Friday, June 12, 2009
തണ്ണീര്‍മുക്കുന്ന ബണ്ട്
ചിത്രത്തിനു കടപ്പാട്- വിക്കി പീഡിയ
ബഹുമാനപ്പെട്ട ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് അറിയുവാന്‍,
രണ്ടായിരത്തൊമ്പത് ഫെബ്രുവരി പതിന്നാലിനു അങ്ങ് നടത്തിയ ബഡ്ജറ്റ് പ്രസംഗം ഇന്നാണ് മുഴുരൂപത്തില്‍ വായിച്ചത്. ജനക്ഷേമപരമായ നിരവധി കാര്യങ്ങള്‍ അതില്‍ കണ്ടതില്‍ സന്തോഷിക്കുകയും ഒപ്പം തന്നെ പറഞ്ഞിരിക്കുന്ന രീതിയില്‍ എല്ലാം പ്രാവര്‍ത്തികമാക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു. പ്രസംഗത്തിലെ ഇരുപത്താറാം അദ്ധ്യായം- കുട്ടനാട് പാക്കേജ് എന്നയിടത്ത് പരാമര്‍ശിച്ചിരിക്കുന്ന കാര്യങ്ങളെപ്പറ്റി ചിലതു പറയാനാണ് ഈ കുറിപ്പ്.
അങ്ങ് പറയുന്നു" തണ്ണീര്‍മുക്കം ബണ്ട് പരമാവധി തുറന്നിടാന്‍ കഴിയുന്ന രീതിയില്‍ കാര്‍ഷിക കലണ്ടര്‍ രൂപീകരിക്കാന്‍ ഒരു വിദഗ്ദ്ധസമിതിയെ നിയോഗിക്കുകയും ഒപ്പം തന്നെ ഐ ഐ ടി ചെന്നൈ നല്കുന്ന റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ തന്നെ ബണ്ടിന്റെ ഷട്ടറുകള്‍ അറ്റകുറ്റപ്പണി നടത്തുന്നത് ആരഭിക്കുകയും ചെയ്യും" എന്ന്. യാദൃശ്ചികതയാവാം പ്രവാസിയായ ഞാന്‍ നിയമസഭയിലെ അങ്ങയുടെ പ്രസംഗസമയത്ത് ബണ്ട് സന്ദര്‍ശിക്കുകയുണ്ടായത്.
തണ്ണീര്‍മുക്കം ബണ്ട് ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് പ്രത്യേകിച്ച് പരാമര്‍ശിക്കേണ്ട കാര്യമില്ല എങ്കിലും വിദേശത്തും നാട്ടിലുമായി നടന്ന പഠനങ്ങളുടെ രത്നച്ചുരുക്കം ഈ തുറന്ന കത്തില്‍ കൊടുക്കുന്നു.
ഉപ്പുവെള്ളം വെച്ചൂരിനിപ്പുറത്തേക്ക് കയറി നെല്‍കൃഷിക്കു നാശമുണ്ടാക്കുന്നെന്ന പൊതു ധാരണയിലാണ് ആയിരത്തി തൊള്ളായിരത്തി എഴുപത്താറില് തണ്ണീര്‍മുക്കം ബണ്ട് നിര്‍മ്മിക്കപ്പെട്ടത്. വിരോധാഭാസമെന്നേ പറയേണ്ടൂ, ഉപ്പുവെള്ളം തടയല്‍ കൃഷിയിടത്തിന്റെ വലിപ്പം ചെറിയ തോതില്‍ വര്‍ദ്ധിപ്പിച്ചെങ്കിലും അതോടെ ആളുകള്‍ കാര്‍ഷികകലണ്ടര്‍ തങ്ങള്‍ക്ക് സൗകര്യമുള്ള രീതിയില്‍ മാറ്റുകയും ബണ്ടിനോട് അനുബന്ധിച്ച് വന്ന നിരവധി റോഡുകള്‍ അതേസമയം കൃഷിയിടങ്ങളെ തമ്മില്‍ ബന്ധമില്ലാത്ത ചെറുകണ്ടങ്ങള്‍ ആക്കി മാറ്റുകയുമാണ് ചെയ്തത്. അങ്ങേക്ക് ഇക്കാര്യം അറിവുണ്ടെന്ന് കാര്‍ഷികകലണ്ടറിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നിന്നും മനസ്സിലാവുന്നു.
അതിനുമപ്പുറം നിരവധി പരിസ്ഥിതി-സാമൂഹ്യ-സാമ്പത്തിക വെല്ലുവിളികള്‍ ആണ് ബണ്ട് ഉയര്‍ത്തുന്നത്.
ഒന്ന്: കായലിലെ ജലസംക്രമണം തടയുക വഴി കീടനാശിനികള്‍, ജൈവസൗഹൃദമില്ലാത്ത പാഴ്വസ്തുക്കള്, ലോഹലവണാദികള്‍ എന്നിവ കുമരകം കായലില്‍ കെട്ടിക്കിടക്കുക വഴി കൃഷിയുടെ ആദായം കുറയ്ക്കുന്നു
രണ്ട്: കായലിന്റെ ഉപ്പുരസം കുറയുകയും വിഷവസ്തുക്കള്‍ കെട്ടിക്കിടക്കുകയും വഴി മീന്‍, കക്ക തുടങ്ങിയവയുടെ അംഗസംഖ്യയും ജീവിത ദൈര്‍ഘ്യവും അപകടകരമഅം വിധം കുറയുകയും മത്സ്യബന്ധനം എന്ന ഭക്ഷ്യോത്പാദനരീതിയെ സാരമായി ബാധിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ മത്സ്യബന്ധന മേഘലയില്‍ ഇത് തൊഴിലില്ലായ്മ രൂക്ഷമാക്കി.
മൂന്ന്: കായലിലെ ഉപ്പുരസം കുറയുന്നതുവഴി തൊണ്ടഴുക്കല്‍- കയര്‍ നിര്‍മ്മാണം എന്നിവയെ പ്രതികൂലമായി ബാധിച്ചു
നാല്: മണ്ണിലെ ഉപ്പുരസം കുറയുന്നത് നാളീകേരകൃഷിയെ പ്രതികൂലമായി ബാധിച്ചു.
അഞ്ച്: കുമരകത്തെ ടൂറിസ്റ്റ് സങ്കേതങ്ങളും ഹൗസ് ബോട്ടുകളും കായലിലേക്ക് തള്ളുന്ന അപകടകരമായ മാലിന്യങ്ങള്‍ ബണ്ടുമൂലം ഒഴുകാന്‍ വഴിയില്ലാതെ കെട്ടിക്കിടന്ന് പരിസ്ഥിതി നാശമുണ്ടാക്കുന്നു.
ആറ്: പരിസ്ഥിതിയുടെ സ്വാഭാവിക രീതിയെ മാറ്റിമറിക്കുക വഴി കുമരകത്തെ പക്ഷിസങ്കേതത്തിനെ ഇത് പ്രതികൂലമായി ബാധിക്കുന്നു.
ഏഴ്: തോട്ടപ്പള്ളി സ്പില്‍വേയോടൊപ്പം ചേര്‍ന്ന് ബണ്ട് വാട്ടര്‍ കറണ്ടുകളെ മാനുഷിക ഇടപെടലിനു വിധേയമാക്കുന്നതിനാല്‍ ഭൂഗര്‍ഭജലനിരപ്പ് താണുപോകാന്‍ കാരണമായി
എട്ട്: കുളവാഴ/പോള എന്നറിയപ്പെടുന്ന സസ്യം ജൈവാധിനവേശം നടത്താന്‍ കാരണമായത് കായലിലെ ഉപ്പുരസം നീക്കുന്ന തണ്ണീര്‍മുക്കം ബണ്ടാണ്.
ഒമ്പത്: ജലത്തിലെ സൂക്ഷജീവജാലങ്ങളുടെ സന്തുലിതാവസ്ഥ അട്ടിമറിച്ച് മീനുകള്‍ക്കും ജലജീവികള്‍ക്കും പക്ഷികള്‍ക്കും നിരവധി പുതിയ രോഗങ്ങളുണ്ടാവാന്‍ ബണ്ട് കാരണമായി.
ഇക്കാരണത്താലെല്ലാം കൂടി എനിക്കു ശുപാര്‍ശ ചെയ്യാനുള്ളത് ബണ്ടിന്റെ ഷട്ടറുകള്‍ ഒരിക്കലും അടയ്ക്കുകയേ ചെയ്യരുത് എന്നാണ്.
ഉപ്പുവെള്ളം കയറി കൃഷി എല്ലാം നശിക്കില്ലേ എന്ന ചോദ്യമുയര്‍ന്നേക്കാം. അങ്ങേയ്ക്ക് ധൈര്യമായി പറയാം, അങ്ങനെ ഉണ്ടാകുന്ന നഷ്ടത്തിന്റെ നിരവധി ഇരട്ടി കാര്യക്ഷമമായി കാര്‍ഷിക വൃത്തിയിലേര്‍പ്പെടാന്‍ മറ്റുസംവിധാനം വഴി കഴിയുമെന്ന്- വിശദീകരിക്കാം.
കുട്ടനാട് നമ്മുടെ അരിക്കലം ആണെന്നത് ശരിയാണ് സര്. അതേസമയം അത് നമ്മുടെ മീന്‍ ചട്ടിയും കൊപ്രാക്കളവും കയര്‍ ചാപ്പയും, കുമ്മായച്ചൂളയും ആയിരുന്നു. അക്കാര്യം എന്തോ, എല്ലാവരും മറന്നുപോയി.
തണ്ണീര്‍മുക്കം ബണ്ട് നിര്‍മ്മാണത്തിന്റെ ആകെത്തുക ഇതാണ് സര്- നാനൂറ്റി അറുപത്തിനാല് ഹെക്റ്റര്‍ പാടത്ത് ഒരു പൂവ് കൃഷിക്കു കൂടി സൗകര്യമുണ്ടായി. ആയിരത്തി എഴുനൂറ്റി പതിനാല് ഹെക്റ്റര്‍ സ്ഥലത്ത് മത്സ്യ വളര്‍ച്ച ഇല്ലാതെയാക്കി. നെല്ലിന്റെ പ്രതിഹെക്റ്റര്‍ ആദായം കുറച്ചു, മത്സ്യസമ്പത്തിന്റെ ഗണ്യമായി നശിപ്പിച്ചു, കയര്‍ വ്യവസായത്തെ പ്രതിസന്ധിയിലാക്കി, തെങ്ങിന്റെ വിളവുകുറച്ചു, കളകയറി പാടശേഖരങ്ങളെ നശിപ്പിക്കാന്‍ തുടങ്ങി, സര്‍വോപരി കുമരകത്തിന്റെ ജൈവസന്തുലിതാവസ്ഥയെ തകര്‍ത്തു.
(പി ജി പത്മനാഭന്, കെ സി നാരായണന് & കെ ജി പത്മകുമാര്‍ പഠനം പേജ് പതിനഞ്ച്)
ഓരോ പാടശേഖരവും ഇന്ന് കമ്മിറ്റികളുറ്റെ കയ്യിലാണ് . നിലവിലുള്ള സംവിധാനങ്ങള്‍ കൊണ്ട് തന്നെ അവര്‍ക്ക് ഒരു ഇന്റഗ്രേറ്റഡ് കൃഷിരീതി സ്വീകരിക്കാവുന്നതേയുള്ളു. മൂന്ന് പൂവ് നെല്‍കൃഷിക്കു പകരം ബണ്ട് സംരക്ഷിക്കുന്ന നാനുറ്റി അറുപത്തിനാലേക്കറില്‍ രണ്ട് പൂവു നെല്‍കൃഷിയും ഇടവേളയില്‍ മീന്‍-ചെമ്മീന്‍ കൃഷിയും നടത്തുന്ന പൊക്കാളി രീതി നമ്മള് എത്രയോ നൂറ്റാണ്ട് ചെയ്തതാണവിടെ.
ഇന്നും കേസ് സ്റ്റഡിയായി കാണിക്കാന്‍ നിരവധി ഉദാഹരണങ്ങളുണ്ട്. അതിലൊന്ന്- സി ഡി എസ് പഠനത്തില്‍ നിന്നു കണ്ടെത്തിയ ശ്രീ. ജോയ് ഇട്ടൂപ്പ് എന്ന വ്യക്തി സ്വീകരിച്ച മാര്‍ഗ്ഗം ഇങ്ങനെയാണ്:
മൊത്തം പാടശേഖരം- ഇരുപത്തഞ്ച് ഹെക്റ്റര്‍ . കൃഷിയിടം ഇരുപത് ഹെക്റ്റര്‍. ബാക്കി വന്ന അഞ്ചിലെ മണ്ണെടുത്ത് ഇരുപതേക്കറിനു ബണ്ടാക്കിയിരിക്കുന്നു. ഫാമില്‍ രണ്ട് പൂവ് നെല്ലും ഇടവേളയില്‍ മത്സ്യകൃഷിയുമാണ്. പരിസരത്തെ ടൂറിസം കേന്ദ്രങ്ങളില്‍ നിന്നു ശേഖരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ കൊണ്ട് പന്നി വളര്‍ത്തി അവിടെ തന്നെ വില്‍ക്കുകയും ചെയ്യുന്നുണ്ട്. കന്നുകാലി വളര്‍ത്തല്‍ തുടങ്ങിയെങ്കിലും മറ്റു കൃഷികളൊപ്പം ആദായമില്ലെന്ന് കണ്ട് നിറുത്തി. ബണ്ടില്‍ പൈനാപ്പിള്‍ കൃഷി ചെയ്യുന്നു. ഫാമില്‍ കോഴിയും താറാവും വളര്‍ത്തുന്നുണ്ട്. പരസ്പര പൂരകമായി ഇവയെല്ലാം മറ്റുള്ളതിന്റെ ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കുന്നു എന്നതിനാല്‍ നെല്‍കൃഷി മാത്രമെടുത്താല്‍ തന്നെ ജോയിയുടെ രണ്ട് പൂവ് കൃഷി മറ്റു സ്ഥലങ്ങളിലെ മൂന്നു പൂവു നെല്ലിനെക്കാള്‍ വിളവു തരുന്നു. എഫ് എഫ് ഡി ഏ, കൃഷിവകുപ്പ്, സര്‍ക്കാര്‍ ബാങ്കുകള്‍ എന്നിവയുടെ ഫൈനാന്‍സിങ്ങ് അല്ലാതെ വന്‍കിട മുതല്‍ മുടക്കുമായല്ല ഈ സംരംഭം തുടങ്ങിയതും.
മുക്കിക്കൊല്ലുന്ന ബണ്ടിന്റെ ഷട്ടര്‍ എന്നും ഉയര്‍ന്നു തന്നെയിരിക്കട്ടെ സര്. നമുക്ക് കുട്ടനാടിനെ കൊല്ലാതെ തന്നെ എല്ലാ കൃഷിയും ലാഭത്തിലാക്കാം. അതിന് കയ്യിലുള്ള വിവരം തന്നെ ധാരാളമാണ്. നൂറ്റാണ്ടുകള്‍ പരിശീലിച്ച പ്രവര്‍ത്തികളും.
സസ്നേഹം
കുട്ടനാടിനെ സ്നേഹിക്കുന്ന, അവിടത്തുകാരനല്ലാത്ത ഒരു മറുനാടന്‍ മലയാളി.
Subscribe to:
Post Comments (Atom)
12 comments:
മുക്കിക്കൊല്ലുന്ന ബണ്ടിന്റെ ഷട്ടര്‍ എന്നും ഉയര്‍ന്നു തന്നെയിരിക്കട്ടെ സര്. നമുക്ക് കുട്ടനാടിനെ കൊല്ലാതെ തന്നെ എല്ലാ കൃഷിയും ലാഭത്തിലാക്കാം
എന്നാല്‍ പിന്നെ നമുക്ക് ആ വഴിക്ക് നീങ്ങാം
മുക്കിക്കൊല്ലുന്ന ബണ്ടിന്റെ ഷട്ടര്‍ എന്നും ഉയര്‍ന്നു തന്നെയിരിക്കട്ടെ സര്. നമുക്ക് കുട്ടനാടിനെ കൊല്ലാതെ തന്നെ എല്ലാ കൃഷിയും ലാഭത്തിലാക്കാം. അതിന് കയ്യിലുള്ള വിവരം തന്നെ ധാരാളമാണ്. നൂറ്റാണ്ടുകള്‍ പരിശീലിച്ച പ്രവര്‍ത്തികളും.
ആ വിവരങ്ങളൊക്കെ ഇപ്പോള്‍ കയ്യിലുണ്ടാവുമോ?
പുതിയ തലമുറയിലേക്കു പകര്‍ന്നു കിട്ടിയിട്ടുണ്ടാവുമോ?
അന്തോണിച്ച,
ഞാന്‍ ഗദ്ഗദകണ്ഠനാകട്ട്. എന്നെക്കൊണ്ടൊക്കെ ചറപറാ കുറ്റം പറയാനേ ഒക്കൂ. എന്നാ ഒരു ആള്‍ട്ടര്‍നേറ്റ് സിസ്റ്റം കൊണ്ടുവാടേ എന്നു പറഞ്ഞാ "ആ... അദു വേണ്ട, അദ് വേണ്ട..."ന്ന് ഏതോ സിനിമേല് ദിലീപ് പറയുന്ന പോലെ വിക്കും.
അലക്കുമ്പ ഇങ്ങനെ അലക്കണം.
കുട്ടനാടിനെ സ്നേഹിക്കുന്ന, കുട്ടനാട്ടുകാരനായ മലയാളിയുടെ ഒപ്പ് ഇതിനു താഴെ.
ബണ്ടൊക്കെ പണ്ട് ....
കുറച്ച് നാള് മുമ്പ് അപ്പുവിന്റെ ഒരു പോസ്റ്റില്‍ ഇട്ട കമന്റിന്റെ ഒരു ഭാഗം ഇതാണ്.
കായലിനെ പറ്റിയാണെങ്കില്‍, പണ്ട് പത്ത് പന്ത്രണ്ട് മീറ്റര്‍ ആഴമുണ്ടായിരുന്ന കായലിന് ഇപ്പോള്‍ അഞ്ച്-ആറ് മീറ്റര്‍ ആണ് ആഴം. പലയിടെത്തും ഇത് രണ്ട്- മൂന്ന് മീറ്റര്‍ വരെയേ ഉള്ളു. തണ്ണീര്‍മുക്കം ബണ്ട് വന്നതിന്റെ പരിണിതഫലം. ഒരോ വര്‍ഷവും കായലിന്റെ ആഴം കുറയുന്നു. കുറച്ച് വര്‍ഷങ്ങള്‍ കൂടി കഴിയുമ്പോള്‍ കായല്‍ പലയിടത്തും ഇല്ലാതാവും. ഈ കായലിലും പരിസരത്തുള്ള ജലാശയങ്ങളിലും തിരണ്ടികള്‍, മത്തി, മറ്റ് ചില കടല്‍ മത്സ്യങ്ങള്‍ വരെ കിട്ടിയിരുന്ന കാലമുണ്ടായിരുന്നു. ഒരു ബണ്ട് കൊണ്ട് എന്തെല്ലാം ഗുണങ്ങള്‍ ഉണ്ടാകാം എന്നതിനേക്കാല്‍ എന്തെല്ലാം ദോഷങ്ങള്‍ ഉണ്ടാകാം എന്നതിന് ഉദാഹരണമാണ് തണ്ണീര്‍മുക്കം ബണ്ട്.
ഒരോ വര്‍ഷവും വിവിധ നദികളില്‍ കൂടി വേമ്പനാട് കായലില്‍ വന്നടിയുന്ന മണ്ണ് (Sedimentation) കടലിലേക്ക് ഒഴുകിപോകാതെ ഈ ബണ്ട് തടഞ്ഞു നിര്‍ത്തുകയാണ്. അതിന്റെ പരിണിത ഫലമാണ് മുകളില്‍ പറഞ്ഞ ആഴംകുറയല്.
കോട്ടയ്ത്തു നിന്ന് വൈക്കത്തേക്കും ചേര്‍ത്തലയിലേക്കും എളുപ്പത്തില്‍ പോകാന്‍ ഒരു വഴിയുണ്ടായി എന്നല്ലാതെ തണ്ണിര്‍മുക്കം ബണ്ട് കൊണ്ട് ഇന്ന് പ്രയോജനങ്ങള്‍ ഒന്നും തന്നെയില്ല എന്ന് തന്നെ പറയാം.
ഇപ്പോള്‍ കോട്ടയത്ത് ഒരു മിനി തുറമുഖം വരുന്നുണ്ട്. അതിലേക്കുള്ള ജലപാത ഏതു വഴിയാണെന്ന് എനിക്ക് കൃത്യമായി അറിയില്ല. ഏതായാലും അത് ഇന്നത്തെ സ്ഥിതിക്ക് എന്തെങ്കിലും മാറ്റം ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കാം.
തണ്ണീർമുക്കം ബണ്ട് എന്ന് പത്രത്തിൽ കണ്ട അറിവേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ പാരിസ്ഥിതികപ്രശ്നങ്ങൾ ഒന്നും അറിയില്ലായീരുന്നു. ഇത് പരിസ്ഥിതി പ്രവർത്തകർ ഒന്നും ഉന്നയിക്കാറില്ലേ?
ഈ വിഷയത്തെ പറ്റി കൂടുതലായിട്ടൊന്നും അറിയില്ലായിരുന്നു
പാരിസ്ഥിതിക പ്രശ്നങ്ങളോടുള്ള ഭരണകൂടസമീപനം, ശരിയായ പ്രശ്നങ്ങളെ എപ്പോഴും മുക്കിക്കൊല്ലുന്ന തരത്തിലാണ്. മണല്‍ വാരല്‍, നിലംനികത്തല്‍, മഴവെള്ളസംഭരണം ഇവയുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളും, അവയുടെ നടപ്പാക്കലും എത്ര പരിതാപകരം. പുതുതായി നിര്‍മ്മിക്കുന്ന വീടുകളില്‍ മഴവെള്ളസംഭരണി കര്‍ശനമാക്കിയത് എവിടെയും പാലിക്കപ്പെടുന്നില്ല. കൈക്കൂലിക്ക് 'ഇടം' ഒരുക്കുവാന്‍ ഒരു നിയമം. ൩൦൦ സെ. മീ. മഴ കിട്ടുന്നിടത്ത് 'കുടിവെള്ള ക്ഷാമം' - മണ്‍സൂണ്‍ മഴയിലും വെള്ളത്തിണ്റ്റെ ടാങ്കറുകള്‍ തേരാപാര .........
കുട്ടനാട്ടുകാരന് അല്ല! പക്ഷെ ഞാന്‍ ചേര്ത്തലക്കാരന് ആണ്... തനീര്മുക്കം ബണ്ട് ഇല് നിന്നു 4 കിമി അകലെ ആണ് എന്റെ വീട്...
തണ്ണീര്‍മുക്കം ബണ്ട് എനിക്ക് ഏറെ പ്രീയപ്പെട്ടതാണ്... നാട്ടില്‍ പോയാല്‍ അങ്ങോട്ട് ഒരു ഡ്രൈവ് പതിവാണ്...
ഞാന്‍ പഠിച്ച ഒന്‍പതാം ക്ലാസ്സിലെ പുസ്തകത്തില്‍ തണ്ണീര്‍മുക്കം ബണ്ട് നെ പരാമര്‍ശിക്കുന്ന ഒരു പാഠം ഉണ്ട്, സാമൂഹിക ശാസ്ത്രത്തില്‍. പരാജയപ്പെട്ട പദ്ധതികളില്‍ ഒന്നായി ആണ് അതില്‍ പറഞ്ഞിട്ടുണ്ട് എങ്കിലും കേരളം മുഴുവന്‍ ഞങ്ങളുടെ ബുണ്ടിനെ കുറിച്ചു അറിയുമല്ലോ എന്നൊരു സന്തോഷം ആണ് അന്ന് തോന്നിയത്... :D
(ഒരുപക്ഷെ ഞാന്‍ മരിച്ചാല്‍ എന്റെ ചിതാഭസ്മം നിക്ഷേപിക്കുന്നതും ബണ്ടില്‍ നിന്നായിരിക്കും. സാധാരണ ചേര്‍ത്തലയില്‍ അങ്ങിനെ ചെയ്യാറുണ്ട്...)
ഇതായിരുന്നു ലാസ്റ്റ് ട്രിപ്പ്! (ഓര്‍ക്കുട്ട് ആല്‍ബം)
http://www.orkut.co.in/Main#Album.aspx?uid=6605066374711385981&aid=1239784159
സംഗതിയൊക്കെ ശരിതന്നെ...
ഇതൊക്കെ ഐസക്കദ്യം വായിക്കുമോ!?
എന്റെ പിന്തുണ!
എല്ലാവര്ക്കും നന്ദി.
അനില്‍ശ്രീ, അതേ- സ്വതേ വേമ്പനാട്ടുകായലിന് ആഴം കുറവാണ്. എക്കല്‍ അടിയുന്നത് ഒഴുകിപ്പോകാന്‍ മാര്‍ഗ്ഗവും ഇല്ലാതെയായപ്പോള്‍ അപകടകരമാം വിധം അതു കുറഞ്ഞു തുടങ്ങി.
ഹരികൃഷ്ണന്, ഈ നാട്ടില്‍ ഓര്‍ക്കുട്ട് കിട്ടില്ല, അതുകൊണ്ട് ഫോട്ടോയൊന്നും കാണാന്‍ പറ്റിയില്ല :(
Post a Comment