Monday, November 26, 2007

എന്റെ പറുദീസ

നമസ്കാരമുണ്ട് ഡോക്ടറേ.
ഒറ്റമുണ്ട്, മല്ലുമുണ്ട്, കള്ളിമുണ്ട് എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതെന്തരാ സാധനം?

കളികള. എനിക്കു തെണ്ണവാ അണ്ണാ.
ആവതുള്ളവരാരും നമ്മളെ കാണാന്‍ വരൂല്ലല്ല്. എന്തരു പറ്റി ചെല്ലാ?

പനി.
വെറും?

അല്ല, അകമ്പടി മൊത്തമുണ്ട്. ചെവിയടപ്പ്, ക്ഷീണം. ഊണിനു നാസ്ത കുറഞ്ഞു,
നിദ്ര നിശയിന്‍‍ കാല്‍ ഭാഗം പോലും ഇല്ലാതെയായി. ഓടുന്ന മൂക്ക്. ശബ്ദം
എന്റെയാണെന്ന് ഭാര്യക്കു പോലും മനസ്സിലാവുന്നില്ല. തല ആന്‍ഡ് നടു വേദന.
സ്നെയര്‍ ഡ്രമ്മും ബേസ് ഗിത്താറും കൂടെയുള്ള കോണ്‍ജുഗല്‍ബന്ധി പോലെ
ചുമയും കുറുകുറുപ്പും. കരളു കുളിരണ്‌ കുളിരു കോരണ്‌, ഈ സായിപ്പു പിള്ളേരു
പറയുമ്പോലെ ജസ്റ്റ് ചില്ലിങ്ങ്.

വാ പൊളി, നിന്റണ്ണാക്കില്‍ കോലിട്ട് കുത്തട്ട്.
ആ.

ഇതെത്രദിവസമായി തുടങ്ങിയിട്ട്?
ദെദ്ദോദീദ്ദദെദ്, ബബ്ബബ്ബാം

എന്തര്‌?
തെര്‍മ്മോമീറ്ററെട്, പറയാം എന്ന്. രണ്ടു ദിവസം.

വൈറല്‍ ഫീവറാ. ആന്റിബയോട്ടിക്ക് എഴുതിത്തരാം.
ഡൗട്ട്.
ഷൂട്ട്.

ആന്റി ബയോട്ടിക്ക് തിന്നാല്‍ അങ്കിള്‍ ചാകുമോ? അല്ല വൈറസ് ചാകുമോ?
വൈറസിനു മരുന്നില്ല, നീ തന്നെ കൊല്ലണം.

പിന്നെന്തരിനു ആന്റിയെഴുതുന്നത്?
നിന്റെ ഉള്ളുടുക്കു കൊട്ടുന്നത് കേട്ടില്ലേ.നെഞ്ചില്‍ അപ്പടി കഫാലെക്സിന്‍ ആണ്‌. അതേലൊക്കെ ബാക്റ്റീരിയ വളര്‍ന്നാല്‍ നിന്റെ കാര്യം കഷ്ടമാവും.

അതായത് വന്ന വൈറസിനു മരുന്നില്ല, വരാന്‍ പോണ ബാക്റ്റീരിയയ്ക്കുണ്ട്.
ഒള്ളതല്ലേ തരാന്‍ പറ്റൂടേ. ഇല്ലാത്തതിനു ഞാന്‍ എന്തരു ചെയ്യും?

എനിക്കീ ആന്റിബയോട്ടിക്കു കഴിച്ചാല്‍ വയറ്റീന്നു പോകും.
കഴിച്ചില്ലെങ്കി പോവൂല്ലേ?

അതല്ല, പോണതിന്റെ ഫ്രീക്വന്‍സി, കൈനറ്റിക് പ്രൊജക്റ്റിലിറ്റി എന്നിവ കൂടുകയും
മോളിക്യുലര്‍ ബോണ്ടിങ്ങ് ദുര്‍ബ്ബലമാവുകയും ചെയ്യുമെന്ന്.
നോ പ്രോബ്ലം. ശത്രു ബാക്റ്റീരിയയ്ക്കു വച്ച കീമോ നിന്റെ നിന്റെ കുടലിലെ
ഗട്ട് ഫ്ലോറേയെയും കൊല്ലുന്നതാ.

ഫ്ലോറിയോ ആരാണവള്‍? ഗട്ട് ഫ്ലോറി‍ മരിക്കുമ്പോള്‍ ഗട്ട് വിമോചന സമരം ഉണ്ടാവുമോ?
പെണ്ണല്ലെടേ. ഫ്ലോറേ എന്നതു ഫ്ലോറ- സസ്യജാലം എന്നതിനിന്റെ ബഹുവചന0.
ഗട്ട് ഫ്ലോറ എന്നാല്‍ നിന്റെ കുടല്‍ പൂങ്കാവനം. കൂടുതലും കൃഷി
ബാക്റ്റീരിയയാ.

കുടല്പ്പൂക്കളെന്നെ കൃഷിക്കാരനാക്കി ... ഞാനെന്തരിനു ഇതു വളര്‍ത്തുന്നു?
നിനക്കിഷ്ടപ്പെട്ട മൂന്ന് ഭക്ഷണം പറ.

കള്ള്, മരച്ചീനി, ബീഫ് ഫ്രൈ.
ടേ, കള്ള് ഭക്ഷണമാണോ?

പിന്നെ മരുന്നാണോ?
ഭക്ഷണവുമല്ല മരുന്നുമല്ല. എ റോസ് ഈസ് എ റോസ് ഈസ് എ റോസ്. കള്ള് കള്ളു
മാത്രമാണ്‌. എന്തരേലും ആവട്ട്, കപ്പയിലെ സ്റ്റാര്‍ച്ച്, കള്ളിലെ
ആല്‍ക്കഹോള്‍ വിഘടിച്ച ഷുഗര്‍, ബീഫിലെ കൊളാജന്‍ എന്നിവ നിന്റെ ദേഹത്തു
പിടിക്കാന്‍ ഗട്ട് ഫ്ലോറ ഇല്ലാണ്ട് വല്യ വെഷമമാ. ഇന്റെ
ഇമ്യൂണിറ്റിക്കും ഈ മരുത്വാമല വേണം.

അപ്പോ എന്റെ ഏദന്‍ തോട്ടം അണ്ണന്റെ ബാക്റ്റീരിയനാശിനി കൊണ്ട് മരുഭൂമി
ആയിപ്പോകുവോ?
സാരമില്ല പോയ ചെടി നിനക്കു പിന്നേം വളര്‍ത്താം. നീ ആയോണ്ട് ഇത്തിപ്പോരം
വിശ്വാസക്കൊറവ്. ടേ, വല്ല ഓര്‍ക്കിഡും വളര്‍ത്തണം കേട്ടോ കഞ്ചാവ്
വളര്‍ത്തല്ലും.

ഇല്ല. ഡോക്ടറണ്ണനറിയാവോ എനിക്കോര്‍മ്മവച്ച കാലം മുതല്‍ ആണ്ടിലൊരിക്കലോ
മറ്റോ വൈറപ്പനി വെരും. വെരുമ്പഴെല്ലാം ആശൂത്രീ പോവും. പോവുമ്പഴെല്ലാം
ഡോക്റ്ററുമാര്‍ ആന്റിബയോട്ടിക്ക് എഴുതി തരും. അപ്പഴെല്ലാം ഞാന്‍
വൈറസിനെന്തിനാ ആന്റിബയോട്ടിക്കെന്ന് ചോദിക്കും.
എന്നിട്ട്. തിരിച്ചെന്തെങ്കിലും ചോദിച്ചാല്‍ നാട്ടില്‍ മിക്കവാറും
ഡോക്റ്റര്‍മാര്‍ക്ക് കുരു പൊട്ടും. ഒന്നീ പിന്നാ അണ്ണണ്‍ ഒന്നും
മിണ്ടൂല്ല, അല്ലേല്‍ ചൂടാവും. അതുമല്ലേല്‍ ആന്റിടെ ബയോ എഴുതിയത് വെട്ടും.

നീ എന്തരു പറഞ്ഞു വരുന്നത്?
ഇതുവരെ കണ്ടിട്ടുള്ള വൈദ്യ ക്രൂരോ യമ ക്രൂരോകളില്‍ ഒരു മയ ക്രൂരോ അണ്ണന്‍
ആണെന്ന്. ശകലം മയം ഉള്ള ഒരണ്ണനെ കണ്ടപ്പോ ജാക്കി ചാന്റെ പടം കണ്ടപോലെ
കൊടുത്ത കാശു മൊതലായ ഒരു ഫീലിങ്ങ്. ഇവിടെ ഗസ്റ്റു ബുക്ക് വല്ലോം
ഇരിപ്പോണ്ടെങ്കില്‍ ഞാന്‍ അതില്‍ മാത്രയഞ്ചക്ഷരം വരുന്ന ഗണങ്ങളെ എട്ടു
ചേര്‍ത്ത് രണ്ടു വരി എഴുതീട്ടു പോകാം.

നണ്ട്രി. മീണ്ടും മീണ്ടും സന്തിപ്പോം.
തള്ളേ, എനിക്കെന്നും അസുഖം വരട്ടെന്നോ?

7 comments:

Sul | സുല്‍ said...

:)

രജീഷ് || നമ്പ്യാര്‍ said...

ഹൌ ഹൌ...!
ഭവാന്‍ ഒര‍് സംഭവം തന്നേ...? തന്നേന്ന് !

(ഞാം എന്തസുഖം വന്നാലും ആശൂത്രീപ്പോവൂല്ല, അമ്മായിബയോട്ടിക്കിനെ അടിക്കൂല്ല. ഒടുക്കം എന്റെ ഒച്ച പൊങ്ങാത്ത അവസ്ഥേല് വീട്ടുകാരോ കൂട്ടുകാരോ എടുത്തിട്ട് കൊണ്ടോകേണ്ടി വരാറുണ്ട് - അപൂര്‍വം.)

G.manu said...

:) a different style

ഏ.ആര്‍. നജീം said...

ഹ ഹാ..അനോണീ ശൈലി..

മൂര്‍ത്തി said...

ഉഗ്രനായിട്ടുണ്ട്..

Umesh Kannur said...

ഗംഭീരൻ :)

Umesh Kannur said...

ഗംഭീരൻ :)