Saturday, August 30, 2008

ആട്‌, ഫ്ലാറ്റ്‌, ബ്ലേഡ്‌, മാഞ്ചിയം

രണ്ടീസം തിരുവന്തോരത്ത്‌ പെയ്യിരുന്ന്, ഒരു കല്യാണം കൂടാന്‍. നാട്ടിലെ കാര്യങ്ങളൊക്കെ അറിഞ്ഞിട്ട്‌ ചിരിക്കണോ കരയണോ എന്ന് ഒരു പിടിയുമില്ല.

കെട്ടിടങ്ങള്‍ അങ്ങനെ പൊങ്ങിക്കേറുകയാണ്‌, നാട്ടുകാര്‍ക്ക്‌ ഫ്ലാറ്റില്‍ മഞ്ഞപ്രാന്ത്‌ മൂത്ത്‌. രണ്ട്‌ മൊളവും കറിയേപ്പിലേം പിച്ചാനൊരു അടുക്കളത്തോട്ടവും പട്ടിയെ ഇടാന്‍ ഒരു കൂടും രാവിലേ കാലു നീട്ടിയിരുന്ന് ചെറിയ വെയിലും കൊണ്ട്‌ പത്രം വായിക്കാന്‍ ഒരു തിണ്ണയുമുള്ള ഒരു കൊച്ചു വീടിനു നഗരപ്രാന്തത്തില്‍ കൊടുക്കണ്ട വിലയിലും അധികമാണ്‌ നഗരത്തിനകത്തെ രണ്ടുമുറി നരകത്തിനു വില. ഇതെന്തു കുന്തമെന്ന് അന്തം വിട്ടു നോക്കി നടന്നിട്ടു പോന്നു. എടയ്ക്ക്‌ ഒരു മച്ചു വന്ന് വിളിച്ച്‌ വേട്ടാവളിയന്‍ നിലം തൊടാമണ്ണു കാക്കുന്നതുപോലെ സര്‍ക്കാരീന്നു അയ്യേയെസ്സേമാന്മാരും ന്യായാസനങ്ങളും രാഷ്ട്രീയ കുത്തകവ്യാപാരികളും ചേര്‍ന്ന് അടര്‍ത്തി എടുത്തു മേലേ കാക്കുന്ന ഗോള്‍ഫ്‌ ക്ലബില്‍ ബീയറടിക്കാന്‍ കൊണ്ടുപോയ വഴി രണ്ടുമൂന്നു "ബില്‍ഡര്‍"മാരെയും കണ്ടു. അവരോട്‌ ഫ്ലാറ്റുപുരോഗതി ത്ജിരക്കിയപ്പോ കേട്ട രണ്ടു ബില്‍ഡര്‍ക്കഥകള്‍:

ബില്‍ഡര്‍ ഒന്ന്- പാപ്പര്‍. ബില്‍ഡിങ്ങേല്‍ ഫ്ലാറ്റ്‌ വാങ്ങിയവര്‍- ഊളന്‍പാറയില്‍ പോകാവുന്ന പരുവത്തില്‍ നടപ്പുണ്ട്‌.

ഡിമാന്‍ഡ്‌ ഇപ്പോ സീവ്യൂ, റിവര്‍വ്യൂ, റെയര്‍ വ്യൂ എന്നിവയ്ക്കായതുകൊണ്ട്‌ ഇദ്ദേഹം കിള്ളിയാര്‍ കൊച്ചാര്‍ അച്ചാര്‍സ്ഥാനത്ത്‌ ഒരു പത്തിരുപതു നില
അങ്ങു കെട്ടാന്‍ തീരുമാനിച്ചു. കെട്ടിടത്തിനും നദിക്കും ഇടയ്ക്ക്‌ റോഡില്ലേല്‍ നദിയില്‍ നിന്നും അമ്പതു മീറ്റര്‍ ദൂരത്തേ കെട്ടിടം വയ്ക്കാവൂ എന്ന് പരിസ്ഥിതി നിനയം . പരിസ്ഥിതി മണ്ണാന്‍കട്ട. പുള്ളിക്കാരന്‍ കുറച്ചേറെ ലക്ഷങ്ങള്‍ ഒരു ഭരണത്തലവനു നല്‍കി പെര്‍മിറ്റങ്ങു വാങ്ങി. പത്തിരുപതു നില കെട്ടിപ്പൊക്കി. കിള്ളിയാറ്റിന്റെ കരയില്‍ വീടും കുടിയുമില്ലാത്ത ചേരിക്കാര്‍ രാവിലേ വെളിക്കിറങ്ങുന്ന മനോഹര ദൃശ്യം വ്യൂവായുള്ള ഫ്ലാറ്റ്‌ ഓരോന്ന് അരക്കോടി വരെ വിലയ്ക്ക്‌ അങ്ങോട്ട്‌ വിറ്റു തീരാറായപ്പോഴാണ്‌ ഇടയ്ക്ക്‌ ഫരണം മാറി കേറിവന്ന പുതിയ കേരള സര്‍ക്കാര്‍ സംഗതി അറിഞ്ഞത്‌. ഫ്ലാറ്റ്‌ സമുച്ചയം അങ്ങോട്ട്‌ അടച്ചു. പഴേതിന്റെ ഇരട്ടി ലക്ഷങ്ങള്‍ കൊടുക്കാമെന്നും സകലമാന മന്ത്രി മക്കള്‍ക്കും അതേല്‍ ഫ്ലാറ്റും കൊടുക്കാമെന്നും പറഞ്ഞു നോക്കി. ങേ ഹേ. ബില്‍ഡര്‍ തകര്‍ന്നു. പത്തും മുപ്പതും വര്‍ഷം ഗള്‍ഫില്‍ വിയര്‍ത്തതും സ്വാശ്രയിച്ച്‌ എം ബി ബി എസ്സ്‌ എടുത്തതിന്റെ കൂലി അമ്മാവിയപ്പനോട്‌ വാങ്ങിയതും ഗ്രാറ്റുകുറ്റിയും കള്ളപ്പണവും ഒക്കെയായി പല മനുഷ്യരും കൊടുത്ത ഫ്ലാറ്റുവില ഗോവിന്ദാ. കെട്ടിടം ഇടിക്കാനുള്ള നോ ഹൌ സര്‍ക്കാരിനു ഇല്ലാത്തതുകാരണം ഇപ്പോ അടച്ചു പൂട്ടി സീല്‍ ചെയ്തു ഇരിപ്പുണ്ട്‌.


രണ്ടാമത്തെ കൂറ്റന്‍ സമുച്ചയം കേരളത്തിലെ നമ്പര്‍ വണ്‍ തന്നെ ഉണ്ടാക്കിയതാണ്‌. സംഗതി കവടിയാര്‍
കൊട്ടാരം വ്യൂ. തീവിലയ്ക്ക്‌ വാങ്ങിയ സാധുക്കള്‍ ഇപ്പോള്‍ ബാര്‍സ്റ്റൂളില്‍ നിന്നും തേളുകുത്തിയ മങ്കിയെപ്പോലെ എന്തൊക്കെയോ ചെയ്തു നടപ്പുണ്ട്‌.

ബില്‍ഡിയപ്പോള്‍ അറിഞ്ഞില്ലത്രേ കവടിയാര്‍ എന്ന പ്രൌഢഗംഭീരമായ സ്ഥലത്തിന്റെ ഒരു കുഞ്ഞുകോണ്‍ നില്‍ക്കുന്നത്‌ കുറവന്‍കോണം പഞ്ചായത്തിലാണെന്ന്. സംഗതി കെട്ടി തീര്‍ന്നപ്പോള്‍ കറണ്ടുമില്ല, വെള്ളവുമില്ല. പഞ്ചായത്തിനു ഇതിനൊരു പെര്‍മിറ്റ്‌ കൊടുക്കാന്‍ അധികാരവുമില്ല, കൊടുത്ത നഗരസഭയ്ക്കു ഉഗ്രപ്രതാപിയെ കണ്ടു വെപ്രാളം കേറീട്ടാണോ എന്തോ ആ കോണ്‍ കുറവന്‍ കോണത്താണെന്ന് ഓര്‍മ്മയും വന്നില്ല.


അങ്ങനെ പോണു ഫ്ലാറ്റു വിശേഷം. വേറേയും വിശേഷം. പ്രിയ മലയാളി സഹോദരങ്ങളേ, നിങ്ങളുടെയൊക്കെ മക്കള്‍ പഠിക്കാന്‍ എഴുതിയ പാഠപുസ്തകങ്ങള്‍ അവര്‍ക്ക്‌ പരൂക്ഷ ജയിക്കാന്‍ മാത്രമുള്ളതല്ല കേട്ടോ, അതേല്‍ ചില കാര്യമുണ്ട്‌. ഉദാഹരണത്തിനു പ്ലസ്‌ ടൂ ധനതത്വശാസ്ത്ര പുസ്തകത്തില്‍ ന്യായമായൂം കാണേണ്ട ഒരു കാര്യം (ഉറപ്പില്ല, ഞാന്‍ പ്ലസ്‌ റ്റൂ പഠിച്ചിട്ടില്ല) .

പ്രതിഫലത്തിന്റെയും (return) നഷ്ടസംഭാവ്യതയുടെയും (risk) തോത്‌ അനുകൂലാനുപാതത്തിലേ നീങ്ങൂ എന്നാണ്‌ ആ ലളിതമായ പാഠം. അതു പഠിക്കാന്‍ സ്വല്‍പ്പം കോമണ്‍ സെന്‍സ്‌ ഉണ്ടായാലും ധാരാളം മതി.

ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ രണ്ടാഴ്ച്ച കഴിയുമ്പോള്‍ ഒരുലക്ഷത്തി
ഇരുപതിനായിരം രൂപ തരാമെന്ന് ഒരു സ്ഥാപനം വാഗ്ദാനം ചെയ്യുന്നു. അതായത്‌ മാസം 40 ശതമാനം രണ്ടേല്‍ കൂട്ടു പലിശ വര്‍ഷം അഞ്ഞൂറ്റി ഇരുപതു ശതമാനം ഇരുപത്തഞ്ചേല്‍ കൂട്ടു പലിശ. കേരളത്തില്‍ ന്യായമായ എന്തു ബിസിനസ്സ്‌ ചെയ്താലും ഇരുപതു ശതമാനം അടുത്താണ്‌ ആദായം. എങ്ങനെ ഈ അഞ്ഞൂറ്റിരുപതു നിങ്ങള്‍ക്കു തരാന്‍ മാത്രം ഒരു സ്ഥാപനം ആദായമുണ്ടാക്കും?

എന്തരായാലും ശരി തിരുവന്തോരത്തെ ഒരുപാടു പേരുടെ പെന്‍ഷന്‍ കമ്യൂട്ട്‌ ചെയ്തതും ഗ്രാറ്റുകുറ്റി ഊരിയതും കൈക്കൂലി സ്വരൂപിച്ചതും കെട്ടിയവളെ മണ്ണെണ്ണയൊഴിച്ചു കത്തിക്കുമെന്ന് പറഞ്ഞ്‌ അമ്മാവിയപ്പനെ ഊറ്റിയതും എല്ലാമായി ആ സ്ഥാപനം മാഞ്ഞു പോയി. ആളെ പൊക്കി ഒരു ചെറിയ ഓഹരിയെങ്കിലും പിരിക്കാന്‍ കഴിഞ്ഞാല്‍ കഞ്ഞിക്കുള്ള കാശെങ്കിലും നിക്ഷേപകര്‍ക്ക്‌ കിട്ടുമായിരിക്കും.

അങ്ങനെ പോണു നാട്ടു വിശേഷം.

8 comments:

പാഞ്ചാലി :: Panchali said...

പോസ്റ്റ് ഇഷ്ടമായി അന്തോണീ...

നാട്ടില്‍ ഫ്ലാറ്റ് വാങ്ങാന്‍ പോയി "അനുഭവിച്ച" പല സുഹൃത്തുക്കള്‍ ഞങ്ങള്‍ക്കുണ്ട്‌.
എത്ര അന്വേഷിച്ചിട്ടു വാങ്ങിയാലും പണി തുടങ്ങിക്കഴിഞ്ഞാല്‍ ഓരോരൊ പ്രശ്നങ്ങള്‍ (പരിസ്ഥിതി, രാഷ്ട്രീയ പകപോക്കല്‍, ബ്യൂറോക്രസി, ബില്ഡറുടെ കെടുകാര്യസ്ഥത തുടങ്ങിയവ വഴിയുണ്ടാകുന്ന) സാധാരണമാണ് പോലും! കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്നതിനു കുറെ കപട രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും!

ഈ പോക്ക് പോയാല്‍ ഞങ്ങള്‍ക്കൊക്കെ ഇവിടുത്തെ വീട് വിറ്റാല്‍ കൂടി നാട്ടില്‍ ഒരു വീട് വാങ്ങാന്‍ പറ്റുമെന്ന് തോന്നുന്നില്ല.

ആ അമിത പലിശ സ്ഥാപനത്തെപ്പറ്റിയുള്ള ന്യൂസ് വായിച്ചപ്പോള്‍ പറ്റിക്കപ്പെട്ടവരെപ്പറ്റി ഓര്‍ത്തു ചിരിക്കണോ അതോ കരയണോ എന്നൊന്ന് സംശയിച്ചിരുന്നു.

Ambi said...

അരക്കോടിയ്ക്ക് താഴേക്കൊടുത്താല്‍ ഇവിടെ ആംഗലേയ മഹാസാമ്രാജ്യത്തില്‍ മിറ്റത്ത് പോലീസാപ്പീസും നല്ല വായുവും വ്യൂവും നാലടിയപ്പുറത്ത് ഗവണ്മെന്റ് ആശൂത്രിയും (നാട്ടിലെ ആശൂത്രിയല്ല) ഒക്കെയുള്ള സകല കുന്ത്രാണ്ടങ്ങളും (അലക്കുമെഷീന്‍, തീന്‍‌വയ്പ്പുമെഷീന്‍,സോഫാ, കട്ടില്‍‍,അലമാര,മേശ കസേരാദികള്‍) മൂന്നുമുറി(+ലിവിങ് റൂം, സ്റ്റഡി, ബാത്ത് കക്കൂസ് ഫ്ലാറ്റ് വാങ്ങിയ്ക്കാം).കേറിയങ്ങ് താമയിച്ചാ മതി. വേണോന്ന് ചോയിച്ചോണ്ട് ഇന്നലേം പെങ്കൊച്ച് വിളിച്ച്..

കൊച്ചീല് ആ നാറ്റകൂടാരത്തിന്റെ നടുവില് തലങ്ങും വെലങ്ങും അണ്ടിയാപ്പീസിലെക്കാളും പൊകേം വിട്ട് ചെവിപൊട്ടണ ഹോണുമടിച്ച് വണ്ടിയോടിയ്ക്കണ റോട്ടിന്റെ ഓരത്ത് (ഇതുപോലെ ഇനി പെര്‍മിറ്റിന്റെ കാര്യമെന്താന്നോ എന്തോ??)ഇവിടന്നൊരു മണ്ടന്‍ പോയി ഫ്ലാറ്റിനു അഡ്വാന്‍സും കൊടുത്തേച്ച് വന്നിരിപ്പുണ്ട്. രൂപാ ഒരു കോടിയടുത്ത്.

നമ്മടെ നാടെങ്ങോട്ടെന്റപ്പനേ?

vadavosky said...

നാട്ടുവിശേഷം കുറേക്കൂടി എഴുതൂ ആന്റണി.

എതിരന്‍ കതിരവന്‍ said...

നാളികേരത്തിന്റെ നാട്ടില്‍ നാഴിയിടങ്ങഴി മണ്ണുണ്ട്, നാരായണക്കിളിക്കൂടു പോലുള്ളൊരു നാലുകാലോലപ്പുരയുണ്ട് എന്ന് തന്നെക്കുറിച്ച് പാടിയത് പ്രവാസിക്ക് നാണക്കേടായി. അതിനും മുന്‍പ് നാടുകാര്‍ക്കും. എങ്ങനെയെങ്കിലും മുകളില്‍ കയറി താമസിക്കണം. മിറ്റമോ മരമൊ ഊഞ്ഞാലോ ഒക്കെ ഫ്യൂഡല്‍ സംസ്കാരമല്ലെ?പിള്ളേര്‍ അറിയാതെ പൂപറിച്ച് കളമിട്ടെങ്കിലോ? മണല്‍ വാരി ഓടി വരുമ്പോള്‍ ഹൈദരാലിയെ തട്ടിക്കളയേണ്ടേ?

എറണാകുളം ഭാഗത്തുള്ള ഹൈ റൈസില്‍ പലതിലും റൈസ് വേകുന്നില്ല, അടച്ചിട്ടിരിക്കുകയാണെന്നു കേട്ടു.

കച്ചവടം നഷ്ടമാകുന്നതിലെ അനോണിയ്ക്ക് സങ്കടമുള്ളോ? പാര്‍പ്പിടസൌകര്യമില്ലാതെ ബുദ്ധിമുട്ടുകയാണോ മലയാളി?

ഇടുങ്ങിയ ഫ്ലാറ്റില്‍, വളരെ പൊക്കത്തില്‍ താമസിക്കാന്‍ എന്താണ് മലയാളിയെ പ്രേരിപ്പിക്കുന്നത്?

ശാലിനി said...

"vadavosky said...
നാട്ടുവിശേഷം കുറേക്കൂടി എഴുതൂ ആന്റണി."

Please.....

സിമി said...

ആന്റണീ,

ഞാനും കൊച്ചിയില്‍ ഒരു ഫ്ലാറ്റ് വാങ്ങി. വീടും സ്ഥലവും വാങ്ങണമെന്ന് ഉണ്ടാരുന്നേലും കാശില്ലായിരുന്നു. 25.5 ലക്ഷത്തിന്റെ ഫ്ലാറ്റ് വാങ്ങാന്‍ 15% കൊടുത്താല്‍ മതിയായിരുന്നു - 3.75 ലക്ഷം. ബാക്കി അവരുതന്നെ ലോണാക്കിത്തരും. അങ്ങനെ ലോണടയ്ക്കുന്നു.

സ്ഥലവും വീടും വാങ്ങാനുള്ള കാശ് അങ്ങനെയാണോ? സ്ഥലം തന്നെ വാങ്ങണമെങ്കില്‍ അപ്പൊ കൊച്ചിയില് സെന്റിന് 3-4 ലക്ഷത്തിനു മുകളിലായിരുന്നു വില. ഒരു ബാങ്കും സ്ഥലത്തിന് ലോണ്‍ തരില്ല - എന്തെങ്കിലും ഈട് ഇല്ലാതെ. വീടുവെയ്ക്കാനുള്ള കാശ് വേറെയും.

ഇതൊക്കെക്കൊണ്ടല്ലേ ഫ്ലാറ്റ് വാങ്ങുന്നത് - ചുളിവിന് കേറിക്കിടക്കാന്‍ ഒരിടം.

മൂര്‍ത്തി said...

ഒരു വാതില്‍ അടച്ചാല്‍ സ്വന്തമായൊരു ലോകം എന്ന് മാധവിക്കുട്ടി ഫ്ലാറ്റിനെക്കുറിച്ച് പറഞ്ഞതും ഓര്‍മ്മ വരുന്നു.

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You