Monday, December 10, 2007

സമൃദ്ധി എന്ന ഇല്ലായ്മ

ചുമ്മ സ്പീഡില്‍ പോകുമ്പ  ചങ്ങാതി വിളിച്ചു.
എവിടെയാ?
കരയാമയുള്ള പാര്‍ക്കിനു ചുറ്റുമോടുന്നു.
ആ പ്രദക്ഷിണ വീഥികള്‍ ഇടറിവിണ്ട പാതകളാണ്‌. നോക്കിയോട്. ഇന്നാളു ഞാന്‍ തട്ടി കാലുളുക്കി.
ഈ മുന്നറിയിപ്പ് തരാന്‍ വിളിച്ചതാ? നന്നി.
മുന്നയും തന്നെന്നേയുള്ളു. വിളിച്ചത് വേറൊരു കാര്യത്തിനാ. ഓട്ടം കഴിഞ്ഞിട്ടെന്താ?
ഓട്ടം കഴിഞ്ഞാല്‍ വിന്റര്‍. എത്ര പോയിന്റ് സ്കോര്‍ ചെയ്തു ഞാന്‍?
ടേ, ഓട്ടം കഴിഞ്ഞ് പണിയൊന്നുമില്ലേല്‍ കള്ളു കുടിക്കാന്‍ പോകാം?
പോകാം.

പോയി.
ദുബായി ടെലിഫോണ്‍ ഡയറക്റ്ററിയെക്കാള്‍ വലിപ്പമുള്ള  വൈന്‍ ലിസ്റ്റ് എടുത്ത് പൊക്കി ആരോഗ്യം കളയണോ വേണ്ടേ എന്നര്‍ത്ഥത്തില്‍ വെളമ്പുകാരി നോക്കി.
തോന്നിയത് പറഞ്ഞു. എന്തായാലും തോന്നിവാസമല്ലേ.
കുപ്പീസ് വന്നു. കിപ്പീസ്! പീസ്! സ്!

കള്ളുകുടിക്കാനൊന്നും പഴേ ഉത്സാഹമില്ല. പിന്നെ ചെറുപ്പകാലങ്ങളില്‍ ശീലിച്ചത് മറന്നാല്‍ ചൊല്ലുതെറ്റുമല്ലോ.
എന്തേ ആന്റോയ്ക്ക് കള്ളു മടുത്തത്?
വയസ്സായതിന്റെയാവും.
അല്ല.
പിന്നെ?
ലോകത്തുള്ള സകലമാന കള്ളും വലിയ വിലയില്ലാതെ ഇവിടുണ്ട്. തോന്നുമ്പഴെല്ലാം അതിനു കൊടുക്കാന്‍ ക്രെഡിറ്റു കാര്‍ഡും.

നേരാണ്‌. പത്തുപന്ത്രണ്ട് വയസ്സുള്ളപ്പോള്‍ ഞാന്‍ ലൈബ്രറിയില്‍ പോയിരുന്നത് മാസികകള്‍ നോക്കാനായിരുന്നു. അതിലെ അടിവസ്ത്രത്തിന്റെ പരസ്യങ്ങളിലെ പെണ്ണുങ്ങളുടെ  ഫോട്ടോ നോക്കിയിരുന്നാല്‍ ഞാന്‍ വിറയ്ക്കും. വിയര്‍ക്കും. ചൂടിന്റെയും തണുപ്പിന്റെയും ആള്‍ട്ടര്‍നേറ്റ് കറണ്ട് കാല്‍ വെള്ളയില്‍ നിന്നും ഉച്ചിയിലേക്ക് പായും. കോളേജ് ഹോസ്റ്റലില്‍ നീലച്ചിത്രം കാണാന്‍ എല്ലാവരും പിരിവെടുത്ത് ടീവിയും വീസീയാറും വാടകയ്ക്കെടുക്കാന്‍ തുടങ്ങിയതോടെ വിഷ്വല്‍സ് എന്നെ എക്സൈറ്റ് ചെയ്യാതെയായി. ഡിജിറ്റല്‍ യുഗത്തോടെ  ആ സുഖം പരിപൂര്‍ണ്ണമായും എന്നെന്നേക്കുമായും നഷ്ടമായി.

പിറന്നാളിനൊരു കേക്കോ ഫ്രോക്കോ കിട്ടിയാല്‍ തുള്ളിച്ചാടിയിരുന്ന കുട്ടിയായിരുന്നു കാണും ഒരിക്കല്‍ ശ്രീമതി അംബാനി. ഇന്നവരെ വിമാനവും എക്സൈറ്റ് ചെയ്യുമോ ? പതിനഞ്ചു സൂപ്പര്‍ ജംബോ വാങ്ങാന്‍ അവര്‍ക്കെന്തു പ്രയാസം? പാവം അമ്മച്ചി.
കറിയ്ക്കുള്ള കാശിനും കൂടി പൊറോട്ട വാങ്ങിക്കാന്‍ വേണ്ടി ഒഴിപ്പിക്കുന്ന ബീഫിന്റെ ചവ്വ്  ആയിരുന്നു ലോകത്തിലേറ്റവും രുചിയുള്ള സാധനം ഒരിക്കല്‍. ബുര്‍ജ്ജ് അല്‍ അറബ് അടക്കം ഇരുപത്തയ്യായിരം ഹോട്ടലുള്ള നാട് ഭക്ഷ്ണത്തിലെ സുഖം നശിപ്പിച്ചുകളഞ്ഞതുപോലെ അല്ലേ?

ഈ ലോകത്തെ ഏറ്റവും മികച്ച പുസ്തകം സുമംഗലയുടെ മിഠായിപ്പൊതി ആണ്‌. ഏത് എക്കോവിനും ചെക്കോവിനും ഇനിയതുപോലൊന്നെഴുതാനാവുമോ എന്തോ.

പോകാം?
പോകാം.

ഒരു ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി9-ല്‍ ഒരറബി ഇരിക്കുന്നു. സുരസുന്ദരികളും സുന്ദരന്മാരും ബാലികമാരും ബാലന്മാരും ശിഖണ്ഡികളും വൃദ്ധകളുമെല്ലാമടങ്ങിയ പതിനായിരങ്ങള്‍ കാത്തിരിക്കുന്ന ലീലാഗേഹത്തിനു മുന്നില്‍ ലൈംഗികസുഖമെന്തെന്ന് വണ്ടറടിച്ചിരിക്കുന്ന അക്ബര്‍ ചക്രവര്‍ത്തിയെപ്പോലെ.

"പാവം ഒന്നു ടയറുരുട്ടി ഈ വഴി ഓടുന്നതിന്റെ രസം പോലും അനുഭവിക്കാന്‍ യോഗമില്ല. " സുഹൃത്ത് ചിരിച്ചു.

അയാളുടെ ബമ്പര്‍ സ്റ്റിക്കര്‍ -എക്സ്പ്ലോഡ് യുവര്‍ സെന്‍സസ്.
ഹഹ . ട്രൈ ആന്‍ഡ് ഡൂ ഇറ്റ്.

കൂട്ടുകാരന്‍ ചന്ദ്രനും നക്ഷത്രങ്ങള്‍ക്കുമപ്പുറത്തേക്ക് നോക്കി .
"മൂപ്പരാളു കൊമേഡിയന്‍ തന്നെ."

കച്ചട പെട്ടികള്‍ക്കു മുകളില്‍ ഒരു പൂച്ച അവളുടെ  ആടുന്ന വാല്‍ പിടികൊടുക്കാതെ കുഞ്ഞുങ്ങളെ ഇട്ട് കുരങ്ങു കളിപ്പിക്കുന്നു.  ഞാനതുനോക്കി പൊട്ടിച്ചിരിച്ചു. പത്തുമുപ്പതുകൊല്ലം മുമ്പും  ഞാനിതുകണ്ട് ചിരിച്ചിട്ടുണ്ട്, അന്നത് ചിരി വന്നിട്ടായിരുന്നു.

5 comments:

സുല്ലേട്ടന്‍ said...

പാതകളെല്ലാം പോകെ പോകെ ഇടറി വിണ്ട പാതകളായ് മാറുന്നു. സ്വാഭാവികം.

-സുല്‍

രജീഷ് || നമ്പ്യാര്‍ said...

ഇനിയെങ്ങട്ടാ, നേരെ കാശിക്ക് ?

vadavosky said...

ഉണ്ടവന്‌ പായ കിട്ടാഞ്ഞിട്ട്‌ ഉണ്ണാത്തവന്‌ ഇല കിട്ടാഞ്ഞിട്ട്‌
അത്രേയുള്ളു ആന്റണി.

സിമി said...

നന്നായി ആന്റണീ.

കൊല്ലത്ത് കടപ്പാക്കടയിലും ചെമ്മാന്മുക്കിലും റോഡരികിലെ തട്ടുകടയില്‍ നിന്ന് തിന്നുന്ന ബീഫ് കറിയുടെയും പറോട്ടയുടെയും സ്വാദ് പിന്നെ ഒരു ഹോട്ടലിലെ ഭക്ഷണത്തിനും കിട്ടിയിട്ടില്ല. ദുബൈ ഒന്നും അങ്ങോട്ട് എത്തുന്നില്ല :)

Gene said...

പൊന്നിന്‍‌കട്ട നെഞ്ചില്‍ക്കൊണ്ട് മറിഞ്ഞുവീണവര്‍ നാം...