Monday, September 28, 2009

അനോണിത്തം അനോണിത്തം രേ രേ ...

അനോണിത്തം എന്നത് ബ്ലോഗ് യുഗത്തിലുണ്ടായ മാനസികരോഗമാണെന്നും ജിപ്സികളെപ്പോലെ അനോണികളെ നായാടിപ്പിടിച്ച് ചുട്ടുകൊല്ലേണ്ടതുണ്ടെന്നും ബൂലോഗശാസ്ത്രജ്ഞര്‍ സ്ഥിരമായി അഭിപ്രായപ്പെടാറുണ്ട്. ഭിക്ഷക്കാര്‍, നാടോടികള്‍ എന്നൊക്കെകേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് കള്ളന്‍, കൊള്ളക്കാരന്‍ എന്നൊക്കെ ഓര്‍മ്മവരും എന്നാല്‍ ചില്ലറ പെറ്റി തീഫുകളെ ഒഴിച്ചാല്‍ ഭിക്ഷക്കാരില്‍ ഗുണ്ടയോ വാടകക്കൊലയാളിയോ ഭീകരനോ ഇല്ല. ഭിക്ഷക്കാര്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തതുകൊണ്ട് അവര്‍ക്കുമേലില്‍ എന്തുപട്ടവും ചാര്‍ത്തി നമുക്ക് തടിയൂരാമല്ലോ.

അനോണിത്തം ഇന്ത്യയിലെങ്കിലും ഒരു പുതിയ പ്രതിഭാസമല്ല. ആരാണ്‌ ചരകന്‍? ചാണക്യന്‍? കൗടില്യന്‍? ദ്രമിളന്‍? വാത്സ്യായനന്‍? പതഞ്ജലി? പാണിനി? ആളുകള്‍ ഒരു പേര്‍ സ്വീകരിച്ച് അവര്‍ക്കറിയാവുന്നത് എഴുതിയും പറഞ്ഞും കടന്നു പോയി. അനോണിത്തത്തിന്റെ പാരമ്യത്തില്‍ പലരും സ്വന്തം കൃതിയിലെ കഥാപാത്രങ്ങളായി മാറി തങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇല്ല, സങ്കല്പ്പത്തില്‍ മാത്രം ജീവിക്കുന്നവാണെന്ന് സ്ഥാപിച്ചു. വ്യാസന്‍ മുതല്‍ ജയദേവവന്‍ വരെ സ്വന്തം കൃതികളില്‍ പ്രത്യക്ഷപ്പെട്ട് എഴുത്തുകാരനെന്ന ആള്‍‌രൂപം വെടിഞ്ഞ് എഴുത്തായി മാറുന്നുണ്ട്.


ഇവരുടെയൊക്കെ വീടും പി ഓ ബോക്സും കണ്ടുപിടിച്ച് നാലാളെ അറിയിക്കാനുള്ള പാപ്പരാസിത്തം വിജയിച്ചതുകൊണ്ടോ അതോ അനോണീഭാവം വെടിഞ്ഞ് "ലത് ഞാനായിരുന്നെന്ന്" പറയാനുള്ള പ്രലോഭനം കൊണ്ടോ ചിലരെങ്കിലും ഒരു പേരില്‍ എഴുതിയെങ്കിലും ശരിക്കുള്ള പേരോ ശരിക്കുള്ളതെന്ന് ആരോപിക്കപ്പെട്ട പേരോ പുറത്തു വന്നിട്ടുണ്ട്. അത്തരം പേര്‍ പുറത്തായ അനോണികളെ - ഉദാഹരണത്തിനു വാല്‍‌മീകി, വ്യാസന്‍ തുടങ്ങിയവരെ ശ്രദ്ധിച്ചാല്‍ അവരില്‍ ഭൂരിപക്ഷവും രാജാക്കന്മാരോ പ്രഭുക്കന്മാരോ ബ്രാഹ്മണരോ ഒന്നുമായിരുന്നില്ലെന്ന് കാണാം. വേടനോ മുക്കുവനോ നായാടിയോ ഭിക്ഷുവോ എഴുതുന്നതിനെ പൗരോഹിത്യവും പ്രഭുത്വവും തള്ളിക്കളഞ്ഞേക്കും എന്നതാവാം അജ്ഞാതചര്യ സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിച്ചതും.

പഠിപ്പും വിവരവും യോഗ്യതയും പദവിയും മഹിമയും പാരമ്പര്യവും തികഞ്ഞവര്‍ അതിന്റെ തൊങ്ങലെല്ലാം ചാര്‍ത്തി എഴുതിക്കോട്ടെ. അതൊന്നുമില്ലാത്തവരും നാലാല്ക്കുമുന്നില്‍ വയ്ക്കാന്‍ ഇഷ്ടമില്ലാത്തവരും എഴുത്തുമാത്രമായി ചുരുങ്ങിയെങ്കിലും എഴുതിപ്പോട്ടെ.

ഹാവിങ്ങ് സെഡ് ദാറ്റ്, സ്വന്തം പേരില്‍ എഴുതാന്‍ ധൈര്യമില്ലാത്ത കാര്യങ്ങള്‍ എഴുതാനായി ഒരനോണിപ്പേര്‍ സ്വീകരിക്കുന്നത് ഭീരുത്വമാണെന്ന് മാത്രമല്ല, ആ അനോണിത്തം പ്രത്യേകിച്ച് ഒരു സുരക്ഷയും തരികയുമില്ല, പ്രത്യേകിച്ച് അപവാദങ്ങള്‍, വ്യക്തിഹത്യ, നിയമവിരുദ്ധ പ്രവര്‍ത്തികള്‍ എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍ക്ക്.

സുശ്രുതന്‍ അനോണിയായിരുന്നു, എഴുത്തിപ്പോഴും ആളുകള്‍ വായിക്കുന്നു. ട്രെയിനിലെ ബാത്ത്‌റൂമില്‍ ഇന്നലെ തെറിയെഴുതിപ്പോയയാളും അനോണിയാണ്‌, അതെന്തെന്ന് ആരോര്‍ക്കുന്നു. എഴുത്തുമാത്രമായിരിക്കുമ്പോള്‍ എഴുത്തുകാരന്റെ വ്യക്തിത്വം പോലും താങ്ങുന്നില്ല എഴുത്തിനു സ്വനാഥനാകാന്‍ കഴിയണം. സ്വന്തം കാലില്‍ ജീവിക്കാന്‍ കഴിയണം, അന്തസ്സായിത്തന്നെ.

6 comments:

സേതുലക്ഷ്മി said...

അന്തോണിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്ക് ഉടന്‍ ഓര്‍മ്മ വന്നത് കമലഹാസന്റെ ഏറ്റവും പുതിയ ഉന്നൈപ്പോല്‍ ഒരുവന്‍ എന്ന ചിത്രത്തെ കുറിച്ചാണ്‌. സ്വന്തം വ്യക്തിത്വമോ പേരോ വെളിപ്പെടുത്താതെ തീവ്രവാദികള്‍ക്കെതിരെ സമരം ചെയ്യുന്ന കമലഹാസന്റെ കഥാപാത്രത്തെ പോലെ, സമൂഹത്തിലെ ഉച്ചനീചത്വങ്ങളെക്കെതിരെ സ്വന്തം മാംസരൂപം ഒളിച്ചുവച്ച് തൂലികായുദ്ധം ചെയ്യുന്ന ബ്ലോഗര്‍മാരുണ്ടെങ്കില്‍ അവരെ അഭിനന്ദിക്കുക തന്നെ വേണം! എഴുത്തുകാരന്റെ പേരും ഊരും തൂക്കിനോക്കി എഴുത്തിനെ വിലയിരുത്തുന്ന വായനക്കാര്‍ക്ക് ഒട്ടും കുറവില്ലാത്തതിനാലാണ്‌ ഞാനടക്കമുള്ള ചില ബ്ലോഗര്‍മാര്‍ അനോണിമസായി എഴുതാന്‍ ആഗ്രഹിക്കുന്നത്. അതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടുമില്ല. എഴുത്തില്‍ കഴമ്പുണ്ടെങ്കില്‍ വായനക്കാര്‍ ഉണ്ടാവും, അതില്‍ എഴുത്തുകാരന്റെ മാംസരൂപത്തിന്‌ ഒട്ടും സ്ഥാനമില്ല.

manuspanicker said...

ചുമ്മാതെ അറിയാന്‍ വേണ്ടി ചോദിക്കുവാ... "പ്രചോദനം..."

ഞാന്‍ ഇടക്കെന്തെങ്കിലും മിസ്സിയോ എന്നറിയാനാ...

ജിവി/JiVi said...

നേരിട്ടോ ഇ-മെയില്‍ വഴിയോ പരിചയമുള്ളവരുടെ ലോഹ്യം കൈമാറലും പരിഭവം പറച്ചിലുമായി ബൂലോകം മാറിപ്പോകാതിരിക്കാന്‍ കൂടുതല്‍ കൂടുതല്‍ അനോണി എഴുത്തുകാരുണ്ടാവട്ടെ.

കരീം മാഷ്‌ said...

"അതോ അനോണീഭാവം വെടിഞ്ഞ് "ലത് ഞാനായിരുന്നെന്ന്" പറയാനുള്ള പ്രലോഭനം കൊണ്ടോ"
U.Z.It
ഇപ്പോള്‍ തുച്ഛം അണോണി എഴുത്തുകാരേയുള്ളൂ..
ഉപദവിക്കാന്‍ മാത്രം ഉള്ള ഐ.ഡി.കള്‍
ബാക്കിയുള്ള സദുദ്ദേശ അണോണികളെ മിക്കവര്‍ക്കും അറിയാം.

ഗുപ്തന്‍ said...

http://www.eff.org/wp/blog-safely

ഇതൂടെ ഇവിടെ കിടന്നോട്ടെ. ചുമ്മാ :)

Unknown said...

ഈ വിഷയത്തില്‍ ഒരു പഴയ പോസ്റ്റ്‌. അതും ഇവിടെ കിടക്കട്ടെ.
http://savyasaachi-arjun.blogspot.com/2009/05/blog-post_28.html