Saturday, September 20, 2008

ആന്‍ഡ്

ഊഴിയി ഞാങ്ങ് തീര്‍ത്ത സൊര്‍ഗ്ഗ മണ്ഡപത്തിലെ ഉര്‌വശി മേനക മാരേ..
ഗുഡ് ഈവനിങ്ങ് ചാണ്ടിയണ്ണാ, പാട്ട് ഒറ്റയ്ക്കാണോ , ആരും വന്നില്ലീ?

ആന്റപ്പനോ? ക്യാറി വരീ. തോനെ നാളായല്ല് ഇഞ്ഞോട്ട് വന്നിട്ട്.
പെര പണിയുന്ന തെരക്കായിപ്പോയി. ഒരു വീടു വച്ചു തീര്‍ക്കണേ എന്തരു പാടാ.

യാചകന്‍ ഇവനൊരു രാജമന്ദിരം തീര്‍ത്തു ...
ഊതല്ലേ.. ഊതല്ലേ.

ഞാങ്ങ് പാട്ട് അങ്ങ് തൊടര്‍ന്നതല്ലേടേ.
ഉം.. ഞാനും ചെലത് തൊടരും.. എന്തരൊണ്ട് ന്യൂസൊക്കെ?


ഒരു കാര്യം ശ്രദ്ധിച്ചോടേ ചെല്ലാ. ഇവിടങ്ങളി എല്ലാരും പ്യാരങ്ങ് പരിഷ്കരിച്ച്. ഞാങ്ങ് എന്തരു ചെയ്യും എന്ന് തന്നെ നിരുവിക്കണത്.

എന്തര്‌ പരിഷ്കാരങ്ങള്‌ വന്നെന്ന് അണ്ണന്‍ പറയണത്?
എല്ലാരും ആന്‍ഡ് ചേര്‍ത്ത് പ്യാരു മാറ്റി.

ആന്‍ഡോ?
കണ്ണടച്ചോണ്ടാണോടേ വഴിയേ പെയ്യൂടണത്. ചെല്ലനും ഷാനാസും വിറ്റ കമ്പ്യൂട്ടറു കടേടെ പേര്‌ ഇപ്പോ എന്തരാ? "ഇന്റര്‍നെറ്റ് കഫേ ആന്‍ഡ് കമ്പ്യൂട്ടര്‍ സെന്റര്‍" കണ്ടോ രണ്ട് കട ഉള്ളത് പോലെ തോന്നുന്നില്ലീ?
അത് ഒള്ളത്.

ഫ്രാന്‍സീസ് മെഡിക്കല്‍ സ്റ്റോര്‍ ഇപ്പ "മെഡിക്കല്‍സ് ആന്‍ഡ് വെറ്റിനറി സ്റ്റോര്" എന്നാക്കി.
കൊള്ളാവല്ല്.

സോമണ്ണന്റെ ചായക്കട "ഹോട്ടല്‍ ആന്‍ഡ് ടീ ഷോപ്പ്". തങ്കച്ചന്റെ ലാബ്രട്ടറി ഇപ്പോ "ലാബ് ആന്‍ഡ് പാഥോളജി സെന്റര്‍". രാജൂന്റെ ജൗളിക്കട "ടെക്സ്റ്റയില്‍സ് ആന്‍ഡ് റെഡിമേഡ്സ്"
ഒക്കെ ഇംഗ്ലീഷ് ആക്കിയാ?

ഇംഗ്ലീഷിലല്ലെടേ കാര്യം എല്ലാരും ആന്‍ഡ് ചേര്‍ത്ത്. അലക്കണ പാണ്ടീടെ വണ്ടീല്‍ അലക്ക് & ഇസ്തിരി കട എന്ന് എഴുതി വച്ചേക്കണ്‌. ഉച്ചക്കട രാജ്യത്ത് ഇനി ആന്‍ഡ് ഇല്ലാത്ത ബിസിനസ്സ് നടത്തണത് ഞാങ്ങ് മാത്രമേ ഉള്ളു.

അപ്പ ആ മുറുക്കാന്‍ കടയോ?
അവന്‍ ബേക്കറി & കൂള്‍ ബാര്‍ ആക്കിയില്ലേ അത്.

ബേക്കറിയും കൂള്‍ ബാറുമോ?
വ തന്നെ. ഭരണീല്‍ പപ്സും ബണ്ണും ഫ്രിഡ്ജേല്‍ ഐസും രസ്നേം ഒണ്ടല്ല്. അപ്പം അങ്ങനെ എഴുതാം പോലും.

അണ്ണനിപ്പ എന്താ വേണ്ടത്?
എടേ, നമ്മട ഷാപ്പിനു പ്യാരില്ല. എല്ലാരും ചെയ്യണപോലെ എനിക്ക് ഒരു ആന്‍ഡ് ഇടണം. അത് ഇപ്പ എവിടിടുവെടേ?

അണ്ണാ, എന്തരിനാ ഈ ആന്‍ഡ് എന്നു കേക്കി.
അതെനിക്കറിയാവെടേ, ഒന്നല്ല ബിസിനസ്സ് എന്നു കാണിക്കാനല്ലീ?

കറക്റ്റ്. അണ്ണാ ഹിന്ദുസ്ഥാന്‍ ലീവറിനു പത്തഞ്ഞൂറു ചരക്കുണ്ടെന്നു കാണിക്കണം. അവരു ഡൈവേര്‍സീ അല്ലിയോ. പക്ഷേ ജോണ്‍ വാക്കര്‍ സണ്‍സിനു ഒരൊറ്റ പ്രോഡക്റ്റ് മതി. അവരുടെ മിടുക്ക് ഒള്ള ജോണീവാക്കറിനു മാക്സിമം ഇമേജ് ഉണ്ടാക്കുകയാണ്‌. ആന്‍ഡ് വേണ്ടെന്ന്, ഏത്. അണ്ണന്റെയും വാക്കറണ്ണന്റെയും ബിസിനസ്സ് ഒന്നല്ലീ, ആന്‍ഡിന്റെ കാര്യമില്ലെന്ന് തന്നെ തോന്നണത്.

എന്നാലും നാടോടുമ്പ ഔട്ട് ഓഫ് ഫാഷന്‍ ആവരുതല്ല്.
ശരി, അണ്ണന്‌ എത്ര ആന്‍ഡ് വേണം?

കേറ്റാവുന്നത്രയും.

ശരി . പൊറത്തെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ബോര്‍ഡേല്‍ "കള്ള് ഷോപ്പ്- ലൈസന്‍സീ " പി പി ചാണ്ടിക്കുഞ്ഞ് ആന്‍ഡ് സണ്‍സ്" എന്ന് മാറ്റി എഴുത്.

പിന്നെ മതിലേല്‍ എഴുതാന്‍
തെങ്ങിന്‍ കള്ള് & പനങ്കള്ള്

ടേ, ഇവിടെ പനങ്കള്ളില്ല.
നോ പ്രോബ്ലം. ഇവിടെ പനങ്കള്ളിനു ഡിമാന്‍ഡും ഇല്ല. ഇനി അഥവാ ആരെങ്കിലും ചോദിച്ചാല്‍ ഇന്നു സാതനം വന്നില്ലെന്നു പറയീ.

അപ്പോ ആന്‍ഡ് രണ്ടെണ്ണം കിട്ടി അല്ലേ?

ഇഞ്ഞി വരാന്‍ ഇരിക്കുന്നതേയുള്ള് . കറീടെ ബോര്‍ഡ് എടുത്ത് അങ്ങോട്ട് മാറ്റി എഴുത് മൊത്തം:
ചീനി & ചാളക്കറി
പൊറോട്ട & ബീഫ്
ഊണ്‌- വെജിറ്റേറിയന്‍ & നോണ്‍ വെജിറ്റേറിയന്‍
അപ്പം & മുട്ടക്കറി
കരള്‍ & കുടല്‍ കറി
കോഴി & താറാവ് കറി
മുതിര & കടലക്കറി
കക്ക & ചിപ്പി
ചിക്കന്‍ & മട്ടണ്‍ ബിരിയാണി
അങ്ങനെ അങ്ങോട്ട് ബോര്‍ഡിന്റെ ചെവിട് കാണുന്നവരെ ആന്‍ഡ് എഴുത്.
ആന്‍ഡപ്പാ, സമാതാനമായെടേ.

എന്നാ ഒരു എളേത് ആന്‍ഡ് ഗ്ലാസ് എടുക്കീ.

5 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

:)

simy nazareth said...

അനോണി & ആന്റണി, ഇത് കൊള്ളാം.

മൂര്‍ത്തി said...

ലൈസന്‍സി & പ്രൊപ്രൈറ്റര്‍ എന്നാക്കിയാല്‍ ഷാപ്പിനൊരു & കൂടി കിട്ടും.

വക്കീലന്മാരും ഇപ്പോ & ഉപയോഗിക്കുന്നുണ്ട്...ഹരി&കൃഷ്ണ അഡ്വക്കേറ്റ്സ് എന്നൊക്കെ പോലെ..:)

കുറുമാന്‍ said...

പോസ്റ്റ് ആന്റ് കമന്റ്സ് കലക്കി :)

കെ said...

ഒരു കുപ്പി മൂത്തത് ആന്റ് അച്ചാറ് തരീ......