Saturday, August 2, 2008

പ്രവാസവും കേരളവും - പുതിയ സീരീസ് ആമുഖം

പ്രവാസവും കേരളവും എന്ന തുടരന്‍ സമയ പരിമിതി മൂലം മുടങ്ങി മൂലയില്‍ കിടപ്പായിപ്പോയി. ഇപ്പോ കണ്‍റ്റിന്യുവേഷന്‍ പ്രശ്നം. അതുകൊണ്ട് പുതിയൊരദ്ധ്യായത്തില്‍ തുടങ്ങാമെന്നു വച്ചു.

പ്രവാസികളില്‍ മഹാ ഭൂരിഭാഗവും ജോലിക്കാരാണ്‌. കുറച്ചു പേര്‍ സ്വയം തൊഴില്‍ അടിസ്ഥാനത്തിലും. ഒട്ടു മിക്ക ആളുകള്‍ക്കും അവനവന്‍ ജീവിക്കുന്ന നാട്ടിലെ ആദായ നികുതി നിയമങ്ങളെക്കുറിച്ച് "എന്തരോ ടാക്സ് മൊതലാളി പിടിച്ച്, എന്തരോ ഫോറം പൂരിപ്പിച്ചിട്ടാല്‍ അതീന്ന് എന്തരേലും എപ്പഴേലും കിട്ടിയാ രക്ഷ" എന്നല്ലാതെ വലിയ പിടി ഇല്ല.

ഇതില്‍ പ്രശ്നം മൂന്നാണ്‌:
ഒന്ന് : വരുമാനത്തില്‍ ഏകദേശം എത്ര സര്‍ക്കാരിനു പോകുമെന്ന് ഊഹിക്കാനോ അത്യാവശ്യം ടാക്സ് പ്ലാനിങ്ങ് നടത്താനോ സാധിച്ചെന്നു വരില്ല.

രണ്ട് : ന്യായമായും തനിക്കു കിട്ടേണ്ട ഇളവുകളും തിരിച്ചു വരവും പലപ്പോഴും നഷ്ടപ്പെട്ടു പോകും.

മൂന്ന് : ജയിലില്‍ പോയേക്കാം! ഓര്‍ക്കുക, അല്‍ കാപോണിന്റെ ജീവിതത്തിലെ ഇരുമ്പഴി പര്വ്വം കൊള്ളയ്ക്കും കൊലയ്ക്കുമൊന്നുമായിരുന്നില്ല, ആദായ നികുതി കുറ്റത്തിനായിരുന്നു. എന്തിനു മാപ്പുകൊടുത്താലും ഭരണകൂടം ചുങ്കക്കാര്യത്തില്‍ ക്ഷമിക്കില്ല, പിച്ചക്കാരന്‍ പോലും അവന്റെ ചട്ടിയില്‍ കയ്യിട്ടാല്‍ വടിയെടുക്കില്ലേ.

മഹാ ഭൂരിപക്ഷം മലയാളി പ്രവാസികളും ഗള്‍ഫിലാണെന്നത് രക്ഷയായി. കിട്ടുന്ന ചില്ലറയെല്ലാം റ്റാക്സ് ഫ്രീ ആണല്ലോ (എത്ര കാലമോ!). ബ്ലോഗ് എണ്ണം എടുത്തിട്ട് രണ്ടാമത്തെ കൂട്ടര്‍ യു എസ് ഏയില്‍ ആണ്‌. ഇനി ഒരഞ്ചാറു തുടരന്‍ അവര്‍ക്കു വേണ്ടി ആകാം, അവര്‍ക്ക് താല്പ്പര്യമുണ്ടെങ്കില്‍ (വൃധാ വ്യായാമം നടത്തുകയാണെന്ന് തോന്നിയാല്‍ പറഞ്ഞാല്‍ മതി, ആശ്വാസപൂര്വ്വം നിര്‍ത്താം).

ഓര്‍ക്കുക, എല്ലാ നിയമങ്ങളുടെയും അമ്മയായ നിയമം "നിയമം അറിയില്ല എന്നത് ഒരൊഴിവുകഴിവല്ല" എന്നതാണ്‌. അവനവനു ബാധകമായ നിയമങ്ങളെ അറിയുക, ധനനഷ്ടം, മാനഹാനി, ജയില്‍ വാസം, എന്നിവയില്‍ നിന്നും സ്വയം രക്ഷിക്കുക.

ഡിസ്ക്ലെയിമര്‍:
ഇതൊരു വിദഗ്ദ്ധോപദേശമല്ല (അതിനു രൊക്കം കാശു തരണം). നിയമ പാഠപുസ്തകവുമല്ല (അതിനു ട്യൂഷന്‍ ഫീസ് തരണം). എങ്ങനെ നികുതി വെട്ടിക്കാമെന്നല്ല (സത്യം വദ). കുറഞ്ഞ പക്ഷം റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന വിദഗ്ദ്ധനോട് എന്തൊക്കെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നെങ്കിലും അമേരിക്കന്‍ പ്രവാസികളില്‍ ഏറ്റവും കുറഞ്ഞത് ഒരാളിനെ എങ്കിലും മനസ്സിലാക്കിക്കുക എന്നതാണ്‌ ദൗത്യം. ന്നാ തൊടങ്ങാം?

2 comments:

സൂരജ് :: suraj said...

മാഷ് എവിടെയാ തുല്യപ്പെട്ടത് ?

;)

Radheyan said...

ഡോ, ആ ചോദ്യം അനാവശ്യം (എടോ എന്നല്ല ഡോക്ടറേ എന്നാണ് വിളിച്ചത്).

ചക്കാത്തിന് കിട്ടുന്ന ഉപദേശം കേള്‍ക്കാതെ വെറുതേ സിഐഡി പണിക്കിറങ്ങ്....