Wednesday, September 24, 2008

വിത്തും ബൈയ്യും

കറുപ്പും വെള്ളയുമടിച്ച സര്‍ക്കാര്‍ പള്ളിക്കൂടം. മൊത്തത്തിലൊന്നു വൃത്തിയാവുന്നത് സേവനവാരത്തിനു മാത്രം. ഊഞ്ഞാല്‍ പോലെ ആടുന്ന കാലുള്ള ബെഞ്ചും ഡെസ്കും. ക്രീം കളറിലെ പരുത്തി തുണിയില്‍ തയ്ച്ച ഉടുപ്പും നീല നിക്കറും ഇട്ട ആണ്‍ കുട്ടികളും അതേ കുപ്പായവും ബ്രൗണ്‍ നിറത്തിലെ പാവാടയും ഇട്ട പെണ്‍കുട്ടികളും ഞെങ്ങി ഞെരുങ്ങി നിറഞ്ഞ ഇംഗ്ലീഷ് ക്ലാസ്.

നല്ല ചുവന്ന കണ്ണും മദ്യത്തിന്റെ പുളിച്ച മണവുമുള്ള സാമുവല്‍ സാര്‍ ഒരു കൈ മേശമേല്‍ കുത്തി അങ്ങനെ നില്‍ക്കും. അഡ്വാന്‍സ്ഡ് കമ്മൂണിക്കാവിഷം സ്കില്‍ എന്നൊക്കെ പറഞ്ഞ ആയിരക്കണക്കിനു ഡോളര്‍ ചിലവിട്ട് ഈ നാല്പ്പതാം വയസ്സില്‍ എന്നെ തള്ളി വിടുന്ന ട്രെയിനിങ്ങ് കോഴ്സുകളില്‍ നിന്നൊന്നും എനിക്ക് സാമുവല്‍ സാറിന്റെ പാഠങ്ങളുടെ ഗുണം കിട്ടിയിട്ടില്ല. അത്ര തികവും മികവുമായിരുന്നു അതിന്‌. പറഞ്ഞ് എവിടെയൊക്കെയോ പോയി. പോട്ട്.


സാമുവല്‍ സാറിന്റെ ഗ്രാമര്‍ പ്രിപ്പോസിഷനല് എത്തി നില്‍ക്കുന്ന സമയം അദ്ദേഹം ചോദിച്ചു. വിവാഹ ക്ഷണക്കത്തില്‍ രാജുവും രാധയും തമ്മിലെ വിവാഹം എന്ന് എങ്ങനെയാണ്‌ എഴുതുക?
"രാജു വിത്ത് രാധ" . ക്ലാസ് അലച്ചു കൂവി.

അത് തെറ്റാണ്‌ . വിത്ത് എന്ന് ഉപയോഗിക്കുക രാജുവിന്റെ രാധയുമായുള്ള വിവാഹം ഇങ്ങനെ ആയിരുന്നു എന്നു പറയാന്‍ മാത്രമാണ്‌. "രാജൂസ് മാര്യേജ് വിത്ത് രാധ വാസ് അന്‍ അട്ടര്‍ ഫെയിലുര്‍" എന്ന് പറഞ്ഞാല്‍ അതു ശരി.

ക്ഷണക്കത്ത് രാജുവിന്റെ അച്ഛനമ്മമാര്‍ അടിക്കുമ്പോള്‍
"മാര്യേജ് ഓഫ് മൈ സണ്‍ രാജു വിത്ത് രാധ" എന്നും ഇനി രാജുവും രാധയും മുറച്ചെറുക്കനും മുറപ്പെണ്ണുമാണെങ്കില്‍ രണ്ടുപേര്‍ക്കും വേണ്ടി വല്യപ്പൂപ്പന്‍ അടിക്കുന്ന കത്തില്‍ "മാര്യേജ് ഓഫ് മൈ ഗ്രാന്‍ഡ് ചില്‍ഡ്രന്‍ രാജു ആന്‍ഡ് രാധ" എന്നുമാണ്‌ ശരിയായ പ്രിപോസിഷണല്‍ ഫ്രേസിങ്ങ്.

നിങ്ങളൊക്കെ കല്യാണം കഴിക്കുമ്പോള്‍ വിത്ത് അടിച്ച കത്തയച്ചാല്‍ ഞാന്‍ വരില്ല, ഓര്‍ത്തോ.

എന്റെ കല്യാണമായപ്പോഴേക്ക് സാറു മരിച്ചു പോയിരുന്നു. എന്നിട്ടും വിത്തിടാതെ കത്തടിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഇത്രയും കാലം പിള്ളേര്‍ പഠിച്ചിട്ടും നാട്ടിലിന്നും കത്തുകുത്തുമൊത്തം വിത്ത്. ആരു തുടങ്ങി കല്യാണക്കുറിയില്‍ വിത്തിടീല്‍ എന്ന് ഒരു പിടിയും കിട്ടുന്നില്ല. കത്തില്‍ വിത്തുണ്ടെങ്കില്‍ വരില്ല എന്ന് സാമുവല്‍ സാറിനെപ്പോലെ നിര്‍ബ്ബന്ധം പിടിച്ചാലേ ഇത് അവസാനിച്ചു കിട്ടൂ എന്നു തോന്നുന്നു.

അതുപോലെ ചൊറി വരുന്ന ഒരു സാധനം ആണ്‌ ടെല്ലിവിഷത്തില്‍ പ്രേമഗീതം വയ്ക്കുമ്പോഴെല്ലാം അടിയിലെ സ്ക്രോളിങ്ങ് ടിക്കറില്‍ വരുന്ന ഐ ലവ് യൂ ബൈകള്‍. രാധാ ഐ ലവ് യൂ ബൈ രാജു. രാജു ഐ മിസ്സ് യൂ ബൈ രാധ... ഈ ബൈകള്‍ എങ്ങനെ വന്നു കയറുന്നോ എന്തോ, മിക്കവാറും എല്ലാ സന്ദേശത്തിലും കാണാം.


ഒരു ബന്ധവുമില്ലാത്ത വാല്‍ക്കുറിപ്പ്:
എനിക്കു വളരെ ഇഷ്ടപ്പെട്ട ഒരു മിമിക്രിക്കാരനയിരുന്നു സൈനുദ്ദീന്‍. അദ്ദേഹം ഷേണായി ആയി വന്ന് "നിങാല്‍ എന്റാന്‌ പരയാന്‍ കൊടുത്തത് പണ്‍റ്റാറം എന്തിനാന്‌ ..." എന്ന മാതിരി സംഭാഷണം നടത്തുന്നത് ശേഷം അനുകരിച്ചവരെല്ലാം വെറുതേ വികൃതമാക്കി നശിപ്പിച്ചു. ഈയിടെ ടെലിവിഷന്‍ വച്ചപ്പോള്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍. അതില്‍ എല്ലാവരും വാഴ്ത്തുന്ന രഞ്ജിനിയെ കാണാന്‍ അങ്ങനെ ഭാഗ്യമുണ്ടായി. മലയാലം ഒലത്തുന്ന ഒത്തിരി പേരെ അറിയാമെങ്കിലും ഈ സ്ത്രീയുടെ സംഭാഷണം കേട്ടപ്പോള്‍ സൈനുദ്ദീന്റെ ഷേണായിയെ ആണ്‌ മനസ്സിലോര്‍ത്തത്. അകാലത്തില്‍ വിടപറഞ്ഞ ആ നല്ല കലാകാരനെ ഓര്‍മ്മിപ്പിച്ചതിനു നന്ദി, രഞ്ജിനി.

9 comments:

പാഞ്ചാലി :: Panchali said...

രഞ്ജിനി ഈയിടെ ഒരു മലയാളം സിനിമയില്‍ പിന്നണി ഗായികയായും അവതരിച്ചിട്ടുണ്ടെന്നും കേട്ടു! കലികാലം!

Siju | സിജു said...

marriage അല്ലല്ലോ wedding അല്ലേ വേണ്ടത്?

എന്റെ കല്യാണത്തിനു മലയാളത്തിലാ കാര്‍ഡ് അടിച്ചത്. അതു കൊണ്ട് വിത്തും കൈക്കോട്ടും ഒന്നും വേണ്ടി വന്നില്ല.

തറവാടി said...

എന്‍‌റ്റെ കല്യാണത്തിന് വിത്തിട്ടില്ല വെഡ്സായിരുന്നു :)

ഓ.ടോ:

അനോണ്യേ ,

രഞ്ചിനിക്ക് ആള്‍ക്കാരുണ്ട് ട്ടാ ;)

ജയരാജന്‍ said...

{ക്ഷണക്കത്ത് രാജുവിന്റെ അച്ഛനമ്മമാര്‍ അടിക്കുമ്പോള്‍
"മാര്യേജ് ഓഫ് മൈ സണ്‍ രാജു വിത്ത് രാധ" എന്നും} ഇങ്ങനെത്തന്നെയാണല്ലോ സാധാരണ ഉണ്ടാകാറ്? പിന്നെ എന്താ പ്രശ്നം?
അതു പോലെ തന്നെ {രാധാ ഐ ലവ് യൂ - ബൈ രാജു} ആയാൽ ശരിയായില്ലേ? :)

പാഞ്ചാലി :: Panchali said...

സിജു,
കൈപ്പള്ളിയുടെ ഈ പോസ്റ്റും കമന്‍റുകളും കൂടി വായിക്കുക.

ഓ.ടോ.
കമന്റ് ബോക്സിനടുത്ത്‌
"This blog does not allow anonymous comments"
എന്ന് കാണുന്നു. അനോണി ആന്റണി അനോണികളെ കൈവിട്ടോ?

അനോണി ആന്റണി said...

പാഞ്ചാലീ, ആ ലിങ്കിനു നന്ദി. അങ്ങനേം ഒരു ചര്‍ച്ച നടന്നോ? ( മലയാളം സിനിമയ്ക്ക് അല്ലെങ്കില്‍ തന്നെ ശനിയാണ്‌, ഇനി രഞ്ജിനി പാടുകയും കൂടെ ചെയ്താല്‍ മതി) ഏത് അനോണിക്കും ഒരു ഐഡി രെജിസ്റ്റര്‍ ചെയ്യാമല്ലോ, ഞാന്‍ ചെയ്ത പോലെ. വെറുതേ തുറന്നിട്ടാല്‍ സ്പാം കേറി ബ്ലോഗ് മുടിയും.

സിജൂ,
മാര്യേജ് എന്നതിനു വിവാഹബന്ധം എന്നും വെഡിങ്ങ് എന്നതിനു വിവാഹച്ചടങ്ങ് എന്നുമാണ്‌ മുഖ്യാര്‍ത്ഥം. മാര്യേജ് എന്നതിനു വിവാഹം കഴിക്കല്‍ എന്നു രണ്ടാംകിട അര്‍ത്ഥമുണ്ട്, പക്ഷേ വെഡിങ്ങ് എന്നതിനു മറ്റൊരു ആശങ്കയ്ക്കും അര്‍ത്ഥമില്ലാത്തതിനാല്‍ ചടങ്ങ് എന്നതിനു കൂടുതല്‍ യോജിച്ച പദം വെഡിങ്ങ് തന്നെയാണ്‌.

പക്ഷേ മാര്യേജ് ഇന്‍‌വിറ്റേഷന്‍ തെറ്റാണ്‌. വെഡിങ്ങ് ഇന്‍‌വിറ്റേഷനും തെറ്റാണ്‌!!!
മാര്യേജ് ഇന്‍‌വിറ്റേഷന്‍ എന്നാല്‍ വിവാഹബന്ധം സ്ഥാപിക്കാനുള്ള ക്ഷണം- അത് ബന്ധപ്പെടുന്നവര്‍ തമ്മിലല്ലേ ക്ഷണിക്കേണ്ടത്?

വെഡിങ്ങ് ഇന്‍‌വിറ്റേഷന്‍ എന്നാലോ? വെഡ് ചെയ്യാനുള്ള ഇന്‍‌വിറ്റേഷന്‍. "നിന്നെ ഞാന്‍ കെട്ടിക്കോട്ടേ പെണ്‍‌കൊച്ചേ" എന്നത് വെഡിങ്ങ് ഇന്‍‌വിറ്റേഷന്‍.

ഇത്തരം കുരുക്കുകള്‍ക്ക് സാധാരണ ഇംഗ്ലീഷ് ഭാഷ പൊതുമാപ്പ് കൊടുക്കുകയാണു ചെയ്യുന്നത്. കൊലൊക്കേറ്റഡ് യൂസേജിനു ആ യൂസേജ് എന്തു അര്‍ത്ഥമാക്കുന്നോ അത് തന്നെ അതിന്റെ അര്‍ത്ഥം എന്ന് നിയമം.

മലയാളത്തിലും ധാരാളം കൊലോക്കേറ്റഡ് യൂസേജ് മാപ്പു നേടിയിട്ടുണ്ട്. പാട്ടു റിക്വസ്റ്റ് ചെയ്തു ടെലിവിഷനില്‍ വിളിക്കുന്നവര്‍ സ്ഥിരം പറയാറുള്ള ഒന്ന്:
" മൂന്നു വയസ്സുള്ള എന്റെ മകള്‍ പപ്പി എന്നു വിളിക്കുന്ന പദ്മിനിക്കു വേണ്ടി ഒരു ഗാനം.."
എന്താ ഇതിന്റെ അര്ത്ഥം? ഈ പദ്മിനിമോള്‍ എന്നും രാവിലേ എഴുന്നേറ്റ് "പപ്പീ പപ്പീ പപ്പീ" എന്നു വിളിച്ചുകൊണ്ടിരിക്കുമെന്നോ?. "പപ്പീ എന്നു ഞങ്ങള്‍ ഓമനിച്ചു വിളിക്കുന്ന പദ്മിനി".. എന്ന അര്‍ത്ഥമാണിതിനെന്ന് നമ്മള്‍ സമ്മതിച്ചു കൊടുക്കുന്നു...


കൃത്യമായ ഭാഷയില്‍ വെഡ്ഡിങ്ങും മാര്യേജും ഉപയോഗിച്ച് കുല്യാണക്കറി ഉണ്ടാക്കണമെങ്കില്‍
May I solicit your witnessing of my marriage to...
I would like to invite you to attend my wedding ceremony..


തറവാടീ,
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നുവില്‍ ജഗതി "ദൈവമേ ഇവള്‍ക്കും കാമുകനോ" എന്നു അന്തം വിടുന്നതുപോലെ രഞ്ജിനിക്കും ഫാന്‍സോ :)

ജയരാജാ,
വിത്ത് എന്ന പ്രിപോസിഷന്‍ മാര്യേജ്, എന്നതിനു ഉപയോഗിക്കുന്നത് "എന്റെയും അവളുടെയും വൈവാഹിക ജീവിതം " എന്നു പറയുമ്പോള്‍ മാത്രമാണ്‌. അതായത് മാര്യേജിലാണ്‌ ഊന്നല്‍, ഞാന്‍ അവള്‍ എന്നിവരില്ല. അങ്ങനെ അല്ലാതെ വരുമ്പോഴെല്ലാം റ്റു ആണ്‌ ഉപയോഗിക്കുന്നത്.

പ്രിപോസിഷന്‍ മാറിയാല്‍ അര്‍ത്ഥമേ പോകും
"ഹീ വാസ് കില്‍ഡ് ബൈ ഏ സ്പീഡിങ്ങ് കാര്‍" എന്നതും "ഹീ വാസ് കില്‍ഡ് ഇന്‍ ഏ സ്പീഡിങ്ങ് കാര്‍" എന്നതും തമ്മില്‍ അര്‍ത്ഥം മാറിയപോലെ.

"അവന്‍ ഫോണില്‍ എന്റെ അച്ഛനെ വിളിച്ചിരുന്നു" എന്നതും "അവന്‍ ഫോണില്‍ എന്റെ അച്ഛനു വിളിച്ചു" എന്നതും പോലെ സംഗതി കുഴയും.

കടവന്‍ said...

ഈ ന്യൂസ് റിപ്പോര്‍മാര്(ശരി തന്നെയല്ലെ..?:-)) എപ്പോഴും പൊലീസ് പെട്രോളിങ് നടത്തി,..തും..തുന്നു എന്നു പറയുന്നത് കേള്ക്കാം...എല്ലാ ്‌ "മലയാലം"ചാനലിലും....ഇന്നും ജീവന്‍ റ്റിവിയില്‍ കേട്ടു..കേട്ട് കേട്ട് സംശയം..ഇനി പട്രോളിംഗ് ആണോ തെറ്റ്..?

അനോണി ആന്റണി said...

കടവന്‍,

ഈ ലിങ്കില്‍ പോയാല്‍ അതിന്റെ ഉച്ചാരണം കേള്‍ക്കാം.

http://dictionary.reference.com/browse/patrol

അരുണ്‍ ചുള്ളിക്കല്‍ said...

ക്ഷണക്കത്തില്‍ Raju with Radha എന്നു പറയുന്നതു തെറ്റ് തന്നെയാണു.യഥാര്‍ത്ഥ ആംഗലേയ പ്രയോഗം Raju to Radha എന്നാണു.

രഞ്ജിനിയുടെ മലയാളത്തെക്കുറിച്ച് ഈ എളിയവന്റെ ലേഖനവും വായിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.
http://oruyathra.blogspot.com/2008/09/blog-post_1244.html
http://oruyathra.wordpress.com/2008/09/17/രഞ്ജിനീ-മലയാളം/