Wednesday, August 20, 2008

അന്യം നിന്നു പോയത്

കാസ്പിയന്‍ കടുവയെയും അറേബ്യന്‍ ഒട്ടകപ്പക്ഷിയെക്കുറിച്ചുമല്ല.നാട്ടില്‍ അന്യം നിന്നു പോയ പലതും ഞാന്‍ മിസ്സ് ചെയ്യുന്നു. (വയസ്സാകുന്നതിന്റെ ഒരു പ്രധാന ലക്ഷണമാണ്‌ "പണ്ടത്തെക്കാലത്ത്" എന്നു തുടങ്ങുന്നത്.)

1.Religion is the opium of the people - മലയാളത്തില്‍ പറഞ്ഞാല്‍ "കറുപ്പും പള്ളീലച്ചനും തലയ്ക്കു പിടിക്കും" എന്നതുപോലത്തെ സുന്ദരന്‍ സാഹിത്യവും ക്ലോറല്‍ ഹൈഡ്രേറ്റ് ചേരാത്ത കള്ളും നുരച്ചിരുന്ന വയല്‍‌വരമ്പത്തെ കള്ളുഷാപ്പുകള്‍.
അവയെ തെറിയും നാറ്റവും പുകയും ഇരുട്ടും നിറഞ്ഞ ബാറുകള്‍ ഇല്ലാതാക്കിക്കളഞ്ഞു.

2.റേഡിയോ പാര്‍ക്കില്‍ മൈക്കിലൂടെ വരുന്ന വാര്‍ത്ത കേട്ട് കൂടിയിരുന്ന് ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വയസ്സന്മാര്‍.
അവരിപ്പോള്‍ കൊതുകുകയറാതെ സന്ധ്യക്കു ജനലും കൊട്ടിയടച്ച വീട്ടില്‍ ഒറ്റക്കിരുന്ന് ടെലിവിഷന്‍ വാര്‍ത്തയിലെ തല പോയ ശവങ്ങളും കൊച്ചുമകളെ പീഡിപ്പിച്ച പ്രതിയുടെ വിശേഷങ്ങളും കാണുകയാണ്‌.

3. മഴ തിമിര്‍ക്കുന്നതിനിടെ മുറ്റത്തു നിന്നും രണ്ടടിപ്പൊക്കത്തില്‍ നില്‍ക്കുന്ന ജനലിലൂടെ അകത്തേക്ക് ചാടിക്കയറുന്ന കൊച്ചു തലയിണ വലിപ്പമുള്ള പച്ചത്തവള.
അടിയാറുകള്‍ വറ്റിയപ്പോള്‍ അവ പോയി.

4. ചിരട്ടത്തവിയില്‍ ചായയടിക്കുന്ന ചൂടു ദോശയും ചമ്മന്തിയും ഇലക്കീറില്‍ കിട്ടുന്ന കൊച്ചു ചായക്കട. അമേദ്ധ്യമൊഴുകുന്ന ഓടയുടെ പുറത്തു വച്ച തട്ടില്‍ വാള്‍പ്പോസ്റ്റര്‍ മൈദ ച്യൂയിങ് ഗം പോലെ ആക്കിയതില്‍ തീര്‍ത്ത പൊറോട്ടയും എറിത്രോസിനും കാവിപ്പൊടിയും കുഴച്ച മസാലയില്‍ മുക്കി ഒരാണ്ടു മുന്നേയുള്ള ആദ്യ തിളയില്‍ തന്നെ പുകഞ്ഞ എണ്ണയില്‍ പൊരിച്ച ബീഫും വില്‍ക്കുന്നവര്‍ക്കു മുന്നില്‍ അവ തോറ്റുപോയി.

5. ഒരു പൊതിച്ചോറും കയ്യില്‍ പിടിച്ച് ഒരു കുട ചൂടി വര്‍ത്തമാനം പറഞ്ഞ് മെല്ലെ ഏജീസ് ഓഫീസിലേക്കും പി എം ജിയിലേക്കുമൊക്കെ രാവിലേ നടന്നു കയറുന്ന ദമ്പതികള്‍. അവരിപ്പോള്‍ രാവിലേ തമ്മില്‍ മിണ്ടാന്‍ പോലും നേരമില്ലാതെ കാറില്‍ പാഞ്ഞു പോകുകയും വൈകുന്നേരം കുടവയറും കൊളസ്റ്റ്റോളും മാറ്റാന്‍ മ്യൂസിയത്തില്‍ വിയര്‍ത്തും പ്രാകിയും നടന്നും ജീവിതം തീര്‍ക്കുകയാവും.

13 comments:

അങ്കിള്‍ said...

ഇതിൽ അഞ്ചാമത്തെ ഐറ്റത്തിനോടാന്റെ കമന്റ്. വീട്ടിൽ നിന്നും വെളുപ്പാൻ കാലത്തെ അഞ്ചും ആറും കിലോമിറ്റർ കാറോടിച്ച് വന്ന്, മ്യൂസിയം വളപ്പിനു ചുറ്റും മണിക്കൂറിൽ 2 കിലോമീറ്റർ സ്പീഡിൽ 2 രൌണ്ട് ചുറ്റ് മുഴുമിച്ച് നടന്നിട്ട് വീണ്ടും 6 കിലോമിറ്റർ വണ്ടിയോടിച്ച് തിരികെ വീട്ടിലേക്ക് പോയതിനു ശേഷം ഓഫീസ്സിലെത്തുന്ന ദമ്പതിമാർ ധാരാളമുണ്ട് തിരുവനന്തപുരത്ത്. വണ്ടിയോടിക്കുന്നതിനു പകരം നടന്നാൽ പോരെയെന്നൊന്നും അവരോട് ചോദിച്ചു പോകരുതേ.

ഇപ്പോൾ വൈകീട്ട് മ്യൂസിയം കാമ്പൌണ്ടിൽ നടത്തക്കാരെ കൊണ്ട് നിറഞ്ഞുപോയതു കൊണ്ടാൺ പലരും നടത്ത കാലത്തെയാക്കിയിരിക്കുന്നത്. ആന്റണി ശ്രദ്ധിച്ചിട്ടുണ്ടോ, ഓരോരുത്തരുടേയും നടത്തയുടെ പ്രത്യേകതകൾ. അതിനുവേണ്ടിമാത്രം ഒരു പോസ്റ്റു മാറ്റി വെക്കാം, അല്ലേ.

ഒരു കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു കൊല്ലമായിട്ട് മുടങ്ങാതെ നടക്കുന്ന കുറേപേരെങ്കിലും ഉണ്ട്. അവരെ നമിക്കാതെ വയ്യ.അവരിൽ കൂടുതൽ പേരും 75നു മുകളിലുള്ളവർ.

ഇങ്ങനെയൊരു കമന്റിടാൻ അവസരം തന്നതിനു നന്ദി.

നചികേതസ്സ് said...

ചിരട്ടത്തവിയില്‍ ചായയടിക്കുന്ന ചൂടു ദോശയും ചമ്മന്തിയും ഇലക്കീറില്‍ കിട്ടുന്ന കൊച്ചു ചായക്കട...

അന്യ നിന്നു പോയതല്ല ഈ ലോകത്തില്‍ നിലനില്‍ക്കാന്‍ അര്‍ഹതയില്ലാതായി പോയി

Saya said...

സുഹൃത്തേ,

കാലങ്ങളായി നമ്മള് പിന്ന്തുടര്ന്നുപോന്ന പലതും വഴിയില് വെച്ച് കളഞ്ഞുപോയിട്ടുണ്ട്. അതെല്ലാം പെറുക്കി കൂട്ടി വേണം ജീവിതം എന്നാല് അത് അസാദ്ധ്യവുമാണ്. സാഹചര്യങ്ങള്ക്കനുസരിച്ച് മാറുക എന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു നിലനില്പിന്റെ പ്രശ്നമാണ്.
നമുക്ക് നഷ്ടപ്പെട്ടവയില് കുറെ നന്മകളും ഉള്പ്പെട്ടുപോയി എന്നതില് നിങ്ങളെപ്പോലെ ഞാനും ദുഃഖിക്കുന്നു.

നിഷ്ക്കളങ്കന്‍ said...

ഒക്കെപ്പോയി ആന്റണീ :(

ശിവ said...

ഇതൊക്കെ പൂര്‍ണ്ണമായും അന്യം നിന്നു പോയിട്ടില്ല....

വാല്‍മീകി said...

.റേഡിയോ പാര്‍ക്കില്‍ മൈക്കിലൂടെ വരുന്ന വാര്‍ത്ത കേട്ട് കൂടിയിരുന്ന് ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വയസ്സന്മാര്‍.
അവരിപ്പോള്‍ കൊതുകുകയറാതെ സന്ധ്യക്കു ജനലും കൊട്ടിയടച്ച വീട്ടില്‍ ഒറ്റക്കിരുന്ന് ടെലിവിഷന്‍ വാര്‍ത്തയിലെ തല പോയ ശവങ്ങളും കൊച്ചുമകളെ പീഡിപ്പിച്ച പ്രതിയുടെ വിശേഷങ്ങളും കാണുകയാണ്‌.

എന്റെ പഴയ റേഡിയോ മുക്ക് ഓര്‍മ വന്നു..

evuraan said...

ചിരട്ടത്തവിയില്‍ ചായയടിക്കുന്ന ചൂടു ദോശയും ചമ്മന്തിയും ഇലക്കീറില്‍ കിട്ടുന്ന കൊച്ചു ചായക്കട.

വെര്‍തെ വട്ട് പിടിപ്പിക്കാതെ, വേണ്ടിടത്തു് കോമായിട്, കോമ..!?

Inji Pennu said...

ഉവ്വ.
എന്റെ ഒരു സുഹൃത്തിന്റെ വീടിലെ അടുക്കള പുതുക്കിപണിയുകയാണെന്ന് വീട്ടിന്ന് പറഞ്ഞപ്പോ, ആള്‍ ഇതു പോലെ കുറേ സെന്റയിടിച്ചു. ആളിവിടെയാണ്. അപ്പൊ ആളുടെ അച്ഛന്‍, ഉവ്വ നിനക്കിതൊക്കെ അവിടെയിരുന്ന് പറഞ്ഞാല്‍ മതി, ഇവിടെ പുകയും കരിയും കൊണ്ട് ഇരിക്കുന്നത് ഞങ്ങളാണ് എന്ന്.:)

Radheyan said...

അന്തോണിച്ചാ, ഇതല്ലേ ഡാര്‍വ്വിന്‍ പറഞ്ഞ സര്‍‌വൈവല്‍ ഒഫ് ദ ഫിറ്റസ്റ്റ്.

കയ്യൂക്കുള്ളവന്റെ അതിജീവനം എന്ന് പരിഭാഷ.അതില്‍ പൊറോട്ടയുടെ ആക്രമണമാണ് കടുത്തത്.നാട്ടില്‍ മൊത്തം ആറ് മാസം തികച്ച് ചിലവഴിച്ചിട്ടില്ലാത്ത എന്റെ മകള്‍ക്കും പൊറോട്ട മതി.മലയാളിയുടെ ജനിതകവിശേഷം

..:: അച്ചായന്‍ ::.. said...

മഴ തിമിര്‍ക്കുന്നതിനിടെ മുറ്റത്തു നിന്നും രണ്ടടിപ്പൊക്കത്തില്‍ നില്‍ക്കുന്ന ജനലിലൂടെ അകത്തേക്ക് ചാടിക്കയറുന്ന കൊച്ചു തലയിണ വലിപ്പമുള്ള പച്ചത്തവള.
അടിയാറുകള്‍ വറ്റിയപ്പോള്‍ അവ പോയി.

പണ്ടു പിടിച്ചു പൊരിച്ചു തിന്ന പാവം തവളകളെ ഓര്‍മ വന്നു
ഇ പറഞ്ഞതു ഒകെ നഗ്നമായ ത്യങ്ങള്‍ ..മരിച്ചതും മരിക്കുന്നതും അയ സത്യങ്ങള്‍ ..

sv said...

അന്യം നിന്നു പോകാതെ ഇനി എന്തുണ്ട് ബാക്കി....

യൂണിവേഴ്സിറ്റി കോളേജിന്‍റെ മുന്നിലെ മരം മുറിച്ചതു വേദനയോടെ
ആണ് അറിഞ്ഞത്...

ഫൈന്‍ ആര്‍ട്സ് കോളേജിന്‍റെ മുന്നിലെ പഴയ പുസ്തകം വില്‍പ്പന ഇപ്പോളും ഉണ്ടോ ആവോ...

നന്ദി മാഷെ...

ഭൂമിപുത്രി said...

ചെരിഞ്ഞുംമറിഞ്ഞും നോക്കീട്ട് പറന്നകലുന്ന കാവതിക്കാക്കളുടെ ആർപ്പും വിളിയുമൊന്നും രാവിലേ കേൾക്കുന്നില്ലല്ലോന്ന്, നാട്ടിൽ പോകുമ്പോഴൊക്കെ തോന്നാറുണ്ട്,ശരിയാണോ?

ചാത്തങ്കേരിലെ കുട്ടി ചാത്തന്‍ . . . . said...

1) എര്‍ണാകുളത്തിനടുത്ത് ‘മുല്ലപന്തല്‍’ ഷാപ്പില്‍ വരൂ.
2)തിരുവനന്തപുരം കനകകുന്നില്‍ റേഡിയോ പര്‍ക്കും തൃശ്ശൂര്‍ റൌണ്ടില്‍ ചീട്ടുകളികൂട്ടവും ഇന്നുമുണ്ട്.
3)പച്ചത്തവളകള്‍ കുറവാണെങ്കിലും ചെറിയ തവളകള്‍ ഞങ്ങളുടെ വീട്ടില്‍ ധാരാളം ഉണ്ട്.
4)തൃപ്പൂണിത്തുറയിലെ ‘കുഞ്ഞുണ്ണിസ്’ കഫെയില്‍ വന്നാല്‍ ദോശയും ചമ്മന്തിയും കഴിക്കാം
5)പൊതിച്ചോറില്ലെങ്കിലും കൊച്ചുവര്‍ത്തമാനം പറഞ്ഞ് ആഫീസില്‍ പോകുന്ന ദമ്പതിമാരെ കോട്ടയം-എര്‍ണകുളം പാസഞ്ചറില്‍ കാണാറുണ്ട്.

ഇതൊക്കെ ഓര്‍മ്മിപ്പിച്ചതിനു നന്ദി!!!