Tuesday, August 5, 2008

നോ കുളിയാണ്ടറിസം

എങ്ങനീ ബ്ലോഗ് തുടങ്ങേണ്ടത്, എങ്ങനെ മലയാളം എഴുതാം, എങ്ങനെ എഴുതിയ പോസ്റ്റ് എഡിറ്റ് ചെയ്യാം, എങ്ങനെ ബ്ലോഗിന്റെ നിറം പച്ചയില്‍ നിന്ന് മഞ്ഞയാക്കം എന്നൊക്കെ എമ്പാടും പോസ്റ്റുകള്‍ ഇവിടൊക്കെയുണ്ട്, എന്നാല്‍ ബ്ലോഗില്‍ എന്തു ചെയ്യരുത് എന്ന് ഇല്ലെന്ന് തോന്നുന്നു, അതായിരിക്കണം ഓരോരുത്തന്‌ അവനവന്റെ ബ്ലോഗിന്റെ ചക്രവര്‍ത്തിയാകാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന കുളിയാണ്ടറിസ്റ്റ് പ്രവണതകള്‍ കൂടിക്കൂടി വരുന്നത്.

(തിരോന്തോരം ഭാഷ അറിയാത്തവര്‍ക്ക്- കുളിയാണ്ടര്‍ എന്നാല്‍ ജാക്ക് ഓഫ് ആള്‍ ട്രേഡ് എന്ന് സ്വയം വിശ്വസിക്കുന്ന എന്നാല്‍ മറ്റുള്ളവര്‍ അംഗീകരിക്കാത്ത വിദഗ്ദ്ധന്‍ ആണ്‌. നാലു പേര്‍ ചീട്ടുകളിക്കാന്‍ ഇരുന്നാല്‍ ഒരു കുളിയാണ്ടര്‍ വന്ന് "ഇസ്പേഡ് പത്തെറക്ക്" എന്നു പറഞ്ഞ കളി നശിപ്പിക്കും. ഒരു മരുന്ന് വാങ്ങിക്കാന്‍ കടയില്‍ കേറിയാല്‍ ഒടനേ പ്രത്യക്ഷപ്പെടും കുളിയാണ്ടര്‍ "ഈ മരുന്നിനു സൈഡ് എഫക്റ്റ് കൂടുതലാ, പകരം ലത് വാങ്ങിയാ മതി" . ഡോക്റ്റര്‍ എഴുതി തന്നതാണെന്നു പറഞ്ഞാലും സമ്മതിക്കില്ല, ഇപ്പോഴത്തെ ഡോക്റ്റര്‍മാര്‍ക്ക് ഒന്നും അറിയില്ലെന്ന് പ്രഖ്യാപിച്ച് കുളിയാണ്ടര്‍ പിന്നെയും നിര്‍ബ്ബന്ധിക്കും)

കുഴൂരാന്‍ ഒരു കവിത എഴുതിയാല്‍ കുളിയാണ്ടര്‍ വരും അതില്‍ സം‌വിധാനം വിടാന്‍. ആ വാക്കു പാടില്ല, ഈ വരി മനുഷ്യാവകാശലംഘനമാണ്‌. എട്ടില്‍ തട്ടിയില്ല മാലിനിക്ക് . കവിതയെ വിമര്‍ശിച്ചതാണെന്നു കരുതിയോ? തെറ്റി. കുളിയാണ്ടര്‍ പറയുന്നതുപോലെ വേണം സകല ബ്ലോഗും ഇരിക്കാന്‍ എന്നാണ്‌ അര്‍ത്ഥം.

അപ്പു കൊച്ചിന്റെ ഒരു പടമിട്ടാന്‍ അവിടെയും വരും കുളിയാണ്ടര്‍ . കുട്ടികളുടെ പടമിടുന്നതാണോ ബ്ലോഗിങ്ങ്? പകരം "നിനക്കു ഞാന്‍ എന്തരായിരുന്നു എനിക്കു നീ എന്തരായിരുന്നു" എന്ന മട്ടിലെ കവിത എഴുതുകയല്ലേ വേണ്ടത്? ബ്ലോഗ് എന്നു വച്ചാല്‍ മത്തങ്ങയാണോ മരമഞ്ഞളാണോ എന്ന് അറിയില്ലെന്നതും പോട്ട്, മുന്നേയുള്ള പോസ്റ്റേല്‍ ഒന്നു ഞെക്കി ആ ബ്ലോഗിന്റെ മൂല്യമെന്താണെന്ന് മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയും ഇല്ലെങ്കിലും കുളിയാണ്ടറിസം കാണിച്ചേ മതിയാവൂ.

പത്തിരുപതു വര്‍ഷം നാട്ടില്‍ തെണ്ടിത്തിരിഞ്ഞു നടന്നിട്ടുള്ളതുകാരണം ഏതു പൊതുസ്ഥലത്തു ചെന്നാലും മിനിമം ഒരു കുളിയാണ്ടറെങ്കിലും അവിടെ കാണുമെന്നത് ശീലമായി. പക്ഷേ ഇപ്പോള്‍ ഇത് പറയാന്‍ കാരണം ബ്ലോഗിങ്ങിന്‌ എന്തോ സംഘടനയോ യൂണിയനോ സൊസൈറ്റിയോ ഒക്കെ രൂപപ്പെടുന്നു എന്നു കേട്ടതുകൊണ്ടാണ്‌.

എന്തു സംഘടനയായാലും എന്തിനു വേണ്ടി ആയാലും അത് ഒരിക്കലും അതിന്റെ അംഗങ്ങളുടെ അല്ലാതെ എന്റെ ബ്ലോഗുകളുടെ കുളിയാണ്ടറാകാനുള്ള ശ്രമങ്ങള്‍ നടത്തരുത് എന്ന് ആദ്യമേ അങ്ങു പറഞ്ഞേക്കാമെന്നു വച്ചതാണ്‌ . മറ്റുള്ളവരുടെ കാര്യം എനിക്കറിഞ്ഞുകൂടാ, കാരണം ഞാന്‍ ബൂലോഗകുളിയാണ്ടറല്ല.

ചുരുക്കി പറഞ്ഞാല്‍
ബ്ലോഗിങ്ങ് സൂപ്രണ്ട്
ബ്ലോഗ് ലീഡര്‍
ബ്ലോഗ്ഗിങ് സൂപ്പര്വൈസര്‍
ബ്ലോഗ് ആഡിറ്റര്‍
ബ്ലോഗ് സെന്‍സര്‍ ബോര്‍ഡ്
ബ്ലോഗ് ഇവാല്യുവേഷന്‍ കമിറ്റി
ബ്ലോഗ് ഡയറക്റ്റര്‍
ബ്ലോഗ് ഓവര്‍സീയര്‍
ബ്ലോഗ് കണ്ട്റോളര്‍
ബ്ലോഗ് കം‌ട്രോളര്‍ ആന്‍ഡ് ഏജി
ബ്ലോഗ് സെക്യൂരിറ്റി ഗാര്‍ഡ്
ബ്ലോഗ് ബൗണ്‍സര്‍
ബ്ലോഗ് എക്സ്പര്‍ഗേറ്റര്‍
ഹെഡ് ഓഫ് ബ്ലോഗ്
ബ്ലോഗ് ചീഫ്
ബ്ലോഗ് ബൗള്‍ഡറൈസര്‍
ബ്ലോഗ് ലൈസന്‍സര്‍
ബ്ലോഗ് എഡിറ്റര്‍
ബ്ലോഗ് സ്ക്രീനര്‍
ബ്ലോഗ് എതിക്ക്സ് എന്‍ഫോര്‍സര്‍
തുടങ്ങിയ പദവികളെല്ലാം ബ്ലോഗ് ഉടമയില്‍ തന്നെ സംക്ഷിപ്തമാണ്‌ എന്നതാണ്‌ ബ്ലോഗിങ്ങ് നിയമം. വായനക്കാര്‍ക്ക് വേണേല്‍ ബ്ലോഗ് വായിക്കാം, ഇഷ്ടപ്പെടാം, ഇഷ്ടമില്ലായ്മ പ്രകടിപ്പിക്കാം, തെറ്റു തിരുത്താം, മിണ്ടാതെയും പോകാം. പക്ഷേ ബ്ലോഗിങ്ങ് കുളിയാണ്ടറാവരുത്, ഈയിടെയായി അത് കൂടിക്കൂടി ഒടുക്കം കുളിയാണ്ടോക്രസിയിലേക്ക് പോകുന്നു കാര്യങ്ങള്‍.

20 comments:

ഞാന്‍ ആചാര്യന്‍ said...

ബൂ ലോകം - മഹാശ്ചര്യം

നമ്മടെ ഈ മഹാ ബൂലോകമൊണ്ടല്ലൊ, അതു പണ്ടാരാണ്ട് ആനേക്കാണാമ്പോയ പോലെയാ ഞാങ്കാണുന്നെ..

1

വിശാലമനസ്കന്‍ (ഈപ്പുള്ളീ(ലി)യാന്തോന്നു 'കൊടകരപുരാണോ'ന്നുമ്പറഞ്ഞൊരു 'സെലിബ്രേറ്റഡ്' ക്രുതീടെ കര്‍ത്താവ് , കുറുമാന്‍ തുടങ്ങിയ ആദിപിതാക്കള്‍ (ഐ മീന്‍ മലയാളം ബ്ലോഗില്‍ സര്‍ഗാത്മ സ്രുഷ്ടാക്കളായ ആദ്യത്തെ കൊറേഎഴുത്ത്കാര്....വേറാരേലുവോണ്ടേല്‍ തെറി പറയണ്ടാ, നിങ്ങളുവൊണ്ട്)

2
പിന്നെ സാങ്കേതിക സഹായം നല്‍കുന്ന ആദ്യാക്ഷരി, ഗള്‍ഫിലും അമ്മേരിക്കേലും ജീവിക്കുന്നോര്‍ക്കു കൊണമൊള്ള കാര്യങ്ങളെഴുതുന്ന (ടാക്സ് എക്സട്ര) ആള്, ബ്ലോഗില്‍ എങ്ങനെ പൂതിയ പരിഷ്ക്കാരം കൊണ്ട്വരാം എന്ന് എഴുതുന്നയാള്‍ മുതലായ ടെക്നോപാര്‍ക്കുകള്‍, ..ഇതു കൊറേപ്പേരൊണ്ട്, ഞാനോര്‍ക്കുന്ന ക്രമത്തിനു ഇവിടെ എഴുതാം...

3

കവിത,കഥ, അനുഭവം ഒക്കെ എഴുതിയെഴുതി കോപ്പിയടി, അതു പിടി, വീമ്പടി, പിന്നേം കോപ്പിയടി.. ഇങ്ങനെ പോകുന്ന ഒരു കൂട്ടം..ഇഞ്ചിപ്പെണ്ണ്, സജി, അരൂപി തുടങ്ങിയവര്‍ ഇതില്‍ ചിലര്‍ മാത്രം..ബൂലോകം ഒരു മഹാസംഭവമാക്കിയത് എവരെല്ലാങ്കൂടാന്നു ചെലരൊക്കെ പറേന്നു

4

കാപ്പിലാന്‍, അഞ്ചല്‍ക്കാരന്‍ തുടങ്ങിയ 'പൊതു'പ്രവര്‍ത്തകര്‍

5

ബ്ലോഗു അക്കാദമിയുടെ ആള്‍ക്കാര്‍, ഇതു ആരെല്ലാമാന്നോ ഇവരൊക്കെ വേറെ ഗ്രൂപ്പിലുമോണ്ടോ എന്നൊന്നും എനിക്കറിയാമ്മേല...കണ്ണൂരാന്‍, സുനില്‍ കോടതി, ഡീ. പീ...ഇതില്‍ മിസ്റ്റര്‍ ഡി. പ്രദീപ് കുമാറൊക്കെ ഈടെങ്ങാണ്ട് നടന്ന ഒരു ശില്പശാലേടെ 'റിപ്പോര്‍ട്ടി'ല്‍ ഫോട്ടോകളില്‍ ഒണ്ടാരുന്നു.

6

തറവാട് എന്നു പറേന്ന ഒരു കൂട്ടര്..എവരു കൂടുതലും ആ ഒരു ഗ്രൂപ്പിന്‍റ് പ്രവര്‍ത്തനം മാത്രാണൊള്ളത്..

7

പിന്നെ ചിത്രകാരനെന്നു പറേന്ന ബ്ലോഗറും പുള്ളീടെ വചനങ്ങളെ എതിര്‍ക്കുന്നോരുമെല്ലാങ്കുടെയൊള്ള, പൂരമാണോ വെടിക്കെട്ടാണോ വേണ്ടത് എന്നൊറപ്പില്ലാത്ത് കൊറേപ്പേര്..

8

നാന്‍ ശൊന്നാല്‍ എന്നൊക്കെപ്പറഞ്ഞു സൂത്രത്തില്‍ 'ഹിറ്റ്ലര്‍'(മാക്സിമം ഹിറ്റ് കിട്ടുന്ന ബ്ലോഗര്‍) ആകാന്‍ പയറ്റുന്ന ബെര്‍ളി, അഹങ്കാരി മുതലായവര്‍

9

വീണ്ടുമൊരക്കാദമിക്കു ബാല്യോം സ്തലോം ഒക്കെ തെരേന്ന സുകുമാരന്‍ അഞ്ചരക്കണ്ടി, ഫാര്‍മറ് തൊടങ്ങിയ ലേറ്റസ്റ്റ്(ഇതെഴുതുമ്പോള്‍) വിവാദനായകര്‍

10

കമാണ്ടന്‍റുകള്‍ : കമന്‍റ് മാത്രം ഇട്ട് ബൂലോകത്തെ നിലനിര്‍ത്തുന്നവര്‍..ഇവരില്ലാരുന്നെല്‍..പലരും ബ്ലോഗടി പണ്ടെ നിറുത്തിയേനെ..ഇവരു മിക്കവാറും വിവാദം തപ്പി നടക്കും കമന്‍റിടാന്‍..ഈ ഞാനും പോയിട്ടൊണ്ട്..

11

എഴുതാനൊള്ള ആഗ്രഹം കേറി എഴുതി വിടുന്ന എണ്ണമറ്റ കൊറേപ്പേര്..ബൂലോകത്തിന്‍റെ ബാവി തന്നെ നിങ്ങടെ കയ്യിലാ..നിര്‍ത്താതെഴുതിക്കോ

12

ശിഹബുദ്ദിന്‍ പൊയ്ത്തുംകടവ്, വല്‍സലന്‍ വതുശ്ശേരി, ബിആര്‍പി ഭാസ്കര്‍ തുടങ്ങി കൊറച്ചൂടെ നേരത്തെ എഴുതാന്‍ പടിച്ചവര്‍ (ലിസ്റ്റില്‍ പലരൊണ്ട്, പേരു ഇവിടെ കാണാഞ്ഞ് എന്നെ തല്ലണ്ട, നിങ്ങളുവൊണ്ട്..)


13

ഞാനുമായിട്ട് വല്യ എടവാടൊന്നുല്ലാത്ത ഫോട്ടോ ബ്ലൊഗുകാര്, കാര്‍ട്ടൂണ്‍ ബ്ലോഗുകര്, 'പോഡ് കാസ്റ്റ്കാര് ഒക്കെ..

14

ബ്ലോഗ്ഗു നാലുകെട്ടിന്‍റെ മതിലു ചാടി നില്‍ക്കുന്ന ബ്രിജ് വിഹാരം തുടങ്ങിയവര്

15

വെരി സീരിയസായി ബ്ലോഗുന്നോര്..ഇവരൊക്കെ ബയങ്കര സ്ട്റോങ്ങായ കൊണ്ട് ഞാന്‍ ആരെടേം പേരു പറേന്നില്ല..എനിക്കൂല്ലെ കൊറേ പേടീയൊക്കെ

16
എന്തേലുവൊക്കെ ബ്ലോഗി ആര്‍ക്കും വേണ്ടാ, അഗ്രിക്കും വേണ്ടാതെ നടക്കുന്ന അനാഥപ്രേതം പോലെയായ ഈ ഞാന്‍ തുടങ്ങിയ മിണ്‍ടാപ്രാണികള്‍

17

അത്യധികം ആവേശത്തോടെ ബ്ലോഗടിച്ചു തൊടങ്ങി ഇപ്പം ചത്തു കെടക്കുന്ന കൊറെ 'മമ്മി'(അവരെപ്പം വേണേലും തിരിച്ചു വരും, എന്‍റമ്മോ) ബ്ലോഗര്‍മാര്‍

18

ബ്ലോഗണൊ, വേണ്ടയോ, അറിയാമ്മെല, ഇവമ്മാരെന്നതാ ഈ കാണിക്കുന്നെ എന്നൊക്കെ സംശയിച്ചു വന്നു പോകുന്ന വായനക്കാരായ ഫൂച്ചറ് ബ്ലോഗര്‍മാര്..(അവരെന്നേലും ഒന്നേലും ബ്ലോഗും, ഒറപ്പാ)


ഇനിയാരെയേലും വിട്ട് പോയെങ്കി തെറി ഒന്നും പറേരുത്, കേസും കൊട്ക്കല്ലെ..ഞാം വല്ലപ്പഴുവൊക്കെ ഒന്നു ബ്ലൊഗടീച്ചു, വായിച്ചൊക്കെ പൊക്കോട്ടെ..ഷമാപണം..ആരേം ഹര്‍ട്ടൊന്നൂഞ്ചെയ്തില്ലല്ലോല്ലെ ? ആരേലും വിട്ട് പോയെങ്കി ഷമീര്..ആരെടെയേകും പേരു മാറിയെങ്കി ഷമിക്കണം കൊടകരപുരാണ കര്‍ത്തവ് ആരാന്ന് എനിക്കൊറപില്ല. ഓര്‍മ്മേന്നെഴുതിയതാ. തെറ്റുണ്ടേല്‍ തിരുത്തിക്കോളാം


എന്നാ ഒക്കെ പറഞ്ഞാലും നിങ്ങളെല്ലാങ്കുടൊള്ളതാ ഇതിന്‍റെ ഒരു സുകം..

വാട്ട് എ വണ്‍ടര്‍ഫുള്‍ ബൂ-വേള്‍ഡ്..

19

അയ്യോ..മറന്നു..തോന്ന്യാശ്രമം..അവരു ബയങ്കര പുള്ളികളാ..ബൂലോക സിനിമാ ഷൂട്ടിംഗൊക്കെ മിനിമം പരിപാടിയാ..

Joker said...

16
എന്തേലുവൊക്കെ ബ്ലോഗി ആര്‍ക്കും വേണ്ടാ, അഗ്രിക്കും വേണ്ടാതെ നടക്കുന്ന അനാഥപ്രേതം പോലെയായ ഈ ഞാന്‍ തുടങ്ങിയ മിണ്‍ടാപ്രാണികള്‍
------------
ഹ ഹ ഹ ശരിക്കും ചിരിച്ചു.

സന്തോഷ്‌ കോറോത്ത് said...

ഹ ഹ ഹ .. പുതിയൊരു വാക്കു പഠിച്ചു ! ലത് തന്നെ ഇതു..യേത് ;)

സൂര്യോദയം said...

ആര്‍ക്ക്‌ വേണം ഈ കുളിയാണ്ടര്‍മാരെ? :-)

മാരീചന്‍ said...

അന്തോണിച്ചാ, കുളിയാണ്ടര്‍ എന്നതിനെക്കാള്‍ ഗുണാണ്ടര്‍ എന്ന പദത്തിനാണ് ഈയുളളവന്റെ ഏരിയയില്‍ പ്രചാരം.

ഏതായാലും നിര്‍വചനം കലക്കി. ആരും മൈന്‍ഡു ചെയ്തില്ലെങ്കിലും എന്ത്, ചെയ്യണം, ചെയ്യരുത് എന്നൊക്കെ വെച്ചു കീറുന്നതു കണ്ട് ചിരിക്കാതെന്തു ചെയ്യും. സുപ്രിം കോടതിയുടെ പതിനൊന്നംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി പാസാക്കിയ വിധിയെക്കാള്‍ കഠിനവും കഠോരവും അലംഘനീയവും തദ്വാരാ പ്രപഞ്ചപ്പൊരുളുമല്ലിയോ ബ്ലോഗിംഗ് സംബന്ധിച്ച ചിലരുടെ വിധിതീര്‍പ്പുകള്‍.


മലയാള ബ്ലോഗ് മാനുവല്‍, ബ്ലോഗ് പെരുമാറ്റച്ചട്ടം, ബ്ലോഗ് പ്രൊസീജിയര്‍ കോഡ്, ബ്ലരണഘടന, എന്നിവ അച്ചടിയിലാണെന്ന കാര്യവും അറിഞ്ഞിരിക്കുമല്ലോ.

ആരൊക്കെ എന്തൊക്കെ ചെയ്യണമെന്ന് സാക്ഷാല്‍ ദൈവം തമ്പുരാന്‍ ഓരോ തലയിലും വരച്ചിട്ടുണ്ട്. അതുപോലെ ആര് എങ്ങനെ ബ്ലോഗണം, അഞ്ച് ബ്ലോഗര്‍മാര്‍ കൂടിച്ചേര്‍ന്ന് എന്ത് ചെയ്യണം, ചെയ്തുകൂടാ എന്നൊക്കെ കട്ടായമായി കല്‍പ്പിച്ചു കളയുന്നവരെ നമുക്ക് ബ്ലളിയാണ്ടര്‍ എന്നു വിളിച്ചാലോ? പദമൊന്നു ലോപിച്ചാല്‍ ബ്ലണ്ടര്‍ എന്നാവുകയും ചെയ്യും...

അന്തോണി ഈയെഴുതിയതില്‍ ഒന്നു കൂടി കൂട്ടിച്ചേര്‍ത്തോട്ടെ..
വായനക്കാര്‍ക്ക് വേണേല്‍ ബ്ലോഗ് വായിക്കാം, ഇഷ്ടപ്പെടാം, ഇഷ്ടമില്ലായ്മ പ്രകടിപ്പിക്കാം, തെറ്റു തിരുത്താം, മിണ്ടാതെയും പോകാം. തീരെയും സഹിക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാം.
പക്ഷേ ബ്ലോഗിങ്ങ് കുളിയാണ്ടറാവരുത്..


കുളിയാണ്ടോക്രസിക്കെതിരെ ഒരു ബ്ലോഗ് അക്കാദമി തുടങ്ങിയാലും സംഗതി ഓടുമെന്ന് തോന്നുന്നു..

ശ്രീവല്ലഭന്‍. said...

:-)

അലിഫ് /alif said...

അനോണിച്ചാ,
കുളിയാണ്ടർ നിർവ്വചനവും ബ്ലോഗിന്റെ സെറ്റപ്പും തമ്മിൽ പൊരുത്തപ്പെടുമെന്ന് തോന്നുന്നില്ല. കുളിയാണ്ടർ ആവശ്യപ്പെടാതെ അഭിപ്രായം വെച്ച് കാച്ചുന്നവരാണ്..പക്ഷേ “കുളിയാണ്ടർ ബോക്സും” (കമന്റ് ബോക്സിനു ഇനി അങ്ങിനെ പറഞ്ഞാലോ..!!)തുറന്ന് വെച്ച്, വരൂ നിങ്ങളുടെ കുളിയാണ്ടറിസം അവതരിപ്പിക്കൂ എന്ന് പറയുന്ന ബ്ലോഗുകളിലെ കമന്റുകൾ എങ്ങിനെ ഈ നിർവ്വചനത്തിൽ പെടുത്തും..? കുളിയാണ്ടർമാരെ തടയാൻ ഗൂഗിളമ്മച്ചി തന്നെ ബ്ലോഗർക്ക് പവർ കൊടുത്തിട്ടുള്ളപ്പോൾ എന്തിനു പേടിക്കണം..!?

“നാലു പേര്‍ ചീട്ടുകളിക്കാന്‍ ഇരുന്നാല്‍ ഒരു കുളിയാണ്ടര്‍ വന്ന് "ഇസ്പേഡ് പത്തെറക്ക്" എന്നു പറഞ്ഞ കളി നശിപ്പിക്കും” - കുളിയാണ്ടർക്ക് ഇത്രയും നല്ല ഒരു നിർവചനം ഇത് വരെ കേട്ടിരുന്നില്ല..നന്ദി

Radheyan said...

നമ്മുടെ സുധാകരന്‍ മന്ത്രി സ്റ്റൈല്‍ വാമൊഴി വഴക്കത്തില്‍ ഞങ്ങള്‍ ആലപ്പുഴക്കാറ് ഇതിനെ കൊണാണ്ടര്‍ കളിക്കുക എന്ന് പറയും.

പണ്ട് മനീന്ദര്‍ സിങ്ങ് എന്ന ക്രിക്കറ്റ് കളീക്കാരന്‍ കളിക്കുന്ന കാലം.കളിയൊന്നും അത്ര വശമില്ലാത്ത ഒരു എക്സ് മിലിറ്ററി കുറച്ച് നേരം റ്റീവിയില്‍ നോക്കിയ ശേഷം എന്നോട് ചോദിച്ചു-ലോ സര്‍ദാര്‍ജിയുടെ പേരെന്ത്?
ഞാന്‍ പറഞ്ഞു-മനീന്ദര്‍ സിങ്ങ്.

പുള്ളി നോര്‍ത്തിലൊക്കെ കുറേ കറങ്ങിയ പത്രാസില്‍ ഒരു കൊണാണ്ടര്‍ ഡയലോഗ്-ഹേ അവന്റെ പേര്‍ മഹീന്ദര്‍ എന്നായിരിക്കും,മനീന്ദര്‍ എന്ന് സിക്കുകാര്‍ ഒരിക്കലും പേരിടില്ല.

ഏതായാലും അന്തോണിച്ചന്‍ പറഞ്ഞതിനടിയില്‍ നിര്‍വ്യാജം ഒപ്പിടുന്നു.
സ്വതന്ത്രമാധ്യമമെന്നൊക്കെ പേരിട്ട് 28 കെട്ടുന്നതിന്‍ മുന്‍പ് തന്നെ ബ്ലോഗിനെ കൊല്ലുമോ?

Sarija NS said...

“........ തുടങ്ങിയ പദവികളെല്ലാം ബ്ലോഗ് ഉടമയില്‍ തന്നെ സംക്ഷിപ്തമാണ്‌ എന്നതാണ്‌ ബ്ലോഗിങ്ങ് നിയമം. വായനക്കാര്‍ക്ക് വേണേല്‍ ബ്ലോഗ് വായിക്കാം, ഇഷ്ടപ്പെടാം, ഇഷ്ടമില്ലായ്മ പ്രകടിപ്പിക്കാം, തെറ്റു തിരുത്താം, മിണ്ടാതെയും പോകാം. “

ദാ അവിടെ.... എന്‍റെ ഒരൊപ്പു കൂ‍ടി :)

Bindhu Unny said...

“കുളിയാണ്ടര്‍” പുതിയ ഒരു വാക്ക് പഠിച്ചു. പറയാന്‍ നല്ല രസമുണ്ട്. :-)

ഭക്ഷണപ്രിയന്‍ said...

ബൂലോകത്തെ ഏറ്റവും വലിയ കുളിയാണ്ടര്‍ അതവാ ഗുണാണ്ടര്‍ അതവാ കൊണാണ്ടര്‍ ആരാ.ബെര്‍ളിയോ ഫാര്‍മറൊ ചിത്രകാരനോ ഇഞ്ചി വലിയമ്മയൊ അഞ്ചര "കണ്ടി"ക്കാരനോ അതൊ ഈ കമന്റിട്ട ഞാനോ

ഹരിത് said...

എമണ്ടന്‍ പോസ്റ്റ് അണ്ണാ. നമിയ്ക്കുന്നു.

ജയരാജന്‍ said...

അനോണിയണ്ണാ :)

ബഷീർ said...

ബൂ ലോകം - മഹാശ്ചര്യം !

രസികന്‍ said...

ഇതാ എന്റെ വക ഒരു കുളിയാണ്ടറിസം :

പ്രിയ എ.ആന്റണീ ( എ.കെ അല്ലാ കെട്ടോ) താങ്കളെന്തിനാണു ബ്ലോഗെഴുതുന്നത് ? ( ഞങ്ങളൊക്കെ പലതും എഴുതി നോക്കിയിട്ടും ആരും കമന്റുന്നില്ല) അതുകൊണ്ട് ഒരു പോസ്റ്റിടാനെടുക്ക്കുന്ന സമയം നിങ്ങൾ നിങ്ങളുടെ പാടത്തും വരമ്പത്തും ചെലവാക്കിയിരുന്നെങ്കിൽ കേരളത്തിലെ കാർഷിക മേഘല ഇത്ര പ്രതിസന്ധി നേരിടില്ലായിരുന്നു ( നിങ്ങളെ എങ്ങിനെയെങ്കിലും തല്ലിയോടിച്ചിട്ടു വേണം ഞങ്ങൾക്ക് ബൂലോകത്തിന്റെ ചക്രമൊന്നു തിരിക്കാൻ ) ഇനി അഥവാ നിങ്ങൾ എഴുതിയെന്നിരിക്കട്ടെ എന്തിനാ ഞങ്ങളോട് ചോദിക്കാതെ പച്ചക്കളറു ബ്ലോഗിനു കൊടുത്തത്? തെറ്റല്ലെ നിങ്ങൾ ചെയ്തത് ( പിന്നെ കറുപ്പിൽ കറുപ്പുകൊണ്ടെഴുതിയാൽ നിങ്ങളെ ഓടിക്കേണ്ട ജോലി ഞങ്ങൾക്ക് കുറഞ്ഞല്ലൊ) .
നിങ്ങൾ ചിലപ്പോൾ പറഞ്ഞേക്കും നല്ലതെഴുതിയാൽ ഹിറ്റ് താനെ കൂടുമെന്ന്. നിങ്ങൾ നല്ലതെഴുതിയാൽ ഞങ്ങൾക്കു കിട്ടില്ലല്ലോ. അതുകൊണ്ട് നിങ്ങളെ കഴിയുന്നിടത്തോളം ചടപ്പിക്കുക എന്നതാണ് ഞങ്ങളുടെ ജോലി ( ഞങ്ങളുടെ കഞ്ഞിയിൽ (കഞ്ഞിവെള്ളം ) നിങ്ങൾ പാറപൊട്ടിച്ചിടരുത് ).

എങ്ങിനെയുണ്ടെന്റെ കുളിയാണ്ടറിസം?

അനിലൻ said...

ഞങ്ങള്‍ തൃശൂരൊക്കെ കുളാണ്ടര്‍ എന്ന് പറയും.

നല്ല പോസ്റ്റ്

സു | Su said...

ഈ പോസ്റ്റെനിക്കിഷ്ടായി.

രസികന്റെ കമന്റും.

:)

Sethunath UN said...

ആന്റണീ
കല‌ക്കി.
അമ്പ‌ലപ്പുഴയിലൊക്കെ “കൊണാണ്ടര്‍” എന്നാണ് പ്രയോഗം. :) എന്തായാലും ടിയാന്റെ നിയോഗം ഒന്നു തന്നെ.

Suraj said...

ഓ..അപ്പൊ അതിന്റെ ശര്യായ ഉച്ചാരണം “കുളിയാണ്ടർ ” എന്നാണല്ല്ലേ ?

ഞങ്ങടെ ഇവിടെയൊക്കെ : ന്നുച്ചാ തിരുവന്തോരം തമ്പാനൂർ മാഞ്ഞാലിക്കുളം ഭാഗത്ത് ഇതിനെ ‘കണ്ട്രാക്ക്’ വിടൽ എന്നാണ് പറയണത് .

വല്ല വീട്ടിലും മരണം നടന്നാൽ അവിടെ വന്ന് സ്വയം പ്രഖ്യാപിത ‘പരികർമ്മി-കം പൂജാരി’ ആയി ആജ്ഞകൾ നൽകുന്ന കാരണോന്മാരെന്നാണ് നമ്മടെ ഒരു കസിൻ നിർവചിച്ചത്.

അന്തോനിച്ചന്റെ പോസ്റ്റ് രസികൻ !

അപ്പു ആദ്യാക്ഷരി said...

അനോനീ, അവധികഴിഞ്ഞെത്തി ഇപ്പോഴാണിതു കണ്ടത്. ഹ..ഹ..ഹ.. ചിരിച്ചു ചിരിച്ചു കുടലുപഴുത്തു. ഗുണാണ്ടറ് എന്നതിന്റെ നിര്‍വ്വചനം കലക്കി. പക്ഷേ കമന്റിയവര്‍ക്കാര്‍ക്കും അനോനി പറഞ്ഞ ഒരു കുളിയാണ്ടറെ മനസ്സിലായില്ല !!