Saturday, August 2, 2008

അമേരിക്കന്‍ വ്യക്തിഗത ആദായ നിയമം- ഒന്ന്

ഇതെന്റെ ഇരുന്നൂറാമത്തെ പോസ്റ്റ്. നൂറ്റി തൊണ്ണൂറ്റൊമ്പതും സഹിച്ച നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍

പ്രാര്‍ത്ഥന - അടുത്ത ഏപ്രില്‍ പതിനഞ്ചിനെങ്കിലും ഈ തുടരന്‍ ഒരുമാതിരി പൂര്‍ത്തിയാവണേ എന്റെ കൗടില്യഗുരുവേ!

അമേരിക്കന്‍ ആദായ നികുതി നയം:
സോഷ്യലിസ്റ്റ് നികുതി സമ്പ്രദായം പിന്‍ തുടരുന്നതും അതേ സമയം ആഡം സ്മിത്തിന്റെ നികുതിയുടെ നാലുകാല്‍ നയവും (ചിലവില്ലാതെ, കൃത്യസമയത്ത്, കഴിവനുസരിച്ച് സൗകര്യപ്രദമായ മാര്‍ഗ്ഗത്തില്‍ നികുതി പിരിക്കുക) വെല്‍ഫയര്‍ എക്കണോമിസ്റ്റുകളുടെ മൂന്നു താങ്ങും (പുരോഗതിയെ തടസ്സപ്പെടുത്താത്ത, ഒരു രാജ്യം ടാക്സ് അടിച്ചതിനു മേല്‍ കേറി വീണ്ടും അടിക്കാത്ത, പണപ്പെരുപ്പത്തിനെ അഡ്ജസ്റ്റ് ചെയ്യുന്ന നികുതി നയം ) ആണ്‌ യു എസ് ഏയുടേത്. ഏകദേശം ആദര്‍ശാധിഷ്ഠിത ചുങ്കനയം എന്നു തന്നെ പറയാം.

ഏതു വ്യക്തിയാണ്‌ ആദായ നികുതി കൊടുക്കേണ്ടത്?
അമേരിക്കയില്‍ എന്തെങ്കിലും തരം ചുങ്കം ചുമത്തേണ്ട അളവില്‍ ആദായമുള്ള പൗരന്മാരും പ്രവാസികളും സന്ദര്‍ശകരും.

എപ്പോഴാണ്‌ കൊടുക്കേണ്ടത്?
ആദായം നേടുന്നതനുസരിച്ച് നികുതിയും കൊടുത്തുകൊണ്ടേയിരിക്കണം. തല്‍ക്കാലം ഉദ്യോഗസ്ഥരെക്കുറിച്ചാണല്ലോ പരാമര്‍ശം, നിങ്ങളുടെ തൊഴിലുടമ ശമ്പളത്തില്‍ നിന്നും നികുതി പിടിച്ച് സര്‍ക്കാരിലടച്ചുകൊള്ളും. ബന്ധപ്പെട്ട കണക്കുകൂട്ടല്‍ (ഫോറം ഡബ്ലിയു 4) കഴിവതും കൃത്യമായ വിവരത്തോടെ നല്‍കാന്‍ മാത്രം ശദ്ധിച്ചാല്‍ മതിയാവും (വിശദ വിവരങ്ങള്‍ കുറേ കഴിഞ്ഞ ശേഷം)

എന്താണ്‌ ഇന്‍‌കം ടാക്സ് റിട്ടേണ്‍?
ആദായ നികുതി കണക്കുകള്‍ അതാത് കോളങ്ങളില്‍ പൂരിപ്പിച്ച് നികുതിയാപ്പീസില്‍ ബോധിപ്പിക്കുന്ന ഫോറമാണ്‌ ഇങ്കം ടാക്സ് റിട്ടേണ്‍. വ്യക്തികള്‍ക്ക് താഴെക്കൊടുക്കുന്ന സ്റ്റാറ്റസ് പ്രകാരം ഫോറം പത്തു നാല്പ്പത്, ഫോറം പത്തു നാല്പ്പത്, പത്തു നാല്പ്പത് ഏ, പത്തുനാല്പ്പത് ഈസെഡ് (അമേരിക്കന്‍ ഉച്ചാരണത്തില്‍ ടെന്‍ഫോട്ടി ഈസീ) എന്നീ ഫോറങ്ങളവും ബാധകം. www.irsഡോട്ട് gov എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

ഞാന്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണോ?
൧. ഇനിയത്തെ അദ്ധ്യായങ്ങളില്‍ പറയും വിധം ആദായ നികുതി കണക്കു കൂട്ടിയാല്‍ പരിധിക്കപ്പുറത്തു വരുന്നു എങ്കിലോ;
൨. സ്വയം തൊഴിലുകാരനാണെങ്കില്‍ നാനൂറ്‌ ഡോളറില്‍ പുറത്ത് വാര്‍ഷിക ലാഭം ഉണ്ടെങ്കിലോ
൩. നിങ്ങള്‍ ആശ്രിതനെന്നു കാണിച്ച് മറ്റാരെങ്കിലും റിട്ടേണ്‍ കൊടുക്കുകയും നിങ്ങള്‍ക്ക് പ്രതിവര്‍ഷം എണ്ണൂറ്റമ്പത് (കണക്കുകള്‍ വര്‍ഷാവര്‍ഷം മാറാം) ഡോളറില്‍ പുറത്ത് വരുമാനമുണ്ടെങ്കിലോ;
നികുതി അടയ്ക്കാതെ റീഫണ്ട് കിട്ടുന്ന (ടാക്സ് ക്രെഡിറ്റ്) ദരിദ്രനാണെങ്കിലോ;

നിങ്ങള്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം

എന്ന് ഫയല്‍ ചെയ്യണം?
എല്ലാ വര്‍ഷവും ഏപ്രില്‍ പതിനഞ്ചിന്‌ മുന്നാണ്ട് വരുമാനത്തിന്റെ റിട്ടേണ്‍ ഫയലണം. ഫയലിങ്ങിന്‌ ഒക്റ്റോബര്‍ പതിനഞ്ചു വരെ അധിക സമയം കിട്ടും, എന്നാല്‍ ടാക്സ് അടയ്ക്കേണ്ടതിന്‌ ഈ അധിക സമയം ബാധകമല്ല എന്നു ശ്രദ്ധിക്കുക. ഫയലിങ്ങ് സമയം വിദേശത്തായിപ്പോയ ചിലര്‍ക്ക് രണ്ടുമാസം കൂടി അവധി കിട്ടാറുണ്ട്.എന്താണ്‌ ഫയലിങ്ങ് സ്റ്റാറ്റസ്?
അമേരിക്കന്‍ ആദായ നിയമത്തിനു മുന്നില്‍ നികുതി ദായകന്‌ അഞ്ചു സ്റ്റാറ്റസ് ഉണ്ട്

൧. ഒറ്റയാള്‍ (അവിവാഹിതന്‍, അല്ലെങ്കില്‍ ബന്ധം ഒഴിഞ്ഞയാള്‍) - ഡിസമ്പര്‍ മുപ്പത്തൊന്നിനുള്ള വിവരം

൨. ഒറ്റ റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന ദമ്പതികള്‍ - ഡിസമ്പര്‍ മുപ്പത്തൊന്നിനുള്ള വിവരം

൩. വെവ്വേറേ ഫയല്‍ ചെയ്യുന്ന വിവാഹിതര്- ‍ഡിസമ്പര്‍ മുപ്പത്തൊന്നിനുള്ള വിവരം . ഇവര്ക്ക് ജോയിന്റ് വരുമാനം, ഡിഡക്ഷന്‍, എക്സമ്പ്ഷം എന്നിവ പകുതി വീതം അവകാശപ്പെടാം.

൪. വിധവ/വിഭാര്യന്‍
ഭാര്യയോ ഭര്‍ത്താവോ മരിച്ച് രണ്ടു വര്‍ഷം തികയാത്ത, വീണ്ടും വിവാഹം കഴിക്കാത്ത, കുട്ടികളുള്ള കുടുംബം പുലര്‍ത്തുന്ന ആളിനു മാത്രമേ ഈ സ്റ്റാറ്റസ് ലഭിക്കൂ.

൫. കുടുംബനാഥ/ന്‍
സാധാരണ കുടുംബനാഥനല്ല ഇത്. വിവാഹം കഴിക്കാത്തതോ, ബന്ധം ഒഴിഞ്ഞതോ അല്ലെങ്കില്‍ ആറുമാസത്തിനപ്പുറം ഇണപിരിഞ്ഞവരോ ആയ, മക്കളെയോ ആശ്രിതരായ അച്ഛനമ്മമാരെയോ, ദായകന്റെ സ്വന്തം വീട്ടില്‍ പോറ്റുന്ന ആശ്രിത ബന്ധുക്കളെയോ ടാക്സ് വര്‍ഷത്തിലെ ആറുമാസത്തിനപ്പുറം സപ്പോര്‍ട്ട് ചെയ്യുന്ന അമേരിക്കന്‍ പൗരനു മാത്രമേ ഈ സ്റ്റാറ്റസ് ലഭിക്കൂ.

വരും ലക്കം- ശമ്പളം എന്നാല്‍ എന്ത്?

7 comments:

Siju | സിജു said...

ഇരുന്നൂറിനാശംസകള്‍..

സൂരജ് :: suraj said...

ഇനിയുള്ള കാലത്ത് ഉപയോഗപ്പെടുന്ന വിവരങ്ങൾ.. വളരെ നന്ദി :)

എന്നാലും ഒരു ഡൌട്ട്... ഇപ്പൊ ഇതെഴുതാനുള്ള ‘പ്രകോപനം’?

Radheyan said...

സൂരജേ, അന്തോണിച്ചന്റെ ഉപദേശവും സ്വീകരിച്ച് അവിടെ അങ്ങ് തുടരാന്‍ തീരുമാനിച്ചോ?

അച്ചുമാന്‍ (പൂര്‍വ്വസൂരികളും) പഠിപ്പിക്കാന്‍ മുടക്കിയ കാശ് വേസ്റ്റാവുമോ?

അന്തോണിച്ചാ, സി.പി.എ എടുത്തോ അതോ പഠിക്കുന്നോ?

പാഞ്ചാലി :: Panchali said...

അന്തോണീ,ഇരുനൂറാം പോസ്റ്റിനു ആശംസകള്‍. എന്തെ ഇപ്പോളൊരു അമേരിക്കന്‍ ആദായ നികുതി പോസ്റ്റ്? ഏതായാലും കഴിഞ്ഞ ദിവസം iilinois Boad of examiners-നു CPA പാര്‍ട്ട് എക്സാം ആപ്പ്ലിക്കേഷന്‍ (എന്റെയല്ല)അയക്കുമ്പോള്‍ അന്തോണിയെ ഓര്‍ത്തു.

സൂരജ് :: suraj said...

പ്രിയ രാധേയൻസ്.. :)

നോ നെവർ... ഇതൊരു 7 വർഷത്തെ കാര്യം..അത്രേന്നേ...

കോറോത്ത് said...

ഇരുനൂറാം പോസ്റ്റിനു ആശംസകള്‍ :)

മൂര്‍ത്തി said...

ആശംസകള്‍...ഇരുനൂറ് ഇരുനൂറ് ആശംസകള്‍..