Thursday, November 29, 2007

എക്സ്പെക്റ്റന്‍സി ലൈഫ്സൈക്കിള്‍


ഒരിക്കലും തരില്ലെന്ന് പറഞ്ഞില്ലല്ലോ എന്നാല്‍ ഒരിക്കലും തരുന്നതിന്നൊരുക്കമില്ലേ...
 
 അണ്ണന്‍ എന്തര്‌ രാവിലേ ഒരു ജാതി പാട്ടുകള്‌ പാടണത്?

 വര്‍ഷം ഒന്ന് കഴിഞ്ഞെടേ  മാനേജരു കസേരയിലോട്ട് എന്നെ പൊക്കി ഇരുത്താം എന്നു പറഞ്ഞിട്ട്. ചോദിക്കുമ്പഴെല്ലാം പ്രൊപ്പോസല്‍ റീസ്ട്രച്ച്ചര്‍ കമ്മിറ്റിക്കു പോയി, ബഡ്ജറ്റ് ചെക്കിനു പോയി, ബോര്‍ഡ് അപ്പ്രൂവലിനു പോയി തെക്കോട്ടു പോയി വടക്കോട്ട് പോയെന്ന് പറയുന്നതല്ലാതെ എന്റെ പ്രമോക്ഷന്‍ ഇതുവരെ വന്നില്ല, എന്നാല്‍ ദാ വരുന്നു ഇപ്പ വെരും എന്നൊക്കെ പറയുകേം ചെയ്യുന്നു.

അണ്ണാ ഞാന്‍ ഒന്ന് ഈസോപ്പ് ചമഞ്ഞോട്ടോ, പണ്ട് ഷാപ്പിലു കേട്ട ഒരു കഥ വന്ന് മുട്ടി.
നീ യാത് സോപ്പെങ്കിലും ചമ.

രണ്ട് കഴുതക്കുട്ടികള്‍ വലിയ കൂട്ടുകാര്‍ ആയിരുന്നു. ഉടമസ്ഥന്‍ അവരെ രണ്ടാളിനു വിറ്റപ്പോള്‍ കൂട്ടുകാര്‍ രണ്ടു വഴി പിരിഞ്ഞു പോയി. വളരെക്കാലത്തിനു ശേഷം അവര്‍ തെരുവില്‍ വച്ച് കണ്ടുമുട്ടി. പരസ്പരം വിവരങ്ങളും ക്ഷേമവുമൊക്കെ ആരാഞ്ഞു.

"എന്നെ ഒരു അലക്കുകാരന്‍ ആണു വാങ്ങിയത്.  തുണിയൊക്കെ ചുമന്ന് പുഴയിലും തിരിച്ച് വീട്ടിലും എത്തിക്കണം.   അദ്ധ്വാനമുള്ള പണിയാണ്, എങ്കിലും അലക്കുകാരന്‍ നല്ലവനാ, ഇഷ്ടമ്പോലെ ഭക്ഷണമുണ്ട്. അനാവശ്യത്തിനു തല്ലുകയുമില്ല. ജീവിതം മൊത്തത്തില്‍ സുഖമാണെനിക്ക്." ആദ്യത്തെ കഴുത പറഞ്ഞു.

"എന്റെ കാര്യം മറിച്ചാ. ഒരു പലചരക്കു കടക്കാരന്‍  ആണ്‌ എന്നെ വാങ്ങിയത് ‌. രാവിലേ തുടങ്ങി രാത്രി വരെ ഒരു  നടുവൊടിയുന്ന ഭാരമുള്ള ഉപ്പുചാക്കും അരിയും സാമാനവും ചുമന്ന് പൊരി വെയിലത്ത് നടക്കുകയാണു ഞാന്‍. കുടിക്കാന്‍ വെള്ളം പോലും ശരിക്കു കിട്ടില്ല, കടക്കാരന്‍ അടിക്കുന്ന അടി പോരാഞ്ഞ് വഴിയില്‍ കാണുന്ന പിള്ളേരും അടിക്കുകയും കല്ലെടുത്തെറിയുകയും ചെയ്യുന്നു. ഭക്ഷണമൊന്നും തരുന്നില്ല, ഞാന്‍ സിനിമാ പോസ്റ്റര്‍ തിന്നാണ്‌ വിശപ്പടക്കുന്നത്." രണ്ടാമത്തെ കഴുത പറഞ്ഞു.

" ഹോ എന്തു കഷ്ടം, എടാ നീ  ഇങ്ങനെ നരകിക്കുന്നത്  കേട്ടിട്ട് എനിക്കു സഹിക്കുന്നില്ല, നീ എന്റെ കൂടെ വാ, അലക്കുകോളനിയില്‍ എന്തെങ്കിലും നല്ല പണി കിട്ടും" ക-1

"ഇല്ലളിയാ, എത്ര നരകിച്ചാലും ഞാനവിടെ പിടിച്ചു നില്‍ക്കും, ആ വീട്ടില്‍ നിന്നും ഓടിപ്പോകുന്ന പ്രശ്നമില്ല"

"നിനക്കു ഭ്രാന്തുണ്ടോ വെറുതേ കഷ്ടപ്പെടാന്‍?"

"ഭ്രാന്തൊന്നുമില്ല. എടാ, എല്ലാ ദിവസവും വൈകുന്നേരം ആകുമ്പോള്‍ മൊതലാളി കുടിച്ചിട്ട് വന്ന് ഭാര്യയെ എടുത്തിട്ടു തല്ലും. കുറേ കഴിയുമ്പോള്‍ യജമാനത്തി പറയും 'ഈ വൃത്തികെട്ട  മനുഷ്യനോടൊപ്പം കഴിയുന്നതിലും എത്രയോ ഭേദമായിരിക്കും ആ  കഴുതയോടൊത്ത് ജീവിക്കുന്നത്' എന്ന്.  ഇന്നല്ലെങ്കില്‍ നാളെ അവര്‍  അയാളെ വിട്ട് എന്നെ കല്യാണം കഴിക്കും.  പിന്നെ ഞാന്‍ ആരാ? മുതലാളി!. ആ ഒരു പ്രതീക്ഷയിലാണളിയാ ഞാന്‍ അവിടെ പിടിച്ചു നില്‍ക്കുന്നത്".

അണ്ണന്‍ ഈ കഥ കേട്ട് പ്രമോഷന്‍ കിട്ടത്തില്ലെന്ന് വിചാരിക്കേണ്ട ,  ഞാന്‍ ഒരു തമാശ പറഞ്ഞെന്നേയുള്ളു.
പിന്നെന്തിനാണെടേ ഇതിങ്ങനെ വച്ചു താമസിപ്പിക്കുന്നത്? ഒന്നുകില്‍ തരണം, അല്ലെങ്കില്‍  തരൂല്ലെന്ന് പറയണം.

അങ്ങനെ തന്നാല്‍ അതുകൊണ്ട്  കമ്പനി ഉദ്ദേശിക്കുന്ന പ്രയോജനമില്ലണ്ണാ. സാറ്റിസ്ഫൈഡ് പ്രതീക്ഷ മോട്ടിവേറ്റ് ചെയ്യൂല്ല.   അണ്ണനെ ഇങ്ങനെ മധുരപ്രതീക്ഷ തന്‍ പൂങ്കാവനത്തില്‍ ഇരുത്തിയിരിക്കുന്ന അത്രയും കാലം ആ പ്രമോക്ഷം ഫയങ്കര മോട്ടിവേറ്റര്‍ ആണ്‌.

അപ്പോ അനന്തകാലം ഇങ്ങനെ ഇരുത്തുമോ എന്നെ?
ഹേയ് ഇല്ല.  അങ്ങനെ ആയാല്‍ അണ്ണനു കമ്പനിയിലുള്ള വിശ്വാസം പോകും. അപ്പോ ഭയങ്കര ഡീമോട്ടിവേഷന്‍ ആയിപ്പോകും.  അണ്ണന്റെ പ്രതീക്ഷയുടെ മാക്സിമം ലൈഫ് പീരിയഡ് തീരണതിന്റെ അടുത്തു വരെ ഇങ്ങനെ കൊണ്ടുപോകും. എന്നിട്ടു തരും. കിട്ടാന്‍ പോകുന്ന സാധനത്തിന്റെ വില അനുസരിച്ച് പ്രതീക്ഷയുടെ  മാക്സിമം ലൈഫ് പീരിയഡും കൂടും. കഴുതയുടെ കഥയില്‍ അവനു കിട്ടുന്നത് മുതലാളിപ്പട്ടം ആയതുകൊണ്ട് അവന്‍ ഒരുപാടുകാലം പിടിച്ചു നില്‍ക്കും, പകരം ഒരു കലം പിണ്ണാക്ക് ആയിരുന്നെങ്കില്‍ രണ്ടുദിവസം കാക്കുമ്പോഴേക്ക് അവനു ആശയറ്റു പോകും.

ക്ഷമയെന്റെ ഹൃദയത്തില്‍ ഒഴിഞ്ഞു തോഴാ.
എന്നാല്‍ ഒടനേ കിട്ടും.

5 comments:

R. said...

ഞാന്‍ നമ്പറിട്ടു തൊടങ്ങട്ടോ?

ഇത് നമ്പര്‍ 2. കഴിഞ്ഞവന്‍ 1.

ഇനി നിങ്ങളാണോ മിസ്റ്റര്‍ വിഷ്ണുശര്‍മ (മറ്റേ അഞ്ച് തന്ത്രം എഴുതിയ മനിശന്‍)?

വേണു venu said...

:)great.

ദിലീപ് വിശ്വനാഥ് said...

കലക്കി ആന്റോ..

അങ്കിള്‍ said...

:)കൊള്ളാം

simy nazareth said...

ഈ നമ്പരുവെച്ച് നമ്മളെ എത്ര കമ്പനി പറ്റിച്ചതാ :-)