Saturday, October 18, 2008

ഭക്‌ഷ്യം

ദാ അന്തപ്പാ, ഓറഞ്ച് എടുക്കപ്പാ.
ഇത് എന്തരാപ്പാ, എനിക്ക് പനിയില്ലല്ലോ?

പനിയോ?
തന്നെ. എന്റെ നാട്ടില്‍ ആളുകള്‍ ഓറഞ്ചുമായി കാണാന്‍ വരുന്നത് ജ്വരം മൂത്ത് ആശുപത്രിയില്‍ കിടക്കുമ്പോഴാ. ഇനി നിന്റെ ഫിലിപ്പിന്‍സില്‍ അങ്ങനെ അല്ലേ മൗറീന്‍?

ഇത് അതൊന്നുമല്ല, ഒരെണ്ണം എടുക്ക്.
ഞാന്‍ രാവിലേ മൂന്നു ദോശയും കടലക്കറിയും കഴിച്ചതാ.

ഇന്ന് എന്താ ദിവസമെന്ന് അറിയാമോ?
പതിനാറ്‌.

അതല്ല, ഇന്ന് ലോക ഭക്‌ഷ്യ ദിനമാണ്‌.
ഓ ആണോ ഞാനറിഞ്ഞില്ല. എന്നും എന്തെങ്കിലും ദിനമാണല്ലോ. ഒന്നുമില്ലാത്ത ഒരു ദിവസം കലണ്ടറില്‍ ബാക്കിയുണ്ടോ എന്തരോ. ഉണ്ടെങ്കില്‍ അത് ലോക ദിനമില്ലാദിനമായി ആഘോഷിക്കാമായിരുന്നു. അതു പോട്ട്, ഭക്ഷ്‌ഷ്യ ദിനം ആയതുകൊണ്ടണല്ലേ രാവിലേ എന്നെ തീറ്റാന്‍ ഇറങ്ങിയത്. മദ്യദിനമല്ലാത്തത് ഭാഗ്യം ഇല്ലെങ്കില്‍ നീ രാവിലേ എനിക്കു കള്ളുമായി വന്നേനെ.

അപ്പോ ഇങ്ങനെ ദിനങ്ങളൊന്നും ഇഷ്ടമല്ലേ?
പെണ്ണേ, ഭക്ഷ്യദിനം എന്നാല്‍ ഭോജനോത്സവം അല്ല. കഴിഞ്ഞ കൊല്ലത്തെ ഭക്ഷ്യദിനം 'ആഹാരം ഒരു മനുഷ്യാവകാശം' എന്ന് പ്രഖ്യാപിക്കാനായിരുന്നു. ഇക്കൊല്ലത്തേത് കാലാവസ്ഥാമാറ്റവും ജൈവ ഇന്ധനവും ഭക്ഷണത്തെ നശിപ്പിക്കാതിരിക്കാന്‍ എന്താണു ചെയ്യേണ്ടത് എന്നാലോചിക്കാനാ.

അല്ല അപ്പോ നമ്മളെന്തു ചെയ്യണം?
ലോകത്ത് നാലിലൊരാള്‍ക്ക് ഭക്ഷണമൊന്നുമില്ല. നിന്റെ ഫിലിപ്പൈന്‍സില്‍ മൂന്നിലൊരാള്‍ പട്ടിണിയിലാണ്‌ , അവര്‍ക്ക് എന്തെങ്കിലും ചെയ്യൂ. ഒന്നും ചെയ്യാനില്ലെങ്കില്‍ അവരില്‍ ആര്‍ക്കെങ്കിലും ഒരു നേരത്തെ ഭക്ഷണം വാങ്ങി കൊടുക്കൂ.

ഓ ഈ ചേരിയിലൊക്കെ താമസിക്കുന്നവര്‍... അവരിത്രയും പേരുണ്ടെന്ന് അറിഞ്ഞില്ല.
മനിലയിലെ ചേരിവാസികള്‍ പട്ടിണിക്കാരിലെ ഒരു ചെറിയ വിഭാഗം മാത്രമാണ്‌ മൗറീന്‍. മഹാഭൂരിപക്ഷം ഫിലിപ്പൈന്‍സിലെ ദരിദ്രരും ഗ്രാമങ്ങളിലെ കൃഷിക്കാരാണ്‌.

ലോകത്ത് പട്ടിണി പകുതി ആയെന്ന് വായിച്ചല്ലോ.
അത് വെറും കണക്കുകൊണ്ടുള്ള സര്‍ക്കസ് അല്ലേ. എവിടെ എന്തു കുറയുന്നെന്ന്? ചൈന ഡിഫ്ലേറ്റര്‍ ഉപയോഗിച്ച് കണക്കു കൂട്ടിയാലേ സത്യം അറിയുള്ളു എന്നു മാത്രം.

അതെന്താ ചൈനാ ഡീഫ്ലേറ്റര്‍?
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പട്ടിണിക്കാരുണ്ടായിരുന്നത് ചൈനയിലായിരുന്നു. 1981ല്‍ അത് മൊത്തം ചൈനയുടെ അറുപത്തി നാലു ശതമാനം ആയിരുന്നു. ഇപ്പോള്‍ അത് പത്തു ശതമാനത്തിലും താഴെയാണ്‌. അതായത് അമ്പതു കോടി ജനങ്ങള്‍ ഇരുപത്തഞ്ചു വര്‍ഷം കൊണ്ട് അവിടെ പട്ടിണിക്കാരല്ലാതായി. ലോകരാജ്യങ്ങളുടെ പട്ടിണിക്കണക്ക് എടുക്കുമ്പോള്‍ ചൈനയുടെ ജനസംഖ്യയുടെ ഭീമമായ വലിപ്പം കൊണ്ടും അവിടെ അതിവേഗം പട്ടിണി കുറഞ്ഞതുകൊണ്ടും അത് മൊത്തം ലോകത്തിന്റെ പട്ടിണികുറയലിനെ സത്യത്തില്‍ ഇല്ലാത്ത വേഗത്തില്‍ കുറയുകയാണെന്ന് കാണിക്കും. നല്ലൊരുശതമാനം സാമ്പത്തിക വിദഗ്ദ്ധരും അതുകൊണ്ട് ലോകജനതിയില്‍ നിന്നും ചൈനയെ ഒഴിവാക്കിയാണ്‌ ശരിക്കുള്ള ദാരിദ്ര്യം കണക്കു കൂട്ടുന്നത്. അതാണ്‌ ചൈനാ ഡീഫ്ലേറ്റര്‍ മെതേഡ്. അങ്ങനെ നോക്കുമ്പോള്‍ ഏഷ്യാ ആഫ്രിക്ക തുടങ്ങിയ തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം പത്രത്തില്‍ അടിച്ചു വരുന്ന ഗ്രാഫുകളിലെപ്പോലെയൊന്നുമല്ല, വളരെ കുറവാണെന്ന് കാണാം.


മനസ്സിലായില്ല.
എടേ, ലോകദാരിദ്ര്യം പകുതി ആയി എന്നു പറയുന്നത് ഇങ്ങനെയാണ്‌. പരമദരിദ്രന്‍ എന്നാല്‍ ഒരു ദിവസം ഒരു ഡോളറിനു താഴെ വരുമാനം ഉള്ളവന്‍ എന്നായിരുന്നു കണക്ക് , ഈയടുത്ത സമയത്ത് അത് ഒന്നേകാല്‍ ഡോളര്‍ ആക്കി. 1981ല്‍ ലോക ജനനതയുടെ അമ്പതു ശതമാനത്തോളം ഒരു ഡോളറില്‍ താഴെ വരുമാനക്കാരായിരുന്നു. 2006ല്‍ അത് ലോകജനതയുടെ ഇരുപത്തഞ്ച് ശതമാനമായി. ഹൗ വണ്ടര്‍ഫുള്‍. എന്നാല്‍ ചൈനയെ ഒഴിച്ച് ഈ കണക്കെടുത്താല്‍ എണ്‍പത്തൊന്നില്‍ നാല്പ്പതു ശതമാനത്തില്‍ താഴെ ആയിരുന്ന ലോകദരിദ്രര്‍ രണ്ടായിരത്താറില്‍ മുപ്പതില്‍ അടുത്താണ്‌.ഒന്നേകാലിലല്ല, അതേ ഒരു ഡോളര്‍ കണക്കില്‍.


ആ. പകുതി ആയില്ലെങ്കിലും പത്തു ശതമാനമെങ്കിലും മാറിയല്ലോ.
നിന്റെ തലയില്‍ പേനല്ലാതെ ഒന്നുമില്ലേ? ഇരുപത്തഞ്ച് വര്‍ഷം കൊണ്ട് ഭക്ഷ്യവസ്തുക്കളില്‍ പതിനഞ്ചു ശതമാനത്തില്‍ താഴെ വര്‍ദ്ധനവില്ലാത്ത ഏതെങ്കിലും രാജ്യം ഗ്ലോബില്‍ ഉണ്ടോ?

അപ്പോ ദാരിദ്ര്യം പകുതി ആകുകയല്ല കൂടുകയാണോ ചെയ്തത്?
പണപ്പെരുപ്പം കൂടി അഡ്ജസ്റ്റ് ചെയ്താല്‍, ഇന്ത്യയില്‍ ഏതാണ്‌ പത്തു ശതമാനത്തോളം ദാരിദ്ര്യം കാല്‍ നൂറ്റാണ്ടില്‍ കുറഞ്ഞു. വര്‍ഷം അര ശതമാനത്തിലും താഴെ. പോകട്ടെ അത്രയെങ്കിലും ആയി. ആഫ്രിക്കയില്‍ പട്ടിണിക്കാര്‍ ഇരട്ടിയും കവിഞ്ഞു. ചൈന ഡിഫ്ലേറ്ററും ഭക്ഷ്യവിലയിലെ ഡീഫ്ലേറ്റിങ്ങും കഴിയുമ്പോള്‍ ലോകം മൊത്തത്തില്‍ കാല്‍ നൂറ്റാണ്ടില്‍ ഒരു ശതമാനത്തിനടുത്ത് വത്യാസമുണ്ടായി. അതു തന്നെ ഇന്ത്യയും ലാറ്റിനമേരിക്കയും മാറ്റിയാല്‍ ന്യൂനസംഖ്യ ആവുമെന്ന് തോന്നുന്നു.

ഫിലിപ്പീന്‍സിന്റെ പ്രതിശീര്‍ഷവരുമാനം കുറവാണെന്ന് ഞാന്‍ വായിച്ചു.
അതിലും വളരെ കുറവല്ലേ തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ തുടങ്ങിയ നിങ്ങളുടെ അയല്‍‌രാജ്യങ്ങള്‍ക്ക്? അവരിലൊന്നും പട്ടിണി ശതമാനത്തോതില്‍ ഇത്രയധികം വരാത്തതെന്ത്?

അതെന്താ?
അതെന്തെന്ന് നീ അന്വേഷിച്ച് കണ്ടുപിടിക്ക്, ലോക ഭക്ഷ്യദിനമല്ലേ.

ഏതെങ്കിലും ചാരിറ്റിക്ക് കുറച്ച് പണമയക്കാം, അതാണ്‌ ഇതിലും എളുപ്പം.
അപ്പോള്‍ ഇന്ന് ലോക എളുപ്പ ദിനം ആണോ, ഭക്ഷ്യ ദിനം അല്ലേ?

5 comments:

ജയരാജന്‍ said...

"ഏതെങ്കിലും ചാരിറ്റിക്ക് കുറച്ച് പണമയക്കാം, അതാണ്‌ ഇതിലും എളുപ്പം"... നമ്മുടെ തൊട്ടയൽപ്പക്കത്തുള്ള പട്ടിണിക്കാരെ സഹായിച്ചാൽ നാലാൾ അറിയുമോ? അപ്പൊ നമുക്ക് ഏതെങ്കിലും സന്നദ്ധസംഘടനയ്ക്ക് പണമയക്കാം: ചാരിറ്റിയ്ക്ക് ചാരിറ്റി, നികുതിയിളവിന് നികുതിയിളവ്; ആനന്ദലബ്ധിക്കിനിയെന്തു വേണം?

സിമി said...

നാ‍ലാളറിയുന്നതും അറിയാത്തതും കാര്യമല്ല. പണമയക്കുന്നത് ആണ് കാര്യം. ഞാന്‍ പണമയച്ചേ എന്ന് ടി.വി-ഇല്‍ പരസ്യം കൊടുത്താലും വേണ്ടീല്ല, എന്തെങ്കിലും ചെയ്താല്‍ മതിയായിരുന്നു.

ഇല്ല, ഞാന്‍ ഒരു ഷോ ഓഫും ഇല്ല, ആരെയും സഹായിക്കത്തും ഇല്ല എന്നു പറഞ്ഞിരുന്നാല്‍ ആരുടെ എങ്കിലും വയറു നിറയുമോ?

അല്പം ഷോ ഓഫ് ആയാല്‍ എന്താ കുഴപ്പം ജയരാജാ? എന്റെ ഈഗോയെ ഞാന്‍ പൊക്കി നിറുത്തുന്നതുകൊണ്ട് നാലാള്‍ക്കു ഗുണമുണ്ടായെങ്കില്‍ മൊത്തത്തില്‍ അഞ്ചാള്‍ക്ക് -

Tomkid! said...

“അമ്മേ വിശക്കുന്നു“ ഒരു വീഡിയോ

http://www.youtube.com/watch?v=gQkp8q3wNc8&feature=related

ധ്വനി | Dhwani said...

കണക്കില്ലാതെ കൊടുക്കുന്ന ഒരു പിടി കാശ് പരിഹരിയ്ക്കില്ല ഈ പ്രശ്നങ്ങള്‍. നാലു നേരം വിശപ്പുമാറ്റുമ്പോള്‍ അതു തീരും.

നാളെയും വിശക്കുമെന്നും കൈ കാലിയാണെന്നും ഓര്‍മ്മയുണ്ടാക്കണം ഓരോ മനസ്സിലും. അതാണു നമുക്കു ചെയ്യാവുന്ന കനിവ്. ഇല്ലാത്ത ഒരുതുണ്ടു ഭൂമിയല്ല വിശപ്പിനുള്ള മറുപടിയെന്ന് കുറച്ചു പേരെയെങ്കിലും മനസ്സിലാക്കിക്കൊടുക്കണം. മലര്‍ന്നു നീളുന്ന കുറച്ചു കൈകളില്‍ പെന്‍സില്‍ പിടിപ്പിച്ചു കൊടുക്കണം. വൃത്തിയായി വേഷം ധരിച്ചവരുടെ നേരേ ദയനീയമായി നോക്കാതെ പുഞ്ചിരിയ്ക്കാന്‍ പഠിപ്പിയ്ക്കണം.

ഇങ്ങനെ വിശ്വസ്സിയ്ക്കുന്ന ഒരു കൂട്ടം ആളുകളുടെ കൂടെയാണു കഴിഞ്ഞ നാലു വര്‍ഷമായി ഞാന്‍. Trust me, this works!

ജയരാജന്‍ said...

ആരെയും സഹായിക്കരുത് എന്നല്ലല്ലോ ‘സിമി‘യേ ഞാൻ പറഞ്ഞത്? എന്റെ കമന്റിൽ “നമ്മുടെ“, “നമുക്ക്“ എന്നിവയ്ക്ക് പകരം “എന്റെ“, “എനിക്ക്“ എന്നാക്കി വായിക്കാൻ അപേക്ഷ. എന്റെ ഒരാത്മഗതമായിരുന്നു; ഒരുറപ്പിന് ബഹുവചനത്തിൽ എഴുതിയെന്നേയുള്ളൂ :(
സിമി പറഞ്ഞ പോലെ “ഞാന്‍ പണമയച്ചേ എന്ന് ടി.വി-ഇല്‍ പരസ്യം കൊടുത്താലും വേണ്ടീല്ല, എന്തെങ്കിലും ചെയ്താല്‍ മതിയായിരുന്നു”.
ഈ “എന്തെങ്കിലും“ ചെയ്യുമ്പോൾ ‘ധ്വനി‘ പറഞ്ഞ കാര്യം കൂടി ഓർത്താൽ അത്രയും നന്ന് എന്ന് മാത്രം!