Tuesday, November 27, 2007

ലെസ്സണ്‍സ് ലേര്‍‌ണ്‍‌ഡ് ദ ഹാര്‍ഡ് വേ

നമുക്ക് ഓരോ കാര്‍ഡ് മേശപ്പുറത്തടിക്കാം, ഒരു നോളെജ്ബാര്‍ട്ടര്‍?
ആയിക്കോട്ടെ, കൊടുക്കുന്തോറുമേറിടും എന്നല്ലേ.

താന്‍ ചോദിക്ക്. ഞാന്‍ ഏതു കാര്‍ഡ് മലര്‍ത്തണം?
കാര്‍ത്തിക്ക് എങ്ങനെ എപ്പോഴും ഏറ്റവും നല്ല ഓപ്പണിങ്ങ് കണ്ടെത്തുന്നു?

അതില്‍ അങ്ങനെ വലിയ രഹസ്യമൊന്നുമില്ല. ദാ ഈ കമ്പ്യൂട്ടറിന്റെ ഐക്കണ്‍
ട്രേയില്‍ ഒരു കുഞ്ഞു സുനാപ്പി കണ്ടോ, റെസിഡന്റ് വൈറസ് ഷീല്‍ഡ്. അവന്‍
എപ്പോഴും ഓടിക്കൊണ്ടേയിരിക്കും, ബാക്ക് ഗ്രൗണ്ടില്‍ ആരും ശ്രദ്ധിക്കാതെ.
ഈ മെയില്‍ വരുമ്പോള്‍, ഒരു ഫ്ലാഷ് ഡ്രൈവ് കുത്തുമ്പോള്‍, ഒരു വെബ് പേജ്
ലോഡാകുമ്പോള്‍ ഇവന്‍ പിറകിലെവിടെയോ ഒളിച്ചിരുന്ന് ഇതിലുണ്ടോ വൈറസ്,
ഇതിലുണ്ടോ വൈറസ് എന്ന് അന്വേഷിക്കുകയാണ്‌. മറ്റുകലാപരിപാടികള്‍ എല്ലാം
അങ്ങനെ കടന്നു പോകും. അതുപോലെ ഒരു കൊച്ചു പ്രോഗ്രാം എന്റെ മനസ്സില്‍
ഇതിലുണ്ടോ എന്റെ കരീര്‍ എന്ന് എപ്പോഴും അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു.
ഓഫീസിലൊരാളു വരുമ്പോള്‍, ഞാന്‍ മറ്റൊരോഫീസില്‍ പോകുമ്പോള്‍, പത്രം
വായിക്കുംമ്പോള്‍, ബാങ്കില്‍ പോകുമ്പോള്‍, മീറ്റിങ്ങുകള്‍ നടക്കുമ്പോള്‍,
ഇപ്പോള്‍ തന്നോട് സംസാരിക്കുമ്പോള്‍, മറ്റൊരു പ്രോഗ്രാമും മുടക്കാതെ,
ആരും ശ്രദ്ധിക്കാതെ എന്റെ റെസിഡന്റ് കരീയര്‍ സേര്‍ച്ചര്‍ ഇവിടെയുണ്ടോ
എന്റെ ജോലി എന്നു തിരക്കിക്കൊണ്ടേയിരിക്കും. ഉണ്ടെങ്കില്‍ അലെര്‍ട്ട്
മെസ്സേജ് തരും.

കൊള്ളാമല്ലോ. എങ്ങനെ പഠിച്ച പാഠം?
എന്റെ ആദ്യത്തെ മൂന്നു ജോലിയും കോംപ്രമൈസ് ആയിരുന്നു. ഹാര്‍ഡ് വേയില്‍
പഠിച്ചത്. ഇനി ആന്റണി പറ, താന്‍ എങ്ങനെ ഇത്രയും പേരുടെ അറ്റെന്‍ഷന്‍
പിടിച്ചു പറ്റുന്നു?

അത് അതിലും സിമ്പിള്‍. ഞാന്‍ ഒരാളെ ആദ്യം കാണുമ്പോള്‍ അയാള്‍ക്ക്
താല്പ്പര്യമുള്ള എന്തെങ്കിലും കണ്ടുപിടിക്കുന്നു, അക്കാര്യത്തില്‍
ചെറുതായി ഒന്നു എക്സൈറ്റ് ചെയ്യുന്ന എന്തെങ്കിലും പറയുന്നു. നമ്മള്‍
ആദ്യം കണ്ടപ്പോള്‍ എന്താണു സംസാരിച്ചതെന്ന് ഓര്‍മ്മയുണ്ടോ?
ഇല്ല.

എന്നാല്‍ എനിക്കോര്‍മ്മയുണ്ട്. ഞാന്‍ തന്റെ കാറില്‍ വന്നു കയറുമ്പോള്‍
താന്‍ 'ഒരു മധുരക്കിനാവിന്‍ ലഹരിയില്‍' എന്ന പാട്ട് റേഡിയോയില്‍ കേട്ട്
താളം പിടിക്കുകയായിരുന്നു.

നല്ല പാട്ട് - ഞാന്‍
അതേ, സിനിമ കാണാമറയത്ത്, ശ്യാമിന്റെ സംഗീതം- താന്‍
ശ്യാമിന്റെ സംഗീതം, ശിവമണിയുടെ ഡ്രംസ്, ഏ ആര്‍ റഹ്മാന്റെ ഓര്‍ക്കസ്ട്ര- ഞാന്‍

ഇതിനു പകരം ഞാന്‍ 'ശ്യാമിന്റെ സംഗീതം, ബിച്ചു തിരുമലയുടെ വരികള്‍,
യേശുദാസ്പാടിയത്' എന്നു പറഞ്ഞാല്‍ ഒരിമ്പ്രഷനും ഉണ്ടാക്കില്ല അത്, കാരണം
അത് പാട്ട് അവതരിപ്പിക്കുന്ന സമയത്ത് ആര്‍. ജെ പറഞ്ഞിട്ടുണ്ടാവും,
ഇല്ലെങ്കില്‍ തന്നെ എല്ലാവര്‍ക്കും അറിയുന്ന കാര്യം. ഒരു എക്സൈറ്റ്മെന്റ്
ഉണ്ടാക്കാന്‍ അതിനു കഴിയില്ല.

ഈ പാഠം എങ്ങനെ പഠിച്ചു?
കോളേജില്‍ നിന്ന്.

ആന്റണി കോളേജില്‍ സൈക്കോളജി ആയിരുന്നോ പഠിച്ചത്?
അല്ലല്ല. കോളേജ് പ്രായത്തിലാണ്‌ ഈ ഇമ്പ്രഷന്‍ ക്രേസ് ഉണ്ടാവുന്നത്
ആളുകള്‍ക്ക്. ഞാനാണെങ്കില്‍ മിസ്റ്റര്‍ കോളേജല്ല, കോളേജ് നേതാവല്ല,
പാട്ടുകാരനല്ല, എഴുത്തുകാരനല്ല, റാങ്ക് ഹോള്‍ഡറല്ല, സ്പോര്‍ട്ട്സ്
ചാമ്പ്യനല്ല, എന്തിന്‌ നരച്ചു പിഞ്ഞാത്ത ഒരുടുപ്പോ തേഞ്ഞ് ചെരിയാത്ത ഒരു
ചെരുപ്പോ പോലും ഇല്ല. അങ്ങനെയിങ്ങനെ ഒരു പോം വഴി കണ്ടെത്തിയതാണെന്നേ.
ആരെങ്കിലും അല്ലാത്തവര്‍ക്കും ജീവിക്കണ്ടേ.

4 comments:

രജീഷ് || നമ്പ്യാര്‍ said...

ഇപ്പ്ളാണ് ഗൂട്ടന്‍സ് പിടികിട്ടിയത്.

നിങ്ങളൊര‍് യൂണിവേഴ്സിറ്റിയാണ്, ഒര‍് എന്‍‌സൈക്ലോപീഡിയയാണ്, ഒര‍് പ്രസ്ഥാനമാണ്.

(കാര‍്യൊക്കെ ശെരി, ഇമ്മാതിരി ഒരു പത്തു നൂറെണ്ണം പോരട്ടെ!)

Satheesh :: സതീഷ് said...

ബ്ലോഗിലെ മലവെള്ളപ്പാച്ചിലില്‍ എനിക്ക് നഷ്ടമായിപ്പോയ ഒരു ബ്ലോഗാണിത്. രണ്ട് മൂന്നു ദിവസമെടുത്തു കഴിഞ്ഞ പോസ്റ്റുകള്‍ മുഴുവന്‍ വായിച്ച് തീറ്ക്കാന്‍. വേറിട്ട എഴുത്തും ചിന്തയും. എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു!

AJESH CHERIAN said...

ആരെങ്കിലും അല്ലാത്തവര്‍ക്കും ജീവിക്കണ്ടേ. കൊള്ളാം.

vadavosky said...

Excellent Antony

നാട്ടിലെ കൈത്തോട്ടില്‍ നിന്ന് വന്ന് സമുദ്രത്തിലകപ്പെട്ട പരല്‍മീനിനെപ്പോലെ പകച്ചില്ലല്ലോ