Saturday, November 8, 2008

പേ വിഷാണുക്കളെ കണ്ടെത്തുമ്പോള്‍

രണ്ടായിരത്തി ആറ്‌ സെപ്റ്റംബറില്‍ മലെഗാവ് എന്ന നാസിക്കിലെ പട്ടണത്തില്‍ ഒരു മുസ്ലീം സെമിത്തേരിയില്‍ ബോംബ് സ്ഫോടനമുണ്ടായി മുപ്പത്തേഴു പേര്‍ മരിച്ചു. പോലീസ് വളരെ വേഗം കേസ് തെളിയിച്ചു. ഒന്നുകില്‍ ബജ്‌രംഗ് ദള്‍ അല്ലെങ്കില്‍ സിമി വേറേ ആര്‌ സ്ഫോടനം നടത്താന്‍? ബജരംഗ് ദളിനാണെങ്കില്‍ ആര്‍ഡീഎക്സ് കയ്യിലില്ല. രണ്ടുമാസം കൊണ്ട് അവര്‍ സിമി പ്രവര്‍ത്തകരായ പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ച കുറ്റവാളികളെ അറസ്റ്റ് ചെയ്തു.
http://economictimes.indiatimes.com/articleshow/610189.cms

മൂന്നു പേര്‍ കുറ്റം സമ്മതിച്ചു. അതില്‍ രണ്ടുപേര്‍ കോടതിയില്‍ തങ്ങളുടെ കുറ്റസമ്മതത്തെ തള്ളിപ്പറഞ്ഞു. എല്ലാവരെയും വെറുതേ വിടുകയും ചെയ്തു.

അടുത്ത സമയത്താണ്‌ ഒരു സന്യാസിനിയെയും കൂട്ടാളികളെയും ഇതേ കേസില്‍ ഭീകരപ്രവര്‍ത്തനാന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇത്തവണ കുറ്റസമ്മതങ്ങള്‍ക്ക് പിറകേ തെളിവുകളോടും കൂടി. പക്ഷേ വാര്‍ത്ത വായിച്ചപ്പോള്‍ ഇവരുടെ സംഘടനയുടെ പേര്‍ പരിചിതമെന്ന് തോന്നി- അഭിനവ് ഭാരത്. ഇതെവിടെയോ നേരത്തേ കേട്ടിട്ടുണ്ടല്ലോ. തെറ്റിയില്ല. ആന്‍ഡമാന്‍ ജയിലില്‍ വച്ച് സ്വാതന്ത്ര്യ സമരം തെറ്റായെന്ന് എഴുതി ഒപ്പിട്ട 'വീര' സവര്‍ക്കര്‍ സ്ഥാപിച്ച സംഘടന. തലപ്പത്ത് ഇപ്പോള്‍ ഗോഡ്സേയുടെ അനന്തരവളായ ഹിമാനി സവര്‍ക്കര്‍ എന്ന് പത്രത്തില്‍ വായിച്ചു.

മുസ്ലീം സ്ഫോടനങ്ങളോടുള്ള സ്വാഭാവിക പ്രതികരണമത്രേ ശവക്കോട്ടയില്‍ ആര്‍ ഡി എക്സ് പൊട്ടിയത്. ശ്രീമതി സവര്‍ക്കറില്‍ നിന്നും ഡോക്റ്റര്‍ തൊഗാഡിയയില്‍ നിന്നും തീര്‍ച്ചയായും പ്രതീക്ഷിക്കാവുന്ന പ്രതികരണം. പ്രശ്നമതൊന്നുമല്ല, പട്ടാളത്തില്‍ കേണലായി ഉദ്യോഗം നോക്കുന്ന, അതും ഇന്റലിജന്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന പുരോഹിതും റിട്ടയര്‍ ചെയ്ത മേജര്‍ (എന്താണോ പേര്‍, മറന്നു) ഒക്കെയാണ്‌ സന്യാസിനിയുടെ പുണ്യവൃത്തികള്‍ക്ക് ആളും ദ്രവ്യയും നല്‍കിയത്.

പേയ് വിഷത്തിന്റെ അണുക്കള്‍ പോലെ രാജ്യത്തിന്റെ തലച്ചോറിനെ ഭീകരര്‍ ബാധിക്കുമ്പോള്‍ എന്താണാവോ ചെയ്യാന്‍ കഴിയുക? മതവും രാഷ്ട്രവും ഭക്തിയും ഭീകരതയും എല്ലാം കൂടിക്കുഴഞ്ഞ് പുരോഗതിയും ഉന്നമനവും പോകട്ടെ, ജീവിക്കാനുള്ള അവകാശത്തിനു വരെ ഭീഷണിയാകുന്നു.

നായ്ക്കള്‍ പരസ്പരം കടികൂടാറുണ്ട്. പക്ഷേ അവ സംഘം ചേര്‍ന്ന് മറ്റൊരു സംഘത്തിനെ വക വരുത്താറില്ല. തന്റെ സംഘത്തിലില്ലാത്ത നായകളെയെല്ലാം കൊന്നു തീര്‍ത്താല്‍ ഭൂമി ഒരു നായ സ്വര്‍ഗ്ഗമാകുമെന്ന് പറഞ്ഞു വിശ്വസിപ്പിക്കാറുമില്ല. നമുക്ക് പട്ടിയില്‍ നിന്ന് പഠിക്കാം ആദ്യം.

7 comments:

-: നീരാളി :- said...

നമുക്ക് പട്ടിയില്‍ നിന്ന് പഠിക്കാം ആദ്യം.

പ്രിയ said...

ഇന്ത്യന്‍ ടെററിസം ഒതുക്കാന്‍ പട്ടാളത്തെ ഏല്പ്പിച്ചാല് നന്നോ ഇല്ലയോ എന്നൊരു ചര്ച്ച ഒരു ഫോറത്തില് കണ്ടിരുന്നു. ഇനി ഏത് പട്ടാളത്തെ ഏല്പിക്കും?

കാര്‍വര്‍ണം said...

athe namukku pattiyil ninnum padikkam

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഇത്തരം മനുഷ്യമൃഗങ്ങളേക്കാള്‍ നല്ലത് പട്ടികള്‍ തന്നെ.

പാമരന്‍ said...

ബെസ്റ്റ്‌ കണ്ണാ ബെസ്റ്റ്‌. ഇതു സര്‍വര്‍ക്കരുടെ വിത്താണെന്നു അറിഞ്ഞിരുന്നില്ല. എല്ലാം കൂടെ ഈ നാടങ്ങ്‌ കുട്ടിച്ചോറാക്ക്‌. വെഷമം തീരട്ടെ.

Radheyan said...

വര്‍ഗ്ഗീയത പരസ്പര പൂരകമായ ഒരു വിപത്താണ്.ഒന്ന് മറ്റൊന്നില്‍ നിലനില്‍പ്പ് തേടുന്നു.സ്വാഭാവികമായി പരസ്പരം പോരടിക്കുമ്പോള്‍ ഇവ പരസ്പരം വളര്‍ത്തുകയും ചെയ്യുന്നു.ആ വഴിയില്‍ പരശതങ്ങളെ കൊന്നു കൂട്ടുന്നു.

ഒരു ഗുണം നമ്മുടെ ജനതയില്‍ കഴിഞ്ഞ കുറച്ച് കാലമായി ഇവ കടുത്ത വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നില്ല എന്നതാണ്. (മരവിപ്പാകാം കാരണം)90കളില്‍ “നമ്മളും അവരും എന്ന ചിന്ത” ഇടതുപക്ഷത്തിലെ അണികളില്‍ പോലും പ്രകടമായിരുന്നു.അത്തരം ധ്രുവീകരണങ്ങള്‍ ഒഴിവാക്കാന്‍ നിരവധി ചെറുയോഗങ്ങള്‍ കൂടിയത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

അത്തരം കടുത്ത ധ്രുവീകരണം ഉണ്ടായിരുന്നുവെങ്കില്‍ ഓരോ സ്ഫോടനങ്ങള്‍ക്കും അനുരണനങ്ങള്‍ ഉണ്ടായേനേ.(മോഡി-അദ്വാനി ഭാഷയില്‍ സ്വാഭാവിക പ്രതികരണങ്ങള്‍)-മുംബെ ഗുജറാത്ത് കലാപങ്ങള്‍ പോലുള്ളവ.

പേപ്പട്ടികള്‍ വാഴുന്ന ലോകത്തില്‍ ജാഗൃത്തായിരിക്കുക എന്ന ഒരു കടമയേ നമുക്ക് ചെയ്യാന്‍ കഴിയൂ.കഴിയുമെങ്കില്‍ ഈ പേപ്പട്ടികള്‍ക്കൊപ്പം ഓരിയിടാതിരിക്കുക.ഉണര്‍ന്നിരിക്കുന്ന സാമൂഹികബോധത്തോടെ ബ്ലോഗുകളിലെ കല്ല്,മുള്ള്,കാഞ്ഞിരകുറ്റി മുതല്‍ ഇടവഴികളില്‍ പതുങ്ങുന്ന സര്‍വര്‍ക്കറുമാരും ഫൈസലുമാരും ഠാക്കുറാണിമാരുമാകുന്ന കരിമൂര്‍ഖരെയും നേരിടാം

Suraj said...

നാട് മുഴുവന്‍ പേയ് പടരുമ്പോള്‍ സ്വന്തം പട്ടിയെ കൂട്ടിലിട്ട് വളര്‍ത്തിയാലും മതി, സിറ്റ്വേഷന്‍ ഒത്തിരി മെച്ചപ്പെടും :)