Tuesday, March 18, 2008

പരിഹാരം

മൂന്നു മുറികളിലായി ഏഴുപേരാണ്‌. മൂന്നും രണ്ടും രണ്ടും കഴുത്തുകള്‍. നടുക്കു പാസ്സേജ്, പാദുകപ്പുറം.

ഫ്ലാറ്റെടുത്ത റെജി നോണ്‍ സ്മോക്കിങ്ങ് ഗോഡ് ഫീയറിങ്ങ് സെണ്ട്രല്‍കേരളൈറ്റ് ക്രിസ്ത്യന്‍ ബാച്ചിലര്‍ക്കാണ്‌ കട്ടിലുകളൊഴിവുണ്ടെന്ന് പരസ്യം കൊടുത്തത്. കാര്‍പ്പെറ്റില്‍ ചാരമിടാത്ത, വ്യാഴാഴ്ച പേജ് ചെയ്തു വരുത്തുന്ന ക്ലാന്‍ മാക്‌ഗ്രിഗറിനു ഷെയറിടുന്ന, വെള്ളിയാഴ്ച പള്ളിയില്‍ പോകാന്‍ ടാക്സിക്കു പിരിവിടുന്ന, മാസാദ്യം കരിമീന്‍ വറുത്തകറി വയ്ക്കാന്‍ കൂടുന്ന സാദിസനം.

ലക്ഷം മാനുഷര്‍ വിളിച്ചപ്പോള്‍ ലക്ഷണമൊത്തത് മറ്റൊരു റെജി തന്നെ. ആലപ്പുഴക്കാരന്‍. കട്ടിലുകളൊഴിഞ്ഞു കിടന്നാല്‍ വാടക ആദ്യറെജിയുടെ പോക്കറ്റില്‍ നിന്നും പോകുമെന്ന് കണ്ട് കിട്ടിയവരെ കിട്ടിയവരെ വിളിച്ചു കയറ്റി.

ഒരയ്യര്‍, തമിഴന്‍. ഒരു മുസല്‍മാന്‍ തിരൂരങ്ങാടീന്ന്. പെന്തക്കോസ്റ്റുകാരന്‍ ഫ്രം തിരുവന്തോരം .രണ്ട് മലയാളി ഹിന്ദുക്കള്‍ (ജാതി പറഞ്ഞിട്ടു വേണം ഞാന്‍ തൂങ്ങാന്‍, ചുമ്മ പോയേ) . റെജികള്‍ രണ്ടും ഒരു മുറിയില്‍, അയ്യരും മറ്റു ഹിന്ദുക്കളും കൂടി മൂന്ന് ഒരിടത്ത്, തിരൂരും തിരുവന്തോരവും മൂന്നാമത്തെ മുറീല്‍. ഭാഗം വച്ചപ്പോള്‍ ബാക്കി വന്ന ഒന്നര ബാത്ത് റൂം, ഒരടുക്കള, എന്നിവയ്ക്ക് ടൈം ഷെയര്‍ ഏര്‍പ്പെടുത്തി. സുന്ദരം. ഗോഡ് ഫീയറിങ്ങുകള്‍ കൂട്ടിമുട്ടാതെ എല്ലാവരും പരസ്പരം നോക്കി. മാംസം പാചകം ചെയ്യുമ്പോള്‍ അയ്യരു പുറത്തു നിന്നും കഴിച്ചോളും. ക്ലാന്‍ മാക് ഗ്രിഗര്‍ ഇടുപ്പില്‍ തിരുകി അബ്‌കാരിയെത്തുന്ന ദിവസം തിരൂരും തിരുവന്തോരവും കതകടച്ച് ഉറങ്ങിക്കോളും. സാഹചര്യ സമ്മര്‍ദ്ദം കൊണ്ട് ഫെഡറല്‍ സ്റ്റേറ്റുകളായിപ്പോയ ഏഴു രാജ്യങ്ങള്‍.

അന്നൊരു തണുത്ത വെളുപ്പാന്‍‌കാലം. ഏഴു മുതല്‍ ഏഴരവരെ ഹാഫ് ബാത്ത് റെജി രണ്ടാമന്റേതാണ്‌. മുന്‍ ഷിഫ്റ്റില്‍ ഷിറ്റടിച്ച് സിംഹാസനമൊഴിയേണ്ട അയ്യരിറങ്ങിയിട്ടില്ല.
സാമിയേ.
അദര്‍ ബാത്ത് റൂം ഖാലിയായരിക്കുമേ, പോയി പാരുങ്കള്‍, പ്ലീസ്.
അതൊഴിയത്തില്ലയ്യരേ, എട്ടരവരെ. വേഗമിറങ്ങ്.
സ്റ്റൊമക്ക് അപ്സറ്റ് ആയിട്ടാരേ.
ശരി. വേഗമിറങ്ങ്.

ഏഴു പത്ത്.

ശോധന മേല്‍ ശോധനൈ പോതുമെടാ സാമീ.
ടേയ്, നീ താന്‍ ഇന്ത പ്രച്നത്തുക്കു കാരണം. സത്തം പോടാതെ കൊഞ്ചം വെയിറ്റ് പണ്ണുങ്കോ.
ഞാനോ? ദേ അനാവശ്യം പറയരുത്.

നീ എതുക്കെടാ പ്രോണ്‍സേ വച്ച് തേങ്കായ് ചട്ണി സമച്ച് വച്ചത്?
എന്റെ മാവി കൊടുത്തു വിട്ട കൊഞ്ചു ചമ്മന്തി അടുക്കളേലല്ലാതെ പിന്നെ പുരപ്പുറത്ത് വയ്ക്കുമോടാ? നീ അറിയാന്‍ മേലാത്തത് എടുത്തു തിന്നാവോ?

ഏഴേ കാല്‍.മെയിന്‍ ബാത്ത് റൂമില്‍ നിന്നും നായരിറങ്ങി. ഗ്യാപ്പില്‍ റെജി രണ്ടാമന്‍ അത്യാവശ്യങ്ങള്‍ അവിടെ കഴിച്ച് പണിക്കു പോയി.

വൈകിട്ട് അയ്യര്‍ പൂജ തുടങ്ങിയ നേരം നോക്കി റെജി രണ്ടാമന്‍ പാട്ടിട്ടു പോലും, ഗോഡ് ഫീയറിങ്ങ് ആദ്യമായി ലംഘിക്കപ്പെട്ടു. ഒന്നു രണ്ടു പറഞ്ഞ് അസ്സല്‍ തെറിവിളിയായ നേരത്താണ്‌ റെജി ഒന്നാമന്‍ ജോലി കഴിഞ്ഞെത്തിയത്.

ആത്യന്തികമായി ചിന്തിക്കുമ്പോള്‍ നമ്മളോരോരുത്തരും സ്വന്തം ഫ്ലാറ്റില്‍ താമസിക്കാനിഷ്ടപ്പെടുന്നവരാണ്‌, റെജി ഒന്നാമന്‍ പറഞ്ഞു. എന്നാല്‍ അതിനു ചിലവിടുന്ന പണം പാഴാണെന്നും ആ കാശ് നാട്ടില്‍ ചവിട്ടിയാല്‍ കൂടുതല്‍ പ്രയോജനമുണ്ടെന്ന് അറിയാവുന്നതുകൊണ്ടു ഒത്തു കൂടിയവരാണ്‌. ഒരാള്‍ തുടങ്ങിയാ മതി, ‍ കൂട്ടയടി നടക്കും. ക്ലാന്‍ മാക്‌ഗ്രിഗര്‍, ദൈവത്തിന്റെ പടങ്ങള്‍, കോഴിക്കറി ഒക്കെ ചോദ്യം ചെയ്യപ്പെടും. ഒന്നുകില്‍ ഇവിടെ പിരിയാം, അല്ലെങ്കില്‍ ഇമ്മാതിരി വഴക്കുകള്‍ ആവര്‍ത്തിക്കരുത്.

ഞാനൊന്നും ഓര്‍ത്തിട്ടല്ല പാട്ടിട്ടത്, പട്ടരു പൂജയും കോ..
നിര്‍ത്ത്. ഇതിനകത്ത് താമസിക്കണമെങ്കില്‍ നീ അയാളുടെ പൂജയെപ്പഴാന്നും അറിയണം, നീ പാട്ടിട്ടാല്‍ ശ്രദ്ധിക്കാതെ പൂജിക്കാന്‍ അയ്യര്‍ക്കു പറ്റുകയും വേണം. നില്‍ക്കുന്നോ അതോ പോകുന്നോ? എല്ലാരോടുമാ.

ആരും പോയില്ല. പോകും പോകുമെന്നൊക്കെ ചിലര്‍ പറഞ്ഞു. ചിലര്‍ കണക്കു വരെ കൂട്ടി നോക്കി പോലും. ഒറ്റയ്ക്കൊരു ഫ്ലാറ്റില്‍ താമസിക്കാനുള്ള കോപ്പ് ആര്‍ക്കുമില്ലായിരുന്നു.

പ്രശ്നപരിഹാരം സാദ്ധ്യമായത് എന്തുകൊണ്ട്?
൧. ഫ്ലാറ്റ് ആരും സ്വന്തം സ്വത്താണെന്ന് കരുതിയില്ല. ഫ്ലാറ്റെടുത്ത റെജി ഒന്നാമന്‍ പോലും.
൨. വോട്ടുബലം തുല്യമായിരുന്നു
൩. എല്ലാവര്‍ക്കും കണക്കു കൂട്ടാന്‍ അറിയാമായിരുന്നു
൪. എല്ലാവരുടെയും ആവശ്യം ഏകദേശം ഒരുപോലെയായിരുന്നു.

7 comments:

പ്രിയ said...

:)
ഒരു മുറിയില് ഒരു ഹിന്ദുവും ഒരു മുസ്ലിമും ഒരു ക്രിസ്ത്യനും. ഒരേ സമയം മൂന്നു മൂലക്കായി ബൈബിളും ഖുറാനും ലളിതാസഹസ്രനാമവും ശബ്ദം കുറച്ചു പാരായണം. കപ്പയും മീന്കറിയും ഉണ്ടാക്കുമ്പോള് പച്ചക്കറിയുടെ ആള്ക്കായി മാറ്റി വയ്ക്കുന്ന കപ്പയും അച്ചാറും. ചെറിയ ചെറിയ പിണക്കങ്ങള്. അങ്ങനെ അങ്ങനെ ... എങ്കിലും ചെലപ്പോ മടുക്കും.

സുല്‍ |Sul said...

അനോണീ
എപ്പോഴും സംഭവിക്കുന്നത് തന്നെ.
സഹനം കൂടുതലായാല്‍ പ്രിയപറഞ്ഞതുപോലെ മടുക്കും. പിന്നെ തല്ലി തീര്‍ക്കണം. തല്ലിയാലും പിരിയില്ലല്ലോ... എല്ലാവര്‍ക്കും കണക്കറിയാം.
-സുല്‍

R. said...

ഒബ്‌ജക്ഷന്‍.

പ്രശ്നപരിഹാരം സാദ്ധ്യമായത് എന്തുകൊണ്ട്?

റെജി ഒന്നാമന്‍ മണിമണിയായി, കൂള്‍ കൂളായി, മുഖത്തു നോക്കി കാര്യം (കാര്യം മാത്രം) പറഞ്ഞതു കൊണ്ട്.

ദിലീപ് വിശ്വനാഥ് said...

പ്രശ്നപരിഹാരം സാദ്ധ്യമായത് എന്തുകൊണ്ട്?

൩. എല്ലാവര്‍ക്കും കണക്കു കൂട്ടാന്‍ അറിയാമായിരുന്നു.

അതാണ് എന്റെ ഉത്തരം.

പാമരന്‍ said...

ഒരു ഓപ്ഷനും കൂടെ വേണാരുന്നു..

൫. മുകളില്‍ പറഞ്ഞ എല്ലാം..

:: VM :: said...

Good!

കാര്‍പ്പെറ്റില്‍ ചാരമിടാത്ത, വ്യാഴാഴ്ച പേജ് ചെയ്തു വരുത്തുന്ന ക്ലാന്‍ മാക്‌ഗ്രിഗറിനു ഷെയറിടുന്ന, \\

Nostalgic ;)
============================


മുന്‍ ഷിഫ്റ്റില്‍ ഷിറ്റടിച്ച് സിംഹാസനമൊഴിയേണ്ട അയ്യരിറങ്ങിയിട്ടില്ല.
സാമിയേ.
HAHAHA.. Chirippichchu

Roby said...

കള്ളന്‍ പവിത്രന്‍ കഴിയുമ്പോള്‍ ഒരു ഗുണപാഠം എഴുതികാട്ടിയിരുന്നു. അതു പോലെ അനോണിയുടെ പോസ്റ്റിന്റെ ഒടുക്കം ആ ചോദ്യങ്ങള്‍.
:)

ഒരു സെല്‍ഫ് ഇം‌പ്രൂവ്‌മെന്റ് ബെസ്റ്റ് സെല്ലര്‍ എഴുതാനുള്ള വകുപ്പുണ്ടല്ലോ കൈയില്‍..:)