Thursday, January 31, 2008

വി കെ എന്‍

വടക്ക് വന്മലയും തെക്ക് തെന്മലയും കിഴക്ക് കിമ്മലയും പടിഞ്ഞാറു പമ്മലയുമാണത്രേ ആ എഴുത്തിന്റെ അതിരുകള്‍. എന്നുവച്ചാല്‍ സത്യത്തിലില്ല ഒരതിര്‍ത്തിയുമെന്ന്. അന്തവും കുന്തവുമില്ലാത്ത അത്ഭുതമാണ്‌ വി കെ എന്‍ കൃതികള്‍.

വാക്കുകള്‍ ഒരായിരം കട്ടുകളുള്ള ഓരോ തല ചെരിച്ചു നോട്ടത്തിലും പുതിയൊരു തരം വെളിച്ചം പ്രതിഫലിപ്പിക്കുന്ന വജ്രം പോലെ. എന്തുണ്ടെന്ന് നമ്മള്‍ വിചാരിക്കുന്നോ അതത്രയും തെളിഞ്ഞു വരുന്ന മാന്ത്രികക്കണ്ണാടിയാണ്‌ വി കെ എന്റെ എഴുത്ത്. ഒരേ കഥ വായിക്കുന്നവരിലെ ക്യാപിറ്റലിസ്റ്റ് അതിലൊരു കമ്യൂണിസ്റ്റിനെയും, സഖാവ് മറിച്ചും സ്ത്രീപക്ഷക്കാരി ആണ്‍പന്നപ്പന്നിയെയും ദളിതപക്ഷക്കാരന്‍ ബ്രാഹ്മണ്യകീര്‍ത്തനവും സ്മാര്‍ത്തന്‍ തിരിച്ചും ഒക്കെ അതില്‍ കാണുന്ന രീതിയിലാണാ പദവിന്യാസം പലയിടത്തും.

വി കെ എന്നിനെ അറിയാനല്ലാതെ അളക്കാന്‍ ആരും ശ്രമിക്കാറില്ല. നാഴിയില്‍ പറ കൊള്ളിക്കാനാവില്ലല്ലോ. ഇഷ്ടം പോലെ ഉദ്ധരണികള്‍ എമ്പാടും കേള്‍ക്കാനാവും എന്നാല്‍ ആ എഴുത്തിനെ വിശകലനം ചെയ്യാനുള്ള ശ്രമങ്ങള്‍ കാണാറില്ല.  അദ്ദേഹം മരിച്ച സമയത്ത് കിട്ടാവുന്നയത്ര  ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ വാങ്ങി നോക്കി, പ്രതീക്ഷിച്ചതുപോലെ തന്നെ  വി കെ എന്നിനെ പരിചയപ്പെട്ട കഥകളും  ഓര്‍മ്മക്കുറിപ്പുകളുമല്ലാതെ ഭാഗികമായെങ്കിലും ആ എഴുത്തിനെ വിശകനം ചെയ്യാന്‍  എം എന്‍ വിജയന്‍ മാഷും എന്‍ എസ് മാധവനുമല്ലാതെയാരും ശ്രമിച്ചുപോലുമില്ല.

തര്‍ജ്ജിമ ചെയ്യാനാവാത്തയത്ര സങ്കീര്‍ണ്ണമാണ്‌ വീ കെ എന്റെ വരികളും ആശയങ്ങളും.
"ഹൂ ഈസ് അഫ്രൈഡ് ഓഫ് വെര്‍ജീനിയ വൂള്‍ഫ്? വെള്ളായണി അര്‍ജ്ജുനനെ ആര്‍ക്കാണു പേടി" എന്നതിനെ ഏതുഭാഷയില്‍ നിന്നും എന്തു രീതിയില്‍ തര്‍ജ്ജിമ ചെയ്യും? കിഴക്കു വെള്ള കീറിയപ്പോള്‍ പയ്യന്‍ പായ ചുരുട്ടി എഴുന്നേറ്റു, അങ്ങനെ എഴുന്നേല്‍ക്കാന്‍ കഴിയില്ലെന്നു കണ്ട് വീണ്ടും കിടന്നു  പിന്നെ എഴുന്നേറ്റ ശേഷം പായ ചുരുട്ടിയതിനു എങ്ങനെ മലയാളഭാഷയ്ക്കപ്പുറത്തേക്ക് കൊണ്ടുപോകും?

ജിംനേഷ്യത്തിലെ പഞ്ചിങ്ങ് പവര്‍ മീറ്റര്‍ പോലെയാണ്‌ വി കെ എന്‍ കൃതികള്‍. വായനക്കാരന്റെ മനസ്സിന്റെ സ്ട്രൈക്ക് പവര്‍ അനുസരിച്ച് കൂടിയും കുറഞ്ഞുമുള്ള റീഡിങ്ങ് കിട്ടുന്നെന്നല്ലാതെ അതിന്റെ അവസാനത്തെ ഉയരം വരെ എത്തിക്കാറില്ല, എത്തിക്കാന്‍ കഴിയുന്നവര്‍ ഉണ്ടാവില്ല,  അതില്‍ സ്വയം അളക്കുന്നെന്നല്ലാതെ അതിരോടതിരു കാണേണ്ടത് ഒരത്യാവശ്യവുമല്ല. എയര്‍ഫോഴ്സ് ഒന്നിന്റെ അമ്പതു ശതമാനം തിരുവനന്തപുരത്ത് വന്നിറങ്ങിയെന്ന് വായിക്കുമ്പോള്‍ എയര്‍ഫോഴ്സ് വണ്‍ എത്രയെണ്ണമുണ്ടെന്ന് അറിയില്ലെങ്കിലും തുടര്‍ വായനക്കൊരു തടസ്സവുമില്ല.

സത്യവും സങ്കല്പ്പവും ശാസ്ത്രവും ചരിത്രവും തത്വചിന്തയും വെറും തമാശകളും എല്ലാം കൂടിക്കുഴച്ച് ഒരുപാടെഴുതി, താന്‍ ജീവിച്ചിരുന്ന കാലത്തിനും മുന്നേ ഒരു വിശ്വസാഹിത്യകാരന്‍ നമുക്കിടയിലൂടെ കടന്നു പോയി. അവാര്‍ഡുകള്‍ക്കും ആസ്വാദനങ്ങള്‍ക്കും എത്താനാവുന്നതിലും ഉയരത്തിലൂടെ.
(നൂറാമത്തെ പോസ്റ്റ് വി കെ എന്‍ ചരമവാര്‍ഷികത്തിനു പബ്ലിഷ് ചെയ്യണമെന്ന് കരുതിയിരുന്നതാണ്‌. വെപ്രാളത്തിലൊരു നൂറു തികയ്ക്കാന്‍ ശ്രമിച്ചിട്ടും താമസിച്ചു പോയി.

ഇവിടെ നിന്നും ബ്ലോഗ് ആക്സസ് ചെയ്യാന്‍ കഴിയില്ല. അതിനാല്‍ ഞാന്‍ പോസ്റ്റുകള്‍ ഈ-മെയില്‍ ആക്കി ബ്ലോഗിലേക്ക് അയച്ച് പബ്ലിഷ് ചെയ്യുകയാണു ചെയ്യുന്നത്. കമന്റുകള്‍ എല്ലാം ഞാന്‍ വായിക്കുന്നതും മെയില്‍ ആയാണ്‌. ഒരുതരം നോണ്‍  പാര്‍ട്ടിസിപ്പേറ്ററി ബ്ലോഗ്ഗിങ്ങ്. കാലേ ഇല്ലാത്തതിലും ഭേദം മന്തുള്ളതല്ലേ എന്ന മട്ടില്‍ മെയിന്റെയിന്‍ ചെയ്തു പോരുന്നു.  ഏറ്റവും കുറഞ്ഞ സമയത്തില്‍  മിക്കദിവസവും എന്തെങ്കിലും എന്ന ഓബ്ജക്റ്റീവോടെ ബ്ലോഗ്ഗുന്നതിനാല്‍ ആഴവും നീളവുമുള്ള പോസ്റ്റുകള്‍ ഇടാന്‍ കഴിയാറില്ല, എങ്കിലും വായനക്കാരുടെ  അഭിപ്രായത്തെ  ഓരോന്നിനെയും മനസ്സിലോര്‍ത്ത് വയ്ക്കാറുണ്ട്. എന്റെ പോസ്റ്റുകള്‍ക്ക് റിവ്യൂ എഴുതിയ ദുര്യോധനന്‍, സ്വാഗതം പറഞ്ഞതു മുതല്‍ ഒപ്പമുണ്ടായിരുന്നവര്‍,  മൂര്‍ത്തി, സതീഷ്, സു, മനു, കരിം മാഷ്, കുഞ്ഞന്‍, വേണു, ഉമേഷ്, ഡി. പ്രദീപ്, അജേഷ് ചെറിയാന്‍, സിമി, അനൂപ് തിരുവല്ല, വാല്‍മീകി, ഏ ആര്‍ നജീം, മുക്കുവന്‍, പേരയ്ക്ക, മാരാര്‌, ജി. മനു,  ശെഫി, ശാലിനി, സുല്‍, ആഷ, അരവിന്ദ്, സതീശ് മാക്കോത്ത്, ബാബുരാജ്, ഔസേപ്പ്, ജിഹേഷ്, മുരളി മേനോന്‍, ശ്രീ, ഇഞ്ചിപ്പെണ്ണ്, പ്രമോഡ്, തറവാടി, ബാബുരാജ്, മറ്റൊരാള്‍/ജിജി, വൈവസ്വതന്‍, കടവന്‍, മുസ്തു, വിമതന്‍, സഹയാത്രികന്‍, പ്രിയ, പ്രിയ ഉണ്ണികൃഷ്ണന്‍, രജീഷ് നമ്പ്യാര്‍, വക്കാരിമഷ്ടാ, ദില്‍ബാസുരന്‍, വെയില്‍, മീനാക്ഷി, ഏവൂരാന്‍, നിഷ്കളങ്കന്‍, പെരിങ്ങോടന്‍, റഫീക്ക്, ഫസല്‍, സി കെ ബാബു, മായാവി, വള്ളുവനാടന്‍, സന്തോഷ് ബാലകൃഷ്ണന്‍, മോനു, മണ്‍സൂര്‍, വിശാലമനസ്കന്‍, രാജ് ഷൈന്‍, വലിയ വരക്കാരന്‍, ത്രിശങ്കു, അങ്കിള്‍, വടവോസ്കി, വിശ്വപ്രഭ, മയൂര, ഗുപ്തന്‍, പ്രിയമ്വദ, കൂട്ടുകാരന്‍, കണ്ണൂരാന്‍, അലി, ഹാരോള്‍ഡ്, റോബി, അതുല്യ, കാര്‍ട്ടൂണിസ്റ്റ്, അതുല്യ, അപ്പു, ഉപാസന, കാവലാന്‍, കൈതമുള്ള്, പപ്പൂസ്, ഹരിത്, ഗോപന്‍, ദേശാഭിമാനി, പി ആര്‍, പ്രയാസി, കാപ്പിലാന്‍, അഗ്രജന്‍, വല്യമ്മായി, എസ് പി ഹോസെ, കടവന്‍, ബയാന്‍, ശിവകുമാര്‍, സുഗതരാജ് പലേരി, വിശാഖ് ശങ്കര്‍, ഡാലി, കിനാവ്, നിരക്ഷരന്‍, പാമരന്‍, കുഞന്ന, കാര്‍‌വര്‍ണ്ണം, ശശി, ആര്‍ ആര്‍, അക്ബര്‍ ബുക്സ്, ശ്രീവല്ലഭന്‍, രേഷ്മ,  അക്ഷരജാലകം, ആര്‍ ആര്‍ ..  [തീര്‍ന്നില്ല, ബാക്കിയുള്ളവരെ മറന്നതുമല്ല, കമന്റ് ഫീഡ് ഫ്രീസ് ആയി റീഡറില്‍, ഇനി നോക്കാന്‍ റീസ്റ്റാര്‍ട്ട് ചെയ്യണം.]  എത്രപേര്‍ക്ക്  ഇതൊക്കെ വായിച്ചതിനും അഭിപ്രായമെഴുതിയതിനും ഞാന്‍ നന്ദി പറയേണ്ടിയിരിക്കുന്നു.)

18 comments:

R. said...

നൂറാമത്തെ കൊട്ട് വടക്കേ കൂട്ടാല ഭഗവാനു തന്നെ നേദിച്ചല്ലൊ. ഏ...മ്പക്കം.

ചീര I Cheera said...

വി.കെ.എന്നിനെ പറ്റി എഴുതിയതിനോട്, വായിച്ചു എന്നു മാത്രം പറയുന്നു. കൂടുതലൊന്നും പറയാനറിയാത്തോണ്ടാ.

ഇത്രേം കഷ്ടപ്പെട്ടാണല്ലേ ബ്ലോഗ്ഗ് ചെയ്യുന്നത്.. അതിനുമെന്തു പറയണമെന്നറിയില്ല.

എന്തായാലും ഒന്നറിയാം. ബൂലോകം മുഴുവന്‍ (bloggers അല്ലാത്തവരും നിറയേ ഉണ്ടാകും) ആന്റണിയെ വായിയ്ക്കുന്നുണ്ടെന്ന്. ചിരിയ്ക്കാറുണ്ട്, ചിന്തിയ്ക്കാറുണ്ട്.
എഴുത്ത് നിര്‍ത്തരുതേ എന്നേ പറയാനുള്ളു. എളുപ്പത്തില്‍ ബ്ലോഗ് ചെയ്യാനുള്ള സൌകര്യങ്ങള്‍ വേഗം ഉണ്ടാവട്ടെ(?)എന്നും.

Murali K Menon said...

വി.കെ.എന്‍ എന്ന് എവിടെ കണ്ടാലും ഞാന്‍ ചാടി വീഴും. അതൊരസുഖം പോലെയായെന്നു സാരം. എന്തായാലും വി.കെ.എന്‍ എന്ന പ്രതിഭയെ ഓര്‍ത്തത് നന്നായി. എത്ര പറഞ്ഞാലും തീരാത്തതായിരിക്കും അദ്ദേഹത്തെക്കുറിച്ചുള്ള വാഴ്ത്തുക്കള്‍.. ഭാവുകങ്ങള്‍!

vadavosky said...

നൂറാമത്തെ പോസ്റ്റിന്‌ ആശംസകള്‍.

അതുല്യ said...

അനോണിയിക്കാ, ഉനക്ക്‌ എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും നേര്‍ന്ത്‌ കൊള്ളികിറേണ്ടാപ്പാ. ഉന്നോടേ ഒരോ പോസ്റ്റും ഒരോ മരുന്നുണ്ടൈയാക്കും,യാരാവതോടെ യേതാവത്‌ ദെണ്ണം പോയി വിടും വാശിത്ത്‌ വിട്ടാല്‍.

(ശ്രി. വി.കെ. എന്‍ ന്നിന്റെ "സണ്ടേ" യും കൊണ്ട്‌ ഒരു ചെക്കന്‍ ദോഹയ്ക്‌ പോയിട്ട്‌ ഇന്നേ പക്കം ഏഴാവത്‌ മാതം. തിരുപ്പി തന്തു വിട്രാ കുഴന്തൈ നീ)

ദിലീപ് വിശ്വനാഥ് said...

ആന്റോ,
നൂറാമത്തെ പോസ്റ്റിനു ആശംസകള്‍.

പിന്നെ, ഇത്രയും കഷ്ടപ്പെട്ടു ബ്ലോഗ് എഴുതിയിട്ടും ആ ആവേശം ഒട്ടും ചോര്‍ന്നുപോകാതെ ഇങ്ങനെ വളരെ നല്ല പോസ്റ്റുകള്‍ വായിക്കാന്‍ തരുന്നതിനെ എത്ര പ്രശംസിച്ചാലും അധികമാവില്ല.

വി.കെ.എന്‍. നെ കുറിച്ച് എഴുതിയത് നന്നായി.

Sethunath UN said...

അന്തോണി,

വിവിധ വിഷയ‌ങ്ങ‌ളില്‍ ഉള്ള അഗാധജ്ഞാനം ക‌‌ഥാപാത്രങ്ങ‌ളുടെ ല‌ളിത‌മായ സംഭാഷ‌ണ‌ങ്ങ‌ളിലൂടെ വാര്‍‌ന്നുവീഴുന്നതു വി.കെ.എന്നിന്റെ കൃതിക‌ളില്‍ മാത്രം കാണുന്ന പ്രത്യേകതയാണ്. പരന്ന വായ‌നയും അനുഭവ‌ങ്ങ‌ളും സ്മൂത്തായി എങ്ങിനെ വായിയ്ക്കുന്നവനിലേയ്ക്കെത്തിയ്ക്കാം എന്ന‌താണ് വി.കെ.എന്നിന്റെ എഴുത്തിന്റെ ശ‌ക്തി എന്നും ഇതെഴുതുന്നയാ‌ള്‍ക്ക് തോന്നുന്നു.
അദ്ദേഹ‌ത്തെക്കുറിച്ചെഴുതിയതിന് അഭിവാദ്യങ്ങ‌ള്‍!

അനോണിയ്ക്കും തന്റെ വായന സ്വന്തം ശൈലിയില്‍ ട്രാന്‍സ്ഫ‌ര്‍ ചെയ്യാനുള്ള അനന്യമായ കഴിവുണ്ട്. പോസ്റ്റൂ ഒരുപാട്. വായിയ്ക്ക‌ട്ടെ ഞ‌ങ്ങ‌ള്‍

G.MANU said...

കണ്ടാല്‍ ഞാന്‍ നമിക്കുന്ന ഏതാനും പേര്‍ക്കിടയില്‍ ഒന്നാമതുണ്ടാ ചിരിയും ധിഷണയും..
വി.കെ.എന്നേ.. അങ്ങ് പിറക്കേണ്ടിയിരുന്നത് മലയാളത്തിലായിരുന്നില്ല..

അരവിന്ദ് :: aravind said...

വി കെ എന്‍.
ചിലതൊക്കെ വായിച്ച് അന്തം വിട്ടിരുന്നിട്ടുണ്ട്. മലയാളിയല്ലായിരുന്നെങ്കില്‍ ലോകം മുഴുവനു അറിയപ്പെടേണ്ടിയിരുന്ന എത്രയോ പ്രതിഭാധനന്മാര്‍ നമുക്കുണ്ടായിരുന്നു!

അനോണി ആന്റണി എന്ന് ബ്ലൊഗ് റോളില്‍ കണ്ടപ്പോള്‍ ഏതോ ബ്ലോഗര്‍ അനോണി സെന്റിമെന്റ്സ് ഉപയോഗപ്പെടുത്തി വായനക്കാരെക്കൂട്ടാന്‍ ബ്ലോഗ് തുടങ്ങി എന്ന് കരുതി നോക്കിയിരുന്നതേയില്ല. പിന്നെ ഒരിക്കല്‍ ഉമേഷ്‌ജി "അനോണി ആന്റണി പുതിയ ആളാണല്ലോ, എന്നിട്ട് ഞാന്‍ വിടാതെ വായിക്കുന്നുണ്ടല്ലോ" എന്ന് പുതിയ ബ്ലോഗേര്‍സിനെ പഴയവര്‍ വായിക്കാതെ തള്ളുന്നു എന്ന ആരോപണത്തിന് മറുപടി പറഞ്ഞപ്പോഴാണ് ഇവിടെ വന്ന് ആദ്യമായി നോക്കിയത്!

ഒറ്റയിരുപ്പിന് എല്ലാ പോസ്റ്റുകളും വായിച്ചു.

അസ്സൂയയോടെയും ആരാധനയോടെയും ലിങ്ക് ഫേവറിറ്റ്‌സില്‍ ചേര്‍ത്തു.

ആശംസകള്‍...എ-മെയില്‍ ബ്ലോക്കാക്കിയാല്‍ പോസ്റ്റാപ്പീസില്‍ മെയിലയെച്ചെങ്കിലും മുടങ്ങാതെ പോസ്റ്റണേ എന്ന അഭ്യര്‍‌ത്ഥനയോടെ,

:-)

ഏ.ആര്‍. നജീം said...

അനോണി മാഷേ,

നൂറിന്റെ മികവിന് അഭിനന്ദനങ്ങള്‍.. അതുല്യാജി പറഞ്ഞത് പോലെ താങ്കളുടെ പോസ്റ്റുകള്‍ സ്ഥിരമായി വായിക്കുന്ന ഒരുപാട് പേര് ഉണ്ട് ഞാന്‍ ഉള്‍പ്പെടെ, പ്രത്യേകിച്ച് ഒരഭിപ്രായം പറയാനില്ലാതെയാകമ്പോള്‍ കമന്റ് ആയി ഒന്നും എഴുതുന്നില്ലെന്നേയുള്ളൂ. ഇതു പറയാന്‍ കാരണം സാഹചര്യങ്ങളുടെ ബുദ്ധിമുട്ടുകൊണ്ട് എഴുത്തു മുടക്കരുത് എന്ന് സൂചിപ്പിക്കാനാ.. :)

Ajith Pantheeradi said...

നൂറാമത്തെ പോസ്റ്റിന് വിപ്ലാവാഭിവാദ്യങ്ങള്‍!! എല്ലാ പോസ്റ്റും വായിക്കുന്നു. വലിയ കാര്യങ്ങള്‍ രസകരമായി പറയുന്ന അനോനിചേട്ടന്റെ സ്റ്റൈല്‍ അത്യുഗ്രന്‍!! എഴുത്ത് മുടക്കരുത്

വല്യമ്മായി said...

ഈ ബ്ളോഗിലെ നൂറാമത്തെ പോസ്റ്റിന് ഉചിതമായ വിഷയം തന്നെ വികെ.എന്‍.

ആശംസകള്‍.

simy nazareth said...

ബ്ലോഗ് കലക്കന്‍ ആണെന്നു പറയേണ്ടതില്ലല്ലോ. ദുര്യോധനനും കൂട്ടിച്ചേര്‍ത്ത് ഞാന്‍ നന്ത്രി പറയുന്നു. ഇഷ്ടപ്പെട്ടാലും എല്ലാത്തിലും കമന്റിടാറില്ല (മടീയാണ്). അറ്റുത്ത നൂറു പോരട്ടെ.

Cartoonist said...

ഞാനൊരു പോസ്റ്റാക്കണമെന്നു കരുതീര്‍ന്നതാ ഇത്... പോട്ടെ, ഇമ്മടെ ആന്റപ്പനല്ലെ..

1991
തലേന്ന് ഒറ്റപ്പാലത്ത് വാടകമുറി.
പിറ്റേന്ന്, ‘തിര്‍ല്ലാമല’യ്ക്കുള്ള ബസ്സില്‍ മൂത്രശങ്കയുമായി ഇരിക്കുമ്പോള്‍ത്തന്നെ അരികത്തിരുന്ന ആജാനുബാഹുവിനോട് വഴിചോദിച്ചു. ഠപ്പേന്ന് വന്നു സഹായം.
ആരാ ? ഞാന്‍.
ഞാന്‍ നമ്മള് കാണാമ്പോണ ആള്‍ടെ ചേട്ടനാ.

അത്ഭുതം. ചിരി. ബഹളം. തിരിച്ച്, ആദായനികുതി നിരക്കുകളെക്കുറിച്ച് നാലു നല്ല ഉല്‍ക്കണ്ഠ.
അടുത്ത വളവില്‍ ഞാനിറങ്ങി.

പാവം വേദവതിയമ്മ കൊണ്ടുത്തന്ന വെളിച്ചെണ്ണയില്‍ മുങ്ങിയ ഡബിള്‍ താറാമ്മുട്ടഓമ്മ്ലേറ്റും ചായയും ഈയുള്ളവന്‍ അപാരസ്പീഡില്‍ ഫിനിഷ് ചെയ്യവെ ചിരിയുടെ ആശാ‍ന്‍ ഡല്‍ഹിയിലെ നീലച്ചായമടിച്ച കഥകള്‍ പറഞ്ഞ് അട്ടഹസിച്ച് ചിരിച്ചു. എഴുത്ത്സഹായി പയ്യന്‍ പരവശനാവുന്നതു കണ്ടിട്ടും കീച്ച് തുടര്‍ന്നുകൊണ്ടിരുന്നു.

ഒടുവില്‍ ഒരാവശ്യം പറയാനായി. ഓക്കേന്നായി ആശാന്‍. ‘എന്റെ ഏതു വേണെങ്കിലും എടുത്തോ. ഒരു വെഷമോല്യ. കാരണം, അത് ആര്‍ക്കും അങ്ങനെ ടിവിയില്‍ ചെയ്യാമ്പറ്റില്യാന്ന് എനിക്കൊറപ്പാ. It is simply not visually translatable.'

പിന്നെ, പയ്യന്‍ കഥകളുടെ ഗത്യെപ്പറ്റി പറഞ്ഞ് ആര്‍ത്തു ചിരിച്ചു.

ഇത് പറയാന്‍ പറ്റിച്ചതിന് അനോണിക്ക് ഒഎഉ ഹണ്ഡ്രഡ് മണീസ്..

കണ്ണൂസ്‌ said...

:)

വേണു venu said...

വികെഎന്‍‍‍ നല്‍കിയ അര്‍ച്ചന നന്നായി.
നൂറാമത്തെ പോസ്റ്റിന്‍ അഭിവാദനങ്ങള്‍‍. ഇത്രയും പ്രയാസപ്പെട്ട് ബ്ലോഗു ചെയ്യുന്ന ആ അത്മാര്‍ത്ഥതയെ നമിക്കുന്നു. അടുത്ത നൂറുകള്‍‍ക്കായി ആശംസകള്‍‍.:)

ഉപാസന || Upasana said...

എന്തിലും ഏതിലും ഇടപെട്ട് കളയുന്ന ആ ഭവാന്‍ എന്റേഉം ഫേവറൈറ്റ് ആണ് ആന്റണി ഭായ്.
ഇപ്പോഴാണ് ഇത് കണ്ടത്.
നല്ല അര്‍ച്ചന.

ആശംസകള്‍.
:)
ഉപാസന

ശ്രീവല്ലഭന്‍. said...

ആന്റണി,

നുറാമത്തെ പോസ്റ്റിന് ആശംസകള്‍!