സുമുഖന്‍. സുസ്മേരവദനന്‍. മൃദുഭാഷിതന്‍. സുന്ദരാംബരന്‍. മൃഗശാലയില്‍ നാമക്കുരങ്ങിരിക്കുമ്പോലെ വെളുത്ത മോന്തയും കറുത്ത കോട്ടുമായി കൂനിപ്പിടിച്ച് എന്റെ ഓഫീസിലെ അതിഥിക്കസേരയില്‍ ഇരിക്കുന്ന ഈ മാന്യനെ നമ്മള് ഇപ്പ ശരിപ്പെടുത്താന്‍ പോകുകയാണ്.
കഷ്ടകാലത്തിനു ദൈവം എന്നെ സൗമ്യനാക്കിക്കളഞ്ഞു. ഇല്ലെങ്കി ഇവനെ നോക്കി നോക്കി എം എന്‍ നമ്പ്യാരെപ്പോലെ അട്ടഹസിച്ചേനെ. അപ്പ നമുക്ക് തൊടങ്ങാം? ഹോണ്‍. സര് ഫ്രെഡറിക്ക് പൊള്ളോക്കിന്റെ പോസില്‍ നിര്‍വ്വികാരമായ മുഖം വരുത്തി, നിര്‍ജ്ജീവമായി അവന്റെ കണ്ണില്‍ തുറിച്ചു നോക്കി തുടങ്ങാം ലവന്റെ വിധി പറച്ചില് .
എനിക്കിപ്പോള്‍ ക്രെഡിറ്റ് കാര്‍ഡിന്റെ അത്യാവശ്യമൊന്നുമില്ല, എന്നാലും ലൈഫ് ടൈം ഫ്രീയായിട്ട് നല്ലൊരു ബാങ്ക് തരുമെന്ന് പറയുമ്പോള്‍ ഞാന്‍ എടുക്കേണ്ടതാണ്.
ലവന് ബാഗ് തൊറക്കാന്‍ തുടങ്ങുന്നു, അപേക്ഷാഫാറം എടുക്കാന്‍.
പക്ഷേ ഞാന്‍ നിങ്ങളോട് മേടിക്കൂല്ല, സാമൂഹ്യവിരുദ്ധരുമായി ഇടപാടുകള്‍ നടത്തുന്നത് എനിക്കിഷ്ടമല്ല. നിങ്ങള്‍ പോയിട്ട്, വേറേ ബാങ്കിനു വേറേ റപ്പായി ഉണ്ടെങ്കില്‍ അയക്ക്.
സാറെന്താണു പറയുന്നത്? ഞാന്‍ സാമൂഹ്യ വിരുദ്ധനോ?
അതേ. നിങ്ങളെന്നെ അറിയില്ല, പക്ഷേ ഞാന്‍ നിങ്ങളെ സ്ഥിരമായി കാണാറുണ്ട്. അപ്പോഴൊക്കെ നിങ്ങളുടെ ഒരു ഫോട്ടോ മൊബൈലിലെടുത്ത് പോലീസിനയച്ചുകൊടുക്കണമെന്ന് വിചാരിക്കാറുണ്ട്, ചെയ്യാനിതുവരെ പറ്റാഞ്ഞത് നിങ്ങളുടെ ഭാഗ്യം.
കണ്ടോ, ലവന് മിഴിച്ചിരിക്കണത് കണ്ടോ. ഇത് കാണുന്നതാണ് സായൂജ്യം.
എമിറേറ്റ്സ് റോഡിന്റെ റഷിദിയ എക്സിറ്റിലാണ് ഞാന്‍ നിങ്ങളെ കാണാറുള്ളത്. വൈകിട്ട് ഒരാറുമണി അടുപ്പിച്ച്. ഒന്നു രണ്ട് കിലോമീറ്റര്‍ നീളത്തില്‍ കാറുകള്‍ ക്യൂവായി എക്സിറ്റില്‍ ക്യൂ കിടന്നു പോകുമ്പോള്‍ നിങ്ങള്‍ ഫ്രീ ട്രാക്കിലൂടെ വന്ന് ആദ്യമെത്തി ഞെരുങ്ങി ഞെരുങ്ങി കട്ട് ചെയ്തു കയറി മിടുക്കന് ചമയാറുണ്ട്.
ഇത്രേയുള്ളോ? ഇതിനാണോ എന്നെ സാമൂഹ്യവിരുദ്ധനെന്ന് വിളിച്ച് അപമാനിച്ചത്? ഇതൊക്കെ എല്ലാവരും ചെയ്യും ഹേ.
എല്ലാവരും ചെയ്യുമെങ്കില്‍ അവിടെ കിലോമീറ്റര്‍ നീളുന്ന ക്യൂവില്‍ നില്‍ക്കുന്നത് ആരാ പിന്നെ? ആദ്യമായി, നിങ്ങള്‍ കുറ്റവാളിയാണ്. ഡബിള്‍ യെല്ലോ ഡിവൈഡര്‍ മുറിച്ച് വണ്ടി കയറ്റുന്നത് ബ്ലാക്ക് പോയിന്റ് കുറ്റമാണ്. രണ്ടാമത് നിങ്ങളെപ്പോലെ ചിലര്‍ ഇടയ്ക്ക് കുത്തിക്കയറുന്നതുകൊണ്ടാണ് അവിടെ ക്യൂവിനിത്ര നീളം വയ്ക്കുന്നത്. മൂന്നാമത്, നിങ്ങള്‍ ഇങ്ങനെ കയറുന്നതുമൂലം കുറഞ്ഞത് നാലു കാറുകള്‍ക്ക് പോകാനുള്ള സമയം പാഴാകും. അതായത് ദിവസേന നിങ്ങള്‍ പത്തോ അഞ്ഞൂറോ ഡ്രൈവര്‍മാരുടെ ജീവിതത്തില്‍ നിന്നും ഒരു മിനുട്ടെങ്കിലും പാഴാക്കുന്നു. നാലാമത് ഇങ്ങനെ കയറുമ്പോള്‍ നിങ്ങള്‍ പുച്ഛത്തോടെ മനസ്സില്‍ വിചാരിക്കുന്നുണ്ട് നിയമം അനുസരിച്ച് ക്ഷമയും മര്യാദയും കാണിച്ച് ക്യൂവില്‍ നില്ക്കുന്നവര് വിഢികളും സമയത്തിനു വിലയില്ലാത്തവരും ഡ്രൈവിങ്ങ് സ്കില്‍ കുറഞ്ഞവരുമാണെന്ന്. അഞ്ചാമത്, നിങ്ങള്‍ പോകുന്നതു കാണുമ്പോള്‍ അതുവരെ മര്യാദയായിട്ടു നിന്നവരില്‍ ചിലര്‍ക്കെങ്കിലും മാന്യതയ്ക്ക് ഈ നാട്ടില്‍ വിലയില്ല, പിന്നെ തനിക്കും അങ്ങനെ ചെയ്താലെന്തെന്ന് ആലോചിച്ചു തുടങ്ങും. ആറാമത്, തന്നെപ്പോലെ ആന്റി സോഷ്യല്‍സ് ഇടയില്‍ കട്ട് ചെയ്ത് കയറുന്നത് തടയാനായി ക്യൂവിലെ ആളുകള്‍ ബംബര്‍ റ്റു ബംബര്‍ ഞെരുക്കി ക്യൂവില്‍ സഞ്ചരിക്കുന്നതുകൊണ്ട് അപകടങ്ങള്‍ കൂടുന്നു. ഏഴാമത്..
ച്ഛേ, ശിക്ഷിച്ചു തീരും മുന്നേ പ്രതി ഇറങ്ങിയോടി രക്ഷപ്പെട്ടു. സാരമില്ല, കുറച്ചെങ്കിലും കൊട്ത്ത്.
7 comments:
പോസ്റ്റുകളെല്ലാം വായിക്കാറുണ്ട്.പല പോസ്റ്റിലും കമന്റുകള്‍ എഴുതണമെന്നു കരുതിയിട്ടും ജോലിതിരക്ക് കാരണം സാധിച്ചില്ല.
ക്യൂവില്‍ നുഴഞ്ഞുകയറുന്നവര്‍ എന്നേയും ദേഷ്യം പിടിപ്പിക്കാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ ഞാന്‍ തന്നെ ഒരു നുഴഞ്ഞുകയറ്റകാരിയാകുമ്പോള് അതിനെ ന്യായീകരിക്കാന്‍ കാരണങ്ങളും കണ്ടെത്താറുണ്ട്.
അനാണീ, ശ്ശോ എന്തൊരു സത്യം എന്റെപ്പാ. ദുബായ് മടുക്കണമെങ്കില്‍, രാവിലെ 6.20നുസാഹാറ സെന്ററിന്റെ പുറകിലത്തെ വഴിയിലൂടെ ബ്രിഡ്ജ് കേറി ഇറങ്ങി, ഗിസൈസ് ദുബായ്കുള്ള് ഒറ്റവരി കട്ടിങ്ങില്‍ ക്യൂ നിന്നാ മതി. 4 വരി ഒറ്റ വരി കട്ടിങ്ങിലേയ്കാണു ഒതുങുന്നത്. ഇത്രെം മെന്റല്‍ ആയിട്ട് ഹരാസ്സ്ഡ് ആയ ഒറ്റ സന്ദര്ഭവു എന്റെ ജീവിതത്തിലുണ്ടായിട്ടില്ല.
ശരിയാണു ഇവരാണു ബലാത്സംഗക്കാരേ കാട്ടും കുറ്റവാളികല്‍ എന്റെ കണ്ണില്‍.
ഒള്ളത് തന്നെ.
ഈ ക്യൂ നില്ക്കണോര് കേരളത്തിപ്പോവുമ്പോ എന്നാ ചെയ്യുന്നതെന്ന് കൂടി എഴുതച്ചായാ.
:-)
വായിച്ചു......ഒന്നും പറയാനില്ല...പോട്ടെ...
ഇത് കൊള്ളാം ആന്റോ. ഇങ്ങനെയുള്ള ഡ്രൈവര്‍മാര്‍ എല്ലായിടത്തും ഉണ്ട് അല്ലേ?
ലോകത്തേറ്റവും മര്യാദയുള്ള ഡ്രൈവര്‍മാരെ ഞാന്‍ കണ്ടത് ടെക്സസില്‍ ആണ്.
ഞാനവിടെ ക്രെഡിറ്റ് കാര്‍ഡ് വിക്കാന്‍ വന്നില്ലായിരുന്നല്ലൊ... ഷാര്‍ജ സൈഡിലോട്ട് അങ്ങനെ വരാറില്ല. അപ്പൊ വേറെ ആരെങ്കിലും ആയിരിക്കും കുത്തിക്കയറ്റിയത്.
ഞാനും ഇടയ്ക്കൊക്കെ കുത്തിക്കയറ്റാറുണ്ട്.. ദുബൈ-അല്‍ വാസല്‍ റോഡില്‍.
ഓ.ടോ: ക്രെഡിറ്റ് കാര്‍ഡ് വിക്കുന്നവര്‍ (റാക് ബാങ്ക്) - കാറില്‍ ആണോ നടക്കുക? പലരും ബസ്സിലാണ്.
ഹോ..പാവം അയാള്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് തരാന്‍ വന്നത് അത്ര ബല്യ പാപമാണൊ...? നമ്മുടെ നാട്ടിലെ പോലീസുകാരുടെ പരിപാടി ആയിപ്പോയല്ലോ.. എല്ലാ പരാതികളും ആ പാവത്തിന്റെ മേല്‍ കെട്ടി വച്ചു അല്ലെ... അല്ല, അയാള്‍ ഒറ്റ ഒരുത്തന് കാരണമാണൊ അത്രയും പ്രശ്നം അവിടെ...
അയ്യോ...ഹേയ് ഞാന്‍ കാര്‍ഡ് വില്‍ക്കുന്ന റപ്പായി അല്ല, ദുബായിലും അല്ലെ അല്ല.... :)
Post a Comment