വളരെയൊന്നും യാത്ര ചെയ്തിട്ടുള്ള മനുഷ്യനല്ല ഞാന്‍. അഞ്ചെട്ടു രാജ്യങ്ങളില്‍ ഔദ്യോഗികമായും വിനോദസഞ്ചാരിയായും പോയിട്ടുണ്ട് അത്ര തന്നെ. എങ്കിലും തൊലിനിറത്തിന്റെ, ജന്മദേശത്തിന്റെ,ഭാഷയുടെ ഒക്കെ പേരില്‍ ഞാന്‍ എല്ലാദിവസവും അളക്കപ്പെടുകയാണ്- ഓര്‍മ്മവച്ചനാള്‍ മുതല്‍ ഇന്നുവരെ.
കഴിഞ്ഞ കൊല്ലം ദുബായില്‍ ഒരു കോളിളക്കം ഉണ്ടാക്കിയ ചര്‍ച്ചയായിരുന്നു വെള്ളക്കാരുടെ ഡിസ്കോത്തെക്കുകളില്‍ ഇന്ത്യക്കാരെയും അറബികളെയും കയറ്റാന്‍ ഹോട്ടലുകള്‍ മടികാണിക്കുന്നു എന്ന പത്രവാര്‍ത്തയും തുടര്‍ന്നു നടന്ന ചര്‍ച്ചയും. "ഈ നാട്ടില്‍ എനിക്കു കയറാന്‍ പറ്റാത്ത ഇടമോ. ഇടിച്ചു കയറും" എന്ന് അറബിപ്പയ്യന്മാര്‍ വയലന്റ് ആയി. "പഴയ ഡോഗ്സ് & ഇന്ത്യന്‍സ് ആര് നോട്ട് അലൗഡ് ബോര്‍ഡിന്റെ വേറൊരു പതിപ്പ്" ഇന്ത്യക്കാരന്മാര് പത്രത്തില്‍ കുത്തി.
ധാരാളം വെള്ളക്കാര്‍ എനിക്കൊപ്പം പണിയെടുക്കുന്നുണ്ട്. മനസ്സില്‍ എന്താണെന്ന് ചുഴിഞ്ഞു നോക്കാനാവില്ലല്ലോ. പെരുമാറ്റത്തില്‍ പക്ഷേ, ഒരിക്കലും അവര്‍ എന്നെ കറുത്തവന്- താഴ്ന്നവന് എന്ന രീതിയില്‍ പരിഗണിച്ചിട്ടില്ല എന്ന് തറപ്പിച്ചു പറയാം. ധാരാളം അറബികളും എനിക്കൊപ്പം പണിയെടുക്കുന്നു. എന്റെ അറബി സഹജീവനക്കാരും വെള്ളക്കാരെപ്പോലെ തന്നെ. പക്ഷേ റോഡില്‍ പലപ്പോഴും പിറകില്‍ വന്ന് ടെയില്‍ ഗേറ്റ് ചെയ്യുന്നതും ലൈറ്റ് മിന്നിച്ചു കാണിക്കുന്നതും ഞാന്‍ ഒരിന്ത്യക്കാരന് ആയതുകൊണ്ട് റോഡില്‍ അവരെക്കാള്‍ അവകാശം കുറവുണ്ടെന്ന് അവര്‍ക്ക് തോന്നുന്നതാകണം എന്ന് വളരെക്കാലം ധരിച്ചിരുന്നു. ഒടുക്കം ഈ വിഷയം ചര്‍ച്ചക്ക് വരാന്‍ ഒരു കാരണമുണ്ടായി. ഒരു ഓഫീസ് ട്രെയിനിങ്ങ് സെഷനില്‍ റോഡ് റേജ് ചര്‍ച്ചാവിഷയം ആയി. എന്റെ സഹജീവനക്കാരായ ഇവിടുത്തുകാരും ഇതുപോലെ റോഡില്‍ പിറകില്‍ വന്ന് ശല്യം ചെയ്യുന്ന ബുള്ളികള്‍ വലിയ ഭീഷണിയാണെന്നും കൂടുതലും തങ്ങളുടെ നാട്ടുകാര്‍ തന്നെയെന്നും പറഞ്ഞതോടെ റോഡിലെ പിരാന്തന്മാര് എല്ലാവരെയും ശല്യം ചെയ്യുന്നവര്‍ ആണെന്ന് മനസ്സിലായി. ഓഫ് കോഴ്സ്- ജഡ്ജ്മെന്റില് ഒരു ഫേവറൈറ്റിസത്തിന്റെ എലിമെന്റ് ഉണ്ട്. ഞാനും ഒരു അറബിയും ഒരേ പോലെ ഒരു ഇന്റര്‍വ്യൂവില്‍ പെര്‍ഫോം ചെയ്താല്‍ ജോലി മിക്കവാറും അറബിക്കു തന്നെ പോകും.
ഛേ, എന്തൊരു വൃത്തികേട്, എന്നു കരുതാന്‍ എളുപ്പമാണ്. ഒരു ജോലിക്ക് ആ നാട്ടുകാരനും അയല്‍നാട്ടുകാരനും കൊടുക്കുന്ന മുന്‍ഗണന എന്ന് അതിനെ കണ്ടാല്‍ ആ പ്രശ്നവും തീര്‍ന്നു.
പൊതു സ്ഥലങ്ങളില്‍ പക്ഷേ ഞാന്‍ നിരന്തരം ജഡ്ജ് ചെയ്യപ്പെടുന്ന ഒരു അളവുകോലുണ്ട്.
വെള്ളക്കാരന് = ധനികന്, മാന്യന്, വിദ്യാസമ്പന്നന്‍
അറബി= ധനികന്, ധാരാളി
കാപ്പിരി ആണ് = കള്ളന്, തെമ്മാടി
കാപ്പിരി പെണ്ണ് = വേശ്യ
പാക്കിസ്ഥാനി = വിദ്യാരഹിതന്‍, കൂലിപ്പണിക്കാരന്
പൂര്‍വേഷ്യക്കാരി = ഓഫീസ് അസിസ്റ്റന്റ്, സെയില്‍സ് ഗേള്‍, നിര്‍ധന, മാന്യതയില്ലാത്തവള്‍
ശ്രീലങ്കക്കാരന്= ഹോട്ടല്‍ തൊഴിലാളി
ശ്രീലങ്കക്കാരി = വീട്ടുജോലിക്കാരി
മീശയില്ലാത്ത വെളുത്ത ഇന്ത്യക്കാരന് = ഓഫീസ് മിഡില്‍ ലെവല്‍ ജോലിക്കാരന്
മീശയുള്ള കറുത്ത ഇന്ത്യക്കാരന് = ഫാക്റ്ററി തൊഴിലാളി, സെയില്‍സ് മാന്‍, ഡ്രൈവര്‍മീ
മീശയുള്ള കറുത്തു മെലിഞ്ഞ ഇന്ത്യക്കാരന് = കൂലിപ്പണിക്കാരന്
ഞാനിതില്‍ അവസാന വിഭാഗത്തിലാണ്. ഏറ്റവും കൂടുതല്‍ ഈ ടേബിള്‍ വിശ്വസിക്കുന്നത് ഇന്ത്യക്കാരാകയാല്‍ ഇന്ത്യന്‍ ജീവനക്കാരുള്ള കടകളിലും മറ്റും പോകുമ്പോള്‍ മിക്കപ്പോഴും എന്നെ ആരും ശ്രദ്ധിക്കാറില്ല. ഇന്ത്യക്കാര്‍ ഉള്ള ഓഫീസുകളില്‍ കയറും മുന്നേ ഫോണ്‍ ചെയ്ത് "ഞാന്‍ ---കമ്പനിയുടെ --- ആണ്, ഞാന്‍ ഇതാ വരുന്നു" എന്നു വിളിച്ചു പറഞ്ഞിട്ടാണ് പോകാറ്. എന്നാലും പലപ്പോഴും ഒരു വെളുത്ത ഇന്ത്യക്കാരി "ഓ ഈ കറുമ്പനോ ഈ പറഞ്ഞ ആള്" എന്ന അതിശയത്തില്‍ ഒന്നുകൂടി ചോദിച്ച് ഉറപ്പു വരുത്താറുണ്ട്.
ഈ ടേബിളിന്റെ ഉപജ്ഞാതാക്കള്‍ ഇവിടെ കാലാകാലം ജീവിച്ച ഭൂരിപക്ഷം ആയ ഇന്ത്യക്കാര്‍ ആണെങ്കിലും എല്ലാവരും ഏറിയോ കുറഞ്ഞോ ഒക്കെ ഇതില്‍ വിശ്വസിക്കുന്നതായി കാണാറുണ്ട്.
ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുന്നു ഈ വര്‍ണ്ണാധിഷ്ഠിത വിവേചനം
ഞാന്‍ വീക്കെന്‍ഡ് ബീയര്‍ കഴിക്കുന്നത് അറബിക്ക് ബാറിലാണ്. അതേ ഹോട്ടലിനു ഇന്ത്യര് ബാറ് ഉണ്ട് അവിടെ മീശയില്ലാത്ത വെളുത്ത ഇന്ത്യക്കാരന്റെ വിവേചനം ഭയന്നിട്ടാണ്. ഞാന്‍ സ്പോര്‍ട്ട്സ് വെയര്‍ അഡീഡാസ് ആണ് വാങ്ങുന്നത്. നൈക്കി മോശമായിട്ടല്ല, അവിടെ സെയില്സ്മാന്മാര് മുഴുവന്‍ ഇന്ത്യക്കാരാണ്. അഡീഡാസില്‍ ഫിലിപ്പിനോകളും വടക്കന്‍ അറബ് നാട്ടുകാരും.
ഓഫീസ് കോമ്പ്ലക്സുകളില്‍ വംശീയ വിവേചനം എനിക്കു ഫീല്‍ ചെയ്യിക്കുന്നതും ഇന്ത്യക്കാരാണ്.
ക്യാന്റീനില്‍ എന്റെ പാത്രത്തില്‍ നോക്കി പുരികം ചുളിച്ച് "ഓ നീ ഇതൊക്കെ കഴിക്കുമെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല" എന്നു പറയുന്ന വടക്കേയിന്ത്യന്‍ ബ്രാഹ്മണ്യത്തെ "ഉവ്വ്, ഞാന്‍ ഇതു കഴിക്കും, നീ കഴിക്കില്ല അതാവണം നിനക്ക് വെറും --- ജോലിയുമായി ജീവിച്ചു പോരേണ്ടി വരുന്നത്" എന്നും "നീ ഇതു കഴിക്കാത്തതുകൊണ്ടാണ് എന്നെപ്പോലെ ഒരു പ്രസിഡന്റ്'സ് ഗോള്‍ഡ് മെഡല്‍ വാങ്ങി പരീക്ഷ തീര്‍ക്കാന്‍ പറ്റാത്തതെന്ന് തോന്നുന്നു" എന്നും നേരിടാന്‍ പഠിച്ചു.
"നീ മലബാറി ആണോ?" സ്ഥിരം കേള്‍ക്കുന്ന ചോദ്യം. ഈ തെണ്ടികള്‍ക്കറിയില്ല ആരാണ് ആദ്യം അങ്ങനെ വിളിച്ചതെന്ന്. ഇന്തോ പാക്ക് വിഭജനകാലത്ത് കുറേപ്പേര് പാക്കിസ്ഥാനിലേക്ക് മലബാറില്‍ നിന്നും പോയി. അവര്‍ സംസാരിക്കുന്ന ഭാഷ-മലയാളം കേട്ട് മറ്റു പാക്കിസ്ഥാനികള്‍ അവരെ "മലബാറി" എന്ന് മുദ്ര കുത്തി. ദുബായിലെത്തിയ പാക്കിസ്ഥാനികള്‍ മലയാളം സംസാരിക്കുന്നവരെ തങ്ങളുറ്റെ മലബാറി കമ്യൂണിറ്റിയില്‍ പെടുന്ന ആളുകള്‍ എന്ന് മനസ്സിലാക്കി ആ പേര് വിളിച്ചു. അതു കേട്ട ഹിന്ദിക്കാരനും ചോദിക്കുന്നു "നീ മലബാറി - കുടിയേറ്റക്കാരന്- ആണോ എന്ന്"
"ഹിന്ദി അറിയില്ലേ? അടുത്ത പുച്ഛം. ഹിന്ദി അറിയില്ലെങ്കില്‍ ചത്തു പോകാന്‍ ഇതെന്താ ഹിന്ദിസ്ഥാന്‍ ആണോ?
മലബാറി ലോഗ് ടിപ്പൊന്നും തരില്ലെന്ന് ടാക്സിക്കാരന്. അവന്റെ ദില്ലി ലോഗ് പറയില്‍ അളന്നല്ലേ കൊടുക്കുന്നത്!
വിദേശ ഇന്ത്യക്കാരന് വെളുത്ത പെണ്ണിനെ മാത്രമേ കെട്ടൂ എന്നത് ഒരിക്കല്‍ ഓഫീസില്‍ വലിയ തമാശയായി. ഒരു പാര്‍ട്ടിക്ക് കൂടിയ ഇന്ത്യക്കാരില്‍ ആണുങ്ങള് എല്ലാം കറുത്തും പെണ്ണുങ്ങള് എല്ലാം വെളുത്തും ഇരിക്കുന്നു. തമിഴനു കറുത്ത, മീശവച്ച നായകന്മാരുണ്ട്- പക്ഷേ നായിക, അതില്‍ കോമ്പ്രമൈസില്ല. ഹിന്ദിയില്‍ മീശയുള്ളതെല്ലാം വില്ലന്മാരും ക്ലീന്‍ ഷേവ് ചെയ്തതെല്ലാം നായകന്മാരുമാണ്. ബൈ ദ വേ രാമനു മീശയില്ലായിരുന്നു, രാവണനു മീശയുണ്ട്. യുധിഷ്ഠിരനു മീശയില്ല, ദുര്യോധനനു ഉണ്ട് എന്നെല്ലാം വാത്മീകിയും വ്യാസനും എഴുതിയിട്ടുണ്ടെന്ന് സിനിമകളും കാര്‍ട്ടൂണുകളും കണ്ടാല്‍ തോന്നും. ഒരു മീശ വയ്ക്കണേല്‍ ഇനി മീശക്കരം അടയ്ക്കണോ ആവോ.
റേസിസം ഒട്ടും ഫീല്‍ ചെയ്യാതിരിക്കുന്നത് പൂര്‍വേഷ്യയില്‍ പോകുമ്പോഴാണ്. കറുപ്പും വെളുപ്പും മീശയും മുഖവും നോക്കി ആളെ തിരിക്കുന്നെന്ന് പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ തോന്നിയിട്ടില്ല. ഒട്ടും സഹിക്കാനാകാഞ്ഞത് നമ്മുടെ വടക്കേയിന്ത്യയിലാണ്. കേരളം എന്നത് പാക്കിസ്ഥാന് കണക്കേ അവര്‍ വെറുക്കുന്ന ചണ്ഡാലദേശമാണെന്ന് തോന്നിയിട്ടുണ്ട്.
തിരിച്ചങ്ങ് നാട്ടില്‍ പോകാം.
റേസിസം എന്തെന്ന് പറഞ്ഞു തന്നത് എന്റെ അച്ഛനാണ്. എനിക്ക് ആറുവയസ്സുള്ളപ്പോള്‍ ഞാന്‍ ഒരിക്കല്‍ വീട്ടില്‍ ചെന്നു സംശയം ചോദിച്ചു.
"അച്ഛാ നമ്മള് പുലയന്മാര് ആണോ?"
അച്ഛന് ഒരു ഫാന്‍ അഴിച്ചു റിപ്പയര്‍ ചെയ്യുകയായിരുന്നു. അത് വച്ചിട്ട് എഴുന്നേറ്റു വന്നു.
"പുലയന് എന്നു വച്ചാല്‍ എന്താണെന്ന് നിനക്കറിയാമോ?"
"ഇല്ല. എന്റെ ക്ലാസ്സിലെ ബീന ജേക്കബ് എന്നോട് ഇന്നു ചോദിച്ചതാ നമ്മളൊക്കെ പുലയന്മാര് ആണോ എന്ന്"
എന്നിട്ട്?
"ഞാന്‍ അതെന്താ അങ്ങനെ ചോദിച്ചതെന്നു ചോദിച്ചു."
അവളെന്തു പറഞ്ഞു?
"എന്റെ മുഖവും മൂക്കും കണ്ടാല്‍ അങ്ങനെ തോന്നും എന്ന്."
മോനെന്തു പറഞ്ഞു?
"ഞാന്‍ എനിക്കറിഞ്ഞുകൂടാ എന്ന് പറഞ്ഞു."
നാളെ ക്ലാസ്സില്‍ ചെല്ലുമ്പോള്‍ അവളോട് പറയണം, മോന് വീട്ടില്‍ പോയി ചോദിച്ചപ്പോള്‍ അച്ഛന് ഞങ്ങളൊക്കെ മനുഷ്യന്മാര് ആണെന്നും അവളുടെ വീട്ടുകാര്‍ മൃഗങ്ങള്‍ ആണെന്നും പറഞ്ഞെന്നും അവള് വീട്ടില്‍ പോയി അതു ശരിയാണോ എന്നു ചോദിക്കണം എന്നും.
"അപ്പോള്‍ പുലയന്മാര് എന്നത് പള്ളു വിളിക്കുന്നതാണോ അച്ഛാ?"
അല്ലെടേ. അതൊരു ജാതിപ്പേര് ആണ്. ഓരോ മനുഷ്യരെ ഓരോ ജാതിയില്‍ ആക്കി കാണുന്നത് പഠിപ്പും വിവരവും മര്യാദയും ഇല്ലാത്ത ചിലര്‍ ചെയ്യുന്ന കുറ്റമാണ്. പട്ടികള്‍ കൂട്ടം കൂടി വേറേ ചില പട്ടികളെ ഓടിക്കുന്നത് കണ്ടിട്ടില്ലേ താന്‍?
"ഓ അതാണോ അച്ഛന് പറഞ്ഞത് നമ്മളെല്ലാം മനുഷ്യരും ബീന ജേക്കബ് മൃഗവും ആണെന്ന്?"
(ആദ്യമായി ഈ ബ്ലോഗില്‍ ഒരാളുടെ ശരിക്കുള്ള പേര് വച്ച് എഴുതുകയാണ്. ബീന, നിന്നെ ഞാന്‍ മറക്കില്ല)
21 comments:
മ്യേശ അച്ചട്ട്!
ആഴ്ച തോറും അടിക്കണത് ബഡ്വൈസര് തന്നീ?
പൂര്‍ണ്ണമായും യോജിക്കുന്നു.
വടക്കേന്ത്യ അതൊരു പ്രത്യേക സ്ഥലമാണേ!
എങ്കിലും ഇടപഴകിയ വെള്ളക്കാരിലും മറ്റും ഒരു പുശ്ചം..അതുണ്ടെന്ന് തോന്നിയിട്ടുണ്ട്. ജോലിയിലൊന്നുമല്ല..അതിന് പുറത്ത്...ഒരു ബിയറടിച്ച് കൊണ്ട് ഒരോന്ന് പറഞ്ഞിരിക്കുമ്പോള്‍. ചില കമന്റ്സ്..ചില പ്രതികരണങ്ങള്‍. ചിലപ്പോള്‍ മനസ്സില്‍ ഈ ഒരു ഫീലിംഗ് ഉള്ളത് കൊണ്ട് എനിക്ക് തോന്നുന്നതാകാം. അല്ലെങ്കില്‍ എന്നെ അവരിലൊരാളായി കണ്ട് 'ഇന്ത്യന്‍' എന്നത് വേറെ ആള്ക്കാര് എന്ന മട്ടില്‍ പറയുന്നതാകാം. ആ!
ആഫ്രിക്കയിലെ കാര്യമാണെങ്കില്‍ കറുത്തവര്ക്കുമുണ്ട് ഇന്ത്യക്കാരോട് ഒരു പുഞ്ഞം. അല്ലെങ്കില്‍ കെറു.
ഒരു ട്രെയിനിംഗിനു പോയപ്പോള്‍ എല്ലാ റേസുകളെപ്പറ്റിയും തുറന്നെഴുതാന്‍ പറഞ്ഞു.
കറുത്തവര്‍ ഇന്ത്യക്കാരെ പറ്റി എഴുതിയത്
"എപ്പോഴും വെള്ളക്കാരെ ഇഷ്യു നോക്കാതെ സപ്പോര്‍ട്ട് ചെയുന്നു"
"വെള്ളക്കാരുടെ പിന്നില്‍ ഒളിക്കുന്നു"
എന്നൊക്കെയാണ്!
ഇവിടെ വളരെ വിവാദമായ ഒരു റ്റി വി ഡോക്യു ഉണ്ടായിരുന്നു. പണ്ട് വേല ചെയ്യാന്‍ ബ്രിട്ടീഷുകാര്‍ കപ്പലില്‍ കൊണ്ടുവന്ന ഇന്ത്യക്കാരും, കച്ചവടം ചെയ്യുന്ന ഗുജ്ജൂസും അടങ്ങിയ ദക്ഷിണാഫ്രിക്കന്‍ ഇന്ത്യന്‍ സമൂഹത്തിനാണത്രേ കൂടുതല്‍ വര്‍ണ്ണ വെറി! കറുത്തവനോട്. വലിയ ഒച്ചപ്പാടുണ്ടാക്കി സംഭവം. ഏറെക്കുറെയും അതിനെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടാണെന്ന് മാത്രം.
ഇന്ത്യയുടെ നാറിയ സംസ്കാരത്തിനെ ഇവിടെയുള്ള ഇന്ത്യക്കാര്‍ ഒരു point of difference ആക്കി പൊക്കിപ്പിടിക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്. ഭയങ്കര മത വിശ്വാസമാണ്. മത ചടങ്ങുകള്‍ എല്ലാം ഇന്ത്യക്കാരെക്കാള്‍ സ്പിരിറ്റാണ്. ചവുട്ടി പുറത്ത് കളഞ്ഞ് നല്ല മനുഷ്യരായി ജീവിക്കാനുള്ള ചാന്‍സ് ആണ് കളയുന്നത്.
മിക്കവാറും പിള്ള, റെഡ്ഡി, റാവു, മുതലിയാര്‍ സര്‍നേം ഉള്ള ഇന്ത്യക്കാര്‍ എന്നോട് ചോദിക്കുന്ന ആദ്യത്തെ ചോദ്യം (ഇത്തിരി കുറയും), തങ്ങളുടെ സര്‍നേയിം ഇന്ത്യയില്‍ ഉയര്‍ന്നതോ താഴ്ന്നതോ ആയ ജാതിയാണോ എന്നാണ്! എന്തു കഷ്ടം!
ഇന്ത്യയില്‍ ജാതി പറയുന്നത് യുവാക്കള്‍ക്ക് മോശക്കേടാണെന്ന് പറഞ്ഞ് മടുത്തു.
ഈ പോസ്റ്റിന് ഒരു സല്യൂട്ട്. ദുബായില്‍ വരുമ്പോള്‍ നമ്മള് ഒരുമിച്ച് ഒരു ബ്രിട്ടീഷ് പബ്ബില്‍ പോയി ബിയറടിക്കുന്നതായിരിക്കും. വെര്‍തെ. :-)
സമധാനമായി. എന്നെപ്പോലെ കലിപ്പുള്ള ഒരാളെ കണ്ടല്ലോ.
റേസിസം ഞാന്‍ അനുഭവിച്ചിട്ടുള്ളത്(കുറഞ്ഞ അളവിലാണെങ്കിലും) അന്യസംസ്ഥാനക്കാരില്‍ നിന്നാണ്. എന്തും കഴിക്കുന്ന മലയാളി, 'ആയിലി' നു 'ഓയില്‍ ' എന്നും 'ഇജ്ജെഡ്' ഇനു 'ഇസെഡ്' എന്നും 'സ്സീ' എന്നും പറയുന്നവന്, ഫാമിലിയായിപ്പോയി 'തുണ്ട് പടം കാണുന്നവന്(അല്ലാത്ത പടങ്ങള്‍ ഇറങ്ങുന്നില്ലല്ലോ), സുന്ദരികളാണെങ്കിലും പെഴകളായ പെണ്ണുങ്ങളുടെ(മല്ലൂ സ്കാന്‍ഡല്‍സ് എന്നല്ലെ എല്ലാവനും നെറ്റില്‍ക്കേറി തപ്പുന്നത്!!! ) നാട്ടില്‍ നിന്നു വരുന്നവന്... ഇത്രയും കാലങ്ങളില്‍ കേട്ട വിശേഷണങ്ങളില്‍ ചിലതു മാത്രം!
അണ്ണാ, കേരളം ശരിക്കും ഇന്ത്യയുടേ ഭാഗം തന്നേ??
ഒരു മുട്ടന്‍ ഓഫ് (self promotion?). ഷമീര്‍.
ഫുഡിന്റെ ജാതി വായിച്ചപ്പം:
ഒച്ച് പോസ്റ്റ് ഇപ്പോഴാ കണ്ടത്. കഴിഞ്ഞ മാസം ചീസില്‍ പുഴുങ്ങിയ ഒച്ചിനെ ഞാന്‍ ഹോട്ടലില്‍ പോയി കാശ് കൊടുത്ത് വാങ്ങിച്ചു തിന്നു. അഞ്ചെണ്ണം ഉണ്ടായിരുന്നു. മൂന്നെണ്ണം തിന്നപ്പോഴേക്കും മതിയായി. ഒരു വല്ലാത്ത ചൊയ. പുഴുങ്ങിയത് കൊണ്ടാകും.
ഒരു ബുഫേക്ക് പോയപ്പോള്‍ കാളയുടെ നാവ് പുഴുങ്ങി വച്ചേക്കുന്നു. ഏടുത്തും ഒരു വലിയ കഷ്ണം.
വായില്‍ വെച്ചപ്പോള്‍ കടിക്കാന്‍ ഒരു മടി..ഒരിത്. ഇനി എന്റെ നാവാണോ കാളേടെയാണോ..കണ്ഫ്യൂഷന്.
എന്നാലും നല്ല റ്റേസ്റ്റായിരുന്നു. നാവ് പ്ലേറ്റില്‍ കണ്ട് എന്റെ ശ്രീമതി എഴുന്നേറ്റ് പോയി.
കാളയുടെ വാലും കറിയാക്കി കിട്ടും. കഴിക്കണമെന്നുണ്ടെങ്കിലും ഒരു മടി. ചാണകം ഓര്‍മ്മ വരുന്നു. വീട്ടിലെ പയ്യിന്റെ വാല് മനസ്സില്‍ വരുന്നു. കംപ്ലീറ്റ് ചാണകം ഉണങ്ങി പിടിച്ച്.
പിന്നെ കുടല് കിട്ടും. അത് വയ്യ. അതിന്റെ ലുക്ക് അസഹ്യം.
മുസ്സല്സിനെ തിന്നാനും നല്ലതാണ്. ഒരു കത്തി കൊണ്ട് തോട് ഇളക്കി അല്പം നാരങ്ങ നീര്, അല്പം റ്റബാസ്കോ. വായിലേക്ക് ഒറ്റ കമിഴ്ത്ത്. കൊള്ളാം. ഒരു വഴു വഴുപ്പ് ഒക്കെ തോന്നും.
ഇവിടെ കാര്‍ണിവോറസ് എന്ന് പറയുന്ന ഒരു സ്ഥലമുണ്ട്. സ്വയം മതി എന്നു പറയുന്നവരെ പ്ലേറ്റില്‍ കൊണ്ട് ചെലുത്തി തരും. മുതല, മാന്‍, ഒട്ടകപക്ഷി, ജിറാഫ്, സീബ്ര, ഇംപാല (കാര്‍ അല്ല) എല്ലാ ഇറച്ചിയും കിട്ടും. ഉടന്‍ പോകണം എന്നു കരുതുന്നു. പക്ഷേ പോകാന്‍ ഒരു കൂട്ട് കിട്ടുന്നില്ല.
ഇവിടുത്തെ കള്‍ച്ചറല്‍ വില്ലേജില്‍ പോയപ്പോള്‍ ഒരു ട്രൈബ് കഴിക്കുന്ന പുഴുക്കള്‍ ഉണ്ട്. മൊപ്പാനി പുഴു. ചോദിച്ചപ്പോള്‍ സ്റ്റോക്ക് തീര്‍ന്നെന്ന്. ഭയങ്കര ഡെസ്പായി. പകരം അവര്‍ വാറ്റിയ കള്ള് തന്നു.
ഒരിക്കല്‍ ഒരാള്‍ ഇതൊക്കെ കേട്ടിട്ട് ചോദിച്ചു : ശെടാ ഇവനൊക്കെ ഏത് ജാതിയാടാ!
ഓര്‍ക്കുട്ട് ഇന്ത്യ കംമുനിടിയില്‍ തമിഴ്ത് നാട്ടില്‍ നിന്നും ചിലര്‍ വന്നു, പ്രഭാകരന് വേണ്ടി വാദിച്ചുകൊണ്ടിരിക്കേ, കുറെ ആളുകളുടെ കൂടെ ഞാനും അവരെ എതിര്‍ത്ത് സംസാരിച്ചു! (അവര്‍ ഇന്ത്യ യെ തന്നെ പുലഭ്യം പറയുന്നുണ്ടായിരുന്നു!) ഞാന്‍ അതില്‍ ഒരു കമന്റ് ഇട്ടു ചോദിച്ചു-
"എന്തിനാണ് സഹോദരാ മറ്റൊരു രാജ്യത്തിലെ പ്രശ്നങ്ങളില്‍ ചെന്നു തലയിട്ട് അവിടുതെ ഒരു തീവ്ര വാദിക്ക് വേണ്ടി ഇങ്ങനെ സ്വന്തം രാജ്യത്തിനെ തള്ളി പറയുന്നത്?!"
തമിഴ് നാട്ടു കാരന് ആണെന്ന് കരുതി തമിഴ് സംസാരിക്കുന്നവര്‍ മാത്രം നമ്മുടെ ആള്ക്കാര് എന്ന് കരുതരുത്... നമ്മള് ഇന്ത്യ കാര്‍ ആണ്... അനങനെ ആ വിഡ്ഢികളുടെ തലയില്‍ കേറാത്ത പലതും ഞാന്‍ വിളിച്ചു പറഞ്ഞു...
മറുപടിയായി മൂന്നു തമിഴ് സുഹൃത്തുകളുടെ മറുപടി -
"ഓ! നീ കേരളത്തില്‍ നിനാണല്ലോ... മലബാറി...
കേരളത്തില്‍ നിന്നല്ലേ, നീ ആന്റി തമിഴ് ആയിരിക്കും ഉറപ്പ്!! "
മധ്യപൌരസ്ത്യ ദേശത്ത് ഏറ്റവും കൂടുതൽ വർണ്ണ / വർഗ്ഗ / മത വിവേചനം അനുഭവിക്കേണ്ടി വരുന്നത്, സൌദിയിലും കുവൈത്തിലുമാണെന്ന് കേട്ടിട്ടുണ്ട്. ദുബായിയും ബഹറൈനും താരതമ്മ്യേന മെച്ചമാണ്. യു എ ഇ പൌരന്മാർ മറ്റുള്ളവരോട് പെരുമാറാൻ ( സ്വഭാവത്തിലും പ്രകൃതത്തിലും )വളരെ മാന്യന്മാരാണ്. പക്ഷെ, ഏറ്റവും മോശം പെരുമാറ്റം / വിവേചനം അനുഭവിക്കേണ്ടി വരുന്നത് ഫലസ്തീൻ, ഈജിപ്ത് എന്നിവരിൽ നിന്നുമാണെന്ന് കേട്ടിട്ടുണ്ട്. എല്ലാ ദേശക്കാരിലും, വിഭാഗക്കാരിലും മനസ്സിൽ വിവേചനം / വെറുപ്പ് / വിഷം കൊണ്ടു നടക്കുന്നവരുണ്ടാവാം. അതേ പോലെ, നല്ല മനുഷ്യരും! ചില സമൂഹം അവരുടെ ഉള്ളീലുള്ള കാടത്തം പുറത്തേക്കു പ്രകടിപ്പിക്കില്ലെന്നു മാത്രം. വെള്ളക്കാർ ഇക്കാര്യത്തിൽ മാതൃകയാണ്. വെറുപ്പും പുച്ഛവും ഒക്കെ ഉള്ളീലുണ്ടെങ്കിലും, അത് പുറത്തു പ്രകടിപ്പിക്കുന്നത് പരിഷ്കൃതമായ ഒരു സമൂഹത്തിൽ, അശാസ്യമല്ലെന്നുള്ള തിരിച്ചറിവ് / സാമൂഹികാവബോധം കൈവരിച്ചിട്ടുള്ള ഒരു പൊതു സമൂഹമായതിനാലാവാം അവർക്കിങ്ങനെ ഉയർന്ന് ചിന്തിക്കാൻ കഴിയുന്നത്.
ഉത്തരേന്ത്യക്കാരെക്കുറിച്ച്....എനിക്കറിയില്ല!!
വിവേചനം എന്തിന്റെ പേരിലായാലും അപരിഷ്കൃതം തന്നെയാണാന്റണി.
തൊലിനിറത്തിന്റെ, ജന്മദേശത്തിന്റെ,ഭാഷയുടെ.... അവിടം വരെ പോരാ .. ജാതിയുടെ, മതത്തിന്റെ, ബുദ്ധിയുടെ, അറിവിന്റെ, വിദ്യാഭ്യാസത്തിന്റെ, സമ്പത്തിന്റെ... എന്തിന് സ്വഭാവഗുണത്തിന്റെയോ അഥവാ കയ്യിലിരിപ്പിന്റെയോ പേരിലായാലും അപലപനീയമാകുന്നു. :)
ഗങ്ങാരേട്ടന്റെ കല്യാണത്തിന് കല്യാണ ഡ്രസ്സെടുക്കാന്‍ കോയമ്പത്തൂര്‍ ശോഭയില്‍ അവരെല്ലാവരും പോയപ്പോള്‍...എന്നെ മാത്രം കൊണ്ടുപോയില്ല! ‘പോരണുണ്ടോ?‘ എന്ന് പോലും ചോദിച്ചില്ല! :(
അതിന് പ്രതികാരമായി കല്യാണസാരിയില്‍ ടാറ് ഒഴിക്കണം എന്ന് വിചാരിച്ചതായിരുനു. ഒരു ചിരട്ട ടാറും സംഘടിപ്പിച്ചതായിരുന്നു. പക്ഷെ, ചാന്‍സ് കിട്ടിയില്ല! :(
നല്ല അവതരണം.. പറയാനുള്ളത് വ്യക്തമായ് പറഞ്ഞിരിക്കുന്നു..
മനുഷ്യര്‍ എത്ര തരം താഴ്ന്നു ചിന്തിക്കുന്നു, പെരുമാറുന്നു.. എന്ന് വിളിച്ചു പറയുന്നു...
വളരെ നല്ല പോസ്റ്റ് അനോണീ .....! ഒരു ഇന്ത്യ ക്കാരന് ഏറ്റവും അധികം റേസിസം അനുഭവിക്കുന്നത് ഇന്ത്യയിലോ അതോ ഇന്ത്യക്കാരില്‍ നിന്നോ തന്നെയാണ്.
കറുത്ത സായിപ്പന്മാര് അടക്കി വാഴുകയല്ലേ.. ഇവിടെ പേരിനെ ഇന്ത്യ ക്കാര് ഉള്ളൂ . ഞാന്‍ ഒരു ദിവസം ഒരു gathering നു പോയി.. ആദ്യത്തെ ചോദ്യം ഹിന്ദി സംസാരിക്കുമോ ? ഞാന്‍ ഇല്ലാന്ന് പറഞ്ഞപ്പോള്‍ അവന്മാര് ക്ക് പുച്ച്ചം. അടുത്ത ചോദ്യം cricket കളി കാണാറുണ്ടോ ? ഇല്ല എനിക്ക് ആ കളി തീരെ ഇഷ്ടമില്ല.. അതോടെ നമ്മള് ടീമില്‍ നിന്നും ഔട്ട് ആയി. ഒരു ഇന്ത്യക്കാരന് ആകാന്‍ വേണ്ട മിനിമം യോഗ്യത ഇതാണത്രേ ! പിന്നെ ഞാന്‍ ഇതുവരെ ഈ north Indian പരിപാടിക്ക് പോയിട്ടില്ല .. ഇവിടെ hiking, skiing, ice skating , rock climbing തുടങ്ങി ഒട്ടേറെ സ്പോര്‍ട്സ് ചെയ്യാന്‍ അവസരം ഉള്ളപ്പോള്‍ ഞാന്‍ എന്തിനു റൂമിലിരുന്നു ക്രിക്കെറ്റ് കാണണം? skiing പഠിച്ച ഇന്ത്യക്കാര്‍ വിരലില്‍ എണ്ണാം.. ആക്റ്റീവ് സ്പോര്‍ട്സ് ചെയ്യുന്നവര്‍ വളരെ കുറവ് . ഇവിടെ സായിപ്പന്മാര് ഒരിക്കലും racist ആയി തോന്നിയിട്ടേയില്ല. കാശ് കൂടുതല്‍ കൊടുത്താലും ഞാനും ഒരിക്കലും ഏഷ്യന്‍ കടകളില്‍ പോകാരെയില്ല.... ഞാന്‍ ജോലി ചെയ്യുന്ന ഗവേഷണ കപ്പലില്‍ ഞാന്‍ മാത്രമേ കറുമ്പന് ആയിട്ടുള്ളൂ. കഴിഞ്ഞ തവണ കപ്പലില്‍ കയറാന്‍ ടാക്സിയില്‍ വന്നപ്പോള്‍ ക്യാപ്ടന് ആയിരുന്നു എന്റെ ബാഗ് എടുത്ത് റൂമില്‍ വെക്കാന്‍ സഹായിച്ചത് ..! ഇന്ത്യയില്‍ ആലോചിക്കാന്‍ പറ്റുമോ? കേരളത്തില്‍ ഉള്ള റേസിസം പോലും നോര്‍വേ യില്‍ ഇല്ല എന്ന് പറയാം ... സായിപ്പിന് നമ്മുടെ ജാതിയെപറ്റി അറിയില്ലല്ലോ !
“ധാരാളം വെള്ളക്കാര്‍ എനിക്കൊപ്പം പണിയെടുക്കുന്നുണ്ട്. മനസ്സില്‍ എന്താണെന്ന് ചുഴിഞ്ഞു നോക്കാനാവില്ലല്ലോ. പെരുമാറ്റത്തില്‍ പക്ഷേ, ഒരിക്കലും അവര്‍ എന്നെ കറുത്തവന്- താഴ്ന്നവന് എന്ന രീതിയില്‍ പരിഗണിച്ചിട്ടില്ല എന്ന് തറപ്പിച്ചു പറയാം“
കേരളത്തിനും എന്റെ കൊച്ചു ഗ്രാമത്തിനും വെളിയിൽ എനിക്കാകെ വാസത്താലറിയുന്ന സ്ഥലം യു.കെ ആണ്. മേൽപ്പറഞ്ഞ അതേ അനുഭവമാണ് എനിക്കും ഇക്കാര്യത്തിലുള്ളത്. പെരുമാറ്റത്തിന്റെ കാര്യത്തിൽ വെള്ളക്കാർ എന്നും മാതൃകകളാണെന്ന് തന്നെ എന്റെയും അഭിപ്രായം, മനസ്സിലെന്തുമാകട്ടെ.
ജീവിതത്തിൽ ഇത്തരം വിവേചനപരമായ അനുഭവങ്ങൾ ഒന്നും ഇല്ലാത്തത് വിദ്യഭ്യാസം കൊണ്ടാവാം, ജീവിതനിലവാരം കൊണ്ടാവാം, ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ കൊണ്ടാവാം, ലോകപരിചയക്കുറവു കൊണ്ടുമാകാം. എന്തൊക്കെയായാലും അധ:പ്പതിച്ച ജീവിതം നയിക്കുന്നവൻ ബ്രാഹ്മണനായാലും വെള്ളക്കാരനായാലും സമൂഹം അവനെ അധ:കൃതനായേ കാണൂ. അങ്ങനെയുള്ള ചില തൊട്ടുകൂടാത്തവരേയും തീണ്ടിക്കൂടാത്തവരേയും അറിയാം.
സ്വന്തം നാട്ടില്‍ സ്വജനത്തോട് കാണിക്കുന്നത് അന്യനാട്ടില്‍ വല്ലവന്റേം കൈയ്യീന്ന് തിരിച്ച് കിട്ടുമ്പോഴെങ്കിലും തിരുത്താനുള്ള ബുദ്ധി ഒരു സമൂഹത്തിനുണ്ടാകുമ്പോഴല്ലേ സര് അതിനെ പുരോഗമനാത്മകം എന്ന് വിളിക്കുന്നത് ?
ഈ മിറര്‍ ന്യൂറോണുകളുടെ ഓരോ ലീലാ വിലാസങ്ങളേ ! , ശ്ശൊ ;)
എല്ലാം എല്ലാ മലബാറിയുടെയും അനുഭവങ്ങള്‍. ഗോവന്‍ കാത്തലിക്ക്സിന്റെ ഇടയിലെ ജാതിബോധം കൂട്ടിച്ചേര്‍ക്കട്ടെ! രണ്ട് ഗോവന്‍ കാത്തലിക്ക് കൂട്ടിമുട്ടിയാല്‍ അവര്‍ ആദ്യം നോക്കുന്നത് ഇവന് എന്നെപ്പോലെ ബ്രാഹ്മിന്‍ കണ്-വേട്ടഡ് ആണോ അതോ താണവന് ആണോ എന്നാണ്.
രണ്ടാം ക്ലാസ്.
ഉച്ചഭക്ഷണം കഴിഞ്ഞ് കളിച്ചോണ്ടിരിക്കുമ്പോള്‍ പൊരിഞ്ഞ തര്‍ക്കം - എല്ലാവനും പറഞ്ഞ് മമ്മൂട്ടി (മ്മടെ മച്ചുനന്‍ ചന്തു) മുസ്ലിമാണെന്ന്.
ചങ്ക് കലങ്ങിപ്പോയി.
“ഹൌ കാൻ ഷീ പോസ്സിബിളി ഫാൾ ഇൻ ലവ് വിത്ത് സച്ച് എ ടിപ്പിക്കൽ സൌത്ത് ഇന്ത്യൻ ഗൈ”
എന്നു റിമാർക്ക് അടിച്ച എന്റെ പൂനെക്കാരി കോളീഗത്തിയെയാണ് ആദ്യം ഓർമ വരുന്നത്
@അരവിന്ദ്
കുടല് നല്ല കിടുക്കന്‍ സാധനമാണുകേട്ടോ! നാട്ടില്‍ അതിനു പോട്ടി(ബോട്ടി) എന്നുപറയും. ഇന്ത്യക്കുവെളിയില്‍ ഹണികോംബ് മീറ്റ് എന്നു പറഞ്ഞു ഞാന്‍ കണ്ടിട്ടുണ്ട്.
അവനെ നന്നായിട്ട് കുരുമുളകിട്ട് ഫ്രൈ ചെയ്യണം. എന്താ ടേസ്റ്റ്!
നമ്മള് മലയാളികളും വംശ വിദ്വേഷം കാണിക്കുന്നില്ലേ
Apologies for commenting in English. Having just lived and worked in only three countries, I can tell that racism exists every where. While in the case of most western countries there is only black or white, in India we have all shades of grey in between when it comes to racism. At least that is what happens in the case of caste discrimination. My thinking is that each of us discriminate in one way or other when it comes to living our life.
Anyways this was a good post :-)
നല്ല അവതരണം..
ഇതാണോ അരവിന്ദ്ജീ "self promotion"? അയ്യോ, വായിച്ച് വല്ലാണ്ടായി. സൂരജ് പറഞ്ഞ പോലെ മിറർ ന്യൂറോണുകളുടെ ലീലയായിരിക്കും... വെറുതെ അല്ല ശ്രീമതി എഴുന്നേറ്റ് പോയത് :)
ഇത് എല്ലാടത്തും ഉണ്ട്....
എന്തിനേറെ പറയുന്നു ബന്ഗ്ലൂരിലെ മലയാളികള്‍ക്കിടയില്‍ തന്നെ ഉണ്ട് കാണാലോ ഇതൊക്കെ...
എന്റെ സുഹൃത്തിന്റെ അനുഭവം ഓര്‍മ്മ വന്നു..
ജോലി തപ്പി ബാഗ്ലൂരില്‍ വന്നു സുഹ്രിത്തുക്കളോടൊപ്പം താമസമാക്കിയ എന്റെ സുഹൃത്ത് ഒരു ചായപ്പീടികയില്‍ വച്ച് മധ്യവസ്കനായ ഒരു മലയാളിയെ പരിചയപ്പെടുന്നു... കത്തിയടിക്കുന്നതില് മിടുക്കനായ അയാള്‍ എന്റെ സുഹൃത്തിനു അര മുക്കാല്‍ മണിക്കൂര്‍ ലോകകാര്യങ്ങള്‍ പറഞ്ഞു കൊടുത്തു...
അയാള്‍ ബാനഗ്ലൂരില് കൊറേ കാലമായെന്നും ഫയങ്കര പിടിപാടനെന്നും ജോലി ഇപ്പം ശരിയാക്കി തരാന്നും വാഗ്ദാനം... ഹോ...
എന്നാ ഇതാ ഫോണ്‍ നമ്പര്‍ പിടിച്ചോ.. നാളെ വിളിക്ക് എല്ലാം ശരിയാക്കിത്തരാം എന്ന് അയാള്‍...
നമ്പര്‍ നോട്ടു ചെയ്യാന്‍ മൊബൈലും പിടിച്ചു എന്റെ സുഹൃത്ത്...
നമ്പര്‍ പറയുന്നതിന് മുന്‍പ് അയാള്‍ ഒരു ചോദ്യം... "മോന്റെ ജാതി എന്താ ?"
എന്റെ സുഹൃത്ത് മറുപടി കൊടുത്തു...
പിന്നെ അയാള്‍ ഒരക്ഷരം പോലും മിണ്ടാതെ ഒറ്റ നടത്തം...
ഫോണും പിടിച്ചു എന്റെ ഫ്രണ്ട് അന്തം വിട്ട് അതെ നില്‍പ്പ്.. :D
പിന്നെ എല്ലാ ദിവസോം അയാളെ കാണുമെങ്കിലും അയാള്‍ മുന്‍പ് കണ്ട ഭാവം പോലും കാണിക്കാറില്ല...
Post a Comment