Sunday, November 18, 2007

തരികിട എന്ന സിക്ക് പ്രാങ്ക് പരമ്പര

ചേട്ടാ എന്റെ കാറു നിന്നു പോയി, ഞാന്‍ ഒരു ഹാര്‍ട്ടറ്റാക്ക് കഴിഞ്ഞ
ആളാണ്‌ ഒന്നു തള്ളി സ്റ്റാര്‍ട്ട് ചെയ്തു തരുമോ എന്ന് ചോദിച്ച്
നടുറോടില്‍ എന്നെക്കൊണ്ട് ഒരുത്തന്‍ കുറേ നേരം വണ്ടി തള്ളിച്ചിട്ട്
ഒടുക്കം നിന്നെ പറ്റിച്ചേ വണ്ടിക്കൊരു കുഴപ്പവുമില്ല എന്നു പറഞ്ഞാല്‍
അവന്റെ ചെവലക്കുറ്റി പൊഹയ്ക്കത്തില്ലേ?
അതാ ഇരിക്കുന്നൊരു ക്യാമറ എന്നു കൂടി കൂട്ടിച്ചേര്‍ത്താല്‍ എന്റെങ്കിലും
വത്യാസമുണ്ടോ? ചായകുടിച്ചിട്ട് പൈസ കൊടുക്കാതെ കടക്കാരനെ ശല്യം
ചെയ്യുന്നു, പിച്ചച്ചട്ടി എടുത്തുകൊണ്ടോടുന്നു നടക്കാന്‍
വയ്യാത്തയാളിന്റെ ഊന്നുവടി അടിച്ചു മാറ്റുന്നു ഇതൊക്കെ ആളുകള്‍ക്ക്
ആസ്വദിക്കാന്‍ കഴിയുന്നതെങ്ങനെ?

അമ്യൂസ്മെന്റ് എന്നാല്‍ എന്താണ്‌? ഏതെങ്കിലും ഒരു തമാശയെ കീറി
നശിപ്പിച്ചാല്‍ അത് മനസ്സിലാവും.

വീടുപണിയുന്നിടത്തേക്ക് ആശാരിമാര്‍ തുലാം കൊണ്ട് വരികയായിരുന്നു.
വീട്ടുടമയോട് അയല്‍ക്കാരന്‍ പറഞ്ഞു " ഇതാ തുലാം വരുന്നുണ്ട്" .(ഇത്രയും
വായിക്കുമ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നുകയില്ല)
ഉടമ ഒരു കിണ്ടി വെള്ളം എടുത്ത് അയല്‍ക്കാരന്റെ തലയില്‍ കുടഞ്ഞു "തുലാം
വരുമ്പോ വര്‍ഷം ഉണ്ടാകും (അമ്യൂസ്മെന്റ്- തുലാം എന്ന വാക്കിനു
വീട്ടുകാരന്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥം കണ്ടെടുത്തു) അയല്‍ക്കാരന്‍
വീട്ടുകാരനെ പിടിച്ചു കുനിച്ചു നിര്‍ത്തി മുതുകത്ത് നാലിടി
"തുലാവര്‍ഷത്തിനൊപ്പം നല്ല അസ്സല്‍ ഇടിയും ഉണ്ടാകും" (അമ്യൂസ്മെന്റ്-
അയല്‍ക്കാരന്‍ ഗിവണ്‍ സിറ്റുവേഷനെ വളരെ ഭംഗിയായിഉപയോഗപ്പെടുത്തി)

ഒരാള്‍ പഴത്തൊലിയില്‍ തെന്നി വീഴുന്നതു കണ്ടാല്‍ അഞ്ചുവയസ്സുകാരന്‍ കൈ
കൊട്ടി ചിരിക്കും. തനിക്ക് ഇതു സംഭവിച്ചില്ല, അപരനു സംഭവിച്ചു എന്നതാണ്‌
അവന്റെ അമ്യൂസ്മെന്റ്. മുതിരുമ്പോള്‍ അതേ കാഴ്ച്ച കാണുമ്പോള്‍ അവന്‍
തന്നെപ്പോലെയുള്ള ഒരാള്‍ക്ക് ആപത്ത് വന്നല്ലോ എന്നേ അവന്‍ ചിന്തിക്കൂ.
അമ്യൂസ്മെന്റ് ഇല്ല, കാരണം സര്‍പ്രൈസ് അല്ല ഡിസപ്പോയിന്റ്മെന്റ് ആണ്‌
കിട്ടിയ വികാരം.

തരികിടയുടെ വിക്റ്റിം ആയി സ്ഥലം സര്‍ക്കിള്‍ ഇന്‍സ്പെക്ടറോ എം.പിയോ,
വലിയൊരു മുതലാളിയോ എന്തിനു വിലകൂടിയ ഒരു വേഷം ധരിച്ചു പോകുന്നവനെയോ
പോലും കാണാന്‍ കഴിയില്ല. സാധുക്കളെ പരിഹസിച്ചു ചിരിക്കല്‍,
ആവതില്ലാത്തവനെ കല്ലെറിഞ്ഞു രസിക്കല്‍, പഠിപ്പില്ലാത്തവനെ പറഞ്ഞു
പറ്റിക്കല്‍..

നമുക്കെന്തോ കുഴപ്പമുണ്ട്.

18 comments:

മൂര്‍ത്തി said...

തീര്‍ച്ചയായും കുഴപ്പമുണ്ട്..അപൂര്‍വം ചിലതൊഴിച്ചാല്‍ മിക്കവാറും തരികിട തമാശകള്‍ അടി കൊടുക്കേണ്ട സൈസ് ആക്കലുകളാണ്.

സുല്‍ |Sul said...

സത്യമായും എന്തോ കുഴപ്പമുണ്ട്

R. said...

ഇന്നാള് ബൈ-ചാന്‍സിന‍് ഈ സാധനം കാണാനിടയായി. രണ്ട് തെങ്ങുകേറ്റക്കാരെ വച്ചാരുന്നു അക്രമം. തെങ്ങില്‍ കൊട്ടി നോക്കി പ്രായം പറയണത്രേ. ന്നിട്ട് ഭഗോതീനെ വിളിച്ച് തെങ്ങിനെ തൊട്ട് തലേല്‍ വെച്ച് കരിക്കീടണം. തളപ്പിട്ടു കേറുന്ന കൈ കൊണ്ട് ഒന്നു വീശിയാല്‍ ക്യാമറേം മൈക്രോഫോണും പിടിച്ചോണ്ട് നിക്കുന്നോമ്മാര‍് 'ലംബാര്‍ അഞ്ചിനും സാക്രല്‍ ഒന്നിനും ഇടയില്‍ ന്യൂക്ലിയസ് പള്‍പോസസ് ഒന്നു ഹെര്‍ണിയേറ്റ് ചെയ്തതാ' എന്ന് പറയണ്ടി വന്നേനെ. ചേട്ടമ്മാര‍് തെങ്ങിലും കേറി ചായപ്പൊടീം ബാര്‍ സോപ്പും വാങ്ങി വീട്ടിപ്പോയി.

ഗുപ്തന്‍ said...

കൊഴപ്പോണ്ട്.. സത്യമായും ഒണ്ട്

ഗുപ്തന്‍ said...

കൊഴപ്പോണ്ട്.. സത്യമായും ഒണ്ട്

രാജ് said...

ആദ്യം ഇത്തരത്തിലൊരു പരിപാടി കണ്ടത് ആറേഴ് കൊല്ലങ്ങള്‍ക്കു മുമ്പ് എംടീവിയില്‍ ആയിരുന്നു. സൈറസ് ബ്രോച(?) അവതരിപ്പിച്ചിരുന്ന എംടിവി ബക്ര ‘തീമാറ്റിക്’ ആയിരുന്നു എന്നാണ് അനുഭവം. ഏറ്റവും എളുപ്പം ഓര്‍ത്തെടുക്കുവാന്‍ പറ്റുന്നത്, വഴി ചോദിക്കാനെന്ന ഭാവത്തില്‍ വണ്ടിയില്‍ ആളെക്കയറ്റി അല്പനേരം ഡ്രൈവ് ചെയ്ത ശേഷം ഡ്രൈവര്‍ ഡോര്‍ ലോക്ക് ചെയ്ത് ഇറങ്ങിപ്പോകുന്നു. ബാക്ക് സീറ്റില്‍ കയറിയിരിക്കുന്ന അപരിചിതന്‍ അല്പാല്പം മുഷിഞ്ഞ് വരുമ്പോള്‍ അറിയുന്നു ഒപ്പമിരിക്കുന്ന യാത്രികന്‍ ഒരു ശവമാണെന്ന്. ‘ബക്ര’യാക്കപ്പെട്ടവന്റെ ഹാര്‍ട്ടിനു കുഴപ്പമുണ്ടായിരുന്നെങ്കില്‍ എംടീവി ഒരു കൊലപാതകത്തിനു സമാധാനം പറഞ്ഞേനെ, എന്തായാലും സംഗതി അരമണിക്കൂര്‍ നീണ്ടിരുന്ന അസ്സല്‍ ക്രിയേറ്റിവിറ്റിയായിരുന്നു. കാര്‍ തള്ളിക്കുന്നതോ, കടയില്‍ കയറി സാധനം വാങ്ങി കാശുകൊടുക്കാതെ അഭിനയിക്കുന്ന ടൈപ്പോ ആയിരുന്നില്ല. ഇത്രയും സിക്ക്‍നെസ്സ് കാഴ്ചക്കാരനു നല്‍കിയിരുന്നുമില്ല. ഗള്‍ഫിലെ ചില ഹിന്ദി റേഡിയോ എഫ്.എം സ്റ്റേഷനുകള്‍ നടത്തുന്ന ബര്‍ത്ത്‌ഡേ പ്രാങ്കുകളാണ് ഈ ഇനത്തിലെ ഏറ്റവും മികച്ച പരിപാടിയായി തോന്നിയിരിക്കുന്നത്. മലയാളം ചാനലുകളിലെ മിക്ക പരിപാടികളെയും പോലെ തരികിടയും കാണിക്കുന്നത് മലയാളിയുടെ ആസ്വാദനനിലവാരത്തിന്റെ തകര്‍ച്ചയാണ്.

വേണു venu said...

ആന്‍റണി , അബദ്ധത്തിലെങ്ങാനും ഈ പരിപാടി കണ്ടു കഴിഞ്ഞു് എനിക്കു തന്നെ എന്നെ രണ്ടു പൂശു കൊടുക്കാന്‍‍ തോന്നാറുണ്ടു്.

Unknown said...

ഇത്തരം പരിപാടികള്‍കെതിരെ പ്രതികരിക്കേണ്ട സമയം ആയിരിക്കുന്നു.
പല അടിയന്തിര സന്ദര്‍ഭങ്ങളിലും ജനങ്ങള്‍ പ്രതികരിക്കാതെ അതു ഷൂട്ടിങ്ങാണ് എന്നു പറഞ്ഞു പിന്മാറുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഫസല്‍ ബിനാലി.. said...

കുഴപ്പമുണ്ട്

Santhosh said...

ക്യാന്‍ഡിഡ് ക്യാമറ എന്ന പരിപാടിയില്‍ നിന്നാവണം ഇതിന്‍റെയൊക്കെ ഉദ്ഭവം. കോപ്പിയടിക്കുമ്പോള്‍ ക്രീയേയ്റ്റിവിറ്റി ഭാഗം വിട്ടുകളയുന്നതാണല്ലോ എളുപ്പം. കണ്ടാല്‍ അരിശം മാത്രമല്ല, നിരാശയും സങ്കടവും വരും. അതിനാല്‍ കാണാറില്ല. ഒരിക്കല്‍ വിക്റ്റിമായെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്, നേരിട്ട് രണ്ട് പറയാമല്ലോ.

അരവിന്ദ് :: aravind said...

തരികിടയുടെ ചുരു‍ക്കം ചില എപ്പിസോഡുകള്‍ എനിക്ക് നന്നേ ബോധിച്ചിട്ടുണ്ട്.
കണ്ടിട്ടിപ്പോള്‍ കൊല്ലം മൂന്നായി, നിലവാര തകര്‍‌ച്ച പിടിയില്ല.
അതിലൊന്നാണ് "ചേട്ടാ ചേട്ടന്‍ ഇന്നലെ കളഞ്ഞിട്ട് പോയ ഒരു സാധനം ഞാന്‍ സൂക്ഷിച്ചെടുത്ത് വെച്ചിട്ടുണ്ട്..ഇനി കളയരുത്...ചേട്ടന്റെ തന്നെയല്ലേ ഇത്?" എന്ന് പറയുമ്പോള്‍ ഈ മണ്ടന്‍ കൊണ്ടു വരുന്നത് വല്ല വിലപിടിപ്പുള്ള വല്ലതുമായിരിക്കും എന്ന് കരുതി "ങ്ങാ എന്റെ തന്നെയാ" എന്ന് കള്ളം പറഞ്ഞ് വാങ്ങി നോക്കുമ്പോ, രണ്ട് പഴത്തൊലി.
വേറൊന്ന് അലറിക്കരയുന്നവനെ ആശ്വസിപ്പിക്കാന്‍ കുതുകികളായ അപ്പാപ്പന്മാര്‍ വരുമ്പോള്‍, ഒത്തിരി നേരത്തെ 'എന്താ പ്രശ്നം, നീ കരയാതെ, നമുക്ക് സോള്വാക്കാം" പറച്ചിലുകള്‍ക്കൊടൂവില്‍.."ഇന്ത്യന്‍ യുവജനതയുടെ ഇന്നത്തെ സ്ഥിതിയോര്‍ത്ത് എനിക്ക് സഹിക്കുന്നില്ല ചേട്ടാ സഹിക്കുന്നില്ല" എന്ന്.

പോഗോ ചാനലില്‍ എന്നുംൊരു പ്രാങ്ക് പരിപാടിയുണ്ടായിരുന്നു. കനേഡിയന്‍. ശുധഹാസ്യമാണ്. കേമം.യാഠൊരു വിധ അലമ്പുമില്ല. എന്നാല്‍ ഏറെ രസകരവും.
ഇവിടെയും ഒരു ഗ്രേറ്റ് പ്രാങ്ക്‌സ്റ്റര്‍ ഉണ്ട്. ടെലിഫോണിക്ക് ആണ്. മൂപ്പര്‍ ഹീത്രോ എയര്‍പോര്‍ട്ടിലും ബി ബി സിയിലുമൊക്കെ വിളിച്ച് പ്രാങ്കുകള്‍ നടത്തിയിട്ടുണ്ട്. കണ്ണുതള്ളിപോകുന്ന ക്രിയേറ്റിവിറ്റി. വാക്കഡ് സിംസണ്‍. കാറിലിരുന്ന് കണ്‍റ്റ്രോള്‍ പോയി ചിരിച്ചിട്ടുണ്ട്-അതിന്റെ സമയം അനുസരിച്ചാണ് ഓഫീസ് യാത്ര തന്നെ.

ഒരു മാതിരിപ്പെട്ട എല്ലാ പ്രാങ്ക് പരിപാടികളുടേയും ഒരാരാധകനാണ് ഞാന്‍. തരികിട ഓണ്‍ ആവറേജ്, അത്ര പേരെന്നേ തോന്നീട്ടുള്ളൂ. വേറെ ചില മലയാളം ചാനലിലെ പരിപാടി അതിലും മോശമായിരുന്നു.

Visala Manaskan said...

പ്രാങ്ക് കണ്ട് ഞാന്‍ കുറെ ചിരിച്ചിട്ടുണ്ട്.

പക്ഷെ, അതിന്റെ പേരില്‍ ചില മലയാളം ചാനലുകാര്‍ ചുമ്മാ തെണ്ടിത്തരം കാണിക്കുന്നത് കണ്ട് ഭയങ്കരമായി ദേഷ്യവും വന്നിട്ടുണ്ട്. അതൊക്കെ പെടക്കാന്‍ ആളില്ലാണ്ടാണ്!

ബാര്‍ബര്‍ ഷോപ്പില്‍ തലമുടി വെട്ടാന്‍ വന്നൊരു ചുള്ളന്‍, തലയില്‍ വെള്ളവും തേച്ച് മുണ്ടും പുതച്ച് കണ്ണാടിയില്‍ നോക്കി ഇങ്ങിനിരിക്കുമ്പോള്‍ ചെടി വെട്ടുന്ന എമണ്ടക്കന്‍ കത്രിക കൊണ്ട് വരുന്ന ബാര്‍ബറെ കണ്ട് ‘ഇത് എവിടെക്കാ ഇത്..??’ എന്ന മുഖഭാവത്തില്‍ നോക്കി കസേരയില്‍ നിന്നിറങ്ങുന്ന സീന്‍ കണ്ട് ഞാന്‍ കുറെ ചിരിച്ച് പോയിട്ടുണ്ട്.

അതേ പോലെ, മുട്ടിനൊപ്പം വെള്ളത്തില്‍ കിടന്ന് ‘അയ്യോ .. രക്ഷിക്കണേ.. നീന്താനറിയില്ലേ..’ എന്ന് കരയുന്നവനെ രക്ഷിക്കാന്‍ ഓടിവന്ന് ചാടിയിട്ട്... ‘വേണ്ട്ര പോയേരാ ചെക്കാ..’ എന്ന റോളില്‍ നില്‍ക്കുന്നതും .. ഒരു രസം തന്നെയാണ്. ഒരു ചെറിയ പറ്റിക്കല്‍ അത്രെ ഉള്ളൂ.

santhosh balakrishnan said...

കാമറ കണ്ട്‌ ചമ്മാതെ
കാമറ കണ്ടിട്ടും അതിനു മുന്‍പുള്ള
അതേ രീതിയില്‍
നമ്മള് പ്രതികരിച്ചാല്‍ മതി.
അതിന്‍ കഴിയണം...!
സമ്മാനം വാങി വളിച്ച ചിരിയുമായി
പോകുന്ന ആളുകളെ കണ്ടാല്‍ ചിലപ്പോള് കഷ്ടം തോന്നും..!
കാമറ കണ്ട്` ചമ്മാതെ നില്‍ക്കാന്‍ രണ്ടോ മൂന്നോ ഇരകള്‍ക്ക്‌ കഴിഞാല്‍
ഇതരം പരിപാടികള്
തനിയേ നില്‍ക്കും.

പ്രയാസി said...

ഈ പരിപാടി ഇപ്പഴും തീര്‍ന്നില്ലെ!?
ഒരു കൊല്ലത്തില്‍ കൂടുതല്‍ കേരളത്തില്‍ ഓടില്ലെന്നാ ഞാന്‍ കരുതിയത്.. ഒരാളെങ്കിലും നാട്ടാരുടെ കൈയ്യില്‍ നിന്നും അകാലചരമമടഞ്ഞോളും എന്നു കരുതി.. ഭാഗ്യവാന്മാര്‍ ഇപ്പോഴും ജീവനോടെയുണ്ടല്ലേ...

മായാവി.. said...

തീര്‍ച്ചയായും കുഴപ്പമുണ്ട്..അപൂര്‍വം ചിലതൊഴിച്ചാല്‍ മിക്കവാറും തരികിട തമാശകള്‍ അടി കൊടുക്കേണ്ട സൈസ് ആക്കലുകളാണ്.
ആന്‍റണി , അബദ്ധത്തിലെങ്ങാനും ഈ പരിപാടി കണ്ടു കഴിഞ്ഞു് എനിക്കു തന്നെ എന്നെ രണ്ടു പൂശു കൊടുക്കാന്‍‍ തോന്നാറുണ്ടു്.
ഇത്തരം പരിപാടികള്‍കെതിരെ പ്രതികരിക്കേണ്ട സമയം ആയിരിക്കുന്നു.
കണ്ടാല്‍ അരിശം മാത്രമല്ല, നിരാശയും സങ്കടവും വരും. അതിനാല്‍ കാണാറില്ല. ഒരിക്കല്‍ വിക്റ്റിമായെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്, നേരിട്ട് രണ്ട് പറയാമല്ലോ.പക്ഷെ, അതിന്റെ പേരില്‍ ചില മലയാളം ചാനലുകാര്‍ ചുമ്മാ തെണ്ടിത്തരം കാണിക്കുന്നത് കണ്ട് ഭയങ്കരമായി ദേഷ്യവും വന്നിട്ടുണ്ട്. അതൊക്കെ പെടക്കാന്‍ ആളില്ലാണ്ടാണ്! സമൂഹത്തില്‍ ഉന്നതിയിലാണെന്ന് തോന്നുന്ന ആരുടെയെങ്കിലും അടുത്ത് ഈ പറ്റിക്കല്കാര്‍ പോവറുമില്ല.
ഇതെല്ലാം എന്റെയും കൂടെ അഭിപ്രായമാണ്. വളരെ അത്യാവശ്യത്തിന്‍ പോവുന്നയാളെയൊ, ദുഖിച്ചിരിക്കുന്ന ആളെയോ ഒക്കെ ഇങ്ങനെ പറ്റിക്കുന്നത് വിവരമില്ലായ്മ തന്നെ. (ഒട്ടും കോമ്ണ്സെന്സൈല്ലത്തവരാണല്ലൊ ഇപ്പണിക്കിറങ്ങുന്നത്), ഈയിടെ ജീവന്‍ റ്റിവിയില്‍ രണ്ട് തെറിച്ച് പിള്ളാര്‍ കാട്ടുന്ന പോക്റിത്തരം അബദ്ധത്തില്‍ കാണാനിടയായി, തിരക്കുള്ള കടയില്ക്ച്ചെന്ന് കടക്കാരനെ പറ്റിക്കാന്‍ നോക്കുക്ക, ഇതൊക്കെ സമ്സ്കാരമില്ലയ്മ തന്നെ.
ഇവിടെ ചില അറബിപ്പിള്ളാര്‍ സിഗ്‌നലില്‍ നിറ്ത്തിയ വണ്ടിക്ക് മുന്നിലൂടെ ആരെങ്കിലും കടക്കുന്പോള്‍ വെരുതെആക്സിലേറ്റര്‍ കൊടുത്ത് വണ്ടി ഇരപ്പിക്കും, കടന്ന് പോവുന്നയാള്‍ ആപയ്യന്റെ കുറെ തലമുരമുതലിങ്ങോട്ടുള്ളവറ്ക്ക് അനുഗ്രഹവചനങ്ങള്‍ ചൊരിയുന്നത് കേള്ക്കാം.

simy nazareth said...

രംഗം: തരികിടയില്‍ പറ്റിക്കല്‍ കഴിഞ്ഞ സീന്‍. ആകെ വടിയായി ദേഷ്യം വന്ന് നില്‍ക്കുന്ന ചേട്ടനും ഫാമിലിയും

‘ചേട്ടാ ഞങ്ങള്‍ നിങ്ങളെ പറ്റിച്ചതാ. നിങ്ങള്‍ക്കു സമ്മാനമുണ്ട്. ദാ വിമ്മിന്റെ..‘

‘ആണോ, കാമറ ഉണ്ടായിരുന്നോ, എന്നാല്‍ ഇതിരിക്കട്ടെ. പഠേഏഏഏഏഏഏ. ഇനി മേലാല്‍ ഈ പണി കാണിക്കരുത്‘

ഹല്ല പിന്നെ. ഇങ്ങനെ രണ്ടെണ്ണം കൊടുക്കാന്‍ ആളില്ലാഞ്ഞിട്ടാ ഒരു തമാശ സെന്‍സും ഇല്ലാത്തവന്മാര്‍ തമാശ കാണിക്കാന്‍ ഞരങ്ങുന്നത്.

(സൈറസ് ബ്രോച്ച ഇങ്ങനെ ബാര്‍ബര്‍ഷാപ്പില്‍ ഇരുന്ന് വേലത്തരം കാണിച്ചിട്ട് ബാര്‍ബര്‍ നല്ല ഊക്കന്‍ ഒരു പൊട്ടീരു കവിളത്ത് പൊട്ടിച്ചു. സൈറസ് അല്പം വിഷമത്തോടെ ബാര്‍ബര്‍ ചേട്ടാ, ഞാന്‍ ബക്‍ര ആയി എന്നുപറഞ്ഞു. എം.ടി.വി. കാര്‍ സന്തോഷത്തോടെ ‍ഓടിവന്ന് സൈറസിന്റെ തലയില്‍ ഒരു ആട്ടിന്തല തൊപ്പിവെച്ചുകൊടുത്തു :-) അവന്മാരെ ഞാന്‍ നമിക്കുന്നു - അതൊക്കെ പരിപാടിയില്‍ കാണിക്കാനുള്ള ആര്‍ജ്ജവത്തിനു.)

monu said...

തരികിട വെരും തരികിട പരിപാടി മാത്രം... അതു കാണുന്നവര്‍ ചുരുക്കം എന്നു ഞാന്‍ കരുതുന്നു.

മറ്റുള്ളവരെ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടികുന്നതും അതു കണ്ടു ആസ്വധികുന്നതും ആണോ ഹാസ്യം...?

ആ പ്രോഗ്രാം നിര്‍മിക്കുന്നവര്‍ക്കു അങ്ങനെ ഒരു ചിന്ത ഇല്ലെനു തോന്നുന്നു.

ശാലിനി said...

മനുഷ്യന്റെ ഉള്ളിലുള്ള അല്പം കരുണകൂടി ഇല്ലാതാക്കുന്ന ഒരു തരം താണ പരിപാടി. ഇവര്‍ക്കിട്ടൊന്നും അടികൊടുക്കാന്‍ ആളില്ലേ നാട്ടില്‍. കിട്ടുന്ന സമ്മാനവും മേടിച്ച് ചിരിച്ചോണ്ടു നില്‍ക്കുന്നതു കാണുമ്പോള്‍ അവര്‍ക്കിട്ടൊന്നു കൊടുക്കാന്‍ തോന്നും. അബദ്ധത്തില്‍ ഒന്നു കണ്ടതേയുള്ളൂ. ഒരു ഫോണി-ന്‍ പ്രോഗ്രമില്‍ (അത് തീരെ ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ കണ്ടതാണ്) ഒരു പെണ്‍കുട്ടി ചോദിക്കുന്നതുകേട്ടു തരികിടചേട്ടന്റെ നമ്പറൊന്നു തരാമോ, ഞങ്ങള്‍ക്കൊക്കെ ആ പ്രോഗ്രം വലിയ ഇഷ്ടമാണെന്ന്. ദൈവമേ, എനിക്കിട്ടുതന്നെ ഒരടി കൊടുക്കാന്‍ തോന്നി അതുകേട്ടിട്ട്.

ആളുകള്‍ തരം താഴാം, ഇത്രയുമാകരുത്.ഈ പ്രോഗ്രമവതരിപ്പിക്കുന്നവര്‍ക്ക് വീടും ബന്ധുക്കളുമൊന്നുമില്ലേ?