Saturday, June 20, 2009

ഒച്ചിനെ എങ്ങനെ ഒതുക്കാം?

ഒച്ചിനെ കൊല്ലാന്‍ അതിന്റെ മുകളില്‍ ഉപ്പുപൊടി വിതറിയാല്‍ മതി (ഹിറ്റോ ബേയ്ഗോണോ ഡിഡിടിയോ അടിച്ചാല്‍ പോരേ എന്നു ചോദിക്കുന്നവര്‍ക്കുള്ളതല്ല സംഗതി)
എന്ന കേരള ഫാര്‍മറുടെ പോസ്റ്റ് കണ്ടപ്പോ മനസ്സില്‍ ഓര്‍ത്ത പഴയൊരു കാര്യം പോസ്റ്റാക്കാം എന്നു വച്ചു. ഉപ്പ് വിതറിയാല്‍ ഒച്ചിന്റെ കട്ടയും ബോര്‍ഡും മടങ്ങും, പക്ഷേ അതിനാദ്യം ഇതിനെ കണ്ടെത്തേണ്ടേ.

നല്ല നാലുമൂട് ചീരയോ മറ്റോ വച്ചാല്‍ അതിന്റെ നെഞ്ചത്തു കയറി പൊങ്കാല ഇട്ടില്ലെങ്കില്‍ ഒച്ചുകള്‍ക്ക് ഒറക്കം വരൂല്ല. അതു പോയ വഴുക്കന്‍ ചാലുകള്‍ കണ്ടാല്‍ പിന്നെ ബാക്കിയായതും തിന്നാന്‍ തോന്നില്ല. ഇവന്മാരെ റെയിഞ്ച് അടച്ച് ഒതുക്കണം. എന്താ വഴി?

ഒരു കുപ്പി ബീയര്‍ വാങ്ങുക (നാലെണ്ണം വാങ്ങിയാല്‍ ബാക്കി മൂന്നും അടിച്ച് പറമ്പില്‍ പണിയെടുക്കാനുള്ള മൂടും ഉണ്ടാക്കാം.) ചെറിയ പരന്ന പാത്രം ഒന്ന് - വല്ല ചിക്കന്‍ കറി വാങ്ങിച്ച അലുമിനിയം ഫോയില്‍ ട്രേയോ മറ്റോ ആയാലും മതി- പൊട്ടിപോയ കൊച്ചു മണ്‍ ചട്ടിയും ഒക്കെ ശരിയാവും ( ചിരട്ട വയ്ക്കരുത്, ചിരട്ടപ്പുറം ഒച്ചുകള്‍ക്ക് പേടിയാണെന്ന് അനുഭവം- ഒരുപക്ഷേ ദേഹം വേദനിച്ചിട്ടാവും)

പാത്രത്തിന്റെ വക്ക് അല്പ്പം മാത്രം മണ്ണില്‍ നിന്നും പൊങ്ങി ന്നില്‍ക്കുന്ന രീതിയില്‍ തോട്ടത്തിന്റെ ഒച്ച് വരാന്‍ സാദ്ധ്യത ഏറ്റവും കൂടിയ ഭാഗത്ത് മണ്ണു മാന്തി പാത്രം സ്ഥാപിക്കുക- നമ്മുടെ വാരിക്കുഴി റെഡി.

വൈകുന്നേരം പാത്രത്തില്‍ മിനിമം ഒരു നാല്‌ ഒച്ച് ഉയരത്തില്‍ ബീയര്‍ ഒഴിക്കുക. സ്വല്പ്പം യീസ്റ്റും തട്ടിക്കോ- ഇവന്മാര്‍ക്ക് പുളിച്ച ബീയര്‍ ആണ്‌ കൂടുതല്‍ ഇഷ്ടം.

രാത്രി വെളുത്ത് നേരേ പോയി നോക്കിക്കോളൂ, പാത്രത്തില്‍ മുങ്ങിയും പരിസരത്ത് വെളിവില്ലാതെ കിടന്നും ചത്ത ഒച്ചുകളെ എണ്ണി അന്തം വിടാം. അതിനെ കോരിക്കളഞ്ഞ് പാത്രം വീണ്ടും വച്ചാല്‍ മൂന്നു ദിവസം വരെ അതായത് ബീയറിന്റെ മണം തീരും വരെ സംഗതി ഉപയോഗിക്കാം
സചിത്ര വിവരണം ഇവിടെ
ഒച്ചുവീണ പാത്രം ദാണ്ടെ

സൂക്ഷിക്കേണ്ട കാര്യങ്ങള്‍
കെണി വച്ച ശേഷം മഴ പെയ്താല്‍ ബീയറിന്റെ കാശ് പാഴായി കിട്ടും
രാത്രി പട്ടിയെ തോട്ടത്തില്‍ തുറന്നു വിട്ടാല്‍ അത് ബീയര്‍ പാത്രം നക്കി വെളുപ്പിച്ചു തരും

ഡിസ്ക്ലെയിമര്‍:
രാവിലേ പറമ്പില്‍ കാലി ബീയര്‍ കുപ്പി കണ്ട് "എരണം കെട്ടവനേ, ഈ വീട്ടില്‍ ഇരുന്നു കുടിക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നെടാ" എന്നു ചോദിച്ച് അച്ഛനോ അമ്മയോ കരണത്ത് വീക്കിയാല്‍ ഈ കുറിപ്പെഴുതുന്നയാള്‍ ഉത്തരം വാദിക്കില്ല.

6 comments:

Unknown said...
This comment has been removed by the author.
Junaiths said...

ഇതൊച്ചിനെ പിടിക്കാനാണെന്നാ ഞാന്‍ കരുതിയത്‌,നായരെ പിടിക്കാനാണെന്നു
ആദ്യ കമന്റ്‌ കണ്ടപ്പോള്‍ തോന്നുന്നു.
ഒച്ച്‌ ഡെഡ് ആയി കിടക്കുന്ന പോട്ടം ഭീകരം.ചൈനാക്കാരെങ്ങാനും കണ്ടാല്‍ അവരുടെ സപ്പര്‍ ആക്കും

ജയരാജന്‍ said...

"രാത്രി പട്ടിയെ തോട്ടത്തില്‍ തുറന്നു വിട്ടാല്‍ അത് ബീയര്‍ പാത്രം നക്കി വെളുപ്പിച്ചു തരും" :)

കരീം മാഷ്‌ said...

ഒച്ചിനെ ഒറ്റക്കു ഒതുക്കാമോ?
ഹൂ‍ം.....!

R. said...

ഹൈശ്,
അന്തോണിച്ചന്‍ പഴയ ഫോമിലേക്ക്.

ചാണക്യന്‍ said...

കൊള്ളാമല്ലോ..ഇതൊരു പുതിയ അറിവാണ്..