Thursday, October 2, 2008

അന്തി

ആലിനും പൊളിഞ്ഞ കന്മതിലിനും ഇടയിലുള്ള ഭാഗം റബ്ബര്‍ ചെരിപ്പിട്ട കാലുകള്‍ കൊണ്ട് തൂത്തുവെടിപ്പാക്കി നാരായണന്‍ പത്രോസിനെ ഇരിക്കാന്‍ ക്ഷണിച്ചു. ഒറ്റയ്ക്ക് വര്‍ഷങ്ങളായി നിന്ന് ചതുക്കുപിടിച്ചുപോയ കഴുത്തു തിരിച്ച് മാടന്‍ അവരെ കൗതുകപൂര്വ്വം നോക്കി.

എന്തോന്നാന്നേ അവിടെ വച്ചാരാധന? പത്രോസ് ഭയത്തോടെ മാടനെ നോക്കി.

വോ അത്.. ചുടലമാടന്‍ എന്നാ വിളിക്കണത്. പണ്ടെപ്പഴോ യെവനൊക്കെയോ പോഴമ്മാര്‌ ഇവിടെ പ്രാര്‍ത്തനകള്‌ ചെയ്ത് കാണും.

പത്രോസ് മനസ്സില്‍ ഗീവര്‍ഗ്ഗീസ് സഹദായെ വിളിച്ചു പോയി. പണ്ടെന്ന് വെച്ചാ?

തോനേ പണ്ടാരുന്നെടേ. മാടങ്ങ് ശിവനാണെന്ന് പറഞ്ഞ് പണ്ട് വെലിയും മറ്റും നടത്തിയിട്ടൊണ്ട്. ശങ്കരാചാര്യര്‍ സാമി അതെല്ലാം അബദ്ധമാണെന്ന് പറഞ്ഞ് നിര്‍ത്തിച്ച്.

ഏതു ശങ്കരാചാര്യന്‍? എടാ ഭോഷ്കാ, ഇരുപതു കൊല്ലം മുന്നേവരെ എന്നും എനിക്കു കോഴിയും കള്ളും നേദിക്കാന്‍ ഇവിടെ ജനം കൂട്ടം കൂടിയിരുന്നു. മാടന്‍സ്വാമി പല്ലു ഞെരിച്ചു. ഇതിനു പിറകില്‍ ചെരുപ്പുകുത്തി കോളനി ആയിരുന്നു, പിന്നെ അങ്ങോട്ട് വട്ടി നെയ്യുന്നവരും. എത്ര പേരെ അനുഗ്രഹിച്ചിരിക്കുന്നു ഞാന്‍, എത്ര വ്യാധികള്‍ പൊന്തിക്കുകയും അമ്പിക്കുകയും ചെയ്തു. എത്ര പേരുടെ കണ്ണീരൊപ്പി.. എത്ര വിശക്കുന്ന വയറുകള്‍ക്ക് അന്നമെത്തിച്ചു.

ഇന്ന് ഇവിടങ്ങളില്‍ വലിയ വീടുകളാണ്‌. വൈകുന്നേരം അവര്‍ പഴവങ്ങാടി വരെ കാറോടിച്ചു പോയി ഏത്തമിടുകയും പത്മനാഭനെ പൂജിക്കുകയും ചെയ്യുന്നു. ഒരു കുപ്പി ചാരായവും ഒരു കരിങ്കോഴിയുമായി ആരെങ്കിലും എത്തിയിരുന്നെങ്കില്‍ കാണിച്ചു കൊടുത്തേനെ ഞാന്‍.

പത്രോസ് വാഴയിലപ്പൊതി തുറന്നു- ഒരു ചിക്കന്‍ ഫ്രൈ. നാരായണന്‍ ഇടുപ്പില്‍ നിന്നും ഹെര്‍ക്കുലീസ് വൈറ്റ് റം എടുത്തു തുറന്നു കുത്തി നാട്ടി, രണ്ട് ഡിസ്പോസബിള്‍ കപ്പും ഒരു പൊതി മിക്സ്ചറും എടുത്തു.

"ഇരുമുടിക്കെട്ടുമായി പടികടന്നിതാ ഞങ്ങള്‍ ഒരുമയോടയ്യപ്പന്മാര്‍ പുറപ്പെടുന്നേ സ്വാമി.." ഒരു ജീപ്പ് മൈക്ക് വിളംബരത്തോടെ കടന്നു പോയി.
"അയ്യപ്പസ്വാമീ ക്ഷമിക്കണേ.." നാരായണന്‍ ജീപ്പിനു നേരേ കൈ കൂപ്പി. "അടുത്ത വര്‍ഷം മാലയിട്ട് മലയ്ക്ക് പോണം."

എന്തു ക്ഷമിക്കാന്‍? മാടന്‍ ചിരിച്ചു. നാരായണനും പത്രോസും ഓരോന്നടിച്ചു.

ഈ സാധനം നാട്ടുകാരാരും വിടെ നിന്ന് മാറ്റാത്തതെന്താടോ ഊവ്വേ? പത്രോസിനു മാടന്റെ സാന്നിദ്ധ്യത്തില്‍ സ്വസ്ഥതയില്ലാത്തതുപോലെ.

മാറ്റുകയോ? വിത്തു വാരി വിതച്ചുകളയും ഞാന്‍. മാടന്‍ ഗര്‍ജ്ജിച്ചു.

അത് പിന്നെ പത്രോസേ.. ഇത് എളക്കി കളഞ്ഞാ കോര്‍പ്പറേഷന്‍‌കാരു റോഡ് വളവു നൂക്കാന്‍ സലം എടുക്കും. അപ്രത്തെ ആ വീട്ടിലെ ഡോക്ടര്‍ എമ്മെല്ലേടെ അളിയനാ, അങ്ങോട്ടെല്ലാം വല്യ വല്യ ആളുകള്‌ തന്നെ പെരവച്ചിരിക്കണത്.


അല്ലെടാ നായേ, മാടന്‍ പിറുപിറുത്തു. ആ ഡോക്ടര്‍ ആരെന്നറിയില്ല നിനക്ക്. അവന്റെ അപ്പൂപ്പനു മക്കളില്ലാതെ ഇവിടെ വന്ന് കരിങ്കുരുതി പുഴുങ്ങിയും കോഴി വെട്ടിയും പൊടിച്ച വിത്താണ്‌ അവന്റെ തന്ത. ഇന്നവനന്‍ ഇവിടെ വരുന്നില്ലെങ്കിലും കോഴി വെട്ടുന്നില്ലെങ്കിലും അവനറിയാം. എന്നെ തൊടാന്‍ അവനും സന്തതികള്‍ക്കും കൈ വിറയ്ക്കും. ഏതു തന്ത്രിയെ വിളിച്ച് ഹോമം നടത്തിച്ചാലും അവനു ധൈര്യം വരില്ല.

ഇത്ര വെക്കം തീര്‍ന്നോടേ? നാരേണന്‍ കാലിക്കുപ്പി ദൂരെയെറിഞ്ഞ് നീട്ടിത്തുപ്പി.
എനിക്കെന്നതാന്നോ. ഇവിടെ ശരിയാവുന്നില്ലെന്നേ, കുപ്പി തീര്‍ന്നേ പാം. ബാ

ചിക്കന്‍?
അത് തണുത്ത് കല്ലുപോലായി. അങ്ങോട്ട് കളഞ്ഞേക്കെടോ.

കൈപ്പള്ളി ആശാന്‍ മരക്കാര്‍ അപ്പച്ചയെ പരിഹസിച്ചതില്‍ പ്രതിഷേധിച്ചെഴുതിയത്.

5 comments:

കുറുമാന്‍ said...

അങ്ങിനെയെങ്കിലൂം മാടന് വൈറ്റ് റമ്മിന്റെ സ്മെല്ലും, തണുത്തു കല്ലുപോലായ കോഴിയും കിട്ടിയല്ലോ.....പത്രോസ് പിന്നീടു രക്ഷപെട്ടുകാണും ല്യോ?

മലമൂട്ടില്‍ മത്തായി said...

കാലം മാറുമ്പോള്‍ പുതിയ ദേവന്മാര്‍/ ദേവികള്‍ മാര്ക്കറ്റ് പിടിച്ചെടുക്കുമെന്ന് മാടന്‍ അറിഞ്ഞില്ലേ? ചിലപ്പോള്‍ ഇന്നലത്തെ ഫാഷന്‍ നാളെ തിരിച്ചു വരാനും ചാന്‍സ് ഉണ്ട്. ആശ വിടേണ്ട :-)

simy nazareth said...

good one :)

വേണു venu said...

:)

ചാർ‌വാകൻ‌ said...

അടിപൊളിഅടിപൊളിയ്യേ,.,ഏഏഏഏഏഏഏഏഏ
916ആണേഏഏഏഏഏ...
ആന്റണി..ഒരുവിശ്വാസിയല്ലാത്തത്,,നമ്മക്കാപാരയായത്.
വൈറ്റ്-വെക്കാമന്നു വെച്ചാലും ഒരുകൊണോമിലല.