Sunday, October 21, 2007

വിശ്വാസം

ഒരു ദിവസം, ആഫ്റ്റര്‍ നൂണ്‍.
ആന്റപ്പാ, നിന്റെ കയ്യില്‍ പരീക്ഷാപ്രവേശനച്ചീട്ട് വല്ലോം ഇരിപ്പുണ്ടോ?
വല്യമ്മച്ചിക്ക് വയസ്സുകാലത്ത് എന്തരിനു ഹാള്‍ ടിക്കറ്റ്? സാക്ഷരതാ ക്ലാസ്സില്‍ ഫോര്‍മാറ്റ് ഉണ്ടാക്കാനാ?

ഉണ്ടേല്‍ കാണീരെടാ, ഞങ്ങടെ പെങ്കൊച്ചിന്റെ ടിക്കറ്റ് കാണുന്നില്ലെന്ന്, എങ്ങനെ ഇരിക്കുവാന്നറിയാമെങ്കില്‍ തപ്പി എടുക്കാമല്ല്.
ദാണ്ട് എന്റെ പഴയൊരു ഹാള്‍ ടിക്കറ്റ്.

ഇതേല്‍ നിന്റെ പടം ഉണ്ടല്ല്!
ഫോട്ടോ എല്ലാ ഹാള്‍ ടിക്കറ്റിലും ഉണ്ട് വല്യമ്മച്ചി, ഇല്ലെങ്കില്‍ ഞാനാണെന്നും പറഞ്ഞ് എന്റെ ട്യൂഷന്‍ സാര്‍ കേറി പരീക്ഷ എഴുതത്തില്ലീ?

സെയിം ദിവസം, ലോങ്ങ് ആഫ്റ്റര്‍‍ നൂണ്‍.
ആന്റോ ,ദ്രോഹി. നീയിതു കണ്ടാ?
കയ്യിലെല്ലാം നല്ല പാടുണ്ടല്ലോ സീനാ, വീട്ടിന്ന് കാര്യമായിട്ടു കിട്ടിയാ? എന്താ കാര്യം? പരീക്ഷയില്‍ പൊട്ടിയാ?

നീയാണ്‌, നീ ഒരുത്തനാണെടാ എന്നെ ചതിച്ചത്.
എന്താ സീനേ നീയീപ്പറയുന്നത്? ഞാന്‍ നിന്നെ ചതിക്കുമോ? നമ്മള്‍ ക്വാണകമില്ലാതെ പഴമ്പാളേല്‍ കിടക്കുന്ന കാലത്തേ കൂട്ടായതല്ലേ? ഈ വാര്‍ഡില്‍ മൂവാണ്ടന്‍ മാവ് ഇല്ലാത്തതുകൊണ്ടല്ലേ നിനക്കു മാങ്ങ പറിച്ചു തരാന്‍ കയറി എനിക്ക് അതില്‍ നിന്നും വീഴാന്‍ സാധിക്കാഞ്ഞത്?

പിന്നെന്തിനാടാ എരണം കെട്ടവനേ ഹാള്‍ ടിക്കറ്റിന്റെ സാമ്പിളെടുത്ത് അമ്മാമ്മയ്ക്ക് കാണിച്ചു കൊടുത്തത്? വ്യാജ ഹാള്‍ ടിക്കറ്റ് കണ്ടുപിടിക്കാന്‍ നീയാരെടാ പരീക്ഷാ കണ്ട്രോളറോ?
വ്യാജ ഹാള്‍ ടിക്കറ്റോ? അപ്പോ നീ പരീക്ഷ എഴുതുന്നില്ലേടി?

അതല്ലെടാ, ഏതോ നശൂലം എന്നോട് പ്രേമമാണെന്നും പറഞ്ഞ് എനിക്കൊരു കത്തയച്ചടാ. ആരാണെന്ന് പേരു വയ്ക്കാന്‍ പോലും ധൈര്യമില്ലാത്ത തെണ്ടി. പോസ്റ്റുമാന്‍ നേരേ കൊണ്ട് വല്യമ്മച്ചിക്ക് കൊടുത്തു .
എന്നിട്ട് നീയത് ഹാള്‍ ടിക്കറ്റ് ആണെന്ന് പറഞ്ഞോ?

തന്നെ. വെറുതേ എന്തരിനു അവരക്കടുത്ത് ലെറ്ററിന്റെ കാര്യം പറയുന്നതെന്ന് വച്ചിട്ട് ഞാനത് ഹാള്‍ ടിക്കറ്റാണെന്ന് പറഞ്ഞു. എന്നിട്ട് അവരു കാണാതെ അടുപ്പിലിട്ടു .
നിന്റെ മോന്തയുടെ ലക്ഷണം കണ്ടപ്പോ പറഞ്ഞത് കള്ളമാണെന്ന് അവര്‍ക്കു മനസ്സിലായി കാണും, അതാ എന്നോടു വന്ന് സാമ്പിള്‍ കാണിക്കാന്‍ പറഞ്ഞത്. ഐ ആം സോറി, മൈ കുളിക്കാട്ടുകാരീ. അവര്‍ ഇങ്ങനെ ഒരു ആവശ്യത്തിനാണു അതു ചോദിച്ചതെന്ന് അറിയാതെ എടുത്തു കാട്ടിപ്പോയി.

അറിഞ്ഞുകൊണ്ട് നീയെന്നെ ചതിക്കില്ലെന്ന് എനിക്ക് വിശ്വാസമുള്ളതുകൊണ്ടാണെടാ നിന്നെ ഞാന്‍ ശിക്ഷിക്കാഞ്ഞത്. ഇല്ലെങ്കില്‍...
ഇല്ലെങ്കില്‍ നീയെന്നെ അടിക്കുമായിരുന്നോ?

നിന്നെയടിച്ച് ഞാനെന്തിനാടാ കൈ ചീത്തയാക്കുന്നത്? ആ കത്ത് അയച്ചത് നീയാണെന്ന് അങ്ങോട്ടു പറഞ്ഞാല്‍ പോരേ, ബാക്കി വീട്ടുകാരു നോക്കിക്കോളും.
പാമ്പന്‍ പാലം ഉറപ്പിച്ച സിമിന്റിന്റെ ബലം ഉള്ള നിന്റെ വിശ്വാസം എന്നെ രക്ഷിച്ചെടീ. നന്ദി. വൈകിട്ട് നിനക്ക് കട്ട്‌ലറ്റ് വാങ്ങിത്തരാം, അടി കൊണ്ട ഏനക്കേട് പോട്ട്.

4 comments:

Mr. K# said...

വിശ്വാസം കൊള്ളാം :-)

ദിലീപ് വിശ്വനാഥ് said...

നടക്കുന്ന കാര്യം വല്ലതും പറ ചേട്ടാ.

Jay said...

ഈ വാര്‍ഡില്‍ മൂവാണ്ടന്‍ മാവ് ഇല്ലാത്തതുകൊണ്ടല്ലേ നിനക്കു മാങ്ങ പറിച്ചു തരാന്‍ കയറി എനിക്ക് അതില്‍ നിന്നും വീഴാന്‍ സാധിക്കാഞ്ഞത്.... ഇതെനിക്കിഷ്ടപ്പെട്ടു. മൊത്തത്തില്‍ ഇഷ്ടപ്പെട്ടു.

പ്രിയംവദ-priyamvada said...

;D