Tuesday, November 4, 2008

ആര്‍ത്തി, ഭീതി, പിന്നെ വിവരക്കേടും

മൂലധനം>ഉല്പ്പന്നം>കൂടുല് മൂലധനം എന്നതാണ്‌ ബിസിനസ്സ് ലക്ഷ്യം. കോര്‍പ്പറേറ്റ് രാജിന്റെ കാലം വരെ ഇത് മൂലധനം+ലാഭം=കൂടുതല്‍ മൂലധനം എന്നായിരുന്നു കരുതിപ്പോന്നത്. എന്നാല്‍ ജോയിന്റ് സ്റ്റോക്ക് കമ്പനികള്‍ ഈ സങ്കല്പ്പത്തെ മറ്റൊരു രീതിയിലാക്കി ഒരു കമ്പനിയുടെ ഓഹരി ഒരാളുടെ മുതല്‍ മുടക്ക്, ഈ ഓഹരിയുടെ വില പരമാവധി കൂട്ടുന്നത് എന്തോ അത് ബിസിനസ്സ് ലക്ഷ്യം.

ഒരു കമ്പനി തുടങ്ങുന്നു. അതിനു ഒരു കോടി രൂപ മുടക്കിയാല്‍ വര്‍ഷാവര്‍ഷം ഇരുപത്തഞ്ച് ലക്ഷം രൂപ ലാഭമുണ്ടാകുമെന്ന് പദ്ധതിയിട്ടെന്നു വയ്ക്കുക. നൂറു രൂപയുടെ ഒരു ലക്ഷം ഷെയറുകള്‍ ഇറക്കി ഈ ഒരുകോടി രൂപ സമാഹരിച്ചാല്‍ ആണ്ടറുതിക്ക് ഓരോഹരിയ്ക്കും നൂറു രൂപ മുടക്കില്‍ ഇരുപത്തഞ്ച് രൂപ, അതായത് ഇരുപത്തഞ്ച് ശതമാനം വരുമാനമുണ്ടാകും.

ഇതൊന്നു കൂട്ടാന്‍ എന്താ വഴി?
അമ്പതിനായിരം ഷെയറേ വില്‍ക്കുന്നുള്ളെന്ന് വയ്ക്കുക. ബാക്കി അമ്പതു ലക്ഷം ഇരുപതു പലിശയ്ക്ക് ബാങ്കില്‍ നിന്നും എടുക്കാം. വര്‍ഷാവസാനം കിട്ടുന്ന ഇരുപത്തഞ്ചു ലക്ഷത്തില്‍ പത്തു ലക്ഷം രൂപ പലിശ അടച്ചാല്‍ ബാക്കി പതിനഞ്ചു ലക്ഷം രൂപ മിച്ചം. ഷെയറൊന്നിനു മുപ്പതു രൂപാ അതായത് മുപ്പത് ശതമാനം ലാഭം. ഒന്നു കൂടെ ചുരുക്കിയാലോ? ഇരുപത്തയ്യായിരം ഷെയറേ വില്‍ക്കുന്നുള്ളി. എഴുപത്തഞ്ച് ലക്ഷം രൂപ കടം. ഇരുപത്തഞ്ചു ലക്ഷത്തില്‍ പതിനഞ്ചു ലക്ഷം പലിശ കഴിഞ്ഞിട്ട് പത്തു ലക്ഷം രൂപ മിച്ചം ഇരുപത്തയ്യായിരം ഓഹരിക്ക്. നാല്പ്പതു ശതമാനം ലാഭം !

ഇരുപതു ശതമാനം ലാഭം കിട്ടുന്ന ബിസിനസ്സില്‍ നിന്നും നാല്പ്പതു ശതമാനം ലാഭമുണ്ടാക്കാന്‍ നമുക്ക് പ്രത്യേകിച്ച് ഒരു പണിയും ചെയ്യേണ്ടി വന്നില്ല, ലോണെടുത്തു. എന്തൊരൈഡിയ!


ഇനി ഇരുപത്തഞ്ചു ലക്ഷം എന്നത് പല വേരിയബിളുകളെ ആശ്രയിച്ചാണ്‌ ഇരിക്കുന്നത്. നമ്മളോട് കട്ടയ്ക്ക് നില്‍ക്കുന്ന ഒരുത്തന്‍ കൂടി ബിസിനസ്സ് തുടങ്ങി, പ്രതീക്ഷിച്ചതുപോലെ ഇരുപത്തഞ്ച് ലക്ഷം ലാഭമുണ്ടായില്ല പത്തു ലക്ഷമേ ഉണ്ടായുള്ളു എന്നു വയ്ക്കൂ. ആദ്യത്തെ സെറ്റപ്പില്‍ കമ്പനിക്ക് പത്തു ലക്ഷം രൂപ ലാഭം, രണ്ടാമത്തേതില്‍ കിട്ടിയ പത്തു ലക്ഷം പലിശയില്‍ പോയി. മൂന്നാമത്തേതിലോ? കമ്പനി അഞ്ചു ലക്ഷം രൂപ നഷ്ടത്തില്‍. ഓഹരി-കടം അനുപാതം കൊണ്ടുള്ള കളി ഇരുതലവാളാണ്‌. ലാഭം കൂടി നില്‍ക്കുമ്പോള്‍ മുഴുക്കടക്കാരന്‍ കമ്പനി സ്വര്‍ണ്ണം കൊണ്ടു തരും, ലാഭം അല്പ്പമൊന്നുലഞ്ഞാല്‍ ബാക്കിയെല്ലാവരും സമാധാനത്തില്‍ ഇരിക്കുമ്പോള്‍ ഈ കമ്പനി പൊളിയും.

ഇതിനാണ്‌ ഫൈനാന്‍ഷ്യല്‍ ഗീയറിങ്ങ് റിസ്ക് എന്നു പറയുന്നത്. ടോപ്പ് ഗീയറില്‍ പോകുമ്പോള്‍ ഗ്യാസ് പെഡലേല്‍ കാലൊന്നു തൊട്ടാല്‍ മതി വണ്ടി പറക്കും, പക്ഷേ എടക്കെങ്ങാന്‍ ഒരു ഗട്ടറു കണ്ട് ബ്രേക്കേല്‍ ഞെക്കിയാല്‍ വണ്ടി ഇടിച്ച് ഓഫാകും. അത്രേയുള്ളു കളി.

ലാഭവും റിസ്കും കൈകോര്‍ത്തേ നില്‍ക്കൂ എന്ന് എത്ര തവണ ഇവിടെ ആവര്‍ത്തിച്ചെന്നറിയില്ല. റിസ്ക് പലവിധത്തിലാണ്‌ എണ്ണിയാല്‍ തീരില്ല. ഗീയറിങ്ങ് റിസ്ക് അതിലൊരെണ്ണം മാത്രം, ജ്യോഗ്രഫിക്കല്‍ റിസ്ക്, കോണ്‍സന്‍സ്ട്രേഷന്‍ റിസ്ക്, വിദേശനാണ്യ റിസ്ക് അങ്ങനെ എണ്ണമറ്റ റിസ്കുകളെ മാനേജ് ചെയ്താണ്‌ ഒരു സ്ഥാപനം മുന്നോട്ട് പോകേണ്ടത്. സിക്സറടിച്ചാല്‍ കാണികള്‍ ആര്‍ത്തു വിളിക്കും, പക്ഷേ എല്ലാ ബാളിനും കേറി വീശിയാല്‍ കുറ്റി പോകും, കാണുന്നവന്‍ കൂക്കിവിളിക്കും.

ലാഭത്തിന്റെ ഒരു വിഹിതം കമ്പനിയിലെ ജീവനക്കാര്‍ക്ക് കൊടുക്കുന്നത് പുതുമയൊന്നുമല്ല, ബോണസ് എന്ന സങ്കല്പ്പം തന്നെ അതാണല്ലോ. എന്നാല്‍ ഈ ദശാബ്ദത്തില്‍ പുതിയൊരു കളിയുമായി ഇറങ്ങി കോര്‍പ്പറേഷനുകള്‍.

കമ്പനി ഒരു സീ ഈ ഓ എ എടുക്കുന്നു. ഇന്നത്തെ ഷെയര്‍ വില നൂറു ഡോളര്‍. മൂന്നു കൊല്ലം കഴിയുമ്പോള്‍ അന്നത്തെ ഒരു ലക്ഷം ഷെയറുകള്‍ നിനക്ക് നൂറു ഡോളറിനു തരും. അതായത് ഷെയര്‍ വില വര്‍ദ്ധിച്ചില്ലെങ്കില്‍ സീ ഈ ഓ മച്ചാനു വരുമാനമില്ല ഇരട്ടിയായാല്‍ വരുമാനം പത്തു മില്യണ്‍ ഡോളര്‍, രണ്ടിരട്ടിയായാല്‍ ഇരുപതു മില്യണ്‍!

ഉത്തരവാദിത്വത്തോടെ വര്‍ത്തിക്കേണ്ടവരെ ആര്‍ത്തിപ്പണ്ടാരങ്ങളാക്കി മാറ്റാന്‍ ഈ ഒരു നടപടി കാരണമായി. എങ്ങനെയും ഓഹരിമൂല്യം ഉയര്‍ത്തുക, എന്തു റിസ്കും എടുക്കുക, എന്തും ചെയ്യുക- ഇന്നതെന്നില്ല.

ഫിനാന്‍ഷ്യല്‍ പോസ്റ്റില്‍ കനേഡിയന്‍ സാമ്പത്തികശാത്രജ്ഞന്‍ പ്രൊഫസര്‍ വില്യം വാട്സണ്‍ എഴുതി (സെപ്റ്റംബര്‍ പതിനെട്ട്- റെഗുലേറ്റിങ്ങ് ഹബ്രീസ്) , നമ്മള്‍ ക്യാപിറ്റലിസ്റ്റുകള്‍ക്ക് എല്ലാത്തിനും വ്യക്തമായ ഉത്തരമുണ്ട്.
ആരാണ്‌ ഒരുശതമാനം കിടന്ന ഹൗസിങ്ങ് പണത്തെ ഒരു ഭീമന്‍ കുമിളയാക്കിയത്? ഗ്രീന്‍സ്പാന്‍ ഫെഡ്
ആരാണ്‌ തിരിച്ചടയ്ക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് ലോണ്‍ നല്‍കി ജനതയെ പാപ്പരാക്കിക്കളഞ്ഞത്? ഗവണ്‍-മെന്റിന്റെ മൗനാനുവാദം
ആരാണ്‌ ധനകാര്യ സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് എക്സിക്യൂട്ടീവുകള്‍ക്ക് ശമ്പളം ഓഹരി ഓപ്ഷനായി നല്‍കുന്ന ഭ്രാന്തിനു നികുതിയിളവു കൂടി നല്‍കി പ്രോല്‍സാഹിപ്പിച്ചത്? തൊണ്ണൂറുകളിലെ കോണ്‍ഗ്രസ്.

ആര്‍ത്തി, ഭീതി, വിവരമില്ലായ്മ. കറ പറ്റെ ഊറ്റിയ സ്ലോട്ടര്‍ ടാപ്പര്‍മാര്‍ ഉണക്കിയ ഇക്കോണമിയില്‍
ഒരു പ്രസിസന്ധി തുടങ്ങുകയായി.

13 comments:

Deepak Raj said...

ഇത്ര ലളിതമായി ഒരു കാര്യത്തെ അവതരിപ്പിക്കാനുള്ള ശ്രമം തീര്‍ച്ചയായും വിജയം തന്നെ

Radheyan said...

ഇവിടെ നമ്മള്‍ സംഗമിക്കുന്നു.താങ്കള്‍ അപാരമായ ലാളിത്യത്തോടെ പ്രശ്നത്തിന്റെ കാതലില്‍ തൊട്ടിരിക്കുന്നു.

കമന്റുകള്‍ വാരാന്‍ തല്‍ക്കാലം ഇത്രമാത്രം

സണ്ണിക്കുട്ടന്‍ /Sunnikuttan said...

അനോണി, ലളിതമായി കാര്യങ്ങള്‍ പറയുന്നത്കൊണ്ട്, ഇതേ രീതിയില്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാം. ഒന്നുമല്ലെങ്കിലും
NAV കാരനെയെങ്കിലും കാര്യം പറഞ്ഞു മനസ്സിലാക്കി കൊടുക്കാമല്ലോ?

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

കാര്യങ്ങളെ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. എന്നേപ്പോലുള്ളവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുന്നു.

പാഞ്ചാലി :: Panchali said...

ഇത്ര ലളിതമായി വലിയ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന അന്തോണിക്കഭിനന്ദനങ്ങള്‍!
C.E.O മാരുടെ കോമ്പന്‍സേഷന്‍ കാര്യം വായിച്ചപ്പോള്‍ ഗോള്ഡ്മാന്‍ സാക്സ് സി. ഈ. ഓ ലോയ്ഡ് ബ്ലാന്ക്ഫെയിനെ അവരുടെ കോര്‍പ്പറേറ്റ് ഓഫീസിന്റെ മുന്നില്‍ വച്ചു ( ഒരു ഗോള്ഡ്മാന്‍ പ്രൊജക്റ്റ്‌ മീറ്റിങ്ങിനു (ഫൈനാന്ഷ്യല്‍ അല്ല) പോയപ്പോള്‍, അകലെ നിന്നു) കണ്ട കാര്യം ഓര്‍ത്തു. അണ്ണന്റെ 2007-ലെ ബോണസ് 67.9 മില്യണ്‍ ഡോളര്‍! (26.8 മില്യണ്‍ കാശ് 41.1 സ്റ്റോക്ക് ഓപ്ഷന്‍ -ബോണസുകളിലെ ലോക റെക്കോര്‍ഡ്!). കമ്പനിയുടെ പഴയ C E O ഇപ്പോള്‍ ബുഷ് അണ്ണന്റെ ട്രെഷറി സെക്രട്ടറി ഹെന്രി പോള്സണ്‍ - 2005 ലെ ബോണസ് റെക്കോര്‍ഡ് ഹോല്ഡര്‍.
ഗോള്ഡ്മാനാണ് കുറച്ചു നാള്‍ മുന്‍പ് ഒരു വലിയ പ്രെഡിക്ഷന്‍ നടത്തിയത്, 2008 ഒക്ടോബര്‍ നവമ്പര്‍ ഓടെ ഓയില്‍ ബാരലിന് 200 ഡോളര്‍ കടക്കുമെന്ന്! കമ്പനിയുടെ ഷെയറും പൊങ്ങി. കുറെ സ്പെകുലേറ്റര്മാര്‍ കാശും വാരി കൂട്ടി! എല്ലാവനും പെട്രോളിന് കൂടുതല്‍ മുടക്കേണ്ടിയും വന്നു!
കമ്പനിയുടെ ലാഭത്തിന്റെ 48% വരെ ബോണസായി കിട്ടുമെന്കില്‍ ബബ്ബിള്‍ അല്ല അതിനപ്പുറത്തേത് എപ്പോള്‍ ഉണ്ടാക്കീ എന്ന് ചോദിച്ചാല്‍ മതി! (വാള്‍ സ്ട്രീറ്റ് C E O മാരുടെ ബോണസ് (ഏകദേശം) 1000 ഡോളര്‍ ലാഭത്തിനു 400 വച്ചു എന്ന് റേഡിയോയില്‍ കേട്ടപ്പൊള്‍ നാട്ടിലെ ബ്ലേഡു കമ്പനിയെ ഓര്‍ത്തു!)

ഭക്ഷണപ്രിയന്‍ said...

അനോണി ആന്റണീ.താങ്കള്‍ ഒരു സര്‍വ്വജ്ഞന്‍ തന്നെ.

Inji Pennu said...

ഉത്തരവാദിത്വത്തോടെ വര്‍ത്തിക്കേണ്ടവരെ ആര്‍ത്തിപ്പണ്ടാരങ്ങളാക്കി മാറ്റാന്‍ ഈ ഒരു നടപടി കാരണമായി. എങ്ങനെയും ഓഹരിമൂല്യം ഉയര്‍ത്തുക, എന്തു റിസ്കും എടുക്കുക, എന്തും ചെയ്യുക- ഇന്നതെന്നില്ല.


ഇതിൽ ഏറ്റവും എളുപ്പം ചെയ്തത് ആളുകളെ പിരിച്ചു
വിടുകയായിരുന്നു. സി.ഇ.ഒ വന്ന്
ചാർജെടുത്താൽ ഉടനെ തന്നെ പത്ത് ശതമാനം
ആളുകളെ പറഞ്ഞ് വിടും. അപ്പോൾ തന്നെ പത്ത്
ശതമാനം ലാഭം. ഏതു കമ്പനിയിലും ഒന്ന്
സൂക്ഷിച്ച് നോക്കിയാൽ ദുർമേദസ്സ് കാണാമല്ലോ.
അങ്ങിനെ മുന്നെ രണ്ടാളു കൊണ്ട് ചെയ്തിരുന്ന ജോലി ഒരാൾ ചെയ്യുകയാണ്.
ഇത് തിരിച്ചും ഉണ്ടായിട്ടുണ്ട്. അൻപിതനായിരം
ഡോളർ വരെ സൈൻ ഓൺ ബോണസ് മാത്രം
ചോദിച്ച എത്രയോ സോഫ്റ്റ് വേർ എഞ്ചിനീയർമാർ. രണ്ട് കൊല്ലം കൊണ്ട് മാത്രം മില്ല്യണയർ ആയാ എത്രയോ കൂട്ടുകാർ. ചുരുക്കം
കമ്പനിയോടോ ഒന്നും കൂറുണ്ടാവാൻ പാടില്ല. Make hay while the sun shines!

Nachiketh said...

ഉദാഹരണം കാണിയ്കാന്‍ സിറ്റിബാങ്ക് ഗ്രൂപ്പിനെ കൂടി പറയാമായിരുന്നു, അവര്‍ ആരംഭിച്ച അപകടത്തെ ഒരു പാഠ പുസ്തകം പോലെ മുന്നിലുണ്ടായിട്ടും മറ്റുള്ളവര്‍ ഇപ്പോഴും പിന്തുടര്‍ന്നു കൊണ്ടിരിയ്കുന്നു.

നന്നായിരിയ്കുന്നു

ഒരു കാഥിക said...

ഈ ലളിതമായ ആദ്യപാഠങ്ങള്‍ക്ക്‌ നന്ദി

അപ്പു said...

ഇപ്പോഴാണ് ഈ കിടപ്പുവശം മനസ്സിലായത്. സിമ്പിളായി ഈ മഹാകാര്യത്തെ മനസ്സിലാക്കിത്തന്നതിനു നന്ദി ആന്റണീ.

പോങ്ങുമ്മൂടന്‍ said...

നന്നായി, ലളിതമായി പറഞ്ഞിരിക്കുന്നു.

Artist B.Rajan said...

നന്നായിരിയ്ക്കുന്നു.

::: VM ::: said...

നോ വണ്ടര്‍! ;)