Tuesday, January 29, 2008

അശ്രദ്ധ

ഒരു വീഞ്ഞപ്പെട്ടി, പോത്തിന്‍ കൊമ്പ് ഫ്രെയിമിട്ട കണ്ണട, ഒരു ജോഡി റബ്ബര്‍ ചെരിപ്പ്, കാലന്‍ കുട. പൊടി തട്ടി വയ്ക്കണമെന്ന് വര്‍ഷങ്ങളായി ആലോചിക്കാറുണ്ടെങ്കിലും  തട്ടു വാര്‍ത്തതിനു മുകളില്‍ കയറാനുള്ള മടി കാരണം അങ്ങനെ നീണ്ടു പോയി.

ഇതൊക്കെ ആരുടെയാ?
അപ്പൂപ്പന്റെയാ മോനേ.

അപ്പൂപ്പന്‍ എവിടെയാ ഇപ്പ?
മരിച്ചു പോയി, ഒരുപാട് വര്‍ഷം മുന്നേ.

അച്ഛന്‍ കണ്ടിട്ടുണ്ടോ അപ്പൂപ്പനെ?
പകുതിയും  വസ്ത്രങ്ങളാണ്‌ പെട്ടിയില്‍. ഇളം നിറങ്ങളുള്ള വരയും കുറിയുമില്ലാത്ത  മുഴുക്കൈയ്യന്‍ ഷര്‍ട്ടുകളും ഒറ്റമുണ്ടുകളും.

അപ്പൂപ്പനെന്തായിരുന്നു ജോലി?
റെയില്‍‌വേയില്‍

എഞ്ചിന്‍ ഡ്രൈവറാ?
അല്ല.

പുറംചട്ടയൊക്കെ ദ്രവിച്ചുപോയ ബാറ്റില്‍ ഫോര്‍ സ്പെയിന്‍. പെന്‍സില്‍ കൊണ്ട്  അടിവരയും അച്ഛന്റേതല്ലാത്ത കൈപ്പടയില്‍ മാര്‍ജ്ജിനില്‍ നിറയെ ആശ്ചര്യചിഹ്നങ്ങളുള്ള നോട്ടുകളും.
"അവനു ഭ്രാന്താണ്‌.
അല്ല, ആന്ദ്രേ മാര്‍ട്ടി മഹാനായ രാഷ്ട്രീയനേതാവാണ്‌. ഇന്റര്‍നാഷണല്‍ ബ്രിഗേഡുകളുടെ കൊമ്മീസ്സാറും.
അതു തന്നെ ഹേ ഞാന്‍ പറഞ്ഞത്, അവനു ഭ്രാന്താണെന്ന്."

അച്ഛന്‍  വോട്ടു ചെയ്തിരുന്നോ?

തന്തൈ പെരിയാറിന്റെ  പ്രസംഗം സൈക്ലോസ്റ്റൈല്‍ ചെയ്തത്. മടക്കി വച്ചിരിക്കുന്നത്  കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തിന്റെ പേജുകള്‍ക്കുള്ളില്‍.
അച്ഛന്‍  ദൈവവിശ്വാസിയല്ലായിരുന്നിരിക്കണം. ചിലപ്പോള്‍ പ്രായം കൊണ്ട് മാറിയിട്ടുമുണ്ടാവാം.

കുഞ്ഞപ്പന്‍ - 300, തേങ്ങ 185, പിണറമ്പുളി 50, വിശദീകരണമൊന്നുമില്ലാതെ 55.  കൂട്ടി 590 എന്നെഴുതി അടിവരയിട്ട തുണ്ടുകടലാസ്.  അഞ്ഞൂറ്റി തൊണ്ണൂറ് തന്റെ  ഒരു സെമസ്റ്റര്‍ കോഴ്സ് ഫീ ആയിരുന്നു.  കുഞ്ഞപ്പനോട് കടം വാങ്ങിയതാണോ കടം കൊടുത്തത് തിരിച്ചു കിട്ടിയതാണോ.

അച്ഛന്റെ ജംഷഡ്പ്പൂരിലെ ഒരു മേല്‍‌വിലാസത്തിലേക്ക് അമ്മയെഴുതിയ നാലഞ്ചു കത്തുകള്‍. അദ്ദേഹം അവിടെ ജോലിനോക്കിയിട്ടുണ്ടായിരുന്നോ? താന്‍ ജനിച്ച മുന്നേയായിരുന്നോ? കത്തു തുറന്നാല്‍ തീയതി അറിയാം, മനസ്സു വരുന്നില്ല.

അഗ്രിക്കള്‍ച്ചറല്‍ ഗോള്‍ഡ് ലോണ്‍ സ്റ്റേറ്റ്മെന്റ്. ഒരു ഫോട്ടോ, കൂടെ നില്‍ക്കുന്ന മനുഷ്യനും അച്ഛന്റെ പ്രായമാണ്‌. സുഹൃത്തായിരിക്കണം.

വലിയൊരു പുസ്തകം. ജെ റ്റി കെന്റിന്റെ മെറ്റീരിയ മെഡിക്ക . അച്ഛന്‍ ഹോമിയോ മരുന്നു വാങ്ങിത്തന്ന ഓര്‍മ്മയില്ല. ആദ്യപേജില്‍ ഒരൊപ്പുണ്ട്. ആരോ സമ്മാനിച്ചതാണ്‌.

അപ്പൂപ്പന്റെ മുടിയൊക്കെ  വെളുത്ത് താടിയൊക്കെ ഉണ്ടായിരുന്നോ?
അറിഞ്ഞുകൂടാ.

അപ്പോ അച്ഛനും കണ്ടിട്ടില്ലേ അപ്പൂപ്പനെ?
കണ്ടിട്ടുണ്ട്, ശ്രദ്ധിക്കാഞ്ഞതാണ്‌.

ഞാന്‍ കണ്ടാല്‍ ശ്രദ്ധിക്കും.
നല്ലത്.

 

7 comments:

R. said...

:-(

ഓര്‍മകള്‍... [ഓര്‍മകന്‍ ഫോര്‍ വക്കാരി].

Umesh::ഉമേഷ് said...

ആന്റണീ,

കരയിച്ചു, കേട്ടോ...

ഇതാണു കഥ!

ദിലീപ് വിശ്വനാഥ് said...

ആ അവസാനത്തെ രണ്ട് വാചകങ്ങള്‍ ശരിക്കും നന്നായി.

സുഗതരാജ് പലേരി said...

കുഞ്ഞപ്പന്‍ - 300, തേങ്ങ 185, പിണറമ്പുളി 50, വിശദീകരണമൊന്നുമില്ലാതെ 55. കൂട്ടി 590 എന്നെഴുതി അടിവരയിട്ട തുണ്ടുകടലാസ്. അഞ്ഞൂറ്റി തൊണ്ണൂറ് തന്റെ ഒരു സെമസ്റ്റര്‍ കോഴ്സ് ഫീ ആയിരുന്നു. കുഞ്ഞപ്പനോട് കടം വാങ്ങിയതാണോ കടം കൊടുത്തത് തിരിച്ചു കിട്ടിയതാണോ.

ഇത് വായിച്ചപ്പോള്‍ വല്ലാതെ മനസ്സില്‍ കൊണ്ടു. നല്ല കഥ.

മുസ്തഫ|musthapha said...

അതെ, അവസാനത്തെ ആ രണ്ട് വാചകങ്ങള്‍... ശരിക്കും ഉള്ളില്‍ തട്ടി...

Harold said...

ആന്റണീ
ഉള്ളില്‍ തട്ടി പറഞ്ഞ കഥ.
പഴയ തലമുറയുടെ ആദര്‍ശനിഷ്ഠ..സാരവദേശീയ ബോധം..ത്യാഗസന്നദ്ധത..സൌഹാര്‍ദ്ദം...എല്ലാം തെളിഞ്ഞുകാണുന്നു.
അമ്മ എഴുതിയ കത്തുകള്‍ എന്തേ തുറക്കാത്തെ? മകനെ വായിച്ചു കേള്‍പ്പിക്കണം..ഇപ്പോഴല്ലെങ്കില്‍ വലുതാകുമ്പോള്‍.
കണക്കെഴുത്തു രീതികളും അച്ചിട്ട..
സെമസ്റ്റര്‍ ഫീ മാത്രം അല്പം കൂടിപ്പോയോ എന്നു സംശയം..
നന്ദി...അശ്രദ്ധ എന്ന ചെറിയ കുറിപ്പിലൂടെ ശ്രദ്ധിക്കേണ്ട വലിയ കാര്യങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടു വന്നതിന്.

വേണു venu said...

ഇങ്ങനേയും കഥ അനുഭവിപ്പിക്കാന്‍‍ കഴിയുമോ. ആന്‍റണീ !