Saturday, September 27, 2008

ഗട്ടറില്‍ ചാടിയ തിമിംഗിലം

"പതിമൂന്നുവര്‍ഷമായി തിങ്കളാഴ്‌ച തോറും ഒരു കോളത്തിലൂടെ ഒരു കോടിയോളം മലയാളികളിലെത്തുന്ന ഭാഗ്യവാനാണ്‌്‌ ഈ ലേഖകന്‍. അതൊരു പാരാവാരമാണ്‌. ബ്‌ളോഗ്‌ എന്നുപറയുന്നത്‌ മിഠായിത്തെരുവിലെ റോഡില്‍ ടാറിളകിയുണ്ടായ ഒ'രു കുഴി മാത്രമാണ്‌. ക്ഷമിക്കണം എന്റെ ബ്‌ളോഗിനെക്കുറിച്ചാണ്‌ ഇത്‌ പറയുന്നത്‌. മാരീചന്റെയും മറ്റും ബ്‌ളോഗുകള്‍ക്ക്‌ കുതിരവട്ടം റോഡിലെ കുഴിയോളമെങ്കിലും വലുപ്പം കാണും. അതിനെയും പക്ഷേ അവഗണിക്കാമായിരുന്നു. ഒന്നുണ്ട്‌, പാരാവാരത്തില്‍ നീന്തിത്തിമിര്‍ക്കാന്‍ അവസരം ഉള്ളപ്പോള്‍ത്തന്നെ ബ്‌ളോഗിന്റെ ചെറുകുഴിയിലെ പരല്‍മീനുമാകാന്‍ തുനിഞ്ഞ കേരളത്തിലെ ഒരു പക്ഷേ ആദ്യത്തെ മാധ്യമപ്രവര്‍ത്തകന്‍ ഈ എളിയവനാണ്‌. അതുകൊണ്ട്‌ തന്നെ ബ്‌ളോഗ്‌ ലോകത്തിന്‌ വില കല്‌പ്പിക്കുന്നു ഈ ലേഖകന്‍. അവരെ അവഗണിക്കുകയേ ഇല്ല..."

കേരളത്തില്‍ അറിയപ്പെടുന്ന മാദ്ധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ്‌ ഈ വരികള്‍ ബ്ലോഗില്‍ കുറിച്ച ശ്രീമാന്‍ എന്‍ പി രാജേന്ദ്രന്‍. എങ്ങനെ സംഭവിച്ചതോ എന്തോ, ഇദ്ദേഹം ഈ വരികള്‍ എഴുതിയ പേജിലെത്തും മുന്നേ ഞാന്‍ പോയ രണ്ട് ബ്ലോഗുകള്‍ അഹമ്മദിനെജാദിന്റെയും ജാക്കി ചാനിന്റേതും ആയിരുന്നു. (ഇവരുടെ മൂന്നു പേരുടെയും ബ്ലോഗിന്റെ സ്ഥിരം വായനക്കാരനല്ല ഞാന്‍)


എന്‍ പി രാജേന്ദ്രന്‍ എന്ന നീലത്തിമിംഗിലം ബ്ലോഗെന്ന ഗട്ടറില്‍ കിടന്നു ശ്വാസം മുട്ടുകയാണെന്നും ഈ ചളിക്കുഴിയിലെ പാവങ്ങളെ ഓര്‍ത്ത് ആ ഞെരുക്കം അവഗണിച്ച് ഇവിടെ വന്നൊന്നു പിടച്ചിട്ടു പോകാന്‍ സൗമനസ്യം കാണിക്കുകയാണെന്നും പറയുന്നു. വേണമെങ്കിലും വേണ്ടെങ്കിലും സകല മീഡിയയും പിന്നാലെ നടക്കുന്ന അഹമ്മദിനെജാദ് എന്തിനു പിന്നെ ഒരു ബ്ലോഗ് കൂടി എഴുതുന്നു, അതും പ്രശംസയെക്കാള്‍ നിശിത വിമര്‍ശനങ്ങളാണ്‌ അദ്ദേഹത്തിനു കിട്ടുന്ന അഭിപ്രായങ്ങള്‍ എന്നിരിക്കെ?

അഹമ്മദി നെജാദില്‍ നിന്നും ഊരും പേരും മേല്വിലാസവും പ്രത്യേകിച്ച് നാലാളോട് പറയാന്‍ കൊള്ളാവുന്ന ഒന്നുമില്ലാത്ത അണ്ണണ്‍‌കൊണ്ണി അന്തോണിയിലേക്കു വന്നാലും ബ്ലോഗിന്റെ കാര്യത്തില്‍ വത്യാസമൊന്നുമില്ല പ്രിയ രാജേന്ദ്രന്‍. ഞാനും അദ്ദേഹവും ബ്ലോഗ് എഴുതുന്നത് അവനവനുവേണ്ടിയാണ്‌. ഇവിടെങ്ങും ആരും ഞാനോ അഹമ്മദിനെജാദോ എഴുത്തു നിര്‍ത്തിയാല്‍ ആരും തൂങ്ങിച്ചാകില്ല.

എഴുത്തുകച്ചവടക്കാരനായ താങ്കള്‍ സക്കാത്തായി നല്‍കുന്ന എഴുത്തുഭിക്ഷയാണ്‌ ബ്ലോഗെന്ന് ധരിച്ചുവോ? എങ്കില്‍ അതെഴുതിയിട്ട് താങ്കള്‍ക്കോ വായനക്കാരനോ പ്രയോജനമൊന്നുമില്ല, സൈറ്റ് ഹോസ്റ്റ് ചെയ്യുന്നവര്‍ക്ക് സ്വല്പ്പം പൈസ വരുമാനമുണ്ടാകുമെന്നത് മിച്ചം.

കല്പ്പനകള്‍ കേട്ടാല്‍ മാത്രം ചലിക്കുന്ന, തങ്കം പൂശിയ വെള്ളിനിബ്ബിട്ട, മൗ‌ബ്ലോ പേനകള്‍ക്ക് തോന്നിയവഴി വരയാനാവുമോ എന്തോ...
(പൊതുവേ പത്രത്തിലെഴുതുന്നവരോട് അവര്‍ക്കു പ്രയോജനമാകട്ടേ എന്നു കരുതി എന്തെങ്കിലും ഗുണദോഷിച്ചാല്‍ ഉടനേ തൂലികാനാമത്തിലാണെങ്കില്‍ "നിന്നെ എനിക്കറിയാം നീ പണ്ട് ഞാന്‍ ആലപ്പുഴ ബസ് സ്റ്റാന്‍ഡില്‍ വച്ച് തല്ലിക തങ്കപ്പനല്ലേ, ഇരുട്ടടി എനിക്കു ഭയമില്ല" എന്നും അതല്ല ഇനി നേരിട്ടു പറയുകയാണെങ്കില്‍ "നീ ആ തങ്കപ്പന്റെ കള്ളും വാങ്ങി കുടിച്ച് എന്നെ തല്ലാന്‍ വന്ന ക്വട്ടേഷന്‍ പാര്‍ട്ടി അല്ലേ" എന്നും പ്രതികരിച്ചു കാണാറുണ്ട്, അതുകൊണ്ട്:

ക. എനിക്കു താങ്കളെ യാതൊരു പരിചയവുമില്ല
ഖ. ഒരു മാദ്ധ്യമപ്രവര്‍ത്തകന്റെയും വക്താവുമല്ല ഞാന്‍
ഗ. താങ്കള്‍ക്ക് എന്നെയും അറിയില്ല
ഘ. തിങ്കളാഴ്ചയോ ആഴ്ക്യയിലെ മറ്റ് ആറു ദിവസങ്ങളിലോ ഞാന്‍ മാതൃഭൂമി പത്രം വായിച്ചിട്ട് പത്തിരുപത് വര്‍ഷം കഴിഞ്ഞു. അതിനു മുന്നേ താങ്കള്‍ എഴുതിയതൊന്നും ഞാനോര്‍ക്കുന്നുമില്ല ഇന്ന്
ങ. താങ്കളെ എനിക്കറിയില്ലാത്തതുപോലെ മര്‍ഡോക്കിനെയോ മാരീചനെയോ റെജി മേനോനെയോ എം പി വീരേന്ദ്രകുമാറിനെയോ എനിക്കു യാതൊരു പരിചയവുമില്ല.
ച. എനിക്കു കൈരളിയിലോ ഏഷ്യാനെറ്റിലോ മാതൃഭൂമിയിലോ ഓഹരിയില്ല, വാങ്ങാന്‍ ഉദ്ദേശവുമില്ല. )

19 comments:

അങ്കിള്‍ said...

:) for comment tracking

simy nazareth said...

:) ഈ ഒരു പോയിന്റ് പൊളപ്പന്‍

മാരീചന്‍ said...

ഛ. മാരീചന് അനോണി ആന്റണിയെയും പരിചയമില്ല.:))

Unknown said...

“പതിമൂന്നുവര്‍ഷമായി തിങ്കളാഴ്‌ച തോറും ഒരു കോളത്തിലൂടെ ഒരു കോടിയോളം മലയാളികളിലെത്തുന്ന ഭാഗ്യവാനാണു്‌ ഈ ലേഖകന്‍. അതൊരു പാരാവാരമാണു്‌.

“അവനവന്‍ പ്രസാധനത്തിന്റെ ലഹരി ഉന്മാദമായി മാറിയ ഒട്ടനവധിയാളുകളെ ബ്‌ളോഗ്‌ ലോകത്തു്‌ കാണാനുണ്ടു്‌.”

egocentricity-യുടെയും, അവനവന്‍ “പ്രസാദത്തിന്റെയും” ലഹരി ആദ്യത്തെ പ്രസ്താവനയില്‍ ഉന്മാദമാവുന്നില്ലെന്നുണ്ടോ? ഒരിത്തിരി കൂടിയ ഇനം “അമ്പട ഞാനേ!” എന്ന ലാളിത്യം!? അതോ ഞാനൊരു പാവം തോന്നല്‍ വിദഗ്ദ്ധനായതുകൊണ്ടാണോ ഇങ്ങനെയൊരു സംശ്യം?

“ബ്‌ളോഗ്‌ എന്നുപറയുന്നത്‌ മിഠായിത്തെരുവിലെ റോഡില്‍ ടാറിളകിയുണ്ടായ ഒരു കുഴി മാത്രമാണു്‌. ”

ഇനി കോഴിക്കോട്ടു് പോകുമ്പോള്‍ പറ്റിയാല്‍ ടാറിളകിയ “തെരുവിലെ റോഡു്” ഒന്നു കാണണം.

“അതുകൊണ്ടു്‌ തന്നെ ബ്‌ളോഗ്‌ ലോകത്തിന്‌ വില കല്‌പ്പിക്കുന്നു ഈ ലേഖകന്‍. അവരെ അവഗണിക്കുകയേ ഇല്ല.”

ശ്രീമാന്‍ N. P. Rajendran മാഷിന്റെ സ്ഥാനത്തു് ഞാനായിരുന്നെങ്കില്‍ ബ്ലോഗ് ലോകം എന്റെ വില കല്പിക്കലിനു് എന്തെങ്കിലും വില കല്പിക്കുന്നുണ്ടോ എന്നു് ചോദിച്ചിട്ടേ എന്റെ വിലകല്പിക്കല്‍ വച്ചുനീട്ടുമായിരുന്നുള്ളു!

“അവരുടെ ഭാഷയ്‌ക്കൊപ്പം എത്താന്‍ ഈയുള്ളവനു് കഴിയില്ല.

ദോഷം പറയരുതല്ലോ! അതില്‍ ഇത്തിരി കാര്യമുണ്ടെന്നു് ആ പോസ്റ്റ് വായിക്കുന്ന ആരും സമ്മതിക്കും!

(ശ്രീ. N. P. Rajendran മാഷിന്റെ പോസ്റ്റ് വായിച്ചപ്പോള്‍ അവിടെ എഴുതണം എന്നു് തോന്നിയതാണിതു്. പക്ഷേ, അവിടെ കമന്റിടാന്‍ ജന്മദിനവും നക്ഷത്രവുമൊക്കെ ഹാജരാക്കണം. ഇനി അതൊക്കെ ഹാജരാക്കാം എന്നു് വച്ചാലും കമന്റ് വെളിച്ചം കാണുമെന്നു് ഉറപ്പുമില്ല. വെറുതെ കളയാനും മാത്രം സമയം എനിക്കൊട്ടില്ല താനും! മാരീചന്റെ പോസ്റ്റില്‍ വേണമെങ്കില്‍ എഴുതാമായിരുന്നു. പക്ഷേങ്കി എത്രനാളാന്നു് കണ്ടാ ഒരാളുടെ പോസ്റ്റില്‍ കമന്റെഴുതി ഉപജീവിക്കുന്നതു്? പ്രത്യേകിച്ചും എനിക്കു് എല്ലാ ബ്ലോഗന്‍-ബ്ലോഗിണി മാരേയും ഒറ്റയായും കൂട്ടമായും, നേരിട്ടും അല്ലാതെയും, വ്യക്തിപരമായും സാമൂഹികമായും പരിചയമുണ്ടു് എന്നിരിക്കെ? അവര്‍ക്കൊക്കെ എന്തു് തോന്നും? ഇനി അവര്‍ക്കു് ഒന്നും തോന്നിയില്ലെങ്കിലും മാതൃഭൂമിയെ അവഹേളിക്കാതിരിക്കുകയെങ്കിലും ചെയ്യണ്ടേ?)

ആന കോട്ടുവാ വിടുന്നതു് കണ്ടു് അണ്ണാന്‍ കൊതിച്ചിട്ടു് കാര്യമില്ലെന്നറിയാം. എന്നാലും ചെലപ്പോ കൊതി പിടിച്ചാല്‍ കിട്ടില്ല! എന്തു് ചെയ്യാന്‍? മനുഷ്യന്റെ ഓരോരോ ബലഹീനതകളേ! :)

Anonymous said...

well said

Suraj said...

പത്തുപൈസ കുറവുണ്ട്. അതോണ്ട് ഇളിച്ചുകൊണ്ട് ഒരു നാല് സ്മൈലി ധൈര്യമായി ഇടുന്നു :))))

‘പരിപോഷി’പ്പിക്കയാണെന്ന് വിചാരിക്കരുതേ ;)

സസ്നേഹം,

ടാറിളകിയ കുണ്ടില്‍ വീണ ഒരു നത്തോലി.

പി.എസ്: നെത്തോലിയായത് കൊണ്ട് ഏതായാലും അടിയനിത് പാരാവാരം തന്നെ.

Haree said...

:-)
സി.കെ. ബാബുവിന്റെ കമന്റിലെ “ശ്രീമാന്‍ N. P. Rajendran മാഷിന്റെ സ്ഥാനത്തു് ഞാനായിരുന്നെങ്കില്‍ ബ്ലോഗ് ലോകം എന്റെ വില കല്പിക്കലിനു് എന്തെങ്കിലും വില കല്പിക്കുന്നുണ്ടോ എന്നു് ചോദിച്ചിട്ടേ എന്റെ വിലകല്പിക്കല്‍ വച്ചുനീട്ടുമായിരുന്നുള്ളു!” ഇതെനിക്കിഷ്ടപ്പെട്ടു. അതിലും നന്നായി പറഞ്ഞാല്‍, ഈ എന്‍.പി. രാജേന്ദ്രന്‍ ആരാ, എന്താ എന്നു ചോദിക്കുന്നവരാവും അധികവും. മാതൃഭൂമി സ്ഥിരം വായിക്കുന്നവര്‍ പോലും, ഓരോ കോളവും എഴുതുന്നയാളുടെ പേര് ശ്രദ്ധിക്കണമെന്നില്ല!

"പതിമൂന്നുവര്‍ഷമായി തിങ്കളാഴ്‌ച തോറും ഒരു കോളത്തിലൂടെ ഒരു കോടിയോളം മലയാളികളിലെത്തുന്ന ഭാഗ്യവാനാണു്‌ ഈ ലേഖകന്‍. അതൊരു പാരാവാരമാണു്‌." - ഹ ഹ ഹ... പാരാവാരങ്ങള്‍ക്കത് ഭാഗ്യമാണോ എന്ന് ലേഖകനറിയേണ്ടല്ലോ, അറിയുവാന്‍ വഴിയുമില്ലല്ലൊ! ബ്ലോഗിലിനി വായനക്കാരുടെ ‘ഭാഗ്യ’ത്തെക്കുറിച്ച് ആരെങ്കിലും അറിയിച്ചോ?

ആ ബ്ലോഗിന്റെ ലിങ്ക് കൂടി ഇവിടെയെങ്ങാനും ഇടാരുന്നു...
--

മൂര്‍ത്തി said...

മിസ്റ്റര്‍ ആന്റണി (പരിചയം ഇല്ലാത്തവരെ മിസ്റ്റര്‍ ചേര്‍ത്ത് വിളിക്കണം) നന്നായിട്ടുണ്ട്.

പിന്‍‌കൂര്‍ ജാമ്യം. ഇത് അഭിനന്ദന കമന്റ് അല്ല.

ശ്രീവല്ലഭന്‍. said...

ശ്രീമാന്‍ എന്‍ പി രാജേന്ദ്രന്‍ ആരാ? അതറിയുവാനുള്ള ഭാഗ്യം ഈയുള്ളവന് കിട്ടിയില്ല. ഒരു കോടി മലയാളികളുടെ ഭാഗ്യമേ!

kichu / കിച്ചു said...

ആന്റണീ..

കലക്കി.. കലകലക്കി...

Unknown said...

ബ്ലോഗിനെ വിമർശിക്കുമ്പോൾ ഇത്തരം ചീപ്പ് ഈഗോ എന്തിനു ആന്റണി? എൻ.പി.ആർ പറഞ്ഞ സന്ദർഭം തികച്ചും വ്യത്യസ്ഥമല്ലേ? ബ്ലോഗിന്റെ ഗുണം അറിയാവുന്നതുകൊണ്ടാവുമല്ലോ
അയാൾ ബ്ലോഗ് തുടങ്ങിയത്? ഒരു നല്ല പത്രപ്രവർത്തകന്റെ ബ്ലോഗ് ഉള്ളത് അതല്ലേ? ബെർളി തോമസും മറ്റും കാണിച്ചുകൂട്ടുന്നത് കാണുമ്പോൾ എത്രയോ ഭേദം. ഇത്തരം വിമർശനങ്ങളെ അതിന്റെ ഗൗരവത്തിൽ ഉൾക്കൊള്ളേതുണ്ട്, അല്ലാതെ വെറും ഈഗോ ആവരുത്.

മാരീചനും എൻ.പി.ആറും തമ്മിൽ നടന്ന സംവാദം ആരോഗ്യകരമായ ഒരു ചർച്ചയല്ലേ? അവർ തമ്മിൽ അത് കൊടുത്തും വാങ്ങിയും ഇരിക്കും. ഓർമ്മക്കുറിപ്പുകളിൽ അഭിരമിച്ചുകൊണ്ടിരുന്ന മലയാളം ബ്ലോഗിനു ഇത് എന്തുമാത്രം നല്ല കാര്യമാണ്.

പക്ഷെ ആന്റണിയെപ്പോലെയുള്ളവർ അതിന്റെ ഇടയിൽ മീൻ പിടിക്കുന്നതും ബ്ലോഗേർസിനെ ഒന്നു ഇളക്കാൻ ശ്രമിക്കുന്നതും ഒരുതരം ഏർപ്പാടാവുന്നില്ലേ? എഴുതുന്നവർ മാത്രമല്ലല്ലോ, ഞങ്ങളെപ്പോലെ വായിക്കുന്നവരും ഇവിടെയില്ലേ ആന്റണി?

(അച്ചടി പ്രസ്ഥാനങ്ങളെ തെറി പറയുന്നതിൽ ആഹ്ലാദിക്കുന്നവർ പലരും മാതൃഭൂമിയിലെ ബ്ലോഗനയിൽ സ്വന്തം കൃതികൾ വരുത്തുവാൻ
തിക്കും തിരക്കും കൂട്ടുകയാണെന്ന് അറിഞ്ഞു. പ്രസാധകരെ കിട്ടിയാൽ പുസ്തകം പ്രിന്റിലേക്ക്
അച്ചടിക്കുവാനും. വിരോധാഭാസം തന്നെ.)

absolute_void(); said...

കമന്റ് പോന്നോട്ടേന്നേ...

മറ്റൊരാള്‍ | GG said...

"ശ്രീമാന്‍ എന്‍ പി രാജേന്ദ്രന്‍ ആരാ? അതറിയുവാനുള്ള ഭാഗ്യം ഈയുള്ളവന് ഇതുവരെ കിട്ടിയില്ല.

ഒരു കോടി മലയാളികളുടെ ഭാഗ്യമേ!"


നന്നായി എന്റെ ശ്രീവല്ലഭാ..

അങ്ങനെ പറയിപ്പിച്ച ആന്റണിചേട്ടന് നന്ദി!

സാജന്‍| SAJAN said...

!

കാളിയമ്പി said...

എന്‍ പീ രാജേന്ദ്രന്‍ എന്നുവച്ചാലാരാന്ന് അറിയില്ലാരുന്നു.
ഇന്ദ്രന്‍ എന്നു വച്ചാല്‍ എനിയ്ക്ക് നല്ലോണമറിയാം മിക്കതും തിങ്കളാഴ്ചയും മുടക്കിയിട്ടില്ല. വക്കാരി എന്നു വച്ചാല്‍ അറിയാം, ഇഞ്ചിപ്പെണ്ണ് എന്നു വച്ചാല്‍ അറിയാം.അനോണി ആന്റണി എന്നു വച്ചാലറിയാം.
സുഗറായറിയാവുന്നത് കാളിയംബി എന്നു വച്ചാലരാന്നേ ഉള്ളൂ.:)
എന്തായാലും ഇന്ദ്രന്‍ എന്ന എന്‍ പീ രാജേന്ദ്രന്‍ മാരീചന് എഴുതിയതില്‍ ഭൂരിഭാഗത്തിനോടും തള്ളുകയും കൊള്ളൂകയും വേണ്ടാ എന്നു വച്ച് നിസംഗനായി ഇരുന്നത് മറ്റൊന്നും കൊണ്ടാല്ല മാരീചന്റെ എഴുത്തും ഒട്ടും വ്യത്യസ്തമല്ലായിരുന്നു.അര്‍ഹമായ മറൂപടി പറയുകയേ ശ്രീ രാജേന്ദ്രന്‍ ചെയ്തുള്ളൂ.

പക്ഷേ മറുപടിയെഴുത്തിന്റെ ഊക്കം കൂടിക്കൂടീ കുറ്റും നിന്നവനെയൊക്കെ തെറിവിളിക്കാന്‍ തുടങ്ങിയപ്പോ ചട്ടമ്പിമാര്‍ കവലയില്‍ തല്ലുകൂടിയിട്ട് കണ്ട് ചുറ്റും നിന്നവനോട് ആരാടാ പോരിനുവാടാ എന്നൊക്കെ വിളിച്ചുകൂവി വാങ്ങിച്ച് കെട്ടുന്നത് പോലെ തോന്നി.
ആന്റണി എഴുതിയതിനോട് പൂര്‍ണ്ണമായും യോജിയ്ക്കുമ്പോള്‍ മേല്‍പ്പറാഞ്ഞതൂടേ എഴുതിയില്ലേല്‍ തെറ്റിദ്ധരിച്ചാലോ?:)‌

myexperimentsandme said...

എനിക്ക് പറയാനുള്ളത് ഏതാണ്ടതുപോലെ അംബി പറഞ്ഞു - അല്ലെങ്കില്‍ അംബി പറഞ്ഞത് ഏതാണ്ടതുപോലെ ഞാനും പറയുന്നു.

മാരീചന്റെ ആദ്യ ലേഖനം വായിച്ചപ്പോള്‍ എന്തോ ഒരു ഇത് പോലെ എന്തോ ഒന്ന് തോന്നിയിരുന്നു. എന്‍.പി. രാജേന്ദ്രന്‍ അതിനൊരു മറുപടി എഴുതും എന്നുതന്നെ കരുതിയില്ല. മറുപടിയായിയുള്ള അദ്ദേഹത്തിന്റെ ബ്ലോഗ് തലക്കെട്ട് തനിമലയാളത്തില്‍ കണ്ടപ്പോള്‍ തികച്ചും ശാന്തമായ, പക്വമായ ഒരു കുറിപ്പാണ് പ്രതീക്ഷിച്ചത് (എന്താ അങ്ങിനെ പ്രതീക്ഷിച്ചത് എന്ന് ചോദിച്ചാല്‍ ചുമ്മാ അങ്ങ് പ്രതീക്ഷിച്ചു, അത്രമാത്രം). പക്ഷേ ഒരു സുരേഷ് ഗോപി പടം കണ്ടപോലെയായിപ്പോയി ആ മറുപടി-ജസ്റ്റ് റിമമ്പര്‍ ദാറ്റ് സ്റ്റൈല്‍.

ഇനി “ശാസ്ത്രീയമായി” ഒന്ന് ചിന്തിച്ചാല്‍ ““പതിമൂന്നുവര്‍ഷമായി തിങ്കളാഴ്‌ച തോറും ഒരു കോളത്തിലൂടെ ഒരു കോടിയോളം മലയാളികളിലെത്തുന്ന ഭാഗ്യവാനാണു്‌ ഈ ലേഖകന്‍“ എന്നതിലെ ഒരു കോടി എന്നത് മാതൃഭൂമിയുടെ ടോട്ടല്‍ സര്‍ക്കാര്‍ക്കുലേഷനാണോ? അങ്ങിനെയാണെങ്കില്‍ മാതിരുഭൂമി വായിക്കുന്ന ഒരുകോടിയും ഇന്ദ്രന്റെ കോളവും വായിക്കുന്നുണ്ട് എന്ന് കരുതാമോ? ആ സര്‍ക്കുലേഷന്റെ കാല്‍ക്കുലേഷനില്‍ എന്തോ പിശക്കുലേഷന്‍ ഉണ്ടോ എന്ന് വര്‍ണ്ണ്യത്തിലാകാശശങ്ക :)

Sethunath UN said...

ആന്റണീ.. കൊട് കൈ. :)

സുലൈമാൻ said...

ബ്ലോഗ് പോസ്റ്റുകള്‍ ശരിയായിട്ടല്ല വായിക്കപ്പെടുന്നത് എന്നൊരു സംശയം നേരത്തേ തോന്നിയിരുന്നതാണ്. യഥാര്‍ത്ഥപ്രശ്നം മറഞ്ഞു ‘ഒരാളുടെ പൊങ്ങച്ചം‘ എന്നതു മാത്രമായി വിവാദവിഷയം. ബ്ലോഗുകള്‍ ഓടയും ഗട്ടറുമൊന്നുമാവാതിരിക്കണമെങ്കില്‍ വിശാലമായ, സമഗ്രമായ, കക്ഷിരാഷ്ട്രീയങ്ങള്‍ കണ്ണുകെട്ടാത്ത മനസ്സുകളായിരിക്കണം അതില്‍ വ്യാപരിക്കേണ്ടത്. കുറച്ചെങ്കിലും. അതൊട്ടുമില്ലതെപോയാല്‍.. പുരപ്പുറത്തു കയറിനിന്നു കൂവുന്ന കോഴിയുടെ താന്‍ പോരിമ മാത്രം അവകാശപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കൂട്ടമായി അത് അധഃപതിച്ചു പോകും. അതിന്റെ എല്ലാ ലക്ഷണവും പതുക്കെ പതുക്കെ ബ്ലോഗര്‍മാരിലേയ്ക്കു കടന്നു വരുന്നുണ്ട്. അവരതറിയുന്നില്ലെന്നുള്ളതാണ് ഇവിടെത്തെ കമന്റുകളിലെ നിത്യാനന്ദത്തിന്റെ ഒരു കാരണം. നല്ലത്. അനോനി ആന്റണി, ഇവിടെ ഇല്ലാതായി പോയതെന്താണെന്നറിയാമോ, വമ്പന്‍ കുത്തകകളെ കല്ലെറിയാന്‍ അണികളെ പറഞ്ഞു വിട്ടിട്ട്, കുത്തകള്‍‍ക്ക് പരവതാനി വിരിച്ചുകൊടുക്കുന്ന തരം രാഷ്ട്രീയ പൊറാട്ടു നാടകമില്ലേ അതിന്റെ മികച്ച അവതരണം കേരളത്തിലും പൂര്‍വാധികം ഭംഗിയായി അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അവിടെയ്ക്കു ചൂണ്ടുന്ന ഒന്നിനെയും പൊറുപ്പിക്കരുത്. അതെക്കുറിച്ച് മിണ്ടരുത്.. കോണകം അഴിയും. (അല്ലെങ്കില്‍ അഴിപ്പിക്കും) പാര്‍ട്ടി (എ മുതല്‍ ഇസഡ് വരെ) വക സ്ഥാപനങ്ങളിലെ തൊഴിലാളി പീഡനങ്ങളുടെ കണക്ക് ഒന്നെടുക്കണം. നാളിതുവരെ നടന്ന തൊഴിലാളി അനുകൂല സമരങ്ങളിലൂടെ കേരളീയ പ്രബുദ്ധത തൊഴിലാളി വര്‍ഗത്തെ എത്തിച്ചിരിക്കുന്ന അത്യുന്നതി കാണാന്‍. ഇനി മര്‍ഡോക്കു എന്ന ചൂഷകന്‍ വന്നിട്ടു വേണം കേരളത്തില്‍ ചൂഷണരഹിത തൊഴിലാളിവര്‍ഗം നക്കിത്തിന്നാന്‍ നല്ലുപ്പില്ലാതെ അലയാന്‍! എന്നിട്ടും ഗട്ടറില്‍ വീണ തിമിംഗലമാണ് ഉറക്കം കളയിക്കുന്നത്. എന്തു ചെയ്യാന്‍? രാഷ്ട്രീയം എത്തിച്ചേര്‍ന്നിരിക്കുന്ന തൊഴിലാളിവിരുദ്ധമായ അവസ്ഥ മൂടുപടമിട്ട് ഏതെല്ലാം നിലയില്‍ പ്രത്യക്ഷമാവുന്നു എന്നതിനെക്കുറിച്ചുള്ള നല്ല തര്‍ക്കങ്ങളാണ് ഇവിടെ വാദങ്ങളെല്ലാം പൊഴിച്ച് ‘ബ്ലോഗിനെ ചീത്ത പറഞ്ഞ ഒരുവന്‍‘ എന്നും പറഞ്ഞ് വിരള്‍ ചൂണ്ടിയപ്പോള്‍ നശിച്ചുപോയത്.
:((

അനോണി ആന്റണി said...

അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചവര്‍ക്കെല്ലാം നന്ദി.