Saturday, October 11, 2008

സാമിയെ മോചിപ്പിക്കുക



(ഗള്‍ഫ് ന്യൂസ് അനുമതിയോടെ ഉപയോഗിക്കുന്ന മുദ്ര)

തിമിംഗിലസ്രാവുകള്‍ ലോകത്തിലെ ഏറ്റവും വലിയ മീന്‍ വര്‍ഗ്ഗത്തില്‍ പെടുന്നു. കൂറ്റന്‍ വായുമായി ആയിരക്കണക്കിനു കാതങ്ങള്‍ സഞ്ചരിച്ച് കടലിലെ സൂക്ഷ്മ സസ്യങ്ങള്‍ അരിച്ചു ശേഖരിച്ചു ഭക്ഷിക്കുന്ന നിരുപദ്രവികളായ ഈ അത്ഭുത മത്സ്യങ്ങള്‍ എന്നും മനുഷ്യനൊരു കൗതുകമായിരുന്നു.

ഒരുകാലത്ത് ലോകമെങ്ങും വെയില്‍ ഷാര്‍ക്കുകളെ വേട്ടയാടുന്നത് കേമത്തമായി കരുതിയിരുന്നു. എന്നാല്‍ അവയുടെ അന്യം നിന്നു പോകുന്ന ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ ഒട്ടുമിക്ക പരിഷ്കൃത രാജ്യങ്ങളും അവയെ പിടിക്കുന്നതും കൊല്ലുന്നതും നിരോധിക്കുകയുണ്ടായി. നിര്‍ധനരായ ഇരുപത്തിരണ്ട് മീന്‍ പിടിത്തക്കാര്‍ തങ്ങളുടെ വലയില്‍ കുരുങ്ങിയ തിമിംഗിലസ്രാവുകളെ മോചിപ്പിച്ചതില്‍ അനുമോദിച്ച് വൈല്‍ല്‍ഡ് ട്രസ്ന്റ് ഓഫ് ഇന്ത്യ ഗുജറാത്തില്‍ വെയില്‍ ഷാര്‍ക്ക് വാലി ഉത്സവ് നടത്തുകയും ഈ ഭീമന്‍ മീനുകള്‍ കുടുങ്ങിയവഴി വലയ്ക്കുണ്ടായ കേടുപാടുകള്‍ തീര്‍ക്കാനും പാരിതോഷികമായും ധനസഹായം നല്‍കുകയും ചെയ്ത് പരിസ്ഥിതിപ്രവര്‍ത്തകരുടെ മുക്തകണ്ഠമായ പ്രശംസ നേടിയതും ഷാര്‍ക്ക് ഫിന്നിങ്ങില്‍ കുപ്രസിദ്ധി നേടിയ തായ്‌വാന്‍ ഇവയുടെ വേട്ടയും വില്പ്പനയും നിരോധിച്ചതും ഈ വര്‍ഷമാണ്‌.

ദുബായില്‍ കൃത്രിമ സമുദ്രഭാഗത്ത് കുടുങ്ങിപ്പോയ "സാമി" എന്ന വെയില്‍ഷാര്‍ക്കിനെ അറ്റ്ലാന്റിസ് ഹോട്ടലിലിന്റെ തുറന്ന അക്വേറിയത്തിലേക്ക് ഹോട്ടല്‍ അധികൃതര്‍ മാറ്റി താമസിപ്പിക്കുകയും നിരീക്ഷണത്തിനും പഠനത്തിനും പൊതു ദര്‍ശനത്തിനുമായി അവിടെ സൂക്ഷിക്കാന്‍ ഉദ്ദേശിക്കുന്നെന്ന് പറയുകയും ചെയ്തിട്ട് ഇന്ന് മുപ്പത്തിനാലു ദിവസം തികയുന്നു. ഇതുവരെ കൃത്യമായ തീരുമാനമൊന്നുമായിട്ടില്ല എന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടില്‍ കാണുന്നു.

ലോകത്ത് അക്വേറിയത്തില്‍ വെയില്‍ ഷാര്‍ക്കുകളെ പ്രദര്‍ശിപ്പിക്കുന്നത് ജപ്പാനിലും അമേരിക്കന്‍ പ്രവിശ്യ ജോര്‍ജ്ജിയയിലും മാത്രമാണെന്നാണ്‌ അറിവ്. ജപ്പാനിലെ വെയില്‍ ഷാര്‍ക്കുകളുടെ ആരോഗ്യത്തെപ്പറ്റി കൃത്യമായ വിവരമൊന്നുമില്ല. ജോര്‍ജ്ജിയയിലാകട്ടെ, നാലു വെയില്‍ ഷാര്‍ക്കുകളെ വാങ്ങി രണ്ടുവര്‍ഷത്തിനകം അതിലെ രണ്ടും മരിക്കുകയായിരുന്നു.

ഒരക്വേറിയത്തിനും ഉള്‍ക്കൊള്ളാനാവാത്തത്ര വലുതാണ്‌ വെയില്‍ ഷാര്‍ക്കിന്റെ സഞ്ചാരപഥം. ഒരക്വേറിയത്തിനും ഒരു വെയില്‍ ഷാര്‍ക്കിനു വേണ്ട സ്വാഭാവിക സാഹചര്യങ്ങളും ഭക്ഷണസൗകര്യവുമൊരുക്കാനാവില്ല. ഒരു മറൈന്‍ ബയോളജിസ്റ്റും വെയില്‍ ഷാര്‍ക്കിനെക്കുറിച്ച് കൃത്യമായ വിവരങ്ങളൊക്കെ അറിയുമെന്ന് അവകാശപ്പെട്ടിട്ടുപോലുമില്ല. ഒരു മനുഷ്യനെക്കാള്‍ ആയുര്‍‌ദൈര്‍ഘ്യമുള്ള ഈ സുന്ദരജീവികള്‍ അക്വേറിയങ്ങളില്‍ പ്രജനനം ചെയ്യുമെന്ന് ആശ പോലും ആര്‍ക്കുമില്ല.

ജോര്ജ്ജിയയില്‍ മരിച്ച വെയില്‍ ഷാര്‍ക്കുകളുടെ ഓട്ടോപ്സി റിപ്പോര്‍ട്ടില്‍ അവയുടെ ആമാശയഭിത്തികള്‍ ദ്രവിച്ചിരുന്നെന്നും നിര്‍ബ്ബന്ധിച്ച് ഭക്ഷണം തീറ്റിയതിനാലാവാം അന്നപഥത്തില്‍ മുറിവുകളുണ്ടായിരുന്നെന്നും ഫ്ലോറിഡ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററി വെബ് സൈറ്റില്‍ കാണുന്നു.
http://www.flmnh.ufl.edu/fish/sharks/InNews/opinions2007.html

സാമി ഒരു പെണ്‍ സ്രാവാണ്‌. അവള്‍ കൗമാരപ്രായമെത്തുന്നേയുള്ളു. എന്തെങ്കിലും അത്ഭുതം സംഭവിച്ച് അവള്‍ അറ്റ്‌ലാന്റിസില്‍ കുറച്ചു വര്‍ഷം ജീവിച്ചാല്‍ കൂടി അവള്‍ക്ക് പ്രജനനം നടത്താനുള്ള അവസരം നഷ്ടമാകുന്നതുവഴി ഇപ്പോള്‍ തന്നെ ദുര്‍ബ്ബലമായ തിമിംഗില സ്രാവുകളുടെ അംഗസംഖ്യ കുറയാനേ ഈ പ്രവൃത്തി കാരണമാകൂ.

സാമിയുടെ മോചനത്തിനുള്ള ശ്രമങ്ങളില്‍ പങ്കാളിയാകാന്‍ എല്ലാ ദുബായി നിവാസികളോടും പരിസ്ഥിതി പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിക്കുന്നു.

എമിറേറ്റ്സ് എന്‍‌വയണ്മെന്റല്‍ അസോസിയേഷനിലോ ഗള്‍ഫ് ന്യൂസ് പത്രം ഓണ്‍ ലൈന്‍ എഡിഷനിലോ എമിറേറ്റ്സ് വൈല്‍ഡ് ലൈഫ് സൊസൈറ്റിയിലോ നിങ്ങളുടെ പ്രതിഷേധം അറിയിക്കാം.

സേവ് സാമി പെറ്റീഷന്‍ ഇവിടെ:
http://www.petitionspot.com/petitions/savesammytheshark

12 comments:

Kaippally said...

ഞാനും ഈ പൊതു ഹർജ്ജിയിൽ ഞാനും ഒപ്പുവെച്ചു.

Siju | സിജു said...

signed

ചാണക്യന്‍ said...

ഒരൊപ്പ് കൂടി...

vadavosky said...

Whale Shark ലോകത്തിലെ ഏറ്റവും വലിയ മീനാണ്‌.

Radheyan said...

ആണ്ണാ,ഒപ്പിയിരിക്കുന്നു..

സമിയെ മാത്രമല്ല സകല ജീവികളെയും അവയുടെ ആവാസവ്യവസ്ഥിതിയിലേക്ക് മടക്കി വിടുക.

ആനയെ കെട്ടിയിട്ട് വെയിലും തീവെട്ടിയും കൊള്ളിച്ച് ഉണക്കി വറുത്ത് ആസ്വദിക്കുന്നവന്‍ ആനപ്രേമിയല്ല, ആനദ്രോഹിയാണ്.കുറുമാന്‍ മുതലുള്ള ആനകമ്പക്കാര്‍ കേള്‍ക്കുന്നുവോ ആവോ.

കാട്ടില്‍ 10-15 അടി അകലെ നിന്ന് പലതവണ ആനക്കൂട്ടത്തെയും ഒറ്റയാനെയും കണ്ട് ആസ്വദിക്കാന്‍ ഭാഗ്യമുണ്ടായ ഒരുവന്‍, അങ്ങനെ മദിച്ച് പോകുന്ന ആനകളെ കാണുന്ന നിര്‍വ്വൃതി നെറ്റിപ്പട്ടം കെട്ടിയ ഗജവീര സഹസൃങ്ങള്‍ക്ക് നല്‍കാനാവില്ലെന്ന് തിരിച്ചറിഞ്ഞ ഒരുവന്‍...

മൃദുല്‍രാജ് said...

തുറന്ന് വിടണം എന്ന് ഞാനും ആവശ്യപ്പെടുന്നു.

കൂടെ ഇതു കൂടി.. ഇവിടെ മാത്രമല്ലല്ലോ ഇതിനെ തടഞ്ഞു വച്ചിരിക്കുന്നത്. ലോകത്തിന്റെ പല സ്ഥലത്തും അക്വേറിയങ്ങളില്‍ ഇവയെ ഇട്ടിട്ടുണ്ട്. പലരും പോയീ കാണുകയും ഫോട്ടൊ എടുക്കുകയും ചെയ്യുന്നു. ഇവിടെ ഇത് ഗള്‍ഫ്ന്യൂസുകാര്‍ ഇതവരുടെ പബ്ലിസിറ്റിക്ക് വേണ്ടി കൂടുതല്‍ ഉപയോഗിച്ചു എന്ന് വേണം കരുതാന്‍. (അറ്റ്ലാന്റയില്‍ ലോകത്തെ ഏറ്റവും വലിയ അക്വേറിയം എന്ന് പറഞ്ഞിരുന്ന ടാങ്കില്‍ കിടന്ന് ഇവ രണ്ടെണ്ണം ചത്തിരുന്നു.) അവിടേക്ക് അവയെ കൊണ്ടുവന്നത് എങ്ങനെ എന്ന് കാണൂ.. http://whalesharks.wildlifedirect.org/2008/08/09/whale-sharks-in-an-aquarium-whatever-next/

ജോര്‍ജിയായിലെ അക്വേറിയത്തില്‍ നാലെണ്ണത്തിനെ സൂക്ഷിച്ചിരിക്കുന്നു എന്നാണ് അറിഞ്ഞത്.

ഇവിടെ എന്താണ് പ്രശനം എന്ന് വച്ചാല്‍ ഇവര്‍ക്ക് ഇതിനെ വളര്‍ത്താനുള്ള അനുമതി കിട്ടിയിട്ടില്ല എന്നതാണ്. അത് കിട്ടിക്കഴിഞ്ഞാല്‍ അവര്‍ക്ക് ഇതിനെ ഇവിടെ വളര്‍ത്താം. അതിന് മുമ്പ് എന്തെങ്കിലും ചെയ്താലേ ഇതിന് തടയിടാന്‍ കഴിയൂ..

കടുവയേയും സിംഹത്തിനേയും അനധികൃതമായി വീട്ടില്‍ വളര്‍ത്തുന്നുണ്ട് ദുബായില്‍...അതുപോലെ വംശനാശം നേരിടുന്ന പലതിനേയും.... അതിനെതിരെ കൂടി ഗള്‍ഫ്‌ന്യൂസ് രംഗത്തെത്തിയിരുന്നെങ്കില്‍,,,

simy nazareth said...

എന്തോ, ഗള്‍ഫ് ന്യൂസ് കുറെ കഷ്ടപ്പെട്ട് ഓര്‍ക്കട്ട് നിരോധിപ്പിച്ചതില്‍ പിന്നെ (അവന്മാര്‍ പേഴ്സണലായി ട്രായി യെ വിളിച്ചുപറഞ്ഞ് ബ്ലോക്ക് ചെയ്യിപ്പിച്ചു എന്നാ ഗള്‍ഫ് ന്യൂസില്‍ തന്നെ എഴുതിയിരുന്നത്) എനിക്ക് ഗള്‍ഫ് ന്യൂസിനെ വല്യ വിശ്വാസമില്ല..

simy nazareth said...

"There is no business, like show business" - oru broadway avatharanathil ninnum...

Joji said...

signed

നവരുചിയന്‍ said...

ഞാന്‍ ഒരു ഗള്‍ഫന്‍ അല്ല ..എനിക്ക് ഒപ്പ് വെക്കാമോ ?? എന്തായാലും ഞാന്‍ ഒപ്പ് വെച്ചു

ഇതു ചെയുന്ന അവന്‍മാരെ ഒരു മാസം നിന്നു തിരിയാന്‍ ഇടം ഇല്ലാത്ത കൂട്ടില്‍ ഇട്ടു വെക്കണം ....അപ്പൊ ബോധം വന്നോളും

paarppidam said...

അവസരോചിതം ഈ പോസ്റ്റ്...ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയതിനുനന്ദി....തീർച്ചയായും ഇത് ഒരു നല്ല കാര്യം തന്നെ ആണ് ..സാമിയെ അവളുടെ ബോയ്ഫ്ര്ണ്ടുകളുടെ അടുത്തേക്ക് വിടുക തന്നെ വേണം..അവൾക്കും വേണ്ടെ ഒരു ജീവിതം.

ഭ്രമരന്‍ said...

ഒപ്പി