Monday, November 3, 2008

ചോറ് സൃഷ്ടിച്ച മാന്ദ്യം

ഇടി വെട്ടി ആളുകള്‍ ചാകാറുണ്ട്, പാമ്പുകടിച്ചും ചാകാറുണ്ട്, വണ്ടിമുട്ടി ചാകാറുണ്ട്, തേളുകുത്തിയും ചാകാറുണ്ട്. ഇടിവെട്ടിയവനെ പാമ്പുകടിച്ചു തേളും കുത്തി വണ്ടയും മുട്ടി എന്നു പറഞ്ഞാലോ? ആര്‍ക്കും സംഭവിക്കാവുന്ന കാര്യമാണ്ട്, പക്ഷേ ആ മനുഷ്യന്‍ ഉത്തരവാദിത്തമില്ലാതെ മൂക്കറ്റം കുടിച്ച് പാമ്പും തേളുമുള്ള ഏരിയയില്‍ മഴയത്ത് റോഡില്‍ ബോധം കെട്ടു വീണതാകാനാണു കൂടുതല്‍ സാദ്ധ്യത.

അമേരിക്കന്‍ ഭവനവായ്പ്പാ കുമിള പൊട്ടിയത് സാമ്പത്തിക മാന്ദ്യത്തിന്റെ തിരിച്ചറിഞ്ഞ അനേകം കാരണങ്ങളില്‍ ഒന്നു മാത്രം. പെട്രോളിയം വില വര്‍ധന മറ്റൊരു കാരണമായത് മുഖ്യമായും ഭക്ഷ്യക്ഷാമം വഴിയായിരുന്നു.

ഹരിത വിപ്ലവം (ജയ് സ്വാമിനാഥന്‍‌) ലോകത്തിന്റെ തീറ്റ ഇരുന്നൂറ്റമ്പത് ശതമാനം വര്‍ദ്ധിപ്പിച്ചതുകൊണ്ടാണ്‌ ലോക ജനസംഖ്യ ഇരട്ടിയായിട്ടും നമ്മള്‍ ചത്തു തീരാഞ്ഞത്. ഇനിയൊരു വിപ്ലവത്തിനു ബാല്യമില്ലെന്ന് കാര്‍ഷികഗവേഷകര്‍. ഇനിക്കൂടുന്ന ജനങ്ങള്‍ക്ക് അന്നം കണ്ടെത്തുക നിസ്സാര പണിയല്ല. ഈയവസരത്തിലാണ്‌ ഇന്ധന എണ്ണയുടെ വില പത്തു കൊല്ലം കൊണ്ട് ആറിരട്ടിയായത്. ഇതെങ്ങനെ കൃഷിയെ ബാധിച്ചു എന്നല്ലേ?

ഒന്നാമതായി രാസവളനിര്‍മ്മാണം പെട്രോളിയത്തെ ആശ്രയിച്ചാണ്‌ നിലനില്‍ക്കുന്നത്. ഏറ്റവും വലിയ വളമായ അമോണിയ നാച്വറല്‍ ഗ്യാസില്‍ നിന്നും . ഇന്ധനവില കഴിഞ്ഞ ദശാബ്ദത്തില്‍ ആറിരട്ടി വര്‍ദ്ധിച്ചു. അതിന്‌ അനുപാതമായി രാസവളത്തിന്റെ വിലയും വര്‍ദ്ധിച്ചു.

രണ്ടാമത്തേത് ബയോഫ്യൂവല്‍ നിര്‍മ്മാണമായിരുന്നു. ഉയര്‍ന്ന ഇന്ധനവില ആളുകളെ മറ്റു സ്രോതസ്സുകളിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചപ്പോള്‍ ബയോഫ്യൂവല്‍ നിര്‍മ്മാണം ത്വരിതപ്പെട്ടു. ഒരു തവണ ടാങ്ക് നിറയ്ക്കാന്‍ നിങ്ങള്‍ക്കു വേണ്ട ഇന്ധനമുണ്ടാക്കാനെടുക്കുന്ന ചോളം ഒരു മനുഷ്യന്‍ ഒരു വര്‍ഷം കഴിക്കുന്ന ധാന്യത്തിനു തുല്യമാണെന്നറിയുമ്പോഴേ അതിന്റെ ഭീകരത മനസ്സിലാവൂ.

ട്രാക്റ്ററുകള്‍, കൊയ്തു മെതിയന്ത്രങ്ങള്‍, ഉല്പ്പനം മാര്‍ക്കറ്റിലെത്തിക്കുന്ന വാഹനങ്ങള്‍, കപ്പലുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാനുള്ള ചിലവും കൂടി.

വര്‍ഷാവര്‍ഷം കൂടിയതുകൊണ്ട് ക്ഷാമവുമായി . ഭക്ഷ്യവില മൂന്നും നാലും ഇരട്ടിയിലേക്ക് കുതിച്ചു.
ഇന്നലെ ടീവിയില്‍ കാണിച്ചത്. ഹജ്ജിനെന്ന പേരില്‍ സൗദിയിലേക്ക് അരി കടത്താന്‍ ശ്രമിച്ചവര്‍ എയര്‍പ്പോര്‍ട്ടില്‍ അറസ്റ്റിലായത്രേ. പണ്ടൊക്കെ സ്വര്‍ണ്ണം കടത്തുമ്പോഴായിരുന്നു അറസ്റ്റ്. കലികാലം.

അല്ലാ, ഭക്ഷ്യവില എങ്ങനെ സാമ്പതിക മാന്ദ്യത്തിനു കാരണമായി?

ഒരു ചെറിയ ഉദാഹരണം എടുക്കാം. ഒരു ഏഴു കൊല്ലം മുന്നേ ദുബായില്‍ മാസം പതിനായിരം ദിര്‍ഹം ശമ്പളം എന്നാല്‍ നല്ല വരുമാനമായിരുന്നു. ഇന്ന് പതിനായിരം ദിര്‍ഹം തരാമെന്നു പറഞ്ഞാല്‍ ഒരു എക്സിക്യൂട്ടീവിനെപ്പോയിട്ട് നല്ല സെക്രട്ടറിയെ കിട്ടില്ല. റെന്റ് അഞ്ചെട്ടിരട്ടിയായപ്പോഴേക്ക് പതിനായിരം ദിര്‍ഹത്തിനു ദുബായില്‍ ജീവിക്കാന്‍ പറ്റാതെയായി. ഈ റെന്റ് ഫ്ലേഷന്‍ ദുബായിക്കാരന്‍ മറ്റു സകല കാര്യങ്ങള്‍ക്കും ചിലവിടേണ്ട പണത്തെ തിന്നു തീര്‍ക്കുന്നതുപോലെ അഗ്രിഫ്ലേഷന്‍ ലോകത്തെ മറ്റെല്ലാ ഉത്പനത്തിന്റെയും ഡിമാന്‍ഡിനെ കൊന്നുകളഞ്ഞു
കൂടുതല്‍ ഡിമാന്‍ഡ്=കൂടുതല്‍ നിര്‍മ്മാണം=കൂടുതല്‍ ചിലവിടല്‍ = കൂടുതല്‍ ലാഭം = കൂടുതല്‍ ഡിമാന്‍ഡ് എന്നതാണ്‌ ആരോഗ്യകരമായ ഒരു ബൂം.

ഉള്ള പണം തിന്നാന്‍ ചിലവിട്ടു തീര്‍ന്നാലോ? മറ്റെല്ലാത്തിനും കുറഞ്ഞ ഡിമാന്‍ഡ്.. ബാക്കി പൂരിപ്പിക്കാവുന്നതേയുള്ളു. മാന്ദ്യത്തിന്റെ വിഷമവൃത്തത്തിനു ആക്കം കൂടുകയായി.


ഭൂകമ്പത്തെ പോലെ ഒരു സാമ്പത്തികമാന്ദ്യത്തമ്യും ഒട്ടൊക്കെ പ്രവചിക്കാന്‍ ആകും. ഹൈസ്കൂളില്‍ സാമ്പത്തികശാസ്ത്രം പഠിക്കുന്ന പിള്ളേരുകൂടി അറിയുന്ന കാര്യങ്ങളാണിത്:

ഒരു മാന്ദ്യം വരുന്നതിനു മുന്നോടിയായി കാണിക്കുന്ന ലക്ഷണങ്ങള്‍
ചില സാധനങ്ങള്‍ക്ക് മാത്രമായി അതിഭീമ വിലക്കയറ്റം
സ്റ്റോക്ക് മാര്‍ക്കറ്റില്‍ പരിഭ്രാന്തമായ ക്രയവിക്രയങ്ങള്‍
കണ്‍സ്യൂമര്‍ മാര്‍ക്കറ്റില്‍ ഡിമാന്‍ഡ് കുറവ്
തൊഴിലില്ലായ്മ വര്‍ദ്ധന
മാന്ദ്യം സംഭവിക്കുമ്പോള്‍ കാണിക്കുന്ന ലക്ഷണങ്ങള്‍
ബാങ്കുകള്‍ പ്രതിസന്ധിയില്‍
തൊഴില്‍മേഘലയില്‍ പരിഭ്രാന്തി
ബിസിനസ് തകര്‍ച്ചകള്‍
ജനതയുടെ പരിഭ്രമം, ഒന്നുമില്ലെന്ന് ജനനായകരുടെ ആവര്‍ത്തനം
എക്സ്ചേഞ്ച് നിരക്കുകള്‍ തോന്നിയവാസം കാട്ടല്‍

ഇങ്ങനെയെല്ലാം കാണിക്കുമ്പോള്‍ എന്താണു വരുന്നതെന്ന് കഴുതയ്ക്കും മനസ്സിലാവും, പക്ഷേ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ അതിനു യോജ്യമായ നടപടികള്‍ എടുക്കുന്നതില്‍ നിന്നും സ്വാര്‍ത്ഥമോഹികളെ വിലക്കുന്നു.
പരിഹാരം കയ്യിലിരിക്കെ ഒന്നുമില്ലെന്ന് പറയാനും മൂടിവയ്ക്കാനും രോഗം അടക്കുന്നതിനു പകരം വേദനയ്ക്ക് മരുന്നു കുറിക്കാനും അവരെ പ്രേരിപ്പിക്കുന്നു.

കേരളം അമേരിക്ക പോലെ തന്നെ റിയല്‍ എസ്റ്റേറ്റില്‍ ഗ്രേറ്റര്‍ ഫൂള്‍ സിന്‍ഡ്റോം നടമാടുകയാണ്‌, ഈ കുമിള അടക്കണമെന്ന് ആര്‍ക്കാണറിയില്ലാത്തത്? ലോകപ്രശസ്ത യൂണിവേര്‍സിറ്റികളില്‍ പ്രബന്ധം അവതരിപ്പിച്ച് കൈയ്യടി നേടുന്ന ധനമന്ത്രിക്കോ റീയല്‍ എസ്റ്റേറ്റ് മാഫിയ എന്ന് വിലപിക്കുന്ന മുഖ്യമന്ത്രിക്കോ? ഈ കുമിള പൊളിച്ചാല്‍ താല്‍ക്കാലികമായൊരു ശാന്തത ഉണ്ടാകും, മൂല്യമെന്ന വ്യാജേന കേരളത്തിന്റെ സിരകളിലോടുന്ന റിയല്‍ എസ്റ്റേറ്റിന്റെ പഴുപ്പ് നിലയ്ച്ചാല്‍ ഒട്ടൊക്കെ തൊഴിലവസരങ്ങളും പോകും. വോട്ടു പോകും സാര്‍, ചുരുക്കം അതാണ്‌.

സി ഡി സ്വാപ്പ്, സ്റ്റോക്ക് ക്രാഷ്, ഡാര്‍ക്ക് മാര്‍ക്കറ്റ് എന്തെല്ലാം ബാക്കി. ഇത് എഴുതിയിട്ട് എവിടെയും എത്തുന്നില്ല. ശ്രദ്ധയില്ലാതെ എഴുതുന്നതുകാരണം അക്ഷരപ്പിശക്, വ്യാകരണപ്പിശക്, ചില വാചകങ്ങള്‍ പൂര്‍ത്തിയാകുന്നതുപോലുമില്ലെന്ന് ഇന്നാണു കണ്ടത്. മൊത്തത്തില്‍ ബോറടിക്കുന്നോ ?

7 comments:

R. said...

നോ ബോറടി, അനോണ്‍സ്. അടുത്തത് പോരട്ട്.

Radheyan said...

തീര്‍ച്ചയായും ഇല്ല.ഇനി ആര്‍ക്കെങ്കിലും ബോറടിക്കുന്നുവെങ്കില്‍ തന്നെ അക്കഡമിക്ക് താല്‍പ്പര്യം മാനിച്ച് തുടരാന്‍ അപേക്ഷ.ഇതൊരു നല്ല മുതല്‍കൂട്ടാവും തീര്‍ച്ച.

കേരളത്തിലെ റിയല്‍ എസ്റ്റേറ്റിനെ കുറിച്ച് പറഞ്ഞത് പരമാര്‍ത്ഥം.ബട്ട് ഹൂ വില്‍ ബെല്‍ ദ ക്യാറ്റ്?

അതുല്യ said...

ഒട്ടും ഒട്ടും ആര്‍ക്കും മടുത്തിട്ടില്ല അന്തോണി. ആര്‍ക്കും ഒരു ബോറുമില്ല. എത്ര ലളിതമായിട്ടാണു, തീരെ ഒരു എത്തും പിടിയും കിട്ടാത്ത കാര്യങ്ങള്‍ ഒക്കെ ഇതില്ലൂടെ പറയണത്.

കേരളത്തിലെ കുമിള പൊട്ടിയില്ലെങ്കില്‍ പോലും, അല്പം അല്പം പുതിയ കുമിളകള്‍ക്ക് വട്ടം കുറവായിട്ടുണ്ട്. തൊണ്ണൂറു ലക്ഷം വരെ രണ്ട് ബെഡ് രൂം ഹാളിനു സ്കെഇലെഇന്‍ കാര്‍ പറഞ്അത്, ഇപ്പൊഴ്, ഒരു മാസം കൊണ്ട് അറുപത്തിയഞ്ച് ലക്ഷം മതി, ഒരു കൊല്ലം കോമണ്‍ ഫീസ് വേണ്ട എന്ന് വരെ ഓഫര്‍ പറയുന്നുണ്ട്. ന്യൂ ജനറേഷന്‍ ബാങ്കുകള്‍ ഒക്കേ തന്നേയും, ഭവന വായ്പയോ, അല്ലെങ്കെഇല്‍ കൊടുത്ത് പോയ വായ്പ്യുടെ അടുത്ത ഗഡുവോ ഒക്കേനും കൊടുക്കാന്‍ അല്പം താല്പര്യ കുറവും കാട്ടുന്നുണ്ട്. നന്നായി. കുമിള പൊട്ടട്ടെ, കുറെ പേര്‍ക്ക് കടുത്ത സാമ്പത്തിക നഷ്ടം വരുമെങ്കിലും, (മൂന്ന് ഫ്ലാറ്റുകള്‍ ബുക്ക് ചെയ്ത്, ഒരെണ്ണം വാങ്ങി, മുഴുവനാകുമ്പോള്‍, മറ്റേ രണ്ടും മൂന്നുംനാലും ഇരട്ടി കാശിനു വില്‍ക്കാന്‍ ഉദ്ദേശിച്ചവര്‍) ഭാവിയില്‍ നമ്മുടെ കുട്ടികള്‍ അന്നത്തിന്ന് കഷ്ടപെടാണ്ടെ ഇരിയ്ക്കട്ടെ.

ദുബായ് വാടകയോ.. പറയല്ലേ എന്റെ അന്തോണീ പേടിയായിട്ട് വയ്യ. ഒരു ബെഡ് റൂം കാട്ട് മുക്ക് ഹട്ട റോഡില്‍ പോലും എണ്ണായിരഅം എന്നൊക്കെയാണു പറയണത്.

ഞാന്‍ said...

രണ്ടാമത്തേത് ബയോഫ്യൂവല്‍ നിര്‍മ്മാണമായിരുന്നു. ഉയര്‍ന്ന ഇന്ധനവില ആളുകളെ മറ്റു സ്രോതസ്സുകളിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചപ്പോള്‍ ബയോഫ്യൂവല്‍ നിര്‍മ്മാണം ത്വരിതപ്പെട്ടു. ഒരു തവണ ടാങ്ക് നിറയ്ക്കാന്‍ നിങ്ങള്‍ക്കു വേണ്ട ഇന്ധനമുണ്ടാക്കാനെടുക്കുന്ന ചോളം ഒരു മനുഷ്യന്‍ ഒരു വര്‍ഷം കഴിക്കുന്ന ധാന്യത്തിനു തുല്യമാണെന്നറിയുമ്പോഴേ അതിന്റെ ഭീകരത മനസ്സിലാവൂ.


better to call it bio-ethanol, rather than bio-fuel! ... not all bio-fuel causes food crisis!!! also not when they are manufactured/distributed in a proper manner!

ജിവി/JiVi said...

"അഗ്രിഫ്ലേഷന്‍ ലോകത്തെ മറ്റെല്ലാ ഉത്പനത്തിന്റെയും ഡിമാന്‍ഡിനെ കൊന്നുകളഞ്ഞു"

ഈ നിരീക്ഷണം ശരിയോ എന്ന് സംശയം. മാന്ദ്യം ഫിനാന്‍ഷ്യല്‍ സെക്റ്ററില്‍ മാത്രം എന്നല്ലേ പറയുന്നത്. ദുബായില്‍ പ്തിനായിരം ദിര്‍ഹത്തിന് സെക്രട്ടറിയെപ്പോലും കിട്ടില്ലെന്ന് പറയുന്നതുപോലുള്ള അതിശയോക്തികലര്‍ത്തിയുള്ള ഉദാഹരണങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഈ കുറിപ്പുകള്‍ താല്പര്യപൂര്‍വ്വം വിജ്ഞാനതൃഷ്ണയോടെ വായിക്കുന്ന ഒരാളെന്ന നിലയില്‍ അല്പം നിരാശതോന്നി. പക്ഷെ, ഒട്ടും ബോറടിയില്ല, ശ്രമം തുടരുക.

നിഷ്ക്കളങ്കന്‍ said...

ബോറടിക്കുന്നോ എന്നു ചോദിച്ചതു ബ്വാറായിപ്പോയണ്ണാ. അണ്ണന്‍ ചുമ്മാ എഴുതണം. നല്ല പൊഹ പൊഹ പോലൊള്ള സാതനങ്ങളല്ലീ അണ്ണന്‍ നല്ല പൊളപ്പനായിട്ട് മന്‍സിലാക്കിത്തരണത്. ശുഭം!

10000 ത്തിനല്ല 3000 നും വരാന്‍ സെക്രട്ടറിമാരെ കിട്ടും. പക്ഷേ ആന്റണി ഉദ്ദേശിയ്ക്കുന്ന നെലവാരമൊള്ള സെക്രട്ടറിമാ‍ാരെ കിട്ടൂല്ല. പിന്നെ ഇതൊക്കെ വേറെ ചെല ഫാക്ടേഴ്സും ഇല്ലേ? അവനവന്റെ ജീവിതനിലവാരം.. തുടങ്ങി..

::: VM ::: said...

ഉവ്വ് ;0 അല്പം ബോറായി