Wednesday, January 30, 2008

ഊക്കേ ഊയെസ്സ് എഡ്യൂക്കേഷന്‍

കാലൈ ജപ്പാനില്‍ കോഫിയും മാലേ ന്യൂയോര്‍ക്കില്‍ കാബറെയും ഒക്കെയായി ഉലകം ചുറ്റുന്ന  വാലിപത്തിന്‍ മന്നവന്‍ ദുബായിക്ക് വരന്നുണ്ടെന്ന്  അഞ്ചാറു പിക്സല്‍ സൈസില്‍ ഒരു കുറിമാനം വന്നതിന്‍ പടി ആലവട്ടവും വെഞ്ചാമരവുമെടുത്ത് വിമാനസ്റ്റാന്‍ഡില്‍ ചെന്നു. ഏറോഫ്ലോട്ടിന്റെ ഒരു  വിമാനം എത്തുന്ന സമയമായതിനാല്‍ ആചാരവെടിക്ക് പ്രത്യേകം അറേഞ്ച്മെന്റ് വേണ്ടിവന്നില്ല.

ലോ വരണു അതിഥി.

ഒരേ യാത്രകള്‌ തന്നെടേ,  ഞാങ്ങ് മെലാട്ടോണിന്‍  കഴിച്ചാ ജീവിക്കണത്.
കാലമെത്രവേഗമാ മാറണത്.  പത്തുകൊല്ലം മുന്നേ ചുമ്മ കൊളസ്റ്റ്റോളിനു  മരുന്നുകഴിച്ചാല്‍ മൊയലാളി ആകാമായിരുന്ന്‌. ഇപ്പോ സിര്‍ക്കാഡിയന്‍ സൈക്കിള്‍ അഡ്ജസ്റ്റുമെന്റിനു വരെ കഴിക്കണം. 

ഡേ,പത്രം വരുത്തുന്നുണ്ടോ?
ഒണ്ട്, എന്തരിനു കേട്ടത്?

ഇല്ലേല്‍ പോണവഴിക്ക് വാങ്ങിക്കാമെന്ന് വച്ചിട്ടാ. പത്രമില്ലേല്‍ രണ്ടിനുപോകാന്‍ പറ്റൂല്ല എനിക്ക്.
ഭ  എരണം കെട്ട നശൂലവേ.   പത്തു നാപ്പതു വയസ്സായിട്ടും  നീ ടോയിലറ്റ് ട്രെയിന്‍ഡ് ആയില്ലേഡാ. ഒരു പോട്ടി വാങ്ങിച്ചോണ്ട് പോകാം, എന്റെ വീട്ടീല്‍ പത്രത്തിലൊന്നും സാധിക്കാന്‍ ‍ സമ്മസിക്കൂല്ല.

യ്യെ. പത്രം വായിച്ചോണ്ടിരുന്നാലേ  പറ്റൂള്ളെന്ന്.
ആ. എന്തരേലും തടസ്സം നേരിട്ടാല്‍ പത്രത്തിന്റെ ഇറാക്ക്, ഫലസ്തീന്‍, ലെബനോണ്‍  പേജുകള്‍ നോക്കിയാല്‍ മതി. പേടിച്ച് പോയ്ക്കോളും.

ലവന്‍ തിരിച്ചു കൊണ്ടിട്ട പത്രത്തീ നോക്കിയപ്പ എനിക്കൊരു ലിത് പോലെ. ആരും കാണാതെ പേപ്പര്‍ കച്ചടയിലിട്ടു.

ദുബായിപ്പോറ്റിയുടെ ഓട്ടലില്‍‍ വടയടിച്ചിരുന്നപ്പോഴാണ്‌ പത്രം വായിച്ചു  കിട്ടിയത്  ചെല്ലന്‍ അയവിറക്കാന്‍ തുടങ്ങിയത്.

നിനക്ക്  ഒരാറുമാസം  സ്റ്റേറ്റ്സില്‍ നിന്ന് എന്തരേലും നല്ല കോഴ്സ് ചെയ്തൂടേടേ?
ഇതു വരെ ഏട്ടീന്ന് കിട്ടിയത് പയറ്റി തീര്‍ന്നില്ല. അത് കഴിഞ്ഞ്  ഇഞ്ഞി പടിക്കണ കാര്യം ആലോചിക്കാം.

അതല്ലെടേ,  ഞാന്‍ ഇവിടത്തെ പത്രത്തിലെ പരസ്യമൊക്കെ നോക്കി. ഇവിടെ യു കെ/ യു എസ് എഡ്യൂക്കേഷനുള്ളവര്‍ക്ക് അതില്ലാത്തവരെക്കാള്‍ ശമ്പളം കൂടുതലാണല്ലോ ‍, അതുകൊണ്ട് സജഷന്‍ വച്ചതാ.
 
ഹ ഹ.
എന്തരിനു നീ ചിരിക്കണത്?

ചെല്ലനു കല്യാണ ബ്രോക്കര്‍മാരോട് സംസാരിച്ച് പരിചയമൊണ്ടോടേ?
ഇല്ല.  ഞാന്‍ അറേഞ്ച്ഡ് ആയല്ല...

ന്നാ പോട്ട്,  വിശദീകരിച്ച് രസം കളയേണ്ടി വരും.
ചുമ്മ പറ.

പണ്ടൊക്കെ ഒരു പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ ഹാള്‍ ടിക്കട്ടീന്നു വെട്ടിയതേ പെണ്വീട്ടുകാര്‍ ബ്രോക്കര്‍ക്ക് ഡയറീല്‍ വയ്ക്കാന്‍ കൊടുക്കുമായിരുന്നുള്ളു.  ചെറുക്കനും അവന്റെ അപ്പനും അമ്മയ്ക്കും ഒക്കെ  നേരിട്ടു വെട്ടിത്തുറന്ന് പെണ്ണിനു നല്ല ഫിഗര്‍ ഉണ്ടോ ബ്രോക്കറേ എന്ന്  ചോദിക്കാന്‍ ഒരു  ലഞ്ഞ ഉണ്ടാവും. മാത്രമല്ല,  പശൂന്‌ എത്ര ലിറ്റര്‍ കറവയുണ്ട് എന്നു ചോദിക്കുന്ന ആ ഒരു ഫീല്‍  വരികയും ചെയ്യൂല്ലേ.

അപ്പ?
അപ്പ പയ്യനോ അപ്പനോ ഒക്കെ ചോദിക്കും " വിദ്യാഭ്യാസവും സംസ്കാരവുമൊക്കെയുള്ള കുട്ടിയാണോ ക്ലെമന്റേട്ടാ?"

"അത്യാവശ്യം അതൊക്കെ ഉണ്ട്" എന്ന് ബ്രോക്കറു പറഞ്ഞാല്‍ അതിനെ 32-26-32 എന്നും "വിദ്യാഭാസത്തില്‍ ഇത്തിരി പിറകോട്ടാണെങ്കിലും നല്ല സംസ്കാരമുള്ള കൂട്ടരാണവര്‌" എന്നാണുത്തരമെങ്കില്‍ 34-30-38 എന്നും "അതൊക്കെ വേണ്ടപോലെ തന്നെ ഉള്ള കുട്ടിയാണെന്ന്" പറഞ്ഞാല്‍ പെണ്ണ്  വൈറ്റല്‍ സ്റ്റാറ്റ്സില്‍ ഊര്‍സുല ആന്‍ഡ്രസ്സിനെ വെല്ലുമെന്നും  ധാരാളം വിദ്യാഭാസവും സംസ്കാരവുമുണ്ടെന്ന് ഉത്തരം കേട്ടാല്‍  തോനേ തടിച്ചതാണെന്നും  കേള്‍ക്കുന്നവര്‍ മനസ്സിലാക്കിക്കോളും.

ലതും ലിതുമായി?
വെള്ളക്കാരനെ ജോലിക്ക് ആവശ്യമുണ്ട് എന്നു പരസ്യം കൊടുക്കുന്നതിനു പകരം "യു കെ/ യു എസ്/ ആസ്ത്രേലിയ എഡ്യൂക്കേറ്റഡ്" എന്ന് പത്രത്തില്‍ പരസ്യം കൊടുക്കുന്നു. കൊടുക്കുന്നവനും  സീവി അയക്കുന്നവനും അറിയാം   അമേരിക്കയിലെ കറുത്തവനോ ഓക്സ്ഫഡില്‍  നിന്നും മാസ്റ്റര്‍ ചെയ്ത ഇന്ത്യക്കാരനോ ഒന്നും അപേക്ഷിച്ചിട്ട് ഒരു കാര്യവുമില്ലെന്നും ഈ യൂ കേ യൂ എസ്സ് എന്നു വച്ചാല്‍ വെള്ളത്തൊലി, മഞ്ഞ മുടി, പൂച്ചക്കണ്ണ്‌ എന്നൊക്കെയാണെന്നും.

ഓ കവര്‍ട്ട് റേസിസം.
വാ തന്നെ.

മൂവായിരം  ദിര്‍ഹത്തിനും യൂ കേ യൂ എസ്സ് എഡ്യൂക്കേറ്റഡിനെ ബാര്‍മാനായും ഒക്കെ ആവശ്യമുണ്ടെന്ന് ഒന്നുരണ്ട് പരസ്യം കണ്ടല്ലോ? എവനെങ്കിലും വരുമോടേ?  ലവനു തൊഴിലില്ലായ്മ വേതനം വാങ്ങുന്നതല്ലേ മൂവായിരം  കാശു വാങ്ങാന്‍ നാലായിരം ചിലവാക്കി ഇവിടെ ജീവിക്കുന്നതിലും ലാഭം?

മൂവായിരത്തിന്റെ  യൂക്കേ യൂയെസ് എഡ്യൂക്കേഷന്‍ കൊണ്ട് ഉദ്ദേശിക്കുന്നത് യൂക്കേയും യൂയെസ്സും കണ്ടിട്ടില്ലാത്ത എഡ്യൂക്കേഷനും ഇല്ലാത്ത ചില  യൂക്കേയൂയെസ്സുകളെയാ.
അതാര്‌?
റഷ്യക്കാര്‌.

 

5 comments:

siva // ശിവ said...

വായിച്ചു....ഒന്നും പറയാനില്ല....പോട്ടെ....വീണ്ടും കാണാം...

simy nazareth said...

വേറൊരു തമാശ പറഞ്ഞുതരാം.

ഒരു അറബിക്കമ്പനി ഒരുത്തനെ അമേരിക്കയില്‍ നിന്നും ജോലിക്ക് ഇന്റര്‍വ്യൂ ചെയ്ത് എടുത്തു. ഫോണില്‍ ഇന്റര്‍വ്യൂ. അമേരിക്കന്‍ പേര്, അമേരിക്കന്‍ പൌരന്‍, അമേരിക്കന്‍ ആക്സന്റ്. വന്നപ്പൊ ആള്‍ ഇന്ത്യന്‍ വംശജന്‍.

Sorry we wanted an american for this job
But I am american. I was born and brought up there
Sorry we can only offer half the salary we promised, You are not american
But my passport is american
@#$%

നടന്ന സംഭവമാ. ദുബൈ ഇല്‍.

ദിലീപ് വിശ്വനാഥ് said...

കേട്ടിട്ടുണ്ടായിരുന്നു. ഇപ്പൊ കണ്ടു.

Jay said...

അപ്പോ ‘ബ്ലോണ്ടന്‍‌മാര്‍ക്കേ’ അവിടെ ചാന്‍സുള്ളൂ. വിദ്യാഭ്യാസവും, സംസ്‌കാരവും ഞങ്ങളുടെ നാട്ടില്‍, ‘വിവരവും’ ‘വിദ്യാഭ്യാസവുമാണ്’........eg: "എന്നാ വിദ്യാഭ്യാസമാടാ അവള്‍ക്ക്”........ഏത് !

Anonymous said...

കാലമെത്രവേഗമാ മാറണത്. പത്തുകൊല്ലം മുന്നേ ചുമ്മ കൊളസ്റ്റ്റോളിനു മരുന്നുകഴിച്ചാല്‍ മൊയലാളി ആകാമായിരുന്ന്‌. ഇപ്പോ സിര്‍ക്കാഡിയന്‍ സൈക്കിള്‍ അഡ്ജസ്റ്റുമെന്റിനു വരെ കഴിക്കണം....

ഇതുമൊതല്‍..ഒരേഒരലക്ക്!!