ആരാണ് കേരളത്തിലെ പരമദരിദ്രന്?
ദാരിദ്ര്യമോ അതെന്ത് എന്നു മറുചോദ്യമുണ്ടാവാതെയിരിക്കാന്‍ ആദ്യമേ ഒഴിഞ്ഞേക്കാം. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ത്രെഷോള്‍ഡ് ഒരു ദിവസം പത്തുരൂപ ആണ്. അന്താരാഷ്ട്രത്തില് പൊതു നിലവാരമായ ഡോളര്‍ ഏ ഡേയുടെ നാലിലൊന്ന്. മാസം മുന്നൂറു രൂപ പ്രതിശീര്‍ഷം അല്ലെങ്കില്‍ ആയിരത്തഞ്ഞൂറു രൂപ പ്രതികുടുംബം വരുമാനമില്ലാത്തവരെ കേരളത്തില്‍ പരമദരിദ്രര്‍ (ആഹാരം വസ്ത്രം മരുന്ന് എന്നിവയ്ക്ക് നിവൃത്തിയില്ലാത്തവര്‍) എന്നു പരിഷത്ത് കണക്കില്‍ കൊള്ളിക്കുന്നു.
കേരളത്തിലോ, അങ്ങനെ ശരിക്കും ആളുകള്‍ ഉണ്ടോ? വിശ്വസിക്കാന്‍ പറ്റുന്നില്ലല്ലോ, അല്ലേ? അതാണ് പഴങ്കഥയിലെ അമ്പട്ടന് വീക്ഷണം. ആറു മലയാളിയില്‍ ഒരുത്തന് അങ്ങനെയാണ്. (അഞ്ചിലൊരാള്‍ രിദ്രനെന്ന് സര്‍ക്കാര്‍ കണക്ക്, പരിഷത്ത് വച്ച ദാരിദ്ര്യരേഖ അല്‍പ്പം താഴെയായതുകൊണ്ട് ആറായി).
അല്ല, കൂലിവേലയ്ക്ക് ഇരുന്നൂറു രൂപ കിട്ടുന്ന കേരളത്തിലോ? നാലു തേങ്ങയിടാന്‍ ആളെ വിളിച്ചാല്‍ കിട്ടാനില്ലാത്ത കേരളത്തിലോ എന്നൊക്കെയായോ ഇപ്പോള്‍ സംശയം? അതാണ് ഫ്രിക്ഷണല്‍ എമ്പ്ലോയ്മെന്റ് ഡിസോര്‍ഡര്‍. അതൊക്കെ പറഞ്ഞാല്‍ കാടു കേറിപ്പോകും. തല്ക്കാലം ഇത്രയുമോര്ത്താല്‍ മതി, ഒരു കുടുംബനാഥനു ബസ്സില്‍ ക്ലീനറായി ജോലിയാണെന്നും അവനു രണ്ടായിരം രൂപ മാസശമ്പളമുണ്ടെന്നും വയ്ക്കുക. കുടുംബത്തില്‍ വയസ്സായ മാതാപിതാക്കളും ഗൃഹനാഥയായ ഭാര്യയും നാലു മക്കളും ഉണ്ടെങ്കില്‍ പ്രതിശീര്‍ഷം പ്രതിമാസവരുമാനം ഇരുന്നൂറ്റമ്പതു രൂപയാണ്. അതായത് മുഴുപ്പട്ടിണി. (യൂ എന്‍ അന്താരാഷ്ട്ര കണക്ക് അനുസരിച്ച് ഇയാള്‍ക്ക് മാസം പതിനായിരം രൂപ വരുമാനമുണ്ടെങ്കിലും പുള്ളി ദരിദ്രനാണ്, അതു പോട്ടെ)
അല്ല, അപ്പോള്‍ ആരാണു കേരളത്തിലെ ദരിദ്രന്മാര്?
പരിഷത്ത് പഠനത്തിലെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം കണ്ട ആരും അത്ഭുതപ്പെടില്ല. കര്‍ഷകത്തൊഴിലാളികളാണ് ദരിദ്രനാരായണ്മാരില്‍ ഭൂരിപക്ഷം. മൂന്നിലൊരു കര്‍ഷകത്തൊഴിലാളി പട്ടിണിക്കാരനാണ്. (ആത്മഹത്യ ചെയ്യുന്ന ഭീരുക്കളെന്നോ വിയര്‍ത്തു പണിയെടുക്കാന്‍ ഇഷ്ടമില്ലാത്തവരെന്നോ തമിഴനെക്കണ്ടുപഠിക്കാനോ എന്താന്നു വച്ചാല്‍ പറഞ്ഞാക്ഷേപിച്ചു രസിച്ചുകൊള്ളൂ). തല്ക്കാലം അവരെക്കുറിച്ചല്ല പറയുന്നത്.
രണ്ടാമത്തെ വലിയ സംഘം പരമദരിദ്രര്‍ ആരാണെന്നോ?
പ്രവാസിയുടെ കുടുംബം. വിദേശത്തുള്ള അംഗത്തിന്റെ ഡ്രാഫ്റ്റും കാത്തിരിക്കുന്ന കുടുംബങ്ങളില്‍ മൂന്നിലൊന്ന് പരമദരിദ്രരാണ്. അത് ഒരു ന്യൂനപക്ഷമല്ല എന്നത് മറ്റൊരു വിശേഷം. കേരളത്തിലെ മൊത്തം പരമദരിദ്രരില്‍ പത്തൊമ്പത് ദശാംശം രണ്ട് ശതമാനവും വിദേശമലയാളിയെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളാണ്. അല്ല ശരിക്കും ദരിദ്രവാസി പ്രവാസിയോ?
അവരെ അറിയില്ല അല്ലേ? അത്ഭുതമൊന്നുമില്ല. ഏഷ്യാനെറ്റ് സംഗീതോത്സവം കാണാന്‍ അവര്‍ സ്യൂട്ടില്‍ കയറി വരാറില്ല. ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ സമയത്ത് "ചേച്ചി ഇത്തവണ ഗോള്‍ഡ് ആണോ ഡയമണ്ട് ആണോ വാങ്ങുക" എന്ന ചോദ്യവുമായി വഴിയില്‍ നടക്കുന്ന ചാനല്പ്പെണ്ണിനും അവര്‍ പിടികൊടുക്കില്ല. പുറത്തിറങ്ങാറുതന്നെയില്ല അവര്‍, പുറത്തിറങ്ങിയാല്‍ പണം ചിലവാകും. ചിലര്‍ക്ക് മുഖത്തൊക്കെ അടയാളം കാണാം. മാല്‍നുട്രീഷന്‍ എന്നു പറയും ആംഗലേയം. വര്‍ഷങ്ങളായി ഒരു നേരം കഴിക്കുന്ന ആഹാരം ഖുബൂസ് എന്ന അറബി റൊട്ടിയും ഒരു കഷണം ഉള്ളിയുമാണ്. നാട്ടില്‍ തീപൂട്ടാത്ത അടുപ്പു നോക്കി ഇരിക്കുന്ന വൃദ്ധയ്ക്കും തലയില്‍ കൈവച്ചു വെറുതേയിരിക്കുന്ന യുവതിക്കും ഇതൊക്കെത്തന്നെ ഗതി.
ആരാണ് ഇവരെ ഇങ്ങനെയാക്കിയത്?
ഇതല്ലെങ്കില്‍ കാര്‍ഷികവൃത്തിയോ മറ്റെന്തെങ്കിലുമോ ചെയ്ത് നാട്ടില്‍ തന്നെ ദരിദ്രരായി കഴിയേണ്ടവരാണ് മിക്കവരും- ഹോം മാര്‍ക്കറ്റിലുള്ളതിന്റെ പലമടങ്ങ് വിലയൊന്നും അന്താരാഷ്ട്രത്തിലും കിട്ടില്ലല്ലോ.
ഒന്നാമത്തെ വില്ലന്‍ ഗള്‍ഫ് മലയാളി തന്നെ. ഗള്‍ഫില്‍ പോയി എന്തോ നേടിയെന്നും അവിടെ എന്തൊക്കെയോ മലമറിക്കുകയാണെന്നും നാട്ടില്‍ പറഞ്ഞു പരത്തി ആളുകള്‍ക്ക് ഇല്ലാത്ത ഒരു ചിത്രം ഗള്‍ഫിനെക്കുറിച്ച് വരച്ചു കാട്ടുന്നവര്‍.
രണ്ടാമത് നില്ക്കുന്നു ചാനലുകളും പത്രങ്ങളും നാട്ടുവര്‍ത്തമാനക്കാരും. കെന്റ് സിഗററ്റ് വലിക്കുന്ന, ചന്തയില്‍ മീന്‍വില കൂട്ടുന്ന, വാക്ക് മാന്‍ (അതെന്തു കുന്തം? ) ചെവിയില്‍ വച്ച് നടക്കുന്ന, കാശിനു വിലയില്ലാത്ത വിഢ്യാസുരനെയും സ്പോര്‍ട്ട്സ് കാറ് ഓടിച്ചു പോയി ബിസിനസ്സും കള്ളക്കടത്തും നടത്തുന്ന ഗള്‍ഫുകാരനെയും കാണിച്ച് മതിയായില്ല ഇനിയും അവര്‍ക്ക്. ഒരുമാസം ദുബായി ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ കൊണ്ടാടുന്ന ചാനലുകള്‍ (ഓണം പോലും ഇങ്ങനെ കവര്‍ ചെയ്യില്ല, എന്താണോ ഇതിനു കേരളത്തില്‍ ഇത്ര പ്രാധാന്യം) അതും പോരാഞ്ഞ് സീരിയലും ഇവിടെത്തന്നെയാക്കി. പലരും അറിഞ്ഞുകൊണ്ടു തന്നെ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. "അക്കരെ അക്കരെ" എന്നൊരു സീരിയല്‍ എടുത്തവന് കാണിക്കുന്നത് ദോഹയില്‍ ഒരു ഡ്യൂപ്ലെക്സ് ലക്ഷ്വറി വില്ലയില്‍ ഭാര്യാസമേതം ആര്‍മ്മാദിച്ചു തകര്‍ക്കുന്ന ഒരു നായകനെ ആണ്. അദ്ദേഹം ഒരു ബിസിനസ്സുകാരനോ കമ്പനി ചീഫ് എക്സിക്യൂട്ടീവോ അതോ പ്രശസ്തനായൊരു സര്‍ജ്ജനോ എന്ന് നോക്കിയപ്പോള്‍ ട്രക്കില്‍ നിന്ന് കുടിവെള്ളം ബാരലില്‍ ചുമന്ന് വീടുകളില്‍ വിതരണം ചെയ്യുന്ന ജോലിക്കാരാണെന്ന് കണ്ടപ്പോള്‍ സംവിധായകന്റെ കരണത്ത് ഒന്നു പൊട്ടിക്കാന്‍ തോന്നി.
അവസാനമായി, ഈ കുറ്റം പ്രവാസവകുപ്പിന്റെയും എംബസിയുടേതുമാണ്. ഗള്‍ഫിലേക്ക് പോകുന്നവനു മാര്‍ഗ്ഗനിര്‍ദ്ദേശം കൊടുക്കാനോ അവനു മിനിമം വേതനം നിശ്ചയിക്കാനോ (ഫിലിപ്പൈന്‍സ്, ശ്രീലങ്ക, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പ്രവാസ മന്ത്രിയും തന്ത്രിയുമൊന്നുമില്ലെന്ന് തോന്നുന്നു, പക്ഷേ അവരുടെ ആളുകള്‍ക്ക് മിനിമം കൂലി എത്രവേണമെന്ന് അവര്‍ നിശ്ചയിച്ചിട്ടുണ്ട്, നടപ്പാക്കുന്നുമുണ്ട്) ഈ വകുപ്പോ പിഞ്ഞിപ്പോയൊരു കുപ്പായമിട്ട് വിയര്‍ത്തു നടന്നു വരുന്നവനെ കാണുമ്പോഴേ "ജാ" "ഛൂപ്പ്" എന്നൊക്കെ ആട്ടുന്ന ഉദ്യോഗസ്ഥരോ ശ്രമിക്കുന്നില്ല. ഗള്‍ഫില്‍ എത്ര ഇന്ത്യക്കാര്‍ എന്തു വേതനത്തില്‍ ഏതു വിസയില്‍ എങ്ങനെ കഴിയുന്നു എന്നതിനു പോലും ആരുടെ പക്കലും ഒരു വിവരവുമില്ല.
പതിനേഴു ലക്ഷം മലയാളികള്‍ വിദേശത്താണ്. അതില്‍ പതിനഞ്ചര ലക്ഷവും ഗള്‍ഫിലാണ്. ഏതാണ്ട് ജനസംഖ്യയുടെ അഞ്ചു ശതമാനത്തോളം. മൊത്തം ജനസംഖ്യയുടെ പതിനഞ്ച് ശതമാനത്തോളം ഗള്‍ഫ് പണത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. അരക്കോടിയോളം ആളു വരും അത്. ഇവരിലെ മൂന്നിലൊന്നാണ് പരിഷത്ത് ചൂണ്ടുന്ന പരമദരിദ്രരായ പതിനാറുലക്ഷം.
പ്രവാസകാര്യവകുപ്പുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകണമെങ്കില്‍ ഈ പതിനാറുലക്ഷത്തിന്റെ വിശപ്പു മാറണം.
പ്രിയ ആദര്‍ശധീരനായ മന്ത്രീ, ഇവരെയൊന്നും പുനരധിവസിപ്പിക്കാനുള്ള പാങ്ങ് കേരളത്തിനില്ലെന്നറിയാം. മിനിമം ബുദ്ധിമുട്ടില്‍ അവശ്യം ചെയ്തു തീര്‍ക്കാവുന്ന കാര്യങ്ങള്‍:
ഒന്ന്: അതതു രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് നല്‍കേണ്ട കുറഞ്ഞ കൂലി നിരക്ക് പ്രഖ്യാപിക്കുക. എങ്ങനെ അതു നടപ്പാക്കാം എന്നറിയാന്‍ ഫിലിപ്പീന്‍സിലേക്കോ ചൈനയിലേക്കോ വേണമെങ്കില്‍ ഒരു യാത്ര പോയിക്കോളൂ, വിരോധമില്ല. അവരത് പണ്ടേ ചെയ്തു കഴിഞ്ഞു
രണ്ട്: തൊഴില്‍ വിസകളില്‍ പുറത്തു പോകുന്നവരുടെ ജോലിക്കരാറുകള്‍ നിര്‍ബന്ധമായും പ്രൊട്ടക്റ്റര്‍ ഓഫ് ഇമിഗ്രന്റിന്റെ അംഗീകാരത്തിനയക്കുക
മൂന്ന്: വിദേശയാത്രയില്‍ പാലിക്കേണ്ട നിയമങ്ങള്‍ ആളുകളെ ബോധവാന്മാരാക്കാന് ഓഫീസുകള്‍ തുടങ്ങുക, ഇവിടെ കണ്ട പലര്‍ക്കും രണ്ട് പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്നത് കുറ്റമാണെന്നു പോലും അറിയില്ല.
നാല്: ട്രാവല്‍ ഏജന്റുമാരുടെ പ്രവര്‍ത്തനം പ്രവാസിവകുപ്പിന്റെ അധികാരപരിധിക്കുള്ളില്‍ കൊണ്ടു വരിക.
അഞ്ച്: വിസ കച്ചവടം അധവാ പണം നല്കി വിസ വാങ്ങല്‍ കര്‍ശനമായും നിരോധിക്കുക.
ആറ്: വേശ്യാലയങ്ങള്‍, ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍, തുടങ്ങിയ സ്ഥലങ്ങളില്‍ കുടുങ്ങിപ്പോയവരെപ്പറ്റി അതത് എംബസികളിലോ കോണ്‍സുലേറ്റിലോ വിവരം നല്കിയാല് ഉടനടി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംവിധാനമുണ്ടാക്കുക.
പോസ്റ്റ് സമര്‍പ്പണം: രാവിലേ വഴിയില്ച്ച്ച് "മലയാളി ആണോ" എന്നു ചോദിച്ചു വന്ന അപരിചിതനായ മദ്ധ്യവയസ്കന്. അദ്ദേഹം എന്റെ ഉപദേശം ചോദിച്ച പ്രശ്നത്തിന്റെ ചുരുക്കം ഇങ്ങനെ.
ഒന്ന്: നേരത്തെ ഇവിടെ കൂലിപ്പണി ചെയ്തിരുന്ന ഇയാളെ പിരിച്ചു വിട്ടപ്പോള്‍ ഒരു കാരണവുമില്ലാതെ ആജീവനാന്ത എണ്ട്രി ബാന്‍ പതിച്ചിരുന്നു.
രണ്ട്: എണ്ട്രി ബാന്‍ എന്താണെന്നറിയാത്ത ഇയാല്‍ പാസ്സ്പോര്‍ട്ട് നാട്ടിലെ ഒരു ട്രാവല്‍ ഏജന്‍സിയില്‍ കാണിച്ചു. രണ്ടാമതൊരു പാസ്സ്പോര്‍ട്ട് എന്നാല്‍ ക്രിമിനല്‍ കുറ്റമാണെന്ന് അയാള്‍ക്കറിയില്ലാത്തതുകൊണ്ട് അതെടുത്തു
മൂന്ന്: ഇതുവരെയുള്ള സമ്പാദ്യവും കടവുമായി വീണ്ടും ഒരു വിസ ആ ട്രാല്‍ ഏജന്റിനോട് വാങ്ങി ഇയാള്‍ പിന്നെയും ദുബായി എയര്പ്പോര്ട്ടിലെത്തി
നാല്: ഇമിഗ്രേഷന്‍ കൗണ്ടറില്‍ ഐറിസ് സ്കാന്‍ ചെയ്തുവരാന് ഇയാളോട് ഉദ്യോഗസ്ഥര്‍ കല്പ്പിച്ചു. അത് എന്താണെന്ന് അറിയാത്തതുകാരണം കുറേ നേരം അവിടെ നിന്നു. പിന്നെ എങ്ങനെയോ ആരുമില്ലാത്ത ഒരു കൗണ്ടര്‍ വഴി പുറത്തേക്കു നടന്നു.
അഞ്ച്: അയാളെ സ്പോണ്സര് ചെയ്തത് ആരാണെന്ന് അറിയില്ല. എങ്ങോട്ടു പോകണമെന്നും എന്തു ചെയ്യണമെന്നും നിശ്ചയമില്ല.
16 comments:
കേരള പഠനം
"അക്കരെ അക്കരെ" എന്നൊരു സീരിയല്‍ എടുത്തവന് കാണിക്കുന്നത് ദോഹയില്‍ ഒരു ഡ്യൂപ്ലെക്സ് ലക്ഷ്വറി വില്ലയില്‍ ഭാര്യാസമേതം ആര്‍മ്മാദിച്ചു തകര്‍ക്കുന്ന ഒരു നായകനെ ആണ്. അദ്ദേഹം ഒരു ബിസിനസ്സുകാരനോ കമ്പനി ചീഫ് എക്സിക്യൂട്ടീവോ അതോ പ്രശസ്തനായൊരു സര്‍ജ്ജനോ എന്ന് നോക്കിയപ്പോള്‍ ട്രക്കില്‍ നിന്ന് കുടിവെള്ളം ബാരലില്‍ ചുമന്ന് വീടുകളില്‍ വിതരണം ചെയ്യുന്ന ജോലിക്കാരാണെന്ന് കണ്ടപ്പോള്‍ സംവിധായകന്റെ കരണത്ത് ഒന്നു പൊട്ടിക്കാന്‍ തോന്നി.
അന്ന് എനിക്കും തോന്നി അത് കണ്ടപ്പോള്‍..
കാര്യമാത്രപസക്തമായ പോസ്റ്റ്...
വളരെ നന്ദി - ഈ പോസ്റ്റിനു!
നന്ദി! ആത്മരോഷം കത്തിക്കയറുന്നുണ്ട്.
ഇന്ത്യന്‍ ഗവണ്മെന്റ് പ്രവാസി തൊഴിലാളികള്‍ക്ക് മിനിമം വേതനം ഇതു വരെ പ്രബല്യത്തിലാക്കാത്തത് വളരെ കഷ്ടം തന്നെ! എനിക്ക് തോന്നുന്നത് ഫിലിപ്പൈന്സുകാരാണ് ആദ്യം നടപ്പക്കിയതെന്നാണ്. നമ്മുടെ രാഷ്ട്രീയക്കാര്‍ക്കും മന്ത്രിമാര്‍ക്കും ഗള്‍ഫില്‍ വന്നു "ബിഗ് ഷോട്ട്സിന്റെ" സമ്മാനങ്ങള്‍ വാങ്ങി തിരിച്ചു പോയാല്‍ മതിയല്ലോ. 1000 ദിര്‍ഹത്തില്‍ താഴെ ശമ്പളം വാങ്ങുന്ന തൊഴിലാളികളെയും, ഹൌസ് മെയിഡ്സ് നെയും മറ്റും മന്ത്രിമാര്‍ക്കും ചാനലുകാര്‍ക്കും കാണണ്ടല്ലോ! ചില ക്ലീനിംഗ് കമ്പനികളിലെ തൊഴിലാളികളുടെ കഥ കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി! നമ്മുടെ പ്രവാസ മന്ത്രി വിചാരിച്ചാല്‍ വല്ലതും നടപ്പാക്കാന്‍ പറ്റില്ലേ?
ആന്റണി പറഞ്ഞ സീരിയല്‍ കണ്ടിട്ടില്ല. പക്ഷെ അജിത് നായരുടെ വേഷങ്ങള്‍ നല്ല നിലവാരം പുലര്ത്തുന്നതായിരുന്നെന്നു തോന്നുന്നു. പിന്നെ ഞങ്ങള്‍ അമേരിക്കന്‍ പ്രവാസികളുടെ അല്‍പ്പത്തരങ്ങളും ബുദ്ധിമുട്ടുകളും തമാശകളും വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്ന അക്കരക്കാഴ്ചകള്‍ കണ്ടിട്ടില്ലെങ്കില്‍ ഉടന്‍ കാണണേ...
ഇതൊക്കെ നാട്ടുകാരെ കാണിച്ചാ എത്ര കമ്പനിക്കാരു പരസ്യം കൊടുക്കും മാഷേ...
ഗള്‍ഫ് മലയാളികള്‍ ഭൂരിഭാഗവും ഇങ്ങിനെയാണെന്നറിഞ്ഞിട്ടും ഇപ്പോഴും ഒരുപാടുപേര് കുടുംബം പണയപ്പെടുത്തിയും അക്കരയ്ക്ക് ആകാശക്കപ്പല്‍ കയറുന്നു, സ്വപ്നങ്ങളുടെ എടുത്താല്‍ പൊങ്ങാത്ത ഭാരവുമായി..
അക്കരെ അക്കരെ" എന്നൊരു സീരിയല്‍ ഞാനും കന്ണ്ടിരിന്നു. അതിലെ നായകനു company വക താമസ സൌകര്യം കൊടുക്കുന്നു, അങ്ങനെയെന്തോ ആണു കഥ. സ്ഥിരം പ്രേക്ഷകയല്ല.
ഗല്ഫ് അങ്ങനെയൊന്നുമലലേ !
റഫീക്ക്, വളരെ നന്ദി ആ ലിങ്കിന്. ഒരു പരിഷത്ത് അംഗത്തെ ബ്ലോഗില്‍ കണ്ടതില്‍ (വേറേയാരും ഇല്ലേ അതോ ഞാന്‍ കാണാത്തതാണോ?) സന്തോഷവും. ചോദിക്കാന്‍ പ്രത്യേകിച്ചു ചിലവൊന്നുമില്ലല്ലോ പാപ്പൂട്ടി മാഷിന്റെ “ജ്യോതിഷവും ജ്യോതിശാസ്ത്രവും” ഹോഡ്ജ് ആന്‍ഡ് മെറിഫീല്‍ഡ് ചേര്‍ന്നെഴുതിയ “നമ്മുടെ ഭക്ഷണം നമ്മുടെ നാട്ടില്‍” എന്നിവ പരിഷത്ത് സൈറ്റില്‍ കിട്ടുമോ? പബ്ലിഷ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ antonykeralam @ ജീമെയില്.കോം എന്ന വിലാസത്തില്‍ ലിങ്ക് അയച്ചാലും മതി.
സ്മിതാ, അതേ. ഇവര്‍ മനപ്പൂര്‍വ്വം ആളെ അവഹേളിക്കുകയാണ്. ദേശാഭിമാനീ, പാമരന്, നന്ദി.
പാഞ്ചാലീ, ക്ലിപ്പിങ്ങ് കണ്ടു. ഇതേതു സമയത്താണ് (ടീവി കാണല്‍ അങ്ങനെ ഇല്ലാത്തതുകാരണം സമയം അറിയില്ല)
നിഷാദ്, അതേ. ആര്‍ക്കും പറഞ്ഞു പറ്റിക്കുകയും ആട്ടിപ്പായിക്കുകയുമൊക്കെ ചെയ്യാവുന്ന ഒരു പറ്റം ആള്ക്കാര്.
അന്നമ്മേ,
ഞാന്‍ ഒരു അഞ്ചു മിനുട്ടേ കണ്ടുള്ളു. അപ്പോള്‍ അത് കമ്പനി അക്കോമൊഡേഷന്‍ ആയിരുന്നോ? ഭേഷായി. അത്തരം ഒരു മാന്ഷന് ഹൌസിനു ദോഹയില്‍ എത്ര വാടക കമ്പനി കൊടുക്കണം എന്ന് ദേ സ്മിത ആദര്‍ശിനോട് ചോദിച്ച്ചാല് കൃത്യമായ മറുപടി തരും, ഒരു വര്‍ഷത്തേക്ക് അതിന്റെ വാടക നായകനായ വാട്ടര്‍ ഡെലിവറി ബോയുടെ നൂറു വര്‍ഷത്തെ മൊത്തം ശമ്പളത്തിന്റെ അധികം വരും എന്നു മാത്രം ഞാന്‍ ഒരു ഉദ്ദേശക്കണക്കില്‍ പറയാം.
വാട്ടര്‍ ഡെലിവറിയാദി കൂലിപ്പണിക്കാര്‍ക്ക് കമ്പനി കൊടുക്കുന്ന അക്കോമൊഡേഷന്‍ എങ്ങനെ ഇരിക്കും എന്ന്
ഇതാ ഈ ലിങ്കില്‍ ഞെക്കി നോക്കൂ
(ഓഫ്: പ്രവാസ വകുപ്പ് സൂക്ഷിക്കാന്‍ പറയുന്ന ഇനത്തിലെ രണ്ടു ലക്ഷം ആളുകള്‍ താമസിക്കുന്ന സോനാപ്പൂര്‍ ലേബര്‍ അക്കോമൊഡേഷന്‍ ആണ് ആ ബ്ലോഗില്‍. ജപ്പാന്‍കാരിയായ ആ ബ്ലോഗര്‍ അവരുടെ പെരുമാറ്റത്തെപ്പറ്റി പറയുന്നതുകൂടി റാം മോഹന്റെ ബ്ലോഗില്‍ മീശ വിറപ്പിച്ചവര്‍ ശ്രദ്ധിക്കണേ
ഇതൊക്കെ കണ്ട് ....
കേരളത്തിലിക്കുന്പോള്
അവിടം സ്വര്‍ഗമാണ്....
പോസ്റ്റിന് നന്ദി.
ഹലോ ആന്റണീ,
ഈ പോസ്റ്റിനും cruel angel linkനും നന്ദി.
പരിഷത്തിന്റെ പഠനറിപ്പോര്‍ട്ടില്‍ അത്ഭുതപ്പെടാനൊന്നുമില്ല. വാസ്തവം തന്നെയാണത്.
ഈയടുത്ത കാലത്ത് പ്രവാസികാര്യവകുപ്പിന്റെ ഒരു പ്രൊപ്പൊസലുണ്ടായിരുന്നു. പത്താംതരം പാസ്സാവാത്ത ഒരു അണ് സ്കില്‍ഡ് ഇന്ത്യന്‍ തൊഴിലാളിയെ നിയമിക്കണമെങ്കില്‍ തൊഴില്‍ദാതാവ് ഇന്ത്യന്‍ എംബസിയില്‍ 5000USD കെട്ടിവെക്കണമെന്ന്.
ഏഷ്യാനെറ്റ് റേഡിയോ ഇതു സംബന്ധിച്ച് ഒരു ചര്‍ച്ച സംഘടിപ്പിച്ചപ്പോള്‍ ഇവുടുത്തെ കാര്യങ്ങള്‍ നന്നായി അറിയാവുന്ന ശ്രീ. ഇ. ടി. മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടത് ‘നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ എവിടെയെങ്കിലും പോയി രക്ഷപ്പെടുന്നത് ഇല്ലാതാവും’ എന്നായിരുന്നു.
അതിലേറെ തമാശ, ആ പരിപാടിയില്‍ ടെലിഫോണ്‍ വിളിച്ച് പങ്കെടുത്ത സാദാ പ്രവാസിമലയാളികളില്‍ ഭൂരിഭാഗവും പറഞ്ഞത് ‘വിസയുടെ വില കൂടാന്‍ ഈ നിയമം കാരണമാവും’ എന്നാണ്.
മാത്രവുമല്ല ഇത്രയും തുക കൊടുത്ത് വിസവാങ്ങിയാല് അതു മുതലാക്കാനാവുകയില്ല എന്നും ഈ വിദഗ്ദര്‍ അഭിപ്രായപ്പെടുകയുണ്ടായി.
(അക്കരെ അക്കരെയുടെ സംവിധായകനെ എവിടെയെങ്കിലും വച്ച് കണ്ടുമുട്ടുകയാണെങ്കില്‍ രണ്ടു പൊട്ടിച്ച് കൊടുത്തിട്ടേ ബാക്കി ലോഹ്യം വേണ്ടൂ)
ഡെപ്പോസിറ്റ് പ്രാവര്‍ത്തികമല്ല എന്നത് വളരെ ശരിയാണ് ജിവി. വിസ കച്ചവടക്കാരും കമ്പനികളും ഇവിടത്തെ തൊഴില്‍ നിയമപ്രകാരം തൊഴിലാളിക്ക് കമ്പനി ചെയ്തു കൊടുക്കേണ്ട മെഡിക്കല്‍ ചെക്കപ്പിനുള്ളതും ജോയിനിങ്ങ് എയര്ഫെയറിനുള്ളതും അടക്കം വന്‍ തുക കൈപ്പറ്റിയാണ് “പേര്‍ഷ്യക്കു പോകാന്‍” ഒരുങ്ങിയിരിക്കുന്ന സാധുവിനു വിസ നല്‍കുന്നത്. ഡെപ്പോസിറ്റ് വച്ചാല്‍ അതും ചേര്‍ത്ത് അയാളോടു ചോദിക്കും എങ്ങനെയും അക്കരെ കടന്നാല്‍ ഉടന്‍ കുടുംബം രക്ഷപ്പെടുമെന്ന് ധരിച്ചിരിക്കുന്ന പാവം കിടപ്പാടം വിറ്റായാലും അതു നല്‍കുകയും ചെയ്യും.
മിനിമ വേതനം ഉറപ്പാക്കാന്‍ ഡെപ്പോസിറ്റിന്റെ ആവശ്യമില്ല, മറ്റു ഗവണ്മെന്റുകള് ചെയ്യുന്നതുപോലെ അതതു ഗള്‍ഫ് രാജ്യത്തെതൊഴില് മന്ത്രാലയവുമായി ധാരണ ഒപ്പിടുകയും അതില്‍ പറയുന്ന കൂലി കൂട്ടായോ ഒറ്റക്കോ ഒരു ബാങ്ക് അക്കൌണ്ട് വഴി തൊഴിലാളിക്ക് മാസാമാസം നല്‍കുകയും അത് കിട്ടാത്തവര്‍ എംബസികളില്‍ പാസ്സ് ബുക്ക് ഹാജരാക്കിയാല്‍ അവരെ ലേബര്‍ കോടതിയിലെത്തിക്കുകയോ രാജിവച്ച് പോകാന്‍ സഹായിക്കുകയോ ചെയ്യാന്‍ നമ്മുടെ സര്‍ക്കാര്‍ തയ്യാറാകുകയേ വേണ്ടൂ.
ഡെപ്പോസിറ്റ് കൊള്ളാവുന്ന കാര്യമായാന്ണ് എനിക്ക് തോന്നിയിട്ടുള്ളത്. മിനിമം വേതനം ഉറപ്പാക്കുക എന്നതല്ല ഇതിന്റെ ഉദ്ദേശം, കുറഞ്ഞ വിദ്യാഭ്യാസമുള്ള തൊഴിലറിയാത്ത ആളുകളെ വിദേശത്ത് പോകുന്നതില്‍നിന്നും പിന്തിരിപ്പിക്കലാണ്. അത്തരം ആള്‍ക്കാര്‍ക്ക് തൊഴില്‍ ഓഫര്‍ ചെയ്യുന്നതുതന്നെ വഞ്ചിക്കാനാണ് എന്നതുകൊണ്ടാണിത്.
അതേസമയം തൊഴിലാളിക്ഷേമകാര്യങ്ങളില് മികച്ച റെക്കോഡുള്ള കമ്പിനികളെ ഈ ഡെപ്പോസിറ്റില്‍ നിന്നും ഒഴിവക്കുകയും ചെയ്യണം. അത്തരം കമ്പിനികളുടെ ഡാറ്റാബേസ് നിഷ്പ്രയാസം ഉണ്ടാക്കാവുന്നതേയുള്ളൂ.
മിനിമം വേതനത്തിന്റെ ഒരു പ്രശ്നം, ഈ കുബുദ്ധികളെ സംബന്ധിച്ച് അത് എളുപ്പം മറികടക്കാവുന്ന ഒരു കാര്യമാണ് എന്നതാണ്.
ആന്റണീ, വേഷങ്ങള്‍ ഞാന്‍ യു ട്യുബില്‍ കണ്ടിട്ടേയുള്ളൂ.
അക്കരക്കഴ്ച്ചകളുടെ ബ്ലോഗ് ഇവിടെ കാണാം. അതില്‍ പ്രക്ഷേപണ സമയം കൊടുത്തിട്ടുണ്ട്.
പ്രിയ അനോണി.
ആപുസ്തകങ്ങള്‍ നെറ്റില്‍ ലഭ്യമല്ല.
ഏഞ്ചല്‍ ജപ്പാന്‍കാരി ആണോ? അവരുടെ ചില വാക്കുകള്‍ ജാപ്പനീസല്ല, മലേഷ്യന്‍ ഭാഷയാണല്ലോ.
ആദ്യമായി മാറേണ്ടത് ഞങ്ങള്‍ തന്നെയാണ്, പ്രവാസി വകുപ്പായാലും ഗവര്മെന്റായാലും ഇന്ത്യക്കാരാണല്ലോ? 35വയസില്‍ താഴെയുള്ളവര്‍ ഹൌസ് ഡ്രൈവറായി പോവരുതെന്ന് പറഞാ 25 വയസുള്ള ചെക്കന് 38വയസാകി പാസ്പോറ്ട് എടുത്തുകൊടുക്കാന്‍ ഇങ്ങെയറ്റം ആ ചെറുക്കന് മുതല്‍ അങേയറ്റം പാസ്പോര്റ്റ് ഓഫീസിലെ ജീവനക്കാരന് വരെയുണ്ട്...ഈയടുത്ത് ദുബായില്‍ നടന്ന് വാണിഭത്തിന്റെ കഥ ഏഷ്യാനെറ്റ് കാണുച്ചത് ഓര്‍മയുണ്ടാകും ചിലര്‍ക്കെങ്കിലും... അപ്പൊ സംസ്കാരം വളര്‍ത്താനും നിയമലംഘനം തടയാനുമുള്ള ത്യാറെടുപ്പ് ചുരുങ്ങിയത് പ്റൈമറി ക്ളാസിലെങ്കിലും തുടങ്ങണം...
Post a Comment