Saturday, September 6, 2008

സായിപ്പ് കണ്ട മല-ബാര്‍

ലോഗന്‍ സായിപ്പിന്റെ മലബാര്‍ മാനുവലിനെക്കുറിച്ച് വായിക്കാനെത്തിയവരോട് ക്ഷമാപണം. അംഗങ്ങള്‍ക്കിടയില്‍ സ്വകാര്യ സര്‍ക്കുലേഷ്നുള്ള ഒരു ത്രിമാസികയില്‍ റെസ്റ്റോറണ്ടുകളെപ്പറ്റി കോളമെഴുതുന്ന ഒരു ബ്രിട്ടീഷുകാരന്‍ ദുബായി മലയാളികള്‍ക്കിടയില്‍ പ്രശസ്തമായ ഒരു കേരളൈറ്റ് "ബാര്‍ ആന്‍ഡ് ഫ്യാമിലി റെസ്റ്റോറന്റിനെക്കുറിച്ച് എഴുതിയതിന്റെ ചുരുക്ക രൂപം ഇങ്ങനെ.

"സാധാരണ ഇന്ത്യന്‍ ഭക്ഷണത്തെക്കാള്‍ അസഹ്യമായ രീതിയല് എരിവും പുളിയും കൂടിയ ഭക്ഷണമാണ്‌ ഇവിടെ (പാവം സായിപ്പിന്‍ കേരള ബീഫ് ഫ്രൈയും മത്തി മുളകിട്ടതും ഒക്കെ കൊടുത്തു കാണും). ഇത്രയും മസാല ചേര്‍ന്നതും എണ്ണയില്‍ മുക്കിയതും ഇവിടെ വിളമ്പുന്നതെന്തെന്ന സംശയം ചുറ്റും ഇരുന്ന് കഴിക്കുന്നവരെ ശ്രദ്ധിച്ചപ്പോള്‍ ആണ്‌ ഒരു അനുമാനത്തിലെത്തിച്ചത്. ഇവിടെ കഴിക്കുന്നവരെല്ലാം വളരെ കൂടിയ അളവില്‍ മദ്യം കുടിക്കുവാന്‍ വന്നവരാണ്‌. സ്റ്റാഫിന്റെ പെരുമാറ്റം മര്യാദ കുറഞ്ഞ് ഇരിക്കുന്നതും ഒരുപക്ഷേ ഈ മുക്കുടിയന്മാരോട് ഇടപെട്ട് അങ്ങനെ ആകുന്നതായിരിക്കാം.

ചുരുക്കത്തില്‍ ബോധമില്ലാതെ മദ്യപിക്കുന്നവര്‍ക്ക് വേണ്ടിയുള്ള, രസമുകുളങ്ങളെല്ലാം മരവിച്ചു പോയവരില്‍ രുചിയുണര്‍ത്താനുള്ളത്ര മസാലകള്‍ ചേര്‍ത്ത ഭക്ഷണം കിട്ടുന്ന ഒരു സ്ഥലം അത്രേയുള്ളു."


എനിക്ക് ഏറെ രസിച്ചത്ഈ എരിവിനും മര്യാദയില്ലായ്മക്കും സായിപ്പ് കണ്ടുപിടിച്ച കാരണം ആണ്‌. മുഴുക്കുടിയന്മാര്‍ ഒരു ദേശീയ പ്രശ്നമായ ബ്രിട്ടണില്‍ നിന്നും വന്ന വെള്ളക്കാരനെ വെള്ളമടിച്ച് അന്തം വിടീച്ച പ്രിയ മലയാളി ഡൈനര്‍മാരേ, നിങ്ങളെ നമിച്ചു. കുടിയായാല്‍ അങ്ങനെ വേണം , എടുത്തു താങ്ങി സെക്യൂരിറ്റി പുറത്തു കളയും വരെ. അല്ലെങ്കില്‍ മോശമല്ലേ.

7 comments:

ജയരാജന്‍ said...

"മുഴുക്കുടിയന്മാര്‍ ഒരു ദേശീയ പ്രശ്നമായ ബ്രിട്ടണില്‍ നിന്നും വന്ന വെള്ളക്കാരനെ വെള്ളമടിച്ച് അന്തം വിടീച്ച പ്രിയ മലയാളി ഡൈനര്‍മാരേ, നിങ്ങളെ നമിച്ചു" :)

അയല്‍ക്കാരന്‍ said...

സായിപ്പ് വെള്ളമടിക്കുന്നത് നല്ല ഉറക്കം കിട്ടാനാണ്. മലയാളി വെള്ളമടിക്കുന്നത് സ്വതേയുള്ള ഉറക്കത്തില്‍ നിന്നുണര്‍ന്ന് ഇച്ചിരി ഉന്മേഷം കിട്ടാനും.

എതിരന്‍ കതിരവന്‍ said...

സായിപ്പ് പൊതുവെ ബിയറും വൈനും കുടിയ്ക്കുമ്പോള്‍ മലയാളി hard liquor ചെലുത്തുന്നു. പൂസാകുന്നു. അമേരിക്കയില്‍ ഞാന്‍ വര്‍ഷങ്ങളായി കാണുന്നതാണിത്. ക്രിസ്തുമസ്സും കല്യാണാഘോഷങ്ങളും ഉദാഹരണം.

സന്തോഷ്‌ കോറോത്ത് said...

ഹ ഹ ഹ... അത് കലക്കി :)...ഒരു സിപ്പെടുത്ത് ഇത്തിരി അച്ചാര്‍ തൊട്ടു നക്കിയില്ലേല്‍ പിന്നെന്തു വെള്ളമടി ;)

പാര്‍ത്ഥന്‍ said...

വെള്ളമടിയുടെ കാര്യത്തില്‍ മലയാളികള്‍ സായിപ്പിനെ എന്തുകൊണ്ട്‌ അനുകരിക്കുന്നില്ല എന്ന്‌ പണ്ടുമുതലേ ഞാന്‍ ആലോചിക്കുന്ന ഒരു വിഷയമാണ്‌. ഒരു പരിധിവരെ സായിപ്പിന്റെ മദ്യപാന ശീലവും രജനീഷിന്റെ (ഓഷോ) കള്ളുകുടിയെക്കുറിച്ചുള്ള ഫിലോസഫിയും മനസ്സിലാക്കേണ്ടതാണ്‌.

namath said...

പ്രതിഷേധങ്ങള്‍ അറിയിക്കുന്നു. ദിവസം 8 കോടിയുടെയും വിശേഷദിവസങ്ങളില്‍ 15 കോടിയുടെയും ദൈനംദിനവിറ്റു വരവുള്ള ബീവറേജസ് എന്ന പ്രസ്ഥാനത്തെ മറികടക്കുന്നതിന് വ്യാപാരപരമായി അല്‍പ്പം എരുവും പുളിയും ആവശ്യമാണ്. പശു കാടി കുടിക്കുന്നതു പോലല്ലാതെ രുചിയറിഞ്‍് ആസ്വദിച്ച് വെള്ളമടിക്കുന്ന മലയാളികള്‍ അപൂര്‍വ്വമാണ്. സ്കോച്ചാണേലും സോഡയൊഴിച്ചേ കഴിക്കൂ. മറ്റു പലതിലുമെന്നതു പോലെ ഇവിടെയും മലയാളി പരിമിതികള്‍!

അയല്‍ക്കാരന് സ്നേഹപൂര്‍വ്വം. വെള്ളമടിച്ചുറങ്ങുന്ന സായിപ്പിന് കാലാവസ്ഥയിലെ തണുപ്പു കാരണം ഡീഹൈഡ്രേഷന്‍ അനുഭവപ്പെടില്ല. മറിച്ച് മലയാളിക്കങ്ങനെയല്ല. രാവിലെ 4 മണിക്ക് അലാറം വെക്കാതെ എണീക്കണോ? 4 ലാര്‍ജ്ജടിച്ച് കിടന്നുറങ്ങ്. ദാഹിച്ചുവലഞ്ഞ് അതിനു മുന്‍പു തന്നെ എണീക്കും.

കഴിഞ്ഞ പോസ്റ്റില്‍ ചന്ദ്രകുമാര്‍ സാറിനെയും ഗോപാലകൃഷ്ണന്‍സാറിനെയും ക്രോസ്ബെല്‍റ്റ് മണി സാറിനെയും അനുരാധയെയും നൈലക്സ് നളിനിയേയും സില്‍ക്ക് ചേച്ചിയേയും ഓര്‍മ്മിപ്പിച്ചതിനു പ്രത്യേക നന്ദി . അനോണി. നിങ്ങള്‍ ഒരു വ്യക്തിയല്ല, പ്രസ്താനമാണ്. ചിയേഴ്സ്!!

മേരിക്കുട്ടി(Marykutty) said...

ഇന്നലെ ഞങ്ങള്‍ ഒരു ടീം ലഞ്ചിനു പോയി. കൂട്ടത്തില്‍ ഡെന്മാര്‍ക്കില്‍ നിന്നുള്ള oru കക്ഷിയും ഉണ്ട്..പുള്ളിക്കാണേല്‍ ഇന്ത്യന്‍ ഫുഡ് എന്ന് കേട്ടാല്‍ തന്നെ കണ്ണ്‌ നിറയും..വെയിറ്റര്‍ പറഞ്ഞു, ഇല്ല സാര്‍ ഞാന്‍ അത് ലെസ്സ് സ്പൈസി ആയിട്ട് ഉണ്ടാക്കാം...അങ്ങനെ ചിക്കന്‍, പ്രോണ്‍് എല്ലാം വന്നു..സത്യം പറയണമല്ലോ, ഫുഡ് "eyes and nose watering" ആയിരുന്നു....ഞങ്ങള്‍ക്കെല്ലാവര്‍ക്കും. സായിപ്പിന്റെ കാര്യം പറയേണ്ടല്ലോ!