Thursday, August 21, 2008

പ്രിയ പ്രവാസമന്ത്രിക്ക്

എത്രയും ബഹുമാനപ്പെട്ട പ്രവാസകാര്യമന്ത്രി അറിയാന്‍,
പ്രവാസികളെ കാര്യമായി തന്നെ കാണുന്നതിനു നന്ദി. പത്രം വായിക്കുന്ന ശീലമില്ലാത്തതിനാല്‍ ബ്ലോഗില്‍ നിന്നാണ്‌ വിദേശ ഇന്ത്യക്കാര്‍ക്കു മകളെ കെട്ടിച്ചുകൊടുക്കുന്ന കാര്യത്തെക്കുറിച്ച് സര്‍ക്കാരിന്റെ മുന്നറിയിപ്പ് കണ്ടത്. ഇതുവരെ മദ്യം സിഗററ്റ് തുടങ്ങിയ വസ്തുക്കളിന്മേലെയേ ഇത്തരം യൂസര്‍ കാവിയറ്റ് കണ്ടിട്ടുള്ളൂ, പ്രവാസിക്ക് മോളെക്കെട്ടിച്ചുകൊടുക്കുന്നതുപോലെയുള്ള മറ്റു ഹീനവൃത്തികളിലേക്കും സര്‍ക്കാര്‍ അത് വ്യാപിപ്പിച്ചു കണ്ടതില്‍ വളരെ സന്തോഷമുണ്ട്.
ചില കാര്യങ്ങളില്‍ എനിക്ക് സംശയം തീരാത്തതുകാരണം പരസ്യത്തിന്റെ ചുവട്ടില്‍ കൊടുത്തിരിക്കുന്ന DIRSS@MOLA.NIC.IN എന്ന ഈമെയില്‍ വിലാസത്തിലേക്ക് കത്തയച്ചിരുന്നു. mola.നിക്ക്.ഇന്‍ എന്നൊരു മെയില്‍ സമ്വിധാനം ഇല്ലെന്ന് ഉത്തരം കിട്ടി. ഇനി തല എന്നോ കല എന്നോ ആണോ എന്ന് അറിയില്ല. അതിനാല്‍ കത്ത് ഇവിടെ പോസ്റ്റ് ചെയ്തു പോകുന്നു.
എന്റെ മകളെ വിദേശ ഇന്ത്യക്കാരനു കല്യാണം കഴിച്ചു കൊടുക്കും മുന്നേ പശ്ചാത്തലവും നിയമപരമായ എല്ലാ വിശദാംശങ്ങളും അന്വേഷിക്കണമെന്ന് മാത്രമേ പരസ്യത്തില്‍ കണ്ടുള്ളു, എവിടെ എങ്ങനെ എന്ത് അന്വേഷിക്കണം എന്നു കണ്ടില്ല. എന്റെ മകളെ കണ്ണമ്മൂലയില്‍ കെട്ടിച്ചാലും ഉമ്മല്‍ക്കുവൈനില്‍ കെട്ടിച്ചാലും എനിക്കറിയേണ്ട കാര്യങ്ങള്‍ ഒന്നാണ്‌, അതൊക്കെ എവിടെ അറിയാനാണ്‌ അങ്ങു പറഞ്ഞതെന്ന് മനസ്സിലായില്ല.
പ്രവാസകാര്യവകുപ്പിന്റെ കയ്യില്‍ ആരൊക്കെ എവിടെയൊക്കെ എന്തു ജോലി ചെയ്യുന്നു എന്നതിനു വല്ല രേഖയും ഉണ്ടോ?
ദുബായിലെ കോണ്‍സുലേറ്റില്‍ ചോദിച്ചപ്പോള്‍ എന്ത്ര ഇന്ത്യക്കാര്‍ വന്നു, എത്ര പേര്‍ പോയി, എത്രപേര്‍ ഇവിടെക്കിടന്നു ചത്തുപോയി, എത്രപേര്‍ രോഗികളാണ്‌, എത്ര പേര്‍ക്കു ജോലിയുണ്ട്, ജോലിയുള്ളവരില്‍ എത്രപേര്‍ക്കു ശമ്പളമുണ്ട്, എത്രപേര്‍ കല്യാണം കഴിച്ചതാണ്‌ എന്നൊന്നും അവര്‍ക്ക് ഒരു പിടിയുമില്ല.
ഇനി അവിടത്തെ തൊഴില്‍ മന്ത്രാലയത്തില്‍ തിരക്കാമെന്നു വച്ചാല്‍ അതെല്ലാം ഒരാളുടെ സ്വകാര്യവിവരമാണെന്നും കല്യാണത്തിനല്ല പതിനാറടിയന്തിരത്തിനാണെന്നു പറഞ്ഞാലും പുറത്തു പറയില്ലത്രേ.
സ്യൂട്ടിട്ട മൂന്നാലുപേരും ഒരു പെമ്പ്രന്നോത്തിയും ഇരിക്കുന്ന ഹെഡര്‍ മാസ്റ്റിട്ട വിദേശകാര്യവകുപ്പിന്റെ വെബ് സൈറ്റിലും പോയി നോക്കി. അവിടെയും ഈ വിവരങ്ങളൊന്നും തരുമെന്ന് സൂചനയില്ല. പ്രൊട്ടക്റ്റര്‍ ഓഫ് ഇമിഗ്രന്റ്സിനു സൈറ്റ് ഉണ്ടോ എന്നു തപ്പിയിട്ട് ഗൂഗിള്‍ കൈ മലര്‍ത്തി.
എന്നാറൈ ഹാന്‍ഡുബുക്ക് ഡൗണ്‍ലോഡ് ചെയപ്പ അതില്‍ എങ്ങനെ ഫിക്സഡ് ഡെപ്പോസിറ്റ് ഇടാമെന്നും എങ്ങനെ നാട്ടില്‍ പണം പാഴാക്കാമെന്നും മാത്രമേ കാണാനുള്ളൂ.

പ്രവാസമന്ത്രാലയത്തിലെ ഗവേഷണപ്രബന്ധത്തിലും പഞ്ചാബീനും ആന്ധ്രയീന്നും ഗ്രാമീണ പെണ്‍പിള്ളേരെ കെട്ടി ചതിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകറുണ്ടെന്നും അതിനെതിരേ അഞ്ചെട്ടുസ്ത്രീകളും അത്രതന്നെ പുരുഷന്മാരും അടങ്ങുന്ന ഒരു ഉന്നത സമിതി ഉണ്ടാക്കി എംബസികളും അതത് രാജ്യങ്ങളിലെ ഇമിഗ്രേഷന്‍ വകുപ്പുകളും തമ്മില്‍ എന്തൊക്കെയോ കരാര്‍ ഉണ്ടാക്കുമെന്നും എന്നാറീ കെട്ടാന്ന്നേരം പള്ളീന്നു പോരാഞ്ഞു ഇമിഗ്രേഷനീന്നും എന്തൊക്കെയോ പത്രം വാങ്ങിപ്പിക്കുമെന്നും ഒക്കെ അടങ്ങുന്ന പത്തിരുപതു പേജ് പദ്ധതി കണ്ടല്ലോ? രണ്ടുവര്‍ഷം മുന്നേ ഇറക്കിയ വിളംബരത്തില്‍ പറഞ്ഞിരിക്കുന്ന എന്തെങ്കിലും കാര്യം ചെയ്യുകയുണ്ടായോ? എന്റെ അറിവില്‍ ഒന്നും കണ്ടില്ല.

അങ്ങ് ട്രാസ്ന്‍പോര്‍ട്ട് ബസ്സില്‍ യാത്ര ചെയ്തിട്ടുണ്ടോ? "പോക്കറ്റടി സൂക്ഷിക്കുക" എന്നാണ്‌ അതേല്‍ എഴുതി വച്ചിരിക്കുന്നത് "അടുത്തിരിക്കുന്നവരെ സൂക്ഷിക്കുക" എന്നല്ല. മാത്രവുമല്ല, എഴുതിവക്കേണ്ടത് ബസ്സില്‍ തന്നെയാണ്‌, അയലത്തെ പാപ്പച്ചന്റെ തിണ്ണയിലല്ല.

പിന്നെ ആ ചോറ്റുപാത്രത്തില്‍ ചവിട്ടുന്ന പടം, അതെനിക്കിഷ്ടമായി. ഇലയിട്ടു ചവിട്ടുന്നതാണെങ്കില്‍ കുറച്ചുകൂടെ ക്ലിയര്‍ ആയേനെ.

വിനയപൂര്വ്വം.
ഒരു പ്രജ.

PS
മറ്റേ ബ്ലോഗില്‍ മോള്‍ട റേഷന്‍ കാരണം ഇവിടെ പോസ്റ്റിട്ടതാണു മന്ത്രിജീ, മറുപടി അവിടെത്തന്നെ ഇട്ടാല്‍ മതി, ഇവിടെ വേണ്ട

6 comments:

ശ്രീവല്ലഭന്‍. said...

ha haa ....:-)

ശ്രീവല്ലഭന്‍. said...

അനോണി ആന്റണി,
"പോക്കറ്റടി സൂക്ഷിക്കുക" എന്നാണ്‌ അതേല്‍ എഴുതി വച്ചിരിക്കുന്നത് "അടുത്തിരിക്കുന്നവരെ സൂക്ഷിക്കുക" എന്നല്ല. മാത്രവുമല്ല, എഴുതിവക്കേണ്ടത് ബസ്സില്‍ തന്നെയാണ്‌, അയലത്തെ പാപ്പച്ചന്റെ തിണ്ണയിലല്ല. "

ഇതു വളരെ ഇഷ്ടപ്പെട്ടു. അത് തന്നെ ആണ് stigmatisation എന്ന് ഞാന്‍ മറ്റേ പോസ്റ്റില്‍ ഉദ്ദേശിച്ചത്. നന്ദി.

അതുല്യ said...

വിട മാട്ടേ? പുടവൈ വാങ്കി വര വിടമാട്ടേ?

പ്രിയ പ്രജയ്ക്ക്,
മോളേ കെട്ടിയ്ക്കാന്‍ പോവുമ്പോ, ആ രാജ്യത്തേ ആകെ മൊത്തം ചെറുപ്പക്കാരുടെ ജാതകം എന്തിനാണാവോ? അല്ല, അറിയാന്‍ മേലാഞിട്ട്റ്റു ചോദിയ്ക്കുവാ, ചുമാ അനോണീടെ ആപ്പീസില്‍ കേറി നിങ്ങള്‍ടെ ശംബളം ചോദിച്ചാല്‍ അവിടെത്തേ ഏമാന്‍ പറയോ? അതേ സമയം, എന്തെങ്കിലും തെളിവുമായി, പെണ്ണ് കെട്ട് സംബധിച്ച എന്തെങ്കിലും ഒരു എഴുത്ത് കുത്തിന്റെ തെളിവുമാ‍യിട്ട് ഞാ‍ന്‍ ഇടപാട് നടത്തിയാല്‍ അക്ക്വേറിയത്തിലെ മീ‍ന്‍ കെകയ്യിട്ട് പിടിക്കണ എളുപത്തില്‍ കാര്യം നടക്കും. ഗവ:ഡിപ്പ്.കളില്‍, തേരാ പാരാ നടക്കുന്ന ചെക്കന്‍ പോയി ചുമ്മ പോയിട്ട് ദുഫായ് ഷേയ്ക്കിനു എത്ര ഭാര്യയുണ്ട്? റീജണല്‍ വൈസ് ലിസ്റ്റ് തരോ ന്ന് ഒക്കെ ചോദിയ്ക്കാമോ പ്രിയ പ്രജേ? നിങ്ങള്‍ക്ക് ആരെ കുറിച്ച് എന്തിനായിട്ട് ഡിറ്റേയില്‍ വേണം എന്ന് പറയൂ, വകുപ്പ് മന്ത്രി എന്ന നിലയില്‍ നീഡ് റ്റു നോ ബേസിസില്‍ പറഞ് തരാല്ലോ. ചെക്കന്റെ പാസ്പ്പോറ്ട്ട് കോപ്പി മാത്രം കൂടെ കരുതിയാല്‍ മതി. നിങ്ങള്‍ താമസിയ്ക്കുന്ന പഞ്ചായത്തിലെ രജിസ്റ്റ്രര്‍ അപ്പീസിസില്‍ ഞാന്‍ ഡിസംബറില്‍ ഇറക്കിയ ഈ ബുക്കിന്റെ കോപ്പികാണും. അതിലെ അവസാനം രാജ്യം അനുസരിച്ച കോണ്ടാക്റ്റ് ഡീറ്റേയിത്സ് ഉണ്ട്. പെണ്ണിന്റെ അച്ഛന്‍ തീരെ വിദ്യാഭാസമില്ലാത്തവന്‍ എങ്കില്‍ കൂടിയും അല്പം പരിശ്രമിച്ചാല്‍ ഡീറ്റേയ്യിത്സ് മൊത്തം എടുക്കാവുന്നതാണു. തിരക്ക് പിടിച്ച് മകളെ തീരെ വിവരങ്ങള്‍ അറിയാന്‍ പാടില്ലാത്ത, സാധ്യമല്ലാത്ത ആളുകള്‍ക്ക് കൊടുക്കണ്ടാ എന്നാണു ഞങ്ങളുടെ നോട്ടീസ്. പരസ്യം എല്ലാ ഇന്ത്യന്‍ പത്രങ്ങളിലും അച്ചടിയ്ക്കാന്‍ തീരുമാനിച്ചത് മൂലം നിങ്ങള്‍ടെ അവിടത്തതിലും എത്തിയതാണു. അവിടെ വല്ല തരികിടകളുമുണ്ടെങ്കില്‍ അതിനു മുതിരണ്ട എന്ന് പറയാന്‍. കണക്കനുസരിച്ച് 17,000 ത്തോളം കേസുകള്‍ ഒരു കൊല്ല്ലം എന്നാറി ഉപേക്ഷിച്ച് പോയ വധുക്കളെ കുറിച്ച് രജിസ്റ്റ്രര്‍ ചെയ്യപെടുന്നുണ്ട്.

ആദ്യപടിയായിട്ട് പ്രജ ദയവായി കെട്ടാന്‍ പോ‍ാകുന്ന ചെക്കന്റെ വിസ പേജ് കിട്ടാന്‍ വഴിയുണ്ടോ എന്ന് വീട്ടുകാരോട് ചോദിയ്ക്കുക. അത് കിട്ടികഴിയുമ്പോഴ് ബാക്കി കാര്യങ്ങള്‍ എളുപ്പമാവും, നിങ്ങള്‍ ജെനുവിന്‍ ആയിട്ട് അന്വേക്ഷിച്ചിറങ്ങിയാല്‍. അയല്വാസി ദേവസ്സീടെ ശമ്പളം എന്നാല്‍ അറിഞു കളയാം ന്ന് കരുതി എവിടെം ചെല്ലരുത് ഇതിന്റെ പേരില്‍ ട്ടോ പ്രജേ, നടക്കൂല്ല!

കൊതുകിനെ കൊല്ലു, മലേറിയ അകറ്റൂന്ന് പരസ്യം കാണുമ്പോഴ് സ്റ്റേറ്റ് ഗവണ്മന്റ് ഡിപ്പാര്‍ട്ട്മെന്റിനോട് പൊതു വളപ്പില്‍ ആകെ എത്ര മൊത്തം കൊതുകുണ്ട്, അതില്‍ എത്ര എണ്ണം കടിയ്ക്കും, അതില്‍ എത്ര കടിച്ചാല്‍ പനി വരും എന്നൊക്കെ ഇമെയിലില്‍ ചോദിക്കാമോ? ഒരു അലര്‍ട്ട് ഹെഡ്ലെനിന്റെ റ്റാഗ് ലൈനാണത്. ബാക്കി ഒoക്കെ പൊതുവെ അല്പം വിവരം ഉള്ളവരോട് കൊതു കടിയ്ക്കുമ്പോഴ് ചോദിച്ച് വേണമ മനസ്സില്ലാക്കാന് പ്രജേ.

പ്രിയ said...

അതുല്യേച്ചി പ്രവാസികാര്യം എന്നാറിയെ പേടിപ്പിച്ചതാണ് അമ്മാതിരി പരിപാടിക്ക്‌ പോകല്ലേ എന്ന് പറഞ്ഞു. ഓക്കേ സമ്മതിച്ചു. പക്ഷെ ഈ കല്യാണാലോചന വരുമ്പോള്‍ ഓഫര്‍ ലെറ്റര്‍ പോലെ എന്തെങ്കിലും പയ്യന്റെ വീടുകര്‍ തരുമോ? ഞാന്‍ പയ്യനെ കുറിച്ചന്യോഷിക്കുന്നത് എന്റെ മോളെ കെട്ടിച്ചു കൊടുക്കാന്‍ തന്നെ ആണെന്ന് അവരെ ബോധ്യപെടുത്താന്.

പിന്നെ കേരളത്തിലെ അച്ഛനും അമ്മയും ബോംബയില്‍ ജോലി ഉള്ള പയ്യനെ പറ്റി പോലും നേരിട്ടന്യോഷിക്കാന്‍ എന്തെങ്കിലും വഴി ഉണ്ടോ (ഉദാഹരണം ഉണ്ട് എന്റെ കൈയില്‍. വീട്ടുകാര് നടത്തിയ കല്യാണം. മുംബൈയില്‍ താമസം തുടങ്ങി ഒരു മാസം കഴിഞ്ഞു പെണ്ണറിഞ്ഞു ഒരു ഗുജറാത്തി പെണ്ണിന്റെ ഭര്‍ത്താവിന്റെ ഭാര്യ ആണ് അവള്‍ എന്ന്)

വിവാഹച്ചതികളെ ഒരിക്കലും മറക്കുന്നതല്ല. പക്ഷെ ഒരു പ്രവാസികാര്യ മന്ത്രാലയം ചെയ്യേണ്ടത് ഇതുപോലെ അല്ല. മൂന്നു ദിവസം മുന്നേ അയച്ച, " ഞാന്‍ ഒരു ഗള്‍ഫുകാരനെ വിവാഹം കഴിക്കുമ്പോള്‍ എന്തെല്ലാം അന്യോഷിക്കണം. എവിടെ അന്യൂഷിക്കണം.പയ്യന്റെ എന്ത് ഡോകുമെന്റ്സ്‌ സബ്മിറ്റ് ചെയ്യണം " എന്ന് ചോദിച്ച മെയിലിനു മറുപടി വന്നിട്ടില്ല. സര്ക്കാരിന്റെ കാശ് ചുമ്മാ ചെലവാക്കാന്‍ ആയി പരസ്യം എന്നത് തന്നെ മതിയല്ലോ അവരുടെ ഉത്തരവാദിത്യം അറിയാന്‍. അല്ലെ?

പ്രിയ said...

dirss@moia.nic.in

auto reply kittiyirunnu

Joy Mathew said...

excellent