Monday, October 22, 2007

ബിസിനസ്സ് പ്രോസസ്സ് കോണ്ട്രാക്റ്റിങ്ങ് കമ്പനി

സാമ്പത്തിക രംഗത്തില്‍ അടുത്തതായി വ്യവസായ പ്രമുഖന്‍ ശ്രീ. ആന്റണി
അനോണിമസ്സുമായി ഒരു അഭിമുഖമാണ്‌. ആന്റണി, താങ്കളുടെ വ്യവസായ
സാമ്രാജ്യത്തിന്റെ തുടക്കം എങ്ങനെ ആയിരുന്നു, ഒന്നു വിശദീകരിക്കാമോ?

തൊടക്കം ഞാനും കൂട്ടുകാരന്‍ ഷാനവാസും കൂടെ ഇല്ലെ മുടുക്കില്‍ ഒരു
ഇന്റര്‍നെറ്റ് കഫേ നടത്തിക്കൊണ്ടായിരുന്നു.

താങ്കളുടെ കഫേ വളര്‍ന്ന് ഇന്നത്തെ നിലയിലായത് വിശദീകരിക്കമോ?
വളര്‍ന്നെന്ന് ആര്‌ പറഞ്ഞ്. ഇപ്പറയണ വരുമാനമൊന്നും ഇല്ലാത്തോണ്ട് അത് അങ്ങ് പൂട്ടി.

ഓ, പരാജയം ആയിരുന്നോ താങ്കളുടെ വിജയത്തിന്റെ ചവിട്ട് പടി?
എന്തര്‌ പരാജയം? മൊതലായില്ലേല്‍ കളഞ്ഞിട്ട് വേറേ പണി നോക്കുന്നത് പരാജയമാന്നോടേ?

ഒന്നു ചോദിച്ചോട്ടേ ശ്രീ. ആന്റണി, താങ്കള്‍ കഫേ അടച്ചപ്പോള്‍ നഷ്ടമായ
തൊഴിലവസരങ്ങളെപ്പറ്റി കുറ്റബോധം തോന്നാറുണ്ടോ?
ഞാങ്ങ് കഫേ അടച്ചപ്പോള്‍ ഒരുത്തനും തൊഴിലു പെയ്യില്ലല്ല്. തന്നേമല്ല,
രണ്ട് തൊഴില്‍ ഉണ്ടായി.

മനസ്സിലായില്ല. ഒന്ന് വിശദീകരിക്കാമോ?
എടേ, ഞങ്ങ കട നടത്തിയപ്പ ഞങ്ങ തന്നെ ആയിരുന്നു കടേല്‍ സ്റ്റാഫും. ഞങ്ങ
പൂട്ടിയതുകൊണ്ട് വേറൊരുത്തന്‍ അവിടെ കഫേ തൊടങ്ങി, രണ്ട് കഫേ ആ
മുടുക്കില്‍‍ ഓടൂല്ലല്ല്. യേത്, ലവിടെ ഡിമാന്‍ഡ് ഇലാസ്റ്റിക്ക്
അല്ലെന്ന്. പുത്തന്‍ മൊയിലാളി രണ്ട് പേരെ ജോലിക്ക് വച്ച്.

എന്നിട്ട് താങ്കള്‍ എന്താണു ചെയ്തത്?
ഒള്ള തുണീം സഞ്ചീല്‍ വാരിയിട്ട് ഗള്‍ഫില്‍ പോയി.

സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുള്ള ഒരു ബിസിനസ്സുകാരന്‍ എന്ന നിലയ്ക്ക്
താങ്കളെന്തുകൊണ്ട് ബ്രെയിന്‍ ഡ്രെയിനിനെപ്പറ്റി ആശങ്കപ്പെട്ടില്ല?
ചെല്ലന്‍ ഗപ്പിയെ വളര്‍ത്തീട്ടൊണ്ടോ?

ഇല്ല, ഗപ്പി എന്നാല്‍ എന്താണ്‌?
ഒരു മീന്‍. സൗത്ത് അമേരിക്കക്കാരനാ.

വളര്‍ത്തിയിട്ടില്ല.
ഇതാണു കൊഴപ്പം. ഫിഷ് ടാങ്ക് ഉണ്ടാക്കേണ്ട സമയത്ത് ട്യൂഷന്‍ പഠിക്കാന്‍
പെയ്. ഡേ, ടാങ്കില്‍ രണ്ട് ഗപ്പിയെ ഇട്ടാല്‍ അത് വളരും. വളര്‍ന്ന്
അഞ്ഞൂറെണ്ണമായാല്‍ പിന്നെ ഒറ്റ എണ്ണവും വളരുയുമില്ല, ആ ആലൂക്കാസ്
വെഡ്ഡിങ് ഹൗസ് പരസ്യം പോലെ പൊള പൊളാന്ന് പറപ്പിക്കാന്‍ സാരിയും
കിളിക്കത്തില്ല. അപ്പ നമ്മള്‌ കൊറേ എണ്ണത്തിനെ എടുത്തു തോട്ടി
കളഞ്ഞില്ലെങ്കില്‍ സകല ഗപ്പികളും ഒരുമാതിരി പോതരമില്ലാതെ കെടന്ന്
നീന്തിത്തള്ളും. ഗപ്പിയെ കണ്ടിട്ടില്ലെങ്കിലും ചെല്ലന്‍ ഇല്ലെ മയ്യനാട്
സ്മിത്തിന്റെ ഹാന്‍ഡിക്യാപ്പ് പ്രിന്‍സിപ്പിള്‍ പഠിച്ചു കാണുവല്ല്.

ഗള്‍ഫില്‍ താങ്കള്‍ എന്തു ബിസിനസ്സ് ആണു തുടങ്ങിയത്?
ബിസിനസ്സ് പ്രോസസ് സോര്‍സിങ്ങ്.

ഓ. നമ്മുടെ ഫാരിസ്..
നമ്മടെ അല്ല, നിങ്ങടെ.

താങ്കള്‍ എന്തുകൊണ്ടാണ്‌ ഗള്‍ഫില്‍ ഈ ബിസിനസ്സ് തുടങ്ങിയത്? ഇന്ത്യയില്‍
നിന്നും ആണെങ്കില്‍ ഇതിലും ചെറിയ ചിലവില്‍ ഈ ജോലികള്‍ ചെയ്യിക്കാമല്ലോ?
അത് തന്നെ കാര്യം. ഓണ്‍ സൈറ്റില്‍ പണിതാല്‍, ന്യായമായും കിട്ടേണ്ട കൂലി
കിട്ടും. അതിനു പകരം ചീപ്പ് ലേബറുള്ള സ്ഥലത്തേക്ക് ബിസിനസ്സ് പിടിച്ചാല്‍
അത് അണ്ടര്‍ കട്ടിങ്ങ് നടത്തി സ്വന്തമാക്കല്‍ ആകും.

എത്ര സ്റ്റാഫിനെ വച്ചാണു താങ്കള്‍ ഈ ബി പി ഓ ബിസിനസ്സ് ചെയ്യുന്നത്?
ഒന്ന്.

ഒറ്റയാളോ? ആരാണത്?
ഞാങ്ങ്.

മനസ്സിലായില്ല, ഒരാളെ മാത്രം വച്ച് താങ്കള്‍ ഈ ബിസിനസ്സ് എങ്ങനെ നടത്തുന്നു?
അതായത്, ആദ്യം നമ്മള്‍ ഒരു മാര്‍ക്കറ്റ് സ്റ്റഡി നടത്തുന്നു, എന്നിട്ട്
കൊള്ളാവുന്ന കാശു കിട്ടുന്ന ബിസിനസ്സ് പ്രോസസ്സുകള്‍ തിരഞെടുത്ത് അത്
നമ്മള്‍ ചെയ്തോട്ടേ എന്ന് ചോദിക്കും. അവര്‍ക്ക് നമ്മളെ അതേല്പ്പിക്കാന്‍
താല്പ്പര്യമുണ്ടെങ്കില്‍ നമുക്കു തരും. അത്ര തന്നെ.

അയ്യോ അത് ബിസിനസ്സല്ലല്ലോ, എമ്പ്ലോയ്മെന്റ് അല്ലേ?
രണ്ടും ഒന്ന് തന്നെടേ. അങ്ങനെ അല്ലാതിരുന്ന കാലം പണ്ടായിരുന്നു, വേള്‍ഡ്
വാറിനും മുന്നേ. ഇപ്പ എല്ലാവരും മൊതലാളിമാരാ. മെയിന്‍ കോണ്ട്രാക്റ്ററും
സബ് കോണ്ട്രാക്റ്ററും പോലെയൊക്കെ.

നന്ദി ശ്രീ. ആന്റണി. താങ്കളോട് സംസാരിച്ച് ഇത്രയും സമയം കളഞ്ഞ എന്നെയും
പ്രേക്ഷകരെയും സമ്മതിക്കണം. ഇത് ടെലിക്കാസ്റ്റ് ചെയ്യുന്നതോടെ എന്നെ
പിരിച്ചുവിട്ടില്ലെങ്കില്‍ നാളെ എന്നെ വീണ്ടും ടീവിയില്‍ കാണാം.
നമസ്കാരം.

8 comments:

തറവാടി said...

അനോണി ആന്റണി ,

താങ്കള്‍ എന്തുദ്ദേശിച്ചെന്നറിയില്ല , പത്തു വര്‍ഷം മുമ്പ് , നാട്ടില്‍ നിന്നും അളുകളെ കൂട്ടത്തോടെ കൊണ്ടുവന്ന് ലേബര്‍ സപ്ലേയില്‍ കൊടുത്ത് , കിട്ടുന്ന പൈസയുടെ നാലിലൊന്നുപോലും പാവം തൊഴിലാളികള്‍ക്ക് കൊടുക്കാതെ വല്യ അറബാബുകളായി വിലസിയിരുന്നാളുകളെ നെരിട്ടറിയാം , ഇത്തരക്കാരില്‍ പ്രധാനമായും കേരളത്തിന്‍‌റ്റെ ഒരു ഭാഗത്തുള്ള , ഒരു വിഭാഗത്തില്‍ പെട്ടവരയിരുന്നു എന്നതാണ്‌ രസകരം. ദോഷം പറയരുതല്ലോ , ഓലൊക്കെ ഇപ്പോ ബല്യ അറബാക്കന്‍‌മാരാണ്‌ കെട്ട.

വായിച്ചപ്പോള്‍ മനസ്സില്‍ ആദ്യം വന്നതിവിടെ ക്കുറിച്ചെന്നുമാത്രം.

Unknown said...

മയ്യനാട് സ്മിത്തിന്റെ പ്രിന്‍സിപ്പിള്‍ കലക്കി. :-)

അരവിന്ദ് :: aravind said...

തകര്‍ത്തു!

(തോന്നിവാസ് കഥ വായിച്ച് ചിരിച്ചതിനു കണക്കില്ല ചെല്ല)

Murali K Menon said...

തിര്വോന്തരം സ്ലാങ്ങില്‍ ഇന്റര്‍വ്യു വായിക്കാന്‍ നല്ല രസമായിരുന്നു. പക്ഷെ അവസാനത്തെ ചില ഭാഗങ്ങളില്‍ അത് നിലനിര്‍ത്താന്‍ ശ്രദ്ധിച്ചില്ല. എന്തായാ‍ലും സംഗതി കലക്കി.

simy nazareth said...

കൊള്ളാം കേട്ട. ഒറ്റയാള്‍ കമ്പനി. തൊഴിലാളികളെ ഊറ്റൂല്ലല്ല ചെല്ല.

ദിലീപ് വിശ്വനാഥ് said...

തെന്തര് കതയപ്പി? നിങ്ങളാള് പുലികള് തന്നെ.

Mr. K# said...

അപ്പൊ ലതാണ്, അന്തോണിച്ചായന്റെ പണി :-)

അനോണി ആന്റണി said...

തറവാടീ,
അത്തരം ചൂഷണത്തിനു ഇപ്പോഴും ഒരു കുറവും ഇല്ല. നാട്ടില്‍ നിറച്ചും പണിയുള്ളതുകൊണ്ട്‌ അണ്‍സ്കില്‍ഡ്‌ ലേബറര്‍ മാരായി മലയാളികള്‍ വരുന്നത്‌ തീരെ കുറഞ്ഞെന്നേയുള്ളു. പാവപ്പെട്ട കടപ്പകളെയും തെലുങ്കന്മാരെയും ഇതുപോലെ ചില്ലിത്തുട്ടിനു പണിയെടുപ്പിച്ചിട്ട്‌ കോടികള്‍ വാരുന്ന ലേബര്‍ സപ്പ്ലയര്‍മാര്‍ ഇപ്പോഴും കണ്ടമാനം ഉണ്ട്‌.