതുപോലെ സ്ത്രീകളോടുള്ള അനീ‍തിക്കും മറ്റൊരു സംവരണം. ഓരോന്നിനും ഓരോ വെയിറ്റേജ് കൊടുക്കേണ്ടതായി വരും. ആരാണ് ഏറ്റവും കൂടുതൽ താഴേത്തട്ടിൽ അവർക്കുള്ള വെയിറ്റേജ് കൂടുതലാവും. അത്രയേയുള്ളൂ.

ഇനി സംവരണം ഒരു ദളിതനു വേണ്ടെങ്കിൽ പോലും അതു നിലനിർത്തേണ്ടതാണ്, അത് ഏതൊരു പുരോഗമന സമൂഹത്തിന്റേയും കടമയാണ്.

തീർച്ചയായും അൻപതുകൊല്ലം കൊണ്ട് കുറേയധികം മാറ്റങ്ങൾ വന്നു, പക്ഷെ അത് ടിപ്പ് ഓഫ് ദ ഐസ്‌ബേർഗ് ആയിട്ടുള്ളൂ. എത്രകാലം എന്നതിനു എല്ലാവർക്കും തുല്യനീതി കിട്ടും വരേ എന്നേ അതിനു ഉത്തരമുള്ളൂ താനും. അതു എത്രയും വേഗം കിട്ടിപ്പിക്കാൻ നമ്മൾ കൂടി ഉത്സാഹിക്കുന്നോ അത്രയും വേഗം സംവരണം തീരും. തടസ്സങ്ങൾ ഉണ്ടാവുന്തോറും, വോട്ട് ബാങ്കിലൂടെ അത് നീണ്ട് നിവർന്ന് കിടക്കും.

Anonymous said...

ഇഞ്ചി പെണ്ണ്,

അവസാനത്തെ കമന്റിനോട് അഭിപ്രായവത്യാസമൊന്നും ഇല്ല.. ഇപ്പോളും കഷ്ട്ടപ്പാടുകള്‍ ജാതീയമായി ഉണ്ട് എന്നും സമ്മതിക്കുന്നു.. പക്ഷെ, അവ കുറയുന്നുണ്ട്, കുറയുകയും ചെയ്യും.. സമൂഹത്തില്‍ ഉയരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം ഉണ്ടല്ലോ..
സംവരണത്തിനെ ആരാണ് എതിര്‍ക്കുന്നത്? സംവരണം ജാതീയമായി നടപ്പാക്കരുതെന്നെ ആവശ്യപ്പെടുന്നുള്ളൂ.. കാരണം ഇന്നലത്തെ തെറ്റുകള്‍ മറ്റൊരു രീതിയില്‍ ആവര്‍ത്തിക്കുകയാണ് അത് ചെയ്യുന്നത്.. അത് വച്ച് സങ്കുചിത രാഷ്ട്രീയം പോലും ഇന്ന് കളിക്കുന്നു..

കൂടുതല്‍ പിന്നോക്കാവസ്ഥക്ക് ഉത്തരവാദികള് എന്ന പോസ്റ്റില്‍ വായിക്കുമല്ലോ..

Anonymous said...

വാസു,

താങ്കള്‍ എഴുതാപ്പുറം ആണല്ലോ വായിക്കുന്നത്!! അതിനു പ്രത്യേകിച്ച് മരുന്നില്ലാ..

ഭാര്‍ഗ്ഗവ ലോകം said...

“തനിയാവര്‍ത്തനം അഥവാ നായരുടെ നിലയ്ക്കാത്ത കരച്ചില്‍” എന്ന പോസ്റ്റ് കാണുക.സവ്യസാചിയുടെ സംവരണവാദികളോടുള്ള ആക്ഷേപഹാസ്യകഥയും അതിന് നിസ്സഹായന്റെ പ്രതിക്രിയയും.ചിരിക്ക് വകനല്‍കുന്നുണ്ട് .

നിസ്സഹായന്‍ said...

സതേ,
സംവരണത്തിന്റെ അടിസ്ഥാനം ജാതിയായിരിക്കുന്നത് കൊണ്ട്, സംവരണം ലഭിക്കാത്ത സവര്‍ണ്ണര്‍ക്ക് ജനസംഖ്യാ അടിസ്ഥാനത്തില്‍ നോക്കിയാല്‍ അര്‍ഹതപ്പെട്ടതില്‍ കുറവു വല്ലതും വന്നോ ? ഇന്ത്യയൊട്ടാകെ 15% വരുന്ന സവര്‍ണ്ണര്‍ ,85% വരുന്ന അവര്‍ണ്ണരെ അപേക്ഷിച്ച്, ക്ലാസ്സ്-1,2 തസ്തികകളുടെ 85% വും കൈടക്കിവച്ചിരിക്കയല്ലേ !അതായത് നേര്‍വിപരീതാനുപാതത്തില്‍, സംവരണമില്ലാതെ തന്നെ നേട്ടം കൊയ്യാന്‍ സവര്‍ണ്ണര്‍ക്ക് സ്വന്തം മത്സരശേഷികൊണ്ട് കഴിയുന്നു. സംവരത്തിന്റെ മാനദണ്ഢം ജാതിയായിരുന്നിട്ടും അവര്‍ണ്ണന്റെ അവസ്ഥയിതാണെങ്കില്‍ സാമ്പത്തികസംവരണം ഏര്‍പ്പെടുത്തിയാല്‍ അവരെ സമ്പൂര്‍ണ്ണമായും അധികാരത്തില്‍ നിന്നും ആട്ടിയോടിക്കാമെന്നതല്ലേ താങ്കളുടെ വാദത്തിന്റെ ലക്ഷ്യം.(ചിത്രകാരനേയും ചാര്‍വാകനേയും ഒതുക്കികൊണ്ടുള്ള കഥയ്ക്ക് ഒരുഅനുബന്ധം കാണാന്‍ ഇവിടെ ക്ലിക്കുക.)