Sunday, January 13, 2008

ആധികാരികം

ഇതിനകത്ത് ഇത്രയും ചൂടെന്തെന്ന് ചോദിച്ചിട്ട് യന്ത്രത്തകരാറാണെന്നു പറഞ്ഞത് നിങ്ങളുമങ്ങ് വിശ്വസിച്ചോ? ഇതാണ്‌ മലയാളികളുടെ കുഴപ്പം. ഒന്നിനെക്കുറിച്ചും ആധികാരികമായി അറിയില്ല. സുഹൃത്തേ, ഇതില്‍ നമ്മള്‍ പാസഞ്ച്ചേഴ്സ് പ്രതിഷേധിക്കണം. ഇത് അടവാണ്‌. ഇവര്‍ വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ്ങ്  ഓഫ് ചെയ്തു വച്ച് ഇന്ധനം ലാഭിക്കുകയാണ്‌. നമ്മള്‍  വെറും കൊജ്ഞാണന്മാര്‍ ആയതുകൊണ്ട് ഈ കഥയൊക്കെ വിശ്വസിക്കുമെന്ന് കരുതിയെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയി. എനിക്കറിയാം, ഞാന്‍ ഇതിനെക്കുറിച്ച് വായിച്ചിട്ടുണ്ട്. ഇവന്റെയൊക്കെ കോസ്റ്റ് റിഡക്ഷന്‍ നമ്മളെ വിയര്‍പ്പിച്ചിട്ടു വേണ്ട.  ഫ്യുവലിനു കാശു തികയുന്നില്ലെങ്കില്‍ ശമ്പളം കുറയ്ക്കട്ടെ അവര്‍. ഏസി നിര്‍ത്തിയിട്ട് അങ്ങനെ കാശു ലാഭിക്കണ്ടാ.  പണ്ടേ എനിക്ക് ഒരു ഈ- മെയില്‍ കിട്ടിയിട്ടുണ്ട് വിമാനക്കമ്പനികള്‍ ഇങ്ങനെ ചെയ്യുമെന്ന്.

എന്റണ്ണാ, എനിക്ക് ആധികാരികമായി അറിവൊന്നുമില്ല. പക്ഷേ ലോ ആ സ്ക്രീന്‍ വായിക്കാനുള്ള അക്ഷരാഭ്യാസമുണ്ട്. വിമാനമിപ്പോ മുപ്പതിനായിരം അടി ഉയരത്തിലാണ്‌, പുറത്തെ താപനില മൈനസ് മുപ്പത്തഞ്ച്ച് ഡിഗ്രീ സെല്‍ഷ്യസ്.  ഇവിടെ വച്ച്  എയര്‍ സപ്ലൈ സിസ്റ്റം നിര്‍ത്തിയാല്‍ ആദ്യം നമ്മള്‍ മരവിച്ചു ചാവും, പിന്നെ  ശ്വാസം മുട്ടി ചാവും.

ഇവര്‍ ഈ കാണിക്കണ താപനില ഒക്കെ വ്യാജമല്ലേ.
വ്യാജ വിവരങ്ങള്‍ കാണിക്കാന്‍  ഇതെന്താ  ചെയിന്‍ മെയിലോ? അണ്ണന്‍ ഒരു കാര്യം ചെയ്യ് നിലത്തിറങ്ങിയിട്ട്, കണ്ട ഫോര്വേര്‍ഡഡ് മെയില്‍ വായിക്കാതെ എന്‍വയണ്മെന്റല്‍ ലാപ്സ് റേറ്റ് എന്നൊന്ന് സേര്‍ച്ച് ചെയ്യ്.  അത്രയും ടൈപ്പാന്‍ മടിയാണെങ്കില്‍ ELR / DALAR  എന്നടിച്ചാലും മതി. തല്‍ക്കാലം മുദ്രാവാക്യം വിളി നിര്‍ത്തി ആ ഇന്‍ഫ്ലൈറ്റ് മാഗസീന്‍ എടുത്ത് വീശിത്തണുപ്പിച്ചോ. നീട്ടി വീശിയാ എനിക്കൂടി കിട്ടും കാറ്റ്.

4 comments:

പപ്പൂസ് said...

ഹ ഹ ഹ ഹ ഹ.....!!!! അതു കൊള്ളാം. ഇനി വിമാനത്തില്‍ പോകുമ്പോ ഒരു തോര്‍ത്തൂടി കരുതണം. വിയര്‍പ്പ് തുടക്കാന്‍. ഹോ, ഈ മൈനസ് മുപ്പത്തഞ്ചിന്റെ ഒരു ചൂടേ...

ഓ.ടോ: കൊഞ്ഞാണന്മാര്‍ എന്ന വാക്കിന്റെ പേറ്റന്റ് സുധാകര്‍ജീടെ കയ്യിലാ. അനുവാദം ചോദിച്ചാരുന്നോ? ;)

ഉപാസന || Upasana said...

അനോണിയാണ് താരം
:)
ഉപാസന

ദിലീപ് വിശ്വനാഥ് said...

കൊള്ളാം അന്റോ...

ഏ.ആര്‍. നജീം said...

ഹാഹാ..ഇത് പോലുള്ള കുറേ ആളുകളെ എല്ലാ യാത്രയിലും കാണാറുണ്ട്.. നാട്ടില്‍ നിന്നും തിരിച്ചു വരുമ്പോഴാണ് കൂടുതല്‍. സഹയാത്രികര്‍ ആദ്യമായല്ലെ അവരുടെ മുമ്പില്‍ ഒന്നു ഷൈന്‍ ചെയ്തു കളയാം എന്ന് വച്ച് എയര്‍‌ഹോസ്റ്റസ്‌മാരെ സഹായത്തിനു വിളിക്കാനുള്ള ബസ്സര്‍ അമര്‍ത്തി ഒരു ഗ്ലാസ് വെള്ളം വാങ്ങുക.. അങ്ങിനെ എന്തൊക്കെ പ്രകടനം കാണാം.... :)