Wednesday, October 17, 2007

റൊമാന്റിക്ക് സറോഗസി ട്രീറ്റ്മെന്റ്

January 30,2006
ടീ, ഞാന്‍ ഇന്ന് നമ്മടെ പഴയ ജമീലയെ കണ്ട്.
ഹാ എവിടെവച്ച്?
എല്‍ ഐ സിയില്‍ പോയപ്പ. അവള്‍ അവിടെ ഓഫീസറാ.
എന്നിട്ട്?
അവള്‌ നല്ല കുട്ടപ്പിയായി രണ്ട് പിള്ളേരുടെ തള്ളയായി മിടുക്കിയായി
ഇരിപ്പോണ്ട്. ഒന്നിച്ചു പഠിച്ച കാര്യം പറഞ്ഞിട്ട് അവള്‍ക്ക് എന്നെ
ഓര്‍മ്മ വന്നില്ല.
കൂള്‍. ഇങ്ക്യുബേറ്ററിന്റെ ഒരു ശക്തിയേ!
തന്നെ തന്നെ.

June 22, 1994.
ടീ, നീ നിന്റെ ക്ലാസ്സിലെ ആ ജമീലയെ ശ്രദ്ധിക്കാറുണ്ടോ?
ഉണ്ട്.

അവള്‍ക്കെന്താ പ്രശ്നം?
അറിയില്ല. ഇങ്ങനെ കൂനിക്കൂടി പമ്മി വന്ന് ക്ലാസ്സിന്റെ
മൂലയ്ക്കിരുന്നിട്ടു പോകും. ആരോടും മിണ്ടൂല്ല. കൂട്ടുകാരുമില്ല.
പഠിക്കുന്നുമില്ല. ഫസ്റ്റ് ഈയറില്‍ മൊത്തമായി മൊട്ട വാങ്ങിച്ച്.
സംസാരിക്കാന്‍ ചെന്നാല്‍ മുങ്ങിക്കളയും. സാറെന്തെങ്കിലും ചോദിച്ചാല്‍
കരയും. പിള്ളേരു കളിയാക്കിയാല്‍ വിറയ്ക്കും. നമ്മള്‍ എന്താ പ്രശ്നം
എന്നു ചോദിച്ചാല്‍ പിന്നെ കുറേ ദിവസം കോളേജിലും വരൂല്ല.

അത് ശരി. മൊട്ട വിരിയിക്കാന്‍ അടക്കോഴി ഇല്ലെങ്കില്‍ എന്തു ചെയ്യും നീ?
ഇങ്ക്യൂബേറ്ററില്‍ ഇട്ട് വിരിയിക്കും.
അതായത് വ്യാജ അട അല്ലേ?
നിനക്ക് വട്ട് മൂത്തോ? ഒന്നും മനസ്സിലായില്ല.

എടീ അവള്‍ക്ക് വിരിയാനുള്ള ചൂട് കിട്ടുന്നില്ലെന്ന്. എനിക്ക്
വിശ്വാസമുള്ള, വിവരമുള്ള മൂന്നാല്‌ പയ്യന്മാരോട് അവളെ എപ്പോഴും
ശ്രദ്ധിക്കുന്നെന്നും അവളെ വലിയ കാര്യമാണെന്നും അവള്‍ക്ക് ഫീല്‍
ചെയ്യുന്ന രീതിയില്‍ പെരുമാറാന്‍ പറയാന്‍ പോകുകയാ. അവള്‍ വിരിഞ്ഞ്
അടിപൊളി ഒരു പെടക്കോഴി ആകും.
കൊഴപ്പമാവുമോ? കിട്ടാത്തത് കിട്ടുമ്പോ അവള്‌ വല്ലവന്റേം കൂടെ എറങ്ങി ഓടുമോ?

ഇല്ലെന്നേ, അതിനല്ലേ സൈമുള്‍ട്ടേനിയസ് അറ്റാക്ക്. അപ്പോ ഒരാളിലും
അവളുടെ ശ്രദ്ധ മൊത്തമായി പോവില്ല- ഏത്. പിന്നെ മ്മടെ പയ്യന്മാര്‌ ആയോണ്ട്
അവന്മാരു കിട്ടിയ അവസം മൊതലെടുക്കുന്ന പ്രശ്നവുമില്ല.
നീ ഒരു ഉശിരന്‍ മാമ ആണല്ലോ!

February 24, 1995
ടാ ബ്രോക്കറേ ,അല്ല ഡോക്റ്ററേ. നിന്റെ ട്രീറ്റ്മെന്റ് ഫലിച്ചെടാ.
അവളു വിരിഞ്ഞോ?
പിന്നേ, ഇമ്പ്രൂവ്മെന്റ് പരീക്ഷയൊക്കെ ജയിച്ച്. പിന്നെ പഴേ എണ്ണ പുരണ്ട
മോന്തേം കൂനിപ്പിടിച്ച ഇരിപ്പും കരച്ചിലും ഒന്നും അല്ല. ഇപ്പോ അവളിങ്ങനെ
പട്ടുസാരിയൊക്കെ ഉടുത്ത് വളയൊക്കെ കിലുക്കി ചെത്തി ഒരു വരവുണ്ട്.
കോറീഡോറില്‍ ആ കിലുക്കം കേള്‍ക്കുമ്പോഴേ ക്ലാസ്സിലെ മൊത്തം പയ്യന്മാരുടെ
തല വാതിലിലോട്ട് തിരിയും.

എന്നാ ഞാന്‍ ഒന്നു ലൈന്‍ അടിച്ചു നോക്കട്ട്. സുറുമയെഴുതിയ മിഴികളേ പ്രണയ മധുര..
പിന്നേ, ഏതെങ്കിലും പെണ്ണ് നിന്നെ മൈന്‍ഡ് ചെയ്യുമോ? എനിക്ക്
വട്ടായതുകാരണം നിന്റെ കൂടെ കൂടിയെന്നല്ലാതെ.

സറോഗസി പൂ ചൂടി. എന്‍ സഖി നിന്നെ പോലെ. ഓമല്‍ സഖി നിന്നേ പോലെ.
സറോഗസിയോ? അതെന്താ?

അത് അറിയില്ല? നിനക്ക് ഞാന്‍ നാളെ ഇര്‌വിങ്ങ് വാലസിന്റെ സെലസ്റ്റിയല്‍
ബെഡ് കൊണ്ടു തരാം, ഭദ്രമായി കവറിട്ട് നിന്റെ ബെഡിന്റെ അടിയില്‍
ഒളിപ്പിച്ച് ആരും കാണാതെ വായിച്ചോ.
ബെസ്റ്റ്. എനിക്കറിയണ്ടാ.

4 comments:

സുല്‍ |Sul said...

ട്രീറ്റ്മെന്റ് ഉഗ്രന്‍.
കൌമാരത്തിലൊരു പ്രേമമുണ്ടായാല്‍ ആരും വിരിഞ്ഞുപോകും. ഞാന്‍ നേരിട്ട് പലര്‍ക്കും (ആണിനും പെണ്ണിനും) പറഞ്ഞുകൊടുത്തിട്ടുള്ള കാര്യമാ ഇത്. പക്ഷെ ആളെ അവരുതന്നെ കണ്ടുപിടിക്കണം. ആളെ ഏര്‍പ്പാടാക്കിക്കൊടുക്കുന്ന പണിയൊന്നുമില്ല. :)
-സുല്‍

R. said...

നമോ നമഃ

ആദി കവിയാരുന്നല്ലേ... അറിഞ്ഞില്ല...

(കൂപ്പു കൈയോടെ പിറകോട്ട് രണ്ടടി വെച്ച് തിരിഞ്ഞു നടന്നു പോകുന്നു).

simy nazareth said...

എന്നാലും അനോണി ആന്റണി കൊല്ലം ഫാത്തിമാ കോളെജില്‍ പഠിക്കാത്തതെന്താ? എത്ര ആമ്പിള്ളേര്‍ വിരിയാതെ കരിഞ്ഞുപോയി അവിടെ. (എന്റെ കാര്യമല്ല കേട്ടോ ഉദ്യേശിച്ചത്).

ദിലീപ് വിശ്വനാഥ് said...

ഇപ്പോഴും ഉണ്ടോ ആ പണി?